കേരള ജനത പ്രളയ ദുരിതത്തിൽ വലയുമ്പോൾ ജി.എസ്.ടി സെസ് എന്ന പിഴ ചുമത്തരുത് – എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്)

Spread our news by sharing in social media

കേരള ജനതയാകെ പ്രത്യക്ഷമായോ പരോക്ഷമായോ പ്രളയ ദുരിതത്തിൽപ്പെട്ടിരിക്കുമ്പോൾ ജി.എസ്.ടി യുടെ മേൽ 10 ശതമാനം സെസ് ചുമത്താനുള്ള തീരുമാനം അങ്ങേയറ്റം അപലപനീയമാണെന്ന് എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സി.കെ ലൂക്കോസ് പ്രസ്താവനയിൽ പറഞ്ഞു. ദുരിതബാധിതരെ നേരിട്ടും സാമ്പത്തികമായും സഹായിക്കാൻ ലോകമെമ്പാടുമുള്ള മലയാളികളും രാജ്യത്തെ ഇതര സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങൾ പോലും രംഗത്തിറങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ദുരിതബാധിതരെ അടക്കം ശിക്ഷിക്കുന്ന തരത്തിൽ നികുതി കൂട്ടുന്നത് മനുഷ്യരഹിതമായ നടപടിയാണ്. ശതകോടീശ്വരന്മാർ ഉൾപ്പെടെയുള്ള സമ്പന്നരിൽ നിന്ന് പ്രത്യക്ഷ നികുതികൾ ചുമത്തുകയാണ് ഈ അവസരത്തിൽ ചെയ്യേണ്ടത്.

സമ്പൂർണ്ണമായ പുന:രധിവാസം ഉറപ്പാക്കാനായി കേന്ദ്രത്തിൽ നിന്ന് മതിയായ തുക വാങ്ങിയെടുക്കാനായി ജനകീയ സമ്മർദ്ദം ചെലുത്തണം. ദേശീയ-അന്തർദ്ദേശീയ ഏജൻസികൾ വാഗ്ദാനം ചെയ്തിരിക്കുന്ന സഹായങ്ങളും സ്വീകരിക്കണം. ഇതെല്ലാം കൂടിയാകുമ്പോൾ ദുരിതബാധിത കേരളത്തെ പുനരധിവസിപ്പിക്കാൻ മതിയായ വിഭവങ്ങൾ കണ്ടെത്താനാകും. അതിനുപകരം നികുതി കൂട്ടിയും വായ്പ വാങ്ങിക്കൂട്ടിയും നിലവിലെ ദുർബലമായ സാമ്പത്തിക സ്ഥിതിയെ വഷളാക്കരുതെന്നും എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

 

Share this