തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴാണ് സിപിഎം, സിപിഐ പാര്‍ട്ടികള്‍ക്ക് പരിസരബോധമുണ്ടാകുന്നത്. ജനസ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള ഉപായങ്ങളെക്കുറിച്ചാണ് പിന്നെ ചിന്തയത്രയും. ജീവകാരുണ്യപ്രവര്‍ത്തനം തൊട്ട് സിപിഎം-സിപിഐ ലയനം വരെയുള്ള എന്ത് സാഹസത്തിനും അവര്‍ മാനസികമായി തയ്യാറെടുക്കും. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ അല്പം ഭേദപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെയ്ക്കാനായാല്‍ പിന്നെ സ്ഥിതിമാറും. ജനങ്ങളെ വെല്ലുവിളിക്കും. അധാര്‍മ്മിക പ്രവൃത്തികള്‍ വര്ദ്ധിതവീര്യമാര്ജ്ജിക്കും. തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരുന്നാലേ രക്ഷയുള്ളൂ എന്നര്‍ത്ഥം.
ഇക്കുറി തോല്‍വിയുടെ ആഘാതം ഏറ്റവുമധികം ഏല്‍ക്കേണ്ടിവന്നത് ബേബിസഖാവിനാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകളെല്ലാം കാറ്റില്‍പ്പറത്തി, പണമൊഴുക്കി, ആഘോഷമായിട്ടാണ് മത്സരിച്ചത്. കേരളത്തിലെ ഒട്ടുമിക്ക സാംസ്കാരിക നായകരെയും മണ്ഡലത്തിലെത്തിച്ചു. എത്താന്‍ കഴിയാതെ പോയവരുടെ വക പ്രസ്താവനയുമിറക്കി. എന്നിട്ടും തോറ്റു. അതും വലിയ വ്യത്യാസത്തില്‍. സിറ്റിംഗ് എംഎല്‍എയും സാംസ്കാരികപ്രമുഖനും സര്‍വ്വോപരി മുന്‍സാംസ്കാരിക വകുപ്പ് മന്ത്രിയുമൊക്കെയായിട്ടും സ്വന്തം അസംബ്ലി സീറ്റില്‍പ്പോലും കനത്ത തോല്‍വിയാണുണ്ടായത്. ധാര്‍മ്മികമായി നോക്കിയാല്‍ പിന്നെ എംഎല്‍എയായി തുടരുന്നത് ശരിയല്ല. ഇതിനേക്കാളൊക്കെ മനോവിഷമം ഉണ്ടാക്കിയ കാര്യം, പാര്‍ട്ടിക്കുള്ളില്‍ നടന്ന ഗൂഢനീക്കമാണ് തോല്‍വി ഉറപ്പാക്കിയതെന്ന തിരിച്ചറിവാണ്. എംഎല്‍എ സ്ഥാനം രാജിവെയ്ക്കുമെന്ന ഭീഷണി മുഴക്കി പാര്‍ട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കാന്‍ തീരുമാനിച്ചത് ഇതിന്റെ പ്രതികാരമെന്നോണമാണ്. ഒപ്പം, ആദര്ശരാഷ്ട്രീയക്കാരന് എന്ന ഖ്യാതിയും നേടാം. തോല്‍വിക്ക് ഉത്തരവാദി വ്യക്തിയാവുമ്പോള്‍ വിജയം വ്യക്തിയുടെ നേട്ടവുമാകുമല്ലോ. മാര്‍ക്സിസത്തിന്റെ പ്രാഥമിക ധാരണകള്ക്കുപോലും നിരക്കുന്നതല്ല ഈ കാഴ്ചപ്പാട്. എന്നിട്ടും ഏതാനും ദിവസം നിയമസഭയില്‍ നിന്നും ഒഴിഞ്ഞുനിന്നു. ഒരു പട നയിക്കാനുള്ള പാങ്ങില്ലാത്തതുകൊണ്ടുമാത്രം തല്ക്കാലം പിന്‍വാങ്ങി.
സിപിഎം, സിപിഐ ലയനത്തെക്കുറിച്ചുള്ള ആദ്യവെടി പൊട്ടിച്ചതും വ്രണിത ഹൃദയനായ ബേബി തന്നെ. സിപിഐക്ക് ഇത് വലിയ ആശ്വാസമായി. തിരുവനന്തപുരം സീറ്റ് കച്ചവടം ചെയ്തതിന്റെ പേരില്‍ നാണം കെട്ട് നില്‍ക്കുകയായിരുന്നു സിപിഐ. വിഷയത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ സിപിഎമ്മിനും ഒരു പ്രത്യേക താല്പര്യം ഉണ്ടായിരുന്നുവത്രെ. സ്വാഭാവികമായും ലയന മുദ്രാവാക്യത്തിന് നല്ല പിന്തുണ കിട്ടി. ലയനമാണോ ഏകീകരണമാണോ വേണ്ടത് തുടങ്ങിയ ക്രമപ്രശ്നങ്ങളും ഉന്നയിക്കപ്പെട്ടു. ഇങ്ങനെയൊക്കെയാണെങ്കിലും, സിപിഎം, സിപിഐ പാര്‍ട്ടികള്‍ ഒന്നായെന്ന് കരുതി വോട്ടിന്റെ എണ്ണം കൂടില്ലല്ലോ. ഇരുകൂട്ടരും ഇക്കുറിയും ഒരേ സ്ഥാനാര്ത്ഥിക്കല്ലേ വോട്ട് ചെയ്തത്. അപ്പോള്‍ പിന്നെ കമ്മ്യൂണിസ്റ്റെന്നവകാശപ്പെടുന്ന മറ്റ് ചിലരെക്കൂടി ഉള്‍പ്പെടുത്തി ഏകീകരണം നടത്തുകയാവും അഭികാമ്യം എന്നായി ചില നേതാക്കള്‍. ആര്‍എസ്പി പാര്‍ട്ടികള്‍ ഈയിടെ പുനരേകീകരണം നടത്തി വല്ലാതെയങ്ങ് കരുത്താര്‍ജ്ജിച്ചതിന്റെ അനുഭവപാഠവും പ്രചോദനമായിക്കാണും.
ലയനത്തിനുള്ള അപേക്ഷയുമായി സിപിഐ നേതാക്കള്‍ സിപിഎം ഓഫീസ് കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പല തലമുതിര്‍ന്ന നേതാക്കളും ഈ അഭിലാഷം പൂവണിയുന്നത് കാണാന്‍ കഴിയാതെ മണ്മറഞ്ഞു. ഇപ്പോഴിതാ സിപിഎം കനിഞ്ഞിരിക്കുന്നു. പൊടുന്നനെ സിപിഐ എങ്ങനെ ഇതിന് അര്‍ഹത നേടി എന്നാവും സംശയം. രണ്ട് പരീക്ഷകളാണ് അവര്‍ ഭേദപ്പെട്ട നിലയില്‍ പാസായത്. ഒന്ന് കോടികളുടെ അവിഹിത ഇടപാട് നടത്തി ശേഷി തെളിയിച്ചു. രണ്ട് അത് പരസ്യമായിട്ടും തൊലിക്കട്ടിയോടെ നേരിട്ടു. മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍, തെരുവില്‍ നേതാക്കളുടെ വിഴുപ്പലക്കല്‍, അച്ചടക്ക നടപടി തുടങ്ങിയ ചേരുവകളും കൂടിയായപ്പോള്‍ ലക്ഷണമൊത്തൊരു പാര്‍ട്ടിയായി സിപിഐ. സിപിഎം പോലൊരു പാര്‍ട്ടിയുമായി ലയിക്കാന്‍ ഇനി മണിയാശാനെ പോലൊരു നേതാവിന്റെ അഭാവമെങ്ങാന് പ്രശ്നമായെങ്കിലേയുള്ളൂ.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ കാര്യം ഇതിലും ഗഹനമാണ്. കാന്‍സര്‍, വൃക്ക രോഗികള്‍ക്ക് സഹായം, മരുന്ന് വിതരണം തുടങ്ങിയ പദ്ധതികളുമായി ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിയുമായാണ് ജീവകാരുണ്യപ്രവര്ത്തനത്തിനിറങ്ങുന്നത്. ഈ നാമധേയത്തില്‍ നാട്ടില്‍ നടക്കുന്നത് പലതും പുറത്ത് പറയാന്‍ കൊള്ളാത്ത കാര്യങ്ങളാണ്. പലര്‍ക്കും ഇതൊരു ധനാഗമമാര്‍ഗ്ഗമാണ്. സൊസൈറ്റി എന്നാല്‍ പണം കായ്ക്കുന്ന മരം എന്നാണല്ലോ അര്‍ത്ഥം. ഒരുവട്ടം കൂടി ഭരണം നഷ്ടപ്പെട്ടാലും ഇനി പിടിച്ചുനില്‍ക്കാം. പ്രതിച്ഛായ നന്നാക്കാന്‍ നേതാക്കള്‍ മാന്യമായി സംസാരിക്കണമെന്ന് തീരുമാനിച്ചത് പോലെ ആകാതിരുന്നാല്‍ മതി.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാന്യതയും മഹത്വവും ഉണ്ട്. എന്നാല്‍ ജനങ്ങളെ ദുരിതത്തിലേയ്ക്കും നിസ്സഹായതയിലേക്കും തള്ളിവിടുന്ന മുതലാളിത്ത വ്യവസ്ഥയില്‍ അത് നിഷ്ഫലമായേ പരിണമിക്കൂ. ഈ വസ്തുത ഏറ്റവും ശരിയായി മനസ്സിലാക്കുന്നത് കമ്മ്യൂണിസ്റ്റുകളാണ്. അതുകൊണ്ടാണവര്‍ മുതലാളിത്ത വ്യവസ്ഥിതിയെ അടിസ്ഥാനപരമായി മാറ്റിത്തീര്‍ക്കാനുള്ള വിപ്ലവപ്രസ്ഥാനത്തിന് രൂപം നല്‍കുന്നത്. ഏറ്റവും അര്‍ത്ഥവത്തായ ജീവിതരീതി വിപ്ലവപ്രവര്ത്തനമാകുന്നതും അതുകൊണ്ടുതന്നെ. വിപ്ലവപ്രവര്‍ത്തനത്തിന് ശമ്പളം നിശ്ചയിക്കുന്നതിലൂടെ അതിന്റെ അന്തസ് കെടുത്തിയിരിക്കുന്നു സിപിഐ(എം). വിപ്ലവത്തിന്റെയും കമ്മ്യൂണിസത്തിന്റെയും അന്തസ്സത്ത ഒരിക്കലും ശരിയായി ഗ്രഹിക്കാന്‍ കഴിയാതിരുന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നുണ്ടായ സിപിഎം പോലുള്ള പാര്‍ട്ടികള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നതിന്റെ പിന്നില്‍ ലാഭേച്ഛയോടൊപ്പം മാര്‍ക്സിസത്തിലുള്ള ധാരണക്കുറവും ഒരു കാരണമാകാം. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ശാസ്ത്രമാണോ എന്നറിയാത്ത പോളിറ്റ് ബ്യൂറോ മെമ്പര്മാരാണല്ലോ അതിനെ നയിക്കുന്നത്.
സിപിഎം-സിപിഐ ലയനത്തിലേക്ക് വരാം. ലയനത്തെക്കുറിച്ച് പറയുമ്പോള്‍ എന്തുകൊണ്ട് പിളര്‍ന്നു എന്നതിനാണ് ആദ്യം ഉത്തരം കണ്ടെത്തേണ്ടത്. അടിസ്ഥാനപരമായ ഒരു വ്യത്യാസവും ഈ പാര്‍ട്ടികള്‍ തമ്മിലില്ല. പാര്‍ട്ടിലൈനും കാഴ്ചപ്പാടും നിലപാടും സ്വഭാവവുമൊക്കെ ഏതാണ്ട് ഒരുപോലെ തന്നെ. എന്നിട്ടും പിളര്‍ന്നു. ഇപ്പോഴും പിളര്ന്നുകൊണ്ടേയിരിക്കുന്നു. വ്യക്തിവാദം എന്ന മുതലാളിത്ത സംസ്കാരമാണ് ഇതിന് മൂലകാരണമെന്ന് സമുന്നത മാര്‍ക്സിസ്റ്റ് ദാര്ശനികന് സഖാവ് ശിബ്ദാസ്ഘോഷ് മാര്‍ക്സിസ്റ്റ് പാഠങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയിട്ടുണ്ട്. വ്യക്തിവാദം നിര്‍മ്മാര്‍ജ്ജനം ചെയ്ത് തൊഴിലാളിവര്‍ഗ്ഗ സംസ്കാരമായ സാമൂഹികതയുടെ സംസ്കാരം ആര്‍ജ്ജിക്കാനുള്ള തീക്ഷ്ണമായ ജീവിതസമരം ഏറ്റെടുക്കാത്തിടത്തോളം പിളര്‍പ്പും ഗ്രൂപ്പിസവും അനന്തമായി തുടരുക തന്നെ ചെയ്യും. ലയനവും പുനരേകീകരണവുമൊന്നും പ്രശ്നപരിഹാരമാവില്ല എന്നര്‍ത്ഥം.
പ്രതിച്ഛായ നന്നാക്കാന്‍ കുറുക്കുവഴികളില്ല. ജനങ്ങളോടുള്ള അചഞ്ചലമായ കൂറാണ് പ്രതിച്ഛായയുടെ മാനദണ്ഡം. ഭരണം കയ്യാളുമ്പോഴെല്ലാം ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കി ജനജീവിതം താറുമാറാക്കിയിട്ട് ഭരണം നഷ്ടപ്പെടുമ്പോള്‍ ആശ്വാസ നടപടികളുമായി എത്തുന്നത് ജനങ്ങളെ പരിഹസിക്കലാണ്. ജീവിതത്തിന്റെ സര്‍വ്വമേഖലകളിലും കടുത്ത ആക്രമണങ്ങള്‍ക്കാണ് ജനങ്ങള്‍ ഇന്ന് ഇരയായിക്കൊണ്ടിരിക്കുന്നത്. രാജ്യം ഒരു ഫാസിസ്റ്റ് വിപത്ത് മുന്നില്‍ക്കാണുന്നു. ജനാധിപത്യമതേതര ശക്തികളുടെ വിശാലമായ സമരനിര കെട്ടിപ്പടുത്തുകൊണ്ടേ ഇതിനെ നേരിടാനാകൂ. സമരപാത വെടിഞ്ഞ് പാര്‍ലമെന്ററി നേട്ടങ്ങളുടെ പിന്നാലെ പാഞ്ഞ് അവസരവാദത്തിലും അഴിമതിയിലും അഭിരമിക്കാതെ അദ്ധ്വാനിച്ച് ജീവിക്കുന്നവരോടൊപ്പം നിലകൊള്ളുകയാണ് ഇടതുപക്ഷ ധര്‍മ്മം എന്ന് മറക്കാതിരിക്കുക.