പേമാരിയെ പ്രളയമാക്കി; ജനങ്ങളിന്നും ദുരിതക്കയത്തിൽ: പ്രളയബാധിതരുടെ പുനഃരധിവാസം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക

Spread our news by sharing in social media

മഹാപ്രളയത്തിന്റെ ആഘാതത്തിൽനിന്നും ജനങ്ങൾ ഇനിയും മുക്തരായിട്ടില്ല. അനിശ്ചിതമായ ഭാവിയുടെ മുന്നിൽ അന്തംവിട്ടുനിൽക്കുകയാണവർ. എല്ലാം നഷ്ടപ്പെട്ടിടത്തുനിന്ന് ഒരിഞ്ച് മുന്നോട്ട് പോകാനാവാത്തവിധം തകർച്ച പൂർണ്ണമാണ്. എന്നിരിക്കിലും കേരളത്തെ മുക്കിക്കൊല്ലാൻപോന്ന പ്രളയത്തിൽനിന്ന് ജീവിതം തിരിച്ചുപിടിക്കാൻ വാശിയോടെ ജനങ്ങൾ ഇറങ്ങിപ്പുറപ്പെട്ടു  കഴിഞ്ഞു.

2018 ആഗസ്റ്റ് മാസത്തിൽ കേരളത്തെ വിഴുങ്ങിയ പ്രളയദുരന്തം കഴിഞ്ഞ 100 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നായിരുന്നു. ആഗസ്റ്റ് 6നു തുടങ്ങി ക്രമേണ ശക്തിപ്പെട്ട് 11 ദിവസം തുടർച്ചയായി പെയ്ത പേമാരിയും തുടർന്നുവന്ന മഹാപ്രളയവും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കാത്ത ഒരാളും കേരളത്തിലില്ല. 99-ലെ വെള്ളപ്പൊക്കമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 1924-ലെ ദുരന്തം മധ്യകേരളത്തിലെ 6 ജില്ലകളെ ഉലച്ച ഒന്നായിരുന്നു. എന്നാൽ 2018ന്റെ പ്രളയം കേരളത്തിന്റെ 14 ജില്ലകളെയും ബാധിച്ചു. 8 ജില്ലകൾ അത്യധികമായ കെടുതികൾക്ക് ഇരയായി. പ്രളയം ജനങ്ങൾക്ക് എല്ലാ തലങ്ങളിലും സൃഷ്ടിച്ച ആഘാതത്തിൽനിന്ന് പൂർണ്ണമായി കരകയറാൻ മാസങ്ങളല്ല, വർഷങ്ങൾതന്നെ വേണ്ടിവരും.
ഈ വർഷം ജൂലൈ മാസത്തിൽ പെയ്ത മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കവും സൃഷ്ടിച്ച അവർണ്ണനീയമായ ദുരിതങ്ങൾ വടക്കൻ കേരളവും കുട്ടനാടും വലിയതോതിൽ അനുഭവിച്ചിരുന്നു. അതിൽനിന്ന് കരകയറാൻ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കവെയാണ് ആഗസ്റ്റ് 6 ന് വീണ്ടും മഴ ശക്തിപ്പെടുന്നത്. ആലപ്പുഴ ജില്ലയുടെ കുട്ടനാട് താലൂക്കിലെയും കോട്ടയം, പത്തനംതിട്ട ജില്ലകളിലെ അപ്പർ കുട്ടനാടൻ മേഖലകളിലെയും ജനങ്ങളിൽ ഏതാണ്ട് എഴുപതു ശതമാനവും ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു. മടങ്ങി വന്ന് ജീവിതം പുനരാരംഭിക്കാൻ തയ്യാറെടുക്കുമ്പോഴാണ് പെരുമഴ വീണ്ടും ആർത്തലച്ച് പെയ്തുതുടങ്ങിയത്. കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം എന്നീ വടക്കൻ ജില്ലകളിലും ഇടുക്കിയിലും ആരംഭിച്ച മഴ, ക്രമേണ സംസ്ഥാനം മുഴുവൻ വ്യാപിച്ച് ആഗസ്റ്റ് 14 ആയപ്പോൾ കേരളത്തിൽ ഭീതി വിതച്ചുകൊണ്ട് അസാധാരണമായ നിലയിൽ തീവ്രമായി. ആഗസ്റ്റ് 15, 16, 17 തീയതികളോടെ കേരളത്തിന്റെ നാലിലൊന്ന് പ്രദേശത്തും നാലടി മുതൽ 17 അടി വരെ ഉയരത്തിൽ വെള്ളം വന്നുമൂടി.

കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് അനുഭവംകൊണ്ട് തിരിച്ചറിഞ്ഞ ജനങ്ങൾ പലായനത്തിന് തയ്യാറെടുത്തു. സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കിയവർ ഓടിനടന്ന് ആളുകളെ രക്ഷപ്പെടുത്തി. വള്ളത്തിലും ബോട്ടുകളിലുമായി നാട്ടുകാർ കുട്ടനാട്ടിൽനിന്നും ആലപ്പുഴയിലേയ്ക്കും ചങ്ങനാശ്ശേരിയിലേയ്ക്കും കോട്ടയത്തേയ്ക്കും പലായനം ചെയ്തു. ഒരായുസ്സു മുഴുവൻ പണിയെടുത്തുണ്ടാക്കിയതെല്ലാം പ്രളയത്തിന് വിട്ടുകൊടുത്ത് ഉടുതുണിയുമായി നീന്തിക്കയറുന്ന ജനങ്ങളുടെ മഹാപ്രവാഹം. ഹൃദയഭേദകമായ കാഴ്ചയായിരുന്നു അത്.
ആറടി വരെയുള്ള വെള്ളത്തിലൂടെ ഓടിയ വലിയ ഭാരവണ്ടികളിൽ അവർ തളർന്ന് കുഴഞ്ഞ് വന്നിറങ്ങി. ചിലരുടെ ചുമലിൽ കുട്ടികളും വൃദ്ധരുമെങ്കിൽ മറ്റുചിലർ തലയിലേറ്റിയത് ആടിനെയും കോഴിയെയും വളർത്തുമൃഗങ്ങളെയുമായിരുന്നു. നിസ്സഹായതയും ഭീതിയും അവരെ വേട്ടയാടിയിരുന്നു. കുട്ടനാടിന്റെ പ്രമുഖ പാതയായ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ ഇരുവശങ്ങളിലായുള്ള നിരവധി ഗ്രാമങ്ങളിൽനിന്നും തുരുത്തുകളിൽനിന്നും വാഴപ്പിണ്ടി ചങ്ങാടങ്ങളിലും ചെറുവള്ളങ്ങളിലും സാഹസികമായി സ്വയം രക്ഷപെട്ടും മറ്റുള്ള അനേകരെ രക്ഷപെടുത്തിയും പതിനായിരങ്ങൾ എ.സി.റോഡിൽ എത്തിച്ചേർന്നു. അവരിൽ വലിയൊരു പങ്കും നെഞ്ചോളം വെള്ളത്തിൽ പത്തും പതിനഞ്ചും മണിക്കൂർ നനഞ്ഞുവിറച്ച് വലിയ ഭാരവണ്ടിയും പ്രതീക്ഷിച്ച് വിശന്ന വയറോടെ കാത്തുനിന്നു. ചില സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനികളും വ്യക്തികളും ക്രമീകരിച്ച വലിയ ഭാരവണ്ടികൾ (ടോറസ്) ആറടി വെള്ളത്തിലൂടെ വിശ്രമമില്ലാതെ എ.സി.റോഡിലൂടെ ഓടി. കുട്ടനാട്ടിലെ ജലപാതകളിൽ ഓടിയ വാട്ടർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ടുമെന്റിന്റെ ചില ബോട്ടുകളൊഴികെ, സർക്കാർ സംവിധാനങ്ങളുടെ ചെറിയസാന്നിദ്ധ്യം പോലും അവിടെയില്ലായിരുന്നു.
ആഗസ്റ്റ് 13ന് ശബരിമലയിലെ പമ്പ ത്രിവേണിയെ മുക്കിയ വെള്ളം മൂന്ന് ദിവസത്തിനുശേഷമാണ് കുട്ടനാട്ടിലെ ഭയാനകമായ വെള്ളപ്പൊക്കമായി മാറുന്നത്. വിലപ്പെട്ട മൂന്ന് ദിവസം പ്രയോജനപ്പെടുത്തി, കുട്ടനാട്ടിലെ ജനങ്ങളെ മുൻകൂറായി ഒഴിപ്പിച്ചിരുന്നെങ്കിൽ ജനങ്ങൾ അനുഭവിച്ച കൊടിയ യാതനകൾ ഒഴിവാക്കാനാവുമായിരുന്നു. ഇത് കുട്ടനാട്ടിലെ സാധാരണ ജനങ്ങളുടെ അനുഭവമായിരുന്നെങ്കിൽ റാന്നിയിലും ആറന്മുളയിലും ചെങ്ങന്നൂർ പാണ്ടനാട്ടും എറണാകുളം ജില്ലയിലെ ആലുവായിലും പറവൂരും തൃശൂർ ജില്ലയിൽ ചാലക്കുടിയിലും എവിടെയും ജനങ്ങളുടെ അനുഭവം ഒന്നുതന്നെയായിരുന്നു.

പെരുമഴയെ പ്രളയ ദുരന്തമാക്കിയത് സർക്കാർ

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറിയ മഹാപ്രളയത്തിന്റെ അടിസ്ഥാനകാരണം എന്താണ്? അസാധാരണമായി പെയ്ത പേമാരിയാണ് ഈ പ്രളയം സൃഷ്ടിച്ചത് എന്നാണ് സർക്കാരിന്റെ വിശദീകരണം. ഈ വിശദീകരണത്തിനു വിരുദ്ധമായി മുല്ലപ്പെരിയാർ ഡാമിന്റെ എല്ലാ ഷട്ടറുകളും ഒരുമിച്ച് തുറന്നതാണ് ഇടുക്കിയിലെ പ്രളയത്തിനു കാരണമെന്ന് ഇതേ സർക്കാർതന്നെ സുപ്രീം കോടതിയിൽ വാദമുയർത്തുകയും ചെയ്തു. തമിഴ്‌നാടാകട്ടെ പേമാരിയാണ് പ്രളയത്തിന്റെ കാരണമെന്ന് വാദിച്ചു. അപ്പോൾ യഥാർത്ഥ വസ്തുതകളെന്താണ്?
ഓഖി ദുരന്തത്തിന്റെ ആദ്യ നാളുകളിൽ അങ്ങേയറ്റം നിസ്സംഗതയോടെ നിലകൊണ്ട സർക്കാരിനെയാണ് നാം കണ്ടത്. സർക്കാർ സംവിധാനങ്ങൾ ഉണർന്നുവന്നപ്പോഴേയ്ക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. വേണ്ടത്ര മുന്നറിയിപ്പുകൾ നൽകാതെയും കാര്യക്ഷമമായ രക്ഷാപ്രവർത്തനങ്ങൾ ഏകോപനത്തോടെ നടത്താതെയും നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ അന്ന് മരണത്തിലേയ്ക്ക് തള്ളിവിട്ടു. അതിൽനിന്നും സംസ്ഥാന സർക്കാർ കാര്യമായ പാഠങ്ങളൊന്നും പഠിച്ചില്ല എന്നതാണ് പ്രളയദുരന്തത്തിന്റെ അനുഭവം കാണിക്കുന്നത്.

ഇപ്പോൾ പെയ്ത മഴ സംസ്ഥാനത്തിന്റെ 100 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മഴയല്ല എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 100 വർഷത്തിനിടയിൽ ഇതേ സ്വഭാവത്തിൽ പേമാരി പെയ്ത പല സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഉണ്ടാകാതെ പോയ മഹാപ്രളയം ഇപ്പോഴെന്തുകൊണ്ടുണ്ടായി? ആഗസ്റ്റ് 10 ന് തന്നെ കനത്തമഴയുടെ മുന്നറിയിപ്പും അതീവ ജാഗ്രതാ നിർദ്ദേശവും നൽകിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രവും വാദമുയർത്തിയിരിക്കുകയാണ്. കനത്ത മഴയുടെ മുന്നറിയിപ്പ് കിട്ടിയിട്ടും അതിതീവ്രമഴ മൂലം വരാനിടയുള്ള പെരുംവെള്ളത്തെ നിയന്ത്രിക്കുന്നതിനായി സമഗ്രമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ സർക്കാർ ഏതാണ്ട് പൂർണ്ണമായി പരാജയപ്പെട്ടു എന്നതാണ് പെരുമഴ മഹാപ്രളയമായതിന്റെ പ്രധാന കാരണം. വസ്തുനിഷ്ഠമായി പരിശോധിച്ചാൽ അത് തെളിയിക്കാൻ കഴിയുന്ന ഉദാഹരണങ്ങൾ നിരവധിയാണ്.
ഇടുക്കി ജലസംഭരണിയുമായി ബന്ധപ്പെട്ട് കൈക്കൊണ്ട തീരുമാനം മാത്രം പരിശോധിച്ചാൽ സർക്കാരിന്റെ കുറ്റകരമായ വീഴ്ചയുടെ ആഴം മനസ്സിലാക്കാൻ കഴിയും. കഴിഞ്ഞ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ മെയ് മുതൽ തന്നെ ശരാശരി മഴയുടെ അളവ് കൂടുതലായിരുന്നു. ജൂലൈ മാസത്തിൽ ശക്തമായ മഴ ലഭിച്ചതിനെത്തുടർന്ന് ജൂലൈ 25നു മുമ്പുതന്നെ കേരളത്തിലെ എല്ലാ ഡാമുകളിലും 90 ശതമാനത്തിലധികം വെള്ളം നിറഞ്ഞു. ചില ഡാമുകൾ തുറക്കുകയും ചെയ്തു. ജുലൈ 27 മുതൽ വീണ്ടും മഴ കനത്തു. ആഗസ്റ്റ് 2ാം തീയതി മുതലുള്ള ഏതു ദിവസവും ഇടുക്കി ഡാം തുറക്കുമെന്ന സ്ഥിതി വന്നു. മാധ്യമപ്രവർത്തകർ ചെറുതോണിയിൽ തമ്പടിച്ചു. ആഗസ്റ്റ് 4 ആയപ്പോൾ ഇടുക്കി ഡാമിലെ ജലനിരപ്പ് 2396.34 അടി ആയി. ഈ ദിവസം മഴ ചെറുതായി ശമിച്ചപ്പോൾ ഡാം തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി അധികാരികൾ തീരുമാനിച്ചു. എന്നാൽ ആഗസ്റ്റ് 6നും 7നും മഴ വീണ്ടും കനത്തു. 2403 അടിയായാലും ഡാം തുറക്കണ്ടേതില്ലെന്ന് ആഗസ്റ്റ് 7ാം തീയതി പത്രസമ്മേളനം നടത്തി ഡാം സുരക്ഷാ അതോറിറ്റി പ്രഖ്യാപിച്ചു. 9ാം തീയതി ആയപ്പോൾ ഇടുക്കി ജലനിരപ്പ് 2399.4 അടിയായി. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന സ്ഥിതി വന്നപ്പോൾ 9ാം തീയതി കാര്യമായ ഒരു മുന്നറിയിപ്പും നൽകാതെ ഉച്ചയ്ക്ക് 12.30നു ട്രയലെന്ന പേരിൽ ഒരു ഷട്ടർ തുറന്നു. അടുത്ത ദിനം രാവിലെ അവശേഷിക്കുന്ന ഷട്ടറുകൾ മുഴുവൻ ഒന്നൊന്നായി തുറന്നു. ട്രയലായി തുറന്ന ഷട്ടർ അടയ്ക്കാൻ പറ്റിയില്ലെന്നു മാത്രമല്ല ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായി വീണ്ടും വീണ്ടും വർദ്ധിപ്പിച്ചു. എന്നിട്ടും സംഭരണിയിലെ ജലനിരപ്പ് താഴ്ന്നില്ല. പെരിയാർ സംഹാരരൂപിണിയായി. ചെറുതോണി മുതൽ ആലുവ, പറവൂർ വരെയുള്ള നഗരങ്ങളും ചെറുപട്ടണങ്ങളും ഗ്രാമങ്ങളും മുങ്ങി. കിലോമീറ്ററുകളോളം ഇരുകരകളിലേയ്ക്കും പെരിയാർ കവിഞ്ഞൊഴുകി, ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലായി. ലക്ഷക്കണക്കിന് ജനങ്ങൾ പ്രളയത്തിൽ മുങ്ങി.
ഇത്തരമൊരു സാഹചര്യം എന്തുകൊണ്ട് സൃഷ്ടിക്കപ്പെട്ടു എന്നത് ഗൗരവപൂർവ്വം പരിശോധിക്കപ്പെടേണ്ട വസ്തുതയാണ്. 2396 അടി ജലനിരപ്പെത്തിയ ആഗസ്റ്റ് 2-ാം തീയതി എന്തുകൊണ്ട് ചെറുതോണി ഡാം തുറന്നില്ല എന്നത് സർക്കാർ മറുപടി പറയേണ്ടുന്ന ചോദ്യമാണ്. ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്ന മുല്ലപ്പെരിയാർ സംഭരണിയിലെ വെള്ളം, ഇടമലയാർ തുറന്നുവിട്ടിരിക്കുന്ന സാഹചര്യം (ഇടമലയാറിലെ വെള്ളവും ഒഴുകിയെത്തുന്നത് പെരിയാറിലേക്കാണ് എന്നതിനാൽ രണ്ടും ഒരുമിച്ചു തുറക്കുന്നത് നിയന്ത്രണാതീതമായ സാഹചര്യം സൃഷ്ടിക്കും), ശക്തമായ മഴ പ്രവചിക്കപ്പെട്ടിരിക്കുന്ന സന്ദർഭം, ഇടുക്കി ജില്ലയിലെ എല്ലാ ഡാമുകളും നിറഞ്ഞുകവിയാറായിരിക്കുന്ന സ്ഥിതി, വൃഷ്ടിപ്രദേശത്ത് നിലവിൽ പെയ്ത മഴ ഇതെല്ലാം ഒരുമിച്ച് കണക്കിലെടുത്തുകൊണ്ട് ഏറ്റവും ശാസ്ത്രീയവും സമഗ്രവുമായ തീരുമാനം എടുക്കേണ്ടപ്പോൾ വൈദ്യുതിബോർഡിന്റെ ലാഭതാൽപ്പര്യം മാത്രം കണക്കിലെടുത്ത് ഡാം തുറക്കേണ്ടതില്ലെന്ന് ആഗസ്റ്റ് 4ന് തീരുമാനിച്ചു. ആഗസ്റ്റ് 9നും 5 ദിവസം മുമ്പ് ഡാം തുറന്ന് വെള്ളത്തെ നിയന്ത്രിച്ചുനിർത്താനുള്ള അവസരം അങ്ങിനെ നഷ്ടപ്പെടുത്തി. ആഗസ്റ്റ് 2നു തന്നെ തുറന്നിരുന്നെങ്കിൽ ഇത്രയും അളവ് വെള്ളം ഒറ്റയടിക്ക് ഒരു കാരണവശാലും തുറന്ന് വിടേണ്ടി വരുമായിരുന്നില്ല. ആഗസ്റ്റ് 10 മുതൽ ചെറുതോണി ഡാമിലൂടെ ഒഴുക്കി വിട്ട അതിഭീമമായ അളവിലുള്ള വെള്ളമാണ് പെരിയാറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം സൃഷ്ടിച്ചത്. ഒരു പെരുമഴ പ്രവചിച്ചിട്ടില്ലെങ്കിൽക്കൂടി ജലനിരപ്പ് 2397 അടിയിലെത്തിയാൽ തുറക്കുകയായിരുന്നു ഏറ്റവും ശാസ്ത്രീയമായ സമീപനമെന്നിരിക്കെ, അതിതീവ്ര മഴ പ്രവചിക്കപ്പെട്ടിരിക്കുമ്പോൾ അതുചെയ്തില്ല എന്നത് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും ഗുരുതരമായ വീഴ്ചയാണ്. അപകട സാധ്യത എത്ര ചെറുതെങ്കിലും ഒട്ടും റിസ്‌ക് എടുക്കാനാവാത്ത സാഹചര്യമാണെങ്കിൽ അതല്ലേ മാനദണ്ഡമാക്കേണ്ടത്. ദുരന്തനിവാരണത്തിന്റെ ഈ അടിസ്ഥാന പാഠം വിസ്മരിക്കപ്പെട്ടത് ഒരു വിധത്തിലും നീതീകരിക്കാനാവില്ല. 6 വർഷം മുമ്പ് ഒഡിഷയുടെ തീരത്ത് കൊടുങ്കാറ്റ് ആഞ്ഞുവീശാനുള്ള സാധ്യത 30 ശതമാനം മാത്രമായിരുന്നു. അപകട സാധ്യത അത്രയും ചെറുതായിട്ടുപോലും ഒറ്റ രാത്രികൊണ്ട് 3 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചത് ഏറ്റവും പിന്നാക്കമായ ഒഡീഷയിലാണ്.

പെരിയാറിലെ അസാധാരണമായ ജലനിരപ്പ് ആലുവ, പറവൂർ മേഖലകളെ ദുരന്തഭൂമിയാക്കുക മാത്രമല്ല ചെയ്തത്. കുട്ടനാട്ടിലെ സ്ഥിതിഗതികളെ വളരെ വഷളാക്കുന്നതിനും അതു നിമിത്തമായി. പെരിയാറിന്റെ അഴിമുഖത്ത് ഉണ്ടായ അളക്കാനാവാത്ത ജലപ്രവാഹം, കൊച്ചിയുടെ അഴിമുഖത്ത് വമ്പിച്ച സമ്മർദ്ദമാണുണ്ടാക്കിയത്. അങ്ങിനെ 5 വലിയ നദികൾ വന്നുചേരുന്ന വേമ്പനാട്ടുകായലിലെ വെള്ളത്തിന് ഒഴുകാനാകാതെ കായലിൽ തിങ്ങിപ്പൊങ്ങുന്ന സ്ഥിതി ഉണ്ടായതോടെ കുട്ടനാട് അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരന്തത്തിന് ഇരയായി. എല്ലായിടത്തുനിന്നും വെള്ളം ഇറങ്ങിയിട്ടും കുട്ടനാട്ടിലെ വെള്ളം ആഗസ്റ്റ് 28നു പോലും ഒഴിയാതെ നിന്ന വിചിത്രമായ പ്രതിഭാസമുണ്ടായത് ഇക്കാരണത്താലാണ്. ചുരുക്കത്തിൽ ഇടുക്കി ജലസംഭരണിയിലെ വെള്ളം ഒഴുക്കിവിട്ടുകൊണ്ട് പെരുമഴയുടെ വെള്ളത്തെ നിയന്ത്രണവിധേയമാക്കുന്നതിൽ സർക്കാരിനുണ്ടായ ഗുരുതരമായ വീഴ്ച, പ്രത്യക്ഷമായി പെരിയാറിലും പരോക്ഷമായി കുട്ടനാട്ടിലും ദുരന്തം വിതയ്ക്കാൻ ഇടയാക്കി എന്നത് സംശയാതീതമായ വസ്തുതയാണ്. സർക്കാരോ ബന്ധപ്പെട്ട അധികാരികളോ ഇത് അംഗീകരിക്കാൻ തയ്യാറാകാത്ത സാഹചര്യം ഭാവിയിൽ ഈ ദുരന്തം ആവർത്തിക്കാനുള്ള ആപൽക്കരമായ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കാലാവസ്ഥാ ശാസ്ത്രജ്ഞരും ഡാം വിദഗ്ദ്ധരും ദുരന്തനിവാരണ അധികാരികളും റവന്യൂ ഉദ്യോഗസ്ഥരും തുടങ്ങി ഈ മേഖലയിൽ പരിജ്ഞാനമുള്ള വ്യക്തികൾവരെ ഒരുമിച്ചിരുന്ന് സാഹചര്യത്തെ സംബന്ധിച്ച് വിശദമായ ഒരു ചർച്ച കാലേകൂട്ടി നടത്തിയിരുന്നെങ്കിൽ നിശ്ചയമായും അപകടസാധ്യത കൃത്യമായി അളക്കാൻ കഴിയുമായിരുന്നു. അത്തരമൊരു ചർച്ച നടന്നതേയില്ല. കാര്യങ്ങൾ കൈവിട്ടുപോയതിനുശേഷം ചർച്ച നടത്തിയിട്ട് ഒരു പ്രയോജനവുമില്ല എന്നത് മഹാപ്രളയം തെളിയിച്ചു. ഒരു സംവിധാനത്തിന്റെ കാര്യക്ഷമത അളക്കുന്നത് കാര്യങ്ങളെ മുൻകൂട്ടി കാണാനുള്ള അതിന്റെ ശേഷിയെ അടിസ്ഥാനപ്പെടുത്തിയാണ്. ഏറ്റവും ആധുനികമായ ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തി വിവിധ ഉറവിടങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളെ കോർത്തിണക്കിയും താരതമ്യം ചെയ്തും ഇന്നത്തെ കാലത്ത് ഫലപ്രദമായി നിർവ്വഹിക്കാവുന്ന ഒന്നാണ് ദുരന്തസാധ്യതയെ സംബന്ധിച്ച നിഗമനങ്ങളും ഒപ്പമുള്ള മുന്നറിയിപ്പും. ഇത് നിർവ്വഹിക്കപ്പെട്ടതേയില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് ചെങ്ങന്നൂരും കുട്ടനാട്ടിലും സംഭവിച്ചത്.

ആനത്തോട്, കൊച്ചു പമ്പ ഡാമുകൾ തുറന്നതിനേത്തുടർന്ന് ആഗസ്റ്റ് 9നു ശബരിമലയിലെ പമ്പ ത്രിവേണി മുങ്ങിത്തുടങ്ങി. ആഗസ്റ്റ് 13 ആയപ്പോൾ ത്രിവേണിയും പരിസരത്തുണ്ടായിരുന്ന കെട്ടിട സമുച്ചയവും പൂർണ്ണമായും വെള്ളത്തിന്നടിയിലായി. പമ്പയിൽ 18 അടി വരെ വെള്ളമുയർന്നു. ഒന്നര ദിവസം പിന്നിട്ട് 15നു വൈകുന്നേരത്തോടെയാണ് റാന്നി നഗരം പൂർണ്ണമായും മുങ്ങുന്നത്. ചെങ്ങന്നൂരും പാണ്ടനാടും നിലയില്ലാത്ത കയമായി മാറുന്നത് ആഗസ്റ്റ് 17നാണ്. അതായത് ത്രിവേണിയും ശബരിമലയും മുങ്ങി കൃത്യം മൂന്നാം ദിവസമാണ് പാണ്ടനാട് കര, സംസ്ഥാനത്തെ ഞെട്ടിച്ച ദുരന്തഭൂമിയായി മാറുന്നത്. പമ്പാ ത്രിവേണി, മഹാപ്രളയത്തിൽ മുങ്ങിയാൽ ആ വെള്ളം ഏതാണ്ട് 8 മണിക്കുറിനുള്ളിൽ ചെങ്ങന്നൂരിലെത്തി തുടങ്ങുമെന്ന് അറിയാത്തവർ ആരുണ്ട്? മണിമലയാറും അച്ചൻകോവിലാറും പമ്പയുമായി സംഗമിക്കുന്നത് ഇതിനു സമീപത്താണെന്നതിനാൽ വെള്ളം നിയന്ത്രണാതീതമായി ഉയരുമെന്ന, ഏതൊരു കുട്ടിക്കും അറിയാവുന്ന വസ്തുത ഗ്രഹിക്കാൻ നമ്മുടെ ഭരണാധികാരികൾക്ക് കഴിയാതെ പോയി. ആഗസ്റ്റ് 13ന് നൽകേണ്ടുന്ന മുന്നറിയിപ്പ് നൽകിയത് 16നു മാത്രമാണ്. അതും ചിലയിടങ്ങളിൽ ജനങ്ങൾ ജാഗ്രതയോടെ ഇരിക്കണമെന്നും മറ്റു ചിലയിടങ്ങളിൽ ജനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറണമെന്നുമായിരുന്നു അറിയിപ്പ്. വീടിന്റെ രണ്ടാം നിലയും മൂന്നാം നിലയും വരെ മുങ്ങുന്ന വെള്ളത്തിൽ എന്തു ജാഗ്രതയാണ് ജനങ്ങൾ കാട്ടേണ്ടത്. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും, റെഡ് അലർട്ടുമൊക്കെ പ്രഖ്യാപിക്കുമ്പോഴും, വ്യക്തമായ മുന്നറിയിപ്പുകൾ പ്രശ്‌നബാധിത മേഖലകളിലെ ജനങ്ങളെ അറിയിക്കുന്നതിൽ ഗവണ്മെന്റ് സംവിധാനം അമ്പേ പരാജയപ്പെട്ടു. സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറാൻ ആവശ്യപ്പെട്ടിടങ്ങളിൽ ആ സുരക്ഷിത സ്ഥാനം എവിടെ എന്ന് ചൂണ്ടിക്കാട്ടാൻ പ്രാദേശിക ഭരണ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല. പലരും അഭയംതേടിയ സ്ഥാനങ്ങൾ വീണ്ടും പ്രളയത്തിലകപ്പെട്ടു. പ്രളയസാധ്യതയെക്കുറിച്ച് മുഖ്യമന്ത്രി മാധ്യമങ്ങളിലൂടെ നൽകിയ അറിയിപ്പുകൾ പോലും തെറ്റായിരുന്നു എന്ന് പിന്നീടുണ്ടായ സംഭവഗതികൾ തെളിയിച്ചു.
ഡാമുകൾ വെള്ളപ്പൊക്ക നിയന്ത്രണത്തിനും കൂടിയുള്ള സംവിധാനമാണ്. വൈദ്യുതി ഉൽപ്പാദനത്തിനു മാത്രമുള്ള ഒന്നല്ല. വലിയ ഡാമുകളുടെ ഉടമസ്ഥതയുള്ള വൈദ്യുതി ബോർഡ് വൈദ്യുതോൽപ്പാദനം മാത്രമേ ലക്ഷ്യമിടുന്നുള്ളൂ. കേരളത്തിലെ ജലസംഭരണികളിൽ നിറയുന്ന വെള്ളത്തിന്റെ കൈകാര്യം ചെയ്യൽ വിവിധ സൂചകങ്ങളുടെ മാനദണ്ഡത്തിൽ തീരുമാനിക്കപ്പെടേണ്ടവയാണ്. വൈദ്യുതോൽപ്പാദനം എന്ന ഒരൊറ്റ ലക്ഷ്യം മാത്രം മാനദണ്ഡമാക്കാനാവില്ല. കൃഷി, ജനങ്ങളുടെ സുരക്ഷ, നദികളുടെയും ഭൂമിയുടെയും റീ ചാർജ്ജിംഗ്, വൃഷ്ടിപ്രദേശത്ത് നിലവിൽ പെയ്ത മഴ, പ്രവചിക്കപ്പെട്ടിരിക്കുന്ന മഴ ഇപ്രകാരം ഒട്ടനവധി ഘടകങ്ങൾ പരിഗണിച്ചുകൊണ്ടുമാത്രമേ ജലസംഭരണികളിലെ വെള്ളത്തിന്റെ മാനേജുമെന്റ് തീരുമാനിക്കാനാവൂ. ഡാമുകളുടെ ലക്ഷ്യങ്ങളിലൊന്നായ വെള്ളപ്പൊക്ക നിയന്ത്രണം പൂർണ്ണമായി വിസ്മരിക്കപ്പെട്ടത് ഇപ്പോഴുണ്ടായ മഹാപ്രളയത്തിന്റെ ഒരു പ്രധാന കാരണമാണ്.

അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന ഒരു പെരുമഴയുടെ വിദൂരസാധ്യതപോലും പരമപ്രധാന പരിഗണനയാകണമെന്ന ശാസ്ത്രീയ പാഠം വിസ്മരിക്കപ്പെട്ടതാണ് സംസ്ഥാനത്തെ ഡാമുകൾ മുഴുവൻ ഒറ്റയടിക്ക് നിറഞ്ഞുകവിയുന്ന സാഹചര്യം സൃഷ്ടിച്ചത്. ഒരു മുന്നറിയിപ്പ് നൽകാനുള്ള സാവകാശം പോലും ലഭിച്ചില്ല എന്നതിൽനിന്നും എത്ര ലാഘവത്തോടെയും നിരുത്തരവാദപരമായുമാണ് ഈ വിഷയം കൈകാര്യം ചെയ്തതെന്ന് വ്യക്തമാണ്. ചില ഡാമുകൾ തുറന്നത് ജില്ലാ ഭരണകൂടം പോലുമറിയാതെയാണെന്ന് പത്രവാർത്തകൾ വന്നിരുന്നു. കേരളത്തിലുണ്ടായ തീവ്രമഴ ഒരു സൂചനയുമില്ലാതെ അപ്രതീക്ഷിതമായിവന്ന ഒന്നല്ല. ഇത്തരമൊരു സാഹചര്യത്തിലേക്കാണ് പോകുന്നതെന്ന് എല്ലാ മുന്നറിയിപ്പുകളുമുണ്ടായിരുന്നു. എന്നിട്ടും ഈ സാഹചര്യത്തെ ശാസ്ത്രീയമായി വിലയിരുത്താനോ തദനുസൃതമായ നടപടികൾ സ്വീകരിക്കാനോ തയ്യാറാകാതെ സമയം പാഴാക്കിയ സർക്കാർ, ഒടുവിൽ നിറഞ്ഞുകവിഞ്ഞ വെള്ളം ഒരറിയിപ്പുപോലും നൽകാതെ ജനങ്ങളുടെ ശിരസ്സിലേക്ക് ഒഴുക്കിവിടാൻ തീരുമാനിക്കുകയാണ് ചെയ്തത്. അങ്ങിനെയാണ് പെരുമഴ പ്രളയമായി മാറിയത്.

ഏകോപനമില്ലായ്മയും പിടിപ്പുകേടും ജീവൻരക്ഷാപ്രവർത്തനത്തെ  അടിമുടി ബാധിച്ചു

സംസ്ഥാനത്ത് പെയ്തത് അസാധാരണമായ മഴയായിരുന്നുവെന്നത് തർക്കമറ്റ കാര്യം തന്നെ. അത്തരമൊരു പെരുമഴ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ ചിലവയെങ്കിലും നിയന്ത്രണാതീതമാകുമെന്നതും സ്വാഭാവികം തന്നെ. എന്നാൽ ഈ അതിതീവ്രമഴയുടെ വെള്ളത്തെ നിയന്ത്രിക്കുന്നതിനും പ്രളയത്തിന്റെ രൂക്ഷത കുറയ്ക്കുന്നതിനുമുള്ള മുന്നൊരുക്കങ്ങളും നടപടികളും എത്രയോ സാധ്യമായിരുന്നു. അവ പ്രവർത്തിപ്പിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പാടേ പരാജയപ്പെട്ടു എന്നു പറയാതിരിക്കാനാവില്ല. കുറെയധികം ഉദ്യോഗസ്ഥരും ജീവനക്കാരും രാപകലില്ലാതെ സമർപ്പിതരായി അദ്ധ്വാനിച്ചു. എന്നാൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ ഒരവസ്ഥയായിരുന്നു സർക്കാർ സംവിധാനത്തിന്റെ പൊതുവായ ചിത്രം. തീരുമാനമില്ലായ്മയും നിസ്സഹായതയും അമ്പരപ്പും ഏകോപനമില്ലായ്മയും എവിടെയും കാണാൻ കഴിയുമായിരുന്നു. ഭരണനേതൃത്വമാകട്ടെ സങ്കുചിതമായ രാഷ്ട്രീയകണക്കുകൂട്ടലുകൾ മാനദണ്ഡമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാനാവുന്നതിലും എത്രയോ അപ്പുറത്താണ് ദുരന്തത്തിന്റെ മാനമെന്ന് ആഗസറ്റ് 10നു തന്നെ വ്യക്തമാക്കപ്പെട്ടുകഴിഞ്ഞിരുന്നു. അഥവാ സർക്കാർ ഏജൻസികളുടെ ഏകോപിതമായ കൂടിയാലോചനകളിലൂടെ ദുരന്തത്തിന്റെ മാനം അളക്കാൻ കഴിയണമായിരുന്നു. അപ്രകാരം കഴിഞ്ഞിരുന്നില്ലെങ്കിൽ അത് തികഞ്ഞ പിടിപ്പുകേടാണ്.

വളരെ പരിമിതമായ സമയത്തിനുള്ളിൽ, പ്രതികൂലമായ സാഹചര്യത്തിൽ അതിവേഗം ജീവൻ രക്ഷാ പ്രവർത്തനം നിർവ്വഹിക്കപ്പെടേണ്ട ദുരന്തമുഖത്ത് ഒരു ലൈഫ് ബോട്ടുപോലുമില്ലാത്ത കേരളത്തിലെ വില്ലേജ് ഓഫീസർമാർക്കും തഹസീൽദാർമാർക്കും എന്തുചെയ്യാനാകും? ആധുനികങ്ങളായ ജീവൻരക്ഷാ ഉപകരണങ്ങളും അതിവേഗം നീങ്ങാനുള്ള സജ്ജീകരണങ്ങളും കൈവശമുള്ള, ദുരന്തമുഖങ്ങളിൽ ചടുലമായി പ്രവർത്തിക്കാനുള്ള പരിശീലനം ലഭിച്ച, ആൾശേഷിയിൽ പരിമിതികളില്ലാത്ത സൈന്യത്തിനു വളരെ ഫലപ്രദമായി ഈ മഹാപ്രളയത്തിൽ പ്രവർത്തിക്കാൻ കഴിയുമായിരുന്നു. ജീവൻരക്ഷാ പ്രവർത്തനം സൈന്യത്തെ ഏൽപ്പിക്കണമെന്ന ആവശ്യം നിരവധി കോണുകളിൽ നിന്നുയർന്നു. സ്വന്തം കഴിവുകേട് മറച്ചുവയ്ക്കുന്നതിനുവേണ്ടിയോ ദുരഭിമാനംമൂലമോ സങ്കുചിത രാഷ്ട്രീയ കണക്കൂട്ടലിന്റെ അടിസ്ഥാനത്തലോ സർക്കാർ ഈ ആവശ്യം തള്ളി. ജീവൻ രക്ഷിക്കണമെന്ന് നിലവിളിയുയർത്തി പ്രളയബാധിതരും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും സഹായകേന്ദ്രങ്ങളിലേക്ക് വിളിച്ച് അപേക്ഷിച്ചുകൊണ്ടേയിരുന്നു. സർക്കാർ പ്രസിദ്ധീകരിച്ച ഹെൽപ്പ്‌ലൈൻ നമ്പരുകൾ ഒരു പ്രയോജനവുമില്ലാതെയായി. ജീവൻരക്ഷാപ്രവർത്തനത്തിന്റെ രംഗത്ത് അടിമുടി കുഴഞ്ഞുമറിഞ്ഞ അവസ്ഥ സൃഷ്ടിക്കപ്പെട്ടു.
വീടിന്റെ ടെറസ്സുകളിലും തുണ്ടുകരകളിലും നാലും അഞ്ചും ദിവസം ഭക്ഷണം കഴിക്കാതെ പതിനായിരങ്ങൾക്ക് അവശരായി കാത്തുകിടക്കേണ്ടിവന്നു. ചിലർ മരണത്തിനു കീഴടങ്ങി. ‘ദയവായി ഞങ്ങൾക്ക് ഒരു ഹെലികോപ്റ്റർ തരൂ. ഞാൻ യാചിക്കുകയാണ്.. ദയവായി സഹായിക്കൂ… എന്റെ നാട്ടുകാർ മരിക്കും.. പതിനായിരം പേർ എന്റെ നാട്ടിൽ മരിക്കും. ദയവായി സഹായിക്കൂ. എയർ ലിഫ്റ്റിംഗ് അല്ലാതെ മറ്റൊരു വഴിയുമില്ല. ഇവിടെ പട്ടാളം വരണം..ഞങ്ങൾ മരിക്കും..സഹായിക്കൂ.. ദയവായി…” ഭരണകക്ഷിയുടെ ചെങ്ങന്നൂർ എംഎൽഎ ആഗസ്റ്റ് 17ന് മാധ്യമങ്ങളിലൂടെ നടത്തിയ ഈ വിലാപം പ്രളയത്തിന്റെ ഗുരുതരമായ സ്ഥിതിവിശേഷവും സർക്കാരിന്റെ പിടിപ്പുകേടും ഒരു പോലെ വ്യക്തമാക്കി.
ലക്ഷക്കണക്കിന് സാധാരണജനങ്ങൾ നടത്തിയ ജീവൻരക്ഷാപ്രവർത്തനമാണ് മരണസംഖ്യ ഇത്രയും കുറയാനിടയാക്കിയത്. എന്നാൽ ഈ സന്നദ്ധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനോ, മാർഗ്ഗ നിർദ്ദേശം നൽകാനോ ഭരണ സംവിധാനങ്ങൾക്കായില്ല. ജീവൻരക്ഷാ പ്രവർത്തനത്തിന് കൊണ്ടുവന്ന ബോട്ട് തിരികെ എത്തിക്കാൻ പോലും പണമില്ലാതെ മൽസ്യത്തൊഴിലാളികൾ വലഞ്ഞു. കടലിലെ ഇളകിമറിയുന്ന വെള്ളത്തിൽ തൊഴിലെടുത്തുജീവിക്കുന്ന മൽസ്യത്തൊഴിലാളികളുടെ സഹായം തേടുന്നതിനെ സംബന്ധിച്ച് സർക്കാർ ആലോചിച്ചതേയില്ല. അവർ സ്വന്തം നിലയിൽ തീരുമാനമെടുത്താണ് പ്രളയമേഖലയിൽ എത്തിയത്.

സാധാരണജനങ്ങൾ  പതിനായിരങ്ങളുടെ രക്ഷകരായി

പെരുവെള്ളത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയത് ജനങ്ങളാണ്. ദുരിതത്തിൽപ്പെട്ടുഴറിയ ജനലക്ഷങ്ങളെ സഹായിക്കാൻ സഹജീവികൾ, മനുഷ്യത്വത്തിന്റെ എത്ര ഉദാത്തമായ വികാരത്തോടെയാണ് കുതിച്ചൊഴുകുന്ന വെള്ളത്തിലേക്ക് എടുത്തുചാടിയത്. ഗർഭിണികളെ, പിഞ്ചുകുഞ്ഞുങ്ങളെ, വൃദ്ധരെ, രോഗികളെ ജീവൻ അവഗണിച്ചും രക്ഷിക്കാൻ സംസ്ഥാനം മുഴുവൻ സാധാരണജനങ്ങൾ 7 ദിനരാത്രങ്ങൾ ഉണർന്നു പ്രവർത്തിച്ചു. പെരുത്തുകയറുന്ന കടലിന്റെ ആക്രമണം സ്ഥിരം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന മത്സ്യത്തൊഴിലാളികൾ സ്വന്തം മുൻകൈയിൽ രക്ഷാപ്രവർത്തിന് ഇറങ്ങി. പലപ്പോഴും രക്ഷാപ്രവർത്തകരുടെ പ്രാണൻതന്നെ അപകടത്തിലായി. യുവതലമുറ അമ്പരപ്പിച്ചുകൊണ്ട് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കരകാണാ വെള്ളത്തിൽ കുടുങ്ങിപ്പോയവരെ കരയ്‌ക്കെത്തിക്കാൻ, ക്യാമ്പുകളിൽ എത്തിപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രവും വൈദ്യസഹായവുമെത്തിക്കാൻ അവർ ഊണും ഉറക്കവും ഉപേക്ഷിച്ചു. പലായനം ചെയ്‌തെത്തിയവരെ ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു. സ്വന്തം വീടുകളിലടക്കം അവർക്ക് താമസസൗകര്യങ്ങൾ നൽകി. പ്രാണനും കൈയിൽപിടിച്ച് നീന്തിക്കയറിവന്നവർക്ക് ഭക്ഷണവും വസ്ത്രവും നൽകി. ഇതൊന്നും പരപ്രേരണയില്ലാതെ ജനങ്ങൾ ചെയ്തു. സംസ്ഥാനമെമ്പാടും നം കണ്ട ഈ കാഴ്ചകൾ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചു.
ജീവൻ അപകടത്തിലാക്കികൊണ്ടുള്ള പാവപ്പെട്ട തൊഴിലാളികളുടെ തികച്ചും മാതൃകാപരമായ ഈ പ്രവർത്തി പ്രശസ്തിക്കോ ഭൗതികനേട്ടങ്ങൾക്കോ വേണ്ടിയായിരുന്നില്ല. മനുഷ്യന്റെ നിലനിൽപ്പിന്റെ സഹജമായ സമ്പ്രദായമാണത്. പരസ്പരം സഹായിച്ചും സഹകരിച്ചുമല്ലാതെ മനുഷ്യന് നിലനിൽപ്പില്ല. എല്ലാ ഭേദങ്ങളും കൃത്രിമമാണെന്നും മനുഷ്യൻ അടിസ്ഥാനപരമായി ഒന്നാണെന്നുമുള്ള മഹത്തായ ജീവിതപാഠം പ്രളയം ഒരിക്കൽകൂടി തെളിയിച്ചു. പേമാരിയുടെ വെള്ളത്തിൽ ജാതിയും മതവും സാമ്പത്തിക ഭേദങ്ങളും ഒഴുകിപ്പോയപ്പോൾ ജീവൻരക്ഷാ പ്രവർത്തനത്തിലൂടെയും ദുരിതാശ്വാസപ്രവർത്തനത്തിലൂടെയും മനുഷ്യത്വം കര കയറിവന്നു. കക്ഷി-രാഷ്ട്രീയ-ജാതി-മത-പ്രാദേശിക മതിലുകൾ തകർത്ത് സാധാരണ ജനങ്ങൾ ഒത്തുചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനം പുതിയ ലോക മാതൃക തന്നെയാകുകയും പതിനായിരക്കണക്കിനാളുകളുടെ രക്ഷകരാകുകയും ചെയ്തു.

സങ്കുചിത രാഷ്ട്രീയ  താൽപ്പര്യങ്ങൾ
ദുരിതാശ്വാസപ്രവർത്തനത്തിനും വിലങ്ങുതടിയായി

മനുഷ്യനായിരിക്കുക എന്നത് വളരെയേറെ അർത്ഥതലങ്ങളുള്ള സവിശേഷമായ ഒരു അവസ്ഥയാണ് എന്ന പാഠം ഭരണ രാഷ്ട്രീയ നേതൃത്വങ്ങൾ ഒഴികെ എല്ലാവരും മനസ്സിലാക്കി. രാഷ്ട്രീയം കളിച്ചത് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികളും നേതാക്കൻമാരും മാത്രമാണ്. സമൂഹമൊന്നാകെ മനുഷ്യത്വത്തിന്റെയും സ്‌നേഹത്തിന്റെയും പുതിയ ചരിത്രം രചിച്ചുകൊണ്ട് പ്രളയബാധിതരെ കൈ പിടിച്ചുയർത്തിയപ്പോൾ അതിനെ കോർത്തിണക്കാനോ നേതൃത്വം നൽകാനോ കഴിയാതെ, തങ്ങളുടെ സങ്കുചിത ലക്ഷ്യങ്ങളും അജണ്ടകളുമായി മുന്നോട്ടുപോയ കേന്ദ്ര-സംസ്ഥാന സർക്കാരുകളെയാണ് നാം കണ്ടത്. മുക്കാൽപങ്കും പരപ്രേരണയേതുമില്ലാതെ ജനങ്ങൾ സ്വന്തം മുൻകൈയിൽ ചെയ്തുകഴിഞ്ഞപ്പോഴാണ് സർക്കാർ കാര്യങ്ങൾ ആലോചിച്ചു തുടങ്ങിയത്.
ജനങ്ങൾ ഒറ്റക്കെട്ടായി നടത്തിയ ഈ ഐതിഹാസിക പ്രവർത്തനങ്ങൾ സൃഷ്ടിച്ച നേട്ടത്തിന്റെമേൽ സ്വന്തം മേൽവിലാസം ചാർത്തി മേനി നടിക്കുകയാണ് സർക്കാർ ചെയ്തത്. ദുരിതാശ്വാസമെത്തിക്കുന്നതിനും മനഷ്യസ്‌നേഹികളുടെയും സന്നദ്ധ സംഘടനകളുടെയും നിർലോഭമായ സംഭാവനകളും പ്രവർത്തനങ്ങളുമാണ് ദുരിതബാധിതർക്ക് ഏറ്റവും വലിയ കൈത്താങ്ങായത്. ദുരന്ത ബാധിത മേഖലയിലേയ്ക്ക് പ്രവഹിച്ച സഹായങ്ങൾ ഒരു ഘട്ടം പിന്നിട്ടപ്പോൾ ഗവണ്മെന്റു വഴിമാത്രം സഹായം എന്ന നിബന്ധനയിലൂടെ കളേക്ട്രറ്റുകളിലും താലൂക്ക് ഓഫീസുകളിലും കുമിഞ്ഞുകൂടി നശിച്ചു പോകുന്നതിലേയ്ക്ക്‌വരെ നയിച്ചു. അതേ സമയം ഉൾപ്രദേശങ്ങളിലെ ക്യാമ്പുകളിൾ ഭക്ഷ്യവസ്തുക്കൾക്കടക്കം ക്ഷാമം നേരിടുന്ന സാഹചര്യവുമുണ്ടായി. എത്തിച്ചേർന്ന ദുരിതാശ്വാസ സാധനങ്ങൾ കാര്യക്ഷമതയോടെ എല്ലായിടങ്ങളിലും എത്തിക്കുന്നതിന് പോലും സർക്കാർ സംവിധാനങ്ങൾക്ക് പ്രവർത്തിക്കാനായില്ല.
ക്യാമ്പുകളുടെ നടത്തിപ്പ് മിക്കയിടങ്ങളിലും ഭരണകക്ഷിയായ സിപിഐ(എം) ന്റെ നിയന്ത്രണത്തിലാകുകയും, അങ്ങേയറ്റം അരാജകത്വം അരങ്ങേറുകയും ചെയ്തു. സാധനങ്ങളുടെ വിതരണത്തിൽ പക്ഷപാതിത്വവും അഴിമതിയും വ്യാപകമായി ആരോപിക്കപ്പെട്ടു. വിവിധ സംഘടനകൾ സമാഹരിച്ച ദുരിതാശ്വാസ വസ്തുക്കൾ സിപിഐ(എം) ബലപ്രയോഗത്തിലൂടെ തട്ടിയെടുത്ത് സ്വന്തം പേരിൽ വിതരണം ചെയ്ത സംഭവങ്ങളും നിരവധിയാണ്. അനവധി സർക്കാർ ഉദ്യോഗസ്ഥരും സർക്കാർ ഡോക്ടർമാരും ക്യാമ്പുകളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി രാപകലില്ലാതെ പ്രവർത്തിച്ചിട്ടുണ്ട്. പ്രസ്തുത പ്രവർത്തനം അവരുടെ വ്യക്തിപരമായ ശുഷ്‌കാന്തിയുടെയും ആത്മാർത്ഥതയുടെയും പ്രതിഫലനമായിരുന്നു. സർക്കാരിന്റെ മേൽതലത്തിലുള്ള പിന്തുണയുടെയോ ഏകോപനത്തിന്റെയോ ബലത്തിലല്ല അവരൊന്നും പ്രവർത്തിച്ചത്. വ്യക്തിപരമായ ജാഗ്രത ഉണ്ടാകാതെ പോയ ഇടങ്ങളിൽ കാര്യങ്ങൾ കുത്തഴിഞ്ഞതും അതുകൊണ്ടാണ്. ഒരൊറ്റ ഉദാഹരണംകൊണ്ട് ഇത് വ്യക്തമാക്കാം. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ ജനങ്ങൾ മടങ്ങിപ്പോകുന്നതിനുമുമ്പ് ക്യാമ്പുകളിൽ വിതരണം ചെയ്യുമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ ഒരിടത്തും അത് എത്തിച്ചുനൽകാൻ സർക്കാരിനു കഴിഞ്ഞില്ല. അതുകൊണ്ടുമാത്രം ആദ്യഘട്ടത്തിൽ എലിപ്പനി പടർന്നുപിടിച്ചു. 82 പേർ മരിക്കാനിടയായി.

മടങ്ങിപ്പോകുന്നതിനുമുമ്പ് എല്ലാവർക്കും പതിനായിരം രൂപ നൽകുമെന്ന വാഗ്ദാനത്തിനും സംഭവിച്ചത് ഇതേ കാര്യംതന്നെയാണ്. ഒരാൾക്കുപോലും മടങ്ങിപ്പോകുന്നതിനുമുമ്പ് പ്രസ്തുത തുക നൽകാൻ കഴിഞ്ഞില്ല. ഇപ്പോൾ കേൾക്കുന്നത് പലിശരഹിത വായ്പ എന്ന വാഗ്ദാനവും ജലരേഖയാകുമെന്നാണ്. (പ്രളയ ബാധിതർക്ക് വായ്പ നൽകുക എന്നതു തന്നെ ക്രൂരമായ നടപടിയാണ്) വായ്പയുടെ പലിശ അടയ്ക്കണമെന്നും മുഴുവൻ തുകയും തവണ മുടക്കാതെ അടച്ചാൽ മാത്രം പലിശ തിരികെ നൽകുമെന്നുമാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളത്. സുനാമിയിൽ സംഭവിച്ചതുപോലെ വാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്കാകുമെന്ന സൂചനയാണ് ഇതുനൽകുന്നത്.

പശ്ചിമഘട്ട മേഖലയുടെ  പാരിസ്ഥിതിക തകർച്ച  ദുരന്തത്തിന്റെ വ്യാപ്തി  വർദ്ധിപ്പിക്കുന്നു

ഇപ്പോഴുണ്ടായ മഹാപ്രളയവും അനുബന്ധ ദുരന്തങ്ങളും നമ്മെ ചില വിലപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട്. മഴ നിലച്ച് 10 ദിവസം പിന്നിടുമ്പോഴും ഇടുക്കി, വയനാട് എന്നിവിടങ്ങളിൽനിന്ന് കേൾക്കുന്നത് മണ്ണിടിച്ചിലിന്റെ വാർത്തകളാണ്. വലിയ മലകളും പാറക്കെട്ടുകളും ഇടിയുകയോ നിരങ്ങി ഇറങ്ങുകയോ ചെയ്തുകൊണ്ടിരിക്കുകയാണ്. ബഹുനിലക്കെട്ടിടങ്ങൾ ഭൂമിയ്ക്കടിലേക്ക് താഴ്ന്നുപോയ പത്തിലേറെ സംഭവങ്ങൾ റിപ്പോർട്ടുചെയ്യപ്പെടുകയുണ്ടായി. ചെറുതും വലുതുമായി ഏതാണ്ട് നാനൂറോളം ഉരുൾപ്പൊട്ടലുകൾ സംസ്ഥാനത്ത് ഉണ്ടായി! നൂറുകണക്കിന് മണ്ണിടിച്ചിലുകൾ വേറെയും. അവിശ്വസനീയമാംവിധമാണ് മേൽമണ്ണ് ഇത്തവണ ഒലിച്ചുപോയിരിക്കുന്നത്. മണ്ണിന്റെ മേൽപാളിയും പാറക്കെട്ടുകളും തമ്മിലുള്ള ബന്ധം വളരൈയധികം ദുർബ്ബലമായിരിക്കുന്നു. യഥാർത്ഥത്തിൽ വരാനിരിക്കുന്ന വലിയ പാരിസ്ഥിതിക ദുരന്തത്തിന്റെ സൂചനകളാണിവയെല്ലാം. ഈ സാഹചര്യം എന്തുകൊണ്ട് സൃഷ്ടിക്കപ്പെട്ടു?
പ്രകൃതിയുടെ മേൽ രാഷ്ട്രീയസ്വാധീനമുപയോഗപ്പെടുത്തിക്കൊണ്ട് നടക്കുന്ന കൈയേറ്റങ്ങളെക്കുറിച്ച് ബോധപൂർവ്വം മൗനം പാലിക്കുകയാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം. ചെത്തിനിർത്തിയ കുന്നുകളും മലകളും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും ഇടയാക്കി. അനധികൃത നിർമ്മാണങ്ങളും ക്വാറികളും മണ്ണിന്റെ സ്വാഭാവിക ഘടനയ്ക്ക് ക്ഷതവും ആഘാതവും ഏൽപ്പിച്ചു. ഉരുൾപൊട്ടിയ കണ്ണൂരിലെ അമ്പായത്തോട്ടിൽ ക്വാറികൾ 37 എണ്ണമാണത്രെ. പശ്ചിമഘട്ടമലനിരകളിൽ ക്വാറികൾ എത്രയുണ്ട് എന്നതിന് ആർക്കെങ്കിലും കണക്കുണ്ടോ എന്നറിയില്ല.

പാടശേഖരങ്ങളും തണ്ണീർതടങ്ങളും ചതുപ്പുനിലങ്ങളും കണ്ടൽകാടുകളുമൊക്കെ മഴവെള്ളം സംഭരിക്കപ്പെടുന്ന സ്വാഭാവിക ഇടങ്ങളായിരുന്നു. ഏതാണ്ട് പുകുതികണ്ട് അവയുടെ വിസ്തൃതി കുറഞ്ഞിരിക്കുന്നതായി പഠനങ്ങൾ വെളിവാക്കുന്നു. പാടശേഖരങ്ങൾ മാത്രമല്ല, പാടശേഖരങ്ങൾക്കിടയിൽ വളഞ്ഞും പുളഞ്ഞും ഒഴുകിയിരുന്ന തോടുകളും യഥേഷ്ടം ഉണ്ടായിരുന്നു. ഇതെല്ലാം വൻതോതിൽ ജലം ഉൾക്കൊള്ളാനും സംഭരിക്കാനും പോന്നവയുമായിരുന്നു. എന്നാൽ പ്രകൃതിദത്തമായ ഈ ജലസംഭരണികളും നീർത്തടങ്ങളും ഇന്ന് ഏതാണ്ട് നിർമ്മാർജ്ജനം ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഭൂമിക്കടിയിലേയ്ക്ക് ജലം കിനിഞ്ഞിറങ്ങാനുള്ള എല്ലാ അവസരങ്ങളും നിഷേധിച്ചുകൊണ്ട് വമ്പൻ ഷോപ്പിംഗ് മാളുകൾ, ആശുപത്രികൾ, കെട്ടിട സമുച്ചയങ്ങൾ, എന്തിന് വീട്ടുമുറ്റംവരെയും ടൈൽസ് പാകിയിരിക്കുകയാണ്. ഇടറോഡുകളുടെയും ചെറുറോഡുകളുടെയും വശങ്ങൾപോലും ടൈൽസ് പാകിയോ കോൺക്രീറ്റ് ഇട്ടോ മിനുസപ്പെടുത്തിയിരിക്കുകയാണ്. വികസനത്തിന്റെ പേരിൽ റോഡിനിരുപുറവുമുള്ള അവസാനത്തെ മരങ്ങളും വെട്ടി മാറ്റുകയാണ്.
സഹ്യപർവ്വതത്തിൽ പെയ്യുന്ന മഴ എവിടെയും തങ്ങാതെ നേരെ ഒഴുകി കടലിൽ എത്തുകയാണ്. വൻതോതിലുള്ള വനനശീകരണം മൂലം മണ്ണിന് ജലത്തെ സംഭരിച്ചുനിർത്താനുള്ള സ്വാഭാവികശേഷി നഷ്ടപ്പെട്ടിരിക്കുന്നു. വനത്തിലെ മണ്ണ് ഒരു സ്‌പോഞ്ചുപോലെയാണ് ജലത്തെ സംഭരിച്ചു നിർത്തുന്നത്. സഹ്യപർവ്വതമടക്കം ചെറുതും വലുതുമായ കുന്നുകളും മലകളും ഇടിച്ചു നിരത്തുന്നതും വെള്ളത്തിന്റെ സ്വാഭാവിക സംഭരണശേഷിയെ ബാധിച്ചിരിക്കുന്നു. പിവി അൻവർ എംഎൽഎയുടെ അനധികൃത വാട്ടർതീം പാർക്കിൽ എട്ടിടത്താണത്രെ ഉരുളുപൊട്ടലും മണ്ണിടിച്ചിലുമുണ്ടായിരിക്കുന്നത്. നിർമ്മാണം നിരോധിച്ചിരിക്കുന്ന മേഖലയിൽ പ്രളയാനന്തരവും തകൃതിയായി പണിനടക്കുന്നു എന്ന വാർത്തയാണ് നാം കേട്ടത്. കോഴിക്കോട് ഉണ്ടായ രണ്ടു ഉരുൾപൊട്ടലുകളുടെയും കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് പ്രകൃതിയുടെമേലുള്ള അനധികൃതമായ ഇടപെടലുകളാണ്.

കൈയേറ്റവും മണൽവാരലും നദികളെയും ശോഷിപ്പിച്ചിരിക്കുന്നു. നദികളുടെ സംഭരണശേഷിയെ ഇത് ദോഷകരമായി ബാധിച്ചിരിക്കുന്നു. മരണത്തെ മുന്നിൽ കാണുന്ന കായലുകളും കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് കാരണമാണ്. ഏറ്റവും വലിയ ജലസംഭരണികളായിരുന്ന കായലുകൾ പലതും ഇന്ന് അകാല ചരമമടയുകയാണ്. ചൂണ്ടിക്കാണിക്കപ്പെടുന്ന ഗുരുതരമായ മറ്റൊരു പ്രശ്‌നം വിസ്തൃതിയും ആഴവും കുറഞ്ഞ് ചെറുതാകുന്ന വേമ്പനാട്ടുകായലിന് വെള്ളം ഉൾക്കൊള്ളാനുള്ളശേഷി കുറയുന്നു എന്നതാണ്. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കണക്കനുസരിച്ച് വേമ്പനാട്ടുകായലിന്റെ വിസ്തൃതി മൂന്നിലൊന്നായി ചുരുങ്ങി. നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓഷ്യോനോഗ്രാഫിയുടെ കണക്കനുസരിച്ച് കായലിന്റെ ആഴം 9 മീറ്ററിൽനിന്ന് 2.5 മീറ്ററായി ചുരുങ്ങിയിരിക്കുന്നു.
വാട്ടർ റീച്ചാർജിംഗിന്റെ രംഗത്തും ഇത് വലിയ പ്രത്യാഘാതമാണ് സൃഷ്ച്ചിരിക്കുന്നത്. പെയ്ത്തുവെള്ളം മുഴുവൻ എത്രയും വേഗം കടലിലേക്ക് ഒഴുക്കി വിടുകയെന്നതാണ് എല്ലാ നിർമ്മാണത്തിന്റെയും പരിണിതഫലം. മഹാപ്രളയം പിൻവാങ്ങിയതോടെ കേരളത്തിലെ കിണറുകളിൽ ജലനിരപ്പ് വലിയ തോതിൽ താഴ്ന്നത് ഭൂമിയ്ക്കടിയിലെ ജലനിക്ഷേപം കുറയുന്നതുകൊണ്ടാണ്. ഭൂമിയുടെ റീച്ചാർജ്ജിംഗ് നടക്കാത്തതുമൂലം വെള്ളം പ്രളയമായി മാറുകയാണ്.

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 2013 നവംബർ ലക്കം യൂണിറ്റിയിൽ ഞങ്ങൾ പ്രസിദ്ധീകരിച്ച വാക്കുകളാണ് പിന്നാലെ ചേർത്തിട്ടുള്ളത്:
പശ്ചിമഘട്ട മേഖലയപ്പാടെ എത്തിച്ചേർന്നിട്ടുള്ള വർത്തമാന സ്ഥിതിയെന്താണ്? പതിനായിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമി വൻകിട സ്വകാര്യവ്യക്തികൾ തികച്ചും നിയമവിരുദ്ധമായി കൈയ്യേറിയിരിക്കുന്നു. ആദിവാസികളുടെയും പ്രാദേശിക ജനവിഭാഗങ്ങളുടെയും ആയിരക്കണക്കിന് ഏക്കർ ഭൂമിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏതൊരു ഭരണസംവിധാനത്തെയും വിലയ്‌ക്കെടുത്തും വെല്ലുവിളിച്ചും ഈ വൻകിട ഭൂ മാഫിയ മുന്നേറുകയാണ്… നിയമവിരുദ്ധമായി അവർ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ അതീവദൂർബലമായ പശ്ചിമ ഘട്ട ആവാസവ്യവസ്ഥയെ ഏതാണ്ട് തകർത്തുകഴിഞ്ഞു. അനധികൃതമായ നാനാതരം പ്രവർത്തനങ്ങൾ ഈ മേഖലയിൽ നിർബാധം നടന്നുവരുന്നു. പാറതുരക്കലും പൊട്ടിക്കലും അനിയന്ത്രിതമായി മുന്നേറുന്നു. ഉടുമ്പഞ്ചോല താലൂക്കിൽ മാത്രം പ്രവർത്തിക്കുന്ന അനധികൃത ക്വാറികൾ 216 ആണ്. ഗോവയിലും മഹരാഷ്ട്രയിലും നിയമവിരുദ്ധമായ ഖനനം ആ മേഖലയെ ഏതാണ്ട് അടിമുടി കീഴ്‌മേൽമറിച്ച് കഴിഞ്ഞു. കഴിഞ്ഞ ആറ് പതിറ്റാണ്ടായി രാജ്യത്തിന്റെ പൊതുസമ്പത്തായ വനം കൊള്ളയടിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. പശ്ചിമഘട്ടത്തിലെ 26 ശതമാനം വനം അപ്രത്യക്ഷമായതായി സർക്കാർ കണക്കുകൾ പറയുന്നു.
അതായത് വനംകൊള്ളക്കാരും ഖനന-ക്വാറി മാഫിയയും വമ്പൻ ഭൂമികൈയ്യേറ്റക്കാരും ടൂറിസത്തിന്റെ മറവിൽ പ്രർത്തിക്കുന്ന വൻകിട ഹോട്ടൽ-റിസോർട്ട് ഗ്രൂപ്പുകളും ചേർന്ന് പശ്ചിമഘട്ടമേഖലയെ വീണ്ടെടുക്കാനാവാത്തവിധം തകർത്തുകൊണ്ടിരിക്കുകയാണ്. മൂലധനത്തിന്റെ ഒടുങ്ങാത്ത ലാഭദുര ഉത്തരാഖണ്ഡിൽ സൃഷ്ടിച്ച അതേ സാഹചര്യമാണ് ഇന്ന് പശ്ചിമഘട്ടമലനിരകളിൽ നിലനിൽക്കുന്നത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലും തമിഴ്‌നാട്ടിലെ ഊട്ടിയിലും കേരളത്തിന്റെ ഇടുക്കിയിലും വിശിഷ്യാ മൂന്നാറിലും സംഭവിക്കുന്നത് പശ്ചിമഘട്ടമാകെ പടർത്തുകയാണ് ഈ ശക്തികൾ.

മഹാപ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമായ ഉത്തരാഖണ്ഡിലെ സാഹചര്യമാണ് ഇന്ന് പശ്ചിമഘട്ടത്തിൽ നിലനിൽക്കുന്നതെന്ന മേലുദ്ധരിച്ച വാക്കുകൾ അക്ഷരാർത്ഥത്തിൽ ഇന്ന് ഇടുക്കിയും വയനാടും ശരിവയ്ക്കുകയാണ്. പാരിസ്ഥിതിക സന്തുലനം തകർക്കുന്ന മുകളിൽ സൂചിപ്പിച്ച പ്രവർത്തനങ്ങളാണ് ഇടുക്കിയിലും വയനാട്ടിലും ഇപ്പോഴുണ്ടായിരിക്കുന്ന വൻതോതിലുള്ള മണ്ണിടിച്ചിലിനും കാർഷികത്തകർച്ചയ്ക്കും നിമിത്തമായിട്ടുള്ളത്. ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന ഗാഡ്ഗിൽ ശുപാർശ എത്രയും വേഗം നടപ്പാക്കിയില്ലെങ്കിൽ നമ്മുടെ പശ്ചിമഘട്ട മേഖലയൊന്നാകെ വലിയ വില നൽകേണ്ടി വരും.. ഇപ്പോഴുണ്ടായിട്ടുള്ള ഈ പ്രളയത്തെ ഒരു മുന്നറിയിപ്പായി സ്വീകരിച്ചുകൊണ്ട് പ്രകൃതിയുടെ പാരിസ്ഥിതികമായ നിലനിൽപ്പ് മുഖ്യപരിഗണനയായി കൈക്കൊള്ളുന്ന ഒരു സമീപനം സർക്കാരുകളെക്കൊണ്ട് അംഗീകരിപ്പിക്കുവാൻ ജനങ്ങൾ സമ്മർദ്ദമുയർത്തണം.
എംഎൽഎമാരും മന്ത്രിമാരും ഒന്നും പഠിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം വെളിവാക്കി. ഇടുക്കിയിൽ വെട്ടിപ്പിടിച്ച ഏക്കറുകളുള്ളവരും സ്വന്തമായി വാട്ടർതീം പാർക്കുകളുള്ളവരും കായലും പാടവും നികത്തി കെട്ടിടങ്ങൾ പണിതുയർത്തിയവരുമൊക്കെ ഉറഞ്ഞുതുള്ളുന്നതാണ് ജനങ്ങൾ ചാനലുകൾവഴി കണ്ടത്. ‘പിന്നെ കടലിൽ മഴപെയ്യുന്നതോ’ എന്ന ചോദ്യത്തെ ഹാസ്യരൂപേണ നോക്കിക്കണ്ടിരുന്ന ജനങ്ങൾ ‘പിന്നെ കാട്ടിൽ ഉരുളുപൊട്ടിയതോ’ എന്ന ചോദ്യത്തിനുമുന്നിൽ നാണിച്ചുപോയി. ‘ഏതു ഗാഡ്ഗിൽ എന്തു ഗാഡ്ഗിൽ, വല്ലതും പറയാനുണ്ടെങ്കിൽ സർക്കാരിനോടു പറയണം, അവിടെയും ഇവിടെയുമിരുന്ന് റിപ്പോർട്ട് എഴുതിയിട്ട് കാര്യമില്ല’ എന്ന് ആക്രോശിക്കുന്ന മന്ത്രിയെയും കണ്ടു. നിയമസഭയുടെ പ്രത്യേക സമ്മേളനം കൂടി കൂടുതൽ പിരിവെടുക്കാൻ തീരുമാനിച്ചു എന്നതൊഴിച്ചാൽ പിരിച്ചത് എന്ന് നാട്ടുകാർക്ക് നൽകും എന്ന വിഷയത്തിൽ തീരുമാനമൊന്നുമില്ല. ‘നഷ്ടപരിഹാരത്തുക’യ്ക്ക് അവകാശികൾ നാലുലക്ഷം കടന്നപ്പോൾ ഇനി പുതിയതായി ആരെയും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും തീരുമാനിച്ചു. കേരളത്തിലെ പരിസ്ഥിതിലോല പ്രദേശമായ പശ്ചിമഘട്ടം സംരക്ഷിക്കണം എന്ന് പത്തുവർഷംമുമ്പ് ചൂണ്ടിക്കാണിച്ച മാധവ് ഗാഡ്ഗിലിനെ ശവംതീനി കഴുകൻ എന്നുവിളിക്കാൻ പോലും മുതിർന്നു ഇടുക്കി എംപി. ഇത്തരം എംഎൽഎമാരും എംപിമാരും രാഷ്ട്രീയനേതാക്കൻമാരും ഉള്ളപ്പോൾ, പ്രളയം ഏൽപ്പിച്ച കനത്ത ആഘാതത്തെ മറികടക്കാൻ എന്താണ് പോംവഴി എന്ന് ആശങ്കപ്പെടുകയാണ് ജനങ്ങൾ

ദുരന്തത്തിന്റെ സാമ്പത്തികശാസ്ത്രം

ഒദ്യോഗിക വിശദീകരണമനുസരിച്ച് മഹാപ്രളയം 520 പേരുടെ ജീവനെടുത്തു. തുടർന്നു വന്ന എലിപ്പനി നിമിത്തം 82 പേരു കൂടി മരിച്ചു. അർദ്ധപ്രാണനായവർ അതിലുമെത്രയോ. പ്രളയം തകർത്തത് ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതമായിരുന്നു. സന്നദ്ധപ്രസ്ഥാനങ്ങളുടെ കണക്കെടുപ്പുപ്രകാരം 35000ത്തോളം വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു. ഒരായുസ്സ് മുഴുവൻ അദ്ധ്വാനിച്ച് സ്വരുക്കൂട്ടിയ ജീവിത സമ്പാദ്യങ്ങളെല്ലാം വെള്ളത്തിൽ ഒലിച്ചുപോയി. ആയിരക്കണക്കിന് ഏക്കർ പ്രദേശത്തെ കാർഷിക വിളകളും കൃഷിയും വെള്ളത്തിൽ മുങ്ങി നശിച്ചു. ജീവനോപാധികൾ നഷ്ടപ്പെട്ട് തുടർന്നുള്ള ജീവിതത്തിന്റെ ആശ്രയം നഷ്ടപ്പെട്ടു. ഇലക്ട്രിക്കൽ ഉപകരണങ്ങളും പാത്രങ്ങളും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും പൂർണ്ണമായും ഉപയോഗശൂന്യമായി. ചെറുതും വലുതുമായ ഏതാണ്ട് 40 ഓളം നഗരങ്ങളിലും പട്ടണങ്ങളിലും വെള്ളം കയറി. വ്യാപാരസ്ഥാപനങ്ങളിലെ വസ്തുവകകൾ തിരിച്ചെടുക്കാനാവാത്തവിധം നശിച്ചുപോയി. സർക്കാരിന്റെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത് 35,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ്. പ്രളയം സൃഷ്ടിച്ച നാശനഷ്ടത്തിന്റെവസ്തുനിഷ്ഠമായ ഒരു കണക്കല്ല ഇത്. മാധ്യമങ്ങളിലൂടെ ചില സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടിയത് ആകെ നഷ്ടം ഒരു ലക്ഷംകോടിരൂപയുടേതാണെന്നാണ്.
ചുരുക്കത്തിൽ, ജീവൻ നഷ്ടപ്പെട്ടില്ലെങ്കിലും സ്വന്തം നിലയിൽ തിരിച്ചുകൊണ്ടുവരാനാവാത്ത വിധം ജീവിതമാർഗ്ഗം നഷ്ടപ്പെട്ട ലക്ഷക്കണക്കായ മനുഷ്യർ സർക്കാരിന്റെയും സമൂഹത്തിന്റെയും കാരൂണ്യം തേടുന്ന പരിതാപകരമായ അവസ്ഥയാണ് പ്രളയം അവശേഷിപ്പിച്ചിരിക്കുന്നത്. ഭരണകൂടത്തിന്റെ ഒത്താശയോടെ സമൂഹത്തിലെ ദുഷ്ടശക്തികൾ ദശാബ്ദങ്ങൾകൊണ്ട് വളർത്തിയെടുത്ത വിഭാഗീയതകളും വിദ്വേഷങ്ങളും വലിച്ചെറിഞ്ഞുകൊണ്ട് മനുഷ്യന്റെ സഹജമായ നന്മകൾ ഉയിർത്തെഴുന്നേറ്റുവന്ന് ദുരന്തത്തിലാണ്ടവരെ പിടിച്ചുയർത്തുന്ന കാഴ്ചയും നാം കണ്ടു.

ഓരോ ദുരന്തവും സൃഷ്ടിക്കുന്ന ദൈന്യതയാണ് സഹജീവികളെ പുനരധിവസിപ്പിക്കാനുള്ള ധനസഹായത്തിന് ആളുകളെ പ്രേരിപ്പിക്കുന്നത്. സർക്കാർ ധനവിനിയോഗ സംവിധാനങ്ങളോട് താരതമ്യാർത്ഥത്തിലുള്ള വിശ്വാസ്യത കാരണമാണ് ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകുന്നത്. പക്ഷേ, സുനാമിമുതലിങ്ങോട്ട് വിശ്വാസവഞ്ചനയും കെടുകാര്യസ്ഥതയും ക്രമക്കേടുകളുമാണ് സർക്കാരുകൾ ഈ ഫണ്ടിന്റെ പേരിൽ പ്രദർശിപ്പിക്കുന്നത്. 2004 ലെ സുനാമി ബാധിതർ ദയനീയമായ സാഹചര്യത്തിൽ ഇപ്പോഴും തുടരുന്നു. ഓഖി ദുരന്തത്തിൽപ്പെട്ടവരുടെ ജീവിതവും ദുരിതപൂർണ്ണമായി തുടരുമ്പോൾ ആ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ പാർട്ടി നേതാവിന്റെ കുടുംബത്തിന് അനുവദിക്കുന്നു. ഇത്തരം അനുഭവങ്ങളാണ് പ്രളയദുരന്ത പുനരധിവാസത്തിന് പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതിന്റെ ന്യായം. പക്ഷേ, സർക്കാർ അത് തള്ളിക്കളയുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്താലേ ഇൻകം ടാക്‌സ് ഇളവ് ലഭിക്കുവെന്നാണ് വാദം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിചാരിച്ചാൽ ഇൻകം ടാക്‌സ് ഇളവുകളോടെ ഒറ്റദിവസം കൊണ്ട് ഇത്തരത്തിലൊരു ഫണ്ട് ആരംഭിക്കാവുന്നതേയുള്ളു. അപ്പോൾ പിന്നെ എന്താണ് യാഥാർത്ഥ്യം? മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട.് പാർട്ടികമ്മിറ്റികളുടെ ശുപാർശ സഹിതം വരുന്ന ധനസഹായങ്ങളാണ് ഏറെയും നൽകപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരു ദുരന്തം കണ്ട് മനസ്സലിഞ്ഞ് ജനങ്ങൾ നൽകുന്ന ധനം ആ ആവശ്യത്തിനുമാത്രം നൽകണമെന്ന് യാതൊരു നിഷ്‌കർഷയുമില്ലാത്ത ഒരു പണ്ടാരപ്പെട്ടിയാണത്. ദുരന്തബാധിതരെ സഹായിക്കുകയെന്ന ലക്ഷ്യംവെച്ച് ജനങ്ങൾ നൽകുന്ന ഓരോ രൂപയും യഥാർത്ഥത്തിൽ അർഹരായവർക്ക് മാത്രം ലഭ്യമാകത്തക്കവിധത്തിൽ സമ്പൂർണമായും സുതാര്യമായി വിനിയോഗം ചെയ്യാനായി പ്രത്യേക ഫണ്ട് രൂപീകരിച്ച് ലഭിച്ച പണം അതിലേക്ക് കൈമാറാൻ സർക്കാർ അമാന്തിക്കരുത്.
1500 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് വ്യക്തികളും സംഘടനകളും ഇതിനോടകം സംഭാവന ചെയ്തിരിക്കുന്നത്. സംഭാവനകൾ വന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്രസർക്കാർ 600 കോടി രൂപ നൽകി. ജനങ്ങൾ സംഭാവന നൽകിയ നൂറുകണക്കിന് കോടിരൂപ വിലമതിക്കുന്ന സാധനസാമഗ്രികൾ കൊണ്ടാണ് ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിച്ചത്. നമ്മുടെ പാർട്ടി അടക്കമുള്ള സംഘടനകളും വ്യക്തികളും തത്തുല്യമായ അളവിൽ സാധന സാമഗ്രികൾ ക്യാമ്പുകളിലെത്തിയവർക്കും അല്ലാത്തവർക്കും നേരിട്ട് എത്തിച്ചുകൊടുത്തിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സർക്കാരിന് കാര്യമായ ചെലവൊന്നും വേണ്ടിവന്നിട്ടില്ല. നിരവധി ദേശീയ അന്തർദ്ദേശീയ സംഘടനകൾ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സംഭാവന നൽകിയിട്ടുണ്ട്. അവയെത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഐക്യരാഷ്ട്ര സഭയും യു.എ.ഇ അടക്കമുള്ള വിദേശരാഷ്ട്രങ്ങളും വൻതോതിൽ ദുരിതാശ്വാസം നൽകാനുള്ള സന്നദ്ധത പ്രഖ്യാപിച്ചിരുന്നു. പക്ഷെ കേന്ദ്രസർക്കാർ അവയൊക്കെ നിരസിച്ചു. ഇന്ത്യൻ മുതലാളി വർഗ്ഗത്തിന്റെ സാമ്രാജ്യത്വ താല്പര്യങ്ങളായിരുന്നു ആ തീരുമാനത്തിന്റെ പിന്നിൽ. ഐക്യരാഷ്ട്രസഭയിൽ സ്ഥിരാംഗത്വം ലഭിക്കുവാൻ വേണ്ടി നടത്തുന്ന ശ്രമങ്ങളുടെ സാധ്യത കുറയ്ക്കും എന്നതായിരുന്നു യഥാർത്ഥ കാരണമെന്നാണ് അറിയുന്നത്.
പ്രളയത്തെ മറയാക്കി ജനങ്ങളെ പിഴിയുന്ന ഒരു സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പ്രളയവേളയിൽത്തന്നെ ദുരിതാശ്വാസ ധനസമാഹരണത്തിൽ നിന്നും പ്രസ്ഥാനങ്ങളെ തടഞ്ഞ ഗവണ്മെന്റ് എല്ലാ ഫണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സമാഹരിക്കുകയാണ് ചെയ്തത്. അതോടൊപ്പം ജിഎസ്ടിയിൽ 10 ശതമാനം അധികസെസ്സ് ഏർപ്പെടുത്താൻ തീരുമാനിച്ചു. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് സംഭാവന നൽകിയിട്ടില്ലാത്ത ഒരാളുപോലും കേരളത്തിലില്ല എന്നതാണ് വസ്തുത. സഹജീവികളുടെ ദുരിതത്തിൽ മനസ്സലിഞ്ഞ് ഒട്ടനവധി ആളുകൾ അവർക്ക് നൽകാനാവുന്നതിലുമധികം തുകയും സഹായവും നൽകിക്കഴിഞ്ഞു. അവരെ ഭീഷണിപ്പെടുത്തി പിരിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.

പ്രളയബാധിത  ജനങ്ങൾക്കുമേലുളള  കടന്നാക്രമണങ്ങൾ

ജനങ്ങൾ പ്രളയദുരിതത്തിൽ ഞെട്ടിത്തരിച്ചിരിക്കുമ്പോഴാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാമ്പത്തികാക്രമണങ്ങൾ അഴിച്ചുവിടുന്നത്. സംസ്ഥാന ജി.എസ്.ടിയുടെ മേൽ 10 ശതമാനം സെസ് ഏർപ്പെടുത്താനുള്ള നീക്കമാണ് അതിലൊന്ന്. പെട്രോളിയം ഉല്പന്നങ്ങളുടെ വില ചരിത്രത്തിലില്ലാത്തവിധം കുതിക്കുകയാണ്. നികുതിയിനത്തിൽ കോടിക്കണക്കിന് രൂപയാണ് സംസ്ഥാന-കേന്ദ്രസർക്കാരുകൾ ദുരിതബാധിതരായ കേരളീയരിൽനിന്ന് അധികമായി കവർന്നെടുത്തത്. പ്രളയത്തിന്റെ മറയിൽ സാധാരണക്കാരന്റെ കീശ കവരാൻ തുനിയുമ്പോൾ ധനികരെ സ്പർശിക്കാൻപോലും സർക്കാരിന് താല്പര്യമില്ല. ശതകോടീശ്വരന്മാർപോലും തുച്ഛമായ നികുതികളാണ് നൽകുന്നത്. ജനങ്ങളെ ചൂഷണംചെയ്ത് സമ്പാദിക്കുന്ന സമ്പത്തിന്റെ ഒരുഭാഗം പിടിച്ചെടുക്കുന്ന കാര്യം സർക്കാർ ചിന്തിക്കുന്നുപോലുമില്ല. ഇത്തരത്തിൽ സാധാരണക്കാരെ പിഴിഞ്ഞ് സർക്കാർ സ്വരുക്കൂട്ടിയ ധനത്തിൽ വളരെ തുച്ഛമായ തുകയാണ് ദുരിതബാധിതരിൽ നേരിട്ടെത്തുന്നത്.
ദുരിതാശ്വാസ ക്യാമ്പ് വിടുമ്പോൾ നൽകുമെന്ന് പ്രഖ്യാപിച്ച 10,000 രൂപ നൽകിക്കഴിഞ്ഞു എന്ന് സർക്കാർ കള്ളം പറയുന്നു. നിരവധി പേർക്ക് ഇനിയും തുക ലഭിച്ചിട്ടില്ല. ഈ തുകതന്നെ ബാങ്കിൽ നിന്ന് നേടിയെടുക്കാനുള്ള പ്രയാസങ്ങൾ ഏവർക്കുമറിയാവുന്നതാണ്. ഈ പതിനായിരം രൂപയല്ലാതെ ഒരു ചില്ലിക്കാശ്‌പോലും ദുരിതബാധിതർക്ക് നേരിട്ട് ധനസഹായമായി സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ബാക്കിയെല്ലാം ബാങ്ക് വായ്പയായാണ് അനുവദിക്കുന്നത്. ഒരു ലക്ഷം മുതൽ 4 ലക്ഷം വരെ. എല്ലാം നഷ്ടപ്പെട്ടവർക്ക് പുതിയ വീട് നിർമ്മിച്ച് നൽകുന്നതിന് പകരം 4 ലക്ഷം രൂപ വായ്പയായി നൽകുമ്പോൾ പണിതീരാത്ത വീടുകളും തിരിച്ചടക്കാനാവാത്ത കടവുമായിരിക്കും അവശേഷിക്കുക. ജപ്തി ഭീഷണിയും അവരെ തുറിച്ചുനോക്കും. ദുരന്തത്തിനിരയായവരുടെ വായ്പകുടിശ്ശിക എഴുതിത്തള്ളുന്നതിന് പകരം 6 മാസത്തേക്ക് മൊറട്ടോറിയം ഏർപ്പെടുത്തുക വഴി ആ കാലയളവിലെ പലിശയും ചേർത്ത് കടബാദ്ധ്യത കൂടുകയെന്ന ഫലമേ ഉണ്ടാവുകയുളളൂ. വായ്പകൾ റീഷെഡ്യൂൾ ചെയ്യുന്നത് വഴിയും കടബാധ്യതകൾ ഇരട്ടിക്കും. വില്പന വസ്തുക്കളാകെ നശിച്ചുപോയ കച്ചവടക്കാരുടെ സ്ഥിതിയും ഇതുതന്നെ. പലേ സ്ഥാപനങ്ങളും ഇനി പുനരാരംഭിക്കാൻ ആവാത്തവിധം തകർന്ന് പോയിട്ടുണ്ട്. ആ രംഗത്തേക്ക് കടന്നുവരാൻ വൻകിട മാളുകളും റീട്ടെയ്ൽ വ്യാപാരകുത്തകകളും തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. നടുവൊടിഞ്ഞുപോയ കാർഷികമേഖലയുടെ ഭാവിയും ഭീതിജനകമാണ്. പ്രളയദുരന്തത്തിൽപ്പെട്ട കർഷകരിൽ നല്ലൊരുപങ്കും ഇനിയും കാർഷികവൃത്തിയിലേക്ക് മടങ്ങാനാവാത്തവിധം തകർന്നുപോയിരിക്കുന്നു. കേരളത്തിന്റെ തനതു കാർഷിക ഉല്പാദന മേഖലയിലുണ്ടാവുന്ന കുറവ് കുത്തകകളുടെ നേട്ടമായി മാറും.

പുനർനിർമ്മാണമെന്ന പുത്തൻവിപണി

‘നവകേരള’ത്തിന്റെ നിർമ്മാണ ചുമതല പിണറായി സർക്കാർ ലോകബാങ്കിനെ ആണ് ഏൽപ്പിച്ചിരിക്കുന്നത്. പ്രളയജലം ഇറങ്ങിത്തുടങ്ങുന്നതിനുമുമ്പുതന്നെ കെപിഎംജിയും ലോകബാങ്കും രംഗപ്രവേശം ചെയ്തു. ലോകബാങ്ക് കേരളത്തിൽ (കു)പ്രസിദ്ധമാണെങ്കിലും കെപിഎംജി ആദ്യമായാണ് പത്രത്താളുകളിൽ നിറയുന്നത്. പലരാജ്യങ്ങളും ഈ കമ്പനിക്കെതിരായെടുത്ത നടപടികളും പുറത്തുവന്നു. അതെല്ലാം അവഗണിച്ചുകൊണ്ട് ദുരന്താനന്തര പുനർനിർമ്മാണത്തിന്റെ പദ്ധതിരേഖ തയ്യാറാക്കാൻ ഈ കമ്പനിയെത്തന്നെ സർക്കാർ ചുമതലപ്പെടുത്തി. മലയാളിയായ അരുൺ എം.കുമാർ ഇന്ത്യൻ സിഇഒ ആയി പ്രവർത്തിക്കുന്ന കെപിഎംജി ആഗോളതലത്തിൽ പ്രബലമായ കൺസൾട്ടൻസി കമ്പനിയാണ്. ടാറ്റ അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസിൽ തുടങ്ങി ഒബാമ ഭരണത്തിലെ ഉന്നതഉദ്യോഗസ്ഥൻ വരെയായ ഇദ്ദേഹം, യുഎസ് കമ്പനികൾക്ക് വിദേശ കോൺട്രാക്ട് നേടിക്കൊടുക്കുന്നതിന്റെ സ്‌പെഷ്യലിസ്റ്റ് ആയി അറിയപ്പെടുന്നു. യുഎസ് വാണിജ്യതാല്പര്യങ്ങൾ മുന്നോട്ട് വെയ്ക്കുന്നതിൽ യുഎസ് ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാർക്ക് ബൗദ്ധികശേഷി നൽകുന്ന വിദഗ്ദ്ധൻ. സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസുമായി ചേർന്ന് കേരള വികസനത്തെപ്പറ്റി ഒരു പുസ്തകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

തങ്ങളുടെ ഇടപാടുകാരായ, ലോകമെങ്ങുമുള്ള കമ്പനികളുടെ കമ്പോള സാധ്യത വർദ്ധിപ്പിക്കുകയെന്നതാണ് ആഗോളതലത്തിൽ, നെതർലന്റ് ആസ്ഥാനമായ കെപിഎംജിയുടെ പ്രധാന സേവനം. അതിനുവേണ്ടി അവർ നടത്തുന്ന കുതന്ത്രങ്ങൾ കാരണമാണ് പലരാജ്യങ്ങളിൽനിന്നും നിയമനടപടികൾ നേരിടേണ്ടിവരുന്നത്. കെപിഎംജി ഇന്ത്യയിൽ നടത്തുന്ന അഴിമതികളെപ്പറ്റിയും അവിശുദ്ധ കച്ചവട താല്പര്യങ്ങളെ സംബന്ധിച്ചും പ്രധാനമന്ത്രിക്ക് ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ എഴുതിയ കത്ത് കാരവൻ മാഗസിൻ പ്രസിദ്ധീകരിച്ചിരുന്നു. വളരെ വലിയ സർക്കാർ കോൺട്രാക്ടുകൾ തങ്ങളുടെ ഇടപാടുകാർക്കുവേണ്ടി നേടിയെടുക്കാൻ കെ.പി.എം.ജി നടത്തിയ അഴിമതികളെപ്പറ്റി അതിൽ പ്രതിപാദിക്കുന്നു. ഇത്തരം കോൺട്രാക്ടുകൾ അനുവദിക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥന്മാരുടെ മക്കൾക്കും ബന്ധുക്കൾക്കും കമ്പനിയിൽ വലിയ ശമ്പളമുള്ള ഉദ്യോഗം നൽകുന്നതാണ് അഴിമതിയുടെ ഒരു രീതി. മോദിഗവണ്മെന്റിന്റെ ‘സ്മാർട്ട് സിറ്റി’, ‘സ്വച്ഛ് ഭാരത്’, ‘മേക്ക് ഇൻ ഇന്ത്യ’, ‘സ്‌കിൽ ഇന്ത്യ’ തുടങ്ങിയ വൻപദ്ധതികളുടെയെല്ലാം കൺസൾട്ടൻസിയാണ് കെ.പി.എം.ജി. ഈ കമ്പനി കേരളത്തിന്റെ പുനർനിർമ്മാണത്തിന്റെ പദ്ധതി രേഖ സൗജന്യമായി തയ്യാറാക്കിക്കൊടുക്കാമെന്ന് സമ്മതിച്ചതുകൊണ്ടാണത്രേ ആ ചുമതല കേരളസർക്കാർ അവരെ ഏല്പിച്ചത്. കേരളത്തെ പുനർനിർമ്മിക്കാൻ 35000 കോടിരൂപ വേണമെന്നാണ് സർക്കാർ പറയുന്നത്. അതായത് 35000 കോടി രൂപയുടെ ഒരു കമ്പോളം ലോകമുതലാളിമാർക്കുവേണ്ടി കേരളത്തിൽ ഒരുങ്ങിയിരിക്കുകയാണെന്നർത്ഥം. 2700 ഓളം വരുന്ന ഇന്ത്യൻ കമ്പനികളുടെയും ലോകമെങ്ങുമുള്ള അസംഖ്യം വൻകിട കമ്പനികളുടെയും വ്യാപാരം വർദ്ധിപ്പിക്കാൻ കരാറെടുത്തിരിക്കുന്ന കെപിഎംജി എന്ന ആഗോളഭീമന്റെ കയ്യിൽ കേരളത്തിന്റെ ഭാവി ഏൽപ്പിച്ചുകൊടുക്കുകയാണ്. അവർ സൗജന്യസേവനമാണത്രേ ചെയ്യുന്നത്. പ്രളയം തകർത്തെറിഞ്ഞ ജീവിതങ്ങളെയോർത്ത് സഹജീവിസ്‌നേഹത്താൽ ഭിക്ഷക്കാർവരെയുള്ളവർ നൽകിയ സഹായങ്ങൾ എവിടെയായിരിക്കും എത്തിച്ചേരുക എന്ന കാര്യത്തിൽ ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
യുദ്ധവും പ്രകൃതിക്ഷോഭവും ജീവിതത്തിനുമേൽ ഭീതിദമായ ദുരന്തങ്ങൾ വർഷിക്കുമ്പോൾ അവ മുതലാളിത്തത്തിന് ലാഭകൊയ്ത്തിന് അവസരമുണ്ടാക്കുന്ന ചാകരകളാണ്. സ്വാഭാവികമായ വികാസം മുരടിച്ച് കമ്പോളപ്രതിസന്ധിയിലാണ്ട മരണാസന്ന മുതലാളിത്തം പുതിയ കമ്പോളസൃഷ്ടിക്കായി സമ്പദ്‌വ്യവസ്ഥയുടെ സൈനികവൽക്കരണം ത്വരിതപ്പെടുത്തുന്നു. കരുതിക്കൂട്ടിയുള്ള യുദ്ധത്തിലൂടെ നശിപ്പിക്കപ്പെടുന്നയിടങ്ങളിൽത്തന്നെ പുനർനിർമ്മാണമെന്ന പുതിയ കമ്പോളം സൃഷ്ടിക്കപ്പെടുന്നു. യുദ്ധം സൃഷ്ടിക്കുന്നതിൽ പങ്കാളികളാകുന്നവർ തന്നെ പുനർനിർമ്മാണ കമ്പോളത്തിലും പറന്നിറങ്ങുന്ന കാഴ്ചയും നമുക്ക് മുന്നിലുണ്ട്. യുദ്ധം പോലെ തന്നെ സർവ്വനാശകാരികളായ പ്രകൃതി ദുരന്തം തകർത്തെറിയുന്ന ജനപഥങ്ങളുടെ പുനഃസൃഷ്ടിയിലും സമാന സാഹചര്യം നാം കാണുന്നു.

പ്രളയ ദുരന്തത്തെ നേരിടാൻ  ശാസ്ത്രീയമായ നടപടികൾ എത്രയും വേഗം സ്വീകരിക്കുക

കേരളത്തിന്റെ സവിശേഷതയാർന്ന ഭൂഘടന പരിഗണനയിലെടുത്തുകൊണ്ട് ഏറ്റവും ശാസ്ത്രീയവും സമഗ്രവുമായ ഒരു ദുരന്തനിവാരണ പദ്ധതി അടിയന്തരമായി രൂപപ്പെടുത്താൻ ഒരു സർക്കാരും ഈ നിമിഷംവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്ത് മഴയുടെ തോത് അനുസരിച്ച് ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറിത്തുടങ്ങുന്നതിന്റെ ഒരു ഭൂരേഖ ഇപ്പോഴും നാം അന്തിമമാക്കിയിട്ടില്ല. എല്ലാ വർഷവും പ്രളയം നേരിടുന്ന, 5 വലിയ നദികൾ വന്നു ചേരുന്ന, കടൽനിരപ്പിൽ താഴെയുള്ള കുട്ടനാട്ടിൽപ്പോലും ഒരു വെള്ളപ്പൊക്ക മാപ്പ് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതിൽനിന്ന് സർക്കാരുകൾ എത്ര നിരുത്തരവാദപരമായാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കാം. വെള്ളപ്പൊക്ക മേഖലകളിലെ വീടുകൾ പ്രളയത്തെ നേരിടാൻ തക്കതായി നിർമ്മിക്കാൻ സർക്കാർ മുൻകൈയെടുക്കണം. സ്ഥിരസ്വഭാവത്തിലുള്ള ക്യാമ്പ് ഷെൽട്ടറുകൾ ഈ മേഖലകളിലെല്ലാം നിർമ്മിക്കണം. സ്വാഭാവിക ജലപ്രവാഹത്തിനു വിഘ്‌നമായിട്ടുള്ള വെള്ളപ്പൊക്ക മേഖലകളിലെ എല്ലാ നിർമ്മിതികളും ഉടൻ പൊളിച്ചു നീക്കണം.
മുകളിൽ സൂചിപ്പിച്ച ആവശ്യങ്ങളും പ്രളയബാധിതരുടെ ന്യായമായ അവകാശങ്ങളും നേടിയെടുക്കാൻ ജനങ്ങൾ പ്രക്ഷോഭരംഗത്ത് അണിനിരക്കേണ്ടിവരുമെന്നാണ് ഇതിനോടകം രൂപപ്പെട്ടിട്ടുള്ള സാഹചര്യം വ്യക്തമാക്കുന്നത്. അതിനായി പ്രളയബാധിതരുടെയും സാധാരണജനങ്ങളുടെയും ജനകീയസമരവേദികൾക്കു രൂപം നൽകുക എന്നതാണ് ഇനിയുള്ള കടമ.

Share this