പ്രളയബാധിതർക്ക് ആത്മവിശ്വാസം പകർന്ന്: ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) വോളന്റിയർമാർ

Spread our news by sharing in social media

ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിച്ച് കോട്ടയത്തെ ബേസ് ക്യാമ്പ്

സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത് കോട്ടയത്ത് വയസ്‌ക്കരക്കുന്നിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റി ഓഫീസിലെ ബേസ് ക്യാമ്പാണ്. പാർട്ടി സംസ്ഥാനക്കമ്മിറ്റി ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുവേണ്ടി രൂപംനൽകിയ സംസ്ഥാന സബ് കമ്മിറ്റിയുടെ കോ-ഓർഡിനേറ്ററും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ സഖാവ് ജയ്‌സൺ ജോസഫിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് സഖാക്കൾ ഒരു മാസത്തിലേറെ നടത്തിയ വിശ്രമരഹിതമായ പ്രവർത്തനങ്ങളിലൂടെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം സാധ്യമായത്.
പശ്ചിമ ബംഗാൾ, കർണ്ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും മെഡിക്കൽ ക്യാമ്പുകൾ നടത്തുവാൻ എത്തിച്ചേർന്ന മെഡിക്കൽ സർവ്വീസ് സെൻററിന്റെ പ്രവർത്തകരായ ഡോക്ടർമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, മറ്റ് പ്രവർത്തനങ്ങൾക്ക് എത്തിച്ചേർന്ന സഖാക്കൾ തുടങ്ങിയവരടക്കം എഴുപതിലധികം ആളുകൾ ബേസ് ക്യാമ്പിൽ താമസിച്ച് പ്രവർത്തിച്ചു. മറ്റ് ജില്ലകളിൽ ചെറുതും വലുതുമായ ക്യാമ്പുകൾ കേന്ദ്രീകരിച്ച് നൂറ് കണക്കിന് സഖാക്കളാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.

വ്യക്തികളും സന്നദ്ധസംഘടനകളും സഹായവുമായി ബേസ് ക്യാമ്പിലേക്ക് വന്നുകൊണ്ടേയിരുന്നു. കോട്ടയം തമ്പലക്കാട് സ്വദേശി അർജുന്റെ അഭ്യർത്ഥന പ്രകാരം കോയമ്പത്തൂരിൽ നിന്നും തമിഴ് സഹോദരങ്ങളായ മുത്തുമുരുകനും അഴകും ആഗസ്റ്റ് 15-ന് ലോറിയിൽ കൊണ്ടുവന്ന സാധനങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. അവർ തമിഴ് നാട്ടിലേക്ക് മടങ്ങും വഴി കാലടിയിലെ വെള്ളപ്പൊക്കത്തിൽ അകപ്പെടുകയും ഭക്ഷണമില്ലാതെ രണ്ടു ദിവസം കാലടിപ്പാലത്തിലും തുടർന്ന് മൂന്ന് ദിവസം ദുരിതാശ്വാസ ക്യാമ്പിലും കഴിയേണ്ടിവരികയും ചെയ്തു. അവരോടുള്ള സ്‌നേഹവും നന്ദിയും നിസ്സീമമാണ്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ(യുഎൻഎ)യ്ക്ക് മുംബൈയിൽനിന്നും വന്ന ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ തികഞ്ഞ വിശ്വാസത്തോടെ പാർട്ടിയെ ഏൽപ്പിച്ചു. കോട്ടയത്തെ നവജീവൻ ട്രസ്റ്റി പി.യു.തോമസിന്റെ അത്യാവശ്യ ഘട്ടങ്ങളിലുള്ള സഹായവും എടുത്ത് പറയേണ്ടതാണ്. ബേസ് ക്യാമ്പിലെ സഖാക്കൾക്ക് എല്ലാ ദിവസവും ഉച്ചഭക്ഷണം നൽകിയതും നവജീവനാണ്. ടെക്‌നോപാർക്കിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ടോണി ഏബ്രഹാം ആവശ്യാനുസരണം മാന്നാനത്തുള്ള ജേക്കബ് മാണി വഴി സാധനങ്ങൾ എത്തിച്ചു കൊണ്ടിരുന്നു. ഭാരത് ഹയറിംഗ് സർവ്വീസ് ഉടമ ബാലകൃഷ്ണൻ നിരവധി സഹായങ്ങളോടൊപ്പം അദ്ദേഹത്തിന്റെ വണ്ടിയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിട്ടുതന്നു. ഫോട്ടോഗ്രാഫറായ റിജോ, അദ്ദേഹം സമാഹരിച്ച സാധനങ്ങൾ എത്തിച്ചു. പാർട്ടിയുടെ അഭ്യുദയകാംക്ഷിയായ വിജയ അവശ്യവസ്തുക്കൾ പലവട്ടം നൽകി. സജീവ് കുമാറിന്റെ അഭ്യർത്ഥന പ്രകാരം കൊച്ചിൻ റിഫൈനറി ഓഫീസേഴ്‌സ് അസോസിയേഷൻ പലവട്ടം ബേസ് ക്യാമ്പിൽ സാധനങ്ങൾ എത്തിച്ചു. എറണാകുളത്തുനിന്നും ഐശ്വര്യ പലപ്പോഴായി വലിയ സഹായങ്ങൾ നൽകി. കുര്യൻ, അവശ്യ സന്ദർഭങ്ങളിലെല്ലാം ഭക്ഷണപ്പൊതികൾ ക്യാമ്പിലെത്തിച്ചു. കോൺട്രാക്ടർ മനോജ് പ്രളയത്തിൽ മുങ്ങിക്കിടന്നിരുന്ന തിരുവാർപ്പ് പ്രദേശത്ത് സ്വന്തം വാഹനവുമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നമ്മോടൊപ്പം പങ്കു ചേർന്നു. കോട്ടയം മെഡിക്കൽ കോളേജിലെ ഡപ്യൂട്ടി സൂപ്രണ്ട് ഡോ. പി.എസ്.രാജേഷ്, നർമ്മദ ടെക്‌സ്റ്റൈൽസ്, കവിത ടെക്‌സ്റ്റൈൽസ്, ഹോട്ടൽ ആനന്ദമന്ദിരം, തന്തൂർ റെസ്റ്റോറ്റൻറ്, ഇന്ത്യൻ കോഫീ ഹൗസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രസാദ്, രാജപ്പൻ അറയ്ക്കൽ, ഹമീദ് കൊടിയന്തറ, ഡോ.കൊച്ചുറാണി എബ്രഹാം, ഗിരിജ പ്രസാദ്, കെ.ബീന തുടങ്ങിയ നിരവധി ആളുകളുടെ സഹായം കൊണ്ടും പാർട്ടി കേന്ദ്രക്കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മറ്റ് സംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങളുടെ വലിയ പിൻതുണയോടെയുമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിഞ്ഞത്. പൊന്തൻപുഴ-വലിയകാവ് വനസംരക്ഷണ പട്ടയ സമരസമിതിയുടെ നേതൃത്വത്തിൽ ജയിംസ് കണ്ണിമലയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും കോട്ടയം ബേസ് ക്യാമ്പിലും ചങ്ങനാശ്ശേരിയിലും നിരവധി തവണ സഹായവുമായി എത്തി. സമരസമിതിയുടെ നേതൃത്വത്തിൽ തുരുത്തി സെന്റ്‌മേരീസ് എൽപി സ്‌കൂളിൽ 1500പേർക്ക് ഓണസദ്യ ഒരുക്കി.

രാഷ്ട്രീയ രംഗത്ത് പാർട്ടി മുന്നോട്ട് വയ്ക്കുന്ന ജനകീയ സമരരാഷ്ട്രീയവും വിട്ടുവീഴ്ചയില്ലാതെ മുറുകെപ്പിടിക്കുന്ന തൊഴിലാളിവർഗ്ഗ നിലപാടുകളും കൊണ്ട് വലിയൊരു വിഭാഗം ആളുകളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടുവാൻ നമുക്കായിട്ടുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നാനാതുറകളിൽനിന്ന് കിട്ടിയ സഹായസഹകരണങ്ങൾ.

കോട്ടയം ജില്ല

കോട്ടയം ജില്ലയിലെ അപ്പർകുട്ടനാടൻ മേഖലയിലെ പ്രളയബാധിതർക്ക് ആശ്വാസമെത്തിച്ചുകൊണ്ടുള്ള ബഹുവിധ പ്രവർത്തനങ്ങൾ എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പ്രവർത്തകർ നടത്തി. ജില്ലയിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നായ തിരുവാർപ്പിൽ മഹാപ്രളയത്തിന് മുൻപുണ്ടായ വെള്ളപ്പൊക്കം മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. മഹാപ്രളയത്തിൽ വീടുകളും റോഡുകളും മുങ്ങി ആളുകൾ ക്യാമ്പുകളിലേക്ക് എത്തിത്തുടങ്ങിയ ആഗസ്റ്റ് 16-ന് രാത്രിയിൽ ഭക്ഷണം എത്തിച്ചുകൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്. തിരുവാർപ്പ് പഞ്ചായത്തിലെ എല്ലാ ക്യാമ്പുകളിലും സഖാക്കൾ നിരന്തരം സന്ദർശിച്ച് ആവശ്യകതകൾ തിരിച്ചറിഞ്ഞു കൊണ്ട് പ്രവർത്തിച്ചു. ക്യാമ്പുകളിൽ എത്താനാവാതെ വീടുകളിൽ കുടുങ്ങിപ്പോയവരെ സന്ദർശിച്ച് ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. വേമ്പനാട്ടു കായലിന്റെ നടുക്കുള്ള എറമ്പം തുരുത്തിൽ വള്ളത്തിൽ എത്തി, മെഡിക്കൽ ക്യാമ്പും ഭക്ഷ്യധാന്യ വിതരണവും നടത്തി. റോഡും സ്‌കൂളും ആശുപത്രിയും എന്തിനേറെ ഒരു കട പോലുമില്ലാതെ എറമ്പത്തും തൊട്ടടുത്ത തുരുത്തുകളിലുമായി 41 കുടുംബങ്ങൾ താമസിക്കുകയാണ്. അവർക്ക് പുറം ലോകവുമായി ബന്ധപ്പെടണമെങ്കിൽ വള്ളം മാത്രമാണ് ആശ്രയം. കുറച്ച് കുടുംബങ്ങൾക്ക് മാത്രമാണ് വള്ളം സ്വന്തമായുള്ളത്. ആരോഗ്യ പ്രശ്‌നങ്ങൾ വരുമ്പോൾ 12 കിലോമീറ്റർ അകലെയുള്ള കോട്ടയത്ത് എത്തിയാണ് എറമ്പം നിവാസികൾ ചികിത്സ നേടുന്നത്. ഹാർട്ട് അറ്റാക്ക് പോലെ പൊടുന്നനെ അത്യാഹിതം സംഭവിക്കുന്ന അസുഖങ്ങൾ ബാധിച്ച പലരും കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചിട്ടുണ്ട്. ഒരു ഡോക്ടറെങ്കിലുമുള്ള ചെറിയൊരു ക്ലിനിക് എറമ്പത്ത് സ്ഥാപിക്കുവാൻ സർക്കാർ മുൻകൈ എടുക്കണം. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുകയാണെങ്കിലും കുടിക്കുവാൻ ഒരു തുള്ളി വെള്ളം ഇല്ലായെന്നതാണ് വിരോധാഭാസം.കുടിവെള്ളം വില കൊടുത്ത് വാങ്ങുകയല്ലാതെ നിർവ്വാഹമില്ലാത്ത അവസ്ഥയാണുള്ളത്. പഞ്ചായത്ത് അധികൃതർ എത്രയും വേഗം എറമ്പം നിവാസികൾക്ക് സ്ഥിരമായി കുടിവെള്ളം ലഭ്യമാക്കുവാനുള്ള നടപടികൾ കൈക്കൊള്ളണം. വെട്ടിക്കാട്ട്, പുതിയാത്ത്, മീഞ്ചിറ, മാധവശ്ശേരി കോളനി, അംബേദ്കർ കോളനി, താമരശ്ശേരി കോളനി, തട്ടാരക്കാട് ,കേളക്കേരി, വെങ്ങായിക്കാട് പ്രദേശങ്ങളിലെ ജനങ്ങൾക്കും പരിഷ്‌കൃത സമൂഹത്തിനിണങ്ങും വിധം ജീവിക്കുവാനുള്ള സാഹചര്യം ഗവൺമെന്റ് സൃഷ്ടിക്കണം. വെള്ളം ഇറങ്ങിയതിനു ശേഷം പരസഹായമില്ലാത്ത നിർധന കുടുംബങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളും നടത്തി.

ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി തിരുവാർപ്പ് ചാപ്റ്ററും മെഡിക്കൽ സർവ്വീസ് സെൻററും സംയുക്തമായി താമരശ്ശേരി, അംബേദ്കർ കോളനികളിൽ മെഡിക്കൽ സർവ്വേയും ബ്ലീച്ചിംഗ് പൗഡർ വിതരണവും നടത്തി. എലിപ്പനിയ്ക്കുള്ള പ്രതിരോധ മരുന്ന് ഡോക്സി സൈക്ലിൻ ആർക്കും കിട്ടിയിട്ടില്ലായെന്നത് സർവ്വേയിലൂടെ മെഡിക്കൽ സംഘത്തിന് ബോധ്യപ്പെട്ടു. ഉടൻതന്നെ അത് വിതരണം ചെയ്തു. ഡോ.അനിത, ഡോ.ജയലക്ഷ്മി, ബ്രേക്ക് ത്രൂ സംഘാടകരായ എ.എൻ.സുധീഷ്, മാത്യൂ, പി.ആർ. സജിമോൻ, സുമേഷ് കുമാർ, എ.ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു. കുമരകത്ത് നസ്രത്ത്പള്ളിക്ക് സമീപത്തുള്ള രോഗികളായ വൃദ്ധരുടെ വീട്ടിലേക്കുള്ള നടപ്പാലം എസ്‌യുസിഐ സഖാക്കൾ പുനർനിർമ്മിച്ചു. ആ പ്രദേശങ്ങളിലെ വീടുകളിൽ ഭക്ഷ്യ വിതരണവും നടത്തി. തിരുവാർപ്പ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് ഇ.വി.പ്രകാശ്, സഖാക്കൾ ആശാ രാജ്, കെ.പി.പ്രസാദ്, സുനിൽകുമാർ, സുരേഷ് കുമാർ, ജീനാഥ് ചന്ദ്രൻ, അർച്ചന എം.എസ്, അനൂജ ജീനാഥ്, ഇ.വി.പ്രീതി, എൻ.റ്റി. അവിനേഷ് കുമാർ, രജീഷ്, ചന്ദ്ര ബോസ്, മുരുകൻ, ഷാജൻ, എ.കെ.സോമവല്ലി, ജോയൽ സുനിൽ, അക്‌സ സുനിൽ, അർച്ചന സുരേഷ്, ആരോമൽ, ദർശന സുരേഷ് തുടങ്ങിയവരും നിരവധി നാട്ടുകാരും പങ്കെടുത്തു.
കോട്ടയം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗവൺമെന്റ് എൽപി സ്‌കൂൾ, ചിങ്ങവനം, ഗവൺമെന്റ് യുപി സ്‌കൂൾ പള്ളം, പള്ളം സെന്റ് പോൾസ് ഹാൾ, കല്ല് പറമ്പ് പള്ളി ഹാൾ, ചാന്നാനിക്കാട് എൽപി സ്‌കൂൾ തുടങ്ങിയ നിരവധി ക്യാമ്പുകൾ സന്ദർശിച്ച് ഭക്ഷ്യവസ്തുക്കൾ എത്തിച്ചു. കടുവാക്കുളം പുറമ്പോക്ക് കോളനിയിൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുകയും ഡോക്ടറുടെ സേവനം ഉറപ്പാക്കുകയും ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എ ജി.അജയകുമാർ, സഖാക്കൾ ബിനോയ് പി. ജോണി, സി.ആർ.രാജേഷ്, എം.ആർ.മണി, സുമിത്ര തുടങ്ങിയവർ നേതൃത്വം നൽകി. കുറവിലങ്ങാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലറയിലെ എന്തക്കുഴി, കല്ലുപുറം മേഖലകളിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണവും മെഡിക്കൽ ക്യാമ്പും നടത്തി.

കോട്ടയം ടൗൺ ലോക്കൽ കമ്മിറ്റി കുമരകം, തിരുവാർപ്പ് മേഖലകളിൽ നിന്നും ടോറസുകളിൽ ക്യാമ്പുകളിലേക്ക് വന്ന ജനങ്ങളെ സ്വീകരിക്കുകയും നഗരത്തിലെ 9 ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ചെയ്തു. ഈരയിൽ കടവ്, ഗ്രാമീൺചിറ, പുളിനാക്കൽ, പഴയ ബോട്ട് ജെട്ടി പ്രദേശങ്ങളിൽ ഭക്ഷ്യധാന്യ വിതരണം നടത്തി. ലോക്കൽ സെക്രട്ടറി സഖാവ് പി.എൻ.തങ്കച്ചൻ, സഖാക്കൾ സാലി സെബാസ്റ്റ്യൻ, ബെന്നി ദേവസ്യ, ഷീജ മറീന, ലാര്യാ പി., ഡോ.വി.എൻ.രമണി, പ്രതീഷ് ജയിംസ്, റലേഷ് ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
വെള്ളപ്പൊക്കത്തെത്തുടർന്ന് ചങ്ങനാശ്ശേരിയിലെത്തിച്ചേർന്ന കുട്ടനാട്ടിലെ ജനങ്ങളുടെ സഹായാർത്ഥം പെരുന്നയിലും ബോട്ടുജെട്ടിയിലും ഹെൽപ് ഡെസ്‌കുകൾക്ക് എസ്‌യുസിഐ കമ്മ്യൂണിസ്റ്റ് വോളണ്ടിയേഴ്‌സ് നേതൃത്വം നൽകി. പ്രളയബാധിത പ്രദേശങ്ങളായ മനയ്ക്കച്ചിറ, കോമങ്കേരിച്ചിറ, പൂവം, മാടത്താനിച്ചിറ എന്നീ സ്ഥലങ്ങളിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) വോളണ്ടിയേഴ്‌സിന്റെ നേതൃത്വത്തിൽ വീടുകൾ വൃത്തിയാക്കൽ, പരിസരശുചീകരണം, കിണറുകൾ വൃത്തിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. മനയ്ക്കച്ചിറ, തവളപ്പാറ, പുതുച്ചിറ തുടങ്ങിയ പ്രദേശങ്ങളിൽ പ്രളയബാധിതർക്ക് അവശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു.

വെള്ളപ്പൊക്കത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്കായി മനയ്ക്കച്ചിറ, എടവന്തറ, കോമങ്കരിച്ചിറ, മുളയ്ക്കാംതുരുത്തി, തുരുത്തി എന്നീ സ്ഥലങ്ങളിൽ എ.ഐ.ഡി.എസ്.ഒ പഠനോപകരണവിതരണം നടത്തി. എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ്, മീനാക്ഷി ആർ, മേധ സുരേന്ദ്രനാഥ്, ശാലിനി ജി.എസ്, ആമി തുടങ്ങിയവർ നേതൃത്വം നൽകി.
വെട്ടിത്തുരുത്ത്, പെരുന്ന, പുതുച്ചിറ എന്നിവിടങ്ങൾ ഉൾപ്പെടെ ചങ്ങനാശ്ശേരി നഗരത്തിലെ വിവിധ ക്യാമ്പുകൾ സന്ദർശിച്ച് അവശ്യവസ്തുക്കൾ വിതരണം നടത്തി. പ്രളയാനന്തരമുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ മുൻനിർത്തി മനയ്ക്കച്ചിറ, കോമങ്കരിച്ചിറ, എടവന്തറ തുടങ്ങിയ പ്രദേശങ്ങളിൽ എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്)ഉം മെഡിക്കൽ സർവ്വീസ് സെന്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഡൽഹി മൗലാന ആസാദ് മെഡിക്കൽ കോളജ്, കർണാടകയിലെ ബെല്ലാരി മെഡിക്കൽ കോളജ്, മഹാരാഷ്ട്രയിലെ വാർധ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഡോക്ടർമാരുടെ സംഘം ജനങ്ങൾക്ക് നേരിട്ട് വൈദ്യസഹായങ്ങൾ നൽകി
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ക്യാമ്പുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്കും മദ്യപൻമാർ തടസ്സം സൃഷ്ടിച്ച സാഹചര്യത്തിൽ ചങ്ങനാശ്ശേരി താലൂക്കിൽ കളക്ടർ പ്രഖ്യാപിച്ച മദ്യനിരോധനത്തെ മറികടന്നുകൊണ്ട് ഷാപ്പുകളും ബാറുകളും തുറന്നതിനെതിരെ കുരിശുംമൂട്ടിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
കോമങ്കേരിചിറയിലെ യാത്രാക്ലേശം പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും എടവന്തറ, കോമങ്കേരിചിറ, മേപ്രാൽവഴി തിരുവല്ലയ്ക്ക് നിത്യേന ബസ് സർവ്വീസ് ആരംഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും ഡിടിഒയ്ക്ക് നിവേദനം സമർപ്പിച്ചു.

ആലപ്പുഴ ജില്ല

ആലപ്പുഴ ജില്ലയിൽ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത് ചെങ്ങന്നൂർ, കുട്ടനാട് മേഖലകളിലാണ്. ചെങ്ങന്നൂരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പ്രധാനമായും മുളക്കുഴയിൽ ആഗസ്റ്റ് 23 ന് ആരംഭിച്ച ക്യാമ്പ് കേന്ദ്രീകരിച്ചാണ് നടന്നത്. വമ്പിച്ച ബഹുജന പിന്തുണയോടെയാണ് മുളക്കുഴ ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത്. മാർത്തോമ പള്ളിയിലെ ഫാദർ അലക്‌സാണ്ടർ തോമസും യുവജനസംഘവും എല്ലാ സഹായങ്ങളും നൽകി. മെഡിക്കൽ ടീം ഉൾപ്പെടെയുള്ളവർക്ക് താമസിക്കുവാൻ വീടും സാങ്കേതിക സഹായങ്ങളും നൽകി നിർലോഭമായി അവർ പിന്തുണച്ചു. സമീപവാസികളായ ജനങ്ങൾ വാളണ്ടിയർമാരെ സഹായിക്കാൻ കുടുംബാംഗങ്ങളെപ്പോലെ 24 മണിക്കൂറും പ്രവർത്തിച്ചത് ആദരപൂർവ്വം ഓർക്കുന്നു.

തിരുവനന്തപുരം, കോട്ടയം എഞ്ചിനിയറിംഗ് കോളേജുകളിലെ നിരവധി വിദ്യാർത്ഥികളും അദ്ധ്യാപകരും കർണ്ണാടകയിലെ ധാർവാഡ് ജില്ലയിൽ നിന്ന് വന്ന എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ സഖാക്കളും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സഖാക്കളും മഹാരാഷ്ട്രയിലെ വാർധ മെഡിക്കൽ കോളേജിലെ അഞ്ച് ഡോക്ടർമാരടങ്ങിയ സംഘവും ചെങ്ങന്നൂരിലെ പാർട്ടി സഖാക്കളുമാണ് മുളക്കുഴയിലെ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. ഏകദേശം നൂറോളം പേർ പ്രവർത്തനങ്ങളിൽ സഹകരിക്കുകയുണ്ടായി. ചെങ്ങന്നൂരിലെ വിവിധ പ്രളയബാധിതമേഖലകളിലായി 16 വീടുകൾ വൃത്തിയാക്കാൻ വാളണ്ടിയർമാർക്ക് കഴിഞ്ഞു. കൂടാതെ ഒരു ഹയർസെക്കണ്ടറി സ്‌കൂളും. ആ പ്രവർത്തനങ്ങളിൽ വോളണ്ടിയർമാർ വഹിച്ച പങ്ക് ഏവരെയും ആത്ഭുതപ്പെടുത്തുന്നതായിരുന്നു. വിശേഷിച്ചും കർണ്ണാടകയിൽ നിന്ന് വന്ന സഖാക്കൾ അഭിനന്ദനം അർഹിക്കുന്നു. ഏവരും, സമർപ്പിതരായി ഒറ്റമനസ്സോടെ ക്ലീനിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
ഡോ.ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സർവ്വീസ് സെന്റർ നടത്തിയ പ്രവർത്തനങ്ങളും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. മഹാരാഷ്ട്രയിൽ നിന്ന് വന്ന ഡോ.ജാനകി, ഡോ.ഇഷിർ, ഡോ.അനന്തു, ഡോ.്അബ്ദുൾ വഹാബ്, ഡോ.പങ്കജ് തുടങ്ങിയ അഞ്ച് ഡോക്ടർമാരും കൊൽക്കത്തയിൽ നിന്ന് വന്ന ഡോ.അംശുമാൻ മിത്രയും ഡോ.നിഖിലയും ചേർന്ന് 4 മെഡിക്കൽ ക്യാമ്പുകൾ ചെങ്ങന്നൂർ മേഖലയിൽ മാത്രം നടത്തി. പ്രളയബാധിതരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അവർ പ്രത്യേകം തയ്യാറാക്കിയ പഠനറിപ്പോർട്ടും വിലപ്പെട്ടതാണ്. 30-ാം തീയതി രാവിലെ ചെങ്ങന്നൂർ പ്രസ്സ് ക്ലബിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിൽ റിപ്പോർട്ട് പുറത്തുവിട്ടു. ജനങ്ങൾക്ക് ശുദ്ധജലവും പ്രതിരോധ മരുന്നും എത്രയും വേഗം ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

30-ാംതീയതി മൂന്ന് മണിക്ക് പ്രളയബാധിതരെ സഹായിക്കാനായി നടന്ന ജീവൻ രക്ഷാ ദൗത്യത്തിലും തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സഹകരിച്ച വോളണ്ടിയർമാരും ബഹുജനപ്രവർത്തകരും പാർട്ടി പ്രവർത്തകരും ചേർന്ന് മുളക്കുഴ മാർത്തോമ പള്ളിയിലെ പാരീഷ് ഹാളിൽ സംഗമം സംഘടിപ്പിക്കുകയുണ്ടായി. അനുഭവങ്ങൾ പങ്കുവെയ്ക്കൽ സംഗമത്തിൽ നൂറിലേറേ പേർ പങ്കെടുത്തു. റവറന്റ് ഫാദർ അലക്‌സാണ്ടർ തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമത്തിൽ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി എം.ഷാജർഖാൻ സ്വാഗതം പറഞ്ഞു. ഡോ.അലക്‌സാണ്ടർ കോശി, ജനകീയ പ്രതിരോധ സമിതിയുടെ മുതിർന്ന നേതാക്കന്മാരായ ഡോ.വി വേണുഗോപാൽ, ആലാ വാസുദേവൻ പിള്ള, ജെയ്‌സൺ ജോസഫ്, അഡ്വ.മാത്യൂ വേളങ്ങാടൻ, അഡ്വ. ഒ ഹാരീസ്, ബി.ദീലിപൻ, ഷൈല കെ ജോൺ, പാർത്ഥസാരഥി വർമ്മ എന്നിവരും മെഡിക്കൽ സർവ്വീസ് സെന്റെറിന്റെ പ്രസിഡന്റ് ഡോ.ഹരിപ്രസാദ്, റ്റി.റ്റി.രാജൻ ചെങ്ങന്നൂർ, റ്റി.യോഹന്നാൻ, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ലോക്കൽ സെക്രട്ടറി റ്റി.കോശി, പ്രളയബാധിതരായ രതീഷ്, അജയ്, കെ.ബിമൽജി, റ്റി.കെ.ഗോപിനാഥൻ, വി.ഡി. സന്തോഷ്, കൗൺസിലർ കെ.ഷിബുരാജൻ, മഹേഷ് എന്നിവരും വാർധ മെഡിക്കൽ കോളേജിലെ ഡോ.അനന്തു, വഹാബ്, കോട്ടയം ബീലിവേഴ്‌സ് ഹോസ്പിറ്റലിലെ ഡോ. അഖിൽ എന്നിവരും സംസാരിച്ചു.

ജനങ്ങളുടെ ദുരിതം അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, സർക്കാർ അടിയന്തര ധനസഹായം ദുരിതബാധിതർക്ക് നൽകാൻ നടപടിയെടുക്കണമെന്ന് ഫാദർ അലക്‌സാണ്ടർ തോമസ് ആവശ്യപ്പെട്ടു. അതിനായി ദുരിതബാധിതർ ശബ്ദമുയർത്തണം- അദ്ദേഹം പറഞ്ഞു.
വറ്റിവരണ്ടുപോകാത്ത, മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത ഭാവപ്രകടനങ്ങളാണ് പ്രളയമേഖലകളിലെവിടെയും നമുക്ക് കാണാൻ കഴിയുന്നതെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് ജെയ്‌സൺ ജോസഫ് പറഞ്ഞു. ജാതിക്കും മതത്തിനും കക്ഷിരാഷ്ട്രീയത്തിനും അതീതമായി മനുഷ്യർ ഒറ്റക്കെട്ടായി പ്രവർത്തിച്ച ആ മഹത്തായ ദിനങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നേറാൻ സന്നദ്ധരായാൽ കൊടിയ ദുരിതങ്ങൾക്കറുതിവരുത്തുവാൻ നമുക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയദുരിതബാധിതരുടെ പ്രശ്‌നങ്ങൾ മുൻനിർത്തിക്കൊണ്ടുള്ള പ്രക്ഷോഭങ്ങൾക്ക് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി നേതൃത്വം നൽകണമെന്ന് അഡ്വ. മാത്യൂ വേളങ്ങാടൻ സമാപനപ്രസംഗത്തിൽ പറഞ്ഞു.

പാണ്ടനാട്, പരുമലക്കടവ്, മാവേലിക്കര മേഖലകളിൽ അതിവിപുലമായ പ്രവർത്തനങ്ങൾ നടന്നു.
പ്രളയദിനങ്ങളിൽ ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ അനേകം ചെറുപ്പക്കാരോടൊപ്പം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ സഖാക്കളും സാഹസികമായി പ്രവർത്തിക്കുകയുണ്ടായി. സഖാക്കൾ പ്രവീൺ, കൊച്ചുമോൻ, സത്യൻ, കെ.ബിമൽജി തുടങ്ങിയ നിരവധിപേർ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. നൂറുകണക്കിന് പേരെയാണ് അവർ രക്ഷപ്പെടുത്തിയത്. ചെന്നിത്തല, മാന്നാർ, കടപ്ര, നിരണം പഞ്ചായത്തുകളിലെ 25 ലേറേ ക്യാമ്പുകളിൽ സഖാക്കൾ നേരിട്ടുചെന്നാണ് സഹായങ്ങൾ നൽകിയത്. സഖാക്കൾ പാർത്ഥസാരഥി വർമ്മ, കെ.ബിമൽജി, വേണുഗോപാൽ വി., ഭുവനേശ്വരൻ, ജി.പ്രദീപ്, സുമിത് തുടങ്ങിയവർ ഇതിൽ പങ്കെടുത്തു. ഈ ക്യാമ്പുകളിൽ ഭക്ഷണപ്പൊതി, വസ്ത്രങ്ങൾ, മരുന്നുകൾ, പായകൾ, കുടിവെള്ളപായ്ക്കറ്റുകൾ തുടങ്ങിയവ ജനങ്ങൾക്ക് എത്തിച്ചുകൊടുത്തു. നിരന്തരം ക്യാമ്പുകളുമായി ബന്ധം സഖാക്കൾ പുലർത്തിയിരുന്നു. അവിടുത്തെ പ്രശ്‌നങ്ങൾ സമയോചിതം അധികാരികളെ അറിയിക്കുകയും ഇടപെടുകയും ചെയ്തു. മേൽപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം മെഡിക്കൽ സർവ്വീസ് സെന്ററിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയുണ്ടായി. വർധ മെഡിക്കൽ കോളേജിലെ ടീമിനൊപ്പം എസ്.മിനി, എം.കെ.ഷഹസാദ്, ആർ.അപർണ്ണ എന്നിവരും വോളണ്ടിയർമാരായി പ്രവർത്തിക്കുകയുണ്ടായി.
ദുരിതം ഏറ്റവും കുടൂതൽ അനുഭവിച്ച പാണ്ടനാട് മേഖലയിലെ 4000 ത്തോളം ആളുകൾ താമസിച്ച പ്രധാന ക്യാമ്പായ പരുമല ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്‌കൂളിൽ കർണ്ണാടകയിൽ നിന്ന് വന്ന സഖാക്കളുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തിയത്. ഈ പ്രവർത്തനങ്ങളിൽ ആർ.രാഹുൽ, ജയകൃഷ്ണൻ, കെ.കൂഞ്ഞുമോൻ, ജി.സതീശൻ, ശിവപ്രസാദ്, എസ്.ഡി.ശ്രീലാൽ, കെ.സജികുമാർ, ആർ.രാജേഷ്, എസ്.ബി.ആദർശ്, ഗോവിന്ദ് ശശി, ബി.എസ്.എമിൽ, കെ.പ്രവീൺ, നവീൻ കോശി എന്നിവർ പങ്കെടുത്തു. തുടർന്ന് 4 ദിവസങ്ങളിലായി 25-ഓളം വീടുകൾ വൃത്തിയാക്കി. ഈ മേഖലയിലെ വീടുകളെല്ലാം തകർന്ന നിലയിലാണ്.

കൂടാതെ അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകളുടെ വിതരണവും നടത്തി. ഒരു കോളനിയിലേയ്ക്കുള്ള 500 മീറ്റർ റോഡ് ക്ലീൻ ചെയ്തു. കടപ്ര പഞ്ചായത്തിലെ തേവേരി മേഖലയിൽ 10 വീടുകൾ ശൂചീകരിച്ചു. ഇതിൽ കോയ്ച്ചിറ കോളനിയും ഉൾപ്പെടും. ഈ പ്രവർത്തനങ്ങളിൽ സഖാക്കൾ കെ.കെ.ഓമനക്കുട്ടൻ, കെ.ബിമൽജി, വി.വേണുഗോപാൽ, പി.പി.പ്രശാന്ത്കുമാർ, രമേശ് റ്റി.പരശുറാം(കർണ്ണാടക), ശശികുമാർ, ആർ.പ്രവീൺ, പി.ആർ.സതീശൻ, ഷാനവാസ്, മഹേഷ്, ഫിലിപ്പ്, കെ.സത്യൻ, ഒ.കെ.പ്രകാശ്, കൊച്ചുമോൻ, എൻ.കെ.ചന്ദ്രബോസ്, ഒ.കെ.പ്രസാദ് എന്നിവർ പങ്കെടുത്തു.

കുട്ടനാട്ടിൽ വിപുലമായ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് നടന്നത്. പമ്പാ ഡാം തുറന്നുവിട്ടത് അറിഞ്ഞ സമയം മുതൽ രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പുകൾ സഖാക്കൾക്കും നാട്ടുകാർക്കും നമ്മുടെ പ്രവർത്തകർ നൽകി. വെള്ളം ഉയർന്നപ്പോൾ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായതിനാൽ വൈദ്യുതിബന്ധവും ഫോൺബന്ധവും തകരാറിലായി. ആദ്യമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനം നടന്നുവരുമ്പോഴാണ് കേരളത്തെ നടുക്കിയ മഹാപ്രളയമുണ്ടാകുന്നത്. പാർട്ടി സെന്ററിൽ തയ്യാറാക്കി വച്ചിരുന്ന ഭക്ഷ്യധാന്യങ്ങളുൾപ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികൾ ഒന്നാകെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ഒന്നര ലക്ഷത്തിലധികം ജനങ്ങൾ ഒന്നടങ്കം ജീവനുംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. അതിൽ രോഗികളും പ്രായമായവരും കുഞ്ഞുങ്ങളുമൊക്കെയുണ്ട്. കഴുത്തോളം വെള്ളത്തിൽ നീന്തിയാണ് പലരും എസി റോഡിൽ എത്തിയത്. നീന്തലറിയാത്തവർ പത്ത് മണിക്കൂറിലധികം ബോട്ടിനും വള്ളത്തിനുംവേണ്ടി കാത്തുനിന്നു.
കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ നമ്മുടെ സഖാക്കൾ അശ്രാന്തപരിശ്രമത്തിൽ ഏർപ്പെട്ടു. വെള്ളപ്പൊക്കം മുൻകൂട്ടിക്കണ്ട് സഖാക്കൾ ബിജു സേവ്യർ, കുഞ്ഞുമോൻ, ശശി എന്നവരുടെ നേതൃത്വത്തിൽ മെഗാഫോണിൽ അനൗൺസ്‌മെന്റ് നടത്തി ജനങ്ങൾക്ക് മുന്നറിയിപ്പുനൽകി. നൂറുകണക്കിന് ജനങ്ങളെ രാമങ്കരിയിലെയും മാമ്പുഴക്കരിയിലെയും രണ്ടുനില ഹാളിൽ എത്തിക്കുകയും അവിടെനിന്ന് ചങ്ങനാശ്ശേരിയിലും ആലപ്പുഴയിലും ബോട്ടിലും ടോറസ്സിലും എത്തിക്കാൻവേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു. വേഴപ്രയിലെ ഉൾപ്രദേശങ്ങളിൽനിന്നും നൂറുകണക്കിന് ജനങ്ങളെ ചെറിയ വള്ളത്തിൽ കയറ്റി രക്ഷപ്പെടുത്താൻ സഖാവ് കുഞ്ഞുമോന്റെ നേതൃത്വത്തിൽ ക്യാമ്പിലുണ്ടായിരുന്ന യുവാക്കൾ നടത്തിയ പരിശ്രമം എടുത്തു പറയണ്ടതാണ്. ഭക്ഷണവും ഉറക്കവുമില്ലാതെ നടത്തിയ പ്രവർത്തനങ്ങൾക്ക് ഒടുവിൽ ഇവരും ചങ്ങനാശ്ശേരിയിലെ ക്യാമ്പിൽ എത്തിച്ചേർന്നു.
ചങ്ങനാശ്ശേരിയിലെ സഖാക്കൾ കുട്ടനാടുനിന്ന് എത്തിയ ആയിരക്കണക്കിന് ആളുകളെ ഹൃദയപൂർവ്വം സ്വീകരിച്ച് വിവിധ ക്യാമ്പുകളിൽ എത്തിച്ചു. കുട്ടനാടിന്റെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാൻ മത്സ്യത്തൊഴിലാളികളുടെ വള്ളത്തിൽ പി.ആർ.സതീശൻ, പി.കെ.ശശി, ബിജു സേവ്യർ, സുബാഷ് തുടങ്ങിയ സഖാക്കൾ വഴികാട്ടിയായി പോയി. കാണാതായ നിരവധി പേരുടെ വിവരങ്ങൾ അധികാരികളെ അറിയിച്ച് അന്വേഷണം നടത്തുവാൻ ഊർജ്ജിതശ്രമം നടത്തി. പലക്യാമ്പുകളിലായി ഒറ്റപ്പെട്ട് പോയവരെ പരസ്പരം ബന്ധപ്പെടുത്തുവാനും കഴിഞ്ഞു. നന്ദനൻ വലിയപറമ്പ്, അനിൽ, മിനി, സജിമോൻ, തുടങ്ങിയവരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. ടി.ശശി, അനീഷ്, കെ.പി.മനോഹരൻ, വിനോദ്, രമണൻ, എൻ.കെ.ശശികുമാർ, കെ.പ്രതാപൻ എന്നിവരും വിവിധ ക്യാമ്പുകൾ സന്ദർശിച്ച് വേണ്ട സഹായങ്ങൾ എത്തിച്ചു.

ക്യാമ്പിൽ പോവാൻ കഴിയാതെ കുടുങ്ങിപ്പോയ എടത്വയിലുള്ള സഖാവ് ഷിൽജുവും ഭാര്യയും മൂന്ന് കുഞ്ഞുങ്ങളും രോഗിയായ അമ്മയും ഹെലികോപ്ടറിൽനിന്ന് താഴേക്കിട്ട ബിസ്‌കറ്റ് കഴിച്ച് അഞ്ചുദിവസം കഴിഞ്ഞുകൂടി. സഖാക്കളുടെ സാന്ത്വന വാക്കുകളും സഹായഹസ്തങ്ങളും കൊടിയ ദുരിതത്തിൽപ്പെട്ട ജനങ്ങൾക്ക് വലിയ ആശ്വാസമായി.
തുടർന്ന് നീരേറ്റുപുറം, രാമങ്കരി, മാമ്പുഴക്കരി, വേഴപ്ര, കാവാലം, വെളിയനാട്, ചമ്പക്കുളം, അമിച്ചകരി, വടക്കൻ വെളിയനാട്, കൈനടി, തുടങ്ങിയ നിരവധി പ്രദേശങ്ങളിൽ പാർട്ടി വോളന്റിയർമാരുടെ നേതൃത്വത്തിൽ നടന്ന വീട് വൃത്തിയാക്കൽ ജനങ്ങളെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ സഹായകമായി. നീരേറ്റുപുറം ടിഎംടി സ്‌കൂൾ വ്യത്തിയാക്കുവാൻ നടത്തിയ കഠിനയത്‌നം പ്രദേശവാസികളുടെയാകെ പ്രശംസ പിടിച്ചുപറ്റി. ഹെഡ്മാസ്റ്ററും അദ്ധ്യാപകരും അനദ്ധ്യാപകരുമെല്ലാം നമ്മോടൊപ്പം പ്രയത്‌നിച്ചു. നീരേറ്റുപുറത്ത് വോളന്റിയർമാർക്ക് ക്യാമ്പ് ചെയ്യാൻ സൗജന്യമായി ആഡിറ്റോറിയം ലഭിക്കുകയുണ്ടായി. ചമ്പക്കുളത്ത് മഡോണ ട്രസ്റ്റിന്റെ ഇരുനിലക്കെട്ടിടവും നമുക്ക് ക്യാമ്പ് ചെയ്യാൻ വിട്ടുതന്നു. ചമ്പക്കുളം ഗവ.ആശുപത്രിയിലും ശുചീകരണപ്രവർത്തനം നടത്തി. ബാബു, ഉഷ, തങ്കമ്മ തുടങ്ങിയർ സഹായങ്ങൾ നൽകി. ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി വോളന്റിയർമാരുടെ സഹായത്തോടെ ഇലക്ട്രിക് വയറിംഗ്, മോട്ടോർ റിപ്പയറിംഗ് എന്നിവയും ചെയ്തു. ജനങ്ങൾക്കിടയിൽ വ്യാപകമായ മതിപ്പുളവാക്കാൻ മറ്റുസംസ്ഥാനങ്ങളിൽനിന്നു വന്ന സഖാക്കളുൾപ്പെടെ നടത്തിയ നമ്മുടെ പ്രവർത്തനങ്ങൾക്കായി.

പത്തനംതിട്ട ജില്ല

പത്തനംതിട്ട ജില്ലയിലെ വിവിധ മേഖലകളിൽ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ക്യാമ്പുകളിൽ എത്തിച്ചേരാൻ കഴിയാതെ ഒറ്റപ്പെട്ടുപോയവർക്ക് ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ചു. ആറന്മുള, അയിരൂർ, പുല്ലാട്, തിരുവല്ല, മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. തിരുവല്ല താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പുകളും, മെഡിക്കൽ സംഘത്തിന്റെ ഭവനസന്ദർശനവും നടന്നു. വൈദ്യുതി തകരാർ സംഭവിച്ച വീടുകളിൽ ബ്രേക്ക്ത്രു സയൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പരിശോധന നടത്തി തകരാറുകൾ പരിഹരിച്ചു. ക്യാമ്പുകളിൽ നിന്നും തിരികെ വീട്ടിലെത്തിയവർക്ക് സർക്കാർ ധനസഹായം ലഭിക്കാതിരുന്നതിനെത്തുടർന്ന് ഉണ്ടായ ഭക്ഷണ, വസ്ത്ര ദൗർലഭ്യം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. സഖാക്കൾ എസ്.രാജീവൻ, എസ്.രാധാമണി, ബിനു ബേബി, ബിജിരാജ്, നിത്യമോൾ, രതീഷ് രാമകൃഷ്ണൻ, ജതിൻ രാജീവൻ, കെ.സന്തോഷ് തുടങ്ങിയവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഇടുക്കി ജില്ല

ഇടുക്കി ജില്ലയിലും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി ദുരിതബാധിതരോടൊപ്പം നിലകൊണ്ടു. ജില്ലയിൽ വ്യാപകമായി നൂറുകണക്കിന് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. താഴ്ന്ന പ്രദേശങ്ങളിലും പെരിയാർ തീരത്തും മൂന്നാറിലും വെള്ളപ്പൊക്കവും അതുമൂലമുള്ള നാശനഷ്ടങ്ങളും ഉണ്ടായി. ആദ്യ ദിവസങ്ങളിൽ പാർട്ടി പ്രവർത്തകർ തൊടുപുഴ താലൂക്കിൽ വിവിധ ക്യാമ്പുകൾ സന്ദർശിക്കുകയും സാദ്ധ്യമായ സന്നദ്ധ-സഹായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. തുടർന്ന് ഉരുൾപൊട്ടലും മണ്ണിടിച്ചിലുംമൂലം ഏറെ നാശനഷ്ടമുണ്ടായ ചെറുതോണി, കരിമ്പൻ, മുരിക്കാശ്ശേരി, ഇരട്ടയാർ, ഇടുക്കി, കഞ്ഞിക്കുഴി, കട്ടപ്പന, വണ്ണപ്പുറം, വെള്ളിയാമറ്റം തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിക്കുകയും വീടും കൃഷിയും കൃഷിസ്ഥലവും സർവ്വതും നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ജീവിതം തിരിച്ചുപിടിക്കുതിനുള്ള തുടർപ്രവർത്തനങ്ങളിൽ സഹകരിക്കുകയും ചെയ്തു. കോട്ടയം കേന്ദ്രീകരിച്ചുനടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സഖാക്കൾ പങ്കാളികളായി.

എറണാകുളം ജില്ല

പ്രളയദുരിതത്തിൽപ്പെട്ട് കെടുതിയിലായ ആലുവ, കാലടി, പറവൂർ തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് ജില്ലയിലെ പ്രവർത്തനങ്ങൾ നടന്നത്. കേരളത്തിന്റെ പ്രധാന വ്യാവസായിക-സാമ്പത്തികമേഖലയും വൻകിട ജനവാസപ്രദേശങ്ങളുമടങ്ങുന്ന പെരിയാർ നദിയുടെ 7 കിലോമീറ്റർ ചുറ്റളവിലെ പ്രദേശങ്ങളിൽ കൊടുംദുരിതങ്ങളും വൻനാശനഷ്ടവും വിതച്ചാണ് പ്രളയം കടന്നുപോയിരിക്കുന്നത്. താഴ്ന്നപ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കൃത്യമായ അറിയിപ്പുകളുടെ അഭാവത്തിൽ മുൻകൂട്ടി തയ്യാറെടുപ്പ് നടത്താൻ കഴിയാത്തതുമൂലം നദിയിൽ നിന്ന് താരതമ്യേന അകന്ന പ്രദേശങ്ങളിലെ ജനങ്ങൾക്കും അപ്രതീക്ഷിതമായ നാശനഷ്ടങ്ങൾ ഉണ്ടായി.

ആലുവ, കാലടി, അങ്കമാലി, മൂത്തകുന്നം മേഖലയിലെ മിക്കവാറും സഖാക്കളുടെയും അനുഭാവികളുടെയും വീടുകൾ ആഗസ്റ്റ് 15 ന് തന്നെ വെള്ളത്തിനടിയിലായി. എന്നിരുന്നാലും പ്രളയപ്രദേശങ്ങളിൽ സാഹചര്യാനുസരണം രക്ഷാപ്രവർത്തനങ്ങളിലും ദുരന്തനിവാരണപ്രവർത്തനങ്ങളിലും ഉയർന്ന കാര്യശേഷി പ്രദർശിപ്പിച്ചുകൊണ്ട് അവരും ഇടപെട്ടു. കളമശ്ശേരിക്ക് വടക്കോട്ടും ചാലക്കുടിക്ക് തെക്കോട്ടും ആഗസ്റ്റ് 20 വരെ പ്രളയജലം മൂലം പൂർണ്ണമായും ഒറ്റപ്പെട്ട നിരവധി തുരുത്തുകൾ സൃഷ്ടിക്കപ്പെട്ടു. നിരവധി പാലങ്ങളും വെള്ളത്തിനടിയിലായി. വൈദ്യുതി, വാർത്താവിനിമയ, റെയിൽ-റോഡ് ഗതാഗത സൗകര്യങ്ങളില്ലാതായതോടെ ഇത്തരം തുരുത്തുകളിലും വീടുകളുടെ മുകളിലും മറ്റും ഒറ്റപ്പെട്ട പതിനായിരക്കണക്കിന് ജനങ്ങൾ ഭക്ഷണവും കുടിവെള്ളവും മരുന്നും ലഭിക്കാതെ പ്രതിസന്ധിയിലായി. അഭൂതപൂർവ്വമായ ഉൾക്കരുത്തോടെ, പ്രതിസന്ധിവേളയിൽ ഉയർന്ന കരുത്തോടെ പ്രവർത്തിച്ച ആയിരക്കണക്കിന് മനുഷ്യസ്നേഹികൾ, വിശേഷിച്ച് ചെറുപ്പക്കാരും തീരദേശങ്ങളിൽനിന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികളും നമ്മുടെ സഖാക്കളും ജീവാപയത്തിന്റെ അളവ് കുറച്ചു. വൈകിയുണർന്ന് വൈകി പ്രവർത്തിച്ചുതുടങ്ങിയ സർക്കാർ സംവിധാനങ്ങൾ രംഗത്തെത്തുമ്പോഴേയ്ക്കും നിരവധിയായ ദുരിതാശ്വാസക്യാമ്പുകൾ നാടെമ്പാടും അഭയാർത്ഥികളാൽ നിറഞ്ഞിരുന്നു. ഭക്ഷണവും വസ്ത്രവും ആശ്വാസവുമായി നിരവധി സംഘടനകളും വ്യക്തികളും സങ്കുചിത കക്ഷിരാഷ്ട്രീയ-ജാതി-മത-പരിഗണനകളേതുമില്ലാതെ രംഗത്തെത്തിയതോടെ കേരളം എല്ലാ നന്മകളോടെയും പൂർണ്ണശോഭയോടെ തലയുയർത്തുന്നതാണ് പിന്നീട് കണ്ടത്.
നിരവധി മേഖലകളിൽനിന്ന് ഉയർന്ന സഹായാഭ്യർത്ഥനകളെ ജില്ലാ ഭരണകൂടത്തിനും രക്ഷാപ്രവർത്തനത്തിലേർപ്പെടുന്ന സൈനിക ഉദ്യോഗസ്ഥർക്കും മുന്നിലെത്തിച്ചും ഒറ്റപ്പെട്ട പ്രദേശങ്ങളിലെ സഖാക്കൾക്ക് പ്രവർത്തനത്തിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ആഗസ്റ്റ് 15 മുതൽ പാർട്ടി ജില്ലാകമ്മിറ്റിയും ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ട സബ്കമ്മിറ്റികളും കോ-ഓർഡിനേഷൻ കമ്മിറ്റിയും സജീവമായി നിലകൊണ്ടു.
ആഗസ്റ്റ് 20 ന് വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ദുരിതാശ്വാസക്യാമ്പുകളിൽ സഹായമെത്തിക്കാനും വീടുകളും പരിസരങ്ങളും ശുചീകരിക്കാനും മെഡിക്കൽ സഹായമെത്തിക്കാനും മെഡിക്കൽ സർവ്വീസ് സെന്റർ, തൃപ്പൂണിത്തുറ ചൈൽഡ്, റിഫൈനറി ഓഫീസേഴ്സിന്റെയും ജീവനക്കാരുടെയും സംഘടനകൾ, ബ്രേക്ത്രൂ സയൻസ് സൊസൈറ്റി, ജനകീയ പ്രതിരോധ സമിതി എന്നിവരുടെ സഹായത്തോടെയും സഹകരണത്തോടെയും നമുക്കായി.

ആലുവ മേഖലയിലെ പാനായിക്കുളം, വെസ്റ്റ് കൊടുങ്ങല്ലൂർ, വെളിയത്തുനാട്, കരുമാലൂർ പരുവക്കാട്, കീഴ്മാട്, നൊച്ചിമ, അങ്കമാലി മേഖലയിലെ പുളിയനം, പവിഴപ്പൊങ്ങ്, യൂദാപുരം, കാലടി മേഖലയിലെ കൊറ്റമം, പറവൂർ മേഖലയിലെ കരിംപാടം, മൂത്തകുന്നം കൊട്ടുവള്ളിക്കാട്, ചെറിയ പഴംപുള്ളിത്തുരുത്ത് എന്നീ പ്രദേശങ്ങളിൽ ആഗസ്റ്റ് 21 മുതൽ സെപ്തംബർ 3-ാം തീയതിവരെ നടത്തപ്പെട്ട ശുചീകരണപ്രവർത്തനത്തിലും മെഡിക്കൽ ക്യാമ്പുകളിലും ക്ലോറിനേഷൻ പ്രവർത്തനങ്ങളിലും മുഴുവൻ സഖാക്കളും അനുഭാവികളും സുഹൃത്തുകളും പങ്കുചേർന്നു. നമ്മുടെ പ്രവർത്തനങ്ങളിൽ മതിപ്പുതോന്നിയ പോലീസ് ഉദ്യോഗസ്ഥർപോലും തങ്ങളുടെ അവധിദിവസങ്ങളിൽ ക്ലീനിംഗ് പ്രവർത്തനങ്ങളിൽ പങ്കുചേരാനായെത്തിയത് തികച്ചും പുതിയ അനുഭവമായിരുന്നു. തിരുവോണദിവസം പാനായിക്കുളത്ത് ദുരിതബാധിതർക്കൊപ്പം ക്ലീനിംഗ് പ്രവർത്തനങ്ങളിലേർപ്പെട്ട സഖാക്കൾ അവർക്കൊപ്പം ഭക്ഷണം കഴിച്ച് ചെലവഴിച്ചതും ശ്രദ്ധേയമായി.

കർണ്ണാടക, തമിഴ്നാട്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവരും വോളന്റീയർമാരും സഖാക്കളും എറണാകുളം, മുളന്തുരുത്തി പാർട്ടി സെന്ററുകളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഭക്ഷണസാമഗ്രികളുടെ പാക്കറ്റുകളുടെ വിതരണം, നൂറിലേറെ വീടുകളുടെ ശുചീകരണം, നൂറുകണക്കിന് വീടുകളുടെ ക്ലോറിനേഷൻ, 4 മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യപ്രവർത്തകരുടെ വീടുസന്ദർശനവും പ്രതിരോധ മരുന്നുകളുടെ വിതരണവും എഐഡിഎസ്ഒയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണവിതരണം എന്നിവ ഈ മേഖലകളിൽ സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞു.
ജില്ലയുടെ വടക്കൻമേഖലയിലെ പാർട്ടി കമ്മിറ്റികൾ അവരവരുടെ പ്രദേശങ്ങളിൽ പ്രളയബാധിതർക്കായി ആരംഭിച്ച ദുരിതാശ്വാസക്യാമ്പുകളിലെത്തുകയും ആവശ്യമായ സാധനസാമഗ്രികളും ഭക്ഷണവും വെള്ളവുമെത്തിക്കാനുള്ള സംവിധാനമൊരുക്കുകയും ചെയ്ത് തങ്ങളാൽ കഴിയുന്നത്ര സജീവമായി പ്രവർത്തിച്ചു. മൂവാറ്റുപുഴയാർ കരകവിഞ്ഞതോടെ ആറിന്റെ തീരപ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട ജനങ്ങൾക്കും തങ്ങളാൽ കഴിയുന്ന സഹായം ഉറപ്പാക്കാൻ സഖാക്കൾ രാപകൽ യത്നിച്ചു.

സെപ്റ്റംബർ 1ന് ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി മേഖലയായ കീച്ചേരി പൊയ്യാറ്റിത്താഴത്തും മാമ്പുഴയിലും മെഡിക്കൽ ക്യാമ്പുനടത്തി. പൊയ്യാറ്റിത്താഴത്ത് ഉദ്ഘാടന സമ്മേളനം പഞ്ചായത്ത് വൈസ്പ്രസിഡന്റ് മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധ സമിതി മേഖലാ സെക്രട്ടറി കെ.ഒ.ഷാൻ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ ചിത്രാകുര്യാക്കോസും ഡോക്ടർ പി.പ്രബിതയും പ്രളയാനന്തര രോഗങ്ങളെ സംബന്ധിച്ച് മാമ്പുഴയിൽ ക്ലാസ്സു നടത്തി. ചടങ്ങിൽ ആശംസ നേർന്നുകൊണ്ട് പഞ്ചായത്തുമെമ്പർ ജിഷ, പൊതുപ്രവർത്തകൻ കെ.എസ്.ചന്ദ്രമോഹൻ ഫാർമസിസ്റ്റ് ശശികല എന്നിവർ സംസാരിച്ചു. കെ.ഒ.സുധീർ സ്വാഗതവും സി.കെ.രാജേന്ദ്രൻ നന്ദിയും പറഞ്ഞു. ക്യാമ്പിൽ പൊയ്യാറ്റിത്താഴത്തു 52 പേരും മാമ്പുഴയിൽ 66 പേരും പങ്കെടുത്തു. ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി പ്രവർത്തകരായ സജീവ് കുമാർ, തങ്കച്ചൻ, ലസിത എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. നമ്മുടെ ക്ഷണം സ്വീകരിച്ചു വിലാസിനി സിസ്റ്റർ, രാജൻ നായർ എന്നിവരും ക്യാമ്പിൽ സജീവമായിരുന്നു. സഖാക്കൾ എൻ.സി നാരായണൻ, രാജി, ഓമന, അശ്വതി, ശരത്, പുഷ്പ, കെ.സി.വിനോദ്, സി.ടി.സുരേന്ദ്രൻ യൂണിയൻ മെമ്പർ വേണു എന്നിവർ വോളന്റിയർമാരായി പങ്കെടുത്തു. എം.എസ്.മോഹൻ, ശശികല എന്നിവരും പങ്കെടുത്തു.
കേന്ദ്രമെഡിക്കൽ സർവ്വീസ് ടീമിന്റെ പ്രവർത്തനം ശ്ലാഘനീയമായിരുന്നു.

തൃശ്ശൂർ ജില്ല

വെള്ളം പൊങ്ങിയ 15ന് രാത്രി മുതൽ 18 വരെ ദിവസങ്ങളിലായി പാർട്ടി സഖാക്കൾ ചാലക്കുടി, കൊടുങ്ങല്ലൂർ, മൂത്തകുന്നം, ചാവക്കാട് പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ നേതൃത്വപരമായി പ്രവർത്തിച്ചു. ഒപ്പംതന്നെ 17-ാം തീയതി മുതൽ മെഡിക്കൽ സർവ്വീസ് സെന്ററിന്റെ ഒരു സംഘം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ക്യാമ്പുകൾ സന്ദർശിച്ചു സാഹചര്യങ്ങൾ മനസ്സിലാക്കി. ജില്ലയിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായ മേഖല എന്ന നിലയിൽ ചാലക്കുടി മേഖലയിൽ മേലൂർ പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ആഗസ്റ്റ് 21ന്, മേലൂർ കല്ലുകുത്തിയിൽ മെഡിക്കൽ സർവ്വീസ് സെന്ററിന്റെ ദുരിതാശ്വാസ ക്യാമ്പ് ഓഫീസ് പ്രവർത്തനമാരംഭിച്ചു. ലളിതമായ ഉദ്ഘാടന ചടങ്ങിൽ സഖാവ് ടി.കെ.സുധീർകുമാർ, ഡോ.പി.എസ്.ബാബു, ഗിരീശൻ മാസ്റ്റർ, ദാമോദരൻ നമ്പിടി, സഖാക്കൾ എം.പ്രദീപൻ, എ.എം.സുരേഷ്, പി.കെ.ധർമ്മജൻ, ധന്യ എന്നിവർ പങ്കെടുത്തു.
21 മുതൽ എല്ലാ ദിവസവും രോഗികളെ പരിശോധിച്ച് മരുന്ന് നൽകുന്ന മെഡിക്കൽ ക്യാമ്പ് വൈകുന്നേരങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഒപ്പംതന്നെ, വീടുകൾക്ക് അകത്തും പുറത്തുമായി മുട്ടോളം ഉയരത്തിൽ വരെ അടിഞ്ഞ ചെളി നീക്കംചെയ്ത് കഴുകി, ലിക്വിഡ് ബ്ലീച്ച് സ്േ്രപ ചെയ്ത് അണുവിമുക്തമാക്കുന്ന പ്രവൃത്തി, വോളണ്ടിയർ സംഘങ്ങൾ ഏറ്റെടുത്തു. പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട് സ്തംഭിച്ചുനിന്ന ജനങ്ങൾക്ക്, നമ്മുടെ വനിതകളുൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകർ നടത്തിയ പ്രവർത്തനം ആത്മവിശ്വാസം നൽകി.
29ന് 20 പേരടങ്ങുന്ന മെഡിക്കൽ സർവ്വീസ് സെന്ററിന്റെ മെഡിക്കൽ ടീം ഡോ.അനിത, ഡോ.സുപ്രഭ, ഡോ.ജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ മേലൂർ കലവറക്കടവ് കോളനി പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് നടത്തി. മേലൂരിൽ തുടർന്നുവരുന്ന മെഡിക്കൽ ക്യാമ്പിൽ ഡോ.ആനന്ദൻ, ഡോ.മുകുന്ദൻ, ഡോ.സൗമ്യ എന്നിവർ സേവനമനുഷ്ടിച്ചുവരുന്നു. ഡോ.ബാബു, ജി.നാരായണൻ, എം.പ്രദീപൻ, എ.എം.സുരേഷ്, പി.കെ.ധർമ്മജൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. കെടുങ്ങല്ലൂരിൽ സഖാക്കൾ എ.വി.ബെന്നി, സുജ ആന്റണി, സി.കെ.ശിവദാസൻ, കൃഷ്ണകുമാർ, നന്ദഗോപൻ എന്നിവരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ-ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ചാവക്കാട് ഡോ.എം.മുകുന്ദൻ പങ്കെടുത്ത മെഡിക്കൽ ക്യാമ്പ് ആഗസ്റ്റ് 28ന് നടന്നു.

പാലക്കാട് ജില്ല

പാലക്കാട് ജില്ലയിൽ പ്രളയബാധിത പ്രദേശമായ ശങ്കുവാരത്തോട് കോളനി നിവാസികളുടെ വീട് ശുദ്ധീകരിച്ചെടുക്കുവാനുള്ള ബ്ലീച്ചിങ് പൗഡർ വിതരണം നടത്തി, ഇത് ഉപയോഗിക്കുന്നതിനു വേണ്ടി കൈ ഉറകളും മാസ്‌കും നല്കിയതോടൊപ്പം ഉപയോഗിക്കേണ്ട ശാസ്ത്രീയമായ രീതി എല്ലാ കുടുംബാംഗങ്ങൾക്കും വിശദീകരിച്ചുകൊടുത്തു. ആഗസ്റ്റ് 20,21,22 തിയ്യതികളിൽ ഈ പ്രവർത്തനങ്ങൾക്ക് കെ.അബ്ദുൾ അസീസ്, കെ.പ്രദീപ്, കെ.പ്രസാദ്, ആർ.രാജേഷ്, എൻ.സുഗന്ധി, എ.സജീന, ആർ.ശ്രുതി എന്നിവർ നേതൃത്വം നൽകി.

വയനാട് ജില്ല

വയനാട് ജില്ലയിൽ അതിവൃഷ്ടി സൃഷ്ടിച്ച കെടുതി ഏറ്റവും കൂടുതൽ ഉണ്ടായത് വൈത്തിരി, മാനന്തവാടി താലൂക്കുകളിലാണ്. ഉരുൾപൊട്ടൽ മൂലമാണ് ജില്ലയിൽ കൂടുതൽ നാശങ്ങൾ ഉണ്ടായത്. 47 ഉരുൾ പൊട്ടലുകൾ നടക്കുകയും 331 ഏക്കർ സ്ഥലം പൂർണ്ണമായി നശിക്കുകയും ചെയ്തു. പൊഴുതന, കുറിച്യർമല, തിരുനല്ലി, തവിഞ്ഞാൽ, മക്കിമല, പാൽച്ചുരം തുടങ്ങിയിടത്തെല്ലാം ഭയാനകമായ ഉരുൾ പൊട്ടലാണ് ഉണ്ടായത്. ജില്ലയിൽനിന്നും പുറത്തേക്കുള്ള എല്ലാ ചുരങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായ കാരണം ജില്ല പൂർണ്ണമായും ഒറ്റപ്പെട്ടു. യാതൊരു മുന്നറിയിപ്പും കൂടാതെ ബാണാസുര അണക്കെട്ട് തുറന്നുവിട്ടതാണ് പടിഞ്ഞാറത്തറപോലുള്ള സ്ഥലങ്ങളിൽ പ്രളയക്കെടുതി രൂക്ഷമാക്കിയത്. ഇക്കാര്യത്തിലുള്ള വൈദ്യുതി മന്ത്രിയുടെ പ്രതികരണം വിടുവായത്തവും അഹന്തനിറഞ്ഞതുമാണ്. ജില്ലാ കലക്ടർക്കുപോലും ഡാം തുറക്കുന്നതിനെക്കുറിച്ച് അറിവില്ലായിരുന്നു. 10 മനുഷ്യജീവൻ ജില്ലയിൽ പൊലിഞ്ഞു. 1076 വീടുകൾ പൂർണ്ണമായും 4000 ത്തിലേറെ വീടുകൾ ഭാഗികമായും തകർന്നു. പ്രളയത്തിലും ഉരുൾപൊട്ടലിലും നശിച്ചുപോയ കൃഷിയുടെയും കന്നുകാലികളുടെയും കണക്കെടുപ്പ് ഇനിയും പൂർത്തിയായിട്ടില്ല. ഇതു കൂടാതെയാണ് ഇപ്പോഴും തുടരുന്ന ഭൂമി നിരങ്ങൽ പ്രതിഭാസം. 45 ഇടങ്ങളിൽ ഭൂമി നിരങ്ങി. 474 കുടുംബങ്ങളെ ഇതു കാര്യമായി ബാധിച്ചു.
പ്ലാസ്റ്റിക് ഷീറ്റുകൾക്കു കീഴെയും പൊട്ടിപ്പൊളിഞ്ഞ വീടുകളിലും കഴിഞ്ഞിരുന്ന ആദിവാസികളും ദരിദ്ര കർഷക-കർഷകതൊഴിലാളികളും പ്രളയക്കെടുതി കൊണ്ട് സർവ്വസ്വവും നഷ്ടപ്പെട്ടവരായി മാറി. ഈ ദയനീയ സ്ഥിതി മാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞ രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യസ്‌നേഹികൾ നാനാവിധ സഹായങ്ങളുമായി ഇപ്പോഴും ചുരം കയറിയെത്തുന്നു. സർക്കാറിന്റെ സങ്കുചിത കടുംപിടുത്ത നയങ്ങളെ മറികടന്നുകൊണ്ട് പലരും ദുരിതാശ്വാസ കേന്ദ്രങ്ങളിലും കോളനികളിലും ചെന്ന് സഹായസാമഗ്രികൾ വിതരണം ചെയ്യുകയുണ്ടായി.

ജില്ലയിലെ പ്രളയ ബാധിതരെ സഹായിക്കാൻ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ജില്ലാ സെക്രട്ടറി സഖാവ് വി.കെ.സദാനന്ദൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. റ്റി.ജെ.ഡിക്‌സൺ, പുഷ്പ അഗസ്റ്റിൻ, കെ.മധുസൂദനൻ എന്നിവരുടെ സംഘം വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയുണ്ടായി. ആഗസ്റ്റ് 18 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ദുരിതാശ്വാസത്തിനുള്ള ഭക്ഷ്യവസ്തുക്കൾ സംഭരിക്കുകയും അവ കിറ്റുകളാക്കുകയും ചെയ്തു. ആഗസ്റ്റ് 22 മുതൽ, ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് വന്നവർക്കും ക്യാമ്പുകളിൽ പോകാതെ വീട്ടിൽതന്നെ കഴിഞ്ഞ ദുരിതബാധിതർക്കും കിറ്റുകൾ പ്രളയബാധിതമേഖലകളിൽ വിതരണം ചെയ്യുകയുണ്ടായി. പടിഞ്ഞാറത്തറ, പനമരം, പൊഴുതന എന്നിവിടങ്ങളിലെ വിവിധ കോളനികളിലും വീടുകളിലും എസ്‌യുസിഐ പ്രവർത്തകർ കിറ്റുവിതരണം നടത്തുകയും ജനങ്ങളുടെ കഷ്ട-നഷ്ടങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.

ആഗസ്റ്റ് 24,25 തിയ്യതികളിൽ മെഡിക്കൽ സർവ്വീസ് സെന്ററിന്റെയും എസ്‌യുസിഐയുടെയും ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയുണ്ടായി. കർണ്ണാടകയിൽനിന്നുംവന്ന ശിശുരോഗ വിദഗ്ദ്ധൻ ഡോ.ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തിൽ ഡോ.അതുൽ, ഡോ.സാഗർ, ഡോ.റിഷിൻ എന്നിവരുമുണ്ടായിരുന്നു. വലിയൊരു മരുന്നു ശേഖരവുമായാണ് അവർ സുൽത്താൻ ബത്തേരിയിൽ എത്തിച്ചേർന്നത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതാവ് ജാസ്മിൻ ഷായുടെ നിർദ്ദേശാനുസരണം ലെവിസ്, അഞ്ജു, വിജു, മഞ്ജു എന്നീ നഴ്‌സുമാരും ഈ മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്നു. യുഎൻഎ സംഭരിച്ച മരുന്നുകളിൽ ഒരു ഭാഗം ഈ വൈദ്യസഹായ സംഘത്തിന് അവർ നൽകിയിരുന്നു. സ്വയം സന്നദ്ധയായി വന്ന ഫാർമസിസ്റ്റ് അനിതയും ഈ ടീമിനൊപ്പമുണ്ടായിരുന്നു. പനമരത്തെ കീഞ്ഞ്കടവ്, പുത്തൂർകുന്ന് കോളനി, പിണങ്ങോട്, തേവണ എന്നിവിടങ്ങളിൽ നടന്ന മെഡിക്കൽ ക്യാമ്പുകളിൽ നൂറുക്കണക്കിന് പേർ ചികിത്സ തേടി. തേവണയിൽ നടന്ന മെഡിക്കൽ ക്യാമ്പ് ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. കെ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.

സേവന സന്നദ്ധരായ ധാരാളം വിദ്യാർത്ഥികളും യുവാക്കളും ഈ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കു ചേരുകയുണ്ടായി. മരുന്നുശേഖരത്തിൽ വന്ന കുറവു നികത്താൻ മലപ്പുറത്തെ പാണ്ടിക്കാട്ടുനിന്നും വലിയ മരുന്നു പെട്ടികളുമായി ഇരുചക്രവാഹനത്തിൽ രാത്രിയിൽ സാഹസികമായി യാത്ര ചെയ്ത് സുൽത്താൻ ബത്തേരി ക്യാമ്പിൽ എത്തിച്ചുതന്ന റിൻഷാദ്, അൻഷാദ് എന്ന യുവാക്കളെ ഓർക്കാതിരിക്കാൻ കഴിയില്ല. ഈ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളായ വടക്കനാട് നിന്ന് വന്ന യുവാക്കളുടെ കാര്യവും എടുത്തു പറയേണ്ടതാണ്.

കർണ്ണാടകയിൽനിന്നും വന്ന എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പ്രവർത്തകരായ സഖാക്കൾ ഹരിഷ്, പുട്ടരാജു, ആകാശ്, ഒബണ്ണ, നന്ദൻ, ഷീല, സ്വറ്റ്‌ലാന എന്നിവർ വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കുകൊണ്ടു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കണ്ണൂർ ജില്ലാ സെക്രട്ടറി സഖാവ് കെ.കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ കണ്ണൂരിൽനിന്നും സഖാക്കൾ ഭദ്രൻ, അപർണ, അകിൽ മുരളി, മേധ സുരേന്ദ്രനാഥ് എന്നിവരും ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവ പങ്കാളിത്തം വഹിച്ചു. വയനാട് ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ.ഭഗത്. ബി.ഇമാമുദ്ദീൻ എന്നിവരും സഖാക്കൾ ദേവസ്യ പുറ്റനാൽ, രമേഷ് മൂലങ്കാവ്, വർഗ്ഗീസ് കൃഷ്ണഗിരി, ജഗന്നാഥൻ തുടങ്ങിയരും ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായി പങ്കുകൊണ്ടു.
എഐഡിഎസ്ഒ യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക്, പേന, പെൻസിൽ എന്നിവയുടെ വിതരണം നടന്നു. എഐഡിഎസ്ഒ സംസ്ഥാന ജോ.സെക്രട്ടറി ആർ.അപർണ നേതൃത്വം നൽകി.

കണ്ണൂർ ജില്ല

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മലയോര മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. ഉരുൾപൊട്ടലും പ്രളയവുംമൂലം ദുരിതമനുഭവിക്കുന്നവർക്കായി കരിക്കോട്ടക്കരി, വാണിയംപാറ, അമ്പായത്തോട് തുടങ്ങിയ മേഖലകളിൽ സ്ഥാപിക്കപ്പെട്ട ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും മഴക്കെടുതിമൂലം ദുരിതമനുഭവിച്ച ആദിവാസി പട്ടികജാതി കോളനികളിൽ ദുരിതാശ്വാസ കിറ്റുകൾ വിതരണം നടത്തുകയും ചെയ്തു. പാർട്ടി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കണ്ണൂർ ജില്ലയുടെ വിവിധ മേഖലകളിൽനിന്ന് വിഭവ സമാഹരണം നടത്തുകയും വയനാട് ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കണ്ണൂർ ജില്ലയിലെ സഖാക്കൾ പങ്കെടുക്കകയും ചെയ്തു. കൂടാതെ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ ഭക്ഷ്യവസ്തുക്കളുടെ വിതരണം, മെഡിക്കൽ ക്യാമ്പുകൾ, വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പൊതുസ്ഥാനങ്ങളുടെയും ക്ലീനിംഗ്, വയറിംഗ്, പ്ലംബിംഗ് തുടങ്ങിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജില്ലയിൽനിന്നുള്ള നിരവധി സഖാക്കൾ പങ്കെടുത്തു.

Share this