കൊച്ചി, 2015 ജൂണ്‍ 15,
കൊച്ചി രാജ്യത്തെ എംഎല്‍സിയും കേരളനവോത്ഥാനപ്രസ്ഥാനത്തിലെ പ്രമുഖനുമായിരുന്ന കെ.പി.വള്ളോന്റെ ജന്മനാടായ മുളവുകാട് ഗ്രാമത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ടുള്ള സെമിനാര്‍ സംഘടിപ്പിച്ചു. നവോത്ഥാനശക്തി മുളവുകാട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ പ്രൊഫ.കെ.അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു. കൊച്ചിയുടെയും കേരളത്തിന്റെ തന്നെയും ക്രാന്തദര്‍ശിയായ നവോത്ഥാന നായകനായിരുന്നു കെ.പി.വള്ളോനെന്ന് അദ്ദേഹം അനുസ്മരിച്ചു. മൂലധനത്തിന്റെ വാഴ്ച നിലനില്ക്കുമ്പോള് വ്യക്തിയായാലും കൂട്ടമായാലും ഭരിക്കുന്നത് അതിന്റെ താല്പ്പര്യത്തിനനുസരിച്ചായിരിക്കുമെന്നും സാമൂഹ്യനീതി അതുകൊണ്ടുതന്നെ ബഹുഭൂരിപക്ഷത്തിനും നിഷേധിക്കപ്പെടുമെന്നും മൂലധനവാഴ്ച അവസാനിപ്പിക്കുകയെന്നതാണ് സാമൂഹ്യനീതിക്ക് ആവശ്യമെന്നും കെ.പി.വള്ളോന്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. ഇത് ആ കാലഘട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതുതന്നെ ആ ക്രാന്തദര്‍ശിയുടെ പ്രതിഭാവിലാസം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
മദ്യവിരുദ്ധ ജനകീയ സമരസമിതി ജില്ലാപ്രസിഡന്റ് കെ.കെ.ഗോപിനായര് വിഷയാവതരണം നടത്തി. നവോത്ഥാനശക്തി ജില്ലാ വൈസ്പ്രസിഡന്റ് പി.എം.ദിനേശന് അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ അനുസ്മരണപ്രഭാഷണം നടത്തിയ മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.അന്‍സാര്‍, ഈ മഹാനുഭവന്റെ ഓര്‍മ്മയ്ക്കുവേണ്ടി ജന്മനാടിന്റെ ഉപഹാരമെന്ന നിലയില്‍ പണിപൂര്ത്തീകരിക്കപ്പെടുന്ന റോഡിന് കെ.പി.വള്ളോന്റെ പേര് നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. കെ.പി.ശിവദാസ്, പി.എസ്.ഷമി, ഫ്രാന്‍സിസ് കളത്തുങ്കല്‍, കെ.ഒ.സുധീര്‍, പി.വി.സുനില്‍, സൈന ഓജി, കെ.ടി.മാധവന്, മുളവുകാട് തങ്കപ്പന്, അഡ്വ. പഞ്ഞിമല ബാലകൃഷ്ണന്, രവീന്ദ്രന് മരട്, സി.ബി.അശോകന്, ലോഹിതാക്ഷന്, സി.കെ.ബാബു, ജോണി ജോസഫ്, കെ.ഒ.ഷാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രവി ആലുങ്കത്തറ സ്വാഗതവും സി.കെ.ബാബു നന്ദിയും പറഞ്ഞു.