കുട്ടനാടിനുവേണ്ടത് പ്രളയത്തെ പ്രതിരോധിക്കാനുള്ള ശാശ്വത നടപടികൾ

Spread our news by sharing in social media

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കവും കെടുതികളുമാണ് മഴക്കാലം കേരളത്തിന് സമ്മാനിച്ചത്. കാലവർഷം ഒന്നാംഘട്ടം വടക്കൻ കേരളത്തെ പിടിച്ചുലച്ചുവെങ്കിൽ രണ്ടാം ഘട്ടം ആലപ്പുഴ, കോട്ടയം ജില്ലകളെ വലച്ചുകളഞ്ഞു. ലക്ഷക്കണക്കിന് ആളുകൾ ഒരുമാസമായി ദുരിതത്തിലാണ്. ഇടവേളയ്ക്കുശേഷം പെയ്തുതുടങ്ങിയ മഴ ജനങ്ങളിൽ വീണ്ടും ഭീതി നിറച്ചിരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ ജനങ്ങൾ നിലയില്ലാക്കയത്തിലേയ്ക്ക് തള്ളിയിടപ്പെട്ടിരിക്കുന്നു.

കുട്ടനാട,് അപ്പർ കുട്ടനാട് മേഖലകളെയാണ് മഴക്കെടുതി ഏറെയും തകർത്തുകളഞ്ഞത്. വീടുകൾ പലതും ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. ആയിരക്കണക്കിന് വീടുകൾ ഭാഗികമായി തകർന്നിരിക്കുന്നു. 200 ഓളം വീടുകൾ പൂർണ്ണമായും തകർന്നു. വെള്ളമിറങ്ങിക്കഴിഞ്ഞാൽ വീടുകൾ പലതും നിലംപൊത്തിയേക്കാമെന്ന ഭീതിയിലാണ് ജനങ്ങൾ. കെടുതിയിൽപെട്ട വീടുകളിലെ വീട്ടുപകരണങ്ങളും കുട്ടികളുടെ പാഠപുസ്തകങ്ങളും വസ്ത്രങ്ങളും പലരുടെയും തിരിച്ചറിയൽ രേഖകളും റേഷൻ കാർഡുകളും നഷ്ടമായിരിക്കുകയാണ്. ജീവിതം ആദ്യം മുതൽ തുടങ്ങേണ്ട അവസ്ഥയിലാണ് എല്ലാവരും.
പ്രളയജലം കയറിയ പ്രദേശങ്ങളിൽ കുടിവെള്ളസ്രോതസ്സുകളും മലിനപ്പെട്ടിരിക്കുന്നതിനാൽ കുടിവെള്ളമില്ല. പ്രാഥമിക ആവശ്യങ്ങൾപോലും നിർവ്വഹിക്കാനാകാതെ ജനങ്ങൾ വലയുകയാണ്. അവരിൽ സ്ത്രീകളും കുട്ടികളും കൈക്കുഞ്ഞുങ്ങളും ഗർഭിണികളും രോഗികളും വൃദ്ധരുമെല്ലാമുണ്ട്. മാറ്റിയുടുക്കാൻ വസ്ത്രങ്ങളില്ല. ജീവിതത്തിലേയ്ക്ക് എന്ന് എങ്ങനെ തിരികെ വരും എന്ന് അറിയില്ല. കൃഷി താറുമാറായി. 100 കോടിയുടെ നഷ്ടമാണ് കാർഷികരംഗത്തുണ്ടായിരിക്കുന്നതായി കണക്കുകൂട്ടുന്നത്. തകർന്ന റോഡുകളിൽ ഗതാഗതം പൂർണ്ണമായും നിലച്ചു. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ മൂന്നാഴ്ചയിലേറെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയില്ല. വെള്ളമിറങ്ങിയ വീടുകളിലും വഴികളിലും മുട്ടൊപ്പം ചെളി അടിഞ്ഞിരിക്കുന്നു. വെള്ളമിറങ്ങിയ വീടുകൾ പാമ്പ്, പഴുതാര, അട്ട തുടങ്ങി വിരകൾവരെ താവളമാക്കിയിരിക്കുന്നു. വളംകടി മൂലം കാല് തറയിൽ കുത്താനാകാതെ ജനങ്ങൾ. പകർച്ചവ്യാധി ഭീഷണിയും ഉയർന്നു കഴിഞ്ഞു. സന്നദ്ധ സംഘടനകളും പിൻവാങ്ങി. ഇനിയെന്ത് എന്ന ചോദ്യം മാത്രം ബാക്കി. പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതി ഏതാണ്ട് ഇതാണ്.

കുട്ടനാടിന്റെ വെല്ലുവിളികൾ

കർഷകന്റെ ജീവിതം എവിടെയും എന്നും വെല്ലുവിളികൾ നിറഞ്ഞതാണ്. സമുദ്രനിരപ്പിനും 9 അടി താഴെ വെള്ളം വറ്റിച്ച് ബണ്ടുകെട്ടി വീടുവെച്ച്, കൃഷിചെയ്ത് ജീവിക്കുന്ന കുട്ടനാടൻ ജനതയുടെ ജീവിതം അതിസാഹസികവും ഏറെ വെല്ലുവിളികൾ നിറഞ്ഞതുമാണ്. കാലർഷവും ഇടവപ്പാതിയും കുട്ടനാടൻ ജനതയെ ആശങ്കപ്പെടുത്തുമെങ്കിലും വെള്ളപ്പൊക്കത്തെ നേരിടാൻ മനസ്സുകൊണ്ട് തയ്യാറെടുത്ത ജനത തന്നെയാണ് കുട്ടനാട്ടിലുള്ളത്. എന്നാൽ ഒരു മുൻകരുതലിനുമിടനൽകാതെ ഒറ്റദിവസംകൊണ്ട് റോഡുകളും വയലുകളും വീടുകളും വെള്ളത്തിലാകുന്നതാണ് ഇക്കുറി കണ്ടത്.

വെള്ളപ്പൊക്കം  മനുഷ്യനിർമ്മിതമോ?

കുട്ടനാട് പ്രളയത്തിൽ മുങ്ങുന്നത് ഇത് ആദ്യമല്ലെങ്കിലും ഇക്കുറിയുണ്ടായ വെള്ളപ്പൊക്കത്തിൽ അസ്വാഭാവികതയുണ്ട്. ഒഴുകിയെത്തിയ വെള്ളം ഒഴുക്കുനിലച്ച് കെട്ടിക്കിടന്നു. അഥവാ സ്വാഭാവിക ജലനിർഗമന മാർഗ്ഗങ്ങൾ ഫലപ്രദമായി പ്രവർത്തിച്ചില്ല. പ്രളയജലം കടൽ ഏറ്റുവാങ്ങിയില്ല. ഒരുകാലത്ത് കുട്ടനാട്ടിലെ പാടശേഖരങ്ങൾ ജലസംഭരണികളായിരുന്നു. എന്നാൽ കുട്ടനാട്ടിലും ഇടനാട്ടിലും പാടശേഖരങ്ങളുടെ അളവ് ഗണ്യമായി കുറഞ്ഞു എന്നത് ദുരിതത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. കുട്ടനാട്ടിലെ ഹെക്ടർ കണക്കിന് പാടങ്ങൾ മണ്ണിട്ടുനികത്തിയ അനധികൃത നിർമ്മാണങ്ങൾ, എസി കനാലിലും കുട്ടനാട്ടിലെ ചെറുതോടുകളിലുമുള്ള അശാസ്ത്രീയമായ പാലങ്ങൾ, ‘വികസന’ത്തിനൊപ്പം അടഞ്ഞുപോകുന്ന തൂമ്പുകളും വീതികുറഞ്ഞുകുറഞ്ഞ് ഇല്ലാതെയായിക്കൊണ്ടിരിക്കുന്ന തോടുകളും ഇങ്ങനെ വെള്ളപ്പൊക്കത്തിന് കാരണങ്ങൾ പലതാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
കുട്ടനാട്ടിലെ കെടുതിക്ക് കാരണമായി വനംനശീകരണം ഉൾപ്പെടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇടനാട്ടിൽനിന്നും വെള്ളം പടിഞ്ഞാറോട്ടിറങ്ങിയാൽ മാത്രമേ കുട്ടനാട്ടിൽ വെള്ളപ്പൊക്കമുണ്ടാകൂ എന്ന സാഹചര്യമല്ല ഇന്നുള്ളത്. സഹ്യപർവ്വതത്തിൽ പെയ്യുന്ന മഴ എവിടെയും തങ്ങാതെ നേരെ ഒഴുകി കുട്ടനാട്ടിൽ എത്തുകയാണ്. വൻതോതിലുള്ള വനനശീകരണം മൂലം മണ്ണിന് ജലത്തെ സംഭരിച്ചുനിർത്താനുള്ള സ്വാഭാവികശേഷി നഷ്ടപ്പെട്ടിരിക്കുന്നു. സഹ്യപർവ്വതമടക്കം ചെറുതും വലുതുമായ കുന്നുകളും മലകളും ഇടിച്ചു നിരത്തുന്നതും വെള്ളത്തിന്റെ സ്വാഭാവിക സംഭരണശേഷിയെ ബാധിച്ചിരിക്കുന്നു. ആയിരക്കണക്കിന് അനധികൃത ക്വാറികൾ സർക്കാരിന്റെ മൗനാനുവാദത്തോടെ കേരളത്തിലെ കുന്നുകളും മലനിരകളും ഇടിച്ചു നിരത്തുകയാണ്. കോഴിക്കോട് ഉണ്ടായ രണ്ടു ഉരുൾപൊട്ടലുകളുടെയും കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് പ്രകൃതിയുടെമേലുള്ള അനധികൃതമായ ഇടപെടലുകളാണ്. എംഎൽഎ അടക്കം നേതൃത്വം നൽകുന്ന അനധികൃത നിർമ്മാണങ്ങളും സർക്കാരിന്റെയും ഭരണകൂടത്തിന്റെയും ഒത്താശയോടെ മുന്നോട്ടുതന്നെയാണ്.

ചൂണ്ടിക്കാണിക്കപ്പെടുന്ന ഗുരുതരമായ മററൊരു പ്രശ്‌നം വിസ്തൃതിയും ആഴവും കുറഞ്ഞ് ചെറുതാകുന്ന വേമ്പനാട്ടുകായലിന് വെള്ളം ഉൾക്കൊള്ളാനുള്ളശേഷി കുറയുന്നു എന്നതാണ്. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കണക്കനുസരിച്ച് വേമ്പനാട്ടുകായലിന്റെ വിസ്തൃതി മൂന്നിലൊന്നായി ചുരുങ്ങി. നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓഷ്യോനോഗ്രാഫിയുടെ കണക്കനുസരിച്ച് കായലിന്റെ ആഴം 9 മീറ്ററിൽനിന്ന് 2.5 മീറ്ററായി ചുരുങ്ങിയിരിക്കുന്നു. കൈയേറ്റവും മണൽവാരലും നദികളെയും ശോഷിപ്പിച്ചിരിക്കുന്നു.
കുട്ടനാട്ടിലെ പാടശേഖരങ്ങൾ മാത്രമല്ല, ഇടനാട്ടിലെ പാടശേഖരങ്ങളും ജലസംഭരണികളായിരുന്നു. പാടശേഖരങ്ങൾ മാത്രമല്ല, പാടശേഖരങ്ങൾക്കിടയിൽ വളഞ്ഞും പുളഞ്ഞും ഒഴുകിയിരുന്ന തോടുകളും യഥേഷ്ടം ഉണ്ടായിരുന്നു. എന്നാൽ പ്രകൃതിദത്തമായ ഈ ജലസംഭരണികളും നീർത്തടങ്ങളും ഇന്ന് ഏതാണ്ട് നിർമ്മാർജ്ജനം ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഭൂമിക്കടിയിലേയ്ക്ക് ജലം കിനിഞ്ഞിറങ്ങാനുള്ള എല്ലാ അവസരങ്ങളും നിഷേധിച്ചുകൊണ്ട് വമ്പൻ ഷോപ്പിംഗ് മാളുകൾ, ആശുപത്രികൾ, കെട്ടിട സമുച്ചയങ്ങൾ, എന്തിന് വീട്ടുമുറ്റംവരെയും ടൈൽസ് പാകിയിരിക്കുകയാണ്. ഇടറോഡുകളുടെയും ചെറുറോഡുകളുടെയും വശങ്ങൾപോലും ടൈൽസ് പാകിയോ കോൺക്രീറ്റ് ഇട്ടോ മിനുസപ്പെടുത്തിയിരിക്കുകയാണ്.
ഗൗരവമുള്ള മറ്റൊരു ആരോപണം ഉയർന്നിരിക്കുന്നത് തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നതാണ്. തോട്ടപ്പള്ളി സ്പിൽവേയിലൂടെ ദിനേന 20000 ഘനഅടി വെള്ളം സുമദ്രത്തിലേയ്ക്ക് ഒഴുക്കിവിടാനായിരുന്നത്രേ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 500 അടിപോലും വെള്ളം തള്ളാൻ പറ്റാത്തത്ര അശാസ്ത്രീയമായിട്ടാണ് അതിന്റെ നിർമ്മാണം എന്നൊരു ആരോപണം നിലനിൽക്കുന്നുണ്ട്.
തണ്ണീർമുക്കം ബണ്ടാകട്ടെ മൂന്നാംഘട്ടമായി നിർമ്മിച്ചിട്ടുള്ള 28 ഷട്ടറുകൾ ഈ അത്യാപത്തിനിടയിലും തുറക്കാനോ വെള്ളം ഒഴുക്കിക്കളയാനോ സാധിച്ചിരുന്നില്ല. സമുദ്രജലനിരപ്പ് ഉയർന്നിരിക്കുന്നതിനാൽ കായലിൽനിന്നും വെള്ളം കടലിലേയ്ക്ക് തള്ളുന്നില്ല എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

മറ്റൊന്നുകൂടി കേൾക്കുന്നത് പുതുക്കിപണിത തിരുവല്ല അമ്പലപ്പുഴ റോഡാണ്. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ വികസനത്തിന്റെ ഭാഗമായി പണിത എല്ലാ റോഡുകളിലുമെന്നതുപോലെ, തിരുവല്ല അമ്പലപ്പുഴ റോഡും പുതുക്കി പണിതപ്പോൾ വെള്ളത്തിന്റെ സ്വാഭാവിക ബഹിർഗമന മാർഗ്ഗങ്ങൾ അടയുകയോ ഒഴുക്കുവെള്ളത്തിന്റെ അളവ് കുറയുകയോ ചെയ്തിരിക്കുന്നു എന്ന ആക്ഷേപം ഇതിനകം ഉയർന്നു കഴിഞ്ഞു. ഇതെല്ലാം പരിശോധിക്കപ്പെടേണ്ടതാണ്.

സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ

വിദഗ്ദ്ധർക്കോ സാങ്കേതിക വിദ്യയ്‌ക്കോ കുറവില്ല നമ്മുടെ നാട്ടിൽ. ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന്റെ കുറവാണ് നാട് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. കുട്ടനാടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെള്ളപ്പൊക്ക കെടുതികളിലൂടെ ജനം കടന്നുപോകുമ്പോഴും അങ്ങേയറ്റം ഉദാസീനമായ സമീപനമാണ് സർക്കാരിന്റേത്. പ്രദേശം സന്ദർശിക്കാൻപോലും മന്ത്രിമാരോ ഉത്തരവാദിത്തപ്പെട്ടവരോ മുന്നോട്ടുവന്നതുതന്നെ ജനങ്ങളുടെ പ്രതിഷേധം ഉയർന്നുകഴഞ്ഞപ്പോൾ മാത്രമാണ്. മുഖ്യമന്ത്രി സ്ഥലത്തില്ലായിരുന്നു എന്ന് പരിഹാസരൂപേണ പരാമർശിച്ച് പ്രധാനമന്ത്രിയും രാഷ്ട്രീയം കളിച്ചു. എന്നിരിക്കിലും അതിന് ശേഷമാണ് മന്ത്രിസഭയും സർക്കാരും അനങ്ങിത്തുടങ്ങിയത്. കേന്ദ്രമന്ത്രിക്കൊപ്പമാണ് ജി.സുധാകരനടക്കമുള്ള മന്ത്രിമാർ കുട്ടനാട്ടിൽ എത്തിയത്. കുട്ടനാട് എംഎൽഎയും സ്ഥലത്തെത്താൻ വൈകി. കുട്ടനാടിന്റെ എംപിയും സ്ഥലത്തെത്തിയില്ല, എത്തിയപ്പോഴാകട്ടെ ഓരത്തുള്ള ഏതാനും ക്യാമ്പുകൾ സന്ദർശിച്ച് ഉത്തരവാദിത്തം പൂർത്തിയാക്കി.
തലയോലപ്പറമ്പിനടുത്ത് മുണ്ടാർ പാലത്തിനായുള്ള നാട്ടുകാരുടെ മുറവിളിക്ക് ഏതാണ്ട് അരനൂറ്റാണ്ടിന്റെ പ്രായമുണ്ട്. മാതൃഭൂമി ചാനൽ ടീമടക്കം നിരവധിയാളുകൾ ജീവൻനൽകിയിട്ടും പാലം നിർമ്മാണത്തെക്കുറിച്ച് സർക്കാർ ഇനിയും അഭിപ്രായം പറയാൻ തയ്യാറായിട്ടില്ല. പ്രളയബാധിത പ്രദേശങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളി കുടിവെള്ളമാണ്. ടാങ്കറുകളിൽ വെള്ളമടിച്ച് കുട്ടനാടിന്റെ മുക്കിലും മൂലയിലും വെള്ളമെത്തിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. എന്നാൽ ജല അതോറിറ്റിയോ ബന്ധപ്പെട്ട മന്ത്രിയോ അങ്ങനെ ചിന്തിച്ചു തുടങ്ങിയിട്ടില്ല. ആരോഗ്യവകുപ്പും പതിവ് മട്ട് വിട്ട് ഉണർന്നു പ്രവർത്തിക്കണം. കുട്ടനാടിനെ ഇനി കാത്തുനിൽക്കുന്നത് പകർച്ചവ്യാധികളാണ്.

കുട്ടനാടിനുവേണ്ടത്  ശാശ്വത പരിഹാരം

ഇനിയുമൊരു ദുരന്തത്തിന് കാത്തുനിൽക്കാതെ, പ്രളയക്കെടുതിയിൽനിന്നും കുട്ടനാടിനെ രക്ഷിക്കാനുള്ള ശാശ്വതമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണം. ഇത്തരമൊരു ദുരിതത്തിന് കുട്ടനാടൻ ജനതയെ എറിഞ്ഞുകൊടുത്തത് മാറിമാറിവന്ന സർക്കാരുകളുടെ കുറ്റകരമായ അനാസ്ഥയും അലംഭാവവുമാണ്. കടൽനിരപ്പിന് താഴെയുള്ള പ്രദേശമാണ് എന്നതിനാൽ പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രത്യേകതകൾ കണക്കിലെടുത്ത് ശാശ്വതമായ നടപടികൾ സ്വീകരിക്കണം. ആർ ബ്ലോക് കായൽ ഇക്കുറിയും വെള്ളപ്പൊക്കത്തെ പ്രതിരോധിച്ചു എന്നതും ശ്രദ്ധേയമാണ്. ഒരുകാലത്ത് തെങ്ങും കാപ്പിയും കരിമ്പും എന്തിന് റബ്ബറുപോലും വിളഞ്ഞിരുന്ന, ആർ ബ്ലോക്ക് കൃഷി നശിച്ച് ഇന്ന് ഒരു പ്രേതഭൂമിയാണെങ്കിലും ആർ ബ്ലോക്കിന്റെ പുറംബണ്ടിനെ തൊടാൻപോലും പ്രളയവെളളത്തിനായിട്ടില്ല. ശക്തമായ ബണ്ടുനിർമ്മിച്ചാൽ കുട്ടനാടിനെ രക്ഷിച്ചെടുക്കാനാകും എന്നാണ് ഇതിൽനിന്നും മനസ്സിലാകുന്നത്. പുറംബണ്ടുകൾ ബലപ്പെടത്തി കുട്ടനാടും കൃഷിയും സംരക്ഷിക്കണം.

തോട്ടപ്പള്ളി സ്പിൽവേയുടെ കാര്യക്ഷമത വർദ്ധിപ്പിക്കണം, എസി കനാൽ ആഴംകൂട്ടി കനാൽ പള്ളാത്തുരുത്തി വരെ തുറക്കണം, ചങ്ങനാശ്ശേരിയിൽ, പെരുമ്പുഴക്കടവ് പൂവം റോഡിൽ പെരുമ്പുഴക്കടവ് പാലത്തിന്റെ പണി ഉടൻ പൂർത്തിയാക്കി, മനക്കച്ചിറയിൽ എസി കനാലിന്റെ തുടക്കത്തിൽ കനാലിലേയ്ക്ക് പമ്പാനദിയിൽനിന്നുള്ള ഒഴുക്ക് സുഗമമാക്കണം, കനാലിലെ ഒഴുക്കുതടഞ്ഞുകൊണ്ട് അടിഞ്ഞുകൂടുന്ന പോളകൾ കാലാകാലങ്ങളിൽ നീക്കം ചെയ്യണം, കുട്ടനാട്ടിലെ കനാലുകളുടെയും ചെറുതോടുകളുടെയും ആഴം കൂട്ടണം, വെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെടുത്തിയിരിക്കുന്ന അശാസ്ത്രീയ നിർമ്മാണങ്ങൾ പൊളിച്ചു നീക്കണം, കൈയേറ്റങ്ങൾ ഒഴിപ്പിക്കണം, കായൽ കൈയേറ്റങ്ങൾ മുഴുവൻ ഒഴിപ്പിക്കണം, മടവീണ പാടശേഖരങ്ങൾ ഉടൻതന്നെ സർക്കാർ ചെലവിൽ പുനർനിർമ്മിക്കണം, തുടർന്നുള്ള കൃഷിക്കാവശ്യമായ മുഴുവൻ ചെലവും സർക്കാർ വഹിക്കണം, എസി റോഡ് പുനർനിർമ്മിക്കണം, സമാന്തരമായ ജലഗതാഗതം ആരംഭിക്കണം, നീരേറ്റുപുറം ജലപാത പുന:സ്ഥാപിക്കണം, കിടങ്ങറ കുരിശുംമൂട് പാലം വലുതാക്കി ഉയർത്തിപ്പണിത് ജലഗതാഗതത്തിനുള്ള തടസ്സം നീക്കണം ഇങ്ങനെ കുട്ടനാട്ടിലും അപ്പർ കുട്ടനാടൻ മേഖലകളിലും സർക്കാരിന്റെ ഇടപെടൽ അനിവാര്യവും അടിയന്തരവുമായിരിക്കുന്ന നിരവധി വിഷയങ്ങളുണ്ട്.

അതോടൊപ്പം വെള്ളപ്പൊക്ക കെടുതിയിൽപട്ട കുടുംബങ്ങൾക്ക് ജീവിതം പുനരാരംഭിക്കാൻ ആവശ്യമായ തുക ഉപാധികളില്ലാതെ ഉടൻ നൽകണം. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും ജനങ്ങളുടെ എല്ലാവിധ വായ്പകളും എഴുതിത്തള്ളണം. ജനങ്ങൾ തിരികെ ജീവിതത്തിലേയ്ക്കു വരുന്നതുവരെ ഒരുമാസക്കാലത്തേയ്ക്ക് ബിവറേജസ് ഔട്‌ലെറ്റുകളടക്കം എല്ലാ മദ്യശാലകളും അടച്ചിടണം. പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തരമായി കുടിവെള്ളവും വൈദ്യസഹായവും എത്തിക്കണം. ഈ ആവശ്യങ്ങൾ നടപ്പിലാക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത ജനങ്ങൾക്കുണ്ടാകണം.

Share this