ജനകീയ സമര രാഷ്‌ട്രീയത്തിന്റെ പതാകയുമേന്തി ഇടതുപക്ഷ ഐക്യമുന്നണി

Spread our news by sharing in social media

ജനകീയ സമര രാഷ്‌ട്രീയത്തിന്റെ പതാകയുമേന്തി ഇടതുപക്ഷ ഐക്യമുന്നണി 

റവല്യൂഷനറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി(ആര്‍.എം.പി), സോഷ്യലിസ്റ്റ്‌ യൂണിറ്റി സെന്റര്‍ ഓഫ്‌ ഇന്‍ഡ്യ(കമ്മ്യൂണിസ്റ്റ്‌)(എസ്‌.യു.സി.ഐ(സി)), മാര്‍ക്‌സിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ(യുണൈറ്റഡ്‌)(എം.സി.പി.ഐ(യു)) എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന്‌ ഇടതുപക്ഷ ഐക്യമുന്നണി എന്ന പേരില്‍ ഒരു സമരമുന്നണിക്ക്‌ രൂപം നല്‍കിയിരിക്കുകയാണ്‌.

ആലുവ എം.സി.പി.ഐ(യു)വിന്റെ സംസ്ഥാനകമ്മിറ്റി ഓഫീസില്‍ ഫെബ്രുവരി 24ന്‌ ഈ പാര്‍ട്ടികളുടെ സംസ്ഥാനനേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ വച്ചാണ്‌ സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്‌. കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നുവന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയെന്ന നിലയിലാണ്‌ ഫെബ്രുവരി 24ന്റെ യോഗം നടന്നത്‌. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ ദൃഢമായ ഉള്ളടക്കമുള്ള യോജിച്ച പോരാട്ടത്തിന്റെ പ്രസ്ഥാനമെന്ന നിലയിലാണ്‌ ഇടതുപക്ഷ ഐക്യമുന്നണിക്ക്‌ രൂപം നല്‍കിയിട്ടുള്ളത്‌.

സ്വകാര്യമൂലധനത്തിന്റെ ചൂഷണത്തെ പതിന്മടങ്ങ്‌ തീവ്രമാക്കിക്കൊണ്ട്‌ രണ്ടര പതിറ്റാണ്ടായി ഏകാധിപത്യപരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളവല്‍ക്കരണത്തിന്റെ നയങ്ങള്‍, രാജ്യത്തിന്റെ സമസ്‌തരംഗത്തും സൃഷ്‌ടിച്ചിരിക്കുന്ന തകര്‍ച്ച നടുക്കമുണ്ടാക്കുന്നതാണ്‌. സാമ്പത്തിക അസമത്വം ഭയാനകമായ നിലയില്‍ വര്‍ദ്ധിച്ചിരിക്കുന്നു. 20,000കോടി മുടക്കുള്ള റിലയന്‍സിന്റെ ആന്റില എന്ന രമ്യഹര്‍മ്മ്യവും ചേരികളില്‍ നുരയ്‌ക്കുന്ന പട്ടിണിപ്പാവങ്ങളുടെ കൂരകളും തമ്മിലുള്ള അന്തരമാണ്‌ അതിന്റെ ഉത്തമ ഉദാഹരണം. തൊഴില്‍ തെണ്ടി രാജ്യം മുഴുവന്‍ അലയുകയാണ്‌ ഭാരതരാജ്യത്തെ തൊഴിലാളികള്‍. 90കളുടെ തുടക്കത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും ബീഹാറില്‍ നിന്നും മഹാരാഷ്‌ട്രയിലേയ്‌ക്കും പിന്നീട്‌ അവിടെ നിന്ന്‌ കര്‍ണ്ണാടകത്തിലേയ്‌ക്കും തൊഴിലാളികള്‍ പണി യാചിച്ച്‌ അലഞ്ഞു. ഇപ്പോള്‍ ബംഗാള്‍, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന്‌ കേരളത്തിലേക്ക്‌ അഭയാര്‍ത്ഥികളെപ്പോലെ തൊഴിലാളികള്‍ പ്രവഹിക്കുന്നു. നിര്‍മ്മാണരംഗത്തെ പ്രതിസന്ധിയെത്തുടര്‍ന്ന്‌ അവര്‍ ഇവിടെ നിന്നും അടുത്ത തൊഴിലിടം തേടി പോയിത്തുടങ്ങിയിരിക്കുന്നു. തുച്ഛമായ കൂലിക്കും മനുഷ്യോചിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങളില്‍ അവര്‍ മാടുകളെപ്പോലെ പണിയെടുക്കുന്നു. കരാര്‍തൊഴില്‍ വ്യാപകമായിരിക്കുന്നു. അടിമപ്പണിയ്‌ക്ക്‌ തുല്യമായ നിലയില്‍ കരാര്‍തൊഴിലാളികള്‍ പണിയെടുക്കുന്നു. കഠിനസമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ ഒന്നൊന്നായി ഇല്ലായ്‌മ ചെയ്യപ്പെടുന്നു. വാര്‍ദ്ധക്യനാളുകളിലെ ഏകസംരക്ഷണമായിരുന്ന പെന്‍ഷന്‍ ഏതാണ്ട്‌ ഇല്ലാതാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. തൊഴിലാളികളുടെ അദ്ധ്വാനത്തിലൂടെ സൃഷ്‌ടിക്കപ്പെട്ട കോടിക്കണക്കിന്‌ രൂപയുടെ അതിവിപുലമായ പെന്‍ഷന്‍ ഫണ്ട്‌ സ്വകാര്യകുത്തകകളുടെ ലാഭച്ചൂതാട്ടത്തിനായി വിട്ടുകൊടുത്തിരിക്കുന്നു

ഒരു കാട്ടുതീയില്‍ അകപ്പെട്ടാലെന്ന പോലെ രാജ്യത്തെ കര്‍ഷക ലക്ഷങ്ങളെ ആഗോളവല്‍ക്കരണ നയങ്ങള്‍ നക്കിത്തുടച്ചു. 3 ലക്ഷം കര്‍ഷകരെ ജീവനൊടുക്കാന്‍ ഈ നയങ്ങള്‍ ഇടയാക്കി. വിലക്കയറ്റം ജനജീവിതത്തിന്റെ അവസാനത്തെ സാമ്പത്തികഭദ്രതയെയും അടിമുടി ഉലച്ചിരിക്കുന്നു. ഈ സാമ്പത്തികത്തകര്‍ച്ച രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും അളവറ്റ നിസ്സഹായതയിലേക്ക്‌ ചവിട്ടിത്താഴ്‌ത്തിയിരിക്കുന്നു. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ സംഭരിക്കാനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക്‌ യഥേഷ്‌ടം വിലനിശ്ചയിക്കാനും ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ നല്‍കുകയും, മറുവശത്ത്‌ പരിമിതമായെങ്കിലും നിലവിലിരുന്ന പൊതുവിതരണ സംവിധാനം തകര്‍ക്കുകയും ചെയ്‌തതിലൂടെ അനിയന്ത്രിതമായ വിലക്കയറ്റത്തിന്‌ സാഹചര്യം സൃഷ്‌ടിച്ചിരിക്കുന്നു. അദ്ധ്വാനിച്ചുജീവിക്കുന്ന ജനങ്ങളുടെ യഥാര്‍ത്ഥ വേതനം വന്‍തോതില്‍ കുറയാന്‍ ഇത്‌ ഇടവരുത്തിയിരിക്കുന്നു. ചില്ലറവ്യാപാര രംഗത്ത്‌ കുത്തകകള്‍ക്ക്‌ പ്രവേശനം അനുവദിച്ചതിലൂടെ ഈ മേഖലയിലുള്ള കോടിക്കണക്കിന്‌ പേരുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കുകയും, അതോടൊപ്പം വന്‍തോതിലുള്ള വിലക്കയറ്റത്തിന്‌ കളമൊരുക്കുകയും ചെയ്യുന്നു.

പുതിയനിക്ഷേപസാധ്യതയായി സ്വകാര്യശക്തികള്‍ക്കും കുത്തകകള്‍ക്കും വിദ്യാഭ്യാസരംഗം തുറന്നുകൊടുത്തതിലൂടെ കൊള്ളലാഭത്തിന്റെ മേച്ചില്‍പ്പുറമായി ഇവിടം മാറി. ശരാശരി വരുമാനമുള്ള ഇടത്തരക്കാര്‍ക്ക്‌ പോലും മക്കള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കാനാവാത്ത വിധം വിദ്യാഭ്യാസത്തിന്റെ വില വളരെ ഉയര്‍ന്നുകഴിഞ്ഞു. സാമൂഹ്യ.-സാംസ്‌കാരിക മേഖലകളിലെ തകര്‍ച്ച ഉള്‍ക്കിടിലമുണ്ടാക്കുന്നതാണ്‌. മനുഷ്യസത്തയ്‌ക്ക്‌ പകരം പണത്തിന്റെയും വിപണിയുടെയും നീചമായ സംസ്‌കാരം പിടിമുറുക്കുന്നു. ഉന്നതമായ മൂല്യസങ്കല്‍പ്പങ്ങളും നീതിവിചാരങ്ങളും ധര്‍മ്മബോധവും ഇത്രയുമേറെ ചോര്‍ത്തിക്കളയപ്പെട്ട ഒരു സാമൂഹ്യസ്ഥിതിവിശേഷം ഇതിനു മുമ്പുണ്ടായിട്ടുണ്ടോ എന്ന്‌ സാധാരണജനങ്ങള്‍ ആശങ്കപ്പെടുന്നു. അഴിമതി വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും നിലനില്‍പ്പിന്റെ ഒരു സഹജരീതിയായി സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു. കാര്‍ഗില്‍ പോരാളികള്‍ക്കായി പണി കഴിപ്പിച്ച 104 അപ്പാര്‍ട്ടുമെന്റുകളില്‍ വെറും 2 എണ്ണം മാത്രം അവര്‍ക്ക്‌ നല്‍കിയിട്ട്‌ 102ഉം രാഷ്‌ട്രീയനേതാക്കളും മറ്റുള്ളവരും ചേര്‍ന്ന്‌ തട്ടിയെടുത്തത്‌ അധികാരരാഷ്‌ട്രീയ മണ്ഡലത്തില്‍ പിടിമുറുക്കിയിട്ടുള്ള ഭയാനകമായ അഴിമതിയുടെ വ്യത്യസ്‌തമാനങ്ങളെയാണ്‌ വെളിവാക്കുന്നത്‌. സ്വകാര്യനേട്ടങ്ങള്‍ക്കായി എന്തും ചെയ്യുമെന്നതില്‍, അതിഭീമമായ തുകയുടെ 2ജി അഴിമതിയേക്കാളും ശക്തമായ ഉദാഹരണമാണ്‌ ആദര്‍ശ്‌ ഫ്‌ളാറ്റ്‌ തട്ടിപ്പ്‌. ഇപ്രകാരം ആഗോളവല്‍ക്കരണനയങ്ങള്‍ തുറന്നുവിട്ടത്‌ അഴിമതിയുടെ അവിശ്വസനീയമായ സാധ്യതകളാണ്‌.

ഈ നയങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും അതിശക്തമായ അസംതൃപ്‌തിയും രോഷവും നീറിപ്പുകയുകയാണ്‌. സമാനസ്ഥിതിവിശേഷം നിലനില്‍ക്കുന്ന മറ്റെല്ലാ രാജ്യങ്ങളിലും ജനകീയപ്രക്ഷോഭങ്ങള്‍ ഈ നയങ്ങള്‍ക്കതിരെ അലയടിക്കുമ്പോഴും നമ്മുടെ രാജ്യത്ത്‌ അത്തരമൊരു മുന്നേറ്റം ഉയര്‍ത്തപ്പെടാതെ പോകുന്നതെന്തുകൊണ്ടാണ്‌. അഥവാ ഉയര്‍ന്നുവന്ന അപൂര്‍വ്വം ചില മുേന്നറ്റങ്ങളില്‍ ആപല്‍ക്കരമായ അരാഷ്‌ട്രീയ നേതൃത്വം സ്ഥാപിക്കപ്പെടാന്‍ ഇടയായത്‌ എന്തുകൊണ്ടാണ്‌? ജനങ്ങള്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങളില്‍ ആശങ്കപ്പെടുന്ന ഏതൊരാളും വളരെ ഗൗരവപൂര്‍വ്വം ഉയര്‍ത്തുന്ന ചോദ്യമാണിത്‌. ഇടതെന്ന പേരുവഹിക്കുന്ന, സിപിഐ, സിപിഐ(എം) പോലുള്ള പ്രമുഖ രാഷ്‌ട്രീയകക്ഷികള്‍ അനുവര്‍ത്തിക്കുന്ന ഭരണവര്‍ഗ്ഗാനുകൂല രാഷ്‌ട്രീയമാണ്‌ ഇതിന്റെ മുഖ്യകാരണം.

കുത്തകകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി നിലകൊള്ളുന്ന വലതുപക്ഷശക്തികളില്‍ നിന്നും വിഭിന്നമായി, ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ അടിയുറച്ച നിലപാട്‌ ജനങ്ങള്‍ ഇടതു്രപസ്ഥാനങ്ങളില്‍ നിന്ന്‌ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ അധികാരത്തിലിരുന്നപ്പോഴും അധികാരത്തിന്‌ വെളിയിലും ഈ നയങ്ങളുടെ നടത്തിപ്പുകാരായും പ്രചാരകരായും വ്യവസ്ഥാപിത ഇടത്‌ കക്ഷികള്‍ സ്വയം മാറുന്ന കാഴ്‌ചയാണ്‌ ജനങ്ങള്‍ ദര്‍ശിച്ചത്‌. അതിനുമപ്പുറം ഈ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന ജനകീയപ്രക്ഷോഭങ്ങളെ അധികാരവും സംഘടനാമുഷ്‌കും ഉപയോഗിച്ച്‌ അടിച്ചമര്‍ത്തുക പോലും ഉണ്ടായി.നന്ദിഗ്രമിലും സിംഗൂരിലും നാം കണ്ടത്‌ അതാണ്‌. ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക്‌ എങ്ങിനെയാണ്‌ ഈ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ വിശ്വസനീയമായ നേതൃത്വമാകാന്‍ കഴിയുക? ദേശവ്യാപകമായി വളര്‍ന്നുവരേണ്ടിയിരുന്ന ജനാധിപത്യമുന്നേറ്റത്തിന്‌ ഈ പ്രസ്ഥാനങ്ങളുടെ നിലപാട്‌, അങ്ങിനെ അളവറ്റ ആഘാതം ഏല്‍പ്പിച്ചു.

തെരഞ്ഞെടുപ്പ്‌ രംഗത്തെ താല്‍ക്കാലിക നേട്ടങ്ങള്‍ തരിമ്പും ലാക്കാക്കാതെ ജനകീയസമരങ്ങളെ എവ്വിധവും ശക്തിപ്പെടുത്തുക എന്ന തത്വാധിഷ്‌ഠിതമായ നിലപാട്‌ സ്ഥായിയായി കൈക്കൊണ്ടുകൊണ്ട്‌ മുന്നോട്ട്‌ പോയിരുന്നെങ്കില്‍ രാജ്യത്ത്‌ വലിയൊരു മുന്നേറ്റം ഇതിനോടകം വളര്‍ത്തിയെടുക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അപ്രകാരമൊരു ജനാധിപത്യസമരത്തിന്റെ തത്വാധിഷ്‌ഠിതമായ അടിസ്ഥാന നിലപാട്‌ സ്വീകരിക്കാന്‍ ഇക്കൂട്ടര്‍ തീര്‍ത്തും തയ്യാറായില്ല. പാര്‍ലമെന്ററി രാഷ്‌ട്രീയ അധികാരത്തിന്റെ വളരെ സങ്കുചിതമായ കണക്കുകൂട്ടലുകള്‍ മാത്രം മുമ്പില്‍ വച്ചുകൊണ്ട്‌ മാത്രം നടത്തുന്ന ഏറ്റവും അവസരവാദപരമായ നിലപാടുകള്‍ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ മഹത്വവും അന്തസ്സും യശസ്സും വന്‍തോതില്‍ ജനമദ്ധ്യത്തില്‍ ഇടിച്ചുതാഴ്‌ത്തപ്പെടാനിടയാക്കി. ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സിപിഐ(എം) മുന്‍കൈയെടുത്ത്‌ ദേശീയതലത്തില്‍ രൂപപ്പെടുത്തിയിട്ടുള്ള ‘മതേതര’ മുന്നണി അതിന്റെ ഒന്നാന്തരം ഉദാഹരണമാണ്‌.ഈ മുന്നണിയിലെ ഘടകകക്ഷികള്‍ രാഷ്‌ട്രീയഭാഗ്യാന്വേഷണത്തിന്റെ ഭാഗമായി ആരുമായും ചങ്ങാത്തം സ്ഥാപിക്കുകയും പൊളിക്കുകയും ചെയ്യുന്ന കക്ഷികള്‍ മാത്രമാണ്‌. എന്ത്‌ തത്വമാണ്‌ ഇക്കൂട്ടരെ നയിക്കുന്നത്‌? ഇതില്‍ ഏതാണ്ട്‌ എല്ലാ കക്ഷികളും തന്നെ കോണ്‍ഗ്രസ്സുമായും ബിജെപിയുമായും തരാതരം പോലെ കൂട്ടുകെട്ട്‌ ഉണ്ടാക്കുകയും കാലുമാറുകയും ചെയ്‌തിട്ടുള്ളവരാണ്‌. മഹാരാഷ്‌ട്രയിലും കേന്ദ്രത്തിലും കോണ്‍ഗ്രസ്സിനോടൊപ്പം നില്‍ക്കുന്ന എന്‍.സി.പി കേരളത്തില്‍ ഇടതുമുന്നണിയിലാണ്‌. കര്‍ണ്ണാടകയില്‍ ബിജെപിയോടൊപ്പം ഭരണംപങ്കിട്ട ദേവഗൗഡയുടെ ജനതാദള്‍ കേരളത്തില്‍ ഇടതുമുന്നണിയോടൊപ്പമാണ്‌. ഇക്കൂട്ടരുമായി ചേര്‍ന്നുള്ള ഒരു തെരഞ്ഞെടുപ്പ്‌ സഖ്യം ജനാധിപത്യസമരപ്രവര്‍ത്തനങ്ങളെ എപ്രകാരമാണ്‌ സഹായിക്കുക. ഒരു വിധത്തിലും അവ സഹായിക്കില്ലെന്നു മാത്രമല്ല വന്‍തോതില്‍ ജനാധിപത്യമുന്നേറ്റങ്ങളെ ക്ഷീണിപ്പിക്കാനാണ്‌ ഇതിടയാക്കുക. കാലാകാലങ്ങളില്‍ കൈക്കൊണ്ടിട്ടുള്ള ഈ അവസരവാദ കൂട്ടുകെട്ടുകള്‍ ജനാധിപത്യസമരങ്ങളെ മാത്രമല്ല, ഇടതുപ്രസ്ഥാനങ്ങളെ തന്നെ വന്‍തോതില്‍ ദുര്‍ബ്ബലമാക്കുകയാണ്‌ ഉണ്ടായിട്ടുള്ളത്‌. ഈ വൈകിയവേളയിലെങ്കിലും അത്‌ തിരിച്ചറിയാനാകാത്തവിധം പാര്‍ലമെന്ററി രാഷ്‌ട്രീയത്തിന്റെ തിമിരം അവരെ ബാധിച്ചുകഴിഞ്ഞു.

ഇടതുപക്ഷ രാഷ്‌ട്രീയം അകക്കാമ്പായി പ്രവര്‍ത്തിക്കുന്ന ഒരു ജനമുന്നേറ്റം രൂപപ്പെടാനും ഒരു ശക്തിയായി വളര്‍ന്നുവരാനും ഏറ്റവും അനുകൂലമായ സാഹചര്യമാണ്‌ ഇന്ന്‌ വസ്‌തുനിഷ്‌ഠമായും രാജ്യത്ത്‌ നിലനില്‍ക്കുന്നത്‌. ജനങ്ങള്‍ സ്വന്തം ജീവിതാനുഭവങ്ങള്‍കൊണ്ട്‌, തങ്ങളുടെ പുരോഗതിയെയും എന്തിന്‌ ജീവിതത്തെയും തകര്‍ക്കുന്നത്‌ ചൂഷണാധിഷ്‌ഠിതമായ ഈ മുതലാളിത്തവ്യവസ്ഥയാണെന്ന്‌ സ്വഭാവികമായും തിരിച്ചറിയുന്നു. രാജ്യത്തിന്റെ നിരവധി മേഖലകളില്‍ വ്യത്യസ്‌തമായ ഡിമാന്റുകളുയര്‍ത്തിക്കൊണ്ട്‌ ഉയര്‍ന്നുവരുന്ന ചെറുതും വലുതുമായ ജനകീയസമരങ്ങളുടെ കുന്തമുന നിര്‍ദ്ദയമായ ഈ ചൂഷണത്തിനെതിരെയാണ്‌ നീളുന്നത്‌. ഈ ജനകീയ പ്രക്ഷോഭങ്ങളെ വര്‍ഗ്ഗരാഷ്‌ട്രീയത്തിന്‌ അനുരോധമായി വളര്‍ത്തിയെടുക്കാനും ആത്യന്തികമായി ഈ വ്യവസ്ഥയുടെ പരിവര്‍ത്തനത്തിലേക്ക്‌ നയിക്കാനും വമ്പിച്ച സാധ്യതകള്‍ നിലനില്‍ക്കുന്ന ചരിത്രമുഹൂര്‍ത്തമാണിത്‌. സഹജമായിത്തന്നെ ഇടത്‌ രാഷ്‌ട്രീയത്തിന്‌, വര്‍ഗ്ഗരാഷ്‌ട്രീയത്തിന്‌ ശക്തമായി ഉദയം ചെയ്യാനും മുന്നേറാനും ഇത്രയും അനുകൂലമായ സാഹചര്യം നിലനില്‍ക്കുമ്പോഴും ഇടതുരാഷ്‌ട്രീയത്തിന്റെ ആശയനേതൃത്വത്തില്‍ ഒരു പ്രക്ഷോഭമുണ്ടായി വരുന്നില്ല എന്നത്‌ വ്യവസ്ഥാപിത ഇടത്‌ കക്ഷികളുടെ പൂര്‍ണ്ണപരാജയത്തെയാണ്‌ വ്യക്തമാക്കുന്നത്‌.

ഇത്തരമൊരു സാഹചര്യത്തിലാണ്‌ കേരളത്തില്‍ ആര്‍.എം.പിയും എസ്‌.യു.സി.ഐയും എം.സി.പി.ഐ (യു)വും ചേര്‍ന്ന്‌ ഇടതുപക്ഷ ഐക്യമുന്നണിക്ക്‌ രൂപം നല്‍കുന്നത്‌. ആര്‍.എം.പി, സിപിഐ(എം)ല്‍ നിന്നും വേര്‍പെട്ട്‌ രൂപംകൊണ്ട ഇതരപ്രസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്‌തമായി, മുതലാളിവര്‍ഗ്ഗത്തിന്റെ പാര്‍ട്ടികളായ കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും രാഷ്‌ട്രീയത്തിനും അവരുടെ കുത്തകാനുകൂല നയങ്ങള്‍ക്കുമെതിരെ അടിയുറച്ച നിലപാട്‌ കൈക്കൊണ്ടുതന്നെ പൊരുതുന്ന പ്രസ്ഥാനമാണ്‌.അത്തരമൊരു നിലപാട്‌ അനുവര്‍ത്തിച്ചതുകൊണ്ടാണ്‌ അതിന്റെ ഏറ്റവും മുതിര്‍ന്ന നേതാവായ സഖാവ്‌ ടി.പി.ചന്ദ്രശേഖരന്‌ സ്വന്തം ജീവന്‍ നല്‍കേണ്ടിവന്നത്‌. കോണ്‍ഗ്രസ്സില്‍ ചെന്നടിഞ്ഞിരുന്നെങ്കില്‍ സിപിഐ(എം) അദ്ദേഹത്തെ വെറുതെവിടുമായിരുന്നു. അതിനാല്‍, അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ അതീവമായ ആദരവോടെ മാത്രമേ കേരളത്തിലെ ജനങ്ങള്‍ക്ക്‌ കാണാന്‍ കഴിയൂ. വരാനിരിക്കുന്ന നാളുകളില്‍ കേരളത്തിലെ ജനാധിപത്യസമരരംഗത്ത്‌ ഒരിടതുപക്ഷ പ്രസ്ഥാനമെന്ന നിലയില്‍ ആര്‍എംപിക്ക്‌ നിര്‍ണ്ണായകമായ പങ്ക്‌ വഹിക്കാന്‍ കഴിയും.

മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്‌ അനുരോധമായി നാടെമ്പാടും ജനാധിപത്യസമരങ്ങള്‍ സംഘടിപ്പിക്കാനായി പിറവികൊണ്ട കാലം മുതലേ വിശ്രമരഹിതമായി പ്രയത്‌നിക്കുന്ന പ്രസ്ഥാനമാണ്‌ എസ്‌.യു.സി.ഐ(കമ്മ്യൂണിസ്റ്റ്‌). കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി മുതലാളിത്ത ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ചെറുതും വലുതുമായ നൂറുകണക്കിന്‌ ജനകീയ പ്രക്ഷോഭങ്ങളാണ്‌ പാര്‍ട്ടിയുടെ മുന്‍കൈയില്‍ രാജ്യമെമ്പാടും നടന്നിട്ടുള്ളത്‌. സങ്കുചിതമായ കക്ഷി രാഷ്‌ട്രീയ പരിഗണനകള്‍ക്കും മറ്റ്‌ വൈജാത്യങ്ങള്‍ക്കും അതീതമായി സമരോപകരണങ്ങളെന്ന നിലയില്‍ താഴേത്തലം മുതല്‍ ജനങ്ങളുടെ സമരക്കമ്മിറ്റികള്‍ക്ക്‌ രൂപം നല്‍കിക്കൊണ്ട്‌ ഭരണവര്‍ഗ്ഗനയങ്ങള്‍ക്കെതിരെ പോരാടുക എന്നതാണ്‌ എസ്‌.യു.സി.ഐ(കമ്മ്യൂണിസ്റ്റ്‌) അനുവര്‍ത്തിച്ചുവരുന്ന നിലപാട്‌. ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടിനിടയില്‍ ക്രിമിനല്‍ മൂലധനത്തിന്റെ മരണപിടിയില്‍ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിനായി കേരളത്തില്‍ നടന്നിട്ടുള്ള എല്ലാ ന്യായമായ ജനകീയസമരമുഖത്തും ഈ പ്രസ്ഥാനമുണ്ടായിരുന്നു. ഒന്നുകില്‍ സംഘാടകരായി, അല്ലെങ്കില്‍ അടിയുറച്ച പിന്തുണയുമായി. ചെങ്ങറയില്‍, മൂലമ്പിള്ളിയില്‍, വിഴിഞ്ഞത്ത്‌, വിളപ്പില്‍ശാലയില്‍, സംഘടിതതൊഴിലാളിവര്‍ഗ്ഗത്തിന്റെ മുന്നേറ്റങ്ങളില്‍ എവിടെയും ഈ പ്രസ്ഥാനമുണ്ടായിരുന്നു. ആഗോളവല്‍ക്കരണത്തിന്റെ തേര്‍വാഴ്‌ചക്കെതിരെ പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി രൂപംകൊള്ളുന്ന ഇടതുപക്ഷ ഐക്യമുന്നണിയില്‍ എസ്‌.യു.സി.ഐ(കമ്മ്യൂണിസ്റ്റ്‌)ന്റെ പങ്കാളിത്തം സംസ്ഥാനത്തെ ജനാധിപത്യമുന്നേറ്റങ്ങളെ വര്‍ദ്ധിച്ച അളവില്‍ ചലനാത്മകമാക്കും. തൊഴിലാളികളെ ആഗോളവല്‍ക്കരണത്തിന്റെ നയങ്ങള്‍ക്കെതിരെ അണിനിരത്തിക്കൊണ്ട്‌ പൊരുതുന്ന പ്രസ്ഥാനമാണ്‌ എം.സി.പി.ഐ(യു). പാര്‍ലമെന്ററി രാഷ്‌ട്രീയത്തിന്റെ ഇടുങ്ങിയ കണക്കുകൂട്ടലുകളാല്‍ സ്വാധീനിക്കപ്പെടാതെ മുതലാളിത്ത പാര്‍ട്ടികളുടെ നയങ്ങളെയും നടപടികളെയും ചോദ്യം ചെയ്‌തുകൊണ്ട്‌ നിലകൊള്ളുന്ന പാര്‍ട്ടിയാണ്‌ എം.സി.പി.ഐ(യു). ഇടതുപക്ഷ ഐക്യമുന്നണിയില്‍ എം.സി.പി.ഐ(യു) സജീവമായ പങ്ക്‌ വഹിച്ച്‌ നിലകൊളളുന്നു.

കേരളത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതിനും നവോത്ഥാനമൂല്യങ്ങളെ വികസിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്‌ ഈ ഘട്ടത്തില്‍ പരമപ്രധാനമായിരിക്കുന്നു. രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ മാഫിയാ ഉള്ളടക്കത്തിലേക്ക്‌ വഴിമാറിപ്പോകുകയും എതിര്‍ ശബ്‌ദങ്ങളെ കൊലപാതകത്തിലൂടെയും ആക്രമണപരമ്പരകളിലൂടെയും നേരിടുകയും ചെയ്യുന്നതിന്റെ നീചമായ ഉദാഹരണമായിരുന്നു ആര്‍എംപി സെക്രട്ടറി ടി.പി ചന്ദ്രശേഖരനെ നിഷ്‌ഠുരമായി കൊലപ്പെടുത്തിയത്‌. ബിജെപി അടക്കമുള്ള ഫാസിസ്റ്റ്‌ സംഘടനകളും എതിരാളികളെ ഇതേ മട്ടിലാണ്‌ കൈകാര്യം ചെയ്യുന്നത്‌. ഇക്കാരണത്താല്‍തന്നെ ജനാധിപത്യവല്‍ക്കരണത്തിനുള്ള വിശാലമായ സാമൂഹ്യരാഷ്‌ട്രീയമുന്നേറ്റത്തിന്‌ തുടക്കം കുറിക്കേണ്ടതുണ്ട്‌. ആഗോളീകരണനയങ്ങള്‍ക്കെതിരെയും ഫാസിസ്റ്റ്‌ സമീപനങ്ങള്‍ക്കെതിരെയും നിരന്തരമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിക്കണം. ഇക്കാര്യങ്ങളില്‍ ജനങ്ങളുടെ വിപുലമായ സമരൈക്യപ്രസ്ഥാനത്തിന്‌ രൂപം നല്‍കണം. ഈ അടിയന്തിര കര്‍ത്തവ്യം ഏറ്റെടുത്തുകൊണ്ടാണ്‌ ആര്‍.എം.പി, എസ്‌.യു.സി.ഐ(കമ്മ്യൂണിസ്റ്റ്‌), എം.സി.പി.ഐ(യു) എന്നീ മൂന്ന്‌ ഇടതുപക്ഷപ്പാര്‍ട്ടികളും ചേര്‍ന്ന്‌ ഇടതുപക്ഷ ഐക്യമുന്നണി രൂപീകരിച്ചിരിക്കുന്നത്‌.

ആഗോളവല്‍ക്കരണനയങ്ങള്‍ക്കും അഴിമതിക്കും വര്‍ഗ്ഗീയതക്കും കൊലപാതക രാഷ്‌ട്രീയത്തിനുമെതിരെയുള്ള യോജിച്ച പോരാട്ടമാണ്‌ ഇടതുപക്ഷ ഐക്യമുന്നണിയുടെ ലക്ഷ്യം. അടിസ്ഥാന പരിവര്‍ത്തനത്തിന്റേതായ ഇടതുരാഷ്‌ട്രീയം അകക്കാമ്പായി വരുന്ന ഈ ജനകീയ സമരൈക്യം സംസ്ഥാനത്തിന്റെ പ്രക്ഷോഭ ചരിത്രത്തില്‍ വഴിത്തിരിവായി മാറും. ജനങ്ങള്‍ക്ക്‌ വിശ്വാസമര്‍പ്പിക്കാവുന്ന ജനകീയ സമര നേതൃത്വമായി ഇടതുപക്ഷ ഐക്യമുന്നണി പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പുള്‍പ്പെടെയുള്ള എല്ലാ ജനാധിപത്യവേദികളിലും ഈ ഐക്യമുന്നണി ജനസമരങ്ങളുടെ വളര്‍ച്ചയ്‌ക്ക്‌ അനുരോധമായി യോജിച്ചുമുന്നേറും. കേരളത്തില്‍ ഇന്ന്‌ ഇടതുപക്ഷരാഷ്‌ട്രീയത്തിന്റെ മഹത്തായ പതാക ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷഐക്യമുന്നണിയെ ശക്തിപ്പെടുത്താന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. ജനദ്രോഹനയങ്ങള്‍ക്കെതിരെ വ്യത്യസ്‌ത മേഖലകളില്‍ ജാതി-മത-കക്ഷിരാഷ്‌ട്രീയ പരിഗണനകള്‍ക്കതീതമായി ജനങ്ങളെ ഏകോപിപ്പിച്ചിട്ടുള്ള ജനാധിപത്യസമരസംഘടനകളോട്‌ ഈ സമരമുന്നണിയുമായി ഐക്യപ്പെടണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. ജനാധിപത്യസമരരാഷ്‌ട്രീയം മാത്രമാണ്‌ ജനതാല്‌പര്യത്തെ പ്രതിനിധീകരിക്കുന്നതെന്ന്‌ തിരിച്ചറിഞ്ഞ്‌ ഇടതുപക്ഷ ഐക്യമുന്നണിയെ സര്‍വ്വാത്മനാ ശക്തിപ്പെടുത്താന്‍ എല്ലാ പുരോഗമന ജനാധിപത്യവിശ്വാസികളോടും ആഹ്വാനം ചെയ്യുന്നു.

Share this