മുസഫര്‍നഗര്‍ വര്‍ഗ്ഗീയ സംഘര്‍ഷം

Spread our news by sharing in social media

മുസഫര്‍നഗറില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ എസ്‌യുസിഐ(സി) അതിയായ ഉത്കണ്ഠ രേഖപ്പെടുത്തി. ഭ്രാതൃഹത്യാപരമായ ഈ ചോരപ്പുഴയൊഴുക്കലിന് തടയിടുവാന്‍ അടിയന്തിര നടപടി കൈക്കൊള്ളുവാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും പ്രകോപനങ്ങളും സൃഷ്ടിക്കുന്ന എല്ലാ വിഘടന ശക്തികള്‍ക്കുമെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുവാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

എസ്‌യുസിഐ(സി) ജനറല്‍ സെക്രട്ടി സഖാവ് പ്രൊവാഷ് ഘോഷ് 2013 സെപ്റ്റംബര്‍ 9-ന് താഴെപ്പറയുന്ന പ്രസ്താവന പുറപ്പെടുവിച്ചു. ഇതിനോടകം 26 വിലപ്പെട്ട ജീവനുകള്‍ അപഹരിക്കുകയും നിരവിധിപേര്‍ക്ക് ഗുരുതരമായ പരുക്കുകള്‍ ഏല്‍പ്പിക്കുകയും ചെയ്ത, കഴിഞ്ഞ ഏതാനും ദിവസങ്ങളായി യു.പിയിലെ മുസഫര്‍നഗറില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ ഞങ്ങള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. വരാന്‍പോകുന്ന പാര്‍ലമെന്റ് ഇലക്ഷന്‍ മുന്നില്‍കണ്ടുകൊണ്ട് സംഘപരിവാറും ബി.ജെ.പിയും തങ്ങളുടെ ഹിന്ദുത്വ അജണ്ടയും രാമക്ഷേത്ര അജണ്ടയും പുനരുജ്ജീവിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ തീര്‍ത്തും അപ്രതീക്ഷിതമല്ല. ജനങ്ങളില്‍ വര്‍ഗ്ഗീയമായ ധ്രുവീകരണം സൃഷ്ടിച്ചെടുത്തുകൊണ്ട് പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ എം.പിമാരുള്ള യു.പിയില്‍ നിന്നും പരമാവധി വോട്ടുകള്‍ സമ്പാദിക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. മുസഫര്‍നഗറില്‍നിന്നും തൊട്ടടുത്ത പ്രദേശങ്ങളായ മീററ്റ്, ഗാസിയാബാദ്, ഷരണ്‍പൂര്‍ എന്നിവിടങ്ങളിലേക്കുകൂടി സംഘര്‍ഷം പടര്‍ന്നിരിക്കുകയാണ്. ഈ സംഘര്‍ഷത്തിന് തടയിടുന്നതില്‍ സര്‍ക്കാരിനും ഭരണ സംവിധാനത്തിനും സംഭവിച്ച സമ്പൂര്‍ണ്ണമായ പരാജയത്തില്‍ ഞങ്ങള്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തുകയാണ്.

അത്യാധുനികങ്ങളായ ആയുധങ്ങളും മറ്റ് സജ്ജീകരണങ്ങളും കൊണ്ട് സായുധമായ സൈനിക- അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയുടെ ഏത് ഉള്‍പ്രദേശത്തും കടന്നുചെല്ലാമെന്നിരിക്കെ, കലാപബാധിതമായ പല ഗ്രാമങ്ങളിലും എത്തിപ്പെടാന്‍ സാധിച്ചില്ലായെന്നതിന് യാതൊരു നീതീകരണവും ഇല്ല. എസ്.പി നേതൃത്വം കൊടുക്കുന്ന യു.പി. സര്‍ക്കാരിനോ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനോ ഈ വര്‍ഗ്ഗീയാഗ്നിയെ അണക്കുവാനുള്ള യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നുവെന്നാണ് ഇത് വെളിവാക്കുന്നത്. പാര്‍ലമെന്ററി വോട്ടുരാഷ്ട്രീയത്തില്‍ നോട്ടമിട്ടിരിക്കുന്ന എല്ലാ ബൂര്‍ഷ്വാ പാര്‍ട്ടികളും ജനങ്ങള്‍ക്കിടയില്‍ മതത്തിന്റെയും ജാതിയുടെയും പ്രദേശത്തിന്റെയും അടിസ്ഥാനത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്ന ഇത്തരം സംഘര്‍ഷങ്ങളും കലാപങ്ങളും കൂടുതലായി അരങ്ങേറണമെന്നാണ് ആഗ്രഹിക്കുന്നത്. ചുഷണാധിഷ്ഠിതമായ ഇന്നത്തെ മുതലാളിത്ത വ്യവസ്ഥ സൃഷ്ടിക്കുന്ന നീറുന്ന ജീവിതപ്രശ്‌നങ്ങള്‍ക്കെതിരെ വളര്‍ന്നുവരേണ്ട യോജിച്ച ജനാധിപത്യ ബഹുജന പ്രക്ഷോഭണങ്ങളെ തകര്‍ക്കുന്നതിനും വര്‍ഗ്ഗീയവും ജാതീയവും പ്രദേശികവുമായ ചേരിതിരിവുകളുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെടുന്ന വോട്ട് ബാങ്കിലൂടെ അധികാരത്തില്‍വരുവാനും ഭരിക്കുന്ന മുതലാളിവര്‍ഗ്ഗത്തിന് പാദസേവ ചെയ്യാനുമാണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത്.

ഈ സംഘര്‍ഷത്തിനും രക്തംചിന്തലിനും തടയിടുവാനും സാധാരണനില പുനഃസ്ഥാപിച്ചുകൊണ്ട് ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കുവാനും വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം സ്ഥാപിക്കുവാനും സര്‍ക്കാരുകള്‍ തയ്യാറാകണം. വര്‍ഗ്ഗീയ സംഘര്‍ഷം ഇളക്കിവിടുകയും അതിന് നേതൃത്വംകൊടുക്കുകയും ചെയ്ത കുറ്റവാളികളെ അറസ്റ്റ് ചെയ്ത് കടുത്ത ശിക്ഷ നല്‍കുവാനും കലാപത്തിന് ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുവാനും സത്വരവും ഫലപ്രദവുമായ നടപടി കൈക്കൊള്ളുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഭരണമുതലാളിവര്‍ഗ്ഗത്തിന്റെ ഒത്താശയോടെ ഈ വോട്ടുവ്യാപാരികള്‍ നടത്തുന്ന വിഭജന തന്ത്രത്തിന്റെ ഇരകളാകരുതെന്ന് എല്ലാ ജാതി-മത വിഭാഗത്തിലുംപെട്ട അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ജനങ്ങളുടെ ഐക്യത്തില്‍ വിള്ളലുണ്ടാക്കുവാനും ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിടുവാനുമുള്ള ബൂര്‍ഷ്വാസിയുടെ ഗൂഢതന്ത്രത്തെ തിരിച്ചറിയണമെന്നും ജീവിതത്തിന്റെ നീറുന്ന പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി ശക്തവും നീണ്ടുനില്‍ക്കുന്നതുമായ യോജിച്ച ജനാധിപത്യ-ബഹുജന പ്രക്ഷോഭണം വളര്‍ത്തിയെടുത്തുകൊണ്ട് ജനങ്ങള്‍ക്കിടയിലെ ഐക്യം ദൃഢീകരിക്കണമെന്നും ഭരണാധികാരികളുടെ ഹീനപദ്ധതികളെ പരാജയപ്പെടുത്തണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Share this