കൊല്‍ക്കത്ത: നവംബര്‍ 17
കൊല്‍ക്കത്ത ലെനിന് സരണിയിലുള്ള എസ്.യു.സി.ഐ(സി)യുടെ പുതക്കിപ്പണിത കേന്ദ്രക്കമ്മിറ്റി ഓഫീസ് നവംബര്‍ 17ന് ജനറല്‍ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് ഉല്‍ഘാടനം ചെയ്തു. പാര്‍ട്ടി സ്ഥാപക ജനറല്‍ സെക്രട്ടറിയും സമുന്നത മാര്‍ക്സിസ്റ്റ് ദാര്‍ശനികനുമായ സഖാവ് ശിബ്ദാസ് ഘോഷ് ദീര്‍ഘകാലം തന്റെ പ്രവര്‍ത്തനകേന്ദ്രമായി ഉപയോഗിച്ചിരുന്ന 48-ലെനിന് സരണി എന്ന കെട്ടിടം കാലപ്പഴക്കം മൂലം ജീര്‍ണ്ണാവസ്ഥയിലായിരുന്നു. അഞ്ചു പതിറ്റാണ്ടോളമായി കേന്ദ്രക്കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലവും കെട്ടിടവും പാര്‍ട്ടിയ്ക്ക് സ്വന്തമാകണമെന്നാഗ്രഹിച്ച സഖാക്കളും സാധാരണജനങ്ങളും നല്കിയ സംഭാവനകള്‍ ഉപയോഗിച്ചാണ് പുതിയ ഓഫീസ് നിര്‍മ്മിച്ചത്.
ഉല്‍ഘാടനസമ്മേളനത്തില്‍ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സഖാക്കള്‍ മണിക് മുഖര്‍ജി, രഞ്ജിത് ധര്, അസിത് ഭട്ടാചര്യ എന്നിവരും കേന്ദ്രക്കമ്മിറ്റിയംഗങ്ങളായ സഖാക്കള്‍ ദേബപ്രസാദ് സര്‍ക്കാര്‍, കെ.രാധാകൃഷ്ണ, സി.കെ.ലൂക്കോസ്, സത്യവാന്, ശങ്കര്‍ സാഹാ, സുമന്ബോസ്, ഗോപാല്‍ കുണ്ഡു, ഛായാ മുഖര്‍ജി എന്നിവരും പങ്കെടുത്തു. മഹത്തായ നവംബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ 97ാം വാര്‍ഷികാചരണത്തിന്റെ വേളയില്‍ നടന്ന ഉല്‍ഘാടനചടങ്ങില്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ മഹാനായ നേതാവ് സഖാവ് ലെനിന്റെ സ്മരണയ്ക്കുമുമ്പില്‍ നേതാക്കള്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. ലെനിനെ സ്മരിച്ചുകൊണ്ടുള്ള ഗാനാലാപനത്തോടെ ആരംഭിച്ച സമ്മേളനം സാര്വ്വദേശീയഗാനാലാപാനത്തോടെ അവസാനിച്ചു.
പുതുക്കിപ്പണിത കേന്ദ്രക്കമ്മിറ്റി ഓഫീസ് ഉല്‍ഘാടനം ചെയ്തു.
