ബിഒടി ചുങ്കപ്പാതയ്ക്കുവേണ്ടി ബലംപ്രയോഗിച്ച് ഭൂമിതട്ടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരായ ജനങ്ങളുടെ സമരത്തെ പിന്തുണയ്ക്കുക

Spread our news by sharing in social media

കേരളത്തിലെമ്പാടും ദേശീയപാത ബിഒടി-ടോൾ സമ്പ്രദായത്തിൽ നടപ്പിലാക്കാൻവേണ്ടി 45 മീറ്റർ വീതിയിൽ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് പിണറായി സർക്കാർ. കഴിഞ്ഞ 12 വർഷമായി കേരളത്തിൽ മാറി മാറിവന്ന എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾ പലതവണ ഭൂമിയേറ്റെടുക്കാൻ നടത്തിയ പരിശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ കാലഹരണപ്പെട്ട് അസാധുവാകുകയും ചെയ്തിരുന്നു. എൻഎച്ച് 17-ലും എൻഎച്ച് 47-ലും ഭൂമി പിടിച്ചെടുക്കൽ നടപടിക്ക് ഇരകളാകുന്ന ജനങ്ങൾ കക്ഷിരാഷ്ട്രീയത്തിനും ജാതി-മത പരിഗണനകൾക്കും അതീതമായി സ്വന്തം സമരസമിതികളിൽ ഒന്നിച്ചു നടത്തിയ ജനാധിപത്യപരമായ പ്രക്ഷോഭങ്ങളുടെ വിജയമാണത്.
ജനങ്ങളുടെ പ്രതിഷേധത്തെ വിഗണിച്ചുകൊണ്ട് ദേശീയപാതയ്ക്കുവേണ്ടി ഭൂമി അളവുനടത്താനുള്ള സർക്കാർ നീക്കങ്ങളെ ജനങ്ങൾ പലതവണ പരാജയപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ പിണറായിസർക്കാർ എല്ലാ ജനാധിപത്യമര്യാദകളെയും കാറ്റിൽ പറത്തിക്കൊണ്ട് ബലാൽക്കാരം ഭൂമി പിടിച്ചെടുക്കാൻ തുനിയുകയാണ്. മാർച്ച് മാസത്തിൽ മലപ്പുറത്ത് അളവു തുടങ്ങിയിരിക്കുന്നത് ജില്ലയിൽ ആകമാനം പോലീസ്‌രാജ് സൃഷ്ടിച്ചുകൊണ്ടാണ്. വിവിധ വ്യവസ്ഥാപിതരാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കൾ സമരവുമായി സഹകരിച്ചുവന്നിരുന്നു. സർക്കാർ അതാത് പാർട്ടികളുടെ നേതൃത്വവുമായുണ്ടാക്കിയിരിക്കുന്ന ധാരണയുടെ അടിസ്ഥാനത്തിൽ ഈ നേതാക്കളെ സമരത്തിൽ നിന്നകറ്റുന്നതിന് വേണ്ടി അവരുടെ മേൽ പലതരം സമ്മർദ്ദങ്ങൾ പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. സമരക്കമ്മിറ്റികളെ ഒറ്റപ്പെടുത്താനുള്ള നീക്കം നടത്തുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമരപ്രവർത്തകരുടെ ആത്മവിശ്വാസം കെടുത്താനും ഉന്നംവച്ചുകൊണ്ടുള്ള വ്യാജവാർത്തകൾ പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും ദിനംപ്രതി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ആക്ഷൻ കൗൺസിലിന്റെ നേതാക്കളോട് സമരത്തിൽനിന്നും വിട്ടുനിൽക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും, അല്ലാത്തപക്ഷം രാഷ്ട്രവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ ജാമ്യമില്ലാത്ത വകുപ്പുകൾചാർത്തി അറസ്റ്റുചെയ്യുമെന്നറിയിച്ചുകൊണ്ടും പോലീസ് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറത്ത് മുസ്ലീംതീവ്രവാദികളും മാവോയിസ്റ്റുകളും വരെ സമരത്തിൽ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കുപ്രചാരണവും ആരംഭിച്ചു. അളവുതുടങ്ങുന്ന ദിവസത്തിനുമുമ്പുതന്നെ ഈ വിഷയത്തിൽ പോസ്റ്റർ പ്രചാരണം നടത്തിയ സമരപ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. ആയിരത്തോളംവരുന്ന സമരക്കാരെ കുറ്റിപ്പുറത്ത് തടയാൻവന്നത് അതിന്റെ നാലിരട്ടിയോളം പോലീസുകാരായിരുന്നു. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പോലീസ്, മലബാർ സ്‌പെഷ്യൽ പോലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് എന്നിവരടങ്ങുന്ന വൻ സായുധസംഘത്തെ സമരത്തെ തടയാൻ വേണ്ടി അണിനിരത്തി. പ്രകടനം നടത്തിയാൽപോലും അറസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പ്രകോപനം സൃഷ്ടിച്ച് രക്തപ്പുഴയൊഴുക്കാനുള്ള നീക്കം നടത്തി.
ജനാധിപത്യത്തിൽ തീരെ വിശ്വാസമില്ലാത്ത ഭരണശൈലിയാണ് കേരളത്തിലെ പിണറായി വിജയൻ സർക്കാർ പ്രദർശിപ്പിക്കുന്നത്. രാഷ്ട്രീയ വേദികളിൽ കോർപ്പറേറ്റുകൾക്കെതിരെയും സ്വകാര്യവൽക്കരണത്തിനെതിരെയും ഇന്നും അവർ പ്രസംഗിക്കുന്നുണ്ട്. എന്നാൽ, ബിഒടി വിരുദ്ധ സമരപക്ഷത്തുള്ളവരും ഭൂമി നഷ്ടപ്പെട്ട് വഴിയാധാരമാകുന്നവരും ഉയർത്തുന്ന ന്യായമായ വിഷയങ്ങളിൽ ‘ചർച്ചയില്ല’ എന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നത്.
ഈ നടപടികൾ എൽഡിഎഫ് സർക്കാരിന്റെ മുഖം കൂടുതൽ കൂടുതൽ വികൃതമാക്കുകയാണ്. പോലീസ്‌രാജിലൂടെയുള്ള ഈ ഭരണം ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ ഹാനി വരുത്തിവയ്ക്കും.

ദേശീയപാത വീതികൂട്ടുന്നതിന് വേണ്ടി 1972 മുതൽ കേരളത്തിൽ പലയിടത്തും 30 മീറ്ററും 30.5 മീറ്ററും വീതിയിൽ ഭൂമിയേറ്റെടുത്തിരുന്നു. ഇതിൽ ഏതാണ്ട് 15 ശതമാനം സ്ഥലത്തുമാത്രമാണ് 14 മീറ്റർ വീതിയുപയോഗിച്ച് 4 വരിപ്പാത പണിപൂർത്തിയാക്കിയിരിക്കുന്നത്. ബാക്കിയുള്ള സ്ഥലത്തും 4 വരി റോഡ് പണിതുകൊണ്ട് ആവശ്യമെങ്കിൽ ബാക്കി കിടക്കുന്ന 16 മീറ്റർ ഭൂമികൂടി ഉപയോഗപ്പെടുത്തി 6 വരിയായി കേരളത്തിലെ മുഴുവൻ ദേശീയപാതകളും സർക്കാരിന് വികസിപ്പിക്കാമായിരുന്നു. അതിന് അവർ തയ്യാറായില്ല. കാരണം, കഴിഞ്ഞ 2 ദശാബ്ദമായി റോഡുവികസനത്തിനായി ബിഒടി (ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ) എന്ന പദ്ധതിയും ഭീകരമായ ടോൾ സമ്പ്രദായവും ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. എല്ലാ ദേശീയപാതകളും ചുങ്കപ്പാതകളാക്കിമാറ്റി കുത്തക-കോർപ്പറേറ്റ് മുതലാളിമാർക്ക് കൈമാറിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യവൽക്കരണപദ്ധതി നടപ്പിലാക്കാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നത്.
ഇന്ന് പല സംസ്ഥാനങ്ങളിലും ബിഒടി ടോൾ പദ്ധതി നടപ്പിലായിട്ടുണ്ട്. അവിടെ ദേശീയപാതകളിലുടനീളം കഴുത്തറുപ്പൻ ടോൾ കൊടുത്തേ യാത്രചെയ്യാൻ കഴിയൂ എന്ന അവസ്ഥയിലാണ്. കേരളത്തിലും ഈ ദുഃസ്ഥിതി നടപ്പിലാക്കാനുള്ള നീക്കത്തെ ജനങ്ങൾ പ്രതിരോധിച്ചുവരികയാണ്. ഭൂമി നഷ്ടപ്പെടുന്നയാളുകൾ എൻഎച്ച് 17 ആക്ഷൻ കൗൺസിൽ, എൻഎച്ച് ആക്ഷൻ ഫോറം തുടങ്ങിയ ജനകീയ സമരസമിതികളിൽ സംഘടിതരായിക്കൊണ്ട് സമരം നടത്തിവരുന്നു. നിലവിൽ ഏറ്റെടുത്തിരിക്കുന്ന 30 മീറ്ററിനുള്ളിൽ ആറുവരിപ്പാത സുഗമമായി നിർമ്മിക്കാമെന്നും ആവശ്യമെങ്കിൽ ഇതേ റോഡിൽ തൂണുകൾ ഉയർത്തി മറ്റൊരു 6 വരി എലിവേറ്റഡ് പാതയും നിർമ്മിക്കാമെന്നും ഇന്നത്തെ ഹൈവേയുടെ ഗതാഗതപ്രശ്‌നങ്ങൾ വരുന്ന ഏതാനും ദശാബ്ദങ്ങളിലേയ്ക്ക് സ്ഥായിയായി പരിഹരിക്കാമെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു.

മറിച്ച് 45 മീറ്റർ വീതിയിൽ ഭൂമിയേറ്റെടുത്താൽ അത് കേരളത്തിൽ ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഏതാനും വർഷങ്ങൾക്കുമുമ്പ് 30 മീറ്റർ വീതിയിൽ ഭൂമി വിട്ടുകൊടുത്തവരിൽ മിക്കവാറും കുടുംബങ്ങൾ ഇതേ പാതയുടെ ഓരങ്ങളിലാണ് വീണ്ടും താമസമുറപ്പിച്ചിരിക്കുന്നത്. ഇരുവശവും 7.5 മീറ്റർ വീതം ഭൂമി വീണ്ടും ഏറ്റെടുത്താൽ ഇവരെല്ലാം വീണ്ടും വഴിയാധാരമാകും. ഇവരിൽ പലർക്കും അന്നു വിട്ടുകൊടുത്ത ഭൂമിയുടെ വിലയോ, നഷ്ടപരിഹാരമോ ഇന്നും ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. അതുമാത്രമല്ല, ഇനിയുണ്ടാകുന്ന ഭൂമിയേറ്റെടുക്കലിന് ശരിയായ ഒരു പുനരധിവാസ നഷ്ടപരിഹാര പദ്ധതിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്‌ക്കരിച്ചിട്ടില്ല.

വികസനവിരോധികൾ എന്ന് മുദ്രകുത്തി സമരസമിതി നേതാക്കളെ വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികളും പല അവസരത്തിലും തള്ളിപ്പറഞ്ഞു. അധികാരത്തിലേറിയ സർക്കാരുകളെല്ലാം പാക്കേജ് പ്രഖ്യാപിക്കുമെന്നുപറഞ്ഞുവെങ്കിലും അതെല്ലാം പാഴ്‌വാക്കുകൾ മാത്രമായി അവശേഷിക്കുന്നു.

വിഎസ്അച്യുതാനന്ദൻ നേതൃത്വം നൽകിയ മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ബഹുജനസമരത്തെ തുടർന്ന് ഈ വിഷയത്തിൽ ഒരു സർവ്വകക്ഷിയോഗം ചേരുവാൻ സർക്കാർ നിർബന്ധിതമായി. ആ യോഗത്തിനു മുന്നോടിയായി ബിഒടി, ടോൾ സമ്പ്രദായം, 45 മീറ്ററിലെ കുടിയൊഴിപ്പിക്കൽ വരുത്തിവയ്ക്കുന്ന സാമൂഹിക വിപത്തിന്റെ ആഴവും ഭീകരതയും ഈ വിഷയങ്ങളിൽ നടത്തിയ പഠനങ്ങളുമായി കേരളത്തിലെ എല്ലാ ഭരണ-പ്രതിപക്ഷ നേതാക്കളെയും സമരസമിതി നേരിട്ടുകണ്ട് ചർച്ച ചെയ്തു. ബിഒടി വിരുദ്ധ കാഴ്ചപ്പാടുള്ള, കുടിയൊഴിപ്പിക്കലിനെതിരെ നിലപാടുള്ള 32 പ്രസ്ഥാനങ്ങളെ യോജിപ്പിച്ചുകൊണ്ട് സമരസമിതിയുടെ മുൻകൈയിൽ രൂപീകരിച്ച ദേശീയപാത സംരക്ഷണ സമിതി ഈ കാര്യത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഏറ്റവും അധികം ജനസാന്ദ്രതയുള്ള കേരളത്തിലെ തീരദേശത്തിലൂടെ 45 മീറ്റർ പാത അസാധ്യമാണെന്നും 30 മീറ്ററിൽ സർക്കാർ ചെലവിൽ നിലവിൽ ഏറ്റെടുത്തിരിക്കുന്ന സ്ഥലത്ത് പാത നിർമ്മിക്കണമെന്നും 2010-ലെ സർവ്വകക്ഷിയോഗം തീരുമാനിച്ചു. വസ്തുതകൾ കേന്ദ്ര സർക്കാരിനെ ധരിപ്പിക്കാനായി കേരളത്തിൽനിന്നുള്ള ഒരു നിയമസഭാ സർവ്വകക്ഷി സംഘം കേന്ദ്രസർക്കാരിനെ കണ്ടു. കേന്ദ്രസർക്കാർ ആ നിർദ്ദേശം അംഗീകരിച്ചുകൊണ്ട് 45 മീറ്റർ ഭൂമിയേറ്റെടുക്കൽ നടപടികൾ നിർത്തിവച്ചു. അതിനെത്തുടർന്ന് ഏതാനും വർഷങ്ങൾക്കകം ഭൂമിയേറ്റെടുക്കലിനുവേണ്ടിയുള്ള എല്ലാ വിജ്ഞാപനങ്ങളും കാലഹരണപ്പെടുകയുണ്ടായി.

സമരത്തിനുണ്ടായ ഈ വിജയം അട്ടിമറിക്കാൻ ബിഒടി ലോബിയും അവരുടെ ദാസ്യത്തിലുള്ള ഭരണ-പ്രതിപക്ഷ രാഷ്ട്രീയനേതാക്കളും ചരടുവലി തുടങ്ങി. സർക്കാരിന്റെ കൈയിൽ പണമില്ല, ബിഒടിയും ടോൾ സമ്പ്രദായവുമില്ലാതെ ഹൈവേ വികസനം നടക്കില്ല, 45 മീറ്റർ ഭൂമിയേറ്റെടുത്താലേ റോഡുപണിയാനാകൂ എന്നൊക്കെയുള്ള കള്ളപ്രചാരണവുമായി അവർ രംഗത്തുവന്നു. ആദ്യസർവ്വകക്ഷിയോഗത്തിന്റെ തീരുമാനങ്ങളെ മറ്റൊരു സർവ്വകക്ഷിയോഗം തട്ടിക്കൂട്ടിക്കൊണ്ട് അവർ അട്ടിമറിച്ചു. ഇതൊക്കെയാണെങ്കിലും സമരം ശക്തിപ്പെട്ടു. ആ സർക്കാരിനും തുടർന്നുവന്ന ഉമ്മൻചാണ്ടി സർക്കാരിനും ഭൂമിയേറ്റെടുക്കാനായില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിലുള്ള എല്ലാ ഹൈവേകളും 30 മീറ്ററിൽ 6 വരിപ്പാതയായി വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. കരമന-കൡയിക്കവിള റോഡിന്റെ മാതൃകയിൽ 30 മീറ്ററിൽ എല്ലാ റോഡുകളും വികസിപ്പിക്കുമെന്ന് മുഴുവൻപേജ് പത്രപരസ്യവും നൽകി. അങ്ങനെ കേരളത്തിലെ ജനങ്ങളുടെ ഡിമാന്റുകൾ നടപ്പിലാകുമെന്ന സ്ഥിതിയിലാണ് കഴിഞ്ഞ യുഡിഎഫ് ഭരണം അവസാനിക്കുന്നത്.

2016-ൽ അധികാരത്തിൽവന്ന പിണറായി സർക്കാർ ഒരു ചർച്ചയ്ക്കും തയ്യാറാകാതെ ഏകപക്ഷീയമായി 45 മീറ്റർ റോഡ് തങ്ങളുടെ ഭരണകാലത്തുതന്നെ നടപ്പിലാക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നു. ഈ വിഷയത്തിൽ സമരംചെയ്യുന്നവരുമായി ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് പിണറായി പറഞ്ഞു. സമരം ചെയ്യുന്നവരെ ”മാന്യന്മാരായ ഗൂണ്ടകൾ” എന്നാണ് പിണറായി വിശേഷിപ്പിച്ചത്. മുഴുവൻ ശക്തിയുമുപയോഗിച്ച് ഭൂമിയേറ്റെടുക്കുമെന്നും സമരനേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്സെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമുള്ളത്ര ഭൂമി മോദി സർക്കാരിന് ഏറ്റെടുത്തുകൊടുക്കാമെന്ന് വാക്ക് നൽകിക്കൊണ്ട് ഇപ്പോൾ കേരളത്തിൽ പുതിയ വിജ്ഞാപനങ്ങൾ ഇറക്കിക്കൊണ്ട് ഭൂമിയേറ്റെടുക്കലിന്റെ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്.
സർക്കാരിന്റെ കൈയിൽ പണമില്ലാത്തതുകൊണ്ടാണ് ബിഒടിക്കാരെ പാതയേൽപ്പിക്കുന്നതെന്നതാണ് പിണറായി സർക്കാരിന്റെ ഒരു വാദം. കേരളത്തിൽ നടക്കാൻപോകുന്ന ഏറ്റവും വലിയ സ്വകാര്യവൽക്കരണമായ ബിഒടി ടോൾപാതയെ ചെറുക്കാനുള്ള ബാധ്യത ഇടതുപക്ഷമെന്നവകാശപ്പെടുന്ന ഒരു സർക്കാരിനില്ലേ എന്ന ചോദ്യം ഇവിടെ ഉയരുന്നു. ബിഒടി എന്നത് ഭീകരമായ കുത്തിക്കവർച്ചയ്ക്കുള്ള ഉപാധിയാണെന്നാണ് അനുഭവം. ഉദാഹരണമായി തൃശൂർ പാലിയേക്കര ടോൾബൂത്തിൽ കഴിഞ്ഞ മൂന്നുകൊല്ലമായി നടക്കുന്ന കൊള്ളയുടെ കാര്യം തന്നെയെടുക്കാം. ഇടപ്പള്ളി മുതൽ മണ്ണുത്തിവരെയുള്ള ആറുവരിപ്പാതയ്ക്കാണ് 2012 ജനുവരി മാസത്തിൽ ടോൾപിരിവ് തുടങ്ങിയത്. പാതയുടെ ആകെ നിർമ്മാണ ചെലവ് 390 കോടി രൂപയായിരുന്നു. ഒരു ദിവസം 25 ലക്ഷംരൂപ ടോൾപിരിവിലൂടെ ലഭിക്കുമെന്ന് കമ്പനിയുടെ രേഖകൾ പറയുന്നു. എന്നാൽ ടോൾ വരുമാനത്തിന്റെ ഭൂരിഭാഗവും ഈ രേഖയിൽ വരുന്നില്ലെന്നും, യഥാർത്ഥത്തിൽ അത് ഒരു കോടിയോളം വരുമെന്നും പാലിയേക്കര സമരസമിതി വാളന്റിയർമാർ നടത്തിയ ജനകീയ കണക്കെടുപ്പിൽ വ്യക്തമായി. ആദ്യ രണ്ടുവർഷത്തെ ടോൾപിരിവുവഴി 600 കോടിയിലേറെ രൂപ ടോൾ കമ്പനിയ്ക്ക് ലഭിച്ചു. മറ്റൊരു 28 വർഷംകൂടി വ്യവസ്ഥ പ്രകാരം കമ്പനിക്ക് ടോൾപിരിക്കാം. വർഷാവർഷം ടോൾനിരക്ക് വർദ്ധിപ്പിക്കാം. വാഹനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് അവരുടെ ലാഭം വീണ്ടും കൂട്ടും. ആവശ്യമെങ്കിൽ നഷ്ടത്തിന്റെ വേറൊരു കള്ളക്കണക്ക് സമർപ്പിച്ചുകൊണ്ട് ടോൾ പിരിവിന്റെ കാലയളവ് വർദ്ധിപ്പിക്കാം. ഈ വ്യവസ്ഥകളെല്ലാം ബിഒടി കമ്പനിയും സർക്കാരും തമ്മിലുള്ള കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടോൾ പിരിക്കുന്ന കമ്പനികൾക്ക് കോൺട്രാക്ട് മറ്റ് കമ്പനികൾക്ക് കൈമാറാം. ഇപ്പോൾ ഫ്രാൻസ് ആസ്ഥാനമാക്കിയുള്ള ഒരു കമ്പനിയാണ് ടോൾ പിരിക്കുന്നത് എന്നറിയുന്നു.

കേരളത്തിൽ നിലവിലുണ്ടായിരുന്ന ദേശീയപാതകളായ എൻഎച്ച് 17 ഉം, എൻഎച്ച് 47ന്റെ ഇടപ്പള്ളിമുതൽ കളിയിക്കവിള വരെയുള്ള ഭാഗവും ചേർത്തുകൊണ്ട് 669 കിലോമീറ്റർ നീളത്തിൽ പുതിയ ദേശീയപാത 66 ആയി നോട്ടിഫിക്കേഷൻ ഇറങ്ങിയിട്ടുണ്ട്. അതുകൂടാതെ വാളയാർ മുതൽ ഇടപ്പള്ളിവരെയുള്ള ദേശീയപാത എൻഎച്ച് 544-ലെ 160 കിലോമീറ്ററും കൂടി ചേർന്ന് 829 കിലോമീറ്ററിലായി ഇരുപതോളം ടോൾ ബൂത്തുകളാണ് പാലിയേക്കര മോഡലിൽ സ്ഥാപിക്കുവാൻ പോകുന്നത്. ഈ ടോൾ ബൂത്തുകളെല്ലാം ചേർന്ന് നടത്താൻപോകുന്ന പിടിച്ചുപറിയെക്കുറിച്ച് ഇടതുസർക്കാരിന് എന്താണ് പറയാനുള്ളത്?
ദേശീയപാത വികസനത്തിന് തങ്ങളുടെ കൈയിൽ പണമില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം പൊള്ളയാണ്. വാഹനനികുതിയിലൂടെയും ഇന്ധനനികുതി, സെസ്സ് എന്നിവയിലൂടെയും ഭീമമായ തുകയാണ് സംസ്ഥാന സർക്കാർ ഓരോ വർഷവും പിരിച്ചെടുക്കുന്നത്. 2017-ലെ വാഹനനികുതി മാത്രം 4683 കോടിയിലേറെയാണെന്ന് 2018-ലെ സംസ്ഥാന ബജറ്റിൽ ധനകാര്യമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിക്കുകയുണ്ടായി. ഇതുകൂടാതെ പെർമിറ്റ്, മറ്റു ടാക്‌സുകൾ, പിഴ തുടങ്ങിയവയിൽനിന്ന് ആയിരക്കണക്കിന് കോടിയാണ് പിരിച്ചെടുക്കുന്നത്. കേരളത്തിൽനിന്നും ഓരോ ദിവസവും ജനങ്ങൾ വാങ്ങുന്ന പെട്രോൾ, ഡീസൽ എന്നിവയിൽനിന്ന് 20 കോടി രൂപയെങ്കിലും വരുമാനമുണ്ടാകുന്നുവെന്ന് 2017 ഏപ്രിൽ 13 ലെ ഇന്ത്യൻ എക്‌സ്പ്രസ് പത്രം വിശദീകരിക്കുന്നു. പ്രതിമാസവരുമാനം ശരാശരി 600 കോടിയും പ്രതിവർഷം വിശേഷാവസരങ്ങൾ ഉൾപ്പെടെ, 8000 കോടി കവിയുമെന്നുമാണ് കണക്ക്. വാഹന ഗതാഗതവുമായി ബന്ധപ്പെട്ടുള്ള സ്‌പെയർപാർട്ട്‌സ്, ഓയിൽ എന്നിവയിൽ നിന്നുള്ള നികുതി ഇതിൽ ഉൾപ്പെടുത്തിയിട്ടേയില്ല. ഇതിന്റെ ഒരു പത്തുശതമാനമെങ്കിലും പുതിയ റോഡ് വികസനത്തിനായി പ്രതിവർഷം മാറ്റിവച്ചാൽ, 1000 കോടിയിലധികം രൂപ കേരളത്തിനുതന്നെ ഹൈവേ വികസനത്തിന് മാറ്റിവയ്ക്കാവുന്നതേയുള്ളൂ. പലയിടത്തും നിലവിലുള്ള 2 ലൈൻ റോഡുകൾ തന്നെ ആറുവരിയായി വികസിപ്പിക്കാം. സർക്കാർ പണം മുടക്കി ബിഒടിയും ടോളുമില്ലാതെ പാതകൾ വികസിപ്പിക്കുന്ന ഒരു നടപടി കേരളത്തിൽ കൈക്കൊള്ളാൻ കഴിഞ്ഞാൽ, സ്വദേശ-വിദേശ കുത്തകമുതലാളിമാർക്ക് ഒത്താശചെയ്യുന്ന കേന്ദ്ര മോദി സർക്കാരിന് നൽകാവുന്ന ശക്തമായ രാഷ്ട്രീയമായ തിരിച്ചടിയായിരിക്കും അത്.
കേന്ദ്രസർക്കാരിൽ നിന്ന് അർഹമായ വിഹിതം വാങ്ങിയെടുക്കാനും സംസ്ഥാന സർക്കാരിന് കഴിയണം. കുത്തകകൾക്കായി ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് 2.4 ലക്ഷം കോടിരൂപയാണ് കിട്ടാക്കടം എന്ന പേരിൽ മാത്രം എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ബാങ്കുകളിൽ മുടക്കം വരുത്തിയിട്ടുള്ള കുത്തക മുതലാളിമാരുടെ സ്വത്തിൽനിന്നും നിക്ഷേപത്തിൽനിന്നും അത് തിരിച്ചുപിടിക്കാൻ സർക്കാർ കൂട്ടാക്കുന്നില്ല. പബ്ലിക് യൂട്ടിലിറ്റി സർവ്വീസുകളും ഇൻഫ്രാ സ്ട്രക്ച്ചറും മെച്ചപ്പെടുത്താനുള്ള തുകയാണ് ഇത്തരത്തിൽ ദുർവ്യയം ചെയ്തുകൊണ്ട് കൊടിയ അഴിമതി കേന്ദ്രസർക്കാർ നടത്തുന്നത്. റോഡ് നിർമ്മാണത്തിന് പണം ഇല്ലെന്ന പരാതി മുഴക്കുന്നത് പൊതുവഴികൾ സ്വകാര്യമൂലധനത്തിന് കൈമാറാനുള്ള ഗൂഢതന്ത്രമാണ്.

ലക്ഷക്കണക്കിനാളുകളെ കുടിയിറക്കേണ്ടിവരുന്ന ദേശീയപാത കുടിയൊഴിപ്പിക്കലിൽ പുനരധിവാസം നൽകാൻ കാര്യമായ പദ്ധതിയൊന്നുമില്ല. 1857-ലെ ബ്രിട്ടീഷുകാരന്റെ പൊന്നുംവില നിയമം തന്നെയാണ് 1956-ലെ ഹൈവേ ആക്ടായി നെഹ്‌റു സർക്കാരും നടപ്പിലാക്കിയത്. തികച്ചും ജനാധിപത്യവിരുദ്ധമായ നിയമമാണത്. അതിൻപ്രകാരമാണ് ഇപ്പോഴും ഭൂമി ഏറ്റെടുക്കുന്നത്.

നന്ദിഗ്രാം-സിംഗൂർ-മൂലമ്പിള്ളി തുടങ്ങിയ നിരവധി കുടിയൊഴിപ്പിക്കൽവിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് 2013-ലെ പുനരധിവാസ-നഷ്ടപരിഹാരനിയമം പാർലമെന്റിൽ പാസ്സായത്. എന്നാൽ റെയിൽവേ, ഹൈവേ, ഡിഫൻസ് തുടങ്ങിയ പല സംരംഭങ്ങൾക്കുമുള്ള ഭൂമി ഏറ്റെടുക്കൽ ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ വിഷയത്തിൽ ഇനിയും ആക്ട് ഭേദഗതി ചെയ്തിട്ടില്ല. യഥാർത്ഥ രേഖകൾ സർക്കാർ പുറത്തു വിടുന്നുമില്ല.
ഏറ്റെടുക്കുന്ന ഭൂമി സെന്റിന് ഒരു കോടിയോളം രൂപയ്ക്ക് മുകളിൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് കേരള സർക്കാർ ഭൂവുടമകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ആവർത്തിച്ച് ഈ നുണ പ്രചരിപ്പിക്കുകയാണ്. ഈ വിഷയത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ കേരളത്തിന് ഹൈവേ പുനരധിവാസത്തിനായി ഒന്നും പുതുതായി നൽകില്ലെന്നുറപ്പായിരിക്കുകയാണ്.
മൂലമ്പിള്ളിയിൽ ഭൂമി നഷ്ടപ്പെട്ടവരുടെ അനുഭവം എല്ലാവർക്കും ഒരു മുന്നറിയിപ്പാണ്. കൊച്ചിയിലെ കണ്ടെയ്‌നർ ടെർമിനൽ റോഡിനുവേണ്ടിയുള്ള സ്ഥലമെടുപ്പിന്റെ സൃഷ്ടിയാണ് മൂലമ്പിള്ളി പ്രശ്‌നം. സമ്മതപത്രംപോലും വാങ്ങാതെ, ധാർഷ്ട്യത്തോടെ 316 കുടുംബങ്ങളുടെ വീടുകൾ അധികൃതർ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി. പിന്നീട് നടന്ന ശക്തമായ സമരത്തിന്റെ ഫലമായി മൂലമ്പിള്ളിക്കുവേണ്ടി ഒരു പാക്കേജ് പ്രഖ്യാപിക്കുവാൻ സർക്കാർ നിർബ്ബന്ധിതമായി. എന്നാൽ എൽഡിഎഫ് സർക്കാർ അന്ന് കുടിയിറക്കിയവർക്ക് 10 വർഷത്തിനുശേഷവും പാക്കേജിലെ വ്യവസ്ഥകൾ പ്രകാരമുള്ള പുനരധിവാസം പൂർണ്ണമായി ലഭിച്ചിട്ടില്ല. 44 കുടുംബങ്ങൾക്കു മാത്രമേ പുനരധിവാസഭൂമിയിൽ വീടുവച്ചു താമസം തുടങ്ങാനായിട്ടുള്ളൂ. അതിൽ തന്നെ പല വീടുകളും ചതുപ്പ് നികത്തി സൃഷ്ടിച്ച പുനരധിവാസഭൂമിയുടെ ഉറപ്പില്ലായ്മ മൂലം ചരിയുകയും വാസയോഗ്യമല്ലാതാകുകയും ചെയ്തിരിക്കുന്നു. എല്ലാ കുടുംബത്തിലെയും ഒരാൾക്കുവീതം ജോലി നൽകുമെന്ന പാക്കേജ് വ്യവസ്ഥയും വീടുവച്ച് താമസം തുടങ്ങുന്നതുവരെ പ്രതിമാസം വാടക നൽകുമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടിട്ടില്ല. കക്ഷി-രാഷ്ട്രീയത്തിനതീതമായി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂലമ്പിള്ളിക്കാർ നടത്തിയ സമരവും സമരസഹായസമിതിയായി നിലനിന്ന കേരളത്തിന്റെ മനഃസാക്ഷിയും ഒത്തുചേർന്നപ്പോഴും 316 കുടുംബങ്ങൾക്ക് ഇതുമാത്രമേ നേടിയെടുക്കാനായുള്ളൂ.

ലക്ഷക്കണക്കിനാളുകൾക്ക് ഭൂമിയും വീടും കച്ചവടവും ചെറുകിടവ്യവസായങ്ങളും ജീവനോപാധികളും നഷ്ടപ്പെടുന്ന ദേശീയപാതയുടെ 45 മീറ്ററിലുള്ള കുടിയൊഴിപ്പിക്കൽ കഴിഞ്ഞാൽ ഇതിൽ ബഹുഭൂരിപക്ഷവും തെരുവാധാരമാകും. ഇന്നത്തെ അവസ്ഥയിൽ ഒരു നഷ്ടപരിഹാരവും പുനരധിവാസവും നടപ്പാക്കില്ലെന്ന് സ്പഷ്ടം. വ്യാപാരസ്ഥാപനങ്ങളെയും വാടകക്കാരെയും അതിലെ തൊഴിലാളികളെയും കണക്കിൽപ്പെടുത്തിയിട്ടുപോലുമില്ല. ബിഒടി കൊള്ളക്കാർക്കുവേണ്ടി, റോഡുകളിൽ വൻ ടോൾപിരിച്ചെടുക്കുവാനും സ്വകാര്യവൽക്കരിക്കുവാനുമുള്ള ഈ നീക്കത്തിനെതിരെ ദേശീയപാത സമരസമിതികളായ ആക്ഷൻ കൗൺസിലും ആക്ഷൻഫോറവും നടത്തുന്ന സമരത്തിന് ശക്തമായ പിന്തുണനൽകുവാൻ ഏവരോടും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി അഭ്യർത്ഥിക്കുന്നു.

Share this