സിറിയയുടെമേൽ യു.എസ് സാമ്രാജ്യത്വത്തിന്റെയും കൂട്ടാളികളുടെയും പ്രത്യക്ഷ സൈനികാക്രമണം

Spread our news by sharing in social media

രണ്ട് മാസം മുമ്പ്, സിറിയയിലെ കിഴക്കൻ ഗൂഡയിൽ കുട്ടികളുടെയും സ്ത്രീകളുടെയും അംഗഭംഗം വന്ന മൃതശരീരങ്ങളുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലാവുകയും മാരകമായ രാസായുധ പ്രയോഗമാണ് അതിന് കാരണമെന്ന ആരോപണം ഉയരുകയും ചെയ്തു. സിറിയൻ ഗവണ്മെന്റ് വിഷമയമായ ക്ലോറിൻ വാതകവും അതുപോലുള്ള രാസവസ്തുക്കളും സ്വന്തം ജനങ്ങൾക്കുമേൽ വർഷിച്ചുവെന്ന് യു.എസ്.സാമ്രാജ്യത്വം ഉടൻതന്നെ കുറ്റപ്പെടുത്തി. ഫോട്ടോകൾ ഉയർത്തിക്കാട്ടി യു.എസ് അധികൃതരും അവരുടെ റബ്ബർസ്റ്റാമ്പായി വർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയും (യു.എൻ) സിറിയൻ ജനങ്ങളുടെ കാര്യത്തിൽ കടുത്ത ഉൽക്കണ്ഠ രേഖപ്പെടുത്തി. സിറിയൻ പ്രസിഡന്റ് അസാദും അദ്ദേഹത്തിന്റെ ഗവണ്മെന്റും ജനങ്ങളെ മൃഗീയമായി കൊന്നൊടുക്കുകയാണെന്ന് അവർ ആരോപിച്ചു. അസാദിന്റെ ഭരണം പൈശാചികമാണെന്നും അതിന് അറുതിവരുത്തണമെന്നുമൊക്കെ പലപ്പോഴും ഉയർത്താറുള്ള വാദത്തിന് അവർ മൂർച്ച കൂട്ടി. യു.എന്നിൽ എന്തെങ്കിലും ഒരു ധാരണ ഉണ്ടായിവരുന്നതിന് അവസരം നൽകാതെ, യു.എസും ബ്രിട്ടണും ഫ്രാൻസും ചേർന്ന് അന്തർദ്ദേശീയ നിയമങ്ങളെയെല്ലാം ധിക്കാരപൂർവ്വം ചവിട്ടിയരച്ചുകൊണ്ട് മൂന്ന് സിറിയൻ കേന്ദ്രങ്ങൾക്കുമേൽ കനത്ത വ്യോമാക്രമണം നടത്തി. സിറിയയെ ആക്രമിക്കാനുള്ള പദ്ധതി ജർമ്മനിയും കൈക്കൊണ്ടിരുന്നുവെന്നാണ് റിപ്പോർട്ട്. അങ്ങനെ, യു.എസ് നേതൃത്വത്തിലുള്ള നാറ്റോ അംഗങ്ങൾക്ക് ഒരു തുറന്ന ഇടമായി സിറിയ മാറി. നേരത്തേ, അന്തർദ്ദേശീയ നിയമങ്ങൾ ലംഘിച്ചുകൊണ്ട് യുഎസ് പിന്തുണയോടെ സയണിസ്റ്റ് ഇസ്രായേലും ലെബനീസ് വ്യോമ മേഖലയിൽനിന്ന് സിറിയയെ ആക്രമിച്ചിരുന്നു. മധ്യ-പൂർവ്വ മേഖലയിൽ വീണ്ടും വലിയൊരു യുദ്ധം സൃഷ്ടിച്ചെടുക്കാനുള്ള കരുനീക്കങ്ങളുണ്ട് എന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.

വ്യാജവും കെട്ടിച്ചമച്ചതുമായ
കുറ്റങ്ങളുണ്ടാക്കി സൈനിക
ആക്രമണത്തിന് കോപ്പുകൂട്ടുന്നു

പെന്റഗൺ ഭരണാധികാരികളുടെയും കൂട്ടാളികളുടെയും ‘കടുത്ത ഉൽക്കണ്ഠ’ അൽപ്പായുസ്സിൽ ഒടുങ്ങി. രാസായുധ ആക്രമണത്തിന്റെ ഇരകളെന്ന നിലയിൽ പ്രചരിച്ച വാർത്തകളെല്ലാം കെട്ടിച്ചമച്ചതായിരുന്നുവെന്ന് തെളിഞ്ഞു. പാലസ്തീനിലെ ഗാസ, ഇറാഖിലെ മൊസുൾ എന്നിവിടങ്ങളിൽനിന്നുള്ളതായിരുന്നു യഥാർത്ഥത്തിൽ ആ ചിത്രങ്ങൾ. സിറിയൻ ഗവണ്മെന്റിനെ തേജോവധം ചെയ്യാനായി ബോധപൂർവ്വം അവ ഉയർത്തിവിടുകയായിരുന്നു. യു.എസ് നയിക്കുന്ന സാമ്രാജ്യത്വ ശക്തികൾ സിറിയയ്ക്കുമേൽ വ്യോമാക്രമണം നടത്തുന്നതിനുമുമ്പ്, അതിന്റെ മൃഗീയത അൽപ്പമൊന്ന് മറയ്ക്കാനായി, കെട്ടിച്ചമച്ച കുറ്റാരോപണത്തിന്മേൽ ഒരു ‘അന്വേഷണം’ ഏർപ്പെടുത്തുകയും ചെയ്തു. അതിൽ ഒട്ടും അത്ഭുതമില്ല. 1964 ൽ, ടോങ്കിൻ ഉൾക്കടലിൽവച്ച് വിയറ്റ്‌നാമിന്റെ നിരീക്ഷണ സൈനികബോട്ടുകൾ യു.എസ് യുദ്ധക്കപ്പലിനു നേരെ ആക്രമണം നടത്തി എന്ന വ്യാജവാർത്ത യു.എസ് അധികൃതർ പ്രചരിപ്പിക്കുകയും അതിന്റെ പേരിൽ അതിനീചമായ യുദ്ധാക്രമണം വിയറ്റ്‌നാമിനെതിരെ അഴിച്ചുവിടുകയും ചെയ്തു. പത്ത് വർഷങ്ങൾക്ക് മുമ്പ്, ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈൻ മാരകായുധങ്ങൾ കൈവശംവച്ചിരിക്കുന്നുവെന്ന കപടവാദമുയർത്തി ആ രാജ്യത്ത് അധിനിവേശം നടത്തുകയും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 3 ലക്ഷത്തിൽപ്പരം ആളുകളെ കൊന്നൊടുക്കി ആ രാജ്യത്തെ തവിടുപൊടിയാക്കുകയും ചെയ്തു. സൈനികാധിനിവേശത്തിനുശേഷം അവിടെ ഒരു പാവ ഗവണ്മെന്റിനെ അവരോധിച്ചു. സദ്ദാം ഹുസൈനെ കൊലപ്പെടുത്തുന്നതിനുവേണ്ടി ഒരു വിചാരണ പ്രഹസനം നടത്തി. പിന്നീട്, ഐ.എസ്.ഐ.എസ് പോലുള്ള അറുവഷളൻ ഭീകരസംഘടനകൾക്കുമുമ്പിൽ വാതിൽ മലർക്കെ തുറന്നിട്ടു. പേരിലൊതുങ്ങിയ സ്ഥിതിയിൽനിന്ന് തഴച്ചുവളരാനും മോചനദ്രവ്യത്തിനുവേണ്ടി ആ പ്രദേശത്തെയും സമീപസ്ഥലങ്ങളെയും തടവിലാക്കാനുമുള്ള അവസരം അവർക്കങ്ങനെ ലഭിച്ചു. യു.എസും പിണിയാളുകളുമാണ് അവർക്ക് പിന്തുണയും ആയുധബലവും നൽകുന്നത്. സാമ്രാജ്യത്വ ശക്തികളുടെ അടുത്ത നോട്ടം ലിബിയയുടെ നേർക്കായിരുന്നു. പാൻ-അറബിക് ദേശീയതയുടെ വക്താവായിരുന്നു ലിബിയൻ പ്രസിഡന്റ് മുഅമ്മർ ഗദ്ദാഫി. എല്ലാ അറബ് രാജ്യങ്ങളും ‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ആഫ്രിക്ക’ എന്ന ഒറ്റ രാജ്യമായി ലയിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതോടെ അദ്ദേഹം യു.എസ് സാമ്രാജ്യത്വ ശക്തിയുടെ കണ്ണിലെ കരടായി മാറി. കുപ്രസിദ്ധമായ സി.ഐ.എ യെത്തന്നെ യു.എസ് ഭരണാധികാരികൾ രംഗത്തിറക്കി. ഗദ്ദാഫി വിരുദ്ധരും അസംതൃപ്തരുമായ വിവിധ ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകാനും തുടർന്ന് അവയെയെല്ലാം ദേശീയ പരിവർത്തന സഭ (നാഷണൽ ട്രാൻസിഷണൽ കൗൺസിൽ – എൻ.ടി.സി) എന്ന കെട്ടിയെഴുന്നള്ളിച്ച വിമത സംഘടനയിൽ ഒരുമിപ്പിക്കാനുമുള്ള ദൗത്യം സി.ഐ.എ ഏറ്റെടുത്തു. ഗദ്ദാഫിയുടെ ‘സ്വേച്ഛാധിപത്യ ത്തിനെതിരെ പൊരുതുന്ന’ സമാധാനപ്രിയരുടെ ജനാധിപത്യപ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നവരെന്ന നിലയിലാണ് എൻ.ടി.സി അവതരിപ്പിക്കപ്പെട്ടത്. സ്വേച്ഛാധിപത്യ വാഴ്ചയുടെ പിടിയിൽനിന്ന് ‘രാജ്യത്തെ മോചിപ്പിക്കാനായി’ജനകീയ സേനകളെയും അത് സംഘടിപ്പിച്ചു. തുടർന്ന്, ഗദ്ദാഫി മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നുവെന്ന ചിട്ടയായ പ്രചാരണത്തിന്റെ ചുവടുപിടിച്ച്, എവ്വിധവും അധികാരം പിടിച്ചെടുക്കാനുള്ള എൻ.ടി.സിയുടെ ഹീനമായ കരുനീക്കങ്ങളെ സഹായിക്കാനായി, ലോകാഭിപ്രായത്തെ തൃണവൽഗണിച്ചുകൊണ്ടും ബ്രിട്ടണും ഫ്രാൻസുമായും ചേർന്ന് യു.എസ് സാമ്രാജ്യത്വം ലിബിയയുടെ മേൽ പ്രത്യക്ഷ സൈനികാക്രമണം നടത്തി. ലിബിയയിലെ പൗരജീവിത്തെ സംരക്ഷിക്കുകയാണെന്ന ‘മനുഷ്യത്വപരമായ’ ദൗത്യമായാണ് അവർ ആ പൈശാചിക കൃത്യത്തെ വിശേഷിപ്പിച്ചത്. സാമ്രാജ്യത്വ സേവ നടത്തുന്ന ഐക്യരാഷ്ട്ര സംഘടനയാകട്ടെ അതിന് കൂട്ടുനിൽക്കുകയും ചെയ്തു. യു.എസ് സാമ്രാജ്യത്വവും കൂട്ടാളികളും ഗദ്ദാഫിയെ അതിനിഷ്ഠുരമായി കൊലപ്പെടുത്തി. സാമ്രാജ്യത്വ കഴുകന്മാരുടെ അടുത്ത നോട്ടം സിറിയൻ പ്രസിഡന്റ് ബഷർ അൽ-അസദിന് നേരെയാണ്.

സിറിയ – കെട്ടിച്ചമച്ച കുറ്റകൃത്യങ്ങളുടെ അടുത്ത ഇര

ഇറാഖിലും ലിബിയയിലും പ്രയോഗിച്ച അതേ ശൈലി തന്നെയാണ് സിറിയയിലും സാമ്രാജ്യത്വ ശക്തികൾ പിന്തുടരുന്നത്. യു.എസ് ശാസനകൾക്ക് വഴങ്ങാൻ ദീർഘകാലമായി പ്രസിഡന്റ് അസദ് തയ്യാറാകുന്നില്ല. അക്കാരണത്താൽ, യു.എസ് സാമ്രാജ്യത്വവും കൂട്ടാളികളും ‘സിറിയൻ വിമോചന സേന’ (എഫ്.എസ്.എ) എന്നറിയപ്പെടുന്ന ഒരു വിമതവിഭാഗത്തെ സുന്നി മൗലികവാദത്തെ കേന്ദ്രീകരിച്ച് സൃഷ്ടിച്ചെടുത്തു. പ്രസിഡന്റ് ബഷർ അൽ-അസദിനെ പുറത്താക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ജനാധിപത്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭമെന്ന് വിശേഷിപ്പിച്ചുകൊണ്ട് അവർ അതിന് സർവ്വാർത്ഥത്തിലുമുള്ള സഹായസഹകരണങ്ങളും നൽകി. അതേസമയംതന്നെ, സാമ്പത്തികസഹായവും പരിശീലനവും ആയുധവും നൽകി ഭീകരവാദികളെയും അൽഖ്വെയ്ദ, ജിഹാദി മതാന്ധർ തുടങ്ങി ലക്ഷക്കണക്കിന് കൂലിപ്പടയാളികളെയും അവർ സൃഷ്ടിച്ചു. അസദ് ഭരണത്തെ സിറിയയ്ക്കുള്ളിൽ നിന്ന് അസ്ഥിരമാക്കുകയാണ് അതിന്റെയെല്ലാം ഉദ്ദേശ്യം. അൽ-ഖ്വെയ്ദ പോലുള്ള വിമതർക്ക് സിറിയയ്ക്കുള്ളിൽ പ്രവർത്തിക്കാനുള്ള പരിശീലനം ഖത്തർ നൽകുകയുണ്ടായി. ഖത്തർ വഴി ജർമ്മൻ ആയുധങ്ങൾ ഐ.എസ്.ഐ.എസിന് ലഭിച്ചുകൊണ്ടിരുന്നു. എന്നിരുന്നാലും, കെട്ടിയിറക്കിയ ഈ ‘വിമതർക്കും’ കലാപകാരികൾക്കും അസദിനെ അട്ടിമറിക്കാൻ കഴിഞ്ഞില്ല. അസദിൽനിന്ന് അവർക്ക് യാതൊരു ദാക്ഷിണ്യവും ലഭിച്ചില്ല. മറിച്ച്, ദീർഘകാലമായി സിറിയൻ ജനതയുടെ ഉള്ളിലുള്ള യു.എസ്.സാമ്രാജ്യത്വ വിരുദ്ധ മനോഭാവത്തിന്റെ പ്രത്യക്ഷഫലമെന്ന നിലയിൽ അസദിന് ജനപിന്തുണ വർദ്ധിച്ചുകൊണ്ടേയിരുന്നു. 2013 ൽ ദമാസ്‌കസിൽ മാരകമായ സരിൻ വാതകമുപയോഗിച്ച് നൂറുകണക്കിന് പൗരന്മാരെ അസദ് ഗവണ്മെന്റ് കൊന്നൊടുക്കിയെന്ന വ്യാജവാർത്ത യു.എസ് സാമ്രാജ്യത്വ സംഘം പ്രചരിപ്പിച്ചു. അതിനവർ തങ്ങളുടെ സുഘടിതമായ പ്രചാരണ സംവിധാനങ്ങളെയും കുപ്രസിദ്ധമായ ചാരസംഘടനകളെയും ആവുന്നത്രത്തോളം ഉപയോഗിച്ചു. പക്ഷെ, രാസായുധം മൂലമുള്ള ആ മരണങ്ങൾക്ക് അസദ് ഗവണ്മെന്റല്ല കാരണക്കാരെന്നും കുറ്റാരോപണം വ്യാജവും യു.എസ് സാമ്രാജ്യത്വത്തിന്റെ പ്രത്യക്ഷ സൈനിക ഇടപെടൽ ക്ഷണിച്ചുവരുത്താനായി അൽ-ഖ്വെയ്ദ പോലുള്ള ഭീകരസംഘടനകൾ കരുതിക്കൂട്ടി സൃഷ്ടിച്ചെടുത്തതുമാണെന്ന് വെളിപ്പെട്ടു. 1968 ൽ വിയറ്റ്‌നാമിലെ മൈ ലെയ് കൂട്ടക്കൊല പുറത്തുകൊണ്ടുവന്ന പ്രമുഖ ജേർണലിസ്റ്റ് സിയ്‌മെർ ഹെർഷിന്റെ അന്വേഷണം, സിറിയയിൽ ബ്രിട്ടീഷ് അംബാസഡറായിരുന്ന പീറ്റർ ഫോർഡിന്റെ നിരീക്ഷണം, ഇറാഖിലെ യു.എൻ ആയുധ പരിശോധകനായിരുന്ന സ്‌കോട്ട് റിട്ടറിന്റെ വെളിപ്പെടുത്തലുകൾ, അടുത്തകാലം വരെ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന റക്‌സ് ടില്ലർസന്റെ കുമ്പസാരം തുടങ്ങിയവയാണ് സത്യം പുറത്തുകൊണ്ടുവന്നത്. കരുതിക്കൂട്ടി ‘കലാപം’ സൃഷ്ടിക്കാൻ പലതും പയറ്റിയെങ്കിലും അസദ് ഭരണത്തെ തട്ടിത്തെറിപ്പിക്കാനാകാതെവന്ന സാഹചര്യത്തിൽ, യു.എസ് ഭരണാധികാരികൾ ഒരിക്കൽക്കൂടി, കഴിഞ്ഞ ഡിസംബറിൽ, അസദ് ഗവണ്മെന്റിനെതിരെ കുറ്റാരോപണവുമായി രംഗത്തുവന്നു. സിറിയയിലെ ഖാൻ ഷെയ്ഖൂൺ മേഖലയിൽ രാസായുധ പ്രയോഗം നടത്തി എന്നതായിരുന്നു ആരോപണം. അതിന്റെ പേരിൽ സിറിയൻ ആർമിയുടെ ഷെയ്‌റാത്ത് വ്യോമത്താവളം യു.എസ് നിരന്തരമായ വ്യോമാക്രമണത്തിലൂടെ തകർത്തുതരിപ്പണമാക്കി. പക്ഷെ, അത്തരം രാസായുധ പ്രയോഗത്തിന് യാതൊരു തെളിവുമില്ലെന്ന് അപ്പോഴത്തെ യു.എസ് പ്രതിരോധ സെക്രട്ടറിയായ ജെയിംസ് മാറ്റിസ് തന്നെ വ്യക്തമാക്കിയതോടെ യു.എസിന്റേത് കള്ളപ്രചാരണമായിരുന്നുവെന്ന് തെളിഞ്ഞു. നേരെമറിച്ച്, രഹസ്യ അന്വേഷക ഏജൻസികളുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്, ഖാൻ ഷെയ്ഖൂണിലെ സിറിയൻ പൗരന്മാർക്കു മേലുള്ള കുറ്റകരമായ രാസായുധ പ്രയോഗം അസദ് ഗവണ്മെന്റിനെ പുറത്താക്കുന്നതിനുവേണ്ടി യു.എസ് ഇന്റലിജെൻസ് ആസൂത്രണം ചെയ്ത് നടപ്പിൽവരുത്തിയതാണെന്നാണ്.
തങ്ങളുടെ നികൃഷ്ടമായ ദൗത്യം നടപ്പിൽവരുത്താനുള്ള അട്ടിമറിപ്പണികളിൽനിന്ന് പിന്നാക്കംപോകാൻ യു.എസ് സാമ്രാജ്യത്വം ഒട്ടും ഒരുക്കമല്ല. സിറിയൻ തലസ്ഥാനമായ ദമാസ്‌കസിനോട് തൊട്ടുചേർന്നുള്ള കിഴക്കൻ ഗൂഡയിലെ ദൂമ എന്ന പട്ടണം വളരെക്കാലമായി സായുധരായ നിരവധി ഭീകരവാദി ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. സൗദി പിന്തുണയ്ക്കുന്ന ജയഷ് അൽ-ഇസ്ലാം, അൽ-ഖ്വെയ്ദ ബന്ധമുള്ള ഹയദ് താഹിർ അൽ-ഷാം, യുഎസിന്റെയും യൂറോപ്പിലെ അവരുടെ സാമ്രാജ്യത്വ കൂട്ടാളികളുടെയും പിന്തുണയുള്ള അഹ്‌റർ അൽ-ഷാം തുടങ്ങിയവ അവയിൽപ്പെടുന്നു. ഉപരോധത്തിലായ ഈ നഗരത്തെ ഉപയോഗപ്പെടുത്തിയാണ് ഭീകരവാദ-മതമൗലികവാദ ശക്തികൾ ദമാസ്‌കസ് ഉന്നമാക്കി മാരകമായ മിസൈലാക്രമണം നടത്തുകയും സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള പൗരന്മാരെ കൊലപ്പെടുത്തുകയും ചെയ്യുന്നത്. ഫെബ്രുവരി 21 മുതൽ അത്തരം നിരന്തരമായ മിസൈൽ ആക്രമണം നടന്നുവരികയായിരുന്നു. കിഴക്കൻ ഗൂഡയെ ഭീകരവാദികളുടെ നിയന്ത്രണത്തിൽനിന്ന് മോചിപ്പിച്ചുകൊണ്ടല്ലാതെ ദമാസ്‌കസ് സംരക്ഷിക്കാനാവില്ല എന്ന ഒരു സ്ഥിതിയിലേക്ക് സിറിയൻ ആർമിയെ കൊണ്ടെത്തിച്ചു. അങ്ങനെ അവർ ഭീകരവാദികളുടെ ഒളിത്താവളങ്ങളും കേന്ദ്രങ്ങളും പ്രത്യേകിച്ചും അവരുടെ മിസൈൽ ശേഖരങ്ങൾ വ്യോമാക്രമണത്തിലൂടെ തകർക്കാൻ തുടങ്ങി. ഭീകരവാദ ഗ്രൂപ്പുകളുടെ കിരാതമായ കൊലപാതകങ്ങളും മനുഷ്യത്വരഹിതമായ പീഡനങ്ങളും മർദ്ദനങ്ങളും കൊണ്ട് പൊറുതിമുട്ടിയ കിഴക്കൻ ഗൂഡയിലെ ജനങ്ങൾ നഗരത്തെ മോചിപ്പിക്കാനെത്തിയ സിറിയൻ സൈന്യത്തെ പൂർണ്ണമനസ്സോടെ പിന്തുണച്ചു.

സിറിയൻ ഗവണ്മെന്റിന്റെ സേനകൾ അധികം താമസിയാതെ തന്നെ കിഴക്കൻ ഗൂഡ മോചിപ്പിക്കുമെന്ന് മനസ്സിലാക്കിയ യു.എസ് അനുകൂല ഭീകരസംഘടനകൾ ഭക്ഷ്യശേഖരങ്ങൾ പൂഴ്ത്തിവയ്ക്കുകയും ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്തു. തടവിലാക്കപ്പെട്ട പൗരന്മാരെ മോചിപ്പിക്കാനും നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും സിറിയൻ ഗവണ്മെന്റ് സേന ശ്രമിച്ചപ്പോഴെല്ലാം ആ ഭീകരസംഘടനകൾ തടവിലായവരെ മറയാക്കി ഉപയോഗിച്ചു. പക്ഷെ അവയെയെല്ലാം മറികടന്ന് സിറിയൻ സേന കിഴക്കൻ ഗൂഡയിലെ ഭീകരവാദികളുടെ താവളങ്ങൾ ഇടിച്ചുനിരപ്പാക്കുകയും വിമതർ’ക്കുമേൽ വിജയകരമായി മുന്നേറുകയായിരുന്നു. ജയ്ഷ് അൽ-ഇസ്ലാമിന്റെയും മറ്റ് ഭീകര സംഘടനകളുടെയും പിടിയിലായിരുന്ന ദൂമ നഗരമായിരുന്നു അവസാനമായി മോചിപ്പിക്കേണ്ടിയിരുന്നത്. അവർക്ക് അവിടംവിട്ട് പോവുകയല്ലാതെ മറ്റ് മാർഗ്ഗവുമില്ലായിരുന്നു. പരാജയം മണത്ത യു.എസ് സാമ്രാജ്യത്വം, ഒരു കൗശലപ്രയോഗത്തിന്റെ ആദ്യപടിയെന്ന നിലയിൽ, കിഴക്കൻ ഗൂഡയിൽ 30 ദിവസം വെടിനിർത്തൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. അവരോട് വിധേയത്വമുള്ള വിമതന്മാർക്കും ഭീകരവാദികൾക്കും രക്ഷപെടാനുള്ള മാർഗ്ഗം ഉറപ്പാക്കുകയെന്നതായിരുന്നു അതിന്റെ ലക്ഷ്യം. പക്ഷെ ബന്ദിയാക്കപ്പെട്ട കിഴക്കൻ ഗൂഡയിലെ പൗരന്മാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനും തുടർന്ന് രണ്ടുംകൽപ്പിച്ചുള്ള ആക്രമണം പുനരാരംഭിക്കാനുമായി 5 മണിക്കൂർ നേരത്തേക്ക് മാത്രം സിറിയൻ ഗവണ്മെന്റ് വെടിനിർത്തൽ അംഗീകരിച്ചു. ഈ സന്ദർഭത്തിലാണ് പ്രത്യക്ഷ സൈനികാക്രമണത്തെ ‘ന്യായീകരിക്കാനായി’ സിറിയൻ സേനയുടെ രാസായുധ ആക്രമണമെന്ന വ്യാജവാർത്ത വീണ്ടും പ്രചരിക്കപ്പെട്ടത്. തികച്ചും അപഹാസ്യം! വിജയത്തിന്റെ ഈ മുഹൂർത്തത്തെ പൊടുന്നനെ വിഷവാതക ആക്രമണം അഴിച്ചുവിടാൻ സിറിയൻ ഗവണ്മെന്റ് എന്തിന് തെരഞ്ഞെടുക്കണം? സിറിയയിൽ ഇപ്പോൾ പരിശോധന നടത്തുന്ന രാസായുധ നിരോധന സംഘടന സ്ഥിരീകരിക്കുന്നത്, നശീകരണായുധങ്ങൾ സിറിയയുടെ പക്കലില്ല എന്നതാണ്. വൈറ്റ് ഹെൽമെറ്റ്‌സ് എന്ന ഒരു ബ്രിട്ടീഷ് എൻജിഒ, ഏപ്രിൽ 7-ന് ദൂമയിൽ ഒരു വ്യാജ രാസായുധ ആക്രമണം സംഘടിപ്പിച്ചുവെന്നും യു.എസ്-ബ്രിട്ടൺ-ഫ്രാൻസ് സംയുക്ത നടപടിക്ക് ന്യായമായി ഈ സംഭവത്തെ ഉപയോഗപ്പെടുത്തിയെന്നുമാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ഒരു കാര്യം വ്യക്തമാണ്. വിമത ഭീകര ഗ്രൂപ്പുകൾക്കെതിരെ എപ്പോഴൊക്കെ സിറിയൻ സേന മുന്നേറിയോ അപ്പോഴെല്ലാം യുഎസും കൂട്ടാളികളും അസദ് ഗവണ്മെന്റിനെതിരെ കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കഴിഞ്ഞ വർഷം അത് ഖാൻ ഷെയ്ഖൂൺ ആയിരുന്നു. ഈ വർഷം അത് ദൂമ ആയി. രാസായുധങ്ങൾക്കും അതുണ്ടാക്കുന്ന ദുരിതങ്ങൾക്കും എതിരാണെന്ന മട്ടിലാണ് യു.എസ്-ബ്രിട്ടൺ സാമ്രാജ്യത്വ ഇരട്ടകൾ നടിക്കുന്നത്. അവിശ്വസനീയം! എതിരാളികൾക്കുമേൽ സൈനികവിജയം നേടാനായി ജനങ്ങൾക്കുമേൽ ലക്കും ലഗാനുമില്ലാതെ രാസായുധവും ആണവായുധവും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത് മറ്റാരുമല്ല, യു.എസ് സാമ്രാജ്യത്വ ശക്തികളാണെന്ന് ലോകത്തിന് മുഴുവൻ അറിയാം. ജപ്പാൻ, കൊറിയ, വിയറ്റ്‌നാം, ഇറാഖ്, ലിബിയ തുടങ്ങി അനവധി സ്ഥലങ്ങളിൽ ഇത് സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ അത് സിറിയയിൽ സംഭവിക്കുകയാണ്. അങ്ങനെ ‘അട്ടിമറി’യുടെ വീരചരിതം കിറുകൃത്യമായി ആവർത്തിക്കപ്പെടുന്നു.

അസദിനെ പുറത്താക്കാൻ യു.എസ് വാശിപിടിക്കുന്നത് എന്തുകൊണ്ട്?

പ്രസിഡന്റ് അസദിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ യു.എസ് കഠിനശ്രമം നടത്തുന്നത് എന്തിന് എന്നതാണ് പ്രകടമായ ചോദ്യം. അതിന് ആദ്യംതന്നെ പ്രസക്തമായ ഏതാനും സാമ്പത്തിക-രാഷ്ട്രീയ വിഷയങ്ങൾ നമ്മുടെ അറിവിൽ വരേണ്ടതുണ്ട്. ഒന്നാമതായി, സിറിയ ഒരു പ്രധാനപ്പെട്ട ക്രൂഡ്ഓയിൽ ഉൽപ്പാദക രാജ്യമല്ലെങ്കിലും, ദശാബ്ദങ്ങൾക്കുമുമ്പുമുതലേ സൗദി അറേബ്യയുടെയും ഇറാഖിന്റെയും എണ്ണക്കുഴലുകൾ സിറിയൻ മരുഭൂമികളിലൂടെയാണ് കടന്നുപോകുന്നത്. അതുവഴി സിറിയയ്ക്ക് നല്ല നികുതിവരുമാനവും ലഭിച്ചിരുന്നു. രണ്ടാമതായി, ലോകത്ത് അറിയപ്പെടുന്ന ഏറ്റവും വലിയ പ്രകൃതിവാതക ശേഖരം പേർഷ്യൻ ഉൾക്കടലിന്റെ മധ്യഭാഗത്താണ് സ്ഥിതിചെയ്യുന്നത്. അതിന്റെ ഇരട്ടമുനമ്പുകളിലൊന്ന് ഖത്തർ തീരക്കടലിലും മറ്റേത് ഇറാനിലുമാണ്. വളരെക്കാലമായി യു.എസ് സാമ്രാജ്യത്വം ഈ ശേഖരങ്ങളുടെമേൽ കണ്ണുംനട്ടിരിക്കുകയാണ്. സൈനികക്കരുത്ത് കാട്ടിയും മറ്റ് ഹീനമായ മാർഗ്ഗങ്ങളെല്ലാം അവലംബിച്ചും ആ മേഖലയുടെ മേൽ നിയന്ത്രണം സ്ഥാപിക്കാൻ അവർ ജാഗരൂകരായി നിലകൊള്ളുകയാണ്. 2011 ജൂലൈയിൽ, സിറിയൻ ഗവണ്മെന്റും ഇറാനും ഇറാഖും തമ്മിൽ ചരിത്രപ്രധാനമായ ഒരു വാതക പൈപ്പ്‌ലൈൻ ഊർജ്ജക്കരാറിൽ ഒപ്പുവച്ചു. പേർഷ്യൻ ഉൾക്കടലിൽ സൗത്ത്പാർസ് വാതകശേഖരത്തിനടുത്തുള്ള ഇറാന്റെ ആസ്സലൂയ തുറമുഖത്തുനിന്ന് ആരംഭിച്ച് ഇറാഖിലൂടെ കടന്ന് സിറിയയിലെ ദമാസ്‌കസ് വരെയാണ് നിർദ്ദിഷ്ട പൈപ്പ്‌ലൈൻ. കരാറനുസരിച്ച്, ലെബനോണിലെ വാതകശേഖരം കൂടി ഉൾപ്പെടുന്ന പ്രകൃതിവാതകസമാഹരണത്തിന്റെയും ഉൽപ്പാദനത്തിന്റെയും ഒരു കേന്ദ്രമായി സിറിയ മാറും. ഇറാനിൽനിന്ന് ആരംഭിച്ച് ഇറാഖ്, സിറിയ, ലെബനോൺ വരെ നീളുന്ന ഈ മേഖല രാഷ്ട്രീയമായി തന്ത്രപ്രധാനമെന്ന നിലയിലാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇറാനും ഇറാഖുമായി ഒപ്പുവച്ചതിന് തൊട്ടുപിന്നാലെ സിറിയ തങ്ങളുടെ പ്രദേശത്തുള്ള ഖ്വരഹാണ്ടിൽ ഒരു വാതകക്കിണർ കണ്ടെത്തിയതായി പ്രഖ്യാപിച്ചു. സിറിയയിൽ പുതുതായി കണ്ടെത്തിയ വാതകമേഖലകളിലെ പ്രധാന നിക്ഷേപകരും നടത്തിപ്പുകാരുമായി ഗ്യാസ്‌പ്രോം തെരഞ്ഞെടുക്കപ്പെട്ടു. പ്രകൃതിവാതകത്തിന്റെ ഉൽപ്പാദന-വിതരണ-വിൽപ്പന രംഗത്തുള്ള ഒരു വൻകിട റഷ്യൻ കമ്പനിയാണ് ഗ്യാസ്‌പ്രോം. മറ്റൊരു കാര്യം, പ്രകൃതിവാതകത്തിന്റെ ലോകത്തെ ഏറ്റവും വലിയ കമ്പോളമാണ് യൂറോപ്യൻ യൂണിയൻ. വിപുലമായ കമ്പോളത്തെ മുന്നിൽക്കണ്ട് സ്വന്തമായി വാതകശേഖരങ്ങളുമുള്ള ഇറാൻ, ദമാസ്‌കസിൽനിന്ന് ലെബനോണിന്റെ മെഡിറ്ററേനിയനിലേക്ക് പൈപ്പ്‌ലൈൻ നീട്ടാനും പദ്ധതിയിട്ടുണ്ട്. മറുഭാഗത്ത്, യൂറോപ്യൻ യൂണിയന്റെ ഇതേ കമ്പോളത്തിൽ ഖത്തറും നോട്ടമിട്ടിരിക്കുകയാണ്. ഇതുവരെയും യു.എസ്-സൗദി കൂട്ടുകെട്ടിലെ വളരെ അടുത്ത ഒരു സഖ്യശക്തിയായ ഖത്തർ, ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി രാജ്യം കൂടിയാണ്. അങ്ങനെ, മെഡിറ്ററേനിയനിലേക്ക് പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ ഖത്തറും ആലോചിക്കുന്നുണ്ട്. അതുകൊണ്ട്, അവർക്ക് സിറിയയെ കളത്തിൽനിന്ന് പുറത്താക്കണം. വാസ്തവം പറഞ്ഞാൽ, ഖത്തറിലെ വടക്കൻ പാടശേഖരത്തുനിന്ന് സിറിയ വഴി തുർക്കിയിലേക്കുള്ള ഒരു വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കാനുള്ള ഒരു നിർദ്ദേശവുമായി 2009 ൽ ഖത്തർ അസദ് ഗവണ്മെന്റിനെ സമീപിച്ചിട്ടുണ്ടായിരുന്നു. റഷ്യയുമായും ഗ്യാസ്‌പ്രോമുമായുമുള്ള ദീർഘകാലത്തെ സൗഹൃദബന്ധം എടുത്തുപറഞ്ഞുകൊണ്ട് സിറിയ ആ നിർദ്ദേശം നിരസിച്ചു. തങ്ങളുടെ പ്രകൃതിവാതക-എണ്ണ മേഖലകളിലേക്കുള്ള യു.എസ് സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റം അസദ് തുടർച്ചയായി തടസ്സപ്പെടുത്തിവരികയായിരുന്നു. ഇത് യു.എസ്-സൗദി ചേരിക്ക് അസ്വാരസ്യമുണ്ടാക്കി. എണ്ണവ്യാപാരത്തിനുള്ള നാണയമായി യു.എസ് ഡോളർ ഒഴിവാക്കി യൂറോ ഏർപ്പെടുത്തുകയും യു.എസ് ബഹുരാഷ്ട്രക്കമ്പനികൾ വിതരണം ചെയ്തിരുന്ന ജനിതകമാറ്റംവരുത്തിയ വിത്തുകൾ നിരോധിക്കുകയും ചെയ്ത അസദിന്റെ നടപടികൾ യു.എസ് സാമ്രാജ്യത്വത്തെ കൂടുതൽ വിറളിപിടിപ്പിച്ചു. മധ്യ-പൂർവ്വ ദേശത്ത് യു.എസിന്റെ സാമ്പത്തിക-രാഷ്ട്രീയ തന്ത്രങ്ങൾക്കേൽക്കുന്ന തിരിച്ചടി തങ്ങളുടെ ഗൂഢമായ വർഗ്ഗതാൽപ്പര്യം സംരക്ഷിക്കാനായി പിന്തുടർന്നുവരുന്ന അധീശത്വ പദ്ധതികളെ അതിഗുരുതരമായ ബാധിക്കുമെന്ന്, യു.എസ് സാമ്രാജ്യത്വവാഴ്ചയെ ഉറപ്പിച്ചുനിർത്തുന്ന, യു.എസ് കുത്തകകളും ബഹുരാഷ്ട്രക്കമ്പനികളും ബാങ്കുകളും ഭയപ്പെട്ടു. അവിടെ യു.എസ് താൽപ്പര്യങ്ങൾ അപകടത്തിലാവുകയും യു.എസ് മിലിട്ടറി ആ മേഖലയിൽനിന്ന് പിൻവാങ്ങാൻ നിർബ്ബന്ധിതമാവുകയും ചെയ്യുകയാണെങ്കിൽ അത് റഷ്യയ്ക്കും ചൈനയ്ക്കും ഗുണപരമായി ഭവിക്കും. പ്രതിവിപ്ലവത്തിനുശേഷം മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങളായി മാറിയ ഈ രണ്ട് രാജ്യങ്ങളും ഇന്ന് ആഗോള മുതലാളിത്ത കമ്പോളത്തിലെ പ്രധാന മത്സരക്കാരായി ഉദയംചെയ്തിരിക്കുകയാണ്. പശ്ചിമേഷ്യയിലെ മറ്റൊരു യു.എസ് വിരുദ്ധ രാഷ്ട്രമായ ഇറാന്റെ സ്ഥാനവും അത് ബലപ്പെടുത്തും. സിറിയയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയും അവിടെ ഒരു പാവ ഗവണ്മെന്റിനെ അവരോധിക്കുകയും ചെയ്യുകയെന്നത് യു.എസിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായിമാറുന്ന നിർബ്ബന്ധിത സാഹചര്യം ഇതാണ്.
സിറിയയും ഒരു ഏകീകൃത അർദ്ധ-പ്രസിഡൻഷ്യൽ റിപ്പബ്ലിക് അഥവാ ഒരു ബൂർഷ്വാ സ്വേച്ഛാധിപത്യ രാഷ്ട്രമാണെന്ന വസ്തുതയും പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ട് നിശ്ചയമായും ബൂർഷ്വാ മർദ്ദനത്തിനും ചൂഷണത്തിനും വിധേയരാണ് അവിടത്തെ ജനങ്ങൾ. മറ്റെല്ലാ മുതലാളിത്ത രാജ്യങ്ങളിലെയും ഭരണ ബൂർഷ്വാസിയെപ്പോലെ തന്നെ സിറിയയിലെ ബൂർഷ്വാസിക്കും, ഊർദ്ധശ്വാസം വലിക്കുന്ന ജീർണ്ണമുതലാളിത്തത്തിന്റേതായ ഇന്നത്തെ കാലഘട്ടത്തിൽ, ജനങ്ങളുടെ ജനാധിപത്യാഭിലാഷങ്ങൾ സഫലമാക്കാൻ കഴിയില്ല. അതുകൊണ്ട് ഉറപ്പായും സിറിയൻ ജനങ്ങൾക്കിടയിൽ അസംതൃപ്തിയുണ്ടാകും. പക്ഷെ അതിനർത്ഥം, ഏതെങ്കിലും ഒരു സാമ്രാജ്യത്വ ശക്തിക്ക് അഥവാ മധ്യ-പൂർവ്വ മേഖലയിലെ യു.എസ് സാമ്രാജ്യത്വ അനുകൂലമായ ഏതെങ്കിലും ഒരു പിന്തിരിപ്പൻ ഗവണ്മെന്റിന് സിറിയയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാനോ ഭരണമാറ്റം ലക്ഷ്യംവച്ചുള്ള കുഴപ്പങ്ങൾ കുത്തിപ്പൊക്കി തങ്ങൾക്കിഷ്ടമുള്ള പിന്തിരിപ്പന്മാരെ ഉൾപ്പെടുത്തിയുള്ള പാവ ഗവണ്മെന്റിനെ അവരോധിക്കാനോ അധികാരമുണ്ടെന്നല്ല. ഏതൊരു രാജ്യത്തെയും ഭരണാധികാരികളെ തെരഞ്ഞെടുക്കാനുള്ള അവകാശം അതാതിടങ്ങളിലെ ജനങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യമാണ്. ഒരു പരമാധികാര രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഒരു വിദേശ ശക്തിയും നിയമവിരുദ്ധമായോ അനധികൃതമായോ ഇടപെടാൻ പാടില്ല. സൈനികകാക്രമണത്തിലൂടെ അധികാരഭ്രഷ്ടമാക്കുന്നത് ഒട്ടുംതന്നെ സ്വീകാര്യമല്ല. സിറിയ എന്തുമാർഗ്ഗം പിന്തുടരണമെന്നത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവിടത്തെ ജനങ്ങൾക്കുതന്നെ വിട്ടുകൊടുക്കണം. വിപ്ലവനേതൃത്വത്തിന് ജന്മംനൽകിക്കൊണ്ട് മോചനത്തിനുവേണ്ടി പൊരുതാനും ശരിയായ അടിസ്ഥാന രാഷ്ട്രീയ ലൈനിൽ മുന്നോട്ടുനീങ്ങാനും അവർക്ക് കഴിയണം.

സാമ്രാജ്യത്വ റഷ്യയുടെ പങ്ക്

മുതലാളിത്ത-സാമ്രാജ്യത്വ റഷ്യ അവരുടെ സ്വന്തം താൽപ്പര്യങ്ങൾ വച്ചുകൊണ്ടാണെങ്കിലും അസദിന്റെ സേനകൾക്ക് നല്ലൊരു കാലയളവ് വരെ ഭീഷണികളെ നേരിടാനുള്ള പൂർണ്ണപിന്തുണ നൽകിയിട്ടുണ്ട് എന്നത് ഈ സന്ദർത്തിൽ പരാമർശിക്കേണ്ടതുണ്ട്. സൈനിക ഇടപെടലുകൾ ഉൾപ്പെടെയുള്ള എല്ലാ സാമ്രാജ്യത്വ ഗൂഢപദ്ധതികൾക്കെതിരെയുമുള്ള ശക്തികേന്ദ്രമായി നിലയുറപ്പിച്ചിരുന്ന സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയനല്ല ഇന്നത്തെ റഷ്യ. 1991 ലെ പ്രതിവിപ്ലവത്തിലൂടെ അധികാരത്തിലേറിയ റഷ്യൻ ബൂർഷ്വാസി ഭരിക്കുന്ന ഈ റഷ്യ, മറ്റ് സാമ്രാജ്യത്വ രാജ്യങ്ങളെപ്പോലെ, സ്വന്തം സ്വാധീന മേഖലകൾ വ്യാപിപ്പിക്കുകയെന്ന അധീശത്വ താൽപ്പര്യങ്ങളാണ് പിന്തുടരുന്നത്.
മധ്യ-പൂർവ്വ മേഖലയിൽ എണ്ണയുടെയും വാതകത്തിന്റെയും മേൽ ആര് എത്രത്തോളം നിയന്ത്രണം ചെലുത്തണമെന്ന് നിശ്ചയിക്കുന്ന ഊർജ്ജയുദ്ധത്തിൽ യു.എസിനും സൗദി അറേബ്യ, ഖത്തർ പോലുള്ള അതിന്റെ സഖ്യരാജ്യങ്ങൾക്കും മുന്നിൽ അടിയറവ് പറയേണ്ടിവരുമോ എന്ന ആശങ്കയിൽനിന്നാണ് റഷ്യ സിറിയൻ യുദ്ധത്തിൽ പങ്കാളിയാകുന്നത്. മാത്രമല്ല, റഷ്യൻ കമ്പനിയായ ഗ്യാസ്‌പ്രോം ഉൽപ്പാദിപ്പിക്കുന്ന വാതകത്തിന്റെ 80 ശതമാനവും വിൽക്കുന്നത് യൂറോപ്പിലാണ്, ഭാഗികമായി തുർക്കിയിലൂടെയും സിറിയയിലൂടെയും. ഇറാനിലെ വാതക സമ്പന്ന കിഴക്കൻ പാർസ് മേഖലയിൽനിന്നും ഇറാഖ്, സിറിയ വഴി ലെബനോണിലെ മെഡിറ്ററേനിയൻ സമുദ്രതീരം വരെ നീളുന്ന നിർദ്ദിഷ്ട വാതക പൈപ്പ്‌ലൈൻ യൂറോപ്യൻ കമ്പോളത്തിനു മാത്രമല്ല ചൈന, ഇൻഡ്യ, പാക്കിസ്ഥാൻ തുടങ്ങി ഇതര ദക്ഷിണ-പൂർവ്വേഷ്യൻ രാജ്യങ്ങൾക്കും സഹായകരമാകും. രണ്ടാമതായി, എണ്ണയിൽ മാത്രം സമ്പന്നമായ സൗദി അറേബ്യയെയും പ്രകൃതിവാതകത്തിൽ മാത്രം സമ്പന്നമായ ഖത്തറിനെയും അപേക്ഷിച്ച് ഇറാനുള്ള മെച്ചം അത് ഒരേസമയം എണ്ണസമ്പന്നവും വാതകസമ്പന്നവുമാണ് എന്നതാണ്. ദീർഘനാളായി ഇറാനിയൻ ഭരണാധികാരികൾ റഷ്യയോട് സൗഹൃദം പുലർത്തുകയും യു.എസ് അധീശത്വത്തെ എതിർക്കുകയും ചെയ്തുവരികയാണ്. അതുകൊണ്ട്, ആ അനുകൂല സ്ഥിതി നഷ്ടപ്പെടാൻ റഷ്യ ആഗ്രഹിക്കുന്നില്ല. അതിനെ സംബന്ധിച്ചിടത്തോളം, ഇറാനുമായി ശക്തമായ സാമ്പത്തിക ബന്ധമുള്ളതും യു.എസ് പിന്തുണയുള്ള സൗദി ചേരിയുമായി എതിർപ്പുള്ളതുമായ സിറിയ പ്രത്യക്ഷത്തിൽത്തന്നെ ഒരു സ്വാഭാവിക ബന്ധുവാണ്. റഷ്യയെ മെരുക്കാനായി, യു.എസ് നേതൃത്വത്തിലുള്ള പശ്ചിമ സാമ്രാജ്യത്വ ശക്തികൾ കിഴക്കൻ യൂറോപ്പിലെയും ബാൾട്ടിക് രാജ്യങ്ങളിലെയും നാറ്റോ താവളങ്ങൾ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ഉക്രെയ്‌നിലെ റഷ്യൻ അനുകൂല ഗവണ്മെന്റിനെ പിന്നിൽനിന്ന് വലിച്ചുതാഴെയിട്ട് അവിടെ ഒരു ആഭ്യന്തരയുദ്ധം സൃഷ്ടിച്ചിരിക്കുകയുമാണ്. മറുവശത്ത്, റഷ്യയാകട്ടെ, അതിന്റെ ശക്തി സ്ഥാപിച്ചെടുക്കാനും സിറിയയിലെ യു.എസ് ഗൂഢപദ്ധതികളെ പരാജയപ്പെടുത്താനും സ്വന്തം സ്വാധീന മേഖലകൾ വ്യാപിപ്പിക്കാനും ശ്രമിക്കുകയാണ്. അറബ് ലോകത്തിനു മേലുള്ള ഈ സാമ്രാജ്യത്വ കടന്നാക്രമണം, ഈ മേഖലയിലും അവിടത്തെ പ്രകൃതി വിഭവങ്ങളുടെ മേലും അനിഷേധ്യമായ നിയന്ത്രണം സ്ഥാപിക്കാനായി സർവ്വശക്തിയോടെ കൗശലപൂർവ്വം ചാടിവീഴുന്ന സാമ്രാജ്യത്വ ശക്തികളുടെ മുഖമുദ്രയായ അത്യാർത്തിയാലും ക്രൂരതയാലും നയിക്കപ്പെടുന്നതാണെന്ന്, വ്യക്തമാകുന്നു.

ഒട്ടും കൂസാതെ പകൽക്കൊള്ള നടത്താൻ യു.എസ്
കൊള്ളസംഘത്തെ
പ്രേരിപ്പിക്കുന്നതെന്താണ്?

സാമ്രാജ്യത്വ കഴുകന്മാർ അറുവഷളൻ യുദ്ധദാഹികളായി മാറിയതെന്തുകൊണ്ടെന്നും മറ്റ് രാജ്യങ്ങളുടെമേൽ ഒന്നിനുപിറകെ ഒന്നായി സൈനികാക്രമണം നടത്താനും, സൈനികക്കരുത്ത് കാട്ടി മറ്റ് പ്രദേശങ്ങൾ പിടിച്ചടക്കാനും, വിവിധ രാജ്യങ്ങളിൽ അട്ടിമറികൾ സംഘടിപ്പിച്ച് പാവ ഗവണ്മെന്റുകളെ അവരോധിക്കാനും, ലോകത്തുടനീളം പ്രത്യേകിച്ചും മധ്യ-പൂർവ്വ മേഖലയിൽ ഒരു യുദ്ധഭീതി നിലനിർത്താനും, പ്രാദേശികവും ഭാഗികവും ചിലപ്പോൾ വിപുലവുമായ യുദ്ധങ്ങൾ ചുറുചുറുക്കോടെ സംഘടിപ്പിക്കാനും യു.എസ് സാമ്രാജ്യത്വത്തിനും കുട്ടാളികൾക്കും എങ്ങനെ സാധിക്കുന്നു എന്നതാണ് ചോദ്യം. ഉത്തരം കിടക്കുന്നത് സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക ഉള്ളടക്കത്തിലും നിലനിൽക്കുന്ന അന്തർദ്ദേശീയ രാഷ്ട്രീയ സാഹചര്യത്തിലുമാണ്.
സാമ്രാജ്യത്വം യുദ്ധം സൃഷ്ടിക്കുന്നുവെന്ന് വളരെക്കാലം മുമ്പുതന്നെ മഹാനായ ലെനിൻ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്? കാരണം, മുതലാളിത്ത സമ്പദ്‌വ്യവസ്ഥ കമ്പോളത്തിന്റെ ആവശ്യകതയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. മുതലാളിത്ത ചൂഷണത്തിന്റെ ആന്തരിക നിയമപ്രകാരം, സാധാരണ ജനങ്ങളുടെ ക്രയശേഷി (വാങ്ങൽശേഷി അഥവാ വരുമാനം) പെട്ടെന്ന് ഇടിയുന്നു. അതുകൊണ്ട് കമ്പോളവും ചുരുങ്ങുന്നു. ആഭ്യന്തര കമ്പോളം ചുരുങ്ങുമ്പോൾ, സാമ്രാജ്യത്വ ശക്തികൾ വിദേശകമ്പോളങ്ങൾ പരതും. പക്ഷെ അപ്പോഴേക്കും കമ്പോളം പിടിച്ചെടുക്കുന്നതിനെ ചുറ്റിപ്പറ്റി സാമ്രാജ്യത്വ ശക്തികൾക്കിടയിൽ ഏറ്റുമുട്ടലുകളും ഉടലെടുക്കും. പലപ്പോഴും ഈ ഏറ്റുമുട്ടലുകൾ തുറന്ന സായുധഏറ്റുമുട്ടലുകളായി, അതായത് യുദ്ധങ്ങളായി, പരിണമിക്കും. ഒന്നും രണ്ടും ലോകയുദ്ധങ്ങൾ പിറവിയെടുത്തത് അങ്ങനെയാണ്. എന്നാൽ അധികം താമസിയാതെ വിദേശ കമ്പോളങ്ങളും വറ്റിത്തുടങ്ങുകയും മുതലാളിത്ത-സാമ്രാജ്യത്വ പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയും ചെയ്യും. രൂക്ഷമാവുന്ന പ്രതിസന്ധിയിൽനിന്ന് കരകയറാനായി, മുതലാളിത്ത-സാമ്രാജ്യത്വ ശക്തികൾ സാധാരണ രീതിയിലുള്ള ഉപഭോഗ കമ്പോളത്തെ ആശ്രയിക്കുന്നത് ചുരുക്കുന്നു, പകരം, സൈനികച്ചെലവ് വർദ്ധിപ്പിച്ച് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അതുവഴി പരമാവധി ലാഭം കൊയ്യാനും ശ്രമിക്കുന്നു. അതായത്, ജനങ്ങളിൽനിന്ന് ഗവണ്മെന്റ് സമാഹരിക്കുന്ന നികുതിവരുമാനത്തിന്റെ നല്ലൊരു പങ്ക് സൈനികബജറ്റിന് നീക്കിവയ്ക്കുകയും ഗവണ്മെന്റുതന്നെ ആ പണമുപയോഗിച്ച് കമ്പോളത്തിൽനിന്ന് യുദ്ധസാമഗ്രികൾ വാങ്ങിക്കൂട്ടുകയും ചെയ്യുന്നു. ഇതിനെ സമ്പദ്‌വ്യവസ്ഥയുടെ സൈനികവൽക്കരണം എന്നുവിളിക്കുന്നു. പ്രതിസന്ധി എത്രത്തോളം രൂക്ഷമാകുന്നുവോ, സമ്പദ്‌വ്യവസ്ഥ അത്രത്തോളം സൈനികവൽക്കരിക്കപ്പെടുന്നു. വീണ്ടും ഒരു പ്രശ്‌നം ഉദിക്കുന്നു. ഇപ്രകാരം വാങ്ങിക്കൂട്ടുകയോ ഉൽപ്പാദിപ്പിക്കുകയോ ചെയ്യുന്ന യുദ്ധസാമഗ്രികൾ ഉപയോഗിച്ചുതീർക്കേണ്ടതുണ്ട്. എങ്കിൽമാത്രമേ പുതുതായി അവ വീണ്ടും വാങ്ങാനും അല്ലെങ്കിൽ ഉൽപ്പാദിപ്പിക്കാനും അതുവഴി സൈനികവൽക്കരണം നിലനിർത്താനും കഴിയൂ. അതുകൊണ്ട് അവർ അവിടെയുമിവിടെയും യുദ്ധങ്ങൾ അഴിച്ചുവിടുന്നു. അങ്ങനെ യുദ്ധത്തിലേർപ്പെടുന്ന രാജ്യങ്ങൾക്ക് ആയുധങ്ങൾ വിൽക്കാനുള്ള കമ്പോളം സൃഷ്ടിക്കപ്പെടുന്നു. അതല്ലെങ്കിൽ ആയുധ ഉൽപ്പാദക രാജ്യങ്ങൾതന്നെ അവർക്ക് ശത്രുതയുള്ള മറ്റ് രാജ്യങ്ങളുടെ മേൽ അവ പ്രയോഗിക്കുന്നു. എല്ലാ സാമ്രാജ്യത്വ രാജ്യങ്ങളും ലോകത്തെ മുഴുവൻ യുദ്ധഭീതിയിലും ശത്രുതകളിലും തളച്ചിടുന്നത് അതുകൊണ്ടാണ്. സാമ്രാജ്യത്വം നിലനിൽക്കുവോളം യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യതയും നിലനിൽക്കും. യുദ്ധത്തിന്റെ അനിവാര്യതാ നിയമം സാമ്രാജ്യത്വ കാലഘട്ടത്തിൽ അർത്ഥശാസ്ത്രത്തിന്റെ ഒരു നിയമമാണ്. ഈ കാലഘട്ടത്തിന്റെ സവിശേഷമായ സാമ്പത്തിക സാഹചര്യങ്ങളിൽനിന്നാണ് അത് ഉടലെടുക്കുന്നത്. വർദ്ധിക്കുന്ന യുദ്ധഭീഷണികളും യു.എസ് സാമ്രാജ്യത്വത്തിന്റെയും കൂട്ടാളികളുടെയും യുദ്ധവെറിയും മേൽപ്പറഞ്ഞ ധാരണയുടെ വെളിച്ചത്തിൽ നാം മനസ്സിലാക്കണം.
എന്തൊക്കെ പരിമിതികളുണ്ടായിരുന്നുവെങ്കിലും, സോഷ്യലിസ്റ്റ് ചേരി നിലനിന്ന കാലത്തുടനീളം അത് സാമ്രാജ്യത്വ യുദ്ധപദ്ധതികൾക്കെതിരെ ശക്തമായി നിലയുറപ്പിച്ചിരുന്നു. എന്നാൽ, സാമ്രാജ്യത്വ പിന്തുണയോടെയുള്ള റിവിഷനിസ്റ്റ് ഗൂഢാലോചനയുടെ ഫലമായി സോഷ്യലിസ്റ്റ് ചേരി ഇല്ലാതായതോടെ, സാമ്രാജ്യത്വശക്തികളെ പ്രത്യേകിച്ചും യു.എസ് സാമ്രാജ്യത്വത്തെ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥ സംജാതമായി. അനിയന്ത്രിതമായ പുത്തൻ കൊളോണിയൽ ചൂഷണവും ആക്രമണങ്ങളും അധിനിവേശ യുദ്ധങ്ങളായി മാറി.
സാമ്രാജ്യത്വ ഗൂഢപദ്ധതിയുടെ ഇരകളാക്കി വിവിധ രാജ്യങ്ങളെ കൊള്ളയടിച്ചതിനുശേഷം, യു.എസ് സാമ്രാജ്യത്വവും സംഘവും എണ്ണയും പ്രകൃതിവാതകവും കൊണ്ട് സമ്പന്നമായ മധ്യ-പൂർവ്വ മേഖലയിലേക്ക് തിരിയുകയും കപടന്യായങ്ങൾ നിരത്തി അവിടെ യുദ്ധത്തീകൊളുത്തുകയും വലിയ അളവിൽ നിരപരാധികളുടെ ജീവനപഹരിക്കുകയും സമ്പത്ത് നശിപ്പിക്കുകയും ചെയ്തു. യു.എസിന്റെ ഇറാഖ് അധിനിവേശത്തിൽ കൊല്ലപ്പെട്ടത് 3.5 ലക്ഷം പൗരന്മാരാണ്. അഫ്ഗാനിസ്ഥാനിലും ലിബിയയിലും യെമനിലുമായി കൊല്ലപ്പെട്ടത് 2 ലക്ഷത്തോളം പൗരന്മാർ. സിറിയയിൽ ഇതിനോടകം 2 ലക്ഷത്തിലേറെ ആളുകൾ കൊല്ലപ്പെട്ടു, 30 ലക്ഷത്തിലേറെ ആളുകൾ അഭയാർത്ഥികളായി ആ രാജ്യം വിട്ടു. യു.എസ് സ്‌പോൺസർ ചെയ്ത വിമതന്മാർ ‘തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും പീഡനങ്ങളും കാർബോംബാക്രമണങ്ങളും ഉൾപ്പെടെയുള്ള അതിഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ തന്നെ വെളിപ്പെടുത്തുകയുണ്ടായി. പക്ഷെ യു.എസ് സാമ്രാജ്യത്വത്തിന് ഒരു കുലുക്കവുമില്ല. കൂടുതൽ ആവേശത്തോടെ മധ്യ-പൂർവ്വ മേഖലയപ്പാടെ തങ്ങളുടെ ബൂട്ടിനടിയിൽ കൊണ്ടുവരാനുള്ള തത്രപ്പാടിലാണവർ.

യു.എസ് സാമ്രാജ്യത്വം
സിറിയയെ വെറുതെ വിടുക

സ്ഥിതിവിശേഷം വളരെ സ്‌ഫോടനാത്മകമാണ്. കൊള്ളമുതലിനുമേൽ പിടിമുറുക്കുന്നതിനുവേണ്ടി യു.എസ് സാമ്രാജ്യത്വം കൈക്കൊള്ളുന്ന ക്രൂരതയ്ക്കും മനുഷ്യത്വരാഹിത്യത്തിനും പരിധികളില്ല. യൂറോപ്പിലെ തങ്ങളുടെ സഹയാത്രികർ, ചങ്ങാതിമാരായ സയണിസ്റ്റ് ഇസ്രായേൽ, സൗദി അറേബ്യ, അവരുടെ പിണിയാളുകൾ എന്നിവരെയെല്ലാം ഒപ്പംകൂട്ടി മധ്യ-പൂർവ്വ മേഖലയപ്പാടെ യു.എസ് ഒരു കൊലപാതക കളമാക്കി മാറ്റിത്തീർത്തു. അഫ്ഗാനിസ്ഥാൻ, പാലസ്തീൻ, ഇറാഖ്, ലിബിയ, യെമൻ, സിറിയ — അടുത്തത് ആരാണ് സാമ്രാജ്യത്വ കോപത്തിനും അതിഭീകരമായ കൂട്ടക്കൊലകൾക്കും ഇരയാവുക? കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരപരാധികളായ എത്രയാളുകൾ കൊല്ലപ്പെടും, എത്രപേർ വികലാംഗരാക്കപ്പെടും, എത്രമാത്രം സമ്പത്ത് നഷ്ടപ്പെടും? ഒരു നിശ്ചയവുമില്ല. ഇതിങ്ങനെ തടസ്സമില്ലാതെ തുടരാൻ അനുവദിച്ചാൽ, രക്തദാഹികളായ ഈ കഴുകന്മാർ കൂടുതൽ അനിയന്ത്രിതരായി ലോകത്തെ മുഴുവൻ ജനങ്ങളെയും ചവിട്ടിമെതിക്കും. മുതലാളിത്ത പ്രതിസന്ധിയുടെയും സാമ്രാജ്യത്വ യുദ്ധത്തിന്റെയും ഭവിഷ്യത്തുകൾ പേറേണ്ടിവരുന്നത് ജനങ്ങളാണ്. ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ചാണ് ഗവണ്മെന്റുകൾ മാരകായുധങ്ങൾ വാങ്ങിക്കൂട്ടുന്നത്. എന്നിട്ട് ആ ആയുധങ്ങൾ ജനങ്ങൾക്കുനേരെ തന്നെ പ്രയോഗിക്കുന്നു.
സാമ്രാജ്യത്വ-മുതലാളിത്ത ഭരണാധികാരികളും അവരുടെ യുദ്ധവ്യാപാരികളും അവരുടെ സമ്പത്ത് പലമടങ്ങ് വർദ്ധിപ്പിക്കുമ്പോൾ, നിരപരാധികളും നിരാലംബരുമായ ജനങ്ങൾക്ക് ജീവനും സ്വത്തും നഷ്ടപ്പെടുന്നു. അതുകൊണ്ട് ജനങ്ങൾ ഉണരണം. ശരിയായ വിപ്ലപ്പാർട്ടിക്കും നേതൃത്വത്തിനും രൂപംനൽകിക്കൊണ്ട് വിവിധ മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങളിലെ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾ അതാത് രാജ്യത്തെ ഭരണ ബൂർഷ്വാസിക്കെതിരെ ശരിക്കും ആത്മാർത്ഥമായി തൊഴിലാളിവർഗ്ഗ വിപ്ലവ സമരങ്ങൾ നയിക്കണം. സാമ്രാജ്യത്വ-മുതലാളിത്ത ശക്തികളുടെ അവിശുദ്ധ സഖ്യത്തിനെതിരെ അദ്ധ്വാനിക്കുന്ന ജനങ്ങൾക്കിടയിൽ ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കണം. അതോടൊപ്പം, യു.എസ് നേതൃത്വത്തിലുള്ള സാമ്രാജ്യത്വശക്തികൾ ഉടൻ സിറിയയിൽനിന്ന് പുറത്തുകടക്കണമെന്ന മുദ്രാവാക്യമുയർത്തി വീറുറ്റ സാമ്രാജ്യത്വ വിരുദ്ധ, യുദ്ധവിരുദ്ധ സമാധാനപ്രസ്ഥാനം ലോകമെമ്പാടും വളർത്തിയെടുക്കുകയും വേണം.

Share this