പരീക്ഷകളെ പ്രഹസനമാക്കുന്ന വിദ്യാഭ്യാസ നയം: വിദ്യാഭ്യാസത്തെത്തന്നെ പ്രഹസനമാക്കുന്നു.

Spread our news by sharing in social media

സ്‌കൂൾതലത്തിൽ എട്ടാംക്ലാസ്സുവരെയുള്ള ‘തോൽവിയില്ലാ നയ’ത്തെ (ചീ ഉലലേിശേീി ജീഹശര്യ) സംബന്ധിച്ച് പാർലമെന്റിന്റെ വർഷകാലസമ്മേളനം ചർച്ച ചെയ്യുമെന്ന് കേന്ദ്ര മാനവവിഭവശേഷിവകുപ്പ് മന്ത്രി പറഞ്ഞതായി, ജൂൺ 3നും ശേഷവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏതു ക്ലാസു മുതൽ ജയം-തോൽവി സമ്പ്രദായം തിരികെ കൊണ്ടുവരണമെന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2017 ജൂലൈയിൽ മാനവവിഭവശേഷി വകുപ്പ് മന്ത്രി തന്നെ അഞ്ച്, എട്ട് ക്ലാസുകളിൽ മാത്രമായി പരീക്ഷകൾ തിരികെ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിരുന്നു.
സ്‌കൂളുകളിൽ ”തോൽവി ഒഴിവാക്കൽ’നയം’ സൃഷ്ടിച്ച പൊതു അന്തരീക്ഷത്തെ മാറ്റാനോ, മെച്ചപ്പെടുത്താനോ അദ്ധ്യാപനത്തോടും പഠനത്തോടും ആഭിമുഖ്യം വളർത്തുവാനോ ഈ തീരുമാനം സഹായിക്കില്ല. മറിച്ച് ആശയക്കുഴപ്പമുണ്ടാക്കാനും, ഒന്നാം ക്ലാസ് മുതൽ തന്നെ ജയം-തോൽവി സമ്പ്രദായം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തെ തകർക്കാനും ഇത് ഇടയാക്കും. അതിലുപരിയായി, ഈ രണ്ടു ഘട്ടങ്ങളിലും തോൽക്കുന്ന കുട്ടികൾ പഠനം നിർത്തുന്നതിലേക്കാവും ആത്യന്തികമായി ഇതു നയിക്കുക. അങ്ങനെ, സർക്കാർ സ്‌ക്കൂളുകളിലും സർക്കാർ എയ്ഡഡ് സ്‌കൂളുകളിലും പഠിക്കുന്ന, ദരിദ്രകുടുംബങ്ങളിൽ നിന്നുള്ള സാധാരണ കുട്ടികൾക്ക് വിദ്യാഭ്യാസം തന്നെ നിഷേധിക്കാനുള്ള ശക്തമായ ഉപകരണമായി അതു മാറും.

‘തോൽവിയില്ലാ’നയം’  കടന്നുവന്ന വഴികൾ

മുപ്പത്തിയേഴു വർഷങ്ങൾക്കു മുമ്പ് പശ്ചിമബംഗാളിൽ ഇടതുമുന്നണി സർക്കാരാണ് തോൽവിയില്ലാ നയത്തിന് തുടക്കം കുറിച്ചത്. സിപിഐ(എം) നേതൃത്വം നൽകിയ ഇടതുമുന്നണി, പ്രൈമറി തലത്തിൽ, അതായത് ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസു വരെ, ‘തോൽവി ഒഴിവാക്കൽ’നയം’ അതായത് എല്ലാവർക്കും ക്ലാസ് കയറ്റം അഥവാ ജയം-തോൽവി സമ്പ്രദായം ഇല്ലാതാക്കൽ അടിച്ചേൽപ്പിച്ചു.
പരീക്ഷാ കേന്ദ്രീകൃതമായ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിദ്യാർത്ഥികൾ പഠിക്കുന്നില്ല, മനഃപാഠമാക്കുന്നതേയുള്ളൂ എന്നതായിരുന്നു ഉപോത്ബലകമായി നിരത്തിയ ഒരു വാദം. പ്രൈമറിതലത്തിലാകട്ടെ, തോൽവിയെക്കുറിച്ചുള്ള ഭീതിയും ഒരേ ക്ലാസിൽ വീണ്ടും പഠിക്കേണ്ടിവരുന്നതിന്റെ ചെലവും വൻതോതിലുള്ള കൊഴിഞ്ഞുപോക്കിനു കാരണമായത്രേ. ഇതിൽ നിന്നും സൂചനയുൾക്കൊണ്ട്, കുറച്ചു വർഷങ്ങൾക്കുശേഷം കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ രൂപീകരിച്ച ‘ദേശീയ വിദ്യാഭ്യാസ നയ’ത്തിൽ, (ചജഋ 86) ഒരു ഭാഗത്ത് പ്രൈമറിതലത്തിൽ ജയം-തോൽവി സമ്പ്രദായം ഇല്ലാതാക്കാനും, മറ്റൊരു ഭാഗത്തിൽ എട്ടാം ക്ലാസു വരെ ഒഴിവാക്കാനും നിർദ്ദേശിച്ചിരുന്നു. മനഃപൂർവമായ ഈ ആശയക്കുഴപ്പത്തെ മുതലെടുത്തു കൊണ്ട്, പ്രൈമറിയാകട്ടെ സെക്കന്ററിയാകട്ടെ, ജയം-തോൽവി സമ്പ്രദായത്തെ ഇല്ലാതാക്കുകയെന്നത് അംഗീകരിക്കപ്പെട്ടു.
2009-ൽ കേന്ദ്രം ഭരിച്ച കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ, ഏറെ കൊട്ടിഘോഷിച്ച് ‘വിദ്യാഭ്യാസ അവകാശ നിയമം’ പാസ്സാക്കിയെടുത്തപ്പോൾ ഈ ലക്ഷ്യം കൂടുതൽ വ്യക്തമായി. ഈ നിയമത്തിൽ, വിദ്യാഭ്യാസം നിർബന്ധിതമാക്കിയതിനൊപ്പം, സർക്കാർ, സർക്കാർ എയിഡഡ് സ്‌ക്കൂളുകളിൽ എട്ടാം ക്ലാസു വരെ തോൽവി ഒഴിവാക്കൽ’നയവും നിർബന്ധിതമാക്കി.

വിദ്യാഭ്യാസത്തിനുമേലുള്ള മുതലാളിത്ത ആക്രമണപദ്ധതി

തോൽവി ഒഴിവാക്കൽ’നയമെന്നത് ഒരു ഒറ്റപ്പെട്ട പ്രശ്‌നമല്ല. സ്വാതന്ത്ര്യാനന്തരം, കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാ സർക്കാരുകളും നാളിതുവരെ നടപ്പാക്കാൻ ശ്രമിച്ച വിദ്യാഭ്യാസപരിഷ്‌കാരങ്ങളുടെ അനിവാര്യ തുടർച്ചതന്നെയാണ്. എങ്ങനെയും അധികാരത്തിൽ കടിച്ചുതൂങ്ങി നേട്ടം കൊയ്യാൻ ആഗ്രഹിച്ച, അവരുടെ യജമാനനായ ഭരണമുതലാളിവർഗ്ഗത്തിന്റെ താൽപ്പര്യങ്ങൾക്കു വേണ്ടിയായിരുന്നു അത്. ഈ പരിഷ്‌കാരങ്ങളിലൂടെ ദരിദ്ര-മധ്യവർഗ്ഗ ജനവിഭാഗങ്ങൾക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ വെട്ടിച്ചുരുക്കപ്പെട്ടു. അതിലൂടെ അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ എണ്ണം ‘കുറയ്ക്കുന്നതിൽ’ ഭരണാധികാരികൾ വിജയിച്ചു.

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണത്തിലുള്ള ദൗർലഭ്യം, ഉള്ളവയിൽ തന്നെ അർഹരായ വിദ്യാർത്ഥികൾക്ക് മതിയായ അവസരങ്ങൾ ഇല്ലാതിരിക്കുക, വിദ്യാഭ്യാസമേഖലയോടുള്ള ഉത്തരവാദിത്തത്തിൽ നിന്നും സർക്കാർ പരസ്യമായി ഒഴിഞ്ഞുമാറുക, ആരോഗ്യമേഖലയെ പോലെ സ്വകാര്യമൂലധന നിക്ഷേപം നടത്തി ലാഭം കൊയ്യാനുള്ള മറ്റൊരു മേഖലയാക്കി വിദ്യാഭ്യാസരംഗവും തുറന്നിട്ടുകൊടുക്കുക തുടങ്ങിയ ഘടകങ്ങളെല്ലാം പാവപ്പെട്ട ജനകോടികൾക്ക് മികച്ച വിദ്യാഭ്യാസം നേടുകയെന്നത് അത്യന്തം ദുഷ്‌ക്കരമാക്കിത്തീർത്തു.
മതേതര-ശാസ്ത്രീയ വിദ്യാഭ്യാസത്തെ തകർക്കുക, അന്ധവിശ്വാസവും മുൻവിധികളും മതഭ്രാന്തും പ്രോൽസാഹിപ്പിക്കുക, ചരിത്രത്തെ സംബന്ധിക്കുന്ന അശാസ്ത്രീയവും യുക്തിരഹിതവുമായ വീക്ഷണം പാഠപുസ്തകങ്ങളിൽ തിരുകികയറ്റുക, ഒളിഞ്ഞും തെളിഞ്ഞും വിദ്യാഭ്യാസത്തിനു വർഗ്ഗീയച്ഛായ നൽകുക ഇതെല്ലാം വിദ്യാഭ്യാസരംഗത്ത് ഇന്ന് ആസൂത്രിതമായി നടപ്പിലാക്കുകയാണ്. മനുഷ്യനെ സൃഷ്ടിക്കുക എന്ന വിദ്യാഭ്യാസ പ്രക്രിയയുടെ അടിസ്ഥാന സമീപനം ഇതിലൂടെ തകർക്കപ്പെടുന്നു. ഇതൊന്നും പോരാഞ്ഞ് വിദ്യാഭ്യാസത്തിന്റെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടേയും, അധ്യാപക-വിദ്യാർത്ഥി സംഘടനകളുടേയും ജീവനക്കാരുടെ സംഘടനകളുടേയും സ്വയംഭരണവും സ്വാതന്ത്ര്യവും സർക്കാരുകൾ നിരന്തരം നിയന്ത്രിക്കുന്നു.
എരിതീയിൽ എണ്ണ ഒഴിക്കുന്നതു പോലെയാണ് ഈ ആക്രമണങ്ങൾക്കൊപ്പം തോൽവി ഒഴിവാക്കൽ നയം. നാലു ദശകത്തിന് മുമ്പ് ബംഗാളിൽ സിപിഐ(എം) തുടക്കമിട്ട ഈ നയം കോൺഗ്രസ് രാജ്യവ്യാപകമാക്കിയെങ്കിൽ ഇപ്പോൾ ബിജെപി ഏറ്റെടുത്തിരിക്കുന്നു. മറ്റു സംസ്ഥാനസർക്കാരുകളും ഇത് പിന്തുടരുന്നതിൽ വീഴ്ച വരുത്തിയിട്ടില്ല. പശ്ചിമബംഗാളിൽ ഇപ്പോൾ അധികാരത്തിലിരിക്കുന്ന തൃണമൂൽ കോൺഗ്രസ്, സിപിഐ(എം) കൊണ്ടുവന്ന ‘തോൽവി ഒഴിവാക്കൽ’ നയത്തിന്റെ കടുത്ത വിമർശകരായിരുന്നു. എന്നാൽ അധികാരത്തിലേറിയപ്പോൾ 2009-ലെ വിദ്യാഭ്യാസ അവകാശനിയമം പിന്തുടരണമെന്ന ന്യായം പറഞ്ഞ് എട്ടാം ക്ലാസു വരെ ജയം-തോൽവി സമ്പ്രദായം വേണ്ടെന്നുവെച്ചു. പ്രതിഷേധത്തെത്തുടർന്ന് ഒന്നാം ക്ലാസു മുതൽ ജയം-തോൽവി തിരികെ കൊണ്ടുവരാമെന്ന് സമ്മതിച്ചുവെങ്കിലും അടുത്ത ശ്വാസത്തിൽ തന്നെ അത് മൂന്നാം ക്ലാസെന്നും തുടർന്ന് അഞ്ചാം ക്ലാസെന്നും നിലപാട് മാറ്റി. അത് കൊണ്ടുതന്നെ, ‘തോൽവി ഒഴിവാക്കൽ’ നയമെന്നത് വ്യക്തമായും സാധാരണജനത്തിന്റെ താൽപ്പര്യങ്ങൾക്കു വിരുദ്ധമായ, ഭരണകൂടത്തിന്റെ മാത്രം താൽപ്പര്യത്തിനനുസരിച്ചുള്ള ഒന്നായി തിരിച്ചറിയേണ്ടതുണ്ട്.

തെറ്റെന്ന് സമ്മതിച്ചിട്ടും നയം സർക്കാരുകൾ തുടരുന്നു

37 വർഷങ്ങൾക്കു മുമ്പ് അവതരിപ്പിക്കപ്പെട്ടപ്പോൾ മുതൽ തോൽവി ഒഴിവാക്കൽ’ നയം വിവാദങ്ങൾക്കു നടുവിലായിരുന്നു. ഈ നയം തുടരുന്നതിന് ഭരണകർത്താക്കളും നയനിർമ്മാതാക്കളും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ഈ നയത്തെ വ്യർത്ഥമായി പിന്തുണക്കുന്ന ഒരു വിഭാഗം ബുദ്ധിജീവികളും അവരോടൊപ്പമുണ്ട്. മുന്തിയ സ്വകാര്യ സ്‌കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്ന സമ്പന്ന-അതിസമ്പന്ന ജനവിഭാഗങ്ങളാകട്ടെ ഈ വിഷയത്തിൽ തീരെ അസ്വസ്ഥരായിരുന്നില്ല. പക്ഷേ, സർക്കാർ-സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ കുട്ടികളെ പഠിപ്പിക്കുന്ന, ദരിദ്ര-മധ്യവർഗ്ഗ കുടുംബങ്ങളിൽ നിന്നുള്ള രക്ഷിതാക്കളും വലിയൊരു വിഭാഗം അധ്യാപകരും വിദ്യാഭ്യാസസ്‌നേഹികളും ഈ നയത്തിന്റെ പ്രത്യാഘാതങ്ങൾ തിരിച്ചറിയാതിരുന്നില്ല. രാജ്യത്തെ നല്ലൊരു വിഭാഗം വിദ്യാലയങ്ങളിലും അധ്യയനത്തിന്റെയും പഠനത്തിന്റെയും പ്രക്രിയകളെ ഇത് തകർത്തിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞവർ ഈ നയത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു.
ഈ പ്രതിഷേധങ്ങളുടെ സമ്മർദ്ദത്താൽ, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഉള്ള സർക്കാരുകൾക്ക് ഈ നയം പരാജയമായി എന്നു സമ്മതിക്കേണ്ടി വന്നു. എന്നാൽ, ഈ നയം പിൻവലിക്കുന്നതിനു പകരം തങ്ങളുടെ അഭിപ്രായങ്ങളും വാദങ്ങളും അടിക്കടി മാറ്റുകയാണ് സർക്കാരുകൾ.

1980കളിൽ തന്നെ, ഈ നയത്തിന്റെ പേരിൽ വിമർശനം ഏൽക്കേണ്ടിവന്നപ്പോൾ സിപിഐ(എം) കേന്ദ്രസർക്കാരിന്റെ 1986-ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ നിബന്ധനകൾ പാലിക്കുക മാത്രമാണ് തങ്ങളെന്ന വാദമാണ് ഉയർത്തിയത്. എന്നാൽ തങ്ങൾ തന്നെയാണ് ഈ കീഴ്‌വഴക്കം സൃഷ്ടിച്ചത് എന്ന വസ്തുത അവർ മറച്ചുവെക്കാൻ ശ്രമിച്ചു. 2013-ൽ, യുപിഎ ഭരണകാലത്ത് മാനവവിഭവശേഷി വകുപ്പിനായുള്ള പാർലമെന്ററി സ്റ്റാൻഡിങ്ങ് കമ്മിറ്റി അവലോകന റിപ്പോർട്ടിൽ ശുപാർശ ചെയ്തത്, ജയം-തോൽവി സമ്പ്രദായം തിരികെ കൊണ്ടുവരണമെന്നാണ്. അടുത്ത ക്ലാസിലേക്കുള്ള കയറ്റം സുനിശ്ചിതമാണെന്ന് അറിയുന്ന വിദ്യാർത്ഥികൾക്ക് കഠിനാധ്വാനം ചെയ്യാനോ പഠിക്കാനോ ഇത് പ്രേരകമാകുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
പിന്നീട് 2015-ൽ, ഇപ്പോഴത്തെ ബിജെപി ഭരണകാലത്ത്, എട്ടാം ക്ലാസുവരെ ‘തോൽവി ഒഴിവാക്കൽനയം പിൻവലിക്കണമെന്ന് വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ മാനവവിഭവശേഷി മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു. നിസ്സഹായരായി അവർ പറഞ്ഞത്, എട്ടാം ക്ലാസു വരെ തങ്ങൾ തോൽപ്പിക്കാത്ത കുട്ടികൾക്ക് ഒമ്പതാം ക്ലാസ് പാസ്സാകാൻ കഴിയുന്നില്ലയെന്നാണ്. 2016 ആഗസ്തിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ പങ്കെടുത്ത, വിദ്യാഭ്യാസത്തിനായുള്ള കേന്ദ്ര ഉപദേശക ബോർഡ് (ഇഅആഋ) സമ്മേളനം ഏകകണ്ഠമായി തീരുമാനിച്ചത് ‘തോൽവി ഒഴിവാക്കൽ’ നയം പിൻവലിക്കണം എന്നാണ്. പക്ഷേ, 2016 ഒക്‌ടോബർ 25ന് ചേർന്ന 64-ാം ഉപദേശക ബോർഡ് സമ്മേളനം ഇതിൽ നിന്നും പിന്നോട്ടു പോയി തീരുമാനിച്ചത്, അഞ്ചാം ക്ലാസു വരെ ഒരു കുട്ടിയേയും തോൽപ്പിക്കേണ്ട എന്നാണ്. ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരടിൽ പോലും ബിജെപി സർക്കാർ വ്യക്തമാക്കുന്നത്, ‘തോൽവി ഒഴിവാക്കൽ’ നയം കുട്ടികളുടെ അക്കാദമിക നിലവാരത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട് എന്നാണ്. എന്നിട്ടും നേരത്തേ പരാമർശിച്ചതു പോലെ, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഇപ്പോൾ സങ്കൽപ്പിക്കുന്നത്, ജയം-തോൽവി സമ്പ്രദായം അഞ്ച്, എട്ട് ക്ലാസുകളിൽ മാത്രമായി അവതരിപ്പിക്കാനാണ്.

അനുകൂലവും  പ്രതികൂലവുമായുള്ള വാദങ്ങൾ

ഈ നയത്തിനു പിന്നിലെ യുക്തി എന്താണ്? എത്ര നാൾ ഇതിനു നിലനിൽക്കാനാകും? പരീക്ഷകൾ നിറഞ്ഞ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിൽ വിദ്യാർത്ഥികൾ അതിനായുള്ള മനഃപാഠമാക്കലേ സാധ്യമാകൂ എന്നാണ് നയത്തിന്റെ അനുകൂലികൾ വാദിക്കുന്നത്. ഇത് അവരുടെ പഠനത്തെ തടസ്സപ്പെടുത്തുന്നുവത്രേ. തോൽവിയേയും തുടർന്ന് ക്ലാസ് കയറ്റം തടയുന്നതും ഭയപ്പെട്ട് അവർ പരീക്ഷകളെ വെറുക്കും. പഠനവിമുഖത അനുഭവിച്ച് അവസാനം കൊഴിഞ്ഞുപോകും. തോൽവി മൂലം മാതാപിതാക്കൾക്കുണ്ടാകുന്ന അധികക്ലേശം കൊഴിഞ്ഞുപോക്കിനു മറ്റൊരു കാരണമാകുന്നു. അതിനവർ കണ്ടുപിടിച്ച പരിഹാരമാണ്, ജയം-തോൽവി സമ്പ്രദായം ഒഴിവാക്കി പകരം പല വിദേശരാജ്യങ്ങളിലുമുള്ളതു പോലെ, ഗ്രേഡ് സംവിധാനം ഉപയോഗിക്കുന്ന സമഗ്ര-നിരന്തര വിലയിരുത്തൽ രീതി കൊണ്ടുവരികയെന്നത്.
കുറവുകൾ ഉണ്ടെങ്കിലും, ഈ പരീക്ഷാസമ്പ്രദായമെന്നത് കാലാകാലങ്ങളായി പരീക്ഷിച്ചു വിജയിച്ച വിലയിരുത്തൽ രീതി തന്നെയാണ്. കുട്ടികൾ എന്തു പഠിച്ചു എന്നതു മാത്രമല്ല, അധ്യാപനം എത്രത്തോളം വിജയകരവും ഫലപ്രദവുമാണെന്നും ഈ സമ്പ്രദായം വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ, പഠനത്തിലും അധ്യാപനത്തിലും ഉണ്ടായേക്കാവുന്ന കുറ്റങ്ങളും കുറവുകളും കണ്ടെത്താനും പരിഹരിക്കാനുമുള്ള പരിശോധനയാണിത്. ഒന്നു മുതൽ എട്ടാം ക്ലാസു വരെ നിരന്തരവും സ്വാഭാവികയുമായ ക്ലാസ് കയറ്റം നൽകുമ്പോൾ കുറവുകൾ കണ്ടെത്താനും പരിഹരിക്കുവാനുമുള്ള അവസരം ഇല്ലാതാവുകയും, കാലാന്തരത്തിൽ പുരോഗതിക്കായുള്ള പ്രചോദനം ഇല്ലാതാകുകയും ചെയ്യും.

എത്രത്തോളം വിജയകരമായിരുന്നു എന്നു സ്വയം പരിശോധിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന അധ്യാപകർക്കാകട്ടെ, തന്റെ മുൻകൈ മങ്ങുകയും ദിവസങ്ങളും മാസങ്ങളും വർഷങ്ങളും അർത്ഥമില്ലാത്ത, ലക്ഷ്യമില്ലാത്ത പ്രക്രിയകൾ തുടർന്നു പോകുന്നതിൽ മനംമടുക്കുകയും ചെയ്യും. അധ്യാപകരിലേയും വിദ്യാർത്ഥികളിലേയും സമർപ്പണം കുറഞ്ഞവർ മാത്രമാകും ഇതിന്റെ ആകെ ഗുണഭോക്താക്കൾ. തങ്ങൾ ചെയ്യേണ്ടത്, അത് പഠനമായാലും അധ്യാപനമായാലും ഒഴിവാക്കി രക്ഷപ്പെടാനുള്ള എളുപ്പവഴിയാണ് അവർക്ക് ലഭിക്കുന്നത്. തീർച്ചയായും ഇത് പഠനത്തിന്റേയും അധ്യാപനത്തിന്റെയും ഗുണത്തേയും നിലവാരത്തേയും കുറിച്ചുതന്നെ പറയുന്നു. ഇതു തന്നെയാണ്, രാജ്യമൊട്ടാകെയുള്ള അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ബന്ധപ്പെട്ട മറ്റുള്ളവരുടേയും അനുഭവം.

യാഥാർത്ഥ്യമെന്താണ്?

ഇൻർനാഷണൽ ഹ്യുമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസ് ജേർണലിൽ വന്ന ഒരു ലേഖനത്തിൽ വിദ്യാർത്ഥികളെ കുറിച്ചു പറയുന്നത്, ‘എട്ടാം ക്ലാസു വരെ തോൽവിയില്ലാതെ ജയിപ്പിച്ചു വിട്ട കുട്ടികളിൽ അല്ലലറിയാത്ത, അലസമനോഭാവം വളർന്നിരിക്കും. ഈ മനോഭാവം, ഒമ്പതാം ക്ലാസ്സിൽ എത്തുമ്പോൾ പെട്ടെന്നു മാറ്റുക അസാധ്യമാണ്. സ്വാഭാവികമായും പഠനസമ്മർദ്ദത്തെ നേരിടാനാകാതെ അവർ തകരുന്നു. ബോർഡ് പരീക്ഷകൾക്കുപോലും അവരുടേത് മോശം പ്രകടനമായിരിക്കും.’ (തോൽവി ഒഴിവാക്കൽ’നയം: യുക്തിയും യാഥാർത്ഥ്യവും-ഒരു വിലയിരുത്തൽ. കഖഒടടട വോള്യം 2, ലക്കം 1, ജൂലൈ 2015)
ദേശീയതലത്തിലെ വിവരസഞ്ചയമായ, വിദ്യാഭ്യാസത്തിന്റെ വാർഷികസ്ഥിതി റിപ്പോർട്ട് നിരന്തരം കാണിക്കുന്നത്, രണ്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിലെ ഒരു ഖണ്ഡിക വായിക്കാനോ, ഒരു നിസ്സാര കണക്കു ചെയ്യാനോ അഞ്ചാം ക്ലാസ്സിലെ പകുതിയോളം കുട്ടികൾക്കും സാധിക്കുന്നില്ല എന്നാണ്. പത്താം ക്ലാസ്സിലെ നാലിലൊന്ന് കുട്ടികളുടേതും നാലാം ക്ലാസ് നിലവാരത്തിനു തുല്യമാണ്. (ടൈംസ് ഓഫ് ഇന്ത്യ, 2015 സെപ്റ്റംബർ 27)
കേന്ദ്രബിജെപി സർക്കാരിന്റെ 2016ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരടു പ്രകാരം, ‘കുട്ടികൾ അടിസ്ഥാനനൈപുണ്യംപോലും നേടുന്നില്ല. അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്കുപോലും ലളിതമായ വാക്യങ്ങൾ വായിക്കാനോ, നിസ്സാര കണക്കുകൂട്ടലുകൾ ചെയ്യാനോ സാധിക്കുന്നില്ല.’ ഈ ഗുരുതരമായ അക്കാദമികതകരാറുകളുടെ കാരണം തോൽവിയില്ലാ നയമാണ് എന്നതാണ് കണ്ടെത്തൽ.

ഇനി അധ്യാപകരുടെ കാര്യമെടുത്താലോ, കേന്ദ്രസർക്കാരിന്റെ സ്ഥിതിവിവരക്കണക്ക്-പദ്ധതി നിർവ്വഹണ മന്ത്രാലയത്തിന്റെ 2015-ലെ ദേശീയ സാമ്പിൾ സർവ്വേ റിപ്പോർട്ട് നോക്കാം. ‘എല്ലാവരുടേയും അല്ലെങ്കിൽകൂടി വളരെയധികം അധ്യാപകരുടെ ജോലിയോടുള്ള ഗൗരവം തോൽവി ഒഴിവാക്കൽ’ നയം വന്നതോടെ നഷ്ടമായി. ക്ലാസ്സിലെ വിദ്യാർത്ഥികളെല്ലാവരും, പഠനത്തോട് ഒട്ടും താൽപ്പര്യമില്ലാത്തവർ പോലും, അടുത്ത ക്ലാസ്സിലേക്കു പോകും എന്നു തിരിച്ചറിയുമ്പോൾ അവർക്ക് പഠിപ്പിക്കാനുള്ള എല്ലാ പ്രചോദനവും നഷ്ടമാവുകയാണ്. പഠിക്കാൻ താൽപ്പര്യം ഒട്ടുമില്ലാത്ത വിദ്യാർത്ഥികളുള്ള ക്ലാസ്സിൽ അധ്യാപകർക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. തൽഫലമായി അവരിൽ വിമുഖത വളരുകയും ഉത്തരവാദിത്തം കുറയുകയും ചെയ്യുന്നു.” ഇതേ റിപ്പോർട്ട് തന്നെ ചൂണ്ടിക്കാട്ടുന്നത്, ‘കേവലം 4% അധ്യാപകർ മാത്രമാണ് അധ്യാപക യോഗ്യതാ പരീക്ഷ (ഠലമരവലൃ’െ ഋഹശഴശയശ്യേ ഠലേെ)െ വിജയിക്കുന്നത്. കുറഞ്ഞത് രണ്ടു സംസ്ഥാനങ്ങളിലെങ്കിലും നാലിൽ മൂന്ന് അധ്യാപകർക്ക് അഞ്ചാം ക്ലാസ്സ് പാഠപുസ്തകത്തിലെ ശതമാനക്കണക്കുകൾ ചെയ്യാൻ കഴിയുന്നില്ല.’

അടുത്തതായി, നിരീക്ഷിച്ച ഫലങ്ങളിൽ നിന്നും നമുക്കു പറയാൻ സാധിക്കുന്നത് ‘തോൽവി ഒഴിവാക്കൽ’ നയം എല്ലാം താറുമാറാക്കിയെന്നാണ്. ‘ഗുണനിലവാരത്തിന്റെ കാര്യത്തിൽ വിദ്യാർത്ഥികൾ ദിനംപ്രതി പിന്നോട്ടുപോകുന്നു. സർക്കാർ സ്‌ക്കൂളുകളുടെ പ്രാധാന്യം കുറയുന്നു. അവ വിദ്യാർത്ഥികളില്ലാത്ത സ്‌ക്കൂളുകളായി മാറുന്നു. അധ്യാപകരാകട്ടെ ഈ ദോഷകരമായ വിദ്യാഭ്യാസനയത്തിന് തീർത്തും എതിരാണ്.”(തോൽവി ഒഴിവാക്കൽ നയം. ജമ്മു-കാശ്മീരിലെ നിലവാരമുള്ള പ്രൈമറി വിദ്യാഭ്യാസത്തിന് ഒരു അടിയന്തിരഭീഷണി, കുമാർ മുഹമ്മദ് ഹനീഫ്, ജെ എൻ ബ്ലിയ, മുഹമ്മദ് മായെം ലോൺ, സോഷ്യൽ സയൻസ് ആന്റ് ഹ്യുമാനിറ്റീസ് റിസർച്ച് ഇന്റർനാഷണൽ ജേർണൽ, വോള്യം 3 ലക്കം 3, ജൂലൈ-സെപ്റ്റംബർ 2015)
ഇന്ത്യയിലാണിന്ന് ഏറ്റവും കൂടുതൽ ശതമാനം കുട്ടികൾ സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്നത്. 2017 ഡിസംബർ 26-ന്റെ ഒരു റിപ്പോർട്ട് പ്രകാരം രാജ്യമൊട്ടാകെ 150000 സർക്കാർ സ്‌ക്കൂളുകളാണ് അഞ്ചു കൊല്ലത്തിനിടയ്ക്ക് അടച്ചുപൂട്ടിയത്. അതു മൂലം, തങ്ങളുടെ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന സാധാരണസ്വപ്‌നത്തിന്റെ പുറത്ത്, തങ്ങളുടെ കഴിവിനുമപ്പുറത്തുള്ള ഫീസ് കൊടുത്ത് ഉയർന്ന ചെലവുള്ള സ്വകാര്യസ്‌കൂളുകളിൽ അവരെ അയയ്ക്കാൻ ജനങ്ങൾ നിർബന്ധിതരാകുന്നു. ഒരു ദിവസം രണ്ടു നേരത്തെ ഭക്ഷണം ഒരു പ്രശ്‌നവും താമസയോഗ്യമായ ഭവനം ആർഭാടവുമായിരിക്കുന്ന വലിയൊരു വിഭാഗം രാജ്യവാസികളേയും ഇവിടെ കണക്കിലെടുക്കാതിരിക്കാം.

മാനവവിഭവശേഷി വകുപ്പിന്റെ കണക്കുകളെ അടിസ്ഥാനമാക്കി കൊൽക്കത്തയിലെ ടിഎൻഎൻ 2015 ജൂലൈയിൽ നടത്തിയ ഒരു സർവ്വേയിൽ കണ്ടെത്തിയത്, ‘വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കി 6 വർഷം കഴിഞ്ഞിട്ടും 6 വയസ്സിനും 13 വയസ്സിനും ഇടയിലുള്ള 60 ലക്ഷത്തോളം കുട്ടികൾ രാജ്യത്ത് വിദ്യാലയങ്ങൾക്കു പുറത്താണെന്നതാണ്.’ ഈ കണക്കുകളിൽ തന്നെ, സ്‌ക്കൂളുകളിൽ ഹാജർ വെക്കുന്ന, എന്നാൽ യഥാർത്ഥത്തിൽ തൊഴിലാളികളായി പണിയെടുക്കുന്ന കുട്ടികളും ഉൾപ്പെടുന്നു. വ്യക്തമായും, കുട്ടികളെ സ്‌കൂളിലയയ്ക്കാൻ വിദ്യാഭ്യാസ അവകാശനിയമം രക്ഷിതാക്കളെ നിർബന്ധിതരാക്കുന്നു. അധ്യാപകരാട്ടെ, തങ്ങളുടെ സ്ഥാനവും ജീവിതമാർഗ്ഗവും സംരക്ഷിക്കാൻ ഈ കുട്ടികളുടെ ഹാജർ രേഖപ്പെടുത്തുന്നു. പക്ഷേ, ജീവിതത്തിന്റെ ദുരിതയാഥാർത്ഥ്യങ്ങൾ, അവനവനും കുടുംബത്തിനും വരുമാനം കണ്ടെത്താനായി അവരെ സ്‌ക്കൂളിൽ നിന്നും പിടിച്ചിറക്കുന്നു. 2018 തുടക്കത്തിൽ, സ്‌കൂളിലെത്താത്ത കുട്ടികളുടെ രക്ഷിതാക്കൾക്കെതിരേ ശിക്ഷാനടപടികൾ കൈക്കൊള്ളുന്നതിനുള്ള നിർദ്ദേശം കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോർഡ് നൽകിയിരുന്നു എന്നത് ഇവിടെ പരാമർശിക്കേണ്ടതാണ്.

കോർപ്പറേറ്റ് സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന അച്ചടിമാധ്യമങ്ങൾ തന്നെ, മാതാപിതാക്കൾ പണിക്കുപോകുമ്പോൾ വീടുനോക്കാനോ, പണിയെടുത്തു വരുമാനം നേടാനോ കുട്ടികളെ നിയോഗിക്കുന്നതാണ് കൊഴിഞ്ഞുപോക്കിന്റെ പ്രധാനകാരണമെന്നു കണ്ട് വിമർശനം ഉന്നയിച്ചിരുന്നു. പരീക്ഷയോടും തോൽവിയോടുമുള്ള പേടി കാരണമാണ് കുട്ടികൾ കൊഴിഞ്ഞുപോകുന്നതെന്നവാദമാണ് ഇവിടെ പൊളിയുന്നത്. അതായത്, അസഹനീയമായ ദാരിദ്ര്യം മൂലം തങ്ങളുടെ കുട്ടികളെ തൊഴിലെടുക്കുന്നതിനോ, വീട്ടുവേലയെടുക്കുന്നതിനോ നിയോഗിക്കാൻ രക്ഷിതാക്കൾ നിർബന്ധിതരാകുന്നു.

ഇവിടെ, ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. വിദ്യാർത്ഥികൾ കൂട്ടത്തോടെ പരീക്ഷയോട് വെറുപ്പ് പ്രകടിപ്പിക്കുകയാണെങ്കിൽ ആരാണ് ഉത്തരവാദി? സ്‌കൂളുകളിലും കോളേജുകളിലും നൂറുകണക്കിന് അധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതോടൊപ്പം, നിസ്സാരമായ കാര്യങ്ങൾക്കു വരെ അധ്യയനം തടസ്സപ്പെടുമ്പോൾ സിലബസ് പൂർത്തിയാകാതെ പോകുന്നു. വിദ്യാലയങ്ങളിൽ ആവശ്യത്തിന് ക്ലാസ്സ്മുറികൾ ഉണ്ടാകില്ല. മതിയായ കെട്ടിടങ്ങളോ പെൺകുട്ടികൾക്കുള്ള ശുചിമുറി അടക്കം മറ്റ് സൗകര്യങ്ങളോ ഉണ്ടാകില്ല. ലൈബ്രറി-ലബോറട്ടറി സൗകര്യങ്ങൾ പരിമിതി നിറഞ്ഞതും നോക്കാനാളില്ലാത്തതുമാകാം. ന്യായമായ കാര്യങ്ങളെ പ്രതിയുള്ള പ്രതിഷേധങ്ങൾ പോലും ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്തപ്പെടുന്നു. വിശേഷിച്ചും അക്കാദമികവും പ്രവർത്തനപരവുമായ സ്വാതന്ത്ര്യവും, ദൈനംദിന പ്രവർത്തനങ്ങളും നാൾക്കുനാൾ, എല്ലാ നിറത്തിലും പെട്ട ഭരണകൂടങ്ങളുടെ ഇടപെടലുകളിലൂടെ, കൂടുതലായി നിയന്ത്രിക്കപ്പെടുന്നു. ഇതൊക്കെത്തന്നെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അന്തരീക്ഷത്തെ ദുഷിപ്പിക്കുന്നതിൽ ഏറിയും കുറഞ്ഞും സംഭാവന ചെയ്യുന്നു. അധ്യാപന-പഠന പ്രക്രിയയെത്തന്നെ ഇത് തകർക്കുന്നു. അപ്പോൾ, വിദ്യാർത്ഥികൾക്ക് പരീക്ഷയോട് പേടിയുണ്ടെങ്കിൽ തന്നെ, അതിന്റെ കാരണം ഇതൊക്കെയാണ്. മാറിമാറിവരുന്ന സർക്കാരുകളാണ് ഈ സാഹചര്യത്തിന് ഉത്തരവാദികൾ. രോഗിയെ കൈയൊഴിയുന്നതിനു മുമ്പ് രോഗം തിരിച്ചറിയേണ്ടതുണ്ട്.

വ്യാധിമൂർച്ഛിപ്പിക്കുന്നതും യാഥാർത്ഥ്യബോധമില്ലാത്തതുമായ പരിഹാര നിർദ്ദേശങ്ങൾ
മാർക്കുകൾക്കു പകരം ഗ്രേഡുകളിൽ മൂല്യനിർണ്ണയം നടത്തുന്ന സംവിധാനം പല വിദേശരാജ്യങ്ങളിലുമുണ്ടാകാം. എന്നാൽ നമ്മുടേതു പോലെ വിശാലമായൊരു രാജ്യത്ത്, വളരെയധികം വ്യത്യസ്ത സാഹചര്യങ്ങളുള്ള, വിവിധങ്ങളായ സാമൂഹിക-സാംസ്‌കാരിക-കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ള കുട്ടികൾ വരുന്നിടത്ത്, പല സ്‌കൂളുകളും ദയനീയമായ അധ്യാപക-വിദ്യാർത്ഥി അനുപാതത്തിൽ പ്രവർത്തിക്കുന്നിടത്ത്, പലപ്പോഴും ഒന്നിലധികം ക്ലാസ്സുകൾ ഒരേ അധ്യാപകൻ തന്നെ നോക്കേണ്ടി വരുന്നിടത്ത്, സമഗ്ര-നിരന്തര മൂല്യനിർണ്ണയവും ഗ്രേഡ് സംവിധാനവും തൊലിപ്പുറമേയാണെന്നതു മാത്രമല്ല, അപ്രായോഗികവുമാണ്. മാത്രവുമല്ല, നിരന്തരമൂല്യനിർണ്ണയവും ഗ്രേഡുകളും, അധ്യാപകനും കുട്ടിയും തമ്മിൽ നേരിട്ടുള്ള ബന്ധത്തിൽ അധിഷ്ഠിതമാണ്. എന്നാൽ സംവിധാനമാകെത്തന്നെ സ്വജനപക്ഷപാതവും, വ്യാപകമായ അഴിമതിയിലും രാഷ്ട്രീയ ഇടപെടലുകളിലും നിന്നുണ്ടാകുന്ന മറ്റ് തിന്മകളും കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്പോൾ, ഈ രണ്ടു മാർഗ്ഗങ്ങളും ഹാനികരമായ ഫലമുണ്ടാക്കുന്ന ദയനീയ പരാജയങ്ങളാകുമെന്നതിൽ സംശയമില്ല. വഴങ്ങുന്ന വിദ്യാർത്ഥികൾക്ക് നേട്ടമുണ്ടാകും, പ്രതിഷേധിക്കുന്നവർ ഇരകളാകും.

കൂടുതൽ വിശദാംശങ്ങളിലേക്കു പോകുന്നതിനു മുമ്പ് രണ്ട് ഉദ്ധരണികൾ നോക്കാം. ആദ്യത്തേത്, ഇന്ത്യയിൽ നിന്നു തന്നെ, 2009ലെ യശ്പാൽ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന്. ‘പല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏറ്റവും കുറഞ്ഞ ചെലവിന്റെ മാനദണ്ഡത്തിലാണ് അധ്യാപകനിയമനം നടത്തുന്നത്. ഒട്ടും ആദരവോടെയല്ല അവരോട് പെരുമാറുന്നത്. ഇഷ്ടക്കാർക്ക് ജയിക്കാനുള്ള ഇന്റേണൽ മാർക്കുകൾ ദാനം ചെയ്യാനും, അന്യായ പിരിവും എതിർക്കുന്ന വിദ്യാർത്ഥികൾക്ക് പരാജയപ്പെടുന്ന മാർക്കും നൽകുന്നു.’

രണ്ടാമത്തേതിൽ ലണ്ടൻ സർവ്വകലാശാലയുടെ അക്കാദമിക് കൗൺസിൽ ചെയർമാൻ ആയിരുന്ന ഒരു പ്രൊഫസർ വിലപിക്കുന്നു, ‘കൂടുതൽ മാർക്ക് നൽകാനുള്ള സമ്മർദ്ദത്തിലാണ് ലെക്ചറർമാർ എന്നതുകൊണ്ട് പല ബ്രിട്ടീഷ് സർവ്വകലാശാലകളിലേയും ബിരുദനിലവാരം അപകടത്തിലാണ്. രചനാമോഷണങ്ങളോട് അവർ കണ്ണടക്കുന്നു. കനത്ത ഫീസിന്റെ വരുമാനത്തിനായി ആശ്രയിക്കുന്നതുകൊണ്ട് മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളോട് സർവകലാശാലകൾ പ്രത്യേകിച്ചും ദാക്ഷിണ്യം കാണിക്കുന്നു, രചനാമോഷണവും വഞ്ചനയും കണ്ടാൽത്തന്നെ കണ്ണടക്കുന്നു.’ (റിച്ചാർഡ് ഗാർണർ, വിദ്യാഭ്യാസ എഡിറ്റർ, ദി ഇൻഡിപ്പെൻഡന്റ്, ലണ്ടൻ, 2008 ജൂൺ 17)
സുഗമമായ സമഗ്ര-നിരന്തര മൂല്യനിർണ്ണയം ഇങ്ങനെയാണ് നടക്കുന്നത്. അതിനു ശേഷം ഒരു ദശകം കഴിഞ്ഞു. എല്ലാ മുതലാളിത്ത രാജ്യങ്ങളിലേയും സാഹചര്യങ്ങൾ സർവ്വവ്യാപിയായ പ്രതിസന്ധിയിൽ കൂടുതൽ കൂടുതൽ മുങ്ങിത്താഴുന്നതനുസരിച്ച് സാഹചര്യം വളരെ മോശമായിട്ടേ ഉള്ളൂ.

ശക്തവും സംഘടിതവുമായ  ജനകീയ മുന്നേറ്റം അനിവാര്യം

വിദ്യാഭ്യാസ സംവിധാനം അപകടത്തിലാണ് എന്നത് അനിഷേധ്യമായ വസ്തുതയാണ്. ‘തോൽവി ഒഴിവാക്കൽ’ നയം ശവപ്പെട്ടിയിലെ അവസാന ആണി അടിക്കലാകും. ഭൂരിപക്ഷം വരുന്ന സാധാരണക്കാരും ദരിദ്രരുമായ കുടുംബങ്ങളും അവരുടെ കുട്ടികളുമാകും അതിന്റെ ആദ്യ ഇരകൾ. എന്നാൽ വിദ്യാഭ്യാസത്തിനു മേലുള്ള ഈ സർവ്വസംഹാരിയായ ആക്രമണം, മുഴുവൻ രാജ്യത്തെയും വരുതലമുറകളെയാകെ ബാധിക്കും.

ജനങ്ങൾക്ക് ഒറ്റ മാർഗ്ഗമേ മുന്നിലുള്ളൂ. പശ്ചിമബംഗാളിൽ തെളിയിച്ചതു പോലെ, എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന അശ്രാന്തമായ സംഘടിത ജനകീയമുന്നേറ്റമാണ് അന്നത്തെ സിപിഐ(എം) സർക്കാരിനെക്കൊണ്ട്, ഉറച്ചത് എന്ന് അവർ വിശ്വസിച്ച ഒന്നിനെ ഇളക്കിയത് – സ്‌ക്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രൈമറി തലത്തിൽ തന്നെ ഇംഗ്ലിഷ് പഠനം തിരികെ കൊണ്ടു വരാനായി 19 വർഷം നീണ്ട പോരാട്ടം. ഇപ്പോൾ വീണ്ടും, ഈ സൂത്രപ്പണികളും വഞ്ചനകളും ഇനി തുടരേണ്ട എന്ന,് രാജ്യത്തെ ജനങ്ങൾ തീരുമാനമെടുക്കാനുള്ള നിർണ്ണായക സമയമായിരിക്കുന്നു. വിദ്യാഭ്യാസത്തിനു മേലുള്ള ആക്രമണങ്ങൾക്കെതിരേ ശക്തവും നിരന്തരവുമായ ഐക്യമുന്നേറ്റത്തിനായി പുറത്തേക്കിറങ്ങണം. ഏറ്റവും വ്യക്തമായി, തോൽവി ഒഴിവാക്കൽ നയം തന്നെയാകണം മുന്നേറ്റങ്ങളുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന്. ഈ നയം അടിയന്തിരമായി പിൻവലിക്കണമെന്നും ഒന്നാം ക്ലാസ് മുതൽ തന്നെ ജയം-തോൽവി സമ്പ്രദായം വീണ്ടും കൊണ്ടുവരണമെന്നുമുള്ള ആവശ്യം ജനങ്ങൾ അസന്ദിഗ്ദ്ധമായി ഉയർത്തണം

Share this