കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന ഭീമമായ ഇന്ധന നികുതി വെട്ടിക്കുറയ്ക്കുക

Spread our news by sharing in social media

പെട്രോള്‍വില അന്തമില്ലാതെ കുതിക്കാനുംമാത്രം ലോകകമ്പോളത്തില്‍ ക്രൂഡ് ഓയിലിന് വില ഏറിയിട്ടില്ല. ഇപ്പോഴും അന്തര്‍ദ്ദേശീയ മാര്‍ക്കറ്റില്‍ ബാരലിന് 70 ഡോളറിന്റെ പരിസരത്ത് മാത്രമാണ് ക്രൂഡ് ഓയിലിന് വില.
ഇന്ധനവില വര്‍ദ്ധനവ് അവശ്യ നിത്യോപയോഗ സാധനവിലകളില്‍ അടക്കം പ്രതിഫലിക്കുമ്പോഴും ജനങ്ങള്‍ക്ക് ആശ്വാസപ്രദമായി എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. വിലക്കയറ്റത്തിന് കാരണമായി അന്തര്‍ദ്ദേശീയ മാര്‍ക്കറ്റിലെ ക്രൂഡ് ഓയില്‍ വലക്കയറ്റവും, വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്കാണ് എന്നതും പോലെയുള്ള തൊടുന്യായങ്ങളാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് നീണ്ട പത്തൊന്‍പത് ദിവസം പെട്രോള്‍-ഡീസല്‍ വില ഇളക്കമില്ലാതെ നിന്നു എന്നത് ശ്രദ്ധേയമാണ്. സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വില വര്‍ദ്ധിക്കാതെയുമിരിക്കും.
പാചകവാതകത്തിനും സിലിണ്ടര്‍ ഒന്നിന് 48 രൂപയുടെ ഭീമമായ വര്‍ദ്ധനവ് അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. വര്‍ദ്ധിപ്പിച്ച തുക സബ്‌സിഡിയായി ബാങ്കില്‍ വരുമത്രെ. 2017 മാര്‍ച്ചില്‍ ഒറ്റയടിക്ക് സിലിണ്ടര്‍ ഒന്നിന് 86 രൂപയുടെ വര്‍ദ്ധനവാണ് അടിച്ചേല്‍പ്പിച്ചത്. അതിന് പിന്നാലെയാണ് വീണ്ടും വര്‍ദ്ധനവ് വന്നിരിക്കുന്നത്. സബ്‌സിഡി പൂര്‍ണ്ണമായും നിര്‍ത്തല്‍ ചെയ്യുന്നതിലേയ്ക്കുള്ള ചുവടുവയ്പുകളാണ് ഇവയെല്ലാം.

വില വര്‍ദ്ധനവിന് കാരണം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിച്ചേല്‍പ്പിക്കുന്ന
ഭീമമായ നികുതി

അന്തര്‍ദ്ദേശീയ മാര്‍ക്കറ്റില്‍ വില ഇടിഞ്ഞുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയിലെ ഭീമമായ വിലവര്‍ദ്ധനവിന് കാരണം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെമേല്‍ ചുമത്തുന്ന അന്യായ നികുതി ഒന്നുമാത്രമാണ്. പെട്രോള്‍-ഡീസല്‍ വിലയില്‍ പകുതിയിലേറെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന നികുതിയാണ്.
നികുതിയുടെ വലിപ്പം അറിയണമെങ്കില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ബിജെപി ഭരണംകൊണ്ട് ഖജനാവില്‍ കുമിഞ്ഞുകൂടിയ കോടികള്‍ എത്ര എന്നു നോക്കിയാല്‍ മതി. 9.96ലക്ഷം കോടി രൂപയാണ് കഴിഞ്ഞ മൂന്നേമുക്കാല്‍ വര്‍ഷംകൊണ്ട് കേന്ദ്രസര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിച്ചത്. എക്‌സൈസ് നികുതി, കസ്റ്റംസ് നികുതി, എണ്ണക്കമ്പനികളില്‍നിന്നുള്ള ലാഭവിഹിതം എന്നിവയെല്ലാമുള്‍പ്പെടെയാണിത്. എണ്ണക്കമ്പനികളുടെ ലാഭംകൂടി കണക്കിലെടുത്താല്‍ തുക 11ലക്ഷം കോടി കവിയും! സ്വകാര്യ എണ്ണക്കമ്പനികള്‍ കുന്നുകൂട്ടുന്നത് ഇതില്‍ ഉള്‍പ്പെടില്ല.
ഈ കാലയളവുകൊണ്ട് സംസ്ഥാന ഖജനാവുകളിലും എത്തിപ്പെട്ടത് ചില്ലറ തുകയല്ല. 6,61,529 കോടി രൂപ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാന ഖജനാവുകളിലും എത്തിയിട്ടുണ്ട്. നാലുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ 16.57ലക്ഷം കോടി രൂപയാണ് പെട്രോളും ഡീസലും വിറ്റവകയില്‍ മാത്രം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നേടിയിരിക്കുന്നത്.
2014 ജൂണില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെമേലുണ്ടായിരുന്ന സെന്‍ട്രല്‍ എക്‌സൈസ് നികുതി 9 രൂപ 45 പൈസ ആയിരുന്നത് ഇപ്പോള്‍ 127 ശതമാനം വര്‍ദ്ധിച്ച് 21 രൂപയ്ക്കും മുകളില്‍ ആയിരിക്കുന്നു. സംസ്ഥാന സര്‍ക്കാരും നികുതി ഇനത്തില്‍ ഒരു ലിറ്ററില്‍ പിടുങ്ങുന്നത് 17 രൂപയ്ക്ക് മുകളില്‍ ആണ്. ഡീസലിന് ഈ കാലയളവില്‍ 300 ശതമാനത്തിലേറെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ലിറ്ററില്‍ 3 രൂപ 60 പൈസ ആയിരുന്നു സെന്‍ട്രല്‍ എക്‌സൈസ് നികുതി എങ്കില്‍ ഇപ്പോള്‍ അത് വര്‍ദ്ധിച്ച് 20 രൂപയും കടന്നിരിക്കുന്നു. 2014 നവംബര്‍ മുതല്‍ 2015 ജനുവരി വരെയുള്ള കാലംകൊണ്ട് 4 തവണയും 2015 നവംബര്‍ മുതല്‍ 2016 ജനുവരി വരെയുള്ള കാലയളവില്‍ 5 തവണയുമാണ് കേന്ദ്ര എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ചിട്ടുളള്ളത്. അന്തര്‍ദ്ദേശീയ മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍വില ഇടിയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പെട്രോള്‍-ഡീസല്‍ വില്‍പ്പനനികുതിയിനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ എത്തിയിരിക്കുന്ന 5.25 ലക്ഷം കോടിയില്‍ 46 ശതമാനം സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടിയിലൂടെ വന്നിരിക്കുന്നതാണ്.
2013ല്‍ 110 ഡോളറിനും മുകളില്‍ എത്തിയിരുന്ന അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില 2014ല്‍ ബാരലിന് 40 ഡോളര്‍ വരെ താഴുന്ന സാഹചര്യമുണ്ടായി. അപ്പോഴും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമായില്ല. മറിച്ച് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചു. വാറ്റ് 2014 നവംബറില്‍ 20 ശതമാനമായിരുന്നത് 2017 നവംബറില്‍ 27 ശതമാനമാക്കി. അത് ഇപ്പോഴും തുടരുകയാണ്.

2018 മെയ് 20 ന് ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 72.5ഡോളര്‍ വിലയുണ്ടായിരുന്ന സമയത്ത് ശുദ്ധീകരിച്ചെടുക്കുന്ന ഒരു ലിറ്റര്‍ പെട്രോളിന്റെ വില കേവലം 36 രൂപ 93 പൈസയേ വരുന്നുള്ളു. എക്‌സൈസ് ഡ്യൂട്ടിയും റോഡ് നികുതിയുമായി 19 രൂപ 48 പൈസ, ഡീലേഴ്‌സിന്റെ കമ്മീഷന്‍ 3രൂപ 62 പൈസ, വാറ്റ് 27 ശതമാനം അതായത് 16 രൂപ 21 പൈസ പൊലൂഷന്‍ സെസ് വിത്ത് സര്‍ചാര്‍ജ് അങ്ങനെയെല്ലാം വളരെ പണിപ്പെട്ടിട്ടാണ് പെട്രോളിന് 78 രൂപ ഈടാക്കിയിരുന്നത്. ഉല്‍പ്പാദനചെലവിനേക്കാള്‍ വലിയൊരു തുകയാണ് പലപേരിലുള്ള നികുതിയായി ഈടാക്കിക്കൊണ്ടിരിക്കുന്നത്.

വില നിയന്ത്രണാധികാരം
സര്‍ക്കാര്‍ ഏറ്റെടുക്കുക

അല്പമെങ്കിലും ജനതാല്‍പര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ വില നിയന്ത്രിക്കേണ്ടതാണ്. ഏറ്റവും പ്രധാനം ഇന്ധനവില നിയന്ത്രണാധികാരം സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നതാണ്. മന്‍മോഹന്‍സിംഗ് ഇന്ത്യയുടെ പ്രധാന മന്ത്രി ആയിരുന്ന കാലത്താണ് പെട്രോളിന്റെ വില നിയന്ത്രണം എണ്ണക്കമ്പനികളെ ഏല്‍പ്പിക്കുന്നത്. അപ്പോഴും ഡീസല്‍ വില നിയന്ത്രണാധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നു. പെട്രോളിന്റെ അനിയന്ത്രിതമായ വിലക്കയറ്റം ബിജെപി എന്നും രാഷ്ട്രീയ ആയുധമാക്കിയിരുന്നു. വിലനിയന്ത്രിക്കാനാകാത്തത് കോണ്‍ഗ്രസ്സിന്റെ പരാജയമാണ് എന്ന് പ്രചാരണം നടത്തിക്കൊണ്ടിരുന്ന ബിജെപി 2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അത് ആയുധമാക്കി. എന്നാല്‍ അധികാരത്തിലേറി വൈകാതെതന്നെ അവര്‍ ഡീസലിന്റെമേലുള്ള വിലനിയന്ത്രണവും എടുത്തുകളയുകയാണ് ചെയ്തത്. അതുകൊണ്ട് മോദി സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നതാണ്.
പെട്രോളിനും ഡീസലിനും മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അതിഭീമമായ നികുതി പിന്‍വലിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളില്‍നിന്ന് ഈടാക്കുന്ന തുകയുടെ പകുതിയിലേറെ നികുതിയാണ് എന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാനാകുക. എണ്ണ വിലയുടെമേല്‍ സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്നത് 37 ശതമാനം വാറ്റ് നികുതിയാണ്. സംസ്ഥാന നികുതിയില്‍ കേരളം മൂന്നാം സ്ഥാനത്ത് വരും. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരികയാണെങ്കില്‍തന്നെ വില ഗണ്യമായി കുറയും.

ഇന്ധനവിലയുടെ മേലുള്ള നികുതി കുറയ്ക്കുന്നത് വരുമാനത്തെ ബാധിക്കുമെന്നതിനാലാണത്രെ സര്‍ക്കാരുകള്‍ അതിന് തുനിയാത്തത്. ‘ക്ഷേമപ്രവര്‍ത്തന’ങ്ങളെയും ‘വികസനപ്രവര്‍ത്തന’ങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ജനങ്ങളെ കുത്തിക്കവര്‍ന്ന്, ജീവിക്കാനുള്ള അവരുടെ അവകാശംപോലും നിഷേധിക്കുന്ന സര്‍ക്കാര്‍ നടത്തുന്ന ‘ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍’ എന്തായാലും ജനങ്ങളുടെ ഉന്നമനം ലക്ഷ്യംവച്ചുകൊണ്ടുള്ളതല്ല. ജീവിതത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ കര്‍ഷകര്‍ നിത്യേന തെരുവിലിറങ്ങുന്ന നാടാണ് ഇന്ന് ഇന്ത്യ. 4 ലക്ഷത്തിലേറെ കര്‍ഷകര്‍ ഔദ്യോഗിക കണക്കനുസരിച്ചുതന്നെ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തുകഴിഞ്ഞു. പ്രതിഷേധിക്കുന്നവര്‍ വെടിയുണ്ടയ്ക്കുമിരയാകുന്നു. ശുദ്ധവായുവും ശുദ്ധജലവും ആവശ്യപ്പെട്ടതിനാണ് തമിഴ്‌നാട്ടില്‍ ജനങ്ങള്‍ക്കുനേരെ വെടിയുതിര്‍ത്തത്. സര്‍ക്കാരുകളുടെ ‘ക്ഷേമപ്രവര്‍ത്തന’ങ്ങള്‍ ഇവ്വിധമാണ്. ജനങ്ങളുടെ സംഘടിത നീക്കത്തിലൂടെയേ ഈ അനീതിയെ ചെറുക്കാനാവു.

Share this