അഴിമതിയും ജനദ്രോഹവുംജനാധിപത്യവിരുദ്ധതയുംനിറഞ്ഞാടുന്ന പിണറായി ഭരണം

Fees-ALP-12.jpg
Share

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സഹതാപതരംഗമെന്ന് എല്‍ഡിഎഫ് വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ താക്കീതാണ് ജനങ്ങള്‍ നല്‍കിയത്. വിലക്കയറ്റവും നികുതി-ചാര്‍ജ്ജ് വര്‍ദ്ധനവുകളും തൊഴിലില്ലായ്മയും സാംസ്‌കാരിക രംഗത്തെ തകര്‍ച്ചയുമൊക്കെ ജനജീവിതം നരകസമാനമാക്കിക്കൊണ്ടിരിക്കുകയാണ്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചാം തീയതി പുതുപ്പള്ളി മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വലിയ ഭൂരിപക്ഷത്തോടുകൂടി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലേക്ക് അദ്ദേഹത്തിന്റെ മകനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. പിതാവിന്റെ മരണം സൃഷ്ടിച്ച സഹതാപം മകന് തുണയായി എന്ന വ്യാഖ്യാനത്തില്‍ അഭയം പ്രാപിക്കുന്നതോടെ തങ്ങളുടെ തടി രക്ഷിക്കാമെന്നാണ് എല്‍ഡിഎഫിന്റെ വിശകലനവിശാരദന്മാര്‍ കണക്കുകൂട്ടുന്നത്. സഹതാപവോട്ടുകളെന്നും ബിജെപിവോട്ടുകളെന്നും രാഷ്ട്രീയ അടിത്തറ ചോര്‍ന്നിട്ടില്ല എന്നമൊക്കെ വീണിടത്തുകിടന്ന് നേതാക്കന്മാര്‍ ഉരുളുമ്പോള്‍, തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്ന സിപിഐ(എം) സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്റെ ‘ദീര്‍ഘദര്‍ശനം’ അക്ഷരാര്‍ത്ഥത്തില്‍ ശരിയായി ഭവിക്കുന്നതാണ് നാം കണ്ടത്. അത് സംസ്ഥാന സര്‍ക്കാരിന്റെ മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെയും വിലയിരുത്തലായി മാറി. സഹതാപമെന്ന ഒരൊറ്റ കാരണംകൊണ്ട് നേടാവുന്ന നേട്ടമല്ല യുഡിഎഫിന് ലഭിച്ചതെന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാക്കാവുന്ന വസ്തുതയെ നിരാകരിച്ചുകൊണ്ട് അടിമുടി ജനവിരുദ്ധവും അഴിമതി നിറഞ്ഞതുമായ പിണറായി ഭരണത്തെ വെള്ളപൂശാനാണ് സിപിഐ(എം) നേതാക്കന്മാരുടെ ശ്രമം. തങ്ങള്‍ വിളമ്പുന്നതെന്തും വാരിവിഴുങ്ങുന്ന വിഢ്ഢികളായിട്ടാണ് ഈ നേതാക്കന്മാര്‍ ജനങ്ങളെ കാണുന്നത്.
ബിജെപി വോട്ട് മറിച്ചുനല്‍കി എന്ന പതിവ് വിശകലനവും ഇതോടൊപ്പം മുന്നോട്ടുവച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥിരമായ ഒരു വോട്ട് നിക്ഷേപം ഉണ്ടെന്നും മറിച്ചുനല്‍കിയാല്‍ മാത്രമേ അതു കുറയൂ എന്നുമുള്ള വിശകലനം സ്വന്തം അപരാധങ്ങള്‍ മറച്ചുവയ്ക്കാനുള്ള സിപിഐ(എം)ന്റെ കുടിലനീക്കം മാത്രമാണ്. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ ബിജെപിയുടെ രാഷ്ട്രീയത്തോടുള്ള ജനങ്ങളുടെ വെറുപ്പാണ് അവര്‍ക്ക് വോട്ട് കുറയാനിടയാക്കുന്നതെന്ന് പറയാന്‍ സിപിഐ(എം) തയ്യാറാകുന്നില്ല. അതിലൂടെ ബിജെപിയുടെ അത്യാപല്‍ക്കരമായ രാഷ്ട്രീയത്തെ രക്ഷിക്കുകയും വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ശേഷിയുള്ള പാര്‍ട്ടിയെന്ന അനര്‍ഹമായ രാഷ്ട്രീയബഹുമതി അവര്‍ക്ക് ചാര്‍ത്തിക്കൊടുക്കുകയുമാണ് യഥാര്‍ത്ഥത്തില്‍ സിപിഐ(എം) ചെയ്യുന്നത്. ഇത്തരമൊരു പ്രചാരണത്തിന്റെ ആഘാതം വളരെ വലുതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കഴിഞ്ഞ കുറെനാളുകളായി അവര്‍ ഇത് ആവര്‍ത്തിക്കുന്നത്. ബിജെപി അവതരിപ്പിക്കുന്ന ഭ്രാന്തമായ വര്‍ഗ്ഗീയനിലപാടുകളാല്‍ സ്വാധീനിക്കപ്പെടുന്നവരും സംഘപരിവാറിന്റെ പ്രവര്‍ത്തകരും അടങ്ങുന്ന ചെറിയ ഒരു വിഭാഗം മാത്രമേ കേരളത്തില്‍ അവരുടെ സ്ഥിര വോട്ടര്‍മാരായുള്ളൂ.
അതിനുപുറമെ അവര്‍ക്കു നേടാവുന്ന വോട്ടുകള്‍, രാഷ്ട്രീയമായ കാരണങ്ങളാല്‍ ലഭിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യാം. രാഷ്ട്രീയ ഘടകങ്ങള്‍ അടിമുടി എതിരാണെന്നതിനാല്‍ പുറമെനിന്ന് ബിജെപിക്ക് ഒരു വോട്ടുപോലും നേടാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടാണ് കേരളത്തില്‍ ബിജെപിക്ക് വോട്ടുകുറയുന്നതും. ഈ സത്യം അതേപടി ജനങ്ങളോട് വിശദീകരിച്ചുകൊണ്ട് ബിജെപിയുടെ രാഷ്ട്രീയത്തിന് ശക്തമായ പ്രഹരം ഏല്‍പ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷം ചെയ്യേണ്ടത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ (2021 ല്‍ ലഭിച്ച വോട്ടിന്റെ കണക്കില്‍ സൗകര്യപൂര്‍വ്വം മൗനം പാലിച്ചു) ലഭിച്ച ശരാശരി 40,000 വോട്ട് ഇത്തവണയും ലഭിച്ചുവെന്നതിനാല്‍ തങ്ങളുടെ രാഷ്ട്രീയ അടിത്തറയ്ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല എന്ന് സമര്‍ത്ഥിക്കാനും സിപിഐ(എം) സെക്രട്ടറി പണിപ്പെടുന്നത് നാം കണ്ടു. ഇത് വാദത്തിനുവേണ്ടി അംഗീകരിച്ചുകൊണ്ടുതന്നെ ഒരു ചോദ്യം ഉന്നയിക്കാം; ഇടതുമുന്നണിയുടെ രാഷ്ട്രീയ അടിത്തറയ്ക്കു പുറത്തുനിന്ന് ഒരാളുടെ വോട്ടുപോലും നേടാന്‍ കഴിയാതെപോയതെന്തുകൊണ്ടാണ്? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ലഭിച്ച വോട്ടില്‍ 12,000ത്തിലധികം വോട്ടിന്റെ കുറവ് ഇത്തവണ എന്തുകൊണ്ട് ഉണ്ടായി?


എല്ലാ തെരഞ്ഞെടുപ്പുകളിലും മുന്നണികളെല്ലാംതന്നെ ഏതാണ്ട് സ്ഥിരമായി അവരവരുടെ സ്വന്തം വോട്ട് നേടാറുണ്ട്. ഒരു തരംഗത്തിലും ഇളകാത്ത അന്ധമായ രാഷ്ട്രീയ പിന്തുണ എന്ന് അതിനെ വിശേഷിപ്പിക്കാം. എന്നാല്‍ ഒരു മുന്നണിയിലും ഉള്‍പ്പെടാത്തവരും മാറി മാറി വോട്ടുചെയ്യുന്നവരുമായ ഒരു വലിയ വിഭാഗം സാധാരണ ജനങ്ങളാണ് കേരളത്തില്‍ വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. അവരാണ് യഥാര്‍ത്ഥത്തില്‍ ഭരണനയങ്ങളെ വിലയിരുത്തുന്നത്. അവരില്‍ ഒരാളുടെപോലും പിന്തുണ പിണറായി ഭരണത്തിന് അനുകൂലമായി ലഭിച്ചില്ല, എന്നാണ് സിപിഐ(എം) സംസ്ഥാനസെക്രട്ടറിയുടെ തെരഞ്ഞെടുപ്പ്ഫല വിശകലനത്തില്‍ നിന്നുതന്നെ വ്യക്തമാകുന്നത്. അതിനാല്‍ത്തന്നെ പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം, സംസ്ഥാനത്തെ ഇടതുഭരണത്തിനെതിരായ വിധിയെഴുത്താണെന്ന് സംശയരഹിതമായി വിലയിരുത്താം.


പണാപഹരണത്തിലും അഴിമതിയിലും മുങ്ങി സിപിഐ(എം) നിയന്ത്രിക്കുന്ന സഹകരണമേഖല


പിണറായി വിജയന്‍ നയിക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് ഭരണം ജനങ്ങളെ ക്ഷമയുടെ നെല്ലിപ്പലകയിലെത്തിച്ചിരിക്കുന്നു. സിപിഐ(എം), സിപിഐ പ്രസ്ഥാനങ്ങളുടെ അണികള്‍ വരെയും അസംതൃപ്തിയുടെയും രോഷത്തിന്റെയും പരസ്യപ്രകടനത്തിന് മുതിരുന്നു. അഴിമതിയുടെ വാര്‍ത്തകള്‍ ഒന്ന് അവസാനിക്കുന്നതിനുമുമ്പ് അടുത്തത് എന്ന നിലയില്‍ പ്രവഹിക്കുകയാണ്. ഈ വരികള്‍ കുറിക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്ന അഴിമതിയുടെ വിവരങ്ങള്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തുടങ്ങിയത് ഇപ്പോള്‍ സംസ്ഥാനത്തെ അമ്പതോളം സഹകരണ ബാങ്കുകളില്‍ നടന്നിട്ടുള്ള തിരിമറികളുടെ പിന്നാമ്പുറങ്ങളിലേക്ക് പടരുകയാണ്. ഏതാണ്ട് 500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി സൂചനകള്‍ പുറത്തുവരുന്നു. മുന്‍മന്ത്രി എ.സി.മൊയ്തീന്‍ എംഎല്‍എയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുകഴിഞ്ഞു. മുന്‍ എംപി മുതല്‍ സംസ്ഥാനക്കമ്മിറ്റിയംഗങ്ങള്‍ വരെ സംശയത്തിന്റെ നിഴലിലായിരിക്കുന്നു. ക്രൈംബ്രാഞ്ചും സഹകരണവകുപ്പും പാര്‍ട്ടികമ്മീഷനും അന്വേഷിച്ച് അവസാനിപ്പിച്ച വിഷയത്തിലെ പുതിയ അന്വേഷണം പുറത്തുകൊണ്ടുവരുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്.
എന്‍ഫാഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ അന്വേഷണവിവരങ്ങളെ സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ സാധാരണക്കാരുടെ നിക്ഷേപത്തില്‍ കോടികളുടെ വെട്ടിപ്പ് മുതല്‍ കള്ളപ്പണം വെളുപ്പിക്കല്‍വരെ സംസ്ഥാനത്തിന്റെ സഹകരണമേഖലയില്‍ നടമാടുകയാണ്. ഇതിനുമുമ്പ് പലപ്പോഴായി ഇതിന്റെ സൂചനകള്‍ മാത്രമല്ല, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തല്‍വരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയെല്ലാം ഒരു പരിധിക്ക് അപ്പുറത്തേക്ക് പോയില്ല, ശിക്ഷാ നടപടികള്‍ ഉണ്ടായില്ല, തിരുത്തലും സംഭവിച്ചില്ല. സിപിഐ(എം) നേതൃത്വം അവയെല്ലാം കുഴിച്ചു മൂടുകയാണ് ഉണ്ടായിട്ടുള്ളത്.
ജീവനക്കാര്‍ മാത്രമാണ് ഈ അഴിമതികള്‍ക്ക് ഉത്തരവാദികളെന്നും സംസ്ഥാനത്തിന്റെ സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള പതിവ് വിശദീകരണത്തില്‍ തലപൂഴ്ത്തി സിപിഐ(എം)ന് രക്ഷപ്പെടാനാവില്ല. കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ഏജന്‍സിയാണ് ഇ.ഡി എന്നതിനാല്‍ തല്‍ക്കാലത്തേക്ക് അവരുടെ കണ്ടെത്തലുകള്‍ മാറ്റിവച്ചാല്‍പ്പോലും കേരളത്തിന്റെ ജനാധിപത്യ മനസ്സാക്ഷി ഉയര്‍ത്തുന്ന വളരെ ഗൗരവതരമായ ചോദ്യങ്ങള്‍ക്ക് സിപിഐ(എം) മറുപടി പറയുകതന്നെ വേണം. പ്രാഥമിക സഹകരണ സംഘങ്ങള്‍ മുതല്‍ ജില്ലാ, സംസ്ഥാന സംഘങ്ങള്‍, ഇപ്പോള്‍ കേരള ബാങ്ക് വരെയുമുള്ള കേരളത്തിന്റെ സഹകരണമേഖല ഏതാണ്ട് സമ്പുര്‍ണ്ണമായും സിപിഐ(എം)ന്റെ മൃഗീയആധിപത്യത്തിന്‍ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയിലെ സാമ്പത്തിക ക്രയവിക്രയങ്ങളുടെ സൂക്ഷ്മചലനങ്ങള്‍ പോലും നിരീക്ഷിക്കാന്‍ സിപിഐ(എം)ന് സംഘടനാ സംവിധാനങ്ങളുണ്ടായിരിക്കെ, തങ്ങളുടെ അറിവോടെയല്ല ഇക്കാര്യങ്ങള്‍ നടക്കുന്നതെന്ന വിശദീകരണം ജനങ്ങള്‍ക്ക് വിശ്വസിക്കാനാവില്ല. അംഗീകരിക്കാനാകില്ല. ഇനി അങ്ങനെയാണെങ്കില്‍ ഭരണവും നിരീക്ഷണവും നടത്താന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സഹകാരികളുടെ ഭരണസമിതികള്‍ അവയുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിച്ചില്ല എന്നല്ലേ അര്‍ത്ഥം? അങ്ങിനെയെങ്കില്‍ ഈ പരാജയം തുറന്ന് സമ്മതിച്ച്, തദ്വാര ഉണ്ടായിട്ടുള്ള മുഴുവന്‍ തട്ടിപ്പിന്റെയും സാമ്പത്തികനഷ്ടം ഉള്‍പ്പടെയുള്ളവയുടെയും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സിപിഐ(എം) തയ്യാറാകണം.


സഹകരണമേഖലയെ പിടിമുറുക്കിയിട്ടുള്ള ഭയാനകമായ അഴിമതി നൂറുശതമാനവും സിപിഐ(എം) നേതൃത്വത്തിന്റെ അറിവോടെ നടന്നിട്ടുള്ളതാണ്. ജീവനക്കാര്‍ക്കോ പ്രാഥമിക സംഘങ്ങളുടെ ഭരണസമിതികള്‍ക്കോ ചെയ്യാന്‍ കഴിയുന്നതിലും എത്രയോ സംഘടിതവും വിപുലവുമായ അഴിമതിയുടെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും വിവരങ്ങളാണ് പുറത്തുവരുന്നത്. ജീവനക്കാരുടെ വ്യക്തിഗത അഴിമതിയോ ഭരണസമിതിയുടെ വീഴ്ചയോ അല്ല ഇത്ര ഭീമമായ അഴിമതിയുടെ മൂലകാരണം.
കേരളത്തിലെ സഹകരണമേഖലയില്‍ ഏതാണ്ട് 80 ശതമാനം ജീവനക്കാരുടെ ജോലിയും സിപിഐ(എം), പണം വാങ്ങി നല്‍കിയിട്ടുള്ള നിയമനമോ അല്ലെങ്കില്‍ പാര്‍ട്ടിയുടെ ദാനമോ ആണ്. നേതാക്കളുടെ കല്‍പ്പനകളെ ധിക്കരിച്ച് ജോലി ചെയ്യാന്‍ കേരളത്തില്‍ ഏതെങ്കിലും ജീവനക്കാരനു കഴിയുമോ? സിപിഐ(എം) നേതൃത്വത്തിന്റെ കര്‍ശനമായ നിരീക്ഷണത്തിന്‍ കീഴില്‍ മാത്രം ഇടപാടുകള്‍ മുഴുവന്‍ നടക്കുന്ന സഹകരണരംഗത്ത് ജീവനക്കാര്‍ക്ക് തനതായി ഒരു തീരുമാനവും കൈക്കൊള്ളാനാവില്ല. രാഷ്ട്രീയക്കാര്‍ നിയന്ത്രിക്കുന്ന ഭരണസമിതി അറിയാതെ സഹകരണസ്ഥാപനങ്ങളില്‍ ഇല പോലും അനങ്ങില്ല എന്നത് കേരളത്തിലെ ഏതൊരു സാധാരണക്കാരനും അറിയാവുന്ന പരമാര്‍ത്ഥമാണ്. വായ്പ, നിക്ഷേപം, മുതല്‍മുടക്ക് തുടങ്ങിയ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ഭരണസമിതിയും അവരെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വവുമാണ്. നിയമനത്തിന്റെ പേരിലുള്ള പ്രത്യുപകാരമെന്ന നിലയില്‍ ഭരണസമിതിയോട് പൂര്‍ണ്ണമായും വിധേയപ്പെട്ട ജീവനക്കാരുള്ള സഹകരണബാങ്കുകളുടെ ആഭ്യന്തരസംവിധാനം രേഖകളില്‍ തിരിമറി നടത്താനും വ്യാജഅക്കൗണ്ടുകള്‍ സൃഷ്ടിക്കാനും അങ്ങേയറ്റം അനുകൂലമായ ഒന്നാണ്. കള്ളപ്പണം നിക്ഷേപിക്കുന്നതിനായി ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകള്‍ സഹകരണ ബാങ്കുകളില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. മലപ്പുറം എആര്‍ ബാങ്കില്‍ ആയിരത്തിലധികം കോടി രൂപ വ്യാജഅക്കൗണ്ടുകളിലായി നിക്ഷേപിച്ചിരിക്കുന്നു എന്നു കണ്ടെത്തിയിരുന്നല്ലോ.
ഭരണസമിതി അംഗങ്ങളായ പ്രാദേശിക നേതാക്കളുടെ സ്ഥിതിയും ദയനീയമാണ്. ചട്ടവിരുദ്ധമായും വ്യാജഈടുകള്‍ വാങ്ങിയും തങ്ങള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി തിരിമറികള്‍ നടത്തുന്ന, ഈ അഴിമതി ശൃംഖലയുടെ താഴത്തെ കണ്ണികളായിരിക്കുന്ന ഭരണസമിതി അംഗങ്ങള്‍ എങ്ങിനെയാണ് വലിയ നേതാക്കളുടെ വമ്പന്‍ അഴിമതികളെ ചോദ്യം ചെയ്യുക. പിന്നെ ഒരു മാര്‍ഗ്ഗമേയുള്ളൂ. അഴിമതി നടത്താന്‍ എല്ലാവരും പരസ്പരം സഹകരിക്കുക. പിടി വീഴുമെന്നുവരുമ്പോള്‍ ആദ്യം ജീവനക്കാരെയും പിന്നീട് ഭരണസമിതി അംഗങ്ങളെയും ബലിയാടാക്കി, നേതാക്കള്‍ തങ്ങളുടെ തടി രക്ഷിക്കുന്നു. അതാണ് ഈ മേഖലയില്‍ പതിറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്നത്.
40 വര്‍ഷമായി സിപിഐ(എം) നയിക്കുന്ന ഭരണസമിതി ഭരിക്കുന്ന കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിന്റെ ഉത്തരവാദിത്തം മറ്റാരുടെയും തലയില്‍ കെട്ടിവച്ച് അവര്‍ക്ക് രക്ഷപ്പെടാനാവില്ല. കോടികളുടെ അഴിമതി നടക്കുകയാണെന്ന വിവരം കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ മുന്‍ജീവനക്കാരുടെ പരാതികളിലൂടെയും മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും പലപ്പോഴായി പുറത്തുവന്നിരുന്നു. സിപിഐ(എം)ന്റെ പാര്‍ട്ടി ഘടകങ്ങളിലും പലപ്പോഴായി ഈ വിഷയം ഉന്നയിക്കപ്പെട്ടിരുന്നതായി മാധ്യമറിപ്പോര്‍ട്ടുണ്ട്. ഏറ്റവും ഒടുവില്‍ 5 വര്‍ഷം മുമ്പാണ് കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുകള്‍ കൃത്യമായി ചൂണ്ടിക്കാട്ടിക്കൊണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനോട് ഒരു വാര്‍ത്താ ചാനലിന്റെ പരിപാടിയില്‍ കരുവന്നൂര്‍ ബാങ്കിലെ ഒരു ജീവനക്കാരന്‍ പരസ്യമായി അഴമതി സംബന്ധിച്ച ആരോപണം ഉന്നയിച്ചിരുന്നു. പ്രസ്തുത സര്‍ക്കാരിന്റെ സഹകരണവകുപ്പിന്റെ മുമ്പില്‍ രേഖകളുടെ പിന്‍ബലത്തോടെയാണ് ഈ അഴിമതിയും പണാപഹരണവും ചൂണ്ടിക്കാട്ടപ്പെട്ടത്. എന്നാല്‍ അവയെ എല്ലാം ധിക്കാരപൂര്‍വ്വം കാറ്റില്‍പ്പറത്തി, നിയമവാഴ്ചയെ തരിമ്പും ഭയപ്പെടാതെ അഴിമതി തുടര്‍ന്നു എന്നതാണ് കരുവന്നൂര്‍ ബാങ്ക് അഴിമതിയെ ഗൗരവതരമാക്കുന്നത്. വന്‍തോതിലുള്ള വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടക്കുന്നതായി വ്യക്തമായി അറിയുമ്പോഴും അത് തടയാന്‍ നടപടി സ്വീകരിക്കാതിരുന്നത് അതീവഗൗരവമുള്ള ഈ കുറ്റകൃത്യത്തിന്റെ അവിഭാജ്യഭാഗമായിരിക്കുന്നതുകൊണ്ടു മാത്രമാണ്. സംസ്ഥാനനേതൃത്വത്തിന്റെ വരെ ശ്രദ്ധയില്‍പ്പെട്ടിട്ടും ഒരു ദശാബ്ദത്തിലധികമായി ഇത്രമേല്‍ ഗുരുതരമായ ഒരഴിമതി തടയപ്പെട്ടില്ല എന്നത് ഗൗരവതരമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. അഴിമതി തടയാനോ ചോദ്യം ചെയ്യാനോ പറ്റാത്തവിധം കളങ്കിതരായിരിക്കുന്നു ഉന്നതനേതാക്കളും എന്ന് ന്യായമായും ഇത് സ്ഥാപിക്കുന്നു.


കരിമണല്‍ അഴിമതി: മകളെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് പച്ചനുണ


തന്റെ മകള്‍ മാസപ്പടി കൈപ്പറ്റിയതായുള്ള ആരോപണത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ട് മാസങ്ങള്‍ക്കുശേഷം മാത്രമാണ് സെപ്റ്റംബര്‍ 11-ാം തീയതി നിയമസഭയില്‍ പ്രതികരിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ ചോദ്യത്തിന് ഉത്തരം നല്‍കാതെ, ചോദ്യം ഉയര്‍ത്തിയവരുടെ മനോനിലയാണ് എല്ലാത്തിനും കാരണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് എന്ന കമ്പനിക്കും 2017-2020 വര്‍ഷ കാലയളവില്‍ കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍സ് ലിമിറ്റഡ്(സിഎംആര്‍എല്‍) എന്ന സ്വകാര്യകമ്പനി മാസംതോറുമുള്ള തുകകളിലൂടെ 1.72 കോടി രൂപാ നല്‍കിയെന്നും അതിനുപകരമായി വീണ വിജയന്റെ കമ്പിനി ഒരുവിധ സേവനവും നല്‍കിയില്ല എന്നും ആദായനികുതി വകുപ്പിന് മൊഴിനല്‍കിയത് സിഎംആര്‍എല്‍ കമ്പനിയുടെ ഓപ്പറേറ്റിംഗ് മാനേജര്‍ ഉള്‍പ്പടെയുള്ള മൂന്ന് ഉദ്യോഗസ്ഥരാണ്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ്, സംസ്ഥാനത്തെ വളരെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകളെന്ന പരിഗണനയിലാണ് മാസപ്പടി നല്‍കിയതെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്തുകൊണ്ട് സിഎംആര്‍എല്‍ കമ്പനി നല്‍കിയ അപേക്ഷയാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് പുന:പരിശോധന ഇല്ലാത്ത വിധം തീര്‍പ്പ് കല്‍പ്പിച്ച് തള്ളിയത്. സേവനങ്ങള്‍ ലഭിച്ചുവെന്ന് സിഎംആര്‍എല്‍ കമ്പനിക്ക് തെളിയിക്കാന്‍ കഴിയാതെ പോയതുകൊണ്ടാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിനെ സെറ്റില്‍മെന്റ് ബോര്‍ഡ് ശരിവച്ചത്.
എന്നാല്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് ‘വനിതാ സംരംഭക’ സേവനങ്ങള്‍ നല്‍കിയില്ല എന്ന പരാതി സിഎംആര്‍എല്‍ കമ്പനിക്കില്ല എന്നാണ്. ഇത് പച്ചനുണയാണ്. ശശിധരന്‍ കര്‍ത്തയുടെ കമ്പനി ആദ്യം നല്‍കിയ മൊഴി സേവനങ്ങള്‍ നല്‍കിയില്ല എന്നുതന്നെയാണ്. ഈ മൊഴി തിരുത്താന്‍വേണ്ടി സിഎംആര്‍എല്‍ കമ്പനി പിന്നീട് സമീപിച്ചപ്പോള്‍, സെറ്റില്‍മെന്റ് ബോര്‍ഡ,് വീണ വിജയന്‍ നല്‍കിയ സേവനങ്ങളുടെ തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. തെളിവ് ഹാജരാക്കുന്നതില്‍ സിഎംആര്‍എല്‍ പരാജയപ്പെടുകയും അങ്ങനെ വീണ വിജയന്‍ ഒരു പണിയും ചെയ്യാതെ 1.72 കോടി രൂപ കൈപ്പറ്റി എന്ന് സെറ്റില്‍മെന്റ് കോടതിയില്‍ തെളിയുകയും ചെയ്തു. സിഎംആര്‍എല്‍ കമ്പനിയുടെ ഉടമ ശശിധരന്‍ കര്‍ത്തയുടെ പറ്റുപുസ്തകത്തില്‍ വീണയുടെ പേരു വരാന്‍ കാരണം, അവരുടെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനായതുകൊണ്ടുമാത്രമാണ്. പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്ന സിഎംആര്‍എല്ലിന്റെ മുമ്പില്‍ ഉയര്‍ന്നുവന്ന വിഘ്‌നങ്ങളെ രാഷ്ട്രീയ ഇടപെടലിലൂടെ മറികടക്കുന്നതിനുവേണ്ടി നല്‍കപ്പെട്ടതാണ് ഈ തുകയെന്ന് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വിധിയില്‍ വ്യക്തമാണ്. അതേ ലക്ഷ്യത്തിനുവേണ്ടിയാണ് യുഡിഎഫ് നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ശശിധരന്‍ കര്‍ത്ത പണം നല്‍കിയത്. യഥാര്‍ത്ഥത്തില്‍ കോഴ കൈമാറുന്നതിനായി ഉണ്ടാക്കിയ ഒരു മറ മാത്രമാണ് എക്‌സാലോജിക്കുമായുള്ള കരാര്‍. ഈ അഴിമതിയുടെ വ്യക്തമായ തെളിവായി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വിധി നിലനില്‍ക്കവേയാണ് ‘വനിതാ സംരംഭക’യെ കുറ്റവിമുക്തയാക്കിക്കൊണ്ട് പിതാവായ മുഖ്യമന്ത്രി നിയമസഭയില്‍ പച്ചക്കള്ളം പറഞ്ഞത്. ശശിധരന്‍കര്‍ത്ത ഉള്‍പ്പടെയുള്ള മുതലാളിമാര്‍ക്കുവേണ്ടി നാട്ടുകാരെ അടിച്ചമര്‍ത്തിക്കൊണ്ട് തോട്ടപ്പള്ളിയില്‍ നിര്‍ബാധം നടത്തിക്കൊണ്ടിരിക്കുന്ന കരിമണല്‍ ഖനനം തന്നെ ഈ അഴിമതിയുടെ വ്യക്തമായ മറ്റൊരു തെളിവാണ്. മുഖ്യമന്ത്രിക്കും മകള്‍ക്കും വേണ്ടി നാണംകെട്ട നിലയില്‍ ന്യായീകരണം നടത്തി സിപിഐ(എം) നേതാക്കള്‍ ഇത്രമേല്‍ സ്വയം അപഹാസ്യരാകുന്ന ചിത്രം ഇതിനുമുമ്പ് കാണേണ്ടിവന്നിട്ടില്ല.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്രമേല്‍ അഴിമതി ആരോപിക്കപ്പെട്ട മറ്റൊരു ഇടതുസര്‍ക്കാരും ഉണ്ടായിട്ടില്ല. അവയൊന്നും ആരോപണങ്ങളായിരുന്നില്ല, മറിച്ച് വസ്തുതകളുടെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കപ്പെട്ട അഴിമതിയും പണാപഹരവും ക്രമക്കേടുകളും സ്വജനപക്ഷപാതവും തന്നെയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിതന്നെ രണ്ട് തവണ ജയിലിലടയ്ക്കപ്പെട്ടു. സ്വര്‍ണ്ണക്കള്ളക്കടത്തിനും ചട്ടവിരുദ്ധമായ പണമിടപാടിനും അഴിമതിക്കും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ കോടതികളില്‍ തുടരുകയാണ്. അതില്‍ മുഖ്യമന്ത്രിയുടെ പങ്ക്, സ്ഥാപിക്കാന്‍ സാങ്കേതികമായി കഴിഞ്ഞില്ലെങ്കിലും ഒരു ഭരണസംവിധാനത്തില്‍ തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നീക്കങ്ങളില്‍ മുഖ്യമന്ത്രി അജ്ഞനായിരിക്കുമെന്ന് കരുതാന്‍ യുക്തിപരമായി ഒരിക്കലുമാവില്ല. അതും സര്‍ക്കാരിന്റെ ഒട്ടനവധി പ്രധാന സംരംഭങ്ങളില്‍ ഏറ്റവും വിശ്വസ്തനെന്ന നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചാണെന്നതിനാല്‍ പ്രത്യേകിച്ചും. മുഖ്യമന്ത്രിയുടെ പങ്ക്, തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കല്‍ അത്ര എളുപ്പമുള്ള കാര്യമല്ല എന്നതിനാല്‍ അദ്ദേഹം സാങ്കേതികമായി രക്ഷപ്പെട്ടതായി ആശ്വസിക്കുന്നു. ഗുരുതരമായ സംശയത്തിന്റെ ഇരുളില്‍ നില്‍ക്കുന്ന ഒരാളായിത്തന്നെയാണ് ജനങ്ങളുടെ മനസ്സില്‍ പിണറായി വിജയന്റെ സ്ഥാനം.
സ്പ്രിംഗ്ലര്‍ കരാറില്‍നിന്നും എല്‍ഡിഎഫ് സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വന്നത് അതില്‍ ചട്ടവിരുദ്ധമായി ഒട്ടനവധി കാര്യങ്ങള്‍ നടന്നു എന്നതിനാലാണ്. കോവിഡിന്റെ മറവില്‍ ആരോഗ്യവകുപ്പിനെ മുന്‍നിര്‍ത്തി പിപിഇ കിറ്റും ഗ്ലൗസുമടക്കം വാങ്ങിയതിനുപിന്നില്‍ നടന്ന അഴിമതിയും ബ്രഹ്മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട് ഉര്‍ന്നുവന്ന ആരോപണങ്ങളും അടിസ്ഥാനമുള്ളവ തന്നെയായിരുന്നു. എഐക്യാമറുയടെ കാര്യത്തിലും സര്‍ക്കാരിന് തൃപ്തികരമായ ഒരു വിശദീകരണവും നല്‍കാനായില്ല. സര്‍ക്കാരിനുവേണ്ടപ്പെട്ട സാമ്പത്തികശക്തികള്‍ക്ക് കരാര്‍ ഉറപ്പിച്ചുനല്‍കാന്‍ ഒട്ടനവധി ക്രമക്കേടുകള്‍ നടന്നതായി വ്യക്തമായി.
ഓരോ പദ്ധതിയുടെ പിന്നിലെയും ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തി മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ ആസൂത്രിതമായി മൗനം പാലിച്ച് അവയെ ബോധപൂര്‍വ്വം വിസ്മൃതിയിലേക്ക് തള്ളുക എന്നതാണ് ഭരണനേതൃത്വത്തിന്റെ കൗശലം. ഏറ്റവും ഒടുവില്‍ കരിമണല്‍ അഴിമതിയിലും നാം കണ്ടത് അതാണ്. മാസപ്പടി വിവാദം പൊതുമണ്ഡലത്തില്‍ യുക്തിഭദ്രമായ വാദങ്ങളോടെ നിലനില്ക്കവേ, ഒരു മാധ്യമപ്രവര്‍ത്തകന്റെയെങ്കിലും ഗൗരവപൂര്‍വ്വമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി മുതിര്‍ന്നില്ല. കരിമണല്‍ അഴിമതിയെ സ്ഥിരീകരിക്കുന്ന വാദമുഖങ്ങള്‍ സാധാരണക്കാരന്റെ ചിന്താമണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷമായി എന്ന് ഉറപ്പായപ്പോള്‍ കല്ലുവച്ച നുണ അവതരിപ്പിച്ച് അതിന് വേറൊരു വ്യാഖ്യാനം ചമയ്ക്കുന്ന കുടിലബുദ്ധിയാണ് പിണറായി വിജയന്‍ കാട്ടിയത്. ഞെട്ടിപ്പിക്കുന്ന അഴമിതിയും നാണംകെട്ട സ്വജനപക്ഷപാതവും സര്‍ക്കാരിനെതിരെ സൃഷ്ടിക്കുന്ന ജനവികാരത്തെ കൈകാര്യം ചെയ്യാന്‍ സമര്‍ത്ഥമായി ഈ കൗശലം പ്രയോഗിക്കുകയാണ് പിണറായി ഭരണം. ഈ അഴിമതികള്‍ക്കെതിരെ നിരന്തരവും ശക്തവുമായ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയം പ്രതിപക്ഷത്തിനില്ല എന്നതും ഈ കൗശലം പ്രയോഗിക്കാന്‍ സൗകര്യമൊരുക്കുന്നു. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ എഴ് വര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തുകൂട്ടിയിട്ടുള്ള ബീഭല്‍സമായ അഴിമതിയും സ്വജനപക്ഷപാതവും നെറിവുകേടുകളും എല്ലാ റിക്കാര്‍ഡുകളെയും കടത്തിവെട്ടുന്നതാണ്.
സ്വജനപക്ഷപാതം എല്ലാ അതിരുകളും ലംഘിച്ചു മുന്നേറുന്നതാണ് സാമൂഹ്യമണ്ഡലത്തില്‍ നാം കാണുന്ന ഭയാനകമായ അഴിമതി. ആയിരക്കണക്കിനാണ് പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. സര്‍വ്വകലാശാലകളിലെ അദ്ധ്യാപക നിയമനം മുതല്‍ താഴേത്തട്ടിലെ ജോലികള്‍വരെ സിപിഐ(എം) അണികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ഭരണചേരിയുടെ അനുഗ്രഹമുണ്ടെങ്കില്‍ ഏതുചട്ടവും ലംഘിക്കാം. എന്തുതരം ക്രമക്കേടും നെറിവുകേടും കാട്ടാനുള്ള പൂര്‍ണ്ണ ലൈസന്‍സായി സിപിഐ(എം) അംഗത്വം മാറി. സിപിഒ പരീക്ഷയിലെ ക്രമക്കേടിലൂടെ ലിസ്റ്റില്‍ പ്രഥമ റാങ്കുകരായി കടന്നുകൂടിയ എസ്എഫ്‌ഐ ക്രിമിനലുകള്‍ മുതല്‍ ഏറ്റവുുമൊടുവില്‍ കായംകുളത്ത് എംഎസ്എം കോളേജില്‍ പിടിയിലായ നിഖില്‍ തോമസ് വരെ സംസ്ഥാനത്ത് കഴിഞ്ഞ 7 വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ്സുകളില്‍ പ്രതികളാണ്.


നെഞ്ചുപിളര്‍ക്കുന്ന ജീവിത തകര്‍ച്ചയുടെ നേര്‍ചിത്രമായി
സംസ്ഥാനത്തെ സാമൂഹ്യസാഹചര്യം


വിലക്കയറ്റവും വരുമാനത്തകര്‍ച്ചയും സൃഷ്ടിക്കുന്ന അനിശ്ചിതത്വം ജനങ്ങളെ ഭയപ്പെടുത്തുന്നു. എവിടെത്തിരിഞ്ഞാലും രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ വലയുന്ന സാധാരണ മനുഷ്യന്റെ ഗദ്ഗദങ്ങളാണ് നാം കേള്‍ക്കുന്നത്. എല്ലാ പ്രതീക്ഷയുമറ്റ, നിരാശയുടെ മനോഘടന കുടുംബങ്ങളെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്നു. കഴിഞ്ഞ 2 മാസത്തിനുള്ളില്‍ സംസ്ഥാനത്ത് ജീവന്‍ വെടിഞ്ഞത് 7 കുടുംബങ്ങളാണ്. അതില്‍ ഒന്നൊഴികെ മറ്റെല്ലാ കുടുംബങ്ങളെയും മരണത്തിലേക്ക് നയിച്ചത് സാമ്പത്തിക പരാധീനതയും വായ്പാക്കുരുക്കുമാണ്. അവശ്യനിത്യോപയോഗ സാധനങ്ങള്‍ ന്യായവിലക്ക് ലഭിച്ചിരുന്ന സപ്ലൈകോ വിപണികളും മാവേലി സ്റ്റോറുകളും ഏതാണ്ട് അസ്തമിച്ച നിലയിലായി. ആശ്രയിക്കാന്‍ ഒരു കൈത്താങ്ങുമില്ലാത്ത ദുരവസ്ഥ സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരനെ വേട്ടയാടുന്നു. എല്ലാ ചാര്‍ജ്ജുകളും നികുതികളും സര്‍ക്കാര്‍ ഒരു ദയയുമില്ലാതെ വര്‍ദ്ധിപ്പിച്ചു. വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെയും യാത്രയുടെയും നിരക്കുകള്‍ കൂടി. സര്‍ക്കാര്‍ സേവനങ്ങള്‍ക്കെല്ലാം യൂസര്‍ഫീസ് ഏര്‍പ്പെടുത്തി, കാലാകാലങ്ങളില്‍ അത് വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങളെ എങ്ങനെ പിഴിയാം എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ഗവേഷണം. പ്രതിഷേധ പ്രകടനങ്ങള്‍ക്കുപോലും ഫീസ് ഏര്‍പ്പെടുത്തിക്കൊണ്ട് അത് ഒരിക്കല്‍ക്കൂടെ തെളിയിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. പണസമാഹരണത്തോടൊപ്പം പ്രതിഷേധങ്ങളെ തടയുകയും ലക്ഷ്യമാണ്.
വാര്‍ദ്ധക്യപെന്‍ഷന്‍ നല്‍കാനെന്നു പറഞ്ഞ് പെട്രോളിനും ഡീസലിനും സെസ്സ് ഏര്‍പ്പെടുത്തി. ആ പെന്‍ഷന്‍ കുടിശ്ശികയായിട്ട് മാസങ്ങളായി. കേരളത്തില്‍ സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി മുടങ്ങുന്നു. ഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്ററായി സ്ഥാനക്കയറ്റം കിട്ടിയവരില്‍ അഞ്ഞൂറോളം അധ്യാപകര്‍ സ്ഥാനക്കയറ്റം വേണ്ട എന്ന് എഴുതിക്കൊടുത്തിരിക്കുന്നു. ഉച്ചക്കഞ്ഞിയുടെ ചെലവ് അധ്യാപകരുടെ ചുമലിലാണ് എന്നതുതന്നെ കാരണം. വയോമിത്രം പദ്ധതി മുടങ്ങിക്കിടക്കുന്നു, പെന്‍ഷന്‍ ഫണ്ട് വകമാറ്റുന്നു, പതിനായിരം രൂപപോലും ട്രഷറിയില്‍നിന്ന് പിന്‍വലിക്കാനാകുന്നില്ല, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പെന്‍ഷന്‍ ഇല്ല, ഭിന്നശേഷിക്കാര്‍ക്ക് പെന്‍ഷനില്ല, അവരെ പരിചരിക്കുന്നവര്‍ക്കുള്ള ഓണറേറിയമില്ല. നിത്യരോഗികള്‍ ഉള്ള കുടുംബങ്ങള്‍ ചികില്‍സയും മരുന്നും നല്‍കാനാകാതെ പകച്ചുനില്‍ക്കുന്നു. വളരെയേറെ ആശങ്ക ഉളവാക്കുന്ന വാര്‍ത്തകളാണ് വരുന്നത്.
ഈ വാക്കുകള്‍ക്ക് മഷി പുരളുമ്പോള്‍ നെല്ലിന്റെ വില ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ കര്‍ഷകന്റെ ദുരന്തവാര്‍ത്ത നാം കേള്‍ക്കുകയാണ്. ആറ് മാസം പിന്നിട്ടിട്ടും സര്‍ക്കാരിനു നല്‍കിയ നെല്ലിന്റെ വില ഇതുവരെയും നെല്‍കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. എന്തൊരു ദുരന്തത്തെയാണ് സംസ്ഥാനം നേരിടുന്നത്. പണിയെടുത്ത് ഉണ്ടാക്കുന്ന വിളകള്‍ വന്യജീവികള്‍ നശിപ്പിക്കുന്നത് മലയോര മേഖലയിലെ കര്‍ഷകരുടെ ജീവിതത്തെ തകര്‍ക്കുന്നു.
കുതിച്ചുയരുന്ന തൊഴിലില്ലായ്മ യുവജനങ്ങളുടെ ഭാവി ഇരുളടഞ്ഞതാക്കുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍(എന്‍എസ്എസ്ഒ)യുടെ 2021ലെ കണക്കനുസരിച്ച് കേരളത്തില്‍ പതിനഞ്ചുവയസ്സിനും ഇരുപത്തിയൊമ്പതുവയസ്സിനും ഇടയിലുള്ളവരിലെ തൊഴിലില്ലായ്മനിരക്ക് 43ശതമാനമാണ്. കുടുംബശ്രീയുമായി ചേര്‍ന്ന് കെ.ഡിസ്‌ക് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് 53 ലക്ഷംപേര്‍ തൊഴില്‍രഹിതരാണ് എന്നാണ്. യഥാര്‍ത്ഥസ്ഥിതി അതിലും ഭീകരമാണ്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. തൊഴില്‍രഹിതരായ യുവാക്കളെ വഞ്ചിച്ചുകൊണ്ട് സര്‍ക്കാര്‍ വന്‍തോതില്‍ തസ്തികകള്‍ ഇല്ലാതാക്കുകയും ഉള്ളവയില്‍ നിയമനം സമയബന്ധിതമായി നടത്താതിരിക്കുകയും ചെയ്യുന്നു. ഒരു വരുമാനവുമില്ലാതെയുള്ള ജീവിതം സൃഷ്ടിക്കുന്ന നിരാശയും രോഷവും ചെറുപ്പക്കാരെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നു. പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടികളെ കൊല്ലുന്നതും മാതാപിതാക്കളെ മദ്യ-മയക്കുമരുന്നു ലഹരിയില്‍ അടിച്ചുകൊല്ലുന്നതും നിരര്‍ത്ഥക ജീവിതത്തിന്റെ വ്യഥകള്‍ നിലതെറ്റിക്കുന്ന യുവാക്കളാണ്.
എന്തൊരു അപചയത്തിലേക്കാണ് നാട് നടന്നുനീങ്ങുന്നത്! സാമൂഹ്യാന്തരീക്ഷത്തില്‍ അരക്ഷിതാവസ്ഥ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ 34 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 34 കേസുകളില്‍ 20 എണ്ണത്തിനാണ് ചാര്‍ജ് ഷീറ്റ് നല്‍കിയിട്ടുള്ളതെങ്കിലും ഒരു കേസില്‍പോലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. വിസ്മയയുടെ മരണശേഷം രൂപീകരിക്കപ്പെട്ട കേരള പോലീസ് ഹെല്‍പ് ഡെസ്‌കില്‍ ഒരു ദിവസംമാത്രം 108 പരാതികളെത്തി. സ്ത്രീ സാക്ഷരതയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന കേരളത്തിന്റെ ദയനീയചിത്രമാണിത്. കൊലപാതകങ്ങളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും പെരുകുന്ന അഭിശപ്തമായ ഒരു സാമൂഹ്യ സാഹചര്യമാണ് ഇന്നുള്ളത്. സ്‌കൂളുകള്‍ ഉള്‍പ്പെടെ കലാലയങ്ങള്‍ ലഹരിയുടെ വിപണന കേന്ദ്രങ്ങളായിരിക്കുന്നു, ബാല്യവും കൗമാരവും പിന്നിടാത്ത കുഞ്ഞുങ്ങള്‍ ഇതിന്റെ ഇരകളും പലപ്പോഴും കാരിയേഴ്‌സുമാണ്. അഞ്ചുവര്‍ഷംകൊണ്ട് കേരളത്തില്‍ കൊല്ലപ്പെട്ടത് 146 കുട്ടികളാണ്. പ്രതിമാസം മൂന്ന് കുട്ടികള്‍ കൊല്ലപ്പെടുന്നു. ഭയാനകമായ ഈ തകര്‍ച്ച അല്‍പ്പംപോലും ഭരണക്കാരെ അലോസരപ്പെടുത്തുന്നില്ല. സര്‍ക്കാര്‍ പിന്തുണയോടെ കാട്ടുതീ പോലെ പടരുന്ന മദ്യവും മയക്കുമരുന്നും ഭാവിതലമുറയെ തുലയ്ക്കുകയാണ്.
കടക്കെണിയില്‍ മുങ്ങിത്താഴുന്ന കേരളം
റിസര്‍വ്വ് ബാങ്ക് കഴിഞ്ഞ ജനുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുപ്രകാരം കേരളത്തിന്റെ പൊതുകടം നാലുലക്ഷം കോടി രൂപയായി ഉയരുകയാണ്. മുക്കാല്‍ ലക്ഷത്തിലധികം കടബാധ്യതയുമായാണ് ഓരോ കുഞ്ഞും പിറന്നുവീഴുന്നത്. കിഫ്ബിയുടെ വായ്പയും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലിമിറ്റഡിന്റെ വായ്പയും കൂടെയാകുമ്പോള്‍ തുക പിന്നെയും ഉയരും. ഓരോ പുതിയ വായ്പയും സാമൂഹ്യസുരക്ഷാ പദ്ധതികളുടെ മേല്‍ പുതിയ നിബന്ധനകള്‍ അടിച്ചല്‍പ്പിക്കുന്നു. ഫലത്തില്‍ വായ്പാഭാരം വര്‍ദ്ധിക്കുന്നവെന്നു മാത്രമല്ല, സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളും അസ്തമിക്കുന്നു. കെടുകാര്യസ്ഥതയും അഴിമതിയും വായ്പാധിഷ്ഠിത വികസനപദ്ധതികളുമാണ് കേരളത്തെ കടക്കെണിയിലാക്കുന്നത്. വികസനത്തിന്റെ മറവില്‍, വന്‍കിടപദ്ധതികളുടെപേരില്‍ വീണ്ടും വീണ്ടും വായ്പയെടുത്ത് മുന്‍വായ്പകളുടെ പലിശ അടയ്ക്കുന്ന സര്‍ക്കാര്‍ വളരെ നിരുത്തരവാദപരമായാണ് ഈ കടക്കെണിയെ കാണുന്നത്.


എന്നാല്‍ കടക്കെണിയില്‍ പിടയുന്ന കേരളത്തില്‍ സര്‍ക്കാരിന്റെ ധനധൂര്‍ത്തിന് ഒരു കുറവുമില്ല. പുതിയ ലാവണങ്ങള്‍ സൃഷ്ടിച്ച് നേതാക്കളെ കുടിയിരുത്തിയും മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിച്ചും കാലിത്തൊഴുത്ത് പണിതും ഹെലികോപ്റ്റര്‍ വാങ്ങിയും വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയും പേഴ്‌സണല്‍ സ്റ്റാഫിനെ കുത്തിനിറച്ചും വിദേശയാത്രകള്‍ നടത്തിയും കണക്കില്ലാതെ കോടികള്‍ പൊടിച്ചുതീര്‍ക്കുകയാണ്. നെല്ലിന്റെ വില കിട്ടാത്തതിനാല്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനത്ത് ഈ ധൂര്‍ത്ത് നടത്തുന്നതില്‍ നേതാക്കള്‍ക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ല.
സിപിഐ(എം) നയിക്കുന്ന
എല്‍ഡിഎഫ് ഇടതു രാഷ്ട്രീയത്തെ കുഴിവെട്ടി മൂടുന്നു
ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും ധ്വംസിക്കുന്നതില്‍ മോദി സര്‍ക്കാരിനോട് മല്‍സരിക്കുകയാണ് യഥാര്‍ത്ഥത്തില്‍ പിണറായി ഭരണം. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ കൈക്കൊണ്ട നൂറുകണക്കിന് കേസുകള്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം ഈ നിമിഷം വരെയും പാലിക്കപ്പെട്ടിട്ടില്ല. സില്‍വര്‍ലൈന്‍ വിരുദ്ധപ്രക്ഷോഭം, വിഴിഞ്ഞ സമരം ഉള്‍പ്പടെയുള്ള കേരളത്തിലെ സാധാരണ മനുഷ്യര്‍ നടത്തിയ ജനാധിപത്യസമരങ്ങള്‍ക്കുനേരെ എടുത്ത കേസ്സുകളെല്ലാം നിലനിര്‍ത്തി പാവപ്പെട്ടവരെ വേട്ടയാടുകയാണ് പിണറായി സര്‍ക്കാര്‍. ജനകീയ സമരങ്ങളെയും തൊഴിലാളിസമരങ്ങളെയും ഏറ്റവും ജനാധിപത്യവിരുദ്ധമായ രീതിയിലാണ് പിണറായി സര്‍ക്കാര്‍ നേരിടുന്നത്. ജനകീയ സമരങ്ങളോടും എതിരഭിപ്രായങ്ങളോടുമുള്ള അസഹിഷ്ണുത ഭരണത്തിന്റെ മുഖമുദ്രയായിക്കഴിഞ്ഞിരിക്കുന്നു. ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുപോലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത നിരവധി കേസ്സുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ ഏറ്റവുമൊടുവില്‍, പ്രകടനങ്ങള്‍ നടത്താന്‍ ഫീസ് അടയ്ക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ച പിണറായി സര്‍ക്കാര്‍, ഏറ്റവും നിര്‍ദ്ദയനായ ഒരു ഭരണാധികാരി പോലും ചെയ്യാനറയ്ക്കുന്ന അടിച്ചമര്‍ത്തലാണ് നടത്തുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ സിപിഐ, സിപിഐ(എം) പ്രസ്ഥാനങ്ങളില്‍ എന്തെങ്കിലും പ്രതീക്ഷ നിലനിര്‍ത്തുന്ന സത്യസന്ധരായ മനുഷ്യര്‍ അത് വെടിഞ്ഞുകൊണ്ട് സംഘടിതപ്രക്ഷോഭത്തിന്റെ യഥാര്‍ത്ഥ ഇടതുരാഷ്ട്രീയം സ്വീകരിക്കാന്‍ മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Share this post

scroll to top