കൊറോണ (കോവിഡ്-19) മഹാമാരി നൽകുന്ന രാഷ്ട്രീയ പാഠങ്ങൾ

Spread our news by sharing in social media

കൂടുതൽ വായിക്കാൻ


ഭൂഗോളത്തിലുള്ള മുഴുവൻ രാജ്യങ്ങളും കോവിഡ്-19 എന്ന മഹാമാരിക്കെതിരെ പൊരുതുകയാണ്. രോഗംമൂലം മരണപ്പെട്ടവരുടെ എണ്ണം ഒന്നര ല ക്ഷം പിന്നിട്ടിരിക്കുന്നു. ഈ വാക്കുകൾ കുറിക്കപ്പെടുമ്പോൾ രോഗബാധിതരുടെ എണ്ണം 22 ലക്ഷവും കടന്നിരിക്കുകയാണ്. മരുന്നുമില്ല, വാക്‌സിനുമില്ല എന്നതിനാലാണ് രോഗം ഇത്രമേൽ ഭീഷണിയായി പരിണമിച്ചിരിക്കുന്നത്. ജനിതകമാറ്റം സംഭവിച്ച സാർസ് കോവ്-2(SARS-CoV-2) എന്ന ഒരിനം പുതിയ വൈറസ് വഴിയുള്ളതാണെന്നതിനാൽ മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം രോഗം പുതിയതാണ്. ഈ മഹാവ്യാധി ബാധിച്ച്, രോഗം ഭേദമാകുമ്പോള്‍ ലഭിക്കുന്ന, ആര്‍ജ്ജിതമായ പ്രതിരോധശേഷി അതിനാൽത്തന്നെ ഭൂമുഖത്ത് ആർക്കുമില്ലതാനും. കൊറോണ വൈറസിന്റെ വ്യാപനശേഷി വളരെ തീവ്രമാണ്. എല്ലാ രാജ്യങ്ങളിലെയും ദരിദ്രർ, പണച്ചെലവേറിയ സ്വകാര്യ ചികിൽസാ സംവിധാനങ്ങളുടെ പരിധിക്കു പുറത്താണെ ന്നതുകൂടി ആയപ്പോൾ കോവിഡ്-19 എന്ന രോഗം മനുഷ്യ സമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായി മാറി.

വികസിത രാഷ്ട്രങ്ങളിലെ ഭരണക്രമങ്ങൾ രോഗബാധയ്ക്കുമുമ്പിൽ പരാജയപ്പെട്ടുവെന്നുതന്നെ പറയാം. കൃത്യമായ ആസൂത്രണത്തോടെ, അപൂർവ്വം ചില രാജ്യങ്ങൾ ഈ സാഹചര്യത്തെ ഫലപ്രദമായ നിലയിൽ നേരിടുന്നതിൽ വിജയിക്കുന്നുവെന്നതൊഴിച്ചു നിർത്തിയാൽ, ആരോഗ്യമേഖലയെ കച്ചവടമാർഗ്ഗമാക്കി മാത്രം വികസിപ്പിച്ച യൂറോപ്പിലെ വികസിത രാജ്യങ്ങളായ ഇറ്റലിയും സ്‌പെയിനും ബ്രിട്ടനും ഫ്രാൻസും അമേരിക്കയുൾപ്പടെയുള്ള വമ്പൻ രാഷ്ട്രങ്ങളും എന്തുചെയ്യണമെന്നറിയാതെ സ്തംഭിച്ചുനിന്നത് സങ്കട ക്കാഴ്ചയായി. തങ്ങളുടെ പൗരന്മാർ-പ്രത്യേകിച്ചും വൃദ്ധജനങ്ങൾ -നിസ്സഹായരായ ഇരകളായി മരിച്ചുവീഴുന്നത് മുതലാളിത്ത രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങൾ നിർവ്വികാരമായി നോക്കിനിൽക്കുകയാണ്. ഭൂഗോളത്തെ പിടികൂടിയ മഹാമാരി രാഷ്ട്രങ്ങളിൽനിന്ന് രാഷ്ട്രങ്ങളിലേക്കും ഭൂഖണ്ഡങ്ങളിൽനിന്ന് ഭൂഖണ്ഡങ്ങളിലേക്കും അതിവേഗം പടർന്നുകഴിഞ്ഞു.

മാർച്ച് 31ന്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വിവേകശൂന്യമായ പ്രസംഗത്തിൽ അമേരിക്കയിൽ 2.5 ലക്ഷത്തോളം ആളുകൾ മരിച്ചേക്കാം എന്ന് പ്രസ്താവിച്ചത്, ആധുനിക മുതലാളിത്തലോകം എത്രമേൽ മനുഷ്യവിരുദ്ധമായിത്തീർന്നിരിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ്.

ചൈനയിലെ വുഹാനിൽ കൊറോണയുടെ ആദ്യത്തെ സ്ഥിരീകരിക്കപ്പെട്ട കേസ്, ലോകാരോഗ്യ സംഘടന റിപ്പോർട്ടു ചെയ്യുന്നത് 2019 ഡിസംബർ 8നാണ്. കൊറോണ വൈറസ് മൂലമുള്ള മരണത്തിന്റെ ഔദ്യോഗിക വാർത്ത വരുന്നത് ഡിസംബർ 27നും. അന്നേ ദിവസം ചൈനയിലെ ഹ്യൂബെ പ്രവിശ്യ ആശുപത്രിയുടെ ശ്വാസകോശരോഗ വിഭാഗം തലവൻ ഡോ. ജാംഗ് സിയാൻ, ഒരു പുതിയ ഇനം കൊറോണ വൈറസ് ബാധിച്ച് 180 പേർ ചികിൽസയിലാണെന്ന വിവരം ലോകത്തെ അറിയിച്ചു. ഡിസംബർ 30-നുതന്നെ രോഗികളുടെ തൊണ്ടയിലെ സ്രവം ശേഖരിച്ച് ടെസ്റ്റ് നടത്തി വൈറസിനെ വേർതിരിച്ചെടുക്കാൻ കഴിഞ്ഞുവെന്നത് സുപ്രധാന ചുവടുവയ്പായിരുന്നു. ചൈനീസ് ശാസ്ത്രജ്ഞരുടെ അതിവേഗ നീക്കത്തിനൊടുവിൽ 2020 ജനുവരി 12ന് ലോകാരോഗ്യസംഘടന വൈറസിന്റെ ജനിതക സ്വഭാവം മനസ്സിലാക്കുകയും അതിന് സാർസ് കോവ്-2 എന്ന് പേര് നൽകുകയും തുടർഗവേഷണങ്ങൾക്ക് ശാസ്ത്രലോകത്തെ പ്രേരിപ്പിക്കുകയും ചെയ്തു. രോഗത്തിനു മരുന്ന് കണ്ടെത്താനുളള പരിശ്രമങ്ങൾ, വാക്‌സിൻ വികസിപ്പിക്കാനുള്ള നീക്കങ്ങൾ, രോഗപ്രതിരോധത്തിനുള്ള മുൻകരുതലുകൾ, വൈറസിനെ നിർമ്മാർജ്ജനം ചെയ്യുവാൻ, അതിന് മുന്നോടിയായി നിയന്ത്രിച്ച് നിർത്തുവാൻ സ്വീകരിക്കേണ്ടുന്ന ഉപാധികൾ, വൈറസ് വന്ന വഴികൾ കണ്ടെത്താനുള്ള സൂചനകൾ, വ്യാപനം തടയാൻ ലോക്ക് ഡൗൺ പോലെയുള്ള പഴുതടച്ച മാർഗ്ഗങ്ങൾ അങ്ങനെ പലതും അടങ്ങിയ പാക്കേജ് ലോകാരോഗ്യസംഘടന തയ്യാറാക്കി. ഈ രോഗത്തിന്റെ പ്രകടമായ ലക്ഷണങ്ങളെന്തെന്നും വൈറസ് പകരുന്ന സമ്പ്രദായങ്ങളും വ്യാപിക്കുന്ന രീതിയും അതിന്റെ ജീൻ ഘടനയും ശാസ്ത്രജ്ഞർ വിശദീകരിച്ചു. രോഗ വ്യാപനത്തിന്റെ അത്ഭുതപ്പെടുത്തുന്ന വേഗത വുഹാൻ നഗരത്തിൽ അത് പടർന്നുപിടിക്കുന്ന തോതിൽ നിന്നും ലോകത്തിന് മനസ്സിലായി. മതിയായ തയ്യാറെടുപ്പുകൾ നടത്താനുള്ള വിലപ്പെട്ട സമയമായിരുന്നു ജനുവരിയും ഫെബ്രുവരിയും. ആസന്നമായിരിക്കുന്ന അപകടത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞിട്ടും ദക്ഷിണ കൊറിയയും ജർമ്മനിയുംപോലുള്ള അപൂർവ്വം ചില രാജ്യങ്ങളൊഴികെ ലോകത്തെ ഭൂരിഭാഗം രാജ്യങ്ങൾക്കും വൈറസിനെ നേരിടാനുള്ള ഫലപ്രദമായ സംവിധാനങ്ങൾ ഒരുക്കാൻ കഴിഞ്ഞില്ല. അതെന്തുകൊണ്ടാണെന്ന് നാം പരിശോധിക്കേതുണ്ട്.

മുതലാളിത്ത ഭരണക്രമങ്ങൾ
ജനങ്ങളെ മഹാമാരിയുടെ
നിസ്സഹായരായ ഇരകളാക്കുന്നു

യഥാർത്ഥത്തിൽ കോവിഡ്-19 അതിമാരകമായ ഒരു രോഗമല്ല. ശരാശരി അതിന്റെ മരണനിരക്ക് 3 മുതൽ 6 ശതമാനംവരെ മാത്രമാണ്. വസൂരി അഥവാ സ്‌മോൾ പോക്‌സിന്റെ മരണനിരക്ക് 17 ശതമാനമായിരുന്നുവെന്ന് ഓർക്കുക. മലേറിയ, പ്ലേഗ്, സ്പാനിഷ് ഫ്‌ളൂ തുടങ്ങിയ മഹാവ്യാധിയുടെയെല്ലാം മരണനിരക്ക് ഇപ്പോൾ നേരിടുന്ന കോവിഡിനേക്കാൾ വളരെ ഉയർന്നതായിരുന്നു. ഇവയ്‌ക്കൊന്നിനും പ്രാഥമിക ഘട്ടത്തിൽ മരുന്നും വാക്‌സിനുമില്ലായിരുന്നുതാനും. അതിനാലാണ് ഈ മഹാവ്യാധികൾ ലക്ഷങ്ങളെ കൊന്നൊടുക്കിയത്. എന്നാൽ മരണനിരക്ക് വളരെ കുറവായിരുന്നിട്ടും, മാനവരാശി പ്ലേഗിനെയും മലമ്പനിയെയും കോളറായെയും നേരിട്ട കാലത്തേക്കാൾ വളരെ വികസിതമായ ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങൾ ലഭ്യമായിരുന്നിട്ടും ഇക്കഴിഞ്ഞ 10 ദിവസങ്ങൾക്കുള്ളിൽ എങ്ങനെയാണ് കോവിഡ്-19 അരലക്ഷംപേരെ കൊന്നൊടുക്കിയത്? വെറും 30 ദിനങ്ങൾക്കുള്ളിൽ 95,000 പേർ മരണപ്പെട്ടതെന്തുകൊണ്ടാണ്? പ്രതിരോധ നടപടികൾക്ക് ട്രംപ് ഭരണകൂടം തക്കസമയത്ത് തുടക്കം കുറിക്കാതിരുന്നതാണ് അമേരിക്കയിൽ പതിനായിരങ്ങളെ മരണത്തിലേക്ക് തള്ളിവിട്ടത് എന്ന് നോം ചോസ്ക്കി ഈയിടെ വിമർശിച്ചിരുന്നു. ഇതിന് ഉത്തരം നൽകാതെ മുതലാളിത്ത ഭരണക്രമങ്ങൾക്ക് മുന്നോട്ടു പോകാനാകില്ല.

ചൈനയ്ക്കു പുറമേ വൈറസിന്റെ വേദനാകരമായ ഹോട്ട്‌സ്‌പോട്ട് ഇറ്റലി ആണ്. ഇറ്റലിയിൽ നിന്ന് പാഠം പഠിക്കാൻ വിസമ്മതിച്ച സ്‌പെയിൻ, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾക്ക് വൈറസിന്റെ സമൂഹ വ്യാപനത്തെ തടയാനായില്ല. ചൈനീസ് വൈറസ് എന്ന് കളിയാക്കിയ അമേരിക്കൻ പ്രസിഡന്റ് ട്രംപിന് പിന്നീട് ചൈനയുടെ സഹായം അഭ്യർത്ഥിക്കേണ്ടി വന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും ബ്രിട്ടീഷ് രാജകുമാരനും കൊറോണ ബാധിച്ചത് ആ രാജ്യത്തിന്റെ അലംഭാവത്തിന്റെ നേർസാക്ഷ്യമായി മാറി. സ്‌പെയിനിലെ രാജകുമാരി കൊറോണ ബാധിച്ച് മരിച്ചതോടെ ജനങ്ങൾ ഭയാശങ്കയിലായി. രാജ്യങ്ങൾ വാതിലുകൾ കൊട്ടിയടച്ചു. സമ്പൂർണ ലോക്ക്ഡൗൺ ലോകത്തെ നിശ്ചലമാക്കി. സാമ്പത്തിക പ്രതിസന്ധിയും സമ്പദ്ഘടനയുടെ തളർച്ചയും ആഗോളമാന്ദ്യത്തിന്റെ ആഴം കൂട്ടി. ആണവ ക്ലബ്ബുകളിൽ അംഗങ്ങളായ വൻശക്തി രാഷ്ട്രങ്ങൾ പോലും മാസ്‌ക്കും അണുനാശിനികളും ജീവൻ രക്ഷാ ഔഷധങ്ങളും വെന്റിലേറ്ററും ഇല്ലാതെ നെട്ടോട്ടമോടുന്ന ദയനീയമായ കാഴ്ചയ്ക്ക് ലോകം സാക്ഷിയായി. ഇറ്റലിയിൽ പ്രായമായ മനുഷ്യരുടെ വെന്റിലേറ്റർ എടുത്തുമാറ്റി അവരെ മരണത്തിന് വിട്ടുകൊടുക്കുന്ന സാഹചര്യം വിറയലോടെ വിശദീകരിക്കുന്ന നഴ്‌സുമാരുടെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചുനോക്കൂ. വികസിതം എന്ന് വീമ്പിളക്കുന്ന മുതലാളിത്ത രാജ്യങ്ങളുടെ തനിസ്വരൂപമാണ് ഇതിലൂടെ പുറത്തുകാട്ടപ്പെടുന്ന ത്. സ്വരാജ്യത്തെ ജനങ്ങൾക്ക് മരണശയ്യയിൽ നിന്ന് രോഗമുക്തി പ്രദാനം ചെയ്യാനാവാത്ത വികസിത രാജ്യങ്ങൾ എന്തുവികസനമാണ് കൈവരിച്ചിട്ടുള്ളത്?

മരിച്ചുവീഴുന്ന പൗരന്മാരുടെ ദൗർഭാഗ്യംകണ്ട് മനസ്സലിഞ്ഞ് ഒരു ഭരണാധികാരി എത്ര ആത്മാർത്ഥമായി പരിശ്രമിച്ചാലും ഈ ദുരന്തം ഒഴിവാക്കാനാവില്ല. അതിന്റെ കാരണം മറ്റൊന്നല്ല. മുതലാളിത്തരാഷ്ട്രങ്ങളിൽ ജനങ്ങളുടെ ആരോഗ്യവും ചികിൽസയും സ്വകാര്യമൂലധനശക്തികളുടെ ബലിഷ്ഠങ്ങളായ കരങ്ങളിൽ അമർന്നിരിക്കുന്നു. രോഗനിർണ്ണയവും ചികിൽസയും ഔഷധനിർമ്മാണവും വിപണനവും പുതിയ മരുന്നുകളുടെ ഗവേഷണവും മെഡിക്കൽ വിദ്യാഭ്യാസവും എല്ലാം ലക്ഷക്കണക്കിന് ബില്യൺ ഡോളർ ലാഭം കൊയ്യുന്ന അതിവിപുലമായ ആരോഗ്യവ്യവസായത്തിന്റെ വിവിധ മേഖലകൾ മാത്രമായിരിക്കുന്നു. അവിടെ മനുഷ്യനും അവന്റെ ദുരിതങ്ങളും കരുണ അർഹിക്കുന്ന പരിഗണനാ വിഷയമേ അല്ല. അവരുടെ മുമ്പിൽ ഈയാംപാറ്റകളെപ്പോലെ കോവിഡ് രോഗികൾ മരിച്ചുവീഴും.

അമേരിക്കയിൽ ഒരു കോവിഡ് രോഗി, ചികിൽസയ്ക്കായി 27 ലക്ഷം മുതൽ 50 ലക്ഷം രൂപവരെ ചെലവഴിക്കേണ്ടി വരുന്നതായാണ് വാർത്ത. ഇൻഡ്യയിൽ സ്വകാര്യ ലാബിലെ കോവിഡ് പരിശോധനയ്ക്കായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസ് 4500 രൂപയാണ്! സ്വകാര്യ ആശുപത്രികളെ നിലനിർത്തിക്കൊണ്ട് കോവിഡിനെ നേരിടാനാവില്ലെന്ന് തിരിച്ചറിഞ്ഞ സ്‌പെയിൻ, രാജ്യത്തെ മുഴുവൻ സ്വകാര്യ ആശുപത്രികളെയും ദേശസാൽക്കരിച്ചുകൊണ്ടാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള നടപടികൾക്കു തുടക്കം കുറിച്ചതുതന്നെ. ആരോഗ്യപരിരക്ഷാ മേഖലകളിൽ, ദുരമൂത്ത മുതലാളിത്ത ശക്തികൾ ഇക്കാലമത്രയും നടത്തിക്കൊണ്ടിരുന്ന പിടിച്ചുപറി രാജ്യത്തെ മരണ മുഖമാക്കിമാറ്റു ന്നതിന് കാരണമായെന്ന് വൈകിയെങ്കിലും സ്‌പെയിൻ തിരിച്ചറിഞ്ഞുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. അമേരിക്കയും യൂറോപ്പിലെ ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ, ബൽജിയം തുടങ്ങിയ രാജ്യങ്ങളും കോവിഡ് രോഗബാധയ്ക്കു മുമ്പിൽ ദയനീയമായി പരാജയപ്പെടാനിടയായ പ്രഥമ കാരണം ആരോഗ്യമേഖലയുടെ അടിമുടിയുള്ള ഇൻഷ്വറൻസ്‌വൽക്കരണവും അന്നാടുകളിൽ നിലനിൽക്കുന്ന കോർപ്പറേറ്റ് ചികിൽസാ സംവിധാനങ്ങളുമാണ്. കോവിഡ് ബാധയുടെ വ്യാപനത്തോട് അന്നാടുകളിലെ ഭരണകൂടങ്ങൾ സ്വീകരിച്ച കുറ്റകരമായ അലംഭാവവും മുൻകരുതലുകൾ എടുക്കുന്നതിൽ വരുത്തിയ വീഴ്ചകളും ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നറിയിപ്പുകൾ ഗൗരവത്തിൽ കണക്കിലെടുക്കാത്തതും ജനങ്ങളുടെ അറിവില്ലായ്മയും ഒക്കെ അതിനുശേഷമേ വരൂ.

വിലപ്പെട്ട സമയം പാഴാക്കി ഇൻഡ്യയും

2020 ജനുവരി 30 ന് ഇൻഡ്യയിലെ ആദ്യത്തെ കോവിഡ്-19 കേസ് കേരളത്തിൽനിന്നും റിപ്പോർട്ടു ചെയ്യപ്പെട്ടു. അന്നുതന്നെയാണ് ലോകാരോഗ്യ സംഘടന കൊറോണ വ്യാപനത്തെ മുൻനിർത്തി ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ചൈനയ്ക്കു പുറത്തേക്ക് രോഗം പടരുന്ന സ്ഥിതി ഉണ്ടായതിനെത്തുടർന്നാണ് ഡബ്ല്യു.എച്ച്.ഒ ഇപ്രകാരം ഒരു പ്രഖ്യാപനം നടത്തിയത്. ഇൻഡ്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട തന്റെ ആദ്യത്തെ പ്രസംഗം നടത്തിയത് മാർച്ച് 19നാണ്. അതായത് ഇൻഡ്യയിലെ ആദ്യത്തെ കേസ് റിപ്പോർട്ടു ചെയ്ത്, നീണ്ട 48 ദിവസങ്ങൾക്കുശേഷമാണ് പ്രധാനമന്ത്രി രാജ്യത്തോടായി പ്രസംഗിക്കുന്നത്. ഇൻഡ്യയിലെ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരെയും സ്‌ക്രീനിംഗ് നടത്താൻ കൈക്കൊണ്ട തീരുമാനമല്ലാതെ ഇക്കാലയളവിനുള്ളിൽ ഈ രോഗത്തെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാർ ഗൗരവപൂർവ്വമുള്ള ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇക്കാലയളവിൽ അന്താരാഷ്ട്രതലത്തിൽ നിരവധി മുന്നറിയിപ്പുകൾ വന്നുകൊണ്ടിരുന്നു. 2020 ഫെബ്രുവരി 20 ആയപ്പോൾ രോഗം ചൈനയ്ക്കു പുറത്തേക്ക് പടർന്ന് 31 രാജ്യങ്ങളെ ബാധിച്ചു കഴിഞ്ഞിരുന്നു. മാർച്ച് 11ന് ലോകാരോഗ്യ സംഘടന ഈ രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചു. മറ്റൊരു ഏഷ്യൻ രാജ്യമായ തെക്കൻ കൊറിയ ഫെബ്രുവരി അവസാനത്തോടെ കൊറോണയെ നേരിടാനായി സ്വീകരിച്ച നടപടികൾ നമുക്കു മുമ്പിൽ ദൃഢമായ ഉദാഹരണമായിരുന്നു. അവയിൽ നിന്നു പാഠം പഠിക്കാനോ മുന്നറിയിപ്പുകളെ അർഹമായ ഗൗരവത്തോടെ സമീപിക്കാനോ കേന്ദ്രസർക്കാരിന് കഴിഞ്ഞില്ല. മാർച്ച് 13ന് കേന്ദ്ര ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച പത്രപ്രസ്താവനയിൽ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ നിലനിൽക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടു.

യുദ്ധകാല വേഗതയിൽ സ്വീകരിക്കേണ്ടിയിരുന്ന നടപടി കോവിഡ്-19 രോഗനിർണ്ണയ പരിശോധനയായിരുന്നു. ഇൻഡ്യ പോലൊരു രാജ്യത്തിന്റെ സങ്കീർണ്ണതകൾ പരിഗണിക്കുമ്പോഴും രോഗത്തിന്റെ വ്യാപനശേഷി കണക്കിലെടുക്കുമ്പോഴും അതിവിപുലമായ പരിശോധനയുടെ ആവശ്യകത പലരും ചൂണ്ടിക്കാട്ടിയിരുന്നു. രോഗലക്ഷണങ്ങൾ കാട്ടാത്ത രോഗവാഹകരുടെ കേസുകളും റിപ്പോർട്ടു ചെയ്യപ്പെടുന്നുവെന്നതിനാൽ റാൻഡം ടെസ്റ്റിന്റെ പ്രാധാന്യവും വർദ്ധിച്ചിരുന്നു. രോഗബാധയുള്ളവരെ തിരിച്ചറിയുകയും അവരെ ഐസൊലേറ്റ് ചെയ്യുകയുമാണ് തെക്കൻ കൊറിയയും ജർമ്മനിയും സ്വീകരിച്ച ഏറ്റവും വിജയകരമായ മാർഗ്ഗം. അതിനായി അവർ രാജ്യം മുഴുവൻ പരിശോധനാ ബൂത്തുകളും മൊബൈൽ ലാബുകളും സ്ഥാപിച്ചുകൊണ്ട് കഴിയുന്നത്ര പൗരന്മാരെയും പരിശോധനയ്ക്കു വിധേയമാക്കുക എന്ന തന്ത്രം സ്വീകരിച്ചു. അതിന്റെ വിജയം ദർശിച്ചിട്ടാണ് ലോകാരോഗ്യ സംഘടന ടെസ്റ്റ്, ടെസ്റ്റ്, ടെസ്റ്റ് എന്ന മുദ്രാവാക്യം ലോകം മുഴുവൻ പ്രചരിപ്പിച്ചത്. ഈ വക കാര്യങ്ങൾ അതീവ പ്രാധാന്യ ത്തോടെ കണക്കിലെടുത്തുകൊണ്ട് വേഗതയിലും വിപുലമായും രാജ്യമെമ്പാടും രോഗനിർണ്ണയ പരിശോധനകൾ നടത്തുന്നതിനായി ആഭ്യന്തരവും ബാഹ്യവുമായ ഉറവിടങ്ങളിൽനിന്ന് പരിശോധനാ കിറ്റുകൾ കഴിയുന്നത്ര ലഭ്യമാക്കുക, അതിനായി പണം അനുവദിക്കുക, രാജ്യം മുഴുവൻ ലാബുകൾ ക്രമീകരിക്കുക എന്നിവയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഉണർന്നു പ്രവർത്തി ച്ചില്ല എന്നത് പകൽപോലെ വ്യക്തമാണ്. വളരെ വൈകിവന്ന തീരുമാനങ്ങളിലൊന്ന് സ്വകാര്യ ആശുപത്രികളുടെ പരിശോധനയക്ക് 4500 രൂപ എന്ന ഫീസ് നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു. അതായത് സൗജന്യമായ പരിശോധന ഉറപ്പാക്കാൻപോലും സർക്കാരിനു കഴിഞ്ഞില്ല എന്നു ചുരുക്കം.

2020 ഏപ്രിൽ 11 വരെ ഇൻഡ്യയിൽ ആകെ നടന്നിട്ടുള്ള ടെസ്റ്റിന്റെ എണ്ണം 1,89,111 മാത്രമാണ്. ഇന്നേ ദിവസം വരെ, ഏറ്റവും കുറഞ്ഞത് ഇൻഡ്യയിൽ ആകെ ക്വാറന്റയിൻ ചെയ്യപ്പെട്ടിട്ടുള്ളവരെയെങ്കിലും പരിശോധിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ ലക്ഷക്കണക്കിന് ടെസ്റ്റുകൾ നടത്തേണ്ടിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ താരതമ്യ പഠനത്തിനായി ലോകം അംഗീകരിച്ചിട്ടുള്ള മാനദണ്ഡമാണ് ഒരു ദശലക്ഷം ജനസംഖ്യയ്ക്ക് എത്ര ടെസ്റ്റ് നടന്നു എന്നത്. 211 പേർ മാത്രം മരിച്ചിട്ടുള്ള തെക്കൻ കൊറിയയിൽ 10 ലക്ഷം പേർക്ക് 9,957 ടെസ്റ്റ് നടത്താൻ കഴിയുന്നു. ജർമ്മനിയിൽ അത് 15,730 ആണ്. വളരെ ഉയർന്ന ജനസംഖ്യ ഉള്ള ഇൻഡ്യ പോലൊരു രാജ്യത്ത് ഇത്രയും ടെസ്റ്റുകൾ നടത്തുക പ്രായോഗികല്ല എന്നു വാദിച്ചാൽപ്പോലും ഒരു ദശലക്ഷം ജനങ്ങളിൽ 1000 പേരെയെങ്കിലും ടെസ്റ്റു ചെയ്യുക എത്രയോ പ്രായോഗികമാണ്. എന്നാൽ അതിന്റെ പത്തിലൊന്നുപോലും ചെയ്യാൻ നമുക്ക് കഴിയുന്നില്ല! കൊറോണ വ്യാപനം രൂക്ഷമാകുന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ 15 ജില്ലകൾ പൂർണ്ണമായി അടച്ചിട്ടിരിക്കുന്ന ഉത്തർ പ്രദേശ് സംസ്ഥാനത്ത് ഏപ്രിൽ 10 വരെ നടന്ന ആകെ ടെസ്റ്റ് വെറും 2232 മാത്രമാണ്! രാജ്യത്തെ കോവിഡ് ഹോട്ട് സ്‌പോട്ടായ ദില്ലിയോട് ചേർന്നു കിടക്കുന്ന ഈ സംസ്ഥാനത്തേയ്ക്കാണ് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ കാൽനടയായി ലോക്ക് ഡൗൺ വേളയിൽ ഒഴുകിയത്. അവിടെ യാതൊരുവിധ പരിശോധയും നടക്കുന്നില്ല.

കേരളത്തിൽ ഒരു ദശലക്ഷം ജനങ്ങൾക്ക് 358 ടെസ്റ്റ് ആണ് നടക്കുന്നതെങ്കിൽ യുപിയിൽ അത് വെറും 9.6 മാത്രമാണ്. മധ്യപ്രദേശാകട്ടെ, ഒരു ദയനീയ ചിത്രമായി മാറിയിരിക്കുന്നു. കൂറുമാറ്റത്തിലൂടെ ഭരണം സംഘടിപ്പിച്ചെടുത്ത ബിജെപിയ്ക്ക് അവിടെ മന്ത്രിസഭ രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നതിനാൽ ആരോഗ്യവകുപ്പിനു മന്ത്രിയുമില്ല. അതോടൊപ്പം അവിടെ ആരോഗ്യവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ അറുപതിലധികം പേർ കോവിഡ് ബാധിച്ച് ചികിൽസയിലുമാണ്. അതിവേഗം രോഗം പടരുന്ന മധ്യപ്രദേശിലും ആനുപാതികമായ പരിശോധന നടക്കുന്നില്ല. രോഗനിർണ്ണയ പരിശോധന നടന്നാൽ മാത്രമേ രോഗം പടരുന്നത് തടയാൻ വഴിതെളിയൂ. രോഗവാഹകരുടെ യഥാർത്ഥചിത്രം പുറത്തുവരികയുള്ളൂ. പ്രത്യേകിച്ചും രോഗലക്ഷണങ്ങൾ പ്രകടമാക്കാത്ത രോഗവാഹകർ നിരവധിയാണെന്ന വിവിധ രാജ്യങ്ങളുടെ അനുഭവങ്ങൾകൂടി പരിഗണിക്കുമ്പോൾ രോഗനിർണ്ണയ പരിശോധന മാത്രമാണ് ഏറ്റവും പ്രഥമമായ രോഗപ്രതിരോധ പ്രവർത്തനം എന്ന് സ്ഥിരീകരിക്കപ്പെടുകയാണ്. ഈ രംഗത്താണ് ഇൻഡ്യ ഏറെ പിന്നിലായിരിക്കുന്നത്.

മാർച്ച് 25 മുതൽ ലോക്ക് ഡൗൺ നടപ്പാക്കിയിരുന്നില്ലെങ്കിൽ രാജ്യത്ത് 8.5 ലക്ഷം കോവിഡ് രോഗികളുണ്ടാകുമായിരുന്നു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി പ്രസ്താവിക്കുകയുണ്ടായി. ഈ പ്രസ്താവനയുടെ മറുവശം ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ട 10,000 കേസ്സുകൾ മാത്രമാണ് യഥാർത്ഥത്തിൽ രാജ്യത്തുള്ളത് എന്നാണ്. ലോകത്ത് ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഒരു രാജ്യം കേവലം 2 ലക്ഷം പരിശോധനകൾമാത്രം നടത്തിയിട്ട് വളരെ കുറച്ചുമാത്രം രോഗികളേയുള്ളൂ എന്ന് വിശദീകരിക്കുന്നത് എത്രമാത്രം യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. എത്ര മാത്രം പരിശോധന കുറച്ചു ചെയ്യുന്നോ അത്രമാത്രം രോഗബാധയുടെ എണ്ണവും കുറഞ്ഞിരിക്കുമെന്നത് ആഗോളതലത്തിലെ അനുഭവമാണ്. രോഗബാധയുടെ എണ്ണം കുറച്ചുകാണിക്കുന്നതി നായി പരിശോധന കുറച്ചുചെയ്യുക എന്ന മാർഗ്ഗം ചില ഭരണകൂടങ്ങൾ സ്വീകരിക്കുന്നുവെന്ന ആരോപണം പോലും ഉയർന്നവന്നിട്ടുണ്ട്.

കേന്ദ്ര ആരോഗ്യ മന്ത്രി ഏപ്രിൽ 13 ന് പ്രസ്താവിച്ചത് ആറാഴ്ചകൂടി ടെസ്റ്റുകൾ നടത്താനുള്ള കിറ്റുകൾ സ്റ്റോക്കു ണ്ട് എന്നാണ്. ഇപ്പോൾ നടത്തിവരുന്ന ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം 15,000 മാത്രമാണ്. അങ്ങിനെയെങ്കിൽ പരിശോധനാ കിറ്റുകളുടെ സ്റ്റോക്ക് രാജ്യത്ത് 6 ലക്ഷം മാത്രമാണ്. അതോടൊപ്പം റാൻഡം ടെസ്റ്റ് നടത്താത്തതിന്റെ കാരണമായി മന്ത്രി ചൂണ്ടിക്കാട്ടിയത് പരിശോധനാ കിറ്റുകൾ നഷ്ടപ്പെടുമെന്നാണ്. അതിന്റെയർത്ഥം പല രാജ്യങ്ങളും ചെയ്ത റാൻഡം ടെസ്റ്റ്, പരിശോധനാ കിറ്റിന്റെ കുറവുകാരണം നമ്മൾ നടത്തില്ല എന്നാണ്. എത്ര ദയനീയമാണ് രാജ്യത്തിന്റെ സ്ഥിതി എന്ന് ചിന്തിക്കുക. ഒന്നാംഘട്ട ലോക്ക് ഡൗണിന്റെ 21 ദിവസത്തെ കാലയളവിനുള്ളിൽ രാജ്യത്തിന് ആവശ്യമായ പരിശോധനാ കിറ്റുകൾ സമാഹരിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ഇത് സംശയരഹിതമായി സ്ഥാപിക്കുന്നത്. അതിവിപുലമായ പബ്ലിക്ക് റിലേഷൻ വഴി രാജ്യത്തെ അഭിസംബോധന ചെയ്യാൻ ഒരു പ്രധാനമന്ത്രിക്ക് 5 തവണയല്ല 50 തവണ സാധ്യമായെന്നു വരാം. എന്നാൽ രാജ്യത്തിനറിയേണ്ടത് സർക്കാർ എത്രലക്ഷം പരിശോധനാ കിറ്റുകൾ ശേഖരിച്ചുവെന്നാണ്. ആരോഗ്യ പ്രവർത്തകർക്കുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (പി.പി.ഇ) എത്ര ഉൽപ്പാദിപ്പിച്ചുവെന്നാണ്. സ്വകാര്യമേഖലയുൾപ്പെടെ അതിബൃഹത്തായ ഉൽപ്പാദന സംവിധാനങ്ങളുടെ പ്രൊഡക്ഷൻ ട്രാക്ക് മാറ്റിക്കൊണ്ട് പി.പി.ഇ ഉൽപ്പാദിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചോ എന്നാണ്. തകർന്ന സർക്കാർ ചികിൽസാ സംവിധാനങ്ങളെ കാര്യക്ഷമമാക്കാൻ കൈക്കൊണ്ട യുദ്ധകാലനടപടികൾ എന്തൊക്കെ എന്നാണ് ജനങ്ങൾക്ക് അറിയേണ്ടത്. മുംബൈയിലെ സ്വകാര്യ ആശുപത്രികളിൽ പണിയെടുക്കുന്ന നൂറിലധികം നഴ്‌സുമാർക്ക് സുരക്ഷാ ഉപകരണങ്ങൾ ലഭ്യമായില്ല എന്നതിനാൽ കോവിഡ് ബാധയുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവം, നമ്മുടെ ഭരണാധികാരികളുടെ കുറ്റകരമായ വീഴ്ചയെ മാത്രമാണ് പ്രതിനിധാനം ചെയ്യുന്നത്.

സ്വതവേ ദുർബ്ബലമായിരുന്ന, ഇൻഡ്യയിലെ പൊതുജനാരോഗ്യ സംവിധാനം കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിൽ നടപ്പാക്കിയ ആഗോളവത്ക്കരണ സാമ്പത്തിക നയനടപടികളിൽപ്പെട്ട് നിലംപതിക്കുന്ന വേളയിലാണ് കൊറോണ ഭീഷണി ഉണ്ടായിട്ടുള്ളത്. ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് വിഹിതം വർഷംതോറും വെട്ടിക്കുറയ്ക്കപ്പെടുകയായിരുന്നു. ഇന്നും ജിഡിപിയുടെ 1.2 ശതമാനം മാത്രമാണ് ആരോഗ്യമേഖലയ്ക്ക് നീക്കിവയ്ക്കുന്നത്. പ്രാഥമിക ചികിൽസയുടെ ആശ്വാസംപോലും കടന്നുചെല്ലാത്ത എത്രയോ ഗ്രാമങ്ങൾ ഇൻഡ്യയിൽ ഇപ്പോഴും അവശേഷിക്കുന്നു. ആയിരം പേർക്ക് 0.5 ആശുപത്രികിടക്കയാണ് രാജ്യത്തുള്ളത്. ലോകത്തുതന്നെ ഏറ്റവും താഴ്ന്ന നിരക്കാണിത്. മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം വെറും 2000 ആയപ്പോൾ, മുംബൈയിലെ സർക്കാർ ആശുപത്രികളിലെ ഇതരരോഗികളെ തുറന്ന തെരുവിൽ ഓവർ ബ്രിഡ്ജിനു കീഴിൽ തറയിൽ കിടത്തിയിരിക്കുന്ന ചിത്രം എല്ലാ ദേശീയ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. കൊറോണയെ പ്രതിരോധിക്കാൻ തയ്യാറെടുത്തിട്ടുള്ള ഈ രാജ്യത്തിന്റെ യഥാർത്ഥസ്ഥിതിയുടെ ചിത്രമാണത്. ഒരു തടസ്സവുമില്ലാതെ പണം ലഭ്യമാക്കി, പൊതുജനാരോഗ്യ സംവിധാനത്തെ അടിമുടി ശക്തിപ്പെടുത്തുകയായിരുന്നു സർക്കാർ ചെയ്യേണ്ടിയിരുന്നത്.

മുന്നൊരുക്കമില്ലാതെ
പ്രഖ്യാപിച്ച ലോക്ക് ഡൗൺ
ദരിദ്രരരെ നിരാലംബരാക്കി

മാർച്ച് 24നു രാത്രി പ്രഖ്യാപിച്ച, നാലു മണിക്കൂറിനുള്ളിൽ നടപ്പാക്കിയ ലോക്ക് ഡൗണിന് യാതൊരുവിധ മുന്നൊരുക്കങ്ങളും നടത്തിയിരുന്നില്ല. ഫലപ്രദമായ ലോക്ക് ഡൗണിന് വിപുലമായ തയ്യാറെടുപ്പുകൾ നടത്തേണ്ടിയിരുന്നു. എന്നാൽ ഇൻഡ്യപോലൊരു മഹാരാജ്യം അടച്ചിടാൻ കേവലം 4 മണിക്കൂർമുമ്പ് മാത്രം പ്രധാനമന്ത്രി ആവശ്യപ്പെടുമ്പോൾ ഏറ്റവും താഴെത്തട്ടിൽ അന്നന്നത്തെ ഉപജീവനത്തിനായി അദ്ധ്വാനം വിറ്റ് കഴിയുന്ന ജനകോടികളുടെ ജീവിതാവസ്ഥകളെക്കുറിച്ച് പരിഗണിച്ചിരുന്നോ എന്ന ചോദ്യം രാജ്യത്തിന്റെ മനസ്സാക്ഷി നൂറായിരം ആവർത്തി രാജ്യം വാഴുന്നവരോട് ചോദിക്കുകയാണ്.

നമ്മുടെ രാജ്യത്തിന്റെ മഹാനഗരങ്ങളിൽ സ്വന്തമായി ഒന്നുമില്ലാതെ, ദൂരെ ഇടങ്ങളിൽനിന്നുവന്ന് പണിയെടുത്തുകൊണ്ടിരിക്കുന്ന ജനലക്ഷങ്ങൾ ഒറ്റ രാത്രി കൊണ്ട് എങ്ങോട്ട് പോകും? ആ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം ആരും അന്വേഷിച്ചില്ല. അവർക്ക് ഭക്ഷണം നൽകാനും ശുദ്ധജലം ഉറപ്പാക്കാനുമുള്ള നീക്കമൊന്നുമില്ലാതെ, കൊട്ടിഘോഷിക്കപ്പെടുന്ന സാമൂഹ്യ അകലം പാലിക്കാനുള്ള മുൻകൂർ തയ്യാറെടുപ്പുകളൊന്നും സർക്കാർ നടത്തിയില്ല. അവനവനെ രോഗത്തിൽനിന്നും പ്രതിരോധിക്കേണ്ടത് ഫലത്തിൽ പൗരന്റെ തന്നെ ഉത്തരവാദിത്തമായി മാറി. ലോക്ക് ഡൗൺ തുടങ്ങി ഏതാനും ദിനങ്ങൾ പിന്നിട്ടപ്പോൾ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് തിരികെപ്പോകാനായി വെമ്പൽപൂകി രാജ്യതലസ്ഥാനത്ത് തെരുവിലിറങ്ങിയ സംഭവം, എത്ര നിരുത്തരവാദപരമായാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് എന്നതിന്റെ തെളിവായി. കെട്ടിട ഉടമകളും കരാറുകാരും കൈവെടിഞ്ഞ പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ വിശന്നുവലഞ്ഞ് നൂറുകണക്കി ന്‌ കിലോമീറ്ററുകൾ അകലെയുള്ള തങ്ങളുടെ ഗ്രാമങ്ങളെ ലക്ഷ്യമാക്കി കൈക്കുഞ്ഞുങ്ങളെയും തോളിലേറ്റി നടന്നു. ചിലർ വഴിയിൽ വീണു മരിച്ചു. മറ്റു ചിലർ വാഹനം കയറി മരിച്ചു. തങ്ങളുടെ അദ്ധ്വാനത്തിന്റെ വിയർപ്പുകൊണ്ട് കെട്ടി ഉയർത്തിയ അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിലൂടെയാണ് തലചായ്ക്കാൻ ഇടമില്ലാതെ അവർ തളർന്നു നീങ്ങിയത്. ലക്ഷ്യം സ്വന്തം ജന്മ ഗ്രാമങ്ങൾ ആയിരുന്നു. ജനിച്ച മണ്ണിൽ വീണുമരിക്കാന്‍ ഒരു യാത്ര. അവശേഷിച്ചവർ യു.പി സർക്കാർ ക്രമീകരിച്ച ബസ്സുകളുടെ മുകളിലിരുന്നും തൂങ്ങിക്കിടന്നും തിങ്ങിനിറഞ്ഞ് സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങിപ്പോയി. അവരില്‍ എത്രപേർക്ക് കോവിഡ് രോഗബാധയുണ്ടായി, നാട്ടിലെത്തിയശേഷം എത്ര പേർ മരണപ്പെട്ടു ഇതൊന്നും ആർക്കും അറിയില്ല. യോഗി ആദിത്യ നാഥിന്റെ നാട്ടിൽ പരിശോധന നടന്നെങ്കിൽ മാത്രമല്ലേ ഇത്തരം വിവരങ്ങൾ പുറംലോകം അറിയൂ.

ഏപ്രിൽ 9ന് സൂറത്തിൽ കുടിയേറ്റ തൊഴിലാളികൾ അക്രമാസക്തരായി നഗരത്തിൽ വാഹനങ്ങൾക്ക് തീയിട്ടു. ഏപ്രിൽ 14ന് മുംബൈയിൽ ബാന്ദ്ര റെയിൽവേ സ്റ്റേഷനുമുമ്പിൽ വിശപ്പുകൊണ്ട് പൊറുതിമുട്ടിയ തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോൾ പോലീസ് ലാത്തി ചാർജ്ജുനടത്തി. 10 കോടി കുടിയേറ്റ തൊഴിലാളികൾ രാജ്യത്തിന്റെ എല്ലാ കോണിലും ലോക്ക് ഡൗൺ സൃഷ്ടിച്ച യാതനാ നിർഭരമായ ദിനങ്ങൾ തള്ളിനീക്കുകയാണ്. ഒന്നാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനുമുമ്പ് നിരാലംബരായ ഈ തൊഴിലാളികളുടെ ജീവൻ നിലനിർത്താൻ കേന്ദ്ര സർക്കാർ ഒരു വിധ ആസൂത്രണവും നടത്തിയിരുന്നില്ല. അടഞ്ഞുകിടക്കുന്ന നൂറുകണക്കിനു സ്‌കൂളുകളും മതസ്ഥാപനങ്ങളുടെ കെട്ടിടങ്ങളും കോൺഫറൻസ് ഹാളുകളും ഈ പാവങ്ങൾക്കായി തുറന്നുകൊടുത്തും അവിടെ മുടങ്ങാതെ ഭക്ഷണമെത്തിച്ചും ചികിൽസ നൽകിയും അവരെ സംരക്ഷിക്കാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സർക്കാരിന് പ്രാഥമിക ബാധ്യതയുണ്ടായിരുന്നു. അവർ അത് നിറവേറ്റിയില്ല. ഒന്നാം ഘട്ട ലോക്ക് ഡൗൺ പിന്നിട്ടിട്ടുപോലും കുടിയേറ്റ തൊഴിലാളികളുടെ പട്ടിണി മാറ്റാൻ നടപടി ഉണ്ടായിട്ടില്ല എന്നതല്ലേ മുംബൈയിലെ തൊഴിലാളി പ്രതിഷേധം സൂചിപ്പിക്കുന്നത്. മാധ്യമങ്ങളിലൂടെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുക ആയാസരഹിതമായ നടപടിയാണ്. ഒരു മനുഷ്യൻപോലും പട്ടിണി കിടക്കാൻ ഇടവരാതിരിക്കത്തക്കവിധം കുറ്റമറ്റ മുന്നൊരുക്കങ്ങൾ നടത്തുന്നിടത്താണ് ഒരു സർക്കാരിന്റെ കാര്യക്ഷമതയും ജനങ്ങളോടുള്ള മിനിമം കൂറും വ്യക്തമാകുന്നത്. ആയാസകരമായ ഈ ദൗത്യം നിറവേറ്റാൻ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കാൻ നടപടികൾ സ്വീകരിക്കുക എന്ന് പറഞ്ഞാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ട മുന്നുപാധി കുടിയേറ്റ തൊഴിലാളികളെ പുനരധിവസിപ്പിക്കുക എന്നതാണെന്ന് തിരിച്ചറിയാനുള്ള വിവേകം രാജ്യം ഭരിക്കുന്ന നമ്മുടെ ഭരണാധികാരികൾക്ക് ഇല്ല എന്നതാണ് ഏറ്റവും ദുഃഖകരം.

ഈ പാവപ്പെട്ട തൊഴിലാളികളെ അതിഥികളെന്ന് വിളിച്ചില്ലെങ്കിലും വേണ്ട, അവരെ മനുഷ്യരായി പരിഗണിക്കാൻ ഭരണകർത്താക്കൾക്ക് കഴിഞ്ഞാൽ മതി. വൻനഗരങ്ങളിലെ തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ട തൊഴിലാളികളുടെ കണ്ണീരിന്റെയും യാതനകളുടെയും ഉത്തരവാദിത്തം പൂർണ്ണമായി കേന്ദ്ര സർക്കാർ ഏറ്റെടുത്തേ മതിയാകൂ. സാമൂഹ്യ സുരക്ഷിതത്വം പ്രദാനം ചെയ്യാനാവുന്നില്ലെങ്കിൽ സാമൂഹ്യ അകലം പാലിക്കുക എന്നത് ഒരു വൃഥാ സ്വപ്നം മാത്രമാകുമെന്ന വിലപ്പെട്ട പാഠമാണ് ഇന്ത്യയിലെ എല്ലാ ഭരണാധികാരികളും ഇതിൽ നിന്നും പഠിക്കേണ്ടത്.

ലോക്ക് ഡൗൺ എന്ന
ഒറ്റ നടപടികൊണ്ടുമാത്രം
കോവിഡിനെ നേരിടാനാവില്ല.

രോഗവ്യാപനത്തിന്റെ വേഗതയെ വരുതിയിൽ നിർത്താൻ ഫലപ്രദമായ മാർഗ്ഗമെന്ന നിലയിൽ ലോക്ക്ഡൗൺ ഒട്ടുമിക്ക രാജ്യങ്ങളും നടപ്പാക്കുന്നു. കോവിഡ് 19 മാരകമായ രോഗമല്ലെങ്കിലും അതിന്റെ വ്യാപനത്തിന്റെ വേഗത വളരെ വലുതാണ്. ഗണിതശാസ്ത്രത്തിലെ എക്‌സ്‌പൊണെൻഷ്യൽ പെരുക്കത്തിന്റെ വേഗതയോടാണ് ശാസ്ത്രജ്ഞർ വ്യാപനത്തെ തുലനപ്പെടുത്തുന്നത്. അതിനാലാണ് പ്രതിരോധത്തിന്റെ ശക്തമായ മാർഗ്ഗമെന്ന നിലയിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് വികസിച്ചുവന്നത്. പൗരൻ സ്വയം ബോദ്ധ്യപ്പെട്ട് പാലിക്കുന്നതിനു പുറമെ, ഭരണാധികാരബലം കൂടി ഉപയോഗപ്പെടുത്തി സോഷ്യൽ ഡിസ്റ്റൻസിംഗ് നടപ്പാക്കാനുള്ള ഭൗതിക സാഹചര്യം സൃഷ്ടിക്കൽ കൂടിയാണല്ലോ ലോക്ക് ഡൗൺ. എന്നാൽ ജനങ്ങൾ എല്ലാത്തരം ഉൽപ്പാദനപ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലുകളും അവസാനിപ്പിച്ച് വീടുകളിൽത്തന്നെ കഴിയുക എന്നത് പരിമിതമായ ഒരു കാലത്തേയ്ക്കുപോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന നടപടിയാണ്. മഹാമാരിമൂലം മരിക്കാൻ സാധ്യതയുള്ളതിനെക്കാൾ കൂടുതല്‍ ജനങ്ങൾ പട്ടിണികിടന്ന് മരിക്കേണ്ട സ്ഥിതി, ലോക്ക് ഡൗൺ സൃഷ്ടിക്കുമെന്ന തിൽ സംശയമില്ല. അതിനാൽ കഴിയുന്നത്ര വേഗതയിൽ ലോക്ക് ഡൗൺ അവസാനിപ്പിക്കുക എന്നതായിരിക്കണം ദീർഘവീക്ഷണമുള്ള ഒരു ഭരണകൂടം സ്വീകരിക്കേണ്ട സമീപനം.

രോഗബാധിതനെ തിരിച്ചറിയുക, ഐസൊലേറ്റ് ചെയ്യുക എന്നതാണ് ലോകാരോഗ്യ സംഘടന പ്രഖ്യാപി ച്ചിട്ടുള്ള പ്രതിരോധ മന്ത്രം. അങ്ങിനെയെങ്കിൽ രോഗബാധിതരായ മുഴുവൻ ആളുകളെയും കണ്ടെത്താനും അവരെ സമ്പർക്കവിലക്കിൽ പാർപ്പിക്കാനും ഏറ്റവും അനുകൂലമായ സാഹചര്യമായി ലോക്ക് ഡൗണിനെ മാറ്റുകയാണ് കാര്യക്ഷമതയും ആസൂത്രണവൈഭവവമുള്ള ഒരു സർക്കാർ ചെയ്യേണ്ടത്. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ലോക്ക് ഡൗൺവഴി ലഭിച്ച വിലപ്പെട്ട 21 ദിവസത്തെ കാലയളവിൽ, രോഗബാധിതരെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനം വളരെ മന്ദഗതിയിലാണ് നടന്നിട്ടുള്ളതെന്ന് ഖേദപൂർവ്വം പറയേണ്ടി വരും.

രാജ്യത്തെ മുഴുവൻ ആരോഗ്യപ്രവർത്തകരും, ലക്ഷക്കണക്കിന് സന്നദ്ധ പ്രവർത്തകരും ഉള്‍പ്പടെ എല്ലാ വിഭവങ്ങളും ഒരൊറ്റ ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിച്ചുകൊണ്ട് സർവ്വസന്നാഹങ്ങളുമൊരുക്കി 21 ദിവസത്തെ ഒരു കർമ്മ പദ്ധതി, ലോക്ക് ഡൗണിന്റെ വേള ഉപയോഗപ്പെടുത്തിക്കൊണ്ട് ഇഛാശക്തിയോടെ നടപ്പാക്കിയിരുന്നെങ്കിൽ രാജ്യത്തെ രോഗബാധിതരെ മുഴുവൻ തിരിച്ചറിഞ്ഞുകൊണ്ട് ചികിൽസിക്കാനും അവരുടെ പ്രൈമറി, സെക്കന്ററി കോന്റാക്ടുകളെ ഉൾപ്പടെ ഏവരെയും ക്വാറന്റൈന്‍ ചെയ്യാനും കഴിയുമായിരുന്നു. ഇൻഡ്യയുടെ അത്രയും കർശനമായ ലോക്ക് ഡൗൺ ഇല്ലാതെതന്നെ തെക്കൻ കൊറിയ വിജയകരമായി പൂർത്തിയാക്കിയത് ഈ ദൗത്യമാണ്. ഏറ്റവും കുറഞ്ഞത് കേരള സംസ്ഥാനം ചെയ്ത നടപടികളെയെങ്കിലും മാതൃകയാക്കുകയായിരുന്നെങ്കിൽ രാജ്യത്ത് ഇത്രയധികം ഹോട്ട് സ്‌പോട്ടുകൾ ഉണ്ടാകുമായിരുന്നില്ല. അങ്ങനെയെങ്കിൽ മേയ് 3 വരെയുള്ള ലോക്ക് ഡൗണിന്റെ അടുത്ത ഘട്ടം ഒഴിവാക്കുകയും ചെയ്യാമായിരുന്നു. മുംബൈയിലെ ധാരാവി ചേരിയിൽ മരണം റിപ്പോർട്ടു ചെയ്തുതുടങ്ങിയിട്ട് 2 ആഴ്ചകള്‍ പിന്നിട്ടു. പകർച്ച വ്യാധിയുടെ ടൈംബോംബായി മാറിയിട്ടുള്ള ധാരാവിയിൽ ഗുരുതരമായ സ്ഥിതിവിശേഷത്തിന് ആനുപാതികമായ രോഗനിർണ്ണയ പരിശോധന നടക്കുന്നതേയില്ല. മഹാരാഷ്ട്ര സംസ്ഥാനത്ത് ആകെ നടന്നിട്ടുളള പരിശോധന ഏപ്രിൽ 11 വരെ 30,229 ആണ്! വരാനിരിക്കുന്ന ദിനങ്ങളിൽ ധാരാവിയിൽ നിന്നും ഉത്തർപ്രദേശിന്റെയും മധ്യപ്രദേശിന്റെയും ഗ്രാമങ്ങ ളിൽനിന്നും ഹൃദയഭേദകമായ എന്തൊക്കെ വാർത്തകൾ കേൾക്കേണ്ടി വരുമെന്നത് കാത്തിരുന്ന് കാണുകതന്നെ.

തകർന്നടിയുന്ന ജനത…
കൈത്താങ്ങാകാൻ തയ്യാറല്ലാത്ത
കേന്ദ്ര സർക്കാർ

ഒരു രാഷ്ട്രത്തിന്റെ സമ്പത്തും വിഭവങ്ങളുമെല്ലാം ജനതയുടെ നിലനിൽപ്പിനായി വിനിയോഗിക്കപ്പെടേണ്ട സാഹചര്യമാണ് കൊറോണ രോഗബാധ വഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഉൽപ്പാദനരംഗം മുഴുവൻ നിശ്ചലാവസ്ഥയിലായിരിക്കുന്നു. ഓരോ ദിവസത്തെയും വരുമാനംകൊണ്ട് അതതു ദിവസം നിലനിന്നു പോകുന്ന കൂലിപ്പണിക്കാരും അർദ്ധപ്പട്ടിണിക്കാരും ഈ രാജ്യത്ത് 40 കോടിയാണ്. വേലയും കൂലിയും നിലച്ച് അക്ഷരാർത്ഥത്തിൽ അവരുടെ ജീവിതം വഴിമുട്ടിയിരിക്കുന്നു. ചെറിയ നീക്കിയിരുപ്പുകളും ലഘു സമ്പാദ്യങ്ങളും തീർന്നതിനെത്തുടർന്ന് താഴേ ഇടത്തരക്കാരനും നിരാലംബനായിരിക്കുന്നു. കോവിഡ് രോഗബാധ സൃഷ്ടിക്കുന്ന അത്യസാധാരണമായ ഈ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെ സഹായം ഏറ്റവും അനിവാര്യമായിരിക്കുന്നു. എന്നാൽ ക്ഷാമത്തിന്റെയും വറുതിയുടെയും ദുരിതദിനങ്ങളിലൂടെ കടന്നുപോകുന്ന ജനങ്ങൾക്ക് ആശ്വാസത്തിന്റെ ഒരു ഗണനീയമായ കൈത്താങ്ങ് നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. ജനതാ കർഫ്യു പ്രഖാപി ച്ചുകൊണ്ട് പ്രധാനമന്ത്രി മാർച്ച് 19ന് നടത്തിയ പ്രസംഗത്തിൽ ഏവരും പ്രതീക്ഷ അർപ്പിച്ചിരുന്നു. ഒരു സാമ്പത്തിക സഹായവും പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി ജനങ്ങളെ ആകെ നിരാശപ്പെടുത്തി. മഹാമാരി സൃഷ്ടിച്ചിട്ടുള്ള സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യാൻ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നു മാത്രമാണ് അന്നു പ്രധാനമന്ത്രി പറഞ്ഞത്. വളരെ വൈകി അതിനു രൂപം നൽകിയെങ്കിലും ഒരു ആശ്വാസവും പ്രഖ്യാപിക്കപ്പെട്ടില്ല. ധനമന്ത്രി വലിയ ഇളവുകൾ പ്രഖ്യാപിക്കുമെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ഈടാക്കിയിരുന്ന പിഴ ഒഴിവാക്കുക തുടങ്ങി ജനങ്ങളെ പരിഹസിക്കുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്. വായ്പാതിരിച്ചടവിന്റെമേൽ മൊറട്ടോറിയം എന്ന കൊട്ടിഘോഷിക്കപ്പെട്ട പ്രഖ്യാപനം, ദുരിതകാലത്തെ പലിശ പന്നീട് ഈടാക്കുമെന്ന തീരുമാനത്തോടെ ജനങ്ങൾക്ക് ഇരുട്ടടിയായി.

പിന്നീട് പ്രധാനമന്ത്രിയുടെ ഊഴമായി. അദ്ദേഹം ‘പ്രധാൻമന്ത്രി ഗരീബ് കല്യാൺ പാക്കേജ്’ എന്ന പേരിൽ ആകെ 1.7 ലക്ഷം കോടിയുടെ സഹായങ്ങൾ പ്രഖ്യാപിച്ചു. യഥാർത്ഥത്തിൽ ഈ തുക ഇൻഡ്യയുടെ ജിഡിപിയുടെ 0.8 ശതമാനം മാത്രമാണ്. ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളും നടപ്പിൽ വരുത്തുന്ന കോവിഡ് പാക്കേജ്, ആ രാജ്യങ്ങളുടെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 10 മുതൽ 20 ശതമാനംവരെ ആയിരിക്കവെയാണ് പട്ടിണിപ്പാവങ്ങളുടെ രാജ്യമായ ഇൻഡ്യയിൽ ഇത്ര തുഛമായ തുക നീക്കി വച്ചിരിക്കുന്നത്. ‘രാജ്യത്തിന്റെ മുഴുവൻ സമ്പത്തും വിനിയോഗിക്കേണ്ടി വന്നാലും ജനങ്ങളുടെ ജീവൻ രക്ഷിക്കും’ എന്ന ജർമ്മൻ ചാൻസലർ ആഞ്ജല മർക്കലിന്റെ പ്രഖ്യാപനം ഇവിടെ നമ്മൾ സ്മരിക്കുക. ഇത്തരമൊരു പ്രസ്താവനയുടെ ഉള്ളടക്കത്തിന്റെ ഒരംശമെങ്കിലും ഉൾക്കൊള്ളാൻ ഇൻഡ്യൻ പ്രധാനമന്ത്രിക്ക് ആയില്ല. ജൻധൻ അക്കൗണ്ട് ഉള്ള സ്ത്രീകൾക്ക് 500 രൂപ വീതം ധനസഹായം മൂന്നു മാസത്തേക്ക്, തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾക്ക് പ്രതിമാസം 20 രൂപയുടെ വർദ്ധനവ് ഈ സഹായ പ്രഖ്യാപനങ്ങൾ വിശക്കുന്നവന്റെ മേലുള്ള ക്രൂരമായ പരിഹാസമായി മാറുകയാണ്. ഓരോ വ്യക്തിക്കും സൗജന്യമായി, നിലവിൽ ലഭിക്കുന്നതിന്റെ ഇരട്ടി ഭക്ഷ്യധാന്യം എന്നതു മാത്രമാണ് ചെറുതെങ്കിലും ഒരാശ്വാസനടപടി എന്നു വിളിക്കാൻ അർഹതയുള്ളത്. ചലനം നിലച്ച ഉൽപ്പാദന പ്രക്രിയ എപ്പോൾ പഴയനിലയിൽ തിരിച്ചവരുമെന്നു പ്രവചനംപോലും അസാധ്യമാകുമ്പോൾ കൂലിപ്പണിക്കാരും ദരിദ്ര തൊഴിലാളികളും പട്ടിണികിടന്ന് മരിക്കുമെന്നുറപ്പാണ്. പണി നഷ്ടപ്പെട്ട് വരുമാന സ്രോതസ്സ് മുഴുവൻ അസ്തമിച്ച തൊഴിലാളിയുടെ നഷ്ടം, അർഹമായ നിലയിൽ നികത്താൻ നടപടി സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഈ വരികൾ കുറിക്കുന്ന ഏപ്രിൽ 17 വരെയും അപ്രകാരം ഒരു പ്രഖ്യാപനം സർക്കാർ നടത്തിയിട്ടില്ല. ഏപ്രിൽ 14ന്റെ പ്രസംഗത്തിലും ജനങ്ങളുടെ ത്യാഗത്തെയും സഹനത്തെയും പുകഴ്ത്തുന്ന പ്രധാനമന്ത്രി, യഥാർത്ഥത്തിൽ ജനങ്ങളുടെ ജീവന് വിലപറയുകയാണ് ചെയ്യുന്നത്.

കേരളത്തിന് മാതൃകയാകാൻ
കഴിഞ്ഞത് എന്തുകൊണ്ട്?

കോവിഡ് മഹാമാരി ലോകവ്യാപകമായി പകർന്നുതന്ന വിലപ്പെട്ട പാഠം ആതുരശുശ്രൂഷ സർക്കാരിന്റെ കരങ്ങളിലായിരിക്കണമെന്നതാണ്. കേരളത്തിന്റെ നേട്ടവും അതിനെ അടിവരയിടുന്നു. ഇപ്പോഴത്തെ കൊറോണഭീഷണിയെയും ഇതിനു മുമ്പുണ്ടായ നിപയെയും കേരളത്തിന് മറികടക്കാനായത് നമ്മുടെ ശക്തമായ പൊതുജനാരോഗ്യസംവിധാനത്തിന്റെ കരുത്തുകൊണ്ടാണ്. നവോത്ഥാന പ്രസ്ഥാനത്തിലൂടെ കൈവന്ന വിദ്യാഭ്യാസ മുന്നേറ്റവും അതിനെ ആധാരമാക്കി വികസിച്ചുവന്ന ആരോഗ്യഅവബോധവും ഏറ്റവും മികച്ച പൊതുജനാരോഗ്യസംവിധാനം രൂപപ്പെടുത്തുന്നതിനുള്ള ഭൗതികസാഹചര്യം സൃഷ്ടിച്ചു. വ്യക്തിശുചിത്വം പാലിക്കേണ്ട ആവശ്യകത നമ്മുടെ നവോത്ഥാനനായകന്മാരെല്ലാം ജനങ്ങളെ ആവർത്തിച്ച് ബോധ്യപ്പെടുത്തിയിരുന്നതായി ചരിത്രം വ്യക്തമാക്കുന്നു.

ആരോഗ്യ അവബോധം സമൂഹത്തെ ആകെ സ്പർശിക്കുന്ന ഒരു പ്രസ്ഥാനമായി മാറുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽത്തന്നെ കാണാം. പത്തൊൻപതാം നൂറ്റാണ്ടി ന്റെ അന്ത്യദശകങ്ങളിൽ തോട്ടം മേഖലയിൽ തൊഴിലാളികൾക്കുണ്ടായ വ്യാധികളെ നേരിടുന്നതിനായി ബ്രിട്ടീഷ് അധികാരികൾ തോട്ടം ഉടമകളുമായിച്ചേർന്ന് കേരളത്തിന്റെ മൂന്ന് ജില്ലകളിൽ ആശുപത്രികൾ സ്ഥാപിച്ചതായി രേഖകളിൽ കാണാം. ക്രിസ്ത്യൻ മിഷണറിമാരുടെ ഈ രംഗത്തെ സവിശേഷമായ സംഭാവനകൾ എടുത്തുപറയേണ്ടതാണ്. ആതുരശുശ്രൂഷാ രംഗത്തെ പ്രവർത്തനങ്ങളുടെ ധാർമ്മികമായ മൂല്യത്തെ ഘോഷിക്കുന്ന വാക്കുകൾ മിഷണിറിമാരുടെ കൃതികളിലും പ്രവർത്തനങ്ങിലും കാണാം. പകർച്ച വ്യാധികളെ നേരിടുന്നതിനായി നാട്ടുരാജാക്കന്മാരുടെ കാലത്തുതന്നെ നിരവധിയായ ധർമ്മാശുപത്രികൾ നാട്ടുരാജ്യങ്ങളിൽ പ്രവർത്തിച്ചുതുടങ്ങി. കേരളപ്പിറവിക്കുമുമ്പുതന്നെ എണ്ണത്തിൽ പരിമിതമായിരുന്നെങ്കിലും കേരളത്തിൽ ജനറൽ ആശുപത്രികൾ പ്രവർത്തിച്ചിരുന്നു. വാക്സിനേഷൻ പ്രവർത്തനങ്ങൾപോലും കേരളത്തിൽ തുടക്കംകുറിച്ചിരുന്നു.

നവോത്ഥാനത്തിലൂടെയും മിഷണറിമാരുടെ പ്രവർത്തനങ്ങളിലൂടെയും സൃഷ്ടിക്കപ്പെട്ട ആരോഗ്യ അവബോധത്തെ അവഗണിക്കാനാവില്ല എന്ന സാഹചര്യത്തിൽ പിന്നീട് കേരളപ്പിറവിക്ക് ശേഷംവന്ന ജനാധിപത്യ സർക്കാരുകൾ ജനേഛയെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്താൻ പ്രേരിത രായി. ആദ്യകാലത്തെ സർക്കാരുകൾ ആരോഗ്യമേഖലയ്ക്കു ബജറ്റിൽ ഗണനീയമായ തുക നീക്കിവച്ചു. തികഞ്ഞ സമർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ച പ്രഗത്ഭമതികളായ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും പൊതുജനാരോഗ്യമേഖലയെ കൂടുതൽ ശക്തിപ്പെടുത്തി. എന്നാൽ 80കൾക്കു ശേഷം പുതിയ സാമ്പത്തിക നയങ്ങളുടെ കുറിപ്പടി പ്രകാരം ആരോഗ്യമേഖലയ്ക്കുള്ള ഫണ്ട് വിഹിതം ക്രമേണ വെട്ടിക്കുറക്കുന്നതിൽ ഇടതു വലതു സർക്കാരുകൾ തമ്മിൽ ഭേദമില്ലായിരുന്നു. ഈ സർക്കാരുകളുടെ അളവറ്റ പ്രോൽസാഹനം മൂലമാണ് ആരോഗ്യമേഖലയിൽ സ്വകാര്യ മുതൽ മുടക്ക് അനുദിനം വർദ്ധിച്ചത്.

നവ ഉദാരവൽക്കരണനയങ്ങൾക്കുശേഷം സംസ്ഥാനത്തെ സ്വകാര്യ ചികിൽസാ മേഖല 40 ശതമാനത്തോളം വളർന്നപ്പോൾ പൊതുജനാരോഗ്യ മേഖലയുടെ വളർച്ച കേവലം 6 ശതമാനം മാത്രമായിരുന്നുവെന്ന് സി.ഡി.എസ്സിന്റെ പഠനങ്ങൾ സ്ഥിരീകരിക്കു ന്നു. പൊതുജനാരോഗ്യ രംഗത്ത് നിയമനങ്ങളെല്ലാം മരവിച്ച അവസ്ഥയിലായിരുന്നു. 1965ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചുപോലും ഡോക്ടർമാരും നഴ്സിംഗ് സ്റ്റാഫും മറ്റ് ജീവനക്കാരും മരുന്നും ചികിത്സാ സംവിധാനങ്ങളും, പിഎച്ച്സി മുതൽ മെഡിക്കൽ കോളജുകൾവരെ പടർന്നു കിടക്കുന്ന കേരളത്തിലെ സർക്കാർ ആശുപത്രികളിൽ നിലവിലില്ല എന്നതാണ് യാഥാർത്ഥ്യം. വികസിത മുതലാളിത്ത രാജ്യങ്ങളിലെ മാതൃകയിൽ ആരോഗ്യ സേവനത്തെ ഇൻഷ്വറൻസാക്കി മാറ്റുന്നതിൽ സംസ്ഥാനസർക്കാരുകളും കേന്ദ്രസർക്കാരും ഒത്തുചേർന്നു പ്രവർത്തിച്ചു. ഇപ്പോൾ കോവിഡ് പ്രതിരോധത്തിന്റെ പേരിൽ മേനി നടിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരുമെല്ലാം ഈ നയങ്ങളുടെ വക്താക്കളാണ്. ഇപ്പോൾ ലഭിക്കുന്ന ‘മികവിന്റെ സർട്ടിഫിക്കറ്റ്’നാളെ ഇതേ നയങ്ങൾ തുടരാനുള്ള അനുമതി പത്രമാവാതിരിക്കാൻ നാം ശ്രദ്ധിക്ക ണം. ആഗോളവൽക്കരണനയങ്ങൾക്കിണങ്ങുംവിധം ആരോഗ്യമേഖലയെ തകർക്കാൻ ശ്രമങ്ങളു ണ്ടായപ്പോഴെല്ലാം അതിനെ ചെറുത്തുകൊണ്ട് കാവലായിനിന്ന ജനജാഗ്രതയാണ് സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തെ ഇപ്രകാരമെങ്കിലും നിലനിർത്താൻ ഇടയാക്കിയിട്ടുള്ളത്.

ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ളതും ക്രമേണ വികസിച്ചുവന്നതുമായ സുശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിന്റെ സാന്നിദ്ധ്യമാണ് കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിന് നേട്ടം സൃഷ്ടിക്കുവാനിടയാക്കിയ പ്രഥമമായ കാരണം. ഈ സംവിധാനത്തെ ഏകോപിപ്പിക്കാനും ചലിപ്പിക്കാനും കേരളത്തിൽ ഇപ്പോൾ നിലവിലുള്ള സർക്കാരിനു സാധ്യമായി എന്നതിനെ വിലമതിക്കുന്നു. എന്നാൽ കോവിഡ് പ്രതിരോധ മുന്നേറ്റത്തിന്റെ ഒരേയൊരു കാരണം ഈ സർക്കാരാണെന്ന നിലയിലുള്ള പ്രചാരണം സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണ്. പരിമിതികൾക്കും പരാധീനതകൾക്കുമിടയിലും രാജ്യത്തിന് മാതൃകയാകുന്ന വിധത്തിൽ തന്നെയാണ് കേരളം മുൻകരുതലുകൾ സ്വീകരിച്ചത്. അതിൽ ഏറ്റവും പ്രധാനം കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയാൻ സമയോചിതം ഇടപെടുവാൻ കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് കഴിഞ്ഞുവെന്നതാണ്. കുറഞ്ഞപക്ഷം രോഗാണുവാഹകരാകയാൽ സംഭവിക്കുന്ന അപകടങ്ങളെ സംബന്ധിക്കുന്ന അവബോധം പൊതുസമൂഹത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർ ഒറ്റക്കെട്ടായി സമർപ്പിതമായി 24 മണിക്കൂറും പണിയെടുത്തുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

സോഷ്യലിസ്റ്റ് ക്യൂബ:
മനുഷ്യസാഹോദര്യത്തിന്റെ
ഉദാത്ത മാതൃക

‘വികസിത’ മുതലാളിത്ത രാജ്യങ്ങൾ വൈറസിന്റെ വരവിൽ അശാന്തിയലമർന്നപ്പോൾ, മനുഷ്യസാഹോദര്യത്തിന്റെ പ്രതിരൂപമായി കൊച്ചു ക്യൂബ പ്രത്യക്ഷപ്പെട്ടത് കൊറോണ പഠിപ്പിച്ച വലിയ പാഠങ്ങളിലൊന്നാണ്. എത്ര മഹത്തായ ദൗത്യമാണ് അവർ കോവിഡ്-19 നെതിരെ നടത്തിക്കൊ ണ്ടിരിക്കുന്നതെന്ന് ലോകം ആദരപൂർവ്വം വീക്ഷിക്കുകയാണ്.

കൊറോണ വൈറസിന്റെ വ്യാപനത്തിൽ യൂറോപ്പ് വിറങ്ങലിച്ചുനിൽക്കുന്ന സമയം. ബ്രിട്ടനിൽ നിന്ന് 682 യാത്രക്കാരുമായി പുറപ്പെട്ട ട്രാൻസ് അറ്റ്‌ലാന്റിക്ക് കപ്പലിലെ അഞ്ച് പേർക്ക് കൊറോണ ബാധിച്ച വിവരം പുറത്തുവരുന്നു. അതിനെത്തുടർന്ന,് കരീബിയൻ കടലിടുക്കുകളിൽപ്പെട്ടുപോയ കപ്പൽ നിരവധി രാജ്യങ്ങളിലെ തുറമുഖങ്ങളിൽ അടുക്കാൻ നോക്കിയെങ്കിലും ഒരു രാജ്യവും അനുമതി നൽകിയില്ല. അമേരിക്കയിൽ നിന്ന്, ‘ചൈനീസ് വൈറസ് ‘ ബാധിച്ച വിദേശപൗരന്മാരെ പുറത്താക്കു വാൻ നീക്കം നടത്തുന്നതിന്റെ ക്രൂരമായ വാർത്തകൾ പുറത്തുവരുന്ന സമയമായിരുന്നു അത്.

ഒരു വികസിത മുതലാളിത്ത രാജ്യവും അവരെ സ്വീകരിയ്ക്കാതെ നടുക്കടലിൽ തള്ളിയപ്പോഴാണ്, ക്യൂബ ആ കപ്പലിലെ മുഴുവൻ യാത്രക്കാരെയും ഇരുകൈയും നീട്ടി സ്വീകരിക്കുവാൻ മുന്നോട്ടുവന്നത്. ക്യൂബയ്‌ക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ ശക്തമായി പിന്തുണച്ച രാജ്യമാണ് ബ്രിട്ടൻ. ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ തുറമുഖം കപ്പലടുപ്പിയ്ക്കാനായി തുറന്നുകൊടുത്തു. എന്നുമാത്രമല്ല, അതിലുണ്ടായിരുന്ന രോഗബാധിതരായ മുഴുവനാളുകളെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി ഫിദൽ കാസ്‌ട്രോയുടെ സോഷ്യലിസ്റ്റ് ക്യൂബ. ആരോഗ്യമുണ്ടായിരുന്ന മുഴുവൻ പേർക്കും അവരവരുടെ രാജ്യങ്ങളിലേയക്ക് പോകുവാൻ വിമാനം ഏർപ്പാടാക്കിക്കൊടുക്കുകയും ചെയ്തു.

താരതമ്യേന, ദരിദ്രവും ഭൂമിശാസ്ത്രപരമായി വളരെ ചെറിയതുമായ ഒരു രാജ്യമാണ് ക്യൂബ. ജനസംഖ്യയാകട്ടെ ഒന്നരകോടി മാത്രം. അതിനെക്കാളുപരി, അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന കർശനമായ സാമ്പത്തിക ഉപരോധത്തെ 60 വർഷമായി നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യം. ക്യൂബയെ തകർക്കാൻ അമേരിക്കൻ സാമ്രാജ്യത്വം നടത്തിയ ഹീനമായ നീക്കങ്ങൾ ഒരിക്കലും മറക്കാനാവുന്നതല്ല. ആ രാജ്യത്ത് നിന്നാണ് 52 ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ഒരു സംഘം ഇറ്റലിയിലെ രോഗബാധിതരെ സഹായിക്കാനായി സന്നദ്ധരായി മുന്നോട്ടുവന്നതെ ന്നോർക്കണം. അവർ ഇപ്പോഴും ഇറ്റലിയിലെ ആശുപത്രികളിൽ കർമ്മനിരതരായി നിലകൊള്ളുന്നു. പശ്ചിമ ആഫ്രിക്കയിൽ 2014 ൽ എബോള വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോഴും ക്യൂബൻ മെഡിക്കൽ സംഘം വലിയ സേവനം നൽകിയിരുന്നു. ഇപ്പോൾ 37 രാജ്യങ്ങളെ സഹായിക്കാൻ ആ രാജ്യത്തിന്റെ മെഡിക്കൽ സംഘം മുന്നോട്ടുവന്നിരിക്കു ന്നു. 67 രാജ്യങ്ങളിലായി ക്യൂബയുടെ 37,000ഓളം ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ ദൗത്യങ്ങളുമായി കര്‍മ്മനിരതരാണ്. എല്ലാ കരങ്ങളും ഒരുമിച്ച് ദുരന്തമുഖത്ത് പ്രവർത്തിക്കുകയെന്ന സോഷ്യലിസ്റ്റ് സംസ്‌കാരമാണ് ക്യൂബ പ്രദർശിപ്പിക്കുന്നത്. ചെറിയ രാജ്യമാണെങ്കിലും വളരെ മികച്ച പൊതുജനാരോഗ്യ പരിപാലന സംവിധാനമാണ് ക്യൂബയ്ക്കുള്ളത്. അവർ മനുഷ്യനെ ചികിത്സിക്കുന്നത് ലാഭേച്ഛയുടെ അടിസ്ഥാനത്തിലല്ല. ആരോഗ്യമേഖല സ്റ്റേറ്റിന്റെ പരിപൂർണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു. എത്ര ചെലവേറിയ ചികിത്സയും സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്.

സമാനമായ ഒരു വാർത്തയാണ് വിയറ്റ്‌നാമിൽനിന്നും നാം കേൾക്കുന്നത്. മൂന്നുകോടി മാസ്‌കുകളുമായി ഒരു കപ്പൽ വിയറ്റ്‌നാമിൽനിന്ന് അമേരിക്കയിലേയ്ക്ക് പുറപ്പെട്ടുകഴിഞ്ഞു. അമേരിക്കൻ സാമ്രാജ്യത്വം നടത്തിയ മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന യുദ്ധത്തി ന്റെ കെടുതികളിൽനിന്ന് ഇനിയും മുക്തമായിട്ടില്ലാത്ത വിയറ്റ്‌നാം എന്ന ചെറിയ രാജ്യവും സാഹോദര്യത്തിന്റെ ഉദാത്തമാതൃകയാണ് കാഴ്ചവച്ചിരിക്കുന്നത്.

എന്തായാലും, ക്യൂബയിലും നോർത്ത് കൊറിയയിലും റഷ്യയിലും കോവിഡ് 19 വലിയ അളവിലുള്ള പകർച്ചവ്യാധിയായി മാറിയില്ല. കാരണം, ഈ രാജ്യങ്ങൾക്ക് സുഭദ്രമായ രോഗനിർണ്ണയ ആരോഗ്യപരിപാലന സംവിധാനമുണ്ട്. പൗരന്റെ ആരോഗ്യത്തിന് ഒന്നാമത്തെ പരിഗണന നൽകുന്ന രാജ്യങ്ങളാണിവ. റഷ്യ ഒരു മുതലാളിത്ത രാജ്യമാണ്. എങ്കിലും സോഷ്യലിസ്റ്റ് കാലഘട്ടത്തിൽ പണിതുയർത്തിയ ശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിന്റെ അവശേഷിപ്പുകളുടെ കരുത്ത് അവിടെ നിലനിൽക്കുന്നു. ഇന്ന്, റഷ്യയെക്കാൾ മാതൃകാപരമായി ക്യൂബ ലോകത്തിന് വഴികാട്ടിയായത് മുതലാളിത്തക്രമത്തിൽ നിന്നു ഭിന്നമായ സോഷ്യലിസ്റ്റ് വ്യവസ്ഥ അവിടെയുള്ളതിനാലാണ്.

മാനവരാശിയുടെ അജയ്യമായ
ആയുധം ആധുനികശാസ്ത്രം;
ഒരുമയോടെ നാം മഹാമാരിയെ
നേരിടും.

പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് ലോകമെമ്പാടും വ്യാപിച്ച കോവിഡ്-19 രോഗത്തിന്റെ വ്യാപനത്തിന് മുൻപിൽ ശാസ്ത്ര-സാങ്കേതിക വികാസത്തിൽ മുൻനിരയിലുള്ള രാഷ്ട്രങ്ങൾ പതറുന്നത് നാം കാണുന്നു. ആപത്ശങ്കയും ആശങ്കയുമാണ് എവിടെയും. രോഗങ്ങൾ പടർന്നുപിടിക്കുന്ന പ്രതിഭാസം ചരിത്രത്തിൽ ആദ്യമല്ല. ഭീകരമായ പകർച്ചവ്യാധികൾ മനുഷ്യസമൂഹത്തെ തുടർച്ചയായി ബാധിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പ്ലേഗും കോളറയും വസൂരിയും ക്ഷയരോഗവും എല്ലാം കോടികളുടെ കണക്കിൽ മനുഷ്യജീവൻ എടുത്തിരുന്ന ഭയപ്പെടുത്തുന്ന മഹാമാരികൾ ആയിരുന്നു ഒരിക്കൽ. ആധുനിക ശാസ്ത്രത്തിന്റെ വരവിനുശേഷം ജീവലോകത്തെ പ്രതിഭാസങ്ങളെ ശാസ്ത്രീയമായി നോക്കിക്കാണുന്ന രീതി വന്നപ്പോഴാണ് നാശകാരികളായ രോഗങ്ങളെ പിടിച്ചുകെട്ടാനായത്.

എങ്ങനെയാണ് ശാസ്ത്രം അത് സാധിച്ചത്? എന്താണ് ശാസ്ത്രത്തിന്റെ മാർഗ്ഗം? ഒരുകാലത്ത് വിധിയെന്ന് കരുതി നിസ്സംഗതയോടെ വീക്ഷിച്ചിരുന്ന ഒരു പ്രശ്‌നത്തെ അദമ്യമായ കർമ്മശേഷിയോടെ നേരിടാൻ മാനവരാശിയെ പ്രാപ്തമാക്കിയ എന്ത് വിദ്യയാണ് ശാസ്ത്രത്തിന്റെ കൈയിലുള്ളത് ? ശാസ്ത്രത്തിന് നിഗൂഢമായ രീതികളില്ല. ഏതൊരാൾക്കും മനസ്സിലാക്കാവുന്ന, ചോദ്യം ചെയ്യാവുന്ന, പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടാവുന്ന മാർഗ്ഗങ്ങളാണ് ശാസ്ത്രത്തിനുള്ളത്. രോഗകാരണമായ രോഗാണുവിനെ തിരിച്ചറിയുക, ആ രോഗാണുവിന്റെ ജീവിതചക്രം മനസ്സിലാക്കുക, അത് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്ന രീതി മനസ്സിലാക്കുക, രോഗാണുവാഹകരായ കീടങ്ങളും മറ്റു ജീവികളും വഹിക്കുന്ന പങ്ക് മനസ്സിലാക്കുക, മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പകരുന്നുണ്ടെങ്കിൽ ഏത് വഴിക്കെന്ന് മനസ്സിലാക്കുക, ഇത്തരം കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് ഉചിതമായ നിയന്ത്രണ നടപടികൾ എടുത്തപ്പോഴാണ് ഓരോ രോഗവും നിയന്ത്രണ വിധേയമായത്. ഒപ്പം തന്നെ ആൻറിബയോട്ടിക് കണ്ടുപിടുത്തത്തോടെ രോഗബാധിതനായ ഒരാളെ ചികിത്സിച്ചു ഭേദമാക്കാനുള്ള വഴിയും തുറന്നു. ഈ ശാസ്ത്രീയ മാർഗങ്ങളാണ് മഹാമാരികൾ പിടിച്ചുകെട്ടാൻ ഉപയോഗപ്പെട്ടത്. ചികിൽസ, രോഗനിയന്ത്രണത്തിലെ ഒരു മാർഗ്ഗം മാത്രമാണ്, രോഗം വരാതെ നോക്കുന്ന മാർഗ്ഗങ്ങൾ ഏറെയാണ് എന്ന് വ്യക്തമാകും.

സോഷ്യലിസത്തിന്റെ പതാക
വാഹകരാകുക, മാനവരാശിയുടെ
രക്ഷകരാകുക

കോവിഡ് മഹാമാരി ഭൂഗോളത്തെ ഈ വിധത്തിൽ പിടിമുറുക്കുന്നതിനു മുമ്പുള്ള ലോകത്തിന്റെ നേർക്കാഴ്ചയെന്തായിരുന്നു? ചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടില്ലാത്ത തൊഴിലില്ലായ്മ, ജനതകളെ ഭൂലോകം മുഴുവൻ അലഞ്ഞുതിരിയാൻ നിർബ്ബന്ധിതരാക്കി. മഹാമാന്ദ്യത്തിന്റെ യാതനകളെ അത് കടത്തിവെട്ടി. വംശീയ കലാപങ്ങളും പൈശാചികമായ മത വെറികളും സാമ്രാജ്യത്വ ശക്തികൾ സ്‌പോൺസർ ചെയ്യുന്ന പ്രാദേശിക യുദ്ധങ്ങളും ലക്ഷങ്ങളെ അഭയാർത്ഥികളാക്കി. മധ്യധരണ്യാഴിയും ബർമ്മീസ് കടലിടുക്കും ഈ അഭയാർത്ഥികളുടെ മൃതശരീരങ്ങളൊഴു കി നടക്കുന്ന കണ്ണീർക്കയങ്ങളായി. ക്ഷാമവും പഞ്ഞവും വ്യാധികളും ആഫ്രിക്കൻ വൻകരയെ വിഴുങ്ങി. പ്രതിലോമ ആശയങ്ങളും നവനാസി പ്രസ്ഥാനങ്ങളും ലോകത്തെവിടെയുമുള്ള നിരാലംബരായ ന്യുനപക്ഷങ്ങളെ കൊന്നൊടുക്കുന്നു; നമ്മുടെ ഭാരതത്തിലുൾപ്പടെ. മനുഷ്യനെ കേന്ദ്ര ബിന്ദുവാക്കി വികസിച്ചുവന്ന ധാർമ്മികതയും സംസ്‌കാരവും സാഹനുഭൂതിയും മനുഷ്യഭാവങ്ങളും പണത്തിന്റെയും ഭൗതികാർത്തിയുടെയും പ്രളയത്തിൽ മുങ്ങിമരി ക്കുന്നു. മഹത്തായ സോഷ്യലിസ്റ്റ് ചേരിയുടെ പതനത്തിനുശേഷം ലോകത്തുകാണുന്നത് മുതലാളിത്തം സൃഷ്ടിക്കുന്ന സങ്കൽപ്പിക്കാനാവാത്ത അസമത്വത്തിന്റെ മൃഗീയവാഴ്ചയാണ്. അത് 300 കോടിയോളം ജനങ്ങളെ പരമദരിദ്രരാക്കിയിരിക്കുന്നു. ഈ ഭുമുഖത്തേ ക്കാണ് കൊറോണയുടെ ആക്രമണം ഉണ്ടായിട്ടുള്ളത്. വർഗ്ഗവിഭജിതമായ സമൂഹത്തിന്റെ നിലനിൽപ്പ്, എങ്ങിനെയാണ് മാനവകുലത്തെത്തന്നെ ഇല്ലാതാക്കുന്നതെന്ന് കൊറോണ നമ്മെ വേദനാപൂർവ്വം പഠിപ്പിക്കുന്നു.

ആണവായുധങ്ങളുടെ കരുത്തിൽ ലോകത്തെ മുൾമുനയിൽ നിർത്തുന്ന മുതലാളിത്ത സാമ്രാജ്യത്വ രാജ്യങ്ങളുടെ ആയുധശേഖരങ്ങൾ മാനവരാശിക്കുമേലുള്ള ക്രൂരമായ പരിഹാസമായി ഭവിക്കുന്നു. കൃത്രിമമായി കമ്പോളംസൃഷ്ടിക്കാനായി നശീകരണായുധങ്ങൾ കുന്നുകൂട്ടുന്ന മുതലാളിത്ത ശക്തികൾക്ക് മനുഷ്യസമൂഹത്തെ രക്ഷിക്കാനാവില്ല. പടക്കോപ്പുകൾ ശേഖരിക്കുകയല്ല, ഏതൊരു രാജ്യത്തെയും മുഴുവൻ ജനങ്ങൾക്കും മനുഷ്യനെപ്പോലെ ജീവിക്കാൻ പര്യാപ്തമായ ജീവിത സാഹചര്യമൊരുക്കുകയാണ് വേണ്ടതെന്ന് കോവിഡ്കാലം നമ്മെ ഓർമ്മപ്പെടുത്തുന്നു. ലാഭതാൽപ്പര്യങ്ങളെ പരിപൂർണ്ണമായും മാറ്റിവച്ചുകൊണ്ട് മനുഷ്യനന്മ മാത്രം കേന്ദ്രബിന്ദുവായ ഒരു സാമൂഹ്യവ്യവസ്ഥയുടെ ആവശ്യകത കൊറോണ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ആ സാമൂഹ്യവ്യവസ്ഥ, സോഷ്യലിസം മാത്രമാണെന്ന് ചരിത്രപ്രക്രിയ നമ്മെ പഠിപ്പിക്കുന്നു.

രോഗബാധിതനായ ഒരുവനെ ചികിൽസിച്ച് ആരോഗ്യവാനാക്കി മാറ്റുക എന്നത് വ്യക്തിയുടെ ആവശ്യമെന്നതിനുമപ്പുറം സമൂഹത്തിന്റെ ആവശ്യകതയാണ്. മാനസികവും ശാരീരികവുമായി പൂർണ ആരോഗ്യവാന്മാരായ ജനതയാണ് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. അതിനാൽ ചികിൽസയെ ഒരു സാമൂഹ്യദൗത്യമായി കാണുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്കു മാത്രമേ ആത്യന്തികമായി മനുഷ്യന്റെ രോഗങ്ങളെയും തജ്ജന്യമായ ദുരിതങ്ങളെയും അകറ്റാൻ കഴിയൂ. സോഷ്യലിസത്തിന്റെ തുരുത്തുകൾ അത് നമ്മെ പഠിപ്പിക്കുന്നു. ശാസ്ത്രീയ സോഷ്യലിസത്തിന്റെ പാതയിൽ നാം മുന്നോട്ടു കുതിച്ചാൽ, ഒരു മഹാവ്യാധിക്കു മുമ്പിലും പരാജയപ്പെടാത്ത, നീചമായ ലാഭതാൽപ്പര്യങ്ങളിൽനിന്ന് മുക്തമായ ഒരു മനുഷ്യസമൂഹത്തെ നമുക്ക് സൃഷ്ടിക്കാനാവും. അതിനാൽ സോഷ്യലിസത്തിന്റെ പതാകവാഹകരാകുക എന്നതാണ് കൊറോണ നൽകുന്ന ഏറ്റവും വിലപ്പെട്ട രാഷ്ട്രീയ പാഠം.

മാനവരാശി ഇപ്പോൾ നേരിടുന്ന പ്രതിസന്ധി അനിതരസാധാരമാണെന്നതിൽ തർക്കമില്ല. ലോകമെമ്പാടും ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർ ജീവാപായസാധ്യതകൾ പരിഗണിക്കാതെ കോവിഡിന് എതിരെയുള്ള പോരാട്ടത്തിലാണ്. പ്രഗത്ഭരും ഊർജ്വസ്വലരുമായ നിരവധി ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഇതിനകം ഈ പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ചു. ഇറ്റലിയിൽ ഡോക്ടർമാർ മാത്രം നൂറിലേറെ മരണപ്പെട്ടു എന്നാണ് വാർത്ത. ഈ ജീവത്യാഗങ്ങൾ വൃഥാവിലാകില്ല. വസ്തുനിഷ്ഠമായ പരിശോധനയിലൂടെ ഈ സാഹചര്യത്തിന്റെ സവിശേഷതകൾ മനസ്സിലാക്കി, പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഴിയുമെന്ന കാര്യത്തിൽ സന്ദേഹിക്കേണ്ടതില്ല. മെഡിക്കൽ വിജ്ഞാനത്തിന്റെ പാഠങ്ങളോടൊപ്പം കൊറോണ നൽകുന്ന രാഷ്ട്രീയ പാഠങ്ങളും ഉൾക്കൊള്ളാൻ നാം തയ്യാറാകണം.

Share this