പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: നികുതി കൊടുക്കുന്ന ജനങ്ങൾക്കുമേൽ വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ബാദ്ധ്യത കൂടി കെട്ടിവെയ്ക്കാനുള്ള ചെപ്പടിവിദ്യ

Spread our news by sharing in social media

 

പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനെന്ന പേരിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പദ്ധതി അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാരും വിദ്യാഭ്യാസവകുപ്പും കഴിഞ്ഞ രണ്ട് വർഷമായി വലിയ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രവാസികൾ, പിടിഎ, പൂർവ്വവിദ്യാർത്ഥികൾ, ജീവകാരുണ്യപ്രവർത്തകർ തുടങ്ങി ചില സംഘടനകളും വ്യക്തികളും സ്‌കൂളുകൾ ഏറ്റെടുക്കുമെന്നാണ് പ്രചാരണം. സർക്കാരാകട്ടെ അവയെ അന്തർദേശീയ നിലവാരത്തിലെത്തിക്കുമെന്നാണവകാശപ്പെടുന്നത്.

സ്‌കൂൾ ആകർഷകമാക്കിമാറ്റുന്നതിന് വേണ്ടി ചില എംഎൽമാർ മുൻകൈയെടുത്ത് സ്വന്തം മണ്ഡലത്തിലെ സ്‌കൂളുകളിൽ ചില പ്രത്യേക പരിപാടികളും നടത്തിവരുന്നുണ്ട്. ചില സ്ഥലങ്ങളിൽ സ്‌കൂളുകൾ മോടി പിടിപ്പിക്കാനും വർണ്ണാഭമാക്കാനുമുള്ള പ്രവർത്തനങ്ങൾ നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ രൂപികരിച്ചിരിക്കുന്ന വിദ്യാലയവികസന സമിതികളുടെ നേതൃത്വത്തിൽ നടക്കുകയാണ്.
2019 ൽ നമ്മുടെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ പഠനം പൂർണ്ണമായും ഡിജിറ്റൽ രൂപത്തിൽ ആകുമെന്നും തുടർന്ന് സ്‌കൂൾ വിദ്യാഭ്യാസം അന്തർദ്ദേശീയ നിലവാരത്തിലെത്തുമെന്നുമാണ് മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും അവകാശവാദം. സർക്കാരിന്റെ യാതൊരു സഹായവും കൂടാതെ പല സ്‌കൂളുകളിലെയും അടിസ്ഥാന സൗകര്യങ്ങൾ നാട്ടുകാരുടെ മുൻകൈയ്യിൽ തന്നെ ഒരുക്കപ്പെട്ടിരിക്കുന്നത് വലിയ നേട്ടമായും അവതരിപ്പിക്കുകയാണ്. 140 നിയമസഭാ മണ്ഡലങ്ങളിലും ഓരോ സ്‌കുളുവീതം ഹൈടെക്ക് ആക്കിമാറ്റുന്നതിനായി കോടിക്കണക്കിന് രൂപാ വീതം അനുവദിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിദ്യാഭ്യാസമന്ത്രി നിയമസഭയിൽ (മാർച്ച് 22) പറഞ്ഞത്. വിദ്യാഭ്യാസമേഖല പാർശ്വവത്കരിക്കപ്പെടാതെ സൂക്ഷിക്കലും മതനിരപേക്ഷ വിദ്യാഭ്യാസം കാത്തുപുലർത്തലും സംരക്ഷണ യജ്ഞത്തിന്റെ പ്രഖ്യാപിത ലക്ഷ്യമത്രേ.
എന്നാൽ, പൊതുഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപാ ചെലവഴിച്ച് പരസ്യം നൽകിക്കൊണ്ട് വലിയ കൊട്ടിഘോഷത്തോടെ അവതരിപ്പിക്കപ്പെടുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം യഥാർത്ഥത്തിൽ ലക്ഷ്യം വെയ്ക്കുന്നതെന്തെന്ന് പരിശോധിക്കാം.
നമ്മുടെ പൊതുവിദ്യാലയങ്ങളെ അന്തർദ്ദേശീയ നിലവാരത്തിലെത്തിക്കാനെന്ന പേരിൽ നിലവിലുളള 12,400 സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ നിന്ന് 1000 സ്‌കൂളുകളെ മാത്രം തെരഞ്ഞെടുത്ത് ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതിയെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന് വിശേഷിപ്പിക്കുന്നത്. 4775 ഹൈസ്‌കൂൾ/ഹയർസെക്കണ്ടറി/വൊക്കേഷണൽ സ്‌കൂളുകളിലെ 45,000 ക്ലാസ്സുമുറികളെ ഹൈടെക്ക് ആക്കാനാണ് പദ്ധതിയെന്നാണ് പ്രചാരണം. ഹരിതം, ആർദ്രം, പാർപ്പിടമിഷൻ എന്നീ പരിപാടികൾ പോലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നവകേരള മിഷൻ പദ്ധതിയുടെ ഭാഗമായാണ് നടപ്പിലാക്കുന്നത്.

സ്‌കൂൾ വികസനത്തിനാവശ്യമായ ഫണ്ട് സർക്കാർ നൽകുന്നതല്ല. അടിസ്ഥാന സൗകര്യവികസനമുൾപ്പെടെയുള്ളവയ്ക്ക് സംസ്ഥാന ബജറ്റിൽ കുറച്ച് കോടികൾ വകയിരുത്തിയതായി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. അപ്പോൾ ഈ പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ പണം ഏവിടെ നിന്നാണ് കണ്ടെത്തുന്നത്? കേന്ദ്ര എസ്എസ്എ/ ആർഎംഎസ്എ ഫണ്ടാണ് അതിലൊന്ന്. കേന്ദ്ര എസ്എസ്എ ഫണ്ടിന്റെ ബാക്കിയും ആർഎംഎസ്എ പദ്ധതിക്കുവേണ്ടിയുള്ള കേന്ദ്ര വിഹിതവും ഉപയോഗിച്ച് ചില ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടത്തുകയും ഓരോ സ്‌കൂളിനും ഓരോ ലാപ്‌ടോപ്പ്/കമ്പ്യുട്ടർ വാങ്ങി നൽകുകയും ചില ക്ലാസ്സുറുമുകളിൽ ടൈൽസ് ഒട്ടിക്കുകയും ചെയ്യുന്നതോടെ അവസാനിക്കുന്നതാണ് ഈ പദ്ധതി. (ലാപ്‌ടോപ്പ് വാങ്ങിയതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി കഴിഞ്ഞ തവണ തന്നെ പുറത്ത് വന്നതാണ്)
പരിമിതമായ ഈ ഫണ്ട് ഏതാനും നാളുകൾക്കകം തന്നെ തീരുമ്പോൾ സ്‌കൂളുകളുടെ തുടർനിലനിൽപ്പിന് ഫണ്ട് എങ്ങനെ കണ്ടെത്തും? സ്‌കൂളുകളിൽ മിനുസമുള്ള ടൈൽ പാകുകയും ഡിജിറ്റൽ രൂപത്തിൽ അക്ഷരങ്ങൾ ചില ക്ലാസ്സുറൂമുകളിൽ തെളിയും ചെയ്യുന്നതോടെ നമ്മുടെ വിദ്യാഭ്യാസം അന്തർദ്ദേശീയമായതായി പാവം രക്ഷിതാക്കൾ കരുതണമെന്നാണോ? എയ്ഡഡ് സ്‌കൂളുകൾക്ക് പദ്ധതിയുടെ ഭാഗമായി യാതൊരുവിധ ഫണ്ടും ലഭ്യമാക്കില്ല. പിടിഎ വഴി ഫണ്ട് കണ്ടെത്തി എയ്ഡഡ് സ്‌കൂളുകൾ നിലനിൽക്കണമെന്നാണ് പറയുന്നത്.

വ്യാപകമായ പണപ്പിരിവാണ് സ്‌കൂൾ സംരക്ഷണത്തിന്റെ പേരിൽ നടന്നുകൊണ്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സ്‌കൂൾ നടത്തിപ്പിനാവശ്യമായ ഫണ്ട് ജനങ്ങൾ തന്നെ നൽകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് കഴിഞ്ഞ വർഷം വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ പണപ്പിരിവിന് തുടക്കം കുറിച്ചത് പത്രങ്ങളിൽ വാർത്തയായിരുന്നു. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനായി സർക്കാർ സ്‌കൂൾ അദ്ധ്യാപകരുടെ മക്കളെ സർക്കാർ സ്‌കൂളുകളിൽ തന്നെ ചേർത്ത് പഠിപ്പിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന ഭീഷണിയും അന്നുണ്ടായി. സ്‌കൂൾ നടത്താൻ പിടിഎ കമ്മിറ്റികളും, പൂർവ്വവിദ്യാർത്ഥികളും, ജീവകാരുണ്യപ്രവർത്തകരും സംഭാവനകൾ നൽകണമെന്ന ആഹ്വാനമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാർ നൽകുന്നത്. തദ്ദേശസ്ഥസ്ഥാപനങ്ങൾ, പൂർവ്വ വിദ്യാർത്ഥിസംഘടനകൾ, പിടിഎകൾ, പ്രവാസികൾ, കമ്പനികളുടെ ഫണ്ടുകൾ എന്നിവ സമന്വയിപ്പിച്ചാണ് വിദ്യാഭ്യാസ നവീകരണപ്രവർത്തനങ്ങൾക്ക് അധികമൂലധനം സ്വരൂപിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. സ്‌കൂളുകളിൽ വിദ്യാലയ വികസന സമിതികളെ ഉപയോഗപ്പെടുത്തി വിഭവങ്ങൾ കണ്ടെത്തിയാണ് സ്‌കൂൾ നിലനിർത്താനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.

അപ്പോൾ, പൊതുവിദ്യാലയങ്ങളുടെ നടത്തിപ്പിനാവശ്യമായ ഫണ്ട് പ്രാദേശികമായി സമാഹരിക്കുക എന്ന കാഴ്ചപ്പാട് ആദ്യം അവതരിപ്പിച്ച ഡിപിഇപി-എസ്എസ്എ പദ്ധതികളുടെ കൃത്യമായ നടപ്പിലാക്കലെന്നോണം സ്‌കൂൾ സംരക്ഷണ ചുമതല ജനങ്ങളുടെ ഉത്തരവാദിത്തമാക്കി മാറ്റിയിരിക്കുന്നു. അങ്ങനെ നികുതി കൊടുക്കുന്ന ജനങ്ങളുടെ മേൽ വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ബാദ്ധ്യതകൂടി കെട്ടിവെയ്ക്കാനുള്ള തട്ടിപ്പ് പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് വ്യക്തമാകുന്നു.
എന്നാൽ, അതേസമയം, ഫണ്ട് സമാഹരിക്കാൻ കഴിയാത്ത വിദ്യാലയങ്ങൾ അനാദായകരമെന്ന പേരിൽ സ്വഭാവിക മരണത്തിന് കീഴടങ്ങേണ്ടിവരും. ആയിരം സ്‌കൂളുകളെ അന്തർദ്ദേശീയ നിലവാരത്തിലെത്തിക്കുമെന്ന് പറയുമ്പോൾ ബാക്കി 11,400 സ്‌കൂളുകളുടെ കാര്യം സർക്കാർ മിണ്ടുന്നില്ല. 5,537 സർക്കാർ-എയ്ഡഡ് സ്‌കൂളുകൾ ഇതിനകം അൺ-എക്കണോമിക്ക് പട്ടികയിൽപ്പെട്ട് അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. ആ സ്‌കൂളൂകൾക്ക് സഹായം നൽകാനുള്ള ഒരു പദ്ധതിയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ്വീകരിച്ചിട്ടില്ല. പകരം നടക്കാവ് സ്‌കൂൾ മാതൃക സ്വീകരിക്കാനുള്ള ആഹ്വാനം മാത്രമാണ് സർക്കാർ നൽകുന്നത്. അതിനർത്ഥം സ്‌കൂൾ നിലനിൽക്കണമെങ്കിൽ അത് പൊതുജനങ്ങളുടെ സഹായത്തോടെ വിഭവങ്ങൾ കണ്ടെത്തി നിലനിൽക്കണമെന്നാണ്. പൊതുവിദ്യാലയങ്ങളുടെ സാമ്പത്തിക ചുമതല കൈയൊഴിയുകയെന്ന ആഗോളീകരണ നയം വിദഗ്ധമായി നടപ്പാക്കുകയാണ് ഇതിന്റെയെല്ലാം മറവിൽ സർക്കാർ ചെയ്യുന്നത്.
പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിൽ നിലനിന്ന ഐറ്റി അറ്റ് സ്‌കൂളിനെ കമ്പനിയാക്കി മാറ്റിയതിന് ശേഷം കേരളാ ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ(കൈറ്റ്) ആണ് ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തി ക്ലാസ്സെടുക്കുന്നതിനുള്ള സമഗ്ര വെബ്‌പോർട്ടലും മൊബൈൽ ആപ്പും തയ്യാറാക്കിയിരിക്കുന്നത്. അവർ തയ്യാറാക്കിയിരിക്കുന്ന സോഫ്റ്റ് വെയറിൽ ഉപയോഗിക്കുന്ന പ്രോഗ്രാം അദ്ധ്യാപകർക്ക് ക്ലാസ്സ് കൈകാര്യം ചെയ്യുന്നതിന് സഹായകമായിട്ടുള്ളതല്ലായെന്ന വിമർശനം വന്നുകഴിഞ്ഞു.
വലിയ പ്രചാരണങ്ങളുടെയും, അദ്ധ്യാപകരും പൊതുസമൂഹവും വിയർപ്പൊഴുക്കിയതിന്റെയും ഫലമായും, സ്വകാര്യസ്‌കൂളുകളിലെ ചെലവുകൾ താങ്ങാനാവാത്തതാണ് എന്നതിനാലും ഈ വർഷം കുറച്ച് കുട്ടികൾ സർക്കാർ സ്‌കൂളിലേയ്ക്ക് വന്നിട്ടുണ്ടെന്നത് ശരി തന്നെ. അതിനെ വിദ്യാഭ്യാസ നിലവാരമുയർന്നതിന്റെ സൂചനയായി കാണാനാവുമോ? പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനാണ് യഥാർത്ഥത്തിൽ സർക്കാർ ലക്ഷ്യം വെയ്ക്കുന്നതെങ്കിൽ, സ്‌കൂൾ വിദ്യാഭ്യാസത്തെ തകർത്ത ഡിപിഇപി, എസ്എസ്എ, ആർഎംഎസ്എ പാഠ്യപദ്ധതികൾ പിൻവലിച്ചുകൊണ്ട് അന്തർദ്ദേശീയ നിലവാരത്തിലുള്ള പാഠ്യപദ്ധതിയും പഠനരീതികളും നടപ്പിലാക്കുകല്ലേ ചെയ്യേണ്ടത്?

മലയാളത്തിന്റെ പ്രിയപ്പെട്ട കവി ബാലചന്ദ്രൻ ചുള്ളിക്കാട്, തന്റെ കവിത സ്‌കൂളുകളിൽ പഠിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ചത് കുഞ്ഞുങ്ങൾക്ക് എഴുത്തും വായനയുമറിയാത്ത പാശ്ചത്തലത്തിലാണ്. ഡിപിഇപി പദ്ധതിയിൽ തുടങ്ങിയ പരിഷ്‌കാരങ്ങളുടെ പരിണിതഫലമായി ഇന്ന് അദ്ധ്യാപകർക്കും ഗവേഷകർക്കുപോലും ഭാഷയിൽ വേണ്ടത്ര അവഗാഹമുണ്ടാകുന്നില്ലായെന്നതാണ് അവസ്ഥ. ഡിപിഇപി പദ്ധതിയെ വിശകലനം ചെയ്തുകൊണ്ട് 1998 സെപ്തംബറിൽ എഐഡിഎസ്ഒ പുറത്തിറക്കിയ ഡിപിഇപി എന്ത്, എന്തിന് എന്ന പുസ്തകത്തിൽ അക്കമിട്ടുപറഞ്ഞ മുന്നറിയിപ്പുകൾ അക്ഷരം പ്രതി ശരിയെന്ന് തെളിയിക്കുന്നതാണ് കവിയുടെ വിമർശനം.
നമ്മുടെ സ്‌കൂൾ വിദ്യാഭ്യാസം നിലവാരമാർജ്ജിക്കണമെങ്കിൽ പ്രാഥമിക തലം മുതൾ കുട്ടികളുടെ പഠനനിലവാരം ഉയർത്താനുള്ള നടപടികൾ കൈകൊള്ളുകയാണ് ആദ്യം വേണ്ടത്. എഴുത്തിലും വായനയിലും ഗണിതത്തിലും അവശ്യനിലവാരം ആർജ്ജിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നില്ലായെന്ന അടിസ്ഥാനപ്രശ്‌നം നിലനിൽക്കുകയാണ്. അഞ്ചാം ക്ലാസ്സിലെ 37 ശതമാനം കുട്ടികൾക്കും രണ്ടാം ക്ലാസ്സിലെ മലയാളപാഠഭാഗങ്ങൾ പോലും വായിക്കാനറിയില്ലെന്ന ദേശീയ സ്‌കൂൾ വിദ്യാഭ്യാസ പഠന റിപ്പോർട്ട് (അസർ റിപ്പോർട്ട് 2016) കേരളത്തിലെ സർക്കാർ-എയ്ഡഡ് വിദ്യാർത്ഥികളുടെ പഠനനിലവാരമെന്തെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിന് പരിഹാരം ഉണ്ടാക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്ന് മാത്രമല്ല എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ പാഠഭാഗങ്ങളുടെ ഉള്ളടക്കം വെട്ടിക്കുറയ്ക്കാനും മാറ്റിയെഴുതാനുമുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. പാഠ്യപദ്ധതിയിലും ബോധനരീതിയിലും കാര്യമായ അഴിച്ചുപണികൾ നടത്താതെ, വിദ്യാഭ്യാസ നിലവാരം ഉയരില്ലായെന്ന വസ്തുത മറച്ചുപിടിക്കാനാണ് എസ്‌സിഇആർടിയും പൊതുവിദ്യാഭ്യാസവകുപ്പും ‘മലയാളത്തിളക്കം’ പോലെ ചില പരിപാടികൾ കൊണ്ടുവന്നത്.

എട്ടാം ക്ലാസ്സുവരെ ജയം-തോൽവി സമ്പ്രദായം ഇല്ലാതാക്കികൊണ്ട് നടപ്പാക്കിയ ആൾ പ്രമോഷൻ സമ്പ്രദായമാണ് വിദ്യാഭ്യാസ നിലവാരത്തകർച്ചയ്ക്ക് മറ്റൊരു കാരണം. ഓരോ ക്ലാസ്സിലും വിദ്യാർത്ഥി നിശ്ചിത അറിവ് ആർജ്ജിക്കണമെന്നതും അതിന്റെ അടിസ്ഥാനത്തിലാണ് ക്ലാസ്സ് കയറ്റം നൽകേണ്ടതെന്നതും ബോധനശാസ്ത്രത്തിന്റെ അടിസ്ഥാന ധാരണയാണ്. എന്നാൽ ഭാഷയുടെയും ഗണിതത്തിന്റെയും ശാസ്ത്രത്തിന്റെയും അടിസ്ഥാനമുറയ്ക്കാത്തവർക്കും ക്ലാസ്സ്‌കയറ്റം നൽകുന്ന തലതിരിഞ്ഞ സമീപനം വിദ്യാഭ്യാസത്തിന്റെ നിലവാരം തകർക്കുമെന്നത് ഇന്ത്യയെമ്പാടുമുള്ള അനുഭവമാണ്. കുട്ടികൾക്ക് ക്ലാസ്സ്‌കയറ്റംനൽകി വിടുന്നതാണ് ലാഭകരമെന്നും മെരിറ്റ് അടിസ്ഥാനത്തിൽ മാത്രം സ്ഥാനക്കയറ്റം നൽകുന്നത് കുട്ടിയൊന്നുക്കുള്ള ചെലവ് വർദ്ധിപ്പിക്കുമെന്നുമുള്ള ലോകബാങ്ക് കാഴ്ചപ്പാടാണ് ആൾ പ്രമോഷൻ സമ്പ്രദായത്തിന്റെ അടിസ്ഥാനം. ആൾ പ്രമോഷൻ സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ട് കുട്ടികളെ പഠിപ്പിച്ച് ജയിപ്പിക്കുന്ന സമ്പ്രദായം നടപ്പിലാക്കണം.
ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി ദേശീയതലത്തിൽ തന്നെ ആൾ പ്രമോഷൻ സമ്പ്രദായം നടപ്പിലാക്കിയതോടെ വിവിധ സംസ്ഥാനങ്ങളിൽ എഐഡിഎസ്ഒ യുടെയും സേവ് എജ്യൂക്കേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിദ്യാഭ്യാസ സ്‌നേഹികളും രക്ഷിതാക്കളും ആൾ പ്രമോഷൻ സമ്പ്രദായത്തിനെതിരെ രംഗത്തുവരികയുണ്ടായി. തുടർന്ന് ഈ വിഷയത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയപ്പോൾ, കേരളത്തിലെ യുഡിഎഫ് ഗവൺമെന്റിന് ആൾ പ്രമോഷൻ തുടരേണ്ടതില്ലായെന്ന നിലപാട് കേന്ദ്രത്തെ എഴുതി അറിയിക്കേണ്ടിവന്നു. എൽഡിഎഫ് അധികാരത്തിൽ വന്നതിന് ശേഷം നടന്ന സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാർ പങ്കെടുത്ത കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി യോഗത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി കുടുംബാന്തരീക്ഷവും അദ്ധ്യാപകരുടെ ആത്മാർത്ഥയില്ലായ്മയുമാണ് വിദ്യാഭ്യാസ നിലവാരത്തകർച്ചയ്ക്ക് കാരണമെന്ന വിചിത്രമായ വാദം മുന്നോട്ടുവയ്ക്കുകയും് ആൾ പ്രമോഷൻ സമ്പ്രദായം തുടരാൻ തീരുമാനിക്കുകയുമാണുണ്ടായത്.
അടിസ്ഥാനപരമായ കാര്യങ്ങളിൽ ശരിയായ നയം പുന:സ്ഥാപിക്കാതെ പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കാനാവില്ലെന്ന കാര്യം ഒരിക്കൽ കൂടി ഞങ്ങൾ ഓർമ്മിപ്പിക്കുന്നു. തട്ടിപ്പുവിദ്യകൾക്കും യജ്ഞങ്ങൾക്കും പരിഹരിക്കാവുന്നതിനപ്പുറമാണ് പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ എന്ന് മനസ്സിലാക്കാൻ സർക്കാർ തയ്യാറല്ലായെന്നതാണ് ഏറ്റവം ഗുരുതരമായ കാര്യം.

Share this