മാർക്‌സിസം-ലെനിനിസം-ശിബ്ദാസ്‌ഘോഷ് ചിന്തയാൽ സായുധരായി വിപ്ലവപാതയിൽ മുന്നേറുക

Spread our news by sharing in social media

2018 ഏപ്രിൽ 24ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ കൊൽക്കത്തയിൽ നടന്ന 70-ാം
വാർഷികാചരണ യോഗത്തിൽ ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് നടത്തിയ പ്രസംഗം

സഖാക്കളെ,

എല്ലാ സഖാക്കൾക്കും ഏപ്രിൽ 24ന്റെ ചരിത്ര പ്രാധാന്യം അറിയാം. മഹാനായ ഗുരുനാഥനും മാർക്‌സിസ്റ്റ് ചിന്തകനും മാർക്‌സ്, എംഗൽസ,് ലെനിൻ, സ്റ്റാലിൻ, മാവോ എന്നിവരുടെ അർഹനായ പിൻഗാമിയുമായ സഖാവ് ശിബ്ദാസ് ഘോഷ് എങ്ങിനെയാണ് നിരവധി പ്രതിബന്ധങ്ങൾക്കും പ്രതികൂലസാഹചര്യങ്ങൾക്കും എതിരായ കഠിനവും വിട്ടുവീഴ്ചയില്ലാത്തതുമായ ഒരു സമരത്തിലൂടെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാപിച്ചത് എന്നും നിങ്ങൾക്കറിയാം. മർദ്ദിത ജനകോടികളുടെ കണ്ണീരും വേദനകളും തന്റെ ഹൃദയത്തിൽ പേറിക്കൊണ്ട്, ഇന്ത്യയിൽ മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവം വിജയത്തിലെത്തിക്കുക എന്ന സ്വപ്‌നം മുന്നിൽ വച്ചുകൊണ്ട,് അതിലൂടെ സാർവ്വദേശീയ വിപ്ലവ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുദ്ദേശിച്ചുകൊണ്ട് അദ്ദേഹം നമ്മുടെ പാർട്ടി എസ്‌യുസിഐ(സി) സ്ഥാപിച്ചു.

ജീർണ്ണവും മരണാസന്നവുമായ മുതലാളിത്തം ജീവിതത്തിന്റെ
എല്ലാ മണ്ഡലങ്ങളിലും
കൊടിയ നാശം വിതയ്ക്കുന്നു

നാമിന്ന് അഭിമുഖീകരിക്കുന്ന സാഹചര്യമെന്താണ്? നമ്മുടെ രാജ്യത്തുൾപ്പെടെ ലോകമെമ്പാടുമുള്ള ജനങ്ങൾ, എന്നല്ല മാനവ നാഗരികത ഒന്നാകെ, ഗുരുതരമായ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. മരണാസന്ന മുതലാളിത്തത്തിന്റെ കാലഘട്ടത്തിൽ ഇത്തരമൊരു സർവ്വതോമുഖമായ പ്രതിസന്ധിയുണ്ടാവുന്നതിനെക്കുറിച്ച് മഹാൻമാരായ മാർക്‌സ്, എംഗൽസ്, ലെനിൻ, സ്റ്റാലിൻ, മാവോ തുടങ്ങിയ ആചാര്യൻമാർ മുൻകൂട്ടി കണ്ടിരുന്നു. സഖാവ് ശിബ്ദാസ്‌ഘോഷ് ഇവയിൽ ചിലത് നേരിട്ട് കണ്ടു.
ഒരു സാമൂഹ്യ വ്യവസ്ഥ കൗമാരം, യൗവനം, പ്രായപൂർത്തി, അവശത തുടങ്ങിയ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ചിതയിലേക്കെടുക്കാറായ, ദുർഗന്ധം വമിക്കുന്ന ഒരു ശവശരീരം പോലെയാണിന്ന് മുതലാളിത്ത-സാമ്രാജ്യത്വം. പക്ഷേ ഒരു സാമൂഹ്യവ്യവസ്ഥ ജന്തുക്കളെപോലെ അതിന്റെ സ്വാഭാവിക ഗതിയിൽ താനെ മരിക്കുന്നില്ല. മനുഷ്യസമൂഹത്തിൽ മാറ്റത്തിന്റെ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിൽ ബോധത്തിന് നിർണ്ണായകമായ പങ്കുണ്ട്. ഒരു വർഗ്ഗവിഭജിത സമൂഹത്തിൽ ഭരണവർഗ്ഗത്തിന്റെ പിന്തിരിപ്പൻ ചിന്തകളും വിമോചനം തേടുന്ന ചൂഷിതവർഗ്ഗത്തിന്റെ പുരോഗമന ചിന്തകളും തമ്മിൽ സംഘർഷങ്ങൾ ഉണ്ടാവും. വിമോചനത്തിനായി ദാഹിക്കുന്ന ചൂഷിത വർഗ്ഗം വിപ്ലവ പ്രത്യയശാസ്ത്രവും വിപ്ലവ സംസ്‌കാരവും കണ്ടെത്തി, സ്വീകരിച്ച,് വിപ്ലവ സംഘടന രൂപീകരിക്കാത്തിടത്തോളം കാലം പഴകിയ സമൂഹം, അതിലെ ജീർണ്ണതയും അപചയവും എത്രയേറെയാണെങ്കിലും, അതുകൊണ്ടുമാത്രം മരിക്കുന്നില്ല. ഇത് ചരിത്രനിയമമാണ്. സാമ്പത്തിക രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിൽ കൂടുതൽ നശീകരണവും അധഃപതനവുമല്ലാതെ മറ്റൊന്നും മുതലാളിത്തത്തിന് ലോകരംഗത്തോ നമ്മുടെ രാജ്യത്തോ നൽകാനില്ല.
ഇത്തരമൊരു കടുത്ത സാഹചര്യത്തെയാണ് നാമിന്ന് അഭിമുഖീകരിക്കുന്നത്. ഒരു വശത്ത് വിരലിലെണ്ണാവുന്ന വ്യക്തികളുടെ കൈകളിൽ സമ്പത്തിന്റെ തീവ്രമായ കേന്ദ്രീകരണം, മറുവശത്ത് രൂക്ഷമാകുന്ന ദാരിദ്ര്യവും പട്ടിണിയും മരണവും. ഒരു വശത്ത് പരമാവധി ലാഭം, മറുവശത്ത് പരമാവധി തൊഴിലില്ലായ്മയും പിരിച്ചുവിടലും. ഈ കടുത്ത പ്രതിസന്ധി എല്ലാ മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങളെയും -തലവനായ യു.എസ്.എ മുതൽ ഇന്ത്യ, മറ്റ് ഏഷ്യൻ രാജ്യങ്ങൾ, ആഫ്രിക്ക, യുറോപ്പ്, ലാറ്റിൻ അമേരിക്കയിലടക്കമുള്ള എല്ലാ രാജ്യങ്ങളെയും- ഗ്രസിച്ചിരിക്കുന്നു. കടുത്ത കമ്പോള പ്രതിസന്ധിയുടെ ഭാരത്താൽ മുതലാളിത്ത-സാമ്രാജ്യത്വ സമ്പദ്‌വ്യവസ്ഥ കഴുത്തറ്റം മുങ്ങിയിരിക്കുന്നു. കുറച്ചുവർഷം മുൻപ് സാമ്രാജ്യത്വ-മുതലാളിത്ത ലോകത്തിന്റെ തലവനായ യുഎസ്എ, ലോക കമ്പോളം പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ വ്യാപാരത്തിന്റെ ആഗോളവൽക്കരണത്തിന്റെ മുഖ്യ ഉപജ്ഞാതാവായി രംഗത്ത് വന്നു. ഇന്ന് ഇതേ പദ്ധതിമൂലം തങ്ങളുടെ ആഭ്യന്തര കമ്പോളത്തിന്റെ വലിയ പങ്ക് മറ്റ് രാജ്യങ്ങളിലെ മുതലാളിത്ത-സാമ്രാജ്യത്വ ശക്തികൾ കയ്യടക്കിയതായി അവർ കാണുന്നു. ഇത് അമേരിക്കൻ വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. തൊഴിലില്ലായ്മയും പിരിച്ചുവിടലും വർദ്ധിക്കുകയാണ.്

അതുകൊണ്ടിപ്പോൾ അമേരിക്കൻ ഭരണാധികാരികൾ അവർതന്നെ ശക്തമായി വാദിച്ചിരുന്ന ആഗോളവൽക്കരണത്തിനെതിരെ പരാതികൾ ഉയർത്തുന്നു. അവരിപ്പോൾ വിദേശ ചരക്കുകളുടെ പ്രവേശനം തടയാൻ ചൂങ്കങ്ങൾ ഉയർത്തി സംരക്ഷണഭിത്തി തീർക്കുകയാണ്, സ്വന്തം ആഭ്യന്തര കമ്പോളത്തെ സംരക്ഷിക്കാൻ. ആഗോളവൽക്കരണത്തിന് നേർവിപരീതമായി അവരിപ്പോൾ സംരക്ഷണവാദത്തിലേക്ക് മാറുകയാണ്. ഇതിന് പകരംവീട്ടിക്കൊണ്ട് മറ്റ് സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങളും അതുതന്നെ ചെയ്യുന്നു. അങ്ങനെ ലോകത്ത് ഒരു വ്യാപാരയുദ്ധം ആരംഭിച്ചിരിക്കുന്നു. അടുത്ത ഘട്ടത്തിൽ സായുധ സംഘർഷമോ യുദ്ധമോ തന്നെ ഉണ്ടാവുമോ എന്ന് സംശയിക്കാം. സാമ്രാജ്യത്വ- മുതലാളിത്തം എന്നാലർത്ഥം കമ്പോളത്തിന്റെ കൊള്ളയും അതിൻമേലുള്ള വഴക്കും സംഘർഷവുമെന്നാണ്. ഒന്നാം ലോകയുദ്ധത്തിന് മുമ്പ് തന്നെ മുതലാളിത്തം അതിന്റെ മരണാസന്നഘട്ടത്തിലേക്ക് പ്രവേശിച്ചു എന്ന് ലെനിൻ ചൂണ്ടിക്കാട്ടി. ഇന്ന് ഇതേ മുതലാളിത്തം ദുർഗന്ധം വമിക്കുന്ന ഒരു ശവശരീരമാണ്. ജനങ്ങളുടെ സാമ്പത്തിക- രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സദാചാര ജീവിതത്തിലുള്ള നല്ലതെല്ലാം അത് തകർത്തുകൊണ്ടിരിക്കുന്നു.

മാനവികമുല്യങ്ങളും  മനുഷ്യസത്തയും  ധാർമ്മികതയും സദാചാരവും
ഭരണമുതലാളിവർഗ്ഗം  നശിപ്പിക്കുന്നു

ജീർേണാന്മുഖമായ മുതലാളിത്തത്തിന്റെ കാലഘട്ടമായ 20-ാം നൂറ്റാണ്ടിൽപോലും റൊമെയിൻ റോളണ്ട്, ബെർണാഡ് ഷാ, ഐൻസ്റ്റീൻ തുടങ്ങിയ ചിന്തകർ മാനവവാദത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിച്ചു. പിന്നീട് ബെർട്രന്റ് റസ്സൽ, സാർത്രെ തുടങ്ങിയവർ ആ ധാരയുടെ തുടർച്ചയായി ഉയർന്നുവന്നു. മറുവശത്ത് മാർക്‌സ്, എംഗൽസ്, ലെനിൻ, സ്റ്റാലിൻ, മാവോ സെതുങ്, സഖാവ് ശിബ്ദാസ് ഘോഷ് എന്നിവർ കമ്മ്യൂണിസത്തിന്റെ കൊടി ഉയർത്തിപ്പിടിച്ചു. നമ്മുടെ രാജ്യത്ത് റാംമോഹൻ റായ്, വിദ്യാസാഗർ, ജ്യോതിബ ഫൂലെ തുടങ്ങിയ നായകരിലൂടെ മാനവവാദം ആരംഭിച്ചു. അവർക്ക് പിറകേ രവീന്ദ്രനാഥടാഗോർ, ശരത്ചന്ദ്രചാറ്റർജി, നസ്രുൾ, പ്രേംചന്ദ്, സുബ്രമഹ്മണ്യഭാരതി തുടങ്ങിയവർ വന്നു. രാഷ്ട്രീയ മണ്ഡലത്തിൽ നേതാജി, ഭഗത്‌സിംഗ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ വിപ്ലവകാരികൾ ഉണ്ടായിരുന്നു. ഇന്ന് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും സാമൂഹ്യജീവിതത്തിൽ മാനവവാദ മൂല്യങ്ങളോട് സദൃശമായ യാതൊന്നുമവശേഷിക്കുന്നല്ല. ബൂർഷ്വാ ഭരണകർത്താക്കൾ മിക്കവരും ആത്മവഞ്ചകരും തട്ടിപ്പുകാരും നുണയൻമാരുമായി മാറിയിരിക്കുന്നു. അവരിൽ ചിലർ തനി വഷളൻമാരുമാണ്. ഒരോ ദിവസവും അമേരിക്കൻ പ്രസിഡന്റ് ഉൾപ്പെട്ടിട്ടുള്ള പുതിയ ലൈംഗിക അപവാദങ്ങൾ പുറത്തുവരുന്നു.

നമ്മുടെ രാജ്യത്തെ ഭരണ കർത്താക്കളും തനി നുണയൻമാരും കള്ളനാണയങ്ങളുമാണ്. പ്രത്യക്ഷമായി അസത്യം പറഞ്ഞുകൊണ്ട് അവർ ജനങ്ങളെ വഞ്ചിക്കുകയാണ്. ജനാധിപത്യം പേരിന് മാത്രമാണ്. മനുഷ്യസത്തയ്ക്കുമേൽ ആക്രമണം നടത്തുകയാണ്. മനുഷ്യനെ മൃഗത്തിൽ നിന്ന് വേർതിരിക്കുന്നത് ചിന്താശേഷിയാണ്. മനുഷ്യന്റെ ഈ ചിന്താശേഷിയുടെ സംഭാവനയാണ് നാഗരികത. നാഗരികയുടെ പരമോന്നതസൃഷ്ട്രിയാണ്, മാനവികമൂല്യങ്ങളുടെയും ധാർമ്മികതയുടെയും സദാചാരബോധത്തിന്റെയും കർത്തവ്യബോധത്തിന്റെയും വളർച്ച. മനുഷ്യനാഗരികതയുടെ ഉദയം മുതൽ ഒരോ സമൂഹത്തിലും ഈ മാനവിക മൂല്യങ്ങളും മനുഷ്യസത്തയും ഏറ്റവും വിലപ്പെട്ടതായിരുന്നു. ഇന്ന് മുതലാളിത്ത-സാമ്രാജ്യത്വം എല്ലാ മാനവിക മൂല്യങ്ങളെയും നശിപ്പിക്കുന്നു. സാമൂഹ്യജീവിതത്തിന്റെയും പ്രവർത്തനത്തിന്റെയും എല്ലാ മണ്ഡലങ്ങളിലും സദാചാര സങ്കൽപവും മൂല്യ ബോധവും തീർത്തും ഇല്ലാതായിരിക്കുന്നു. നവോത്ഥാന പ്രസ്ഥാനത്തിന്റെ അഗ്രഗാമികളും സ്വാതന്ത്ര്യസമര നേതാക്കളും ഈ സമ്പൂർണ്ണ അധഃപതനത്തിന്റെ പ്രതിസന്ധി കണ്ടില്ല. സ്‌നേഹം, പ്രേമം, മൃദുലവികാരങ്ങൾ, കർത്തവ്യബോധം, സാഹോദര്യം എല്ലാത്തിനെയും ഭരണകർത്താക്കൾ ഉൻമൂലനം ചെയ്യുകയാണ്. ഒരോ ദിവസവും നിരവധി ബലാൽസംഗകേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. 70 വയസ്സുള്ള അമ്മൂമ്മ മുതൽ 7മാസം പ്രായമായ കുഞ്ഞുവരെ ഒരാളെയും ഒഴിവാക്കുന്നില്ല. അച്ഛൻ മാനഭംഗപ്പെടുത്തിയെന്ന് മകൾ പരാതിപ്പെടുന്നു. കഴിഞ്ഞ കാലത്തെ മഹാത്മാക്കൾ ഇത്തരം മൃഗീയതയ്ക്ക് സാക്ഷ്യം വഹിച്ചിട്ടില്ല. ഇന്ന് നമ്മളീ കാടത്തം ദിവസേന കാണുന്നു. ജീർണ്ണമായ, മരണാസന്നമായ മുതലാളിത്തത്തിന്റെ ദുരന്തഫലങ്ങളാണിവയെല്ലാം. വ്യക്തികളിൽ നിന്ന് മനുഷ്യസത്ത പിച്ചിചീന്തുകയാണിന്ന് മുതലാളിത്തം. കാഴ്ചയിൽ മനുഷ്യരെങ്കിലും മാനവിക സത്തയില്ലാത്ത ഒരു പുതിയ സ്പീഷീസിന് ജന്മം നൽകുകയാണത്. മദ്ധ്യകാലത്തോ, പ്രാകൃതകാലത്തോ ജന്തുക്കളുടെ ലോകത്ത് പോലുമോ ഇത്തരമൊരു സ്പീഷീസിനെ കാണാനാവില്ല. മുതലാളിത്തം യുക്തിചിന്തയെ മാത്രമല്ല ചിന്താശേഷിയെത്തന്നെ ഹനിക്കുന്നു. കടമ, കടപ്പാട് ഉത്തരവാദിത്വം, ധാർമ്മികനീതി എന്നിവയെക്കുറിച്ചുള്ള എല്ലാ ബോധവും തുടച്ചുമാറ്റുകയാണ്. മനുഷ്യ സത്ത നീക്കം ചെയ്യപ്പെട്ട്, മനസ്സും ഹൃദയവുമില്ലാത്ത ജീവികളായി മനുഷ്യരെ മാറ്റുകയാണ്. അങ്ങിനെ തെറ്റിനും അനീതിക്കുമെതിരെ പ്രതിഷേധിക്കാനുള്ള മനസ്സുതന്നെ ഇല്ലാതാക്കപ്പെടുകയാണ്. ചൂഷണാധിഷ്ഠിതമായ മുതലാളിത്ത സമൂഹത്തെ നിലനിർത്താൻ ഭരണമുതലാളിവർഗ്ഗവും അതിന്റെ ദാസൻമാരും യുവാക്കളെ എല്ലാ നിലയിലും വഴിതെറ്റിക്കുകയാണ്. ലൈംഗിക വൈകൃതങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ഇരുട്ടറയിൽ അവരെ തള്ളിയിടുകയാണ.് ഇതാണ് നമ്മൾ ഇന്നഭിമുഖീകരിക്കുന്ന യാഥാർത്ഥ്യം.

ശരിയായ നേതൃത്വത്തിന്റെ അഭാവത്തിൽ ജനങ്ങളുടെ  സമരങ്ങൾ ലക്ഷ്യം കാണാതെ പരാജയപ്പെടുന്നു

നാമെല്ലാവരും ശിബ്ദാസ്‌ഘോഷിന്റെ ശിഷ്യരാണ്. അദ്ദേഹത്തിന്റെ ചിന്തകൾ പ്രചരിപ്പിക്കാൻ നമ്മൾ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. നമ്മൾ സ്വമേധയാ പാർട്ടിയിൽ ചേർന്നതാണ.് മാർക്‌സിസം-ലെനിനിസത്തെ ഈ രാജ്യത്തെ മൂർത്ത സാഹചര്യത്തിൽ പ്രയോഗിച്ചുകൊണ്ട് അതിനെ വികസിപ്പിച്ചു എന്നു മാത്രമല്ല, സഖാവ് ശിബ്ദാസ്‌ഘോഷ്, ലെനിനനന്തര കാലത്ത് തത്വചിന്തയുടെയും ശാസ്ത്രത്തിന്റെയും മേഖലയിൽ ഉയർന്നു വന്ന ചോദ്യങ്ങൾക്ക് ഉത്തരവും നൽകി. ഇന്നത്തെ സാഹചര്യത്തിൽ ഒരു തൊഴിലാളിവർഗ്ഗ വിപ്ലവപാർട്ടി കെട്ടിപ്പടുക്കുന്നതെങ്ങിനെ? തൊഴിലാളിവർഗ്ഗ ജനാധിപത്യം എന്താണ്? തൊഴിലാളിവർഗ്ഗ സംസ്‌കാരം എന്താണ്? കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളിൽ ഉയർന്നു വരുന്ന പ്രശ്‌നങ്ങൾ എന്തൊക്കെയാണ്? സോഷ്യലിസത്തിനുള്ളിൽ തിരുത്തൽ വാദം വളരുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? അതെങ്ങിനെയാണ് മുതലാളിത്തം ഉയർന്നുവരാനും തിരിച്ചുവരവ് നടത്താനും സഹായിക്കുന്നത്? ഈ ചോദ്യങ്ങൾക്കെല്ലാം മാർക്‌സിസം-ലെനിനിസം എന്ന ശാസ്ത്രം നൽകുന്ന വിശകലനരീതിയെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം ഉത്തരം പറഞ്ഞു. ഈ പ്രക്രിയയിൽ അദ്ദേഹം മാർക്‌സിസം ലെനിനിസത്തിന്റെ വിജ്ഞാനഭണ്ഡാഗാരത്തെ കൂടുതൽ സമ്പന്നമാക്കി.

ചൂഷിത ജനത വിവിധരാജ്യങ്ങളിൽ സമരങ്ങളും പ്രക്ഷോഭണങ്ങളും ഉയർത്തുകയാണിന്ന്. ആവർത്തിച്ച് സമരങ്ങളുടെ വേലിയേറ്റങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിലും പിന്നീടവ ദുർബലമാവുന്നു. ബഹുജനസമരങ്ങൾ അവയുടെ ഊർജ്ജം നഷ്ടപ്പെട്ട് വളരെ വേഗം കെട്ടടങ്ങുന്നു. കാരണം ഈ സമരങ്ങളെ അവയുടെ യുക്ത്യധിഷ്ഠിത പരിണതിയിലേക്ക് നയിക്കാൻ ശരിയായ നേതൃത്വമില്ല. കഷ്ടപ്പാടനുഭവിക്കുന്ന, സമരം ചെയ്യുന്ന ജനലക്ഷങ്ങൾക്ക് സമരങ്ങൾ നടത്തേണ്ട ശരിയായ പാതയെക്കുറിച്ചറിയില്ല. മാത്രമല്ല ലോക സോഷ്യലിസ്റ്റ് ചേരിയോ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമോ ഇന്ന് നിലവിലില്ല. വിവിധ രാജ്യങ്ങളിൽ ശരിയായ കമ്മ്യൂണിസ്റ്റ് നേതൃത്വമില്ല. ചില രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തിയെടുക്കാനുള്ള ഒറ്റപ്പെട്ട ചില പരിശ്രമങ്ങൾ മാത്രമാണുള്ളത.് പക്ഷേ നമുക്കറിയാം മാർക്‌സിസം-ലെനിനിസത്തെക്കുറിച്ചുള്ള ഉയർന്ന ധാരണയായ സഖാവ് ശിബ്ദാസ് ഘോഷ് ചിന്തകളാൽ നയിക്കപ്പെടാതെ, യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി വളർത്തിയെടുക്കാനാവില്ലെന്ന്. അതുകൊണ്ട് വിവിധ രാജ്യങ്ങളിൽ സഖാവ് ശിബ്ദാസ് ഘോഷ് ചിന്തകൾ പ്രചരിപ്പിക്കാനും ഇന്ന് നമുക്ക് ഉത്തരവാദിത്വമുണ്ട്. അതിന് പാർട്ടിയുടെ ശക്തി ഏറെ വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇന്നത്തെ ശക്തികൊണ്ട് നമുക്ക് ആ കടമ നിർവ്വഹിക്കാൻ കഴിയില്ല. നാമത് നേടിയെടുക്കുന്നതുവരെ ഒറ്റപ്പെട്ട സമരങ്ങൾ ആവർത്തിക്കും. വാൾസ്ട്രീറ്റ് പിടിച്ചടക്കൽ, അറബ് വസന്തം മാതൃകയിലുള്ള സമരങ്ങൾ വരും പോകും, പണിമുടക്കുകളുടെ പരമ്പര യൂറോപ്പിൽ വീശിയടിക്കും. പക്ഷേ മുതലാളിത്ത-സാമ്രാജ്യത്വം നിലനിൽക്കും പ്രതിസന്ധികൾ പെരുകും.

സിപിഐ, സിപിഐ(എം)  സമര പാത വെടിഞ്ഞത്  വർഗ്ഗീയ ബിജെപിയുടെ വളർച്ചയ്ക്ക്പാ തയൊരുക്കി

നമ്മുടെ രാജ്യത്തും ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ സഞ്ചിതമായ രോഷത്തിൽനിന്ന് ഉടലെടുക്കുന്ന സമരങ്ങളും പ്രക്ഷോഭണങ്ങളും ഉയർന്നു വരുന്നുണ്ട്. നമ്മുടെ പാർട്ടി വളരുന്നു എന്നുള്ളത് ശരിയാണ്. പക്ഷേ ഒറ്റപ്പെട്ട ഈ സമരങ്ങളെ കരുത്തുറ്റതും സംഘടിതവും നീണ്ടുനിൽക്കുന്നതുമായ ബഹുജനപ്രക്ഷോഭണമായി മാറ്റിത്തീർക്കാൻ ആവശ്യമായ സംഘടനാബലം ഇപ്പോഴും നമുക്കില്ല. ഇപ്പോഴത്തെ ബിജെപി ഭരണം നഗ്നമായ ഒരു ഫാസിസ്റ്റ് രൂപം കൈക്കൊണ്ടിരിക്കുന്നു എന്നത് ശരിയാണ്. അതേസമയം ബിജെപിയല്ല രാജ്യത്ത് ആദ്യമായി ഫാസിസം കൊണ്ടുവന്നത്. ഇക്കാര്യത്തിൽ കോൺഗ്രസ് ആണ് ബിജെപിയുടെ മുൻഗാമി. സഖാവ് ശിബ്ദാസ്‌ഘോഷ് ഇക്കാര്യം ഏറെക്കാലം മുൻപുതന്നെ ചൂണ്ടിക്കാട്ടി. ഇന്ന് വികസിതവും അവികസിതവുമായ എല്ലാ മുതലാളിത്ത രാജ്യങ്ങളിലും ഭരണത്തിന്റെ പൊതു സവിശേഷതയായി ഫാസിസം മാറിയിരിക്കുന്നു. എന്താണ് ഫാസിസം, എന്തൊക്കെയാണതിന്റെ സാമ്പത്തിക സവിശേഷതകൾ, രാഷ്ട്രീയസവിശേഷതകൾ, സാമൂഹ്യ-സാംസ്‌കാരിക വശങ്ങൾ, ഇതെല്ലാം സഖാവ് ശിബ്ദാസ്‌ഘോഷ് ലോകത്തെ പണിയെടുക്കുന്ന ജനതയോട് വിശദീകരിച്ചിട്ടുണ്ട്. ആർഎസ്എസ്-ബിജെപിയുടെ ഭീഷണമായ ഇന്നത്തെ വളർച്ചയ്ക്കുള്ള സാഹചര്യം സ്വാതന്ത്ര്യസമരകാലത്ത് തന്നെ ഒരുക്കിവച്ചത് കോൺഗ്രസ്സാണ്. മുതലാളിവർഗ്ഗത്തിന്റെ വർഗ്ഗതാൽപ്പര്യം സംരക്ഷിച്ചുകൊണ്ട്, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, ഖുദിറാം തുടങ്ങിയവരുടെ വിപ്ലവപ്രത്യയശാസ്ത്രത്തെ കോൺഗ്രസ്സ് എതിർത്തു. എന്നുമാത്രമല്ല വിദ്യാസാഗർ, ശരത്ചന്ദ്ര, ഭഗത് സിംഗ് എന്നിവർ മുന്നോട്ടുവച്ച, ആത്മീയ വാദത്തിനും നിഗൂഢവാദത്തിനുമെതിരെയുള്ള സമരത്തിന്റെ പരിപാടിയെയും അവർ എതിർത്തു. സ്വാതന്ത്ര്യസമരകാലം മുതൽ മതവും ആത്മീയവാദവുമായി സന്ധിചെയ്തുവരികയാണ് കോൺഗ്രസ്സ്. ഈ സന്ധിയുടെ വിഷഫലമാണ് രാജ്യത്തിന്റെ വിഭജനത്തെത്തുടർന്നുണ്ടായ വൃത്തികെട്ട വർഗ്ഗീയകലാപങ്ങൾ. കോൺഗ്രസ്സിന്റെ ഈ സന്ധിമനോഭാവമാണ് ആത്മീയവാദ ചിന്തകളും മതവിദ്വേഷവും ജാതിവിവേചനവും ഈ നാട്ടിൽ വളരാനുള്ള വളമായി മാറിയത്. മറുവശത്ത് കമ്മ്യൂണിസ്റ്റെന്ന് അറിയപ്പെട്ട പാർട്ടി, അവിഭക്ത സിപിഐ, ഒരു മാർക്‌സിസ്റ്റ് പാർട്ടിയായി വികസിച്ചില്ല, ഒരിക്കലും ആത്മീയവാദത്തിനും മതാന്ധതക്കും വർഗ്ഗീയവാദത്തിനും എതിരെ പോരാടിയില്ല. സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഖ്യാതി സ്വന്തമാക്കിക്കൊണ്ടും സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, സൂര്യസെൻ തുടങ്ങിയവരുടെ സമരങ്ങളുടെ വിശ്വാസ്യത തട്ടിയെടുത്തുകൊണ്ടുമാണ് അത് വളർന്നത്. മാർക്‌സിസമോ, ഉന്നതമായ തൊഴിലാളിവർഗ്ഗ സംസ്‌കാരമോ അവർ പഠിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്തില്ല. ആത്മീയവാദത്തിനും വർഗ്ഗീയവാദത്തിനുമെതിരായ സമരത്തിന്റെ പാരമ്പര്യം അവർക്കില്ല. അതല്ലായിരുന്നുവെങ്കിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കോട്ടയായിരുന്ന പശ്ചിമബംഗാളിൽ ബിജെപിക്ക് കയറാൻ കഴിയുമായിരുന്നില്ല. ഒരിക്കൽ സിപിഐ(എം) നേതാക്കളും പ്രവർത്തകരുമായിരുന്നവർക്ക,് അവരിൽ കണികയെങ്കിലും ഇടതുപക്ഷീയത ഉണ്ടായിരുന്നെങ്കിൽ എങ്ങിനെയാണ് ഇപ്പോൾ ബിജെപിയിൽ ചേരാൻ കഴിയുക? യഥാർത്ഥത്തിൽ സിപിഐ, സിപിഐ(എം) പാർട്ടികൾക്ക് ഇടതുപക്ഷീയത എന്നാൽ ഒരു മുദ്രാവാക്യം മാത്രമായിരുന്നു, പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യേണ്ട ഒരു പ്രത്യയശാസ്ത്രമോ സംസ്‌കാരമോ ആയിരുന്നില്ല. അതല്ലെങ്കിൽ ബിജെപിക്ക് ഇന്നത്തെ നിലയിൽ എത്താനാവുമായിരുന്നില്ല. അത് മാത്രമല്ല. ഈ രാജ്യത്ത് ബിജെപി എപ്പോഴാണ് ശക്തിപ്പെടാൻ തുടങ്ങിയത്? 1967-69ൽ മൊറാർജി ദേശായിയുടെ സിൻഡിക്കേറ്റ് കോൺഗ്രസ്സിന് എതിരെ ഇന്ദിരാകോൺഗ്രസ്സിനെ സിപിഐ(എം) പുരോഗമനകാരിയായി മുദ്രകുത്തി. ഈ ചരിത്രം പ്രായമായവർ ഓർക്കുന്നുണ്ടാവും. പിന്നീട് കോൺഗ്രസ്സിന്റെ ദുർഭരണത്തിനെതിരെ ജയപ്രകാശ് നാരായണന്റെ ആഹ്വാനത്തിലും നേതൃത്വത്തിലും ഹിന്ദിമേഖലയിൽ എല്ലായിടത്തും വമ്പിച്ച ഒരു ബഹുജനപ്രക്ഷോഭം ഉയർന്നുവന്നപ്പോൾ, സഖാവ് ശിബ്ദാസ്‌ഘോഷിന്റെ നേതൃത്വത്തിൽ നമ്മുടെ പാർട്ടി, ഇടതുപാർട്ടികളോട് ആ പ്രക്ഷോഭണത്തിൽ ചേർന്ന് അതിന് നേതൃത്വം നൽകാനഭ്യർത്ഥിച്ചു. അപ്പോൾ സിപിഐ ഇന്ദിരാകോൺഗ്രസ്സുമായി സഖ്യത്തിലായിരുന്നു. സിപിഐ(എം) ഇന്ദിരാഗാന്ധിയുമായി സൗഹൃദം നിലനിർത്തുന്നുണ്ടായിരുന്നു. അതുകൊണ്ട് ഈ രണ്ട് പാർട്ടികളും പ്രക്ഷോഭണത്തിൽ ചേരാൻ വിസമ്മതിച്ചു. അതിന്റെ ഫലമായി ആ പ്രക്ഷോഭണത്തിന്റെ മുഴുവൻ ഖ്യാതിയും തട്ടിയെടുത്തുകൊണ്ട് ആർഎസ്എസ്-ജനസംഘം അവരുടെ ശക്തി വർദ്ധിപ്പിച്ചു. അതില്ലായിരുന്നെങ്കിൽ ആർഎസ്എസിനും ജനസംഘ(ഇപ്പോൾ ബിജെപി)ത്തിനും ഒരിക്കലും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണ്ണായകസ്ഥാനം നേടാൻ ആവുമായിരുന്നില്ല. മറ്റൊരു കാര്യവും ശ്രദ്ധിക്കുക. 1977ൽ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപായി ജനസംഘവും മറ്റ് വലതുപക്ഷശക്തികളും ചേർന്ന് ജനതാ പാർട്ടി രൂപീകരിച്ചു. തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി സിപിഐ (എം) ജനതാ പാർട്ടിയെ പിന്തുണച്ചു. മൊറാർജി ദേശായി പ്രധാനമന്ത്രി ആയപ്പോൾ ജ്യോതിബാസു പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. അവർ സുഹൃത്തുക്കളായി. ജനസംഘത്തിന്റെ അന്നത്തെ മുൻനിര നേതാക്കളായ വാജ്‌പേയിയും അദ്വാനിയും മൊറാർജിദേശായി സർക്കാരിൽ മന്ത്രിമാരായി. സിപിഐ(എം) ആ സർക്കാരിനെ തങ്ങളുടെ സുഹൃത്തെന്ന് വിളിച്ചു. ഇത് ചരിത്രമാണ്. വീണ്ടും 1989ൽ ഭരിക്കുന്ന കോൺഗ്രസ്സിൽ പിളർപ്പുണ്ടായശേഷം വി.പി.സിംഗ് സർക്കാർ രൂപീകരിച്ചപ്പോൾ ബിജെപിയും സിപിഐ(എം) ഉം അതിനെ പിന്തുണച്ചു. സിപിഐ(എം)ഉം ബിജെപിയും ചേർന്ന് കൽക്കട്ടയിൽ നടത്തിയ സംയുക്ത സമ്മേളനത്തിൽ ജ്യോതിബാസുവും അടൽ ബിഹാരി വാജ്‌പേയിയും പ്രസംഗിച്ചു. അതിനാൽ ബിജെപിക്ക് ശക്തി സമാഹരിക്കാനും അതിന്റെ സാമൂഹ്യസ്വീകാര്യത വർദ്ധിപ്പിക്കാനും സിപിഎം നൽകിയ സംഭാവന ചെറുതല്ല. സിപിഎം നേതൃത്വം നൽകുന്ന മുന്നണിയുടെ 34വർഷം നീണ്ട ബംഗാൾ ഭരണം ഇടതുപക്ഷപാരമ്പര്യത്തിന് അളക്കാനാവാത്ത ഹാനി വരുത്തി, ജനങ്ങളെ ഇടതുരാഷ്ട്രീയത്തിന് എതിരാക്കി. സഖാവ് ശിബ്ദാസ്‌ഘോഷ് വളരെ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു, സിപിഎം ഇടതുപക്ഷീയതക്ക് വരുത്തുന്ന ഹാനി, ജനസംഘത്തിന് (ഇപ്പോൾ ബിജെപി) തലപൊക്കാനവസരമുണ്ടാക്കുമെന്ന്. കൃത്യമായും അതാണ് സംഭവിച്ചത്. ഇന്ന് ഭരിക്കുന്ന തൃണമൂൽ കോൺഗ്രസ്സ് അഴിച്ചുവിടുന്ന ഭീകരവാഴ്ച സിപിഎം ഭരണത്തിലിരുന്നപ്പോൾ ചെയ്തതിന്റെ നേർപകർപ്പാണ്. അതുകൊണ്ട് പൊതുജനം പറയുന്നു, അന്ന് സിപിഎം, ഇന്ന് തൃണമൂൽ’അക്രമം പടർത്തി, അന്യായവും അനീതിയും നടപ്പിലാക്കുന്നതിൽ ആര്, ആരെക്കാൾ മികച്ചുനിൽക്കും എന്ന ഒരു താരതമ്യം ആണ് യഥാർത്ഥത്തിൽ നടക്കുന്നത.് ഇപ്പോൾ ബിജെപിയെ എതിർക്കുന്നതിന്റെ പേരിൽ സിപിഎം കോൺഗ്രസ്സുമായി കൂട്ടുചേരുകയാണ്. ഇത് വെറും അവസരവാദമാണ്. കോൺഗ്രസ് മതേതര കക്ഷിയാണോ? ഒരിക്കലുമത് മതേതരമായിരുന്നില്ല. മതേതരത്വത്തിന്റെ അർത്ഥം തന്നെ തത്വചിന്തയുടെ മേഖലയിൽ ആത്മീയവാദത്തിന് ഒരു സ്ഥാനവുമുണ്ടാവില്ല എന്നാണ്. ഭൗതിക ലോകത്തെ മാത്രം യഥാർത്ഥ്യമെന്ന് പരിഗണിക്കും. വിദ്യാസാഗറും ശരത്ചന്ദ്രനും ഭഗത്‌സിംഗും ശരിയായ മതേതരത്വത്തിന്റെ വക്താക്കളായിരുന്നു. മതേതരത്വത്തിൽ രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, സാമൂഹ്യബന്ധങ്ങൾ, സംസ്‌കാരം എന്നീ മേഖലകളിൽ മതത്തിന് യാതൊരുപങ്കും വഹിക്കാനുണ്ടാവില്ല. വ്യക്തിപരമായ ഒരു വിശ്വാസത്തിന്റെ നിലയിൽ മാത്രം മതം നിലനിൽക്കും. സുഭാഷ്ചന്ദ്രബോസും ഇതുതന്നെയാണ് പറഞ്ഞത.് കോൺഗ്രസ്സ് ഒരു കാലത്തും മതേതര രാഷ്ട്രീയം അനുവർത്തിച്ചിട്ടില്ല. നിരവധി സന്ദർഭങ്ങളിൽ കോൺഗ്രസ്സ് വർഗ്ഗീയ കലാപങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അവസാനം അവർ നടപ്പാക്കിയത് 1984ൽ ഡൽഹിയിൽ നടന്ന സിഖ് വിരുദ്ധ കലാപമാണ്. ഇന്ന് വോട്ടിന് വേണ്ടി കോൺഗ്രസ്സ് എന്താണ് ചെയ്യുന്നത്? ബിജെപിയുമായി മൽസരിച്ചുകൊണ്ട് ക്ഷേത്രങ്ങളിലും മോസ്‌കുകളിലും പള്ളികളിലും പ്രാർത്ഥിക്കുകയാണ്. കോൺഗ്രസ്സ് മൃദുഹിന്ദുത്വം വിപണനം ചെയ്യുകയാണ് എന്നു പറയാറുണ്ട്. ഇതേ കോൺഗ്രസ്സിനെയാണ് ‘മതേതരം’ എന്ന് സിപിഐ(എം) പേരിട്ടുവിളിക്കുന്നത്. മതേതരത്വവുമായി ബന്ധമൊന്നുമില്ലാത്തവരും അധികാര കസേരയിൽ മാത്രം കണ്ണുനട്ടിരിക്കുന്നവരുമായ എസ്പി, ബിഎസ്പി, ആർജെഡി, ഡിഎംകെ തുടങ്ങിയ ചില പ്രാദേശികവാദ-ജാതിവാദ-സങ്കുചിതവാദ പാർട്ടികളെ ‘മതേതര ജനാധിപത്യ ശക്തികൾ’ എന്നും പേരിട്ട് വിളിക്കുന്നു. പക്ഷേ ഒരു ബദൽ ഇടതുപക്ഷ ലൈൻ ഉയർത്തിക്കൊണ്ടുവരാൻ വലിയ ഒരു അവസരം ഇന്നുണ്ട്. ഇപ്പോൾ കുത്തക കുടുംബങ്ങൾക്കിടയിലും കോർപറേറ്റ് മേഖലയിലുമുള്ള ആന്തരിക സംഘർഷവും വിയോജിപ്പും തീവ്രമാണ്. ഒരു ഗ്രൂപ്പ് ബിജെപിയെ പിൻതുണയ്ക്കുമ്പോൾ മറ്റൊരു ഗ്രൂപ്പ് കോൺഗ്രസിനെ പിന്തുണയ്ക്കുന്നു. ദേശീയ മൂലധനവും പ്രാദേശിക മൂലധനവും തമ്മിലുള്ള വൈരുദ്ധ്യം രാഷ്ട്രീയ മണ്ഡലത്തിൽ സ്പഷ്ടമായികാണുന്നു. അതുകൊണ്ട് ഭരണവർഗ്ഗവും അതിന്റെ ദാസൻമാരായ പാർട്ടികളും ഗൗരവമുള്ള വൈരുദ്ധ്യങ്ങളിലും പരസ്പര സംഘർഷത്തിലും മുങ്ങിയിരിക്കുമ്പോൾ അവർക്കിടയിലെ ആന്തരികവൈരുദ്ധ്യങ്ങൾ ഉചിതമായി ഉപയോഗിച്ചുകൊണ്ട് വർഗ്ഗ-ബഹുജന സമരങ്ങൾ ശക്തിപ്പെടുത്തുക എന്നതായിരുന്നു ശരിയായ ഇടതുപക്ഷ ലൈൻ. പക്ഷേ സിപിഐ(എം) ആ പാത ഉപേക്ഷിച്ചിരിക്കുന്നു. പകരം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ആവശ്യങ്ങൾ മാത്രം പരിഗണിച്ചുകൊണ്ട് ബിജെപിയെ എതിർക്കാനെന്ന പേരിൽ കോൺഗ്രസ്സുമായും മറ്റെല്ലാ പ്രാദേശിക-ജാതീയ-സങ്കുചിതവാദ പാർട്ടികളുമായും അവർ ഒന്നിക്കുകയാണ്. ഇത് ഇടതുപക്ഷീയത അല്ല, മറിച്ച് വെറും അവസരവാദ ബൂർഷ്വാ പാർലമെന്ററിസത്തിന്റെ പ്രയോഗമാണ്. ഇത്തരമൊരു സാഹചര്യത്തിൽ മാർക്‌സിസം-ലെനിനിസം-ശിബ്ദാസഘോഷ് ചിന്തകളുടെയും യഥാർത്ഥ ഇടതുപക്ഷീയതയുടെയും കൊടി നമ്മുടെ പാർട്ടി സധൈര്യം ഉയർത്തിപ്പിടിക്കുകയാണ്. ദേശീയ-സാർവ്വദേശീയ മണ്ഡലങ്ങളിൽ ഒരു പ്രധാന ഉത്തരവാദിത്വം നമ്മുടെ ചുമലിൽ വന്നിരിക്കുകയാണ്.

വ്യക്തിവാദമെന്ന  അപകടത്തിനെതിരെ  പോരാട്ടം അനിവാര്യം

ഈ സന്ദർഭത്തിൽ നമ്മുടെ സഖാക്കളോട് ചില കാര്യങ്ങൾ കൂടി പറയാൻ ആഗ്രഹിക്കുന്നു. നമ്മുടെ സഖാക്കളെല്ലാവരും സഖാവ് ശിബ്ദാസഘോഷിനോട് വലിയ ആദരവ് പുലർത്തുന്നു. നമ്മുടെ സഖാക്കൾ അവരുടെ അവസാന ശ്വാസം വരെ അദ്ദേഹത്തിന്റെ പാഠങ്ങൾ ഓർത്തുകൊണ്ടിരിക്കുമെന്നും എനിക്കറിയാം. അവർ പാർട്ടിയുടെ താൽപര്യത്തിന് വേണ്ടി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണ്. പക്ഷേ ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. നമ്മുടെ നേതാക്കളിലും പ്രവർത്തകരിലും നിരവധി പേർ ഇനിയും അവരുടെ സ്വകാര്യ സ്വത്ത് ഉപേക്ഷിച്ചിട്ടില്ല. വീണ്ടും, വളരെയേറെ നേതാക്കളും പ്രവർത്തകരും സ്വകാര്യസ്വത്ത് ഉപേക്ഷിക്കാൻ കഴിഞ്ഞവരാണെങ്കിലും സ്വകാര്യസ്വത്തുടമാ മനോഭാവത്തിൽ നിന്ന് മുക്തരാകാൻ അവർക്ക് കഴിഞ്ഞിട്ടില്ല. തീർച്ചയായും അതൊരു കഠിനമായ സമരമാണ്. തൊഴിലാളിവർഗ്ഗ സംസ്‌കാരം ആർജ്ജിക്കാൻ ഒരാൾ വ്യക്തിവാദത്തിൽ നിന്നും സ്വകാര്യസ്വത്തുടമാ ബോധത്തിൽ നിന്നും മോചനം നേടണമെന്ന കാര്യം മാർക്‌സിസ്റ്റ് പ്രസ്ഥാനത്തിൽ ആദ്യമായി ചൂണ്ടിക്കാട്ടിയത് സഖാവ് ശിബ്ദാസ് ഘോഷാണ്. വളരുന്ന മുതലാളിത്തത്തിന്റെ കാലത്ത് മതേതര മാനവവാദത്തോടൊപ്പം ഉയർന്നുവന്ന വ്യക്തിവാദം അന്നത്തെ സാഹചര്യത്തിൽ പുരോഗമനപരമായിരുന്നു എന്നദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷേ ഇന്ന്, മുതലാളിത്തത്തിന്റെ തീവ്രമാകുന്ന അപചയത്തിന്റെ കാലഘട്ടത്തിൽ, ഇതേ വ്യക്തിവാദം വഷളായ സ്വാർത്ഥതയ്ക്കും വ്യക്തി കേന്ദ്രിതമായ ചിന്തയ്ക്കും ജന്മം നൽകിയിരിക്കുന്നു, ധാർമ്മിക-സദാചാര നിലവാരത്തിന്റെ വളരെ വേഗത്തിലുള്ള തകർച്ചക്ക് ഭീഷണമാംവിധം കാരണമാകുന്നു. വ്യക്തിവാദം നമ്മിലെല്ലാവരിലും പ്രവർത്തിക്കുകയും നമ്മെ ദുഷിപ്പിക്കുകയും ചെയ്യുന്ന ഒരു വഷളായ അന്തരീക്ഷത്തിലാണ് നമ്മൾ ജീവിക്കുന്നത്. രാഷ്ട്രീയത്തിൽ നമ്മൾ മുഖ്യമായും സഖാവ് ശിബ്ദാസ് ഘോഷിന്റെ പാഠങ്ങൾ മനസ്സിലാക്കുകയും അത് പിന്തുടരുകയും ചെയ്യുന്നു. പക്ഷേ ബൂർഷ്വാ വ്യക്തിവാദം നമ്മുടെ ശീലങ്ങളെയും പെരുമാറ്റങ്ങളെയും സ്വാധീനിക്കുന്നു, നമ്മുടെ നിത്യജീവിതത്തെയും വ്യക്തിബന്ധങ്ങളെയും ഒരോ നിമിഷവും പ്രകടമല്ലാത്ത വിധത്തിൽ സ്വാധീനിക്കുന്നു എന്ന കാര്യത്തെക്കുറിച്ചുള്ള ബോധമോ ജാഗ്രതയോ നമ്മുടെ മിക്ക നേതാക്കൾക്കും പ്രവർത്തകർക്കുമില്ല.

ഉയർന്ന കമ്മ്യൂണിസ്റ്റ്  സ്വഭാവമാർജ്ജിക്കാൻ  മാർക്‌സിസം-ലെനിനിസം-
ശിബ്ദാസ്‌ഘോഷ് ചിന്ത ശരിയായി ഗ്രഹിക്കേണ്ടത് അനിവര്യം.

നാമെല്ലാവരും ചിന്തിക്കുന്നു, ആലോചിക്കുന്നു. നാമോരോരുത്തരും, ഇത് ശരിയാണ,് അത് തെറ്റാണ,് ഇത് ചെയ്യണം, അത് ചെയ്യരുത്, ഇത് നല്ലതല്ല, അതെനിക്കിഷ്ടമല്ല, ഇയാൾ ഇങ്ങനെയാണ,് അയാൾ അങ്ങിനെയാണ്, എന്നിങ്ങനെ ചിന്തിക്കുന്നു. പക്ഷേ ഈ ചിന്താ പ്രക്രിയ മാർക്‌സിസം ലെനിനിസം ശിബ്ദാസ്‌ഘോഷ് ചിന്തകൾക്ക് അനുസൃതമാണോ? സഖാവ് ശിബ്ദാസ്‌ഘോഷിന്റെ ചിന്താപ്രക്രിയ ആർജ്ജിച്ചെടുക്കാൻ നമ്മിലെത്ര പേർ സമരം ചെയ്യുന്നുണ്ട്? കുട്ടിക്കാലത്ത് നമുക്ക് സമൂഹത്തിൽ നിന്ന് പകർന്നുകിട്ടിയ പരമ്പരാഗത ചിന്തകളെല്ലാം ബൂർഷ്വാവീക്ഷണത്തിൽ നിന്നും ചിന്താപ്രക്രിയയിൽ നിന്നും ഉടലെടുത്തവയാണ്. ഇവയെല്ലാം നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. ഗുപ്തമായി നമ്മിൽ പ്രവർത്തിക്കുന്നു. ബൂർഷ്വാ ചിന്തകളുടെയും ശീലങ്ങളുടെയും പെരുമാറ്റങ്ങളുടെയും പിടിയിൽ നിന്ന് നമ്മെ സ്വയം മോചിപ്പിക്കാൻ അവിരാമമായ ഒരു സമരം ആവശ്യമാണ്. അതിന് മാർക്‌സിസം ലെനിനിസത്തിന്റെ തത്വചിന്ത അഥവാ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം നമ്മൾ ഗ്രഹിക്കേണ്ടിയിരിക്കുന്നു. ഈ ചലനാത്മകമായ ലോകം ഓരോനിമിഷവും മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ എന്തൊക്കെയാണ്? എന്തൊക്കെയാണ് ആന്തരിക വൈരുദ്ധ്യങ്ങൾ? എന്തൊക്കെയാണ് ബാഹ്യവൈരുദ്ധ്യങ്ങൾ? ആന്തരികവും ബാഹ്യവുമായ മണ്ഡലങ്ങളിലെ മുഖ്യവൈരുദ്ധ്യങ്ങൾ ഏതൊക്കെയാണ്? ഏതാണ് അളവിലുള്ള മാറ്റം? എതാണ് ഗുണപരമായ മാറ്റം? പുതിയൊരു പ്രതിഭാസത്തിന്റെ സൃഷ്ടിക്കായി നിഷേധത്തിന് വിധേയമാകുന്നത് ഏതാണ്? പ്രകൃതിയെ ഭരിക്കുന്ന ഈ നിയമങ്ങൾ തുല്യനിലയിൽ സമൂഹത്തിലും, കുടുംബത്തിലും, വ്യക്തിക്കുള്ളിലും, ഒരു സഖാവിനുള്ളിലും, ഒരു നേതാവിനുള്ളിലും പ്രവർത്തിക്കുന്നു. അതുകൊണ്ട് ഏതൊരു പ്രതിഭാസത്തെയും വിശകലനം ചെയ്യുമ്പോൾ, പരിശോധിക്കുമ്പോൾ, ഏതൊരു വ്യക്തിയെയൊ സഖാവിനെയോ വിലയിരുത്തുമ്പോൾ ഈ മാർക്‌സിസ്റ്റ് സമീപനം സ്വീകരിക്കേണ്ടതുണ്ട്. നിർമ്മമമായി, വിദ്വേഷമോ പരാതിയോ ഇല്ലാതെ, വ്യക്തിനിഷ്ഠമായ പ്രതികരണമോ, ആത്മനിഷ്ഠമായ ധാരണകളോ മുൻധാരണകളോ കൂടാതെ വേണം വിശകലനവും വിലയിരുത്തലും നടത്തേണ്ടത്. നമ്മുടെ മിക്ക നേതാക്കൾക്കും പ്രവർത്തകർക്കും ഈ കഴിവ് ഇന്നുവരെ ആർജ്ജിച്ചെടുക്കാൻ ആയിട്ടില്ല. ഈ കഴിവ് വളർത്തിയെടുക്കാൻ ഒരേ സമയം സൈദ്ധാന്തികവും പ്രായോഗികവുമായ സമരം നടത്തി, ഉയർന്ന സംസ്‌കാരം ആർജ്ജിച്ചുകൊണ്ട്, ഈ രണ്ട് സമരങ്ങളുടെയും പാഠങ്ങൾ വൈരുദ്ധ്യാത്മകമായി ഉദ്ഗ്രഥിക്കേണ്ടതുണ്ട്. അതല്ലെങ്കിൽ പാർട്ടിക്കുള്ളിൽ വൈരുദ്ധ്യാധിഷ്ഠിത ബന്ധം വികസിക്കില്ല. വൈരുദ്ധ്യാധിഷ്ഠിത ബന്ധത്തിന് പകരം, ചില ചർച്ചകൾ, ചില പ്രവർത്തനങ്ങൾ ചില അഭിപ്രായ കൈമാറ്റവും സംവാദവും ഒക്കെ നടന്നേക്കാം. പക്ഷേ പാർട്ടിക്കുള്ളിൽ വൈരുദ്ധ്യാധിഷ്ഠിത ബന്ധം വളരില്ല. അവിരാമമായ, സർവ്വതോമുഖമായ സമരം നടത്തിക്കൊണ്ട് ഉയർന്ന പ്രത്യയശാസ്ത്ര-സംസ്‌കാരിക നിലവാരം ആർജിക്കുവാനുള്ള ശരിയായ വൈരുദ്ധ്യാധിഷ്ഠിത പ്രക്രിയയിലൂടെ മാത്രമേ വൈരുദ്ധ്യാധിഷ്ഠിത ബന്ധം വികസിക്കു. ഈ വിധത്തിൽ വൈരുദ്ധ്യാധിഷ്ഠിത ബന്ധം വളരുന്നില്ലെങ്കിൽ ജനാധിപത്യ കേന്ദ്രീയത ശരിയായ വിധത്തിൽ പ്രവർത്തിക്കില്ല. അങ്ങിനെ വന്നാൽ, ഒന്നുകിൽ നേതൃത്വത്തോട് അന്ധമായ കൂറ,് അതല്ലെങ്കിൽ അന്ധമായ എതിർപ്പ് ഉണ്ടാവും. നേതൃത്വം ഉദ്യോഗസ്ഥ മേധാവിത്വ സ്വഭാവം കൈക്കൊള്ളും. പേരും പ്രശസ്തിയും നേടാനുള്ള പ്രവണത, താൻ പ്രമാണിത്ത മനോഭാവം, സ്വയം പ്രദർശന മനോഭാവം, അസൂയ, വിദ്വേഷം, പരാതി, തുടങ്ങിയ ദുർഗുണങ്ങൾ വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടും. ഇത്തരം വിപ്ലവ വിരുദ്ധമായ പ്രവണതകൾക്കെതിരെ നിരന്തരമായ ഒരു സമരം നടത്തേണ്ടതുണ്ട്. സ്‌നേഹബന്ധം, കുടുംബജീവിതം, കുട്ടികൾ എന്നിവയോടൊക്കെയുള്ള നമ്മുടെ സമീപനത്തെ നയിക്കാനാവശ്യമായ തൊഴിലാളിവർഗ്ഗവീക്ഷണം ആർജ്ജിക്കാതെ നമ്മുക്കൊരാൾക്കും ഒരു നല്ല കമ്മ്യൂണിസ്റ്റിന്റെ നിലവാരത്തിലേയ്ക്ക് സ്വയമുയരാൻ കഴിയില്ല. ബൂർഷ്വാ മാനവവാദം ഒരിക്കൽ പുരോഗമനപരമായിരുന്നുവെന്ന് സഖാവ് ശിബ്ദാസ്‌ഘോഷ് നമ്മെ പഠിപ്പിച്ചു. അതിനെ ആധാരമാക്കിക്കൊണ്ട്, നവോത്ഥാനത്തിന്റെയും ബൂർഷ്വാ ജനാധിപത്യ വിപ്ലവത്തിന്റെയും കാലത്ത് മഹദ് വ്യക്തിത്വങ്ങൾ ഉയർന്നുവന്നു. നമ്മുടെ നാട്ടിലെ നവോത്ഥാന വ്യക്തിത്വങ്ങളും സ്വാതന്ത്ര്യസമരനേതാക്കളും ആ ഉയർന്ന മാനവവാദനിലവാരം പ്രദർശിപ്പിച്ചു. പക്ഷേ ഇന്ന് കമ്മ്യൂണിസ്റ്റുകൾ ആവാൻ ആഗ്രഹിക്കുന്ന നമ്മൾ, ആ ഉയർന്ന മാനവവാദ നിലവാരത്തിൽ നിന്ന് തുടങ്ങിയിട്ട് പോലുമില്ല. അതുകൊണ്ടാണ് സഖാവ് ശിബ്ദാസ് ഘോഷ് ആവർത്തിച്ച് നമ്മോട് പറഞ്ഞത്: മഹാൻമാരുടെ ജീവിതവും സമരവും പഠിക്കുക, അവരിൽനിന്ന് പഠിക്കുക, ശരത്ചന്ദ്രന്റെ കൃതികൾ വായിച്ച് ആ കൃതികളിൽ അദ്ദേഹം ആവിഷ്‌കരിച്ച കഥാപാത്രങ്ങളിൽ നിന്ന് പഠിക്കുക. ഇവയിൽനിന്ന് ആദ്യം മാനവവാദ സ്വഭാവവും മൂല്യങ്ങളും ആർജ്ജിക്കുക. വ്യക്തി താൽപര്യത്തെ പാർട്ടിയുടെയും വിപ്ലവത്തിന്റെയും താൽപര്യത്തിന് കീഴ്‌പ്പെടുത്തുക എന്നതാണ് അതിന്റെ സാരാംശം. വിപ്ലവത്തിന്റെ താൽപര്യമാണ് എന്റെ താൽപര്യം, പാർട്ടിയുടെ താൽപര്യമാണ് എന്റെ താൽപര്യം എന്നതാണ് അടുത്ത ഉയർന്ന ഘട്ടം. ആ ഒരു ഘട്ടത്തിൽ വ്യക്തി താൽപര്യം എന്ന നിലയിൽ ഒന്നുമുണ്ടാവില്ല. അതായത് വിപ്ലവത്തിന്റെയും പാർട്ടിയുടയും താൽപര്യവുമായി ഒരാൾ താദാത്മ്യപ്പെടുന്നു. ഈ നിലവാരം ആർജ്ജിക്കണമെങ്കിൽ ആദ്യം ബൂർഷ്വാ മാനവവാദത്തിന്റെ ഏറ്റവും ഉയർന്ന നിലവാരം നമ്മൾ ആർജ്ജിക്കേണ്ടതുണ്ട്. ഈ സമരം ഏറ്റവും പ്രധാനപ്പെട്ടതാണ്. പാർട്ടിയോടും സഖാവ് ശിബ്ദാസ്‌ഘോഷിനോടുമുള്ള വികാരവായ്പുമാത്രം നമ്മെ രക്ഷിക്കില്ല. പ്രകൃതിയുടെ കാഠിന്യങ്ങളിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒരോ നിമിഷവും പരിസരത്തിനെതിരെ നാം സമരം ചെയ്യേണ്ടിവരും. ഒരോനിമിഷവും നിരവധി ശരീര കോശങ്ങൾ നശിപ്പിക്കപ്പെടുന്നു, പുതിയവ വളരുന്നു. സമാനമായ വിധത്തിൽ പഴയ സ്വഭാവത്തിന്റെ ശീലങ്ങളെ നശിപ്പിക്കുകയും പുതിയ ഉയർന്ന ഒരു സ്വഭാവത്തിന്റെ ഘടകങ്ങൾ നമുക്കുള്ളിൽ വളരുകയും ചെയ്യേണ്ടതുണ്ട്. ബൂർഷ്വാസിയും തൊഴിലാളിവർഗ്ഗവും തമ്മിലുള്ള വൈരുദ്ധ്യം നിരന്തരമായി നമുക്കുള്ളിൽ എല്ലാ മണ്ഡലങ്ങളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഉയർന്നതും കൂടുതൽ ഉയർന്നതുമായ വിപ്ലവസ്വഭാവത്തിൽ എത്തിച്ചേരാനുള്ള സമരം ബോധപൂർവ്വം നിരന്തരമായി നമ്മൾ നടത്തുന്നില്ലെങ്കിൽ നമുക്ക് നമ്മുടെ അധഃപതനം തടയാനോ സഖാവ് ശിബ്ദാസ്‌ഘോഷിന്റെ അർഹനായ വിദ്യാർത്ഥി ആകാനോ കഴിയില്ല, പാർട്ടിയിൽ എത്രവലിയ ഉത്തരവാദിത്വമോ സ്ഥാനമോ വഹിക്കുന്നുണ്ടെങ്കിൽ പോലും.

മർദ്ദിതരായ ജനലക്ഷങ്ങളോടുള്ള ആഴമാർന്ന സ്‌നേഹവും അനുകമ്പയുമാണ് സഖാവ് ശിബ്ദാസ്‌ഘോഷിനെ വിപ്ലവപ്രസ്ഥാനത്തിലേയ്ക്ക് ആകർഷിച്ചത്. പണിയെടുക്കുന്ന ജനങ്ങളോട് ആഴമാർന്ന അനുകമ്പയില്ലെങ്കിൽ ജനങ്ങൾക്കിടയിലേയ്ക്ക് പോകുന്ന പ്രവർത്തനം ഒരു ചടങ്ങായി മാറുന്നു. ആദ്യം മർദ്ദിത ജനങ്ങളോട,് അടിച്ചമർത്തപ്പെട്ടവരോട,് നിസ്വരോട് അനുകമ്പയുണ്ടാവണം. അത് എന്നെ ബഹുജനബന്ധങ്ങൾ സൃഷ്ടിക്കുന്ന ചുമതലയിലേയ്ക്ക് നിർബന്ധപൂർവ്വം നയിക്കും. ഇതാണ് ആവശ്യം. പാർട്ടിയുടെ ഓരോ നേതാവും പ്രവർത്തകനും, അവർ എവിടെ പ്രവർത്തിക്കുന്നവരായാലും, അവരുടെ ഉത്തരവാദിത്വങ്ങൾ എന്തായാലും മാതൃകാപരമായ കമ്മ്യൂണിസ്റ്റ് സ്വഭാവമുള്ള വ്യക്തിത്വങ്ങളായി വളരണം. പാർട്ടിക്കുള്ളിൽ ഒരോ നേതാവും പ്രവർത്തകരുടെ മുൻപിൽ ഒരു ആദർശമാതൃകയായിരിക്കണം. നിങ്ങളുടെ സ്വന്തം പെരുമാറ്റത്തിലൂടെ മറ്റുള്ളവരെ പഠിപ്പിക്കുക. നേതാക്കൾ പ്രവർത്തകരെ പഠിപ്പിക്കേണ്ടത് അവരുടെ സ്വന്തം സ്വഭാവം കൊണ്ട്, അവരുടെ ജീവിതം കൊണ്ടായിരിക്കണം, പ്രഭാഷണങ്ങളിലൂടെ മാത്രമാകരുത്. ഒരാളുടെ പ്രദേശത്ത് അയാൾ എല്ലാവർക്കും പ്രിയപ്പെട്ടയാളായിരിക്കണം, അയാളുടെ ഉത്തരവാദിത്വബോധം കൊണ്ട,് മറ്റുള്ളവരോടുള്ള സ്‌നേഹവും അനുകമ്പയും മൂലം, മാന്യമായ പെരുമാറ്റവും നാട്യങ്ങളില്ലാത്ത ഇടപെടലുംമൂലം, അനീതിക്കെതിരായ ഉറച്ച നിലപാടുമൂലം, മറ്റുള്ളവരെ അവരുടെ പ്രയാസങ്ങളിലും ആവശ്യങ്ങളിലും സഹായിക്കാൻ സർവ്വഥാ തയ്യാറായിരിക്കുന്നതിലൂടെ. ഇങ്ങനെയാണ് നമ്മുടെ സഖാക്കൾ ബഹുജനബന്ധങ്ങളെ വളർത്തേണ്ടത്. ഈ വിധത്തിൽ അവരുടെ പ്രദേശങ്ങളിലെ എല്ലാ കുടുംബങ്ങളിലെയും പ്രിയപ്പെട്ട അംഗങ്ങളായി അവർ മാറണം. നേതൃത്വം എന്തെങ്കിലും ജോലി ഏൽപിച്ചാലും ഇല്ലെങ്കിലും ഒരോ പാർട്ടി പ്രവർത്തകനും സ്വന്തം സൃഷ്ടിപരമായ മുൻകയ്യിലൂടെ സംഘടന കെട്ടിപ്പടുക്കാൻ ശ്രമിക്കണം എന്നാണ് സഖാവ് ശിബ്ദാസ്‌ഘോഷ് ആഗ്രഹിച്ചത്.

ക്ലബ്ബുകളും വായനശാലകളും സാംസ്‌കാരിക സംഘടനകളും വിവിധ പ്രദേശങ്ങളിൽ വളർത്തിയെടുത്തുകൊണ്ട് അവയിലൂടെ ഉയർന്ന ചിന്തകൾ ജനങ്ങളിലെത്തിക്കാനും മഹാൻമാരുടെ ജീവിതങ്ങൾ അവർക്ക് പരിചയപ്പെടുത്താനും ഉയർന്ന മാനുഷിക ഗുണങ്ങളും മൂല്യങ്ങളും ആർജ്ജിക്കാൻ അവരെ സഹായിക്കാനും സഖാക്കൾ ശ്രമിക്കണം. അന്യായമുണ്ടായാൽ, ആരെയെങ്കിലും ദ്രോഹിച്ചാൽ നമ്മുടെ സഖാക്കൾ ഉടനടി പ്രതിഷേധിക്കും. അതാണ് കമ്മ്യൂണിസ്റ്റ് സ്വഭാവം. നമ്മൾ ഒരു പ്രതിഷേധ പ്രകടനം നടത്തുമ്പോൾ അത് വെറുമൊരു പതിവ് പരിപാടിയല്ല. അനീതിക്കെതിരെ കുറ്റകൃത്യത്തിനെതിരെ നമ്മുടെ വെറുപ്പും പ്രതിഷേധവും അത്തരം പരിപാടികളിൽ പ്രകടമാകുന്നു. അതേസമയം, മർദ്ദിതരോടുള്ള നമ്മുടെ അനുഭാവവും ആഴത്തിലുള്ള സഹാനുഭൂതിയും പ്രകടിതമാകുന്നു. ഇങ്ങനെയല്ലെങ്കിൽ അതൊരു ചടങ്ങുപരിപാടിയായി മാറിപ്പോകും. നമ്മുടെ പാർട്ടി വളരുകയാണ്. അത് ഇനിയുമേറെ വളരും. പക്ഷെ, എണ്ണത്തിലുള്ള വർദ്ധനവുകൊണ്ടുമാത്രം പ്രയോജനമുണ്ടാവുകയില്ല. ഗുണമാണ് വേണ്ടത്, സ്വഭാവം. നേതാക്കൾ പ്രവർത്തകർക്ക് പ്രത്യേകിച്ച് യുവാക്കളായ കേഡർമാർക്ക് ഉത്തരവാദിത്തങ്ങൾ നൽകട്ടെ. പുതിയ സഖാക്കളെയും യുവ കേഡർമാരെയും വളരാൻ സഹായിക്കുക. നേതാക്കളുടെ പെരുമാറ്റം ഒരു വിധത്തിലുള്ള മേധാവിത്വപരമായ തടസ്സങ്ങളും സൃഷ്ടിക്കരുത്. നേതാക്കളുടെ മുൻപിൽ സ്വന്തം അഭിപ്രായങ്ങൾ അവതരിപ്പിക്കുന്നതിനും തുറന്ന മസ്സോടെ നേതാക്കളെ വിമർശിക്കുന്നതിനും പ്രവർത്തകർക്ക് സ്വാതന്ത്ര്യം അനുഭവപ്പെടണം. ഏതെങ്കിലുമൊരു സഖാവിന് തന്നോട് മനസ്സ് തുറക്കാൻ എന്തെങ്കിലും മടിയോ തടസ്സമോ ഉണ്ടെങ്കിൽ, അതിനർത്ഥം, നേതാക്കൾക്ക് ബഹുമാനം നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നുതന്നെ നേതാക്കൾ ചിന്തിക്കണം, മനസ്സിലാക്കണം. അത്തരമൊരു നേതൃത്വത്തിന്റെ മൂർത്തിമദ്ഭാവമായിരുന്നു, ആൾരൂപമായിരുന്നു സഖാവ് ശിബ്ദാസ് ഘോഷ്. അത്തരമൊരു സ്വതന്ത്രമായ അന്തരീക്ഷമാണ് അദ്ദേഹം പാർട്ടിക്കുള്ളിൽ സൃഷ്ടിച്ചത്. നമ്മളും അത് അനുവർത്തിക്കണം.

വർഗ്ഗ-ബഹുജന സമരങ്ങൾ  വളർത്തിയെടുക്കാൻ  എസ്‌യുസിഐ(സി) അക്ഷീണ പരിശ്രമം നടത്തും

മറ്റിടതുപക്ഷ പാർട്ടികൾ എവിടെയൊക്കെ, എപ്പോഴൊക്കെ, എത്രത്തോളം മുന്നോട്ടു വരുന്നോ, അത്രത്തോളം അവരുമായി ചേർന്ന് സംയുക്തപ്രക്ഷോഭണങ്ങൾ വളർത്തിയെടുക്കാൻ നമ്മൾ പരമാവധി പരിശ്രമിക്കും. പക്ഷെ, സമരത്തിന്റെ പാത അവർ ഉപേക്ഷിച്ചുകഴിഞ്ഞുവെന്ന് നമുക്കറിയാം. അവർ പ്രക്ഷോഭണത്തിന് വരികയാണെങ്കിലും തെരഞ്ഞെടുപ്പിന്റെ ആവശ്യകതയ്ക്കുവേണ്ടി മാത്രമായിരിക്കും. വോട്ടിനപ്പുറം അവരൊന്നും ചിന്തിക്കുന്നില്ല. മറ്റ് ബൂർഷ്വാ പാർട്ടികളെപ്പോലെ അവർ പൂർണ്ണമായും തെരഞ്ഞെടുപ്പിനുവേണ്ടി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, പണിയെടുക്കുന്ന ജനതയുടെ എല്ലാ വിഭാഗങ്ങൾക്കിടയിലും -തൊഴിലാളികൾ, കർഷകർ, വിദ്യാർത്ഥികൾ, യുവാക്കൾ, വനിതകൾ- നമുക്ക് സംഘടന ശക്തിപ്പെടുത്തേണ്ടതുണ്ട്. സമരങ്ങൾ വളർത്തിയെടുക്കുന്നതിനോടൊപ്പവും, വിവിധ സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തനങ്ങളോടൊപ്പവും തീക്ഷ്ണമായ പ്രത്യയശാസ്ത്ര സമരവും ചർച്ചകളും സംവാദങ്ങളും നടത്തിക്കൊണ്ട് നമുക്ക് മതാന്ധതയ്ക്കും വർഗ്ഗീയ വാദത്തിനുമെതിരെ പൊരുതേണ്ടതുണ്ട്. സത്യസന്ധനായ ഒരു പുരോഹിതൻ, കാപട്യക്കാരനായ ഒരു പുരോഹിതനേക്കാൾ അപകടകാരിയാണെന്ന് ലെനിൻ പറഞ്ഞു. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്? കാരണം, സത്യസന്ധനായ ഒരു പുരോഹിതൻ മതം പ്രചരിപ്പിക്കുമ്പോൾ ജനങ്ങൾ അയാളുടെ സത്യസന്ധത കണ്ട് തെറ്റിദ്ധരിച്ച് മതത്തിലേയ്ക്ക് ആകൃഷ്ടരാകുന്നു. പക്ഷെ, പുരോഹിതൻ സത്യസന്ധനല്ലെങ്കിൽ അയാൾക്ക് അത്രയധികം ആശയക്കുഴപ്പം ജനങ്ങൾക്കിടയിൽ ഉണ്ടാക്കാൻ കഴിയില്ല. ഇന്ന്, ആർഎസ്എസ്-ബിജെപി നുണയന്മാരും അഴിമതിക്കാരും അധികാര ദാഹികളുമായി മാറിയിരിക്കുന്നു. അവർ എല്ലാത്തരം അനീതികളും നെറികേടുകളും പ്രോത്സാഹിപ്പിക്കുന്നു. മതപരമായ സത്യസന്ധതയുടെ വേഷം കെട്ടിക്കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്നതിൽ അവർക്ക് അധികം വിജയിക്കാനാവില്ല. നേരെ മറിച്ച്, കോൺഗ്രസ് വിരുദ്ധ വികാരത്തെ മുതലാക്കി ബിജെപി തെരഞ്ഞെടുപ്പ് ജയിച്ചതുപോലെ, വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മറ്റുകക്ഷികളുമായി ചേർന്ന് ബിജെപിയെ അധികാരഭ്രഷ്ടമാക്കാനുള്ള സാധ്യതയുമുണ്ട്.
പക്ഷെ, വർഗ്ഗീയ-ജാതി വിദ്വേഷവും മതാന്ധതയും പടർത്തിക്കൊണ്ട് ചിന്താശേഷിയും യുക്തിചിന്തയും ശാസ്ത്രീയ മനോഘടനയും ഇല്ലാതാക്കിക്കൊണ്ട് രാഷ്ട്രത്തിന് തീകൊളുത്തുന്ന ബിജെപിയുടെ പ്രവർത്തനങ്ങൾ ദൂരവ്യാപകമായ കെടുതികൾ ഉണ്ടാക്കും. യഥാർത്ഥ തൊഴിലാളിവർഗ്ഗ വിപ്ലവ പാർട്ടി എന്ന നിലയിൽ നമുക്ക് മാത്രമേ ഈ അപകടം ഒഴിവാക്കാൻ കഴിയൂ. അതിനായി നമ്മൾ മാർക്‌സിസം-ലെനിനിസം-ശിബ്ദാസ് ഘോഷ് ചിന്തകളുടെ അടിത്തറയിൽ വർഗ്ഗ-ബഹുജന സമരങ്ങൾ വളർത്തിയെടുക്കുകയും ബഹുജന മുന്നണികൾ കെട്ടിപ്പടുക്കുകയും ചെയ്തുകൊണ്ട് നമ്മുടെ ഉത്തരവാദിത്വം ശരിയായി നിറവേറ്റേണ്ടതുണ്ട്. നമ്മുടെ സഖാക്കൾ ഈ കർത്തവ്യം നിറവേറ്റുന്നതിനായി കഠിനപരിശ്രമം നടത്തുമെന്ന പ്രതീക്ഷയോടെ ഈ പ്രസംഗം അവസാനിപ്പിക്കുന്നു.
വിപ്ലവം നീണാൾ വാഴട്ടെ, എസ്‌യുസിഐ(സി) നീണാൾ വാഴട്ടെ, സഖാവ് ശിബ്ദാസ് ഘോഷിന് ലാൽസലാം.

Share this