നഷ്ടം നികത്താൻ മുഴുവൻ സഖാക്കളും കൂട്ടായി യത്‌നിക്കണം: കേന്ദ്രക്കമ്മിറ്റിയംഗം സഖാവ് കെ.രാധാകൃഷ്ണയുടെ അനുശോചന പ്രസംഗം

Spread our news by sharing in social media

സഖാവ് പത്മകുമാറിന് ആദരാഞ്ജലികൾ അർപ്പിക്കുവാനാണ് നാമിവിടെ ഒത്തുകൂടിയിരിക്കുന്നത്. ദുഃഖസാന്ദ്രമായ ഒരു അവസ്ഥയാണിത്. അദ്ദേഹം പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്നു. വിവധ മേഖലകളിൽ സജീവ നേതൃത്വമായിരുന്നു. അനവധി സംഘടനകളെ അദ്ദേഹം നയിക്കുന്നുണ്ടായിരുന്നു. ഓഫീസ് സെക്രട്ടറിയെന്ന നിലയിലും അദ്ദേഹത്തെ എനിക്കറിയാമായിരുന്നു. കേരള സംസ്ഥാനത്ത് വിപ്ലവപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വമ്പിച്ച ഉത്തരവാദിത്തങ്ങളാണ് അദ്ദേഹം വഹിച്ചത്.
സഖാക്കളെ, അനവധി വർഷങ്ങളായി സഖാവ് പത്മകുമാറിനെ എനിക്ക് നേരിട്ടറിയാം. വളരെ എളിമയും വിനയവുമുള്ളയാളായിരുന്നു അദ്ദേഹം. വിയോജിപ്പുള്ള വിഷയങ്ങളിൽ തന്റെ വാദങ്ങൾ ശക്തമായി അദ്ദേഹം ഉന്നയിക്കും. പക്ഷെ ഒരിക്കലും അന്ധമായി വാദിക്കില്ല. ഒരു മാർക്‌സിസ്റ്റ് എങ്ങനെ യുക്തിസഹമായി ചർച്ചകളിൽ ഏർപ്പെടേണ്ടതുണ്ടോ അത്തരത്തിൽ അദ്ദേഹം വാദിക്കുമായിരുന്നു. സഖാവ് ശിബ്ദാസ് ഘോഷിന്റെ കാര്യപ്രാപ്തിയുള്ള ശിഷ്യനായിരുന്നു അദ്ദേഹം.
തന്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ സഖാവ് ശിബ്ദാസ് ഘോഷ് ചിന്തകളിൽ ആകൃഷ്ടനായ അദ്ദേഹം മുഴുവൻസമയ പ്രവർത്തകനായി പാർട്ടിയിൽ ചേർന്നു. സ്വന്തമായ തൊഴിൽഭാവിയും കുടുംബജീവിതവുമെല്ലാം ഉപേക്ഷിച്ച് വിപ്ലവജീവിതത്തിലേക്ക് പ്രവേശിച്ചു. അന്നുമുതൽ കല്ലിന്മേൽ കല്ലുവെച്ച് നമ്മുടെ പാർട്ടി കെട്ടിപ്പടുക്കാൻ അദ്ദേഹം അവിരാമം പ്രവർത്തിക്കുകയായിരുന്നു.

കേരളത്തിലൊരു ശാസ്ത്രപ്രസ്ഥാനം കെട്ടിപ്പടുക്കാൻ എല്ലാവിധത്തിലും പരിശ്രമിച്ചു. ഡാർവിനെപ്പറ്റിയുള്ള ചർച്ചകളിലൂടെയും ഐൻസ്റ്റീനെപ്പറ്റിയുള്ള എഴുത്തുകളിലൂടെയും മറ്റനവധി പ്രവർത്തനങ്ങളിലൂടെയും ശാസ്ത്രപ്രസ്ഥാനത്തെ അദ്ദേഹം നയിച്ചു. സാസ്‌കാരികപ്രസ്ഥാനവും സാഹിത്യപ്രസ്ഥാനവും അദ്ദേഹം കെട്ടിപ്പടുത്തു. വൈവിധ്യമാർന്ന ഉത്തരവാദിത്തങ്ങൾ അദ്ദേഹം കൈയാളി.
സഖാക്കളെ, എന്തൊരു ഭീഷണമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് ഓർക്കണം. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലെത്തിയ ഉടൻതന്നെ ശാസ്ത്രത്തിന്റെ മേഖലയിൽ വമ്പിച്ച ആക്രമണമാണ് വന്നുകൊണ്ടിരിക്കുന്നത്. പുരാതന ഇന്ത്യയിലെ ശാസ്ത്രത്തെ സംബന്ധിച്ച് കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിക്കുകയാണ്. ചൊവ്വയിലേക്ക് പറക്കാനാകുന്ന വിമാനങ്ങളുണ്ടായിരുന്നുവെന്നും പ്ലാസ്റ്റിക് സർജറിയുണ്ടായിരുന്നുവെന്നുമൊക്കെ തട്ടിവിടുകയാണ്. ഡാർവിന് തെറ്റുപറ്റിയെന്നും ഐൻസ്റ്റീന്റെ സിദ്ധാന്തങ്ങളെക്കാൾ മികച്ച ഫോർമുലകൾ വേദങ്ങളിലുണ്ടായിരുന്നുവെന്നും സ്റ്റീഫൻ ഹോക്കിംഗ് വേദങ്ങളെ പുകഴ്ത്തിയെന്നും മറ്റുമുള്ള വാദങ്ങൾ അവർ ഉയർത്തുകയാണ്. ചരിത്രത്തെയും ശാസ്ത്രീയ വസ്തുതകളെയും വളച്ചൊടിച്ച് അന്ധവിശ്വാസവും ശാസ്ത്രവിരുദ്ധതയും വളർത്തുകയാണ്. നമ്മുടെ പാർട്ടിയുടെ ഗുരുവും മാർഗ്ഗദർശിയുമായ സഖാവ് ശിബ്ദാസ് ഘോഷ് പഠിപ്പിച്ചതുപോലെ ശാസ്ത്രത്തിന്റെ സാങ്കേതികവശവും ആത്മീയതയും കൂട്ടിക്കലർത്തി ഫാസിസത്തിന് അടിത്തറപാകുകയാണ്. ഈയൊരു സാഹചര്യത്തിൽ സഖാവ് പത്മകുമാറിന്റെ അഭാവും വല്ലാതെ അനുഭവപ്പെടുമെന്നത് തീച്ചയാണ്.

നമ്മുടെ പാർട്ടിയുടെ കേന്ദ്രക്കമ്മിറ്റിയംഗവും ബംഗാളിലെ മന്ത്രിയുമായിരുന്ന സഖാവ് സുബോധ് ബാനർജി അന്തരിച്ചപ്പോൾ പ്രിയങ്കരനായ ആ സഖാവിനെ അനുസ്മരിച്ചുകൊണ്ട് സഖാവ് ശിബ്ദാസ് ഘോഷ് പറഞ്ഞു, വിപ്ലവകാരികളെ സംബന്ധിച്ച് പ്രിയപ്പെട്ട സഖാക്കളുടെ വേർപാടിലുള്ള ദുഃഖത്തിന് ഒരേയൊരു അർത്ഥമേയുള്ളു. ദുഃഖത്തെ വിപ്ലവ നിശ്ചയദാർഢ്യമാക്കി മാറ്റുക എന്നുള്ളതാണത്. കേരളത്തിലെ മുഴുവൻ സഖാക്കളും ഒരൊറ്റ മനുഷ്യനെപ്പോലെ നിലയുറപ്പിക്കേണ്ടതുണ്ട്. സഖാവ് പത്മകുമാറിന്റെ വിയോഗം നികത്താനുള്ള യത്‌നം കൂട്ടായി നടത്തേണ്ടതുണ്ട്. അത്തരത്തിലാണ് സഖാവ് പത്മകുമാറിനോടുള്ള നമ്മുടെ ആദരാഞ്ജലികൾ അർപ്പിക്കേണ്ടത്.

സഖാവ് ജി.എസ്.പത്മകുമാറിന് ലാൽസലാം,
മഹാനായ മാർക്‌സിസ്റ്റ്
ദാർശനികൻ സഖാവ് ശിബ്ദാസ് ഘോഷിന് ലാൽസലാം,
മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവം നീണാൾവാഴട്ടെ.

Share this