റഫേല്‍ വിമാന ഇടപാടിലൂടെ രാജ്യത്തെ ഞെട്ടിച്ച മറ്റൊരു അഴിമതികൂടി പുറത്തുവന്നിരിക്കുന്നു. കോടികള്‍ മറിയുന്ന പ്രതിരോധരംഗത്തെ ഇടപാടുകള്‍ ഗവണ്മെന്റുകള് മാറുമ്പോഴും അനുസ്യൂതം തുടരുകയാണ്. 2015-ല്‍ ഫ്രാന്‍സില്‍ വച്ച്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഓളാന്ദേയും തമ്മില്‍ അടച്ചിട്ട മുറിയില്‍ നടത്തിയ കൂടിക്കാഴ്ച്ചക്കു ശേഷമാണ് ഇടപാട് രൂപപ്പെട്ടത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്ന് ഫ്രാന്‍സിലേക്കുള്ള പ്രധാനമന്ത്രിയുടെ യാത്രയില്‍ പ്രതിരോധമന്ത്രിയോ വിദേശകാര്യമന്ത്രിയോ അദ്ദേഹത്തെ അനുഗമിക്കുകയുണ്ടായില്ല. അനില്‍ അംബാനി മാത്രമാണ് കൂടെയുണ്ടായിരുന്നത്.
കാലപ്പഴക്കമേറുന്ന റഷ്യന്‍നിര്‍മിത യുദ്ധവിമാനങ്ങളെ മാറ്റി പുതിയവ വാങ്ങണം എന്ന ആവശ്യത്തെ മുന്‍നിര്‍ത്തി, വ്യാപകമായ ആഗോള തിരച്ചിലുകള്‍ക്കും പരിശോധനകള്‍ക്കും ശേഷം, 2012-ല്‍ ഇന്ത്യന്‍ വായുസേന ഫ്രാന്‍സിലെ ദസ്സോള്ട്ടിന്റെ ഇരട്ട എഞ്ചിന് റഫേല്‍ വിമാനവും യൂറോഫൈറ്റര്‍ ടൈഫൂണും ഉള്‍പ്പെടുന്ന അന്തിമ പട്ടികക്കു രൂപം നല്കി. തുടര്‍ന്ന് അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍, 126 യുദ്ധവിമാനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ പുറപ്പെടുവിക്കുന്നു. ഏറ്റവും കുറഞ്ഞ വില മുന്നോട്ടുവെച്ചതിനാല്‍ ഫ്രാന്‍സിലെ ദസ്സോള്‍ട്ട് ഏവിയേഷനില്‍ നിന്ന്, പറക്കാന്‍ തയ്യാറായ അവസ്ഥയിലുള്ള പുതിയ 18 വിമാനങ്ങള്‍ നേരിട്ടു വാങ്ങാനും, ശേഷിക്കുന്ന 108 വിമാനങ്ങള്‍ ഇന്ത്യയില്‍, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച് എ എല്‍) എന്ന പൊതുമേഖലാസ്ഥാപനത്തില്‍ നിര്‍മിക്കുവാനും ധാരണയായി. എന്നാല്‍ ഈ ധാരണ, ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഉപേക്ഷിക്കപ്പെട്ടു. 2015-ല്‍, തന്റെ ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍, 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്കുലഭിക്കുന്ന തീര്‍ത്തും പുതിയൊരു ഇടപാട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുന്നു. 2016 സെപ്റ്റംബറില്‍, ഇന്ത്യ-ഫ്രെഞ്ച് സര്‍ക്കാരുകള്‍, ഇന്ന് റഫേല്‍ ഇടപാട് എന്ന് അറിയപ്പെടുന്ന, ഒരു സര്‍ക്കാര്‍തല ഉടമ്പടിയില്‍ ഒപ്പു വെക്കുന്നു. ഈ ഉടമ്പടി പ്രകാരം, ഉദ്ദേശം 7.8 ശതകോടി ഡോളര്‍, അഥവാ 59000 കോടി രൂപയ്ക്ക് 36 ദസ്സോള്‍ട്ട് റഫേല്‍ ഇരട്ട എഞ്ചിന് യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങും. ഉടമ്പടിയുടെ ഓഫ്സെറ്റ് ധാരണപ്രകാരം, ആകെ വില്പ്പനമൂല്യത്തിന്റെ 50 ശതമാനം തുക, അതായത് ഏകദേശം 30000 കോടി രൂപ, ദസ്സോള്‍ട്ട് പ്രാദേശിക കരാറുകള്‍ വഴി ഇന്ത്യയില്‍ നിക്ഷേപിക്കണം. വാങ്ങുന്നവരുടെ രാജ്യത്തില്‍ ഏതെങ്കിലും രൂപത്തില്‍, കരാര്‍ തുകയുടെ ഒരു ഭാഗം നിക്ഷേപിക്കാന്‍ വില്‍പ്പനക്കാരെ നിര്‍ബന്ധിതരാക്കുന്ന നിബന്ധനകളെയാണ് ഓഫ്സെറ്റ് ധാരണകള്‍ എന്നു വിളിക്കുന്നത്. ഇവിടെ, 59000 കോടി രൂപയുടെ 50%, അഥവാ ഏകദേശം 30000 കോടി രൂപ, യുദ്ധവിമാനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണപ്രവര്‍ത്തനങ്ങള്‍, റഫേല്‍ വിമാനഭാഗങ്ങളുടെ പ്രാദേശികമായ ഉത്പാദനം, തുടങ്ങിയ മേഖലകളിലൂടെ ഇന്ത്യന്‍ പ്രതിരോധസംവിധാനത്തില്‍ നിക്ഷേപിക്കുന്നുവെന്ന് ദസ്സോള്‍ട്ട് ഉറപ്പാക്കേണ്ടതുണ്ട്.
ഇടപാടില്‍ വിവാദമാകുന്ന വാദമുഖങ്ങള്‍
ഈ ഇടപാടിന്റെ രണ്ടു വശങ്ങളാണ് ആദ്യം സംശയം ജനിപ്പിക്കുകയും, തുടര്‍ന്ന് അടക്കം പറച്ചിലുകളായി, അവസാനം പൊട്ടിത്തെറിയില്‍ എത്തിനില്ക്കുകയും ചെയ്യുന്നത്. ഒന്നാമതായി, വിമാനങ്ങള്‍ വാങ്ങാനായി ബിജെപി സര്‍ക്കാര്‍ വളരെ ഉയര്‍ന്ന വിലയാണ് നല്‍കുന്നത്. (126 വിമാനങ്ങള്‍ക്കായി കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ 2012-ല്‍ നിശ്ചയിച്ച വില കൊണ്ട് ഇന്ന് വെറും 36 വിമാനങ്ങള്‍ മാത്രമാണ് വാങ്ങുന്നത്. അതായത്, 300% വില കൂടുതല്‍) രണ്ടാമതായി, യുദ്ധവിമാനങ്ങളടക്കം വിമാനനിര്‍മാണത്തില്‍ 60 വര്‍ഷത്തെ പരിചയമുള്ള എച്ച്എഎല്ലിനെ ഒഴിവാക്കിയെന്നതാണ്. പകരം, ഇന്ത്യയുടെ പ്രതിരോധസംവിധാനത്തില്‍ നിക്ഷേപിക്കപ്പെടേണ്ട ആ 30000 കോടി രൂപയുടെ ഭൂരിഭാഗവും ദസ്സോള്‍ട്ട്-റിലയന്‍സ് എയറോസ്പേസ് എന്ന കമ്പനി വഴിയാകും വരിക. ഇത്, ദസ്സോള്ട്ടും വ്യവസായപ്രമുഖന് അനില്‍ അംബാനിയുടെ റിലയന്‍സ് എയറോസ്ട്രക്ച്ചര് എന്ന, വിമാനമോ പ്രതിരോധസാമഗ്രികളോ നിര്‍മ്മിച്ച് യാതൊരു മുന്‍പരിചയവുമില്ലാത്ത സ്ഥാപനവും തമ്മില്‍ രൂപപ്പെടുത്തുന്ന 49:51 അനുപാതത്തിലുള്ള കൂട്ടുസംരംഭമായിരിക്കും. തന്നെയുമല്ല, ഈ കരാര്‍ ഒപ്പിടുന്ന കാലയളവില്‍ അനില്‍ അംബാനിയുടെ ഏതാണ്ടെല്ലാ കമ്പനികളും കടുത്ത കടബാധ്യതയിലായിരുന്നു. മൂത്തസഹോദരന് കൂടിയായ മുകേഷ് അംബാനിക്ക് തന്റെ ടെലികോം സംരംഭങ്ങള്‍, നവി മുംബൈയില്‍ 125 ഏക്കര്‍ ഭൂമിയുള്‍പ്പടെയുള്ള ആസ്ഥികളടക്കം, 35000 കോടി രൂപക്ക് അനില്‍ കൈമാറുകയായിരുന്നു. മറ്റൊരു ഭീമന് കുത്തകയായ അദാനി ഗ്രൂപ്പിനാണ് അനില്‍ അംബാനി ഗ്രൂപ്പിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ 18000 കോടി രൂപക്ക് വിറ്റൊഴിഞ്ഞത്. ഉല്‍പ്പാദനം തുടങ്ങുന്നതിനു മുമ്പുതന്നെ അനില്‍ അംബാനിയുടെ വമ്പന്‍ സ്ഥാപനമായ റിലയന്‍സ് പവര്‍ തകര്‍ന്നടിഞ്ഞു. രാജ്യത്തെ ഏറ്റവും കടബാധ്യതയുള്ള സ്ഥാപനമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അനില്‍ അംബാനി ഗ്രൂപ്പാണ്. ഇതിനോടകം വെളിപ്പെട്ട വിജയ് മല്ല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെയൊക്കെ മൊത്തം ബാധ്യതയേക്കാളും കൂടുതല്‍. ഉദ്ദേശം ഒരു ലക്ഷം കോടിയിലധികം രൂപയുടെ കടബാധ്യത അനില്‍ അംബാനി ഗ്രൂപ്പിനുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍, ലാഭം ലക്ഷ്യം വെക്കുന്ന ഒരു വാണിജ്യസ്ഥാപനത്തിനും ഇങ്ങനെയൊരു തീരുമാനം ഒട്ടും സാധ്യമായതല്ല.
പിന്നെ എങ്ങനെയാണ് ഇത്രയും കടബാധ്യതയുള്ള, യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരു ഇന്ത്യന്‍ കമ്പനിയെ പ്രതിരോധരംഗത്തെ തങ്ങളുടെ ആദ്യകൂട്ടുസംരംഭത്തിനായി ദസ്സോള്‍ട്ട് തെരഞ്ഞെടുക്കുക? ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നയതന്ത്രസമ്മര്ദമടക്കം നിരന്തരനിര്ബന്ധം ഇതിനായി ഉണ്ടായിരുന്നു എന്ന് സംശയിക്കുവാനുള്ള എല്ലാ കാരണങ്ങളുമുണ്ട്. കൂടാതെ, ഈ കൂട്ടുസംരംഭത്തിലൂടെ 100 ദശലക്ഷം യൂറോയിലധികംവരുന്ന തുക നിക്ഷേപിക്കാനാണ് ദസ്സോള്‍ട്ട് ഏവിയേഷന്റെ പദ്ധതി. ഇന്ത്യയില്‍ പ്രതിരോധമേഖലയില്‍ ഒരു പ്രദേശത്ത് മാത്രമായി നടത്തുന്നതില്‍ ഏറ്റവും വലിയ നേരിട്ടുള്ള വിദേശനിക്ഷേപമാണിത്. ഈ പദ്ധതിയില്‍ അനില്‍ അംബാനി തന്റെ ഭാഗം എങ്ങനെ നിക്ഷേപിക്കും? ചോദ്യങ്ങളും സംശയങ്ങളും നിറയുകയാണ്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, 30000 കോടി രൂപയുടെ ഓഫ്സെറ്റ് നിക്ഷേപത്തില്‍ 21000 കോടിയും ഏതെങ്കിലുമൊക്കെ തരത്തില്‍ റിലയന്‍സില്‍ തന്നെ എത്തിച്ചേരുമെന്നാണ്. പക്ഷേ, അതു മാത്രമല്ല. ഒരു പ്രത്യേക സാമ്പത്തികമേഖലയില്‍ ഈ നിര്‍ദിഷ്ട കൂട്ടുസംരംഭം പ്രതിഷ്ഠിക്കുന്നതോടെ, നികുതിയിളവ്, തുച്ഛമായ നിരക്കില്‍ വെള്ളവും വൈദ്യുതിയും, കസ്റ്റംസ് അടക്കമുള്ള പരിശോധനകളില്‍ നിന്നുള്ള ഇളവ്, ഉല്പാദന ലൈസന്‍സുകളില്‍ നിന്നുള്ള ഇളവ്, സര്‍വ്വോപരി തൊഴില്‍ നിയമങ്ങള്‍ പാലിക്കേണ്ട ബാധ്യതയില്‍ നിന്നുള്ള വിടുതല്‍ തുടങ്ങിയവയൊക്കെ ഉറപ്പാക്കപ്പെടുന്നു. ഇത്തരം നേട്ടങ്ങള്‍ കണക്കിലെടുത്താല്‍ മൊത്തം നേട്ടം 45000കോടി രൂപയോളം വരുമെന്നാണ് ചില കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍, അടുത്തിടെ കുതിച്ചുയരുന്ന പെട്രോള്‍ ഡീസല്‍ വിലകളടക്കം, വര്‍ധിക്കുന്ന നികുതികളാല്‍ നടുവൊടിഞ്ഞ് കിടക്കുമ്പോള്‍, വമ്പന്‍ കുത്തകകള്‍ സന്തോഷത്തോടെ ബാങ്ക് വായ്പകളില്‍ കുടിശ്ശിഖ വരുത്തുന്നു, പൊതുജനങ്ങളില്‍നിന്നും പിരിച്ച തുക ദുരുപയോഗം ചെയ്ത് വ്യവസായസംരംഭങ്ങളില്‍ നിക്ഷേപിച്ച് ലാഭം കൊയ്യുന്നു. (നടപ്പിലാവാതെ പോയ നിര്‍ദിഷ്ട റിലയന്‍സ് പവറിനായ് ഓഹരിക്കമ്പോളത്തില്‍ നിന്നും ഐപിഒ മുഖേന 190 ദശലക്ഷം ഡോളര്‍ അഥവാ, 1330 കോടി രൂപയാണ് പിരിച്ചെടുത്തത്.) അവരെ, വിവിധ ഇളവുകള്‍ നല്‍കിയും, എല്ലാ ചട്ടങ്ങളും മറികടന്നുകൊണ്ട് പുതിയ ലോണുകള്‍ നല്‍കിയും, പ്രതിരോധമേഖലയിലടക്കം സംശയാസ്പദമായ വിദേശസഹകരണങ്ങള് നേടിയെടുക്കുവാന്‍ ഒത്താശ ചെയ്തും സഹായിക്കുന്നു. ഒരു ബൂര്ഷ്വാരാജ്യത്തിലെ വ്യവസായ പ്രമുഖര്‍, ഭരണക്കാര്‍, സൈനിക മേധാവികള്‍ എന്നിവര്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. ഇവരാണ് രാജ്യത്തിന്റെ നയങ്ങള്‍ രൂപീകരിക്കുന്നത്; സ്ഥാപിത താല്പര്യാര്ത്ഥം സൈനികവല്ക്കരണത്തനും ഭ്രാന്തമായ ആയുധവല്ക്കരണത്തിനുമൊക്കെയായി പൊതുഖജനാവില്‍നിന്ന് പണം ഒഴുക്കുന്നത്.
പരസ്പരവിരുദ്ധമായ വാദങ്ങള്‍ നിരത്തി സത്യം മറച്ചുവെക്കുന്നു
പക്ഷേ, ഗതികെട്ട് ന്യായവാദങ്ങളുമായി ഇറങ്ങിയ ബിജെപി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വ്യാജവാദങ്ങള്ക്ക് ഒരു കുറവുമുണ്ടാകുന്നില്ല. ഒന്നാമതായി, കഴിഞ്ഞ നവംബറില്‍ അവര്‍ അവകാശപ്പെട്ടത് കഴിഞ്ഞ കോണ്‍ഗ്രസ്-യുപിഎ സര്‍ക്കാര്‍ ധാരണയുണ്ടാക്കിയതിലും എത്രയോ കുറവാണ് തങ്ങള്‍ ധാരണയാക്കിയ വില എന്നതാണ്. കൃത്യമായ വില വിവരം കുറച്ചു കഴിഞ്ഞ് പുറത്തുവിടുമത്രേ. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രപ്രതിരോധമന്ത്രി രാജ്യസഭയെ അറിയിച്ചത്, സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറിന്റെ അനുഛേദം 10 പ്രകാരം, വിലയും മറ്റ് രഹസ്യസ്വഭാവമുള്ള വിവരങ്ങളും പുറത്തുവിടുന്നത് വിലക്കിയിരിക്കുന്നു എന്നാണ്. വിമാനവുമായി ബന്ധപ്പെട്ട സാങ്കേതികകാര്യങ്ങള്‍ രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി രഹസ്യമാക്കിവെക്കുന്നത് യുക്തിസഹമാണ്. എന്നാല്‍, പാര്‍ലമെന്റില്‍ കരാറുമായി ബന്ധപ്പെട്ട വ്യാപാരവശങ്ങള് അവതരിപ്പിക്കുന്നതില്‍ ഒരു തടസ്സവുമില്ല. സത്യത്തില്‍, രണ്ട് മുന്‍ എന്‍ഡിഎ മന്ത്രിമാര്‍ പുറത്തുവിട്ട ഒരു രേഖയില്‍, അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് പുറത്തുവിട്ട പ്രസ്താവന ഉദ്ധരിക്കുന്നുണ്ട്. അതുപ്രകാരം, ഒരു വിമാനത്തിന് 1660 കോടി രൂപയാണ് പുതുതായി നിശ്ചയിച്ച വില. രണ്ടാമതായി, അന്ന് കോണ്‍ട്രാക്ട് സംബന്ധമായി വിലപേശല്‍ നടത്തുന്ന കമ്മിറ്റിയുടെ ഭാഗമായിരുന്ന, പ്രതിരോധവകുപ്പിലെ അക്വിസിഷന്‍ മാനേജര്‍ കൂടിയായ ജോയിന്റ് സെക്രട്ടറി, ഈ ഇടപാടിലെ അടിസ്ഥാനവിലയെക്കുറിച്ച് ചോദ്യം ഉയര്‍ത്തുകയും തന്റെ എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഉയര്‍ത്തിയ ഒരു പ്രധാന എതിര്‍പ്പ്, പുതിയ 36-വിമാന റഫേല്‍ ഇടപാടില്‍ ഫ്രഞ്ച് വിമാനത്തിനു നിശ്ചയിച്ച അടിസ്ഥാനവിലയെ കുറിച്ചാണെന്നാണ് പറയപ്പെടുന്നത്. ഇത്, പഴയ 126 വിമാന റഫേല്‍ ധാരണയിലെ അടിസ്ഥാനവിലയേക്കാള്‍ വളരെ കൂടുതല്‍ ആണത്രെ. ഇടപാട് അംഗീകരിക്കുവാനുള്ള ക്യാബിനറ്റ് നോട്ടും കരാര്‍ ഒപ്പിടുന്നതും വൈകിപ്പിച്ചതും ഇദ്ദേഹത്തിന്റെ എതിര്പ്പാണത്രേ. പിന്നീട്, അക്വിസിഷന്‍ ഡയറക്ടര്‍ ജനറല്‍ എന്ന മറ്റൊരു ഉയര്‍ന്ന പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥന് ഈ എതിര്‍പ്പുകളെ അസാധുവാക്കിയതിനു ശേഷമേ മേല്‍നടപടികള്‍ മുന്നോട്ടു പോയുള്ളൂ. ആ നോട്ട്, റഫേല്‍ ഇടപാടിന്റെ ഫയലിന്റെ ഭാഗമായി ഇപ്പോള്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഓഫീസിലാണ്. സിഎജി പഠന-പരിശോധനകള്‍ക്കുശേഷം, ഡിസംബറില്‍ പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കാം. മാധ്യമറിപ്പോര്‍ട്ടുകള്‍ പ്രകാരം, സിഎജി റിപ്പോര്‍ട്ടില്‍ ഈ നോട്ടും അതിലെ എതിര്‍പ്പുകളെ എങ്ങനെ തിരസ്കരിച്ചു എന്നതും പരാമര്‍ശിച്ചേക്കാം. ഈ നോട്ടിനെക്കുറിച്ച് ബിജെപി സര്‍ക്കാര്‍ ഒന്നും മിണ്ടുന്നില്ല. ബിജെപി സര്‍ക്കാരിന്റെ അടുത്ത വാദം, കൂട്ടുസംരംഭത്തിലെ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ്ണ അവകാശം ദസ്സോള്ട്ടിനു മാത്രമാണ് എന്നതാണ്. എന്നാല്‍ ഏത് ഓഫ്സെറ്റ് പങ്കാളിയെയും തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്നതാണ് ഓഫ്സെറ്റ് നിബന്ധനയുടെ മാര്‍ഗനിര്‍ദേശമെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ ഇതിനെ ചോദ്യംചെയ്യുന്നു. മൂന്നാമതായി, കേന്ദ്രപ്രതിരോധമന്ത്രി അവകാശപ്പെട്ടത് ഓഫ്സെറ്റ് കരാറുകളൊന്നും ഒപ്പിട്ടിട്ടില്ല എന്നാണ്. പക്ഷേ, റിലയന്‍സിന്റെയും ദസ്സോള്ട്ടിന്റെയും കൂട്ടുസംരംഭം നിരന്തരം പത്രപ്രസ്താവനകളിലൂടെ വ്യക്തമാക്കുന്നത്, അവരായിരിക്കും ഫ്രഞ്ച് കമ്പനിയുടെ ഓഫ്സെറ്റ് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുക എന്നതാണ്. വാസ്തവത്തില്‍, നാഗ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്നുള്ള മിഹാന്‍ പ്രത്യേക സാമ്പത്തികമേഖലയിലെ ധീരുഭായ് അംബാനി എയറോസ്പേസ് പാര്‍ക്കില്‍ ദസ്സോള്‍ട്ട് റിലയന്‍സ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ശിലാസ്ഥാപനം, കഴിഞ്ഞ ഒക്ടോബര്‍ അവസാനം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്രയിലെ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറന്‍സ് പാര്‍ലി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നടന്നത്. ഇടപാടിനെ പ്രതിരോധിക്കാനായി സര്‍ക്കാര്‍ പിന്നീട് പറയുന്നത്, യുദ്ധവിമാന നിര്‍മാണത്തില്‍ പരിചയമില്ലാത്തതുമൂലം എച്ച്എഎല്ലിന് ഇടപാടിന് യോഗ്യതയില്ല എന്നാണ്. 2018 ആഗസ്ത് 31 വരെ എച്ച്എഎല്‍ തലവന്‍ ആയിരുന്ന ടി.സുവര്ണ്ണരാജു പരസ്യമായിത്തന്നെ ഈ വാദത്തെ ചോദ്യം ചെയ്തു. എന്തുകൊണ്ട് സത്യം വെളിപ്പെടുത്താനായി ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ സര്‍ക്കാര്‍ പരസ്യമാക്കുന്നില്ല എന്നും അദ്ദേഹം ചോദിക്കുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ കുന്തമുനയായ 25-ടണ്‍ സുഖോയ്-30 എന്ന നാലാം തലമുറ യുദ്ധവിമാനം, അസംസ്കൃതവസ്തുക്കള്‍ ഉള്‍പ്പെടെ നിര്‍മ്മിച്ചെടുക്കുന്ന എച്ച് എ എല്ലിന്റെ കാര്യശേഷിയെ എങ്ങനെ ഒരാള്‍ക്ക് സംശയിക്കാനാകുന്നു എന്നും അദ്ദേഹം ചോദിക്കുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 18 ന് കേന്ദ്രപ്രതിരോധമന്ത്രി പറഞ്ഞത്, യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ ഇടപാടില്‍നിന്നും എച്ച്എഎല്ലിനെ ഒഴിവാക്കിയിരുന്നു എന്നാണ്. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം 2015 ഏപ്രിലിലാണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ അന്തര്‍-സര്‍ക്കാര്‍ കരാര്‍ ഒപ്പുവെക്കുന്നത് എന്നതാണ് വസ്തുത. കൂട്ടുസംരംഭത്തില്‍ പങ്കാളിയെ നിശ്ചയിക്കുന്നതില്‍ ദസ്സോള്‍ട്ട് തീരുമാനം കൈക്കൊണ്ടതില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നതാണ് ബിജെപി സര്‍ക്കാര്‍ ഒഴിഞ്ഞുമാറാന്‍ ഉപയോഗിക്കുന്ന മറ്റൊരു വാദം. പക്ഷേ, ഇടപാടിന് അന്ത്യരൂപം നല്കിയപ്പോള് ദസ്സോള്ട്ടിന്റെ പങ്കാളിയായി അനില്‍ അംബാനിയുടെ പേര് നിര്‍ദേശിച്ചുകൊണ്ട് ഫ്രഞ്ച് സര്‍ക്കാരിന് മറ്റ് നിര്വാഹമില്ലാതാക്കിയത് ഇന്ത്യന്‍ സര്‍ക്കാരാണ് എന്ന,് അന്ന് ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഓളാന്ദേ പരസ്യമായി തന്നെ വ്യക്തമാക്കി. ഫ്രഞ്ച് കമ്പനികളുടെ ഇന്ത്യയിലെ വ്യവസായ പങ്കാളികളെ നിശ്ചയിക്കുന്നതില്‍ തങ്ങള്‍ യാതൊരു തരത്തിലും ഇടപെട്ടിട്ടില്ല എന്ന് ഫ്രഞ്ച് സര്‍ക്കാരും ആവര്‍ത്തിക്കുന്നു. 2015-ല്‍ ഫ്രാന്‍സില്‍ വച്ച്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഓളാന്ദേയും തമ്മില്‍ അടച്ചിട്ട മുറിയില്‍ നടത്തിയ കൂടിക്കാഴ്ച്ചക്കു ശേഷമാണ് ഇടപാട് രൂപപ്പെട്ടത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്ന് ഫ്രാന്‍സിലേക്കുള്ള പ്രധാനമന്ത്രിയുടെ യാത്രയില്‍ പ്രതിരോധമന്ത്രിയോ വിദേശകാര്യമന്ത്രിയോ അദ്ദേഹത്തെ അനുഗമിക്കുകയുണ്ടായില്ല. അനില്‍ അംബാനി മാത്രമാണ് കൂടെയുണ്ടായിരുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 24 ന് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുവെച്ച് റഫേല്‍ പ്രശ്നത്തെ സംബന്ധിക്കുന്ന ഒരു അനൗദ്യോഗികവാര്ത്താ സമ്മേളനത്തിനിടെ പ്രതിരോധമന്ത്രി രണ്ട് ഫ്രഞ്ച് പത്രപ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രത്യക്ഷത്തില്‍ തന്നെ അങ്കലാപ്പിലായ ബിജെപി നേതാക്കളും മന്ത്രിമാരും ഇപ്പോള്‍ കാടും പടപ്പും തല്ലുകയും, ബന്ധമില്ലാത്ത മറ്റു വിഷയങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കാന്‍ നോക്കുകയും, റഫേല്‍ സംബന്ധിക്കുന്ന പ്രധാനചോദ്യങ്ങളില്‍ നിന്നും ഒഞ്ഞുമാറാനായി പാര്‍ലമെന്റിലെ പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസുമായി മല്ലയുദ്ധം നടത്തുകയുമാണ്.
കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള കപടയുദ്ധം
ഇരുണ്ട ഇടപാടുകളുടെയും വമ്പന്‍ അഴിമതികളുടെയും കുത്തൊഴുക്ക് കോണ്‍ഗ്രസ് ഭരണകാലത്തും ഉണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ഭരണമുതലാളിവര്‍ഗത്തിന്റെ വിശ്വസ്ത സേവകരാണ് കോണ്‍ഗ്രസും ബിജെപിയും. അവര്‍ തമ്മില്‍ അധികാരത്തിനായി മാത്രമേ പോരാട്ടമുള്ളൂ. ദുഷിച്ച, മരണാസന്നനിലയിലുള്ള മുതലാളിത്തം അങ്ങേയറ്റം അഴിമതിഗ്രസ്തവും, സമ്പൂര്‍ണമായും ജനവിരുദ്ധവും, ഉള്‍ക്കാമ്പില്‍ വരെ പ്രതിലോമകരവും ആണ്. കോണ്‍ഗ്രസ് ആകട്ടെ, ബിജെപി ആകട്ടെ, മുതലാളിവര്ഗതാല്പ്പര്യങ്ങളുടെ സംരക്ഷകരായ മറ്റേതൊരു പാര്‍ട്ടിയുമാകട്ടെ, അഴിമതിയിലും അന്യായപ്രവൃത്തികളിലും അതിക്രമങ്ങളിലുംനിന്ന് മാറിനില്‍ക്കുക സാധ്യമല്ല. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തെറ്റുകളിലേക്ക് വിരല്‍ ചൂണ്ടുന്നത് ബിജെപി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഗുരുതരക്രമക്കേടുകള്ക്കുള്ള ന്യായീകരണമല്ല. അതുപോലെ തന്നെ, ഇപ്പോള്‍ ആയുധ ഇടപാടുകളിലെ ക്രമക്കേടുകള്‍ക്കെതിരെയും കുത്തകമുതലാളിമാര്‍ക്ക് ലഭിക്കുന്ന അനര്‍ഹമായ നേട്ടങ്ങള്ക്കെതിരെയും കോണ്‍ഗ്രസ് ശബ്ദമുയര്‍ത്തുന്നത് യാതൊരു രാഷ്ട്രീയധാര്‍മികതയുടെയും പേരിലല്ല, തെരഞ്ഞെടുപ്പുരംഗത്തെ നേട്ടങ്ങള്‍ക്കായി ജനശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി മാത്രമാണ്. റഫേല്‍ ഇടപാടിനെച്ചൊല്ലി ഇപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ ചെളിവാരിയെറിയല്‍ പൊതുജനത്തെ തൃപ്തിപ്പെടുത്താനുള്ള ഒരു കപടയുദ്ധം മാത്രമാണ്.
പിന്തിരിപ്പന് മുതലാളിത്ത സംവിധാനത്തിന്റെ മുഖമുദ്രയാണ് സര്‍വവ്യാപിയായ അഴിമതി
ഇവിടെ പ്രസക്തമായ കാര്യം, ഒരു ലോകവ്യവസ്ഥ എന്ന നിലയില്‍ മുതലാളിത്തം പഴഞ്ചനും പിന്തിരിപ്പനുമാകുമ്പോള് വ്യാപകമായ അഴിമതി അതിന്റെ മുഖമുദ്രയാകുന്നു. ബോഫോഴ്സ് പീരങ്കി, കാര്‍ഗില്‍ ശവപ്പെട്ടി ഇടപാട്, ആഗസ്റ്റാ വെസ്റ്റ്ലന്റ്, ആദര്‍ശ് ഭവനപദ്ധതി, ഇപ്പോള്‍ റഫേല്‍ എന്നിങ്ങനെ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഓരോ വമ്പന്‍ അഴിമതിയും, മുതലാളിത്ത ഇന്ത്യയുടെ പ്രതിരോധമേഖല അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു എന്നതാണ് തെളിയിക്കുന്നത്. കേന്ദ്രബജറ്റിന്റെ 12% ആയുധങ്ങള്‍ വാങ്ങുന്നതിനും നിര്‍മിക്കുന്നതിനും മാറ്റിവെച്ചുകൊണ്ട്, ലക്ഷക്കണക്കിനുകോടി രൂപയാണ് പ്രതിരോധമേഖലയില്‍ ഇന്ത്യാ ഗവണ്മെന്റ് ചെലവിടുന്നത്. നേരത്തേ, ആയുധങ്ങളുടെ ഉത്പാദനം സര്‍ക്കാര്‍ മേഖലയുടെ കീഴിലായിരുന്നു. എന്നാല്‍ വിനാശകാരിയായ ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയതിനു ശേഷം, പ്രതിരോധം പോലെയൊരു നിര്ണായകമേഖല ഭീമന് കുത്തക മുതലാളിമാരടങ്ങുന്ന സ്വകാര്യമേഖലക്കായി തുറന്നുകൊടുക്കുകയുണ്ടായി. ഈ ദിശയില്‍ ഒരു ചുവടുകൂടി വെച്ചുകൊണ്ട്, ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ പ്രതിരോധ ഉത്പാദനസമ്പ്രദായം സൃഷ്ടിക്കുവാനും വളര്‍ത്തുവാനും ലക്ഷ്യം വെച്ചുകൊണ്ട്, പ്രതിരോധ ഉത്പാദനത്തില്‍ തന്ത്രപ്രധാന പങ്കാളിത്തമെന്ന നയത്തിന് ബിജെപി സര്‍ക്കാര്‍ തുടക്കം കുറിച്ചു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട മേക്ക് ഇന്‍ ഇന്ത്യ മുദ്രാവാക്യത്തിന്റെ മുഖ്യ ഊന്നലും പ്രതിരോധവ്യവസായത്തിലായിരിക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. തെരഞ്ഞെടുത്ത ഇന്ത്യന്‍ കമ്പനികളുടെ തന്ത്രപരമായ പങ്കാളിത്തം ഈ രംഗത്ത് അത്യന്താപേക്ഷിതമാണെന്ന് അവര്‍ വാദിച്ചു. അതു മാത്രമല്ല. നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ സമൂലമായ ഉദാരവല്ക്കരണവും 2016-ല്‍ ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതിന്റെ മറവില്‍, പ്രതിരോധമടക്കമുള്ള പ്രധാന മേഖലകളില്‍ 100% വിദേശനിക്ഷേപം അനുവദിച്ചുകൊണ്ട് സമ്പൂര്ണവിദേശ ഉടമസ്ഥതക്കും വാതില്‍ തുറന്നിട്ടു കൊടുക്കുകയുണ്ടായി. വിദേശനിക്ഷേപം ഇല്ലാതിരുന്നിട്ടുതന്നെ, രാജ്യത്തിന്റെ സംരക്ഷകരാകുമെന്നു പ്രതീക്ഷിക്കുന്ന ഉന്നത സൈനികമേധാവികളും, മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥപ്രമാണിമാരും ഉള്‍പ്പെട്ട എത്രയോ കള്ളക്കളികള്‍ രാജ്യം ഇതിനോടകം കണ്ടുകഴിഞ്ഞു. അത്തരം വില്‍പ്പന ഇടപാടുകളില്‍ നിന്നും വ്യക്തിപരമായ നേട്ടമുണ്ടാക്കിയെന്നതിന് മന്ത്രിമാരുടെ നേരേ പോലും വിരല്‍ ചൂണ്ടപ്പെട്ടിട്ടുണ്ട്. ആയുധ ഇടപാടുകളുടെ മേഖലയിലെ അഴിമതി, കൈക്കൂലി, കമ്മീഷന് എന്നിവയുടെ സാധ്യതകളെ പ്രതിരോധമേഖലയിലെ വിദേശനിക്ഷേപം സംശയലേശമെന്യേ വര്‍ധിപ്പിച്ചിട്ടുണ്ട്. അങ്ങേയറ്റം അഴിമതി പുരണ്ട ഒരു രാഷ്ട്രീയ-വ്യവസായ-സൈനികസങ്കരമാണ് പ്രതിരോധമേഖലയെ ഭരിക്കുന്നത്. കുത്തകകള്‍ക്ക് പണമുണ്ടാക്കുവാനും ലാഭം കുന്നുകൂട്ടുവാനുമായി സര്‍ക്കാര്‍ സന്തോഷത്തോടെ നിയമങ്ങള്‍ ഉണ്ടാക്കുന്നു, മാറ്റുന്നു, വളച്ചൊടിക്കുന്നു. ഇതിനു പകരമായി ബിജെപിയും കോണ്‍ഗ്രസും പോലെയുള്ള ഭരണമുതലാളിത്ത പാര്‍ട്ടികളെ അധികാരത്തിലെത്തിക്കാനും, അല്ലെങ്കില്‍ അധികാരത്തിന്റെ ഇടനാഴികളില്‍ നിറഞ്ഞുനില്‍ക്കാനും രാഷ്ട്രീയമായും സാമ്പത്തികമായും ഈ കുത്തകകള്‍ അവരെ സഹായിക്കുന്നു. ഇതൊരു കൊടുക്കല്‍-വാങ്ങല്‍ ബന്ധമാണ്. അതുവഴി, ദുരിതങ്ങളിലാണ്ട ജനത്തിന്റെ അവസാനത്തെ തുള്ളി രക്തവും ഊറ്റിയെടുത്ത് നിറച്ചിരിക്കുന്ന പൊതുഖജനാവിനെ നിര്‍ദാക്ഷിണ്യം കൊള്ളയടിക്കുന്നു. റഫേല്‍ ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. മഹാനായ മാര്‍ക്സ് പണ്ടേ പറഞ്ഞിട്ടുണ്ട്, ”സ്വകാര്യതാല്‍പ്പര്യങ്ങളുടെ പ്രതിനിധാനം…, സ്വാഭാവികവും ആത്മീയവുമായ എല്ലാ വ്യത്യസ്തതകളെയും ഇല്ലാതാക്കി, പകരം ഒരു പ്രത്യേക ഭൗതികവസ്തുവിന്റെയും, അതിനു അടിമത്തത്തോടെ കീഴ്പ്പെട്ടിരിക്കുന്ന ഒരു പ്രത്യേക അന്തര്ബോധത്തിന്റെയും അധാര്‍മികവും യുക്തിരഹിതവും ഹൃദയശൂന്യവുമായ സംഗ്രഹത്തെ പകരം വെക്കുന്നു..”(ഓണ്‍ ദ് തെഫ്റ്റ് ഓഫ് വുഡ് ഇന്‍ റെയ്നിഷ് സെതൂങ്ങ്) ഈ പ്രവചനം ഇന്നെത്ര കൃത്യമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
പ്രതിരോധച്ചെലവിനുള്ള അമിതപ്രാധാന്യം
അര്ധപ്രാണരും, യാചകരും, രോഗികളും, ആത്മഹത്യാമുനമ്പില്‍ നില്ക്കുന്നവരുമായ ജനങ്ങളെക്കൊണ്ടു നിറഞ്ഞ ഈ രാജ്യത്ത്, സര്‍ക്കാര്‍ മൂന്നു ലക്ഷം കോടി രൂപ, അഥവാ, ബജറ്റിന്റെ 12.5% തുക രാജ്യത്തിന്റെ സൈനികമേദസ്സ് വര്‍ധിപ്പിക്കാനായി വിനിയോഗിക്കുന്നു എന്നത് പ്രത്യേകം പരിഗണിക്കേണ്ട കാര്യമാണ്. സാമ്പത്തികത്തകര്‍ച്ചയുടെ വര്‍ധിക്കുന്ന ദുരിതം, അവശ്യസാധനങ്ങളുടെ ഭീകരമായ വിലവര്‍ധന, പെരുകുന്ന തൊഴിലില്ലായ്മ, തൊഴില്നഷ്ടത്തിലുള്ള വര്‍ധന, കൂലി വെട്ടിക്കുറയ്ക്കല്‍, മറ്റ് ഭീകരമായ സാമ്പത്തിക ആക്രമണങ്ങള്‍ തുടങ്ങിയവയില്പെട്ട് രക്തം വാര്‍ന്നു ദുരിതക്കയത്തില്‍ മുങ്ങുന്ന ദശലക്ഷങ്ങള്‍ക്ക് പരമാവധി സഹായമെത്തിക്കുക എന്ന അടിയന്തരാവശ്യം നിലനില്ക്കുമ്പോള്, യുദ്ധത്തെയും രാജ്യസുരക്ഷക്കുള്ള ഭീഷണിയെയും കുറിച്ചുള്ള ഭയം വളര്‍ത്തി, രാജ്യപ്രതിരോധത്തിന്റെ ആവശ്യത്തിനെന്ന പേരില്‍ വിഭവങ്ങളുടെ ഭൂരിഭാഗവും വകമാറ്റുന്നതിനാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്നത് സത്യമല്ലേ? രാജ്യത്തെ ജനങ്ങളുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കുന്നതിനായി ഏതെങ്കിലും പരിഷ്കൃതസര്ക്കാര് കൃത്രിമമായി പ്രചോദിപ്പിച്ച യുദ്ധഭീതിയെ ഉപകരണമാക്കാന്‍ പാടുണ്ടോ? വാസ്തവത്തില്‍ ഈ യുദ്ധഭ്രാന്തിന് തിരികൊളുത്തുന്നതുതന്നെ രാജ്യത്തിനകത്ത് ശാന്തിയും സമാധാനവും പുലരുന്നതിന് വിഘാതമാണ്. രാജ്യം പുറത്തു നിന്നൊരു ശത്രുവിന്റെ ആക്രമണത്തെ നേരിട്ടാല്ത്തന്നെ, അഴിമതി നിറഞ്ഞ ചാവേര്പട്ടാളമല്ല, മറിച്ച്, പൗരന്മാരുടെ ഉജ്വലമായ രാജ്യസ്നേഹമാണ് സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുവാനുള്ള ഉറപ്പുനല്‍കുന്നത് എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. അപ്പോള്‍ സൈനികശേഷി വര്ധിപ്പിച്ചുകൊണ്ടേയിരിക്കേണ്ട അടിയന്തര ആവശ്യകതയെന്താണ്? ഇതാണ് പ്രധാനചോദ്യം. ഇതിന് ഉത്തരം കണ്ടെത്തുക അത്ര ബുദ്ധിമുട്ടല്ലതാനും.
ജനങ്ങളുടെ ഉത്കണ്ഠകളും താത്പര്യങ്ങളും അവഗണിക്കപ്പെടുന്നു
മുതലാളിത്തത്തിന്റെ നിയമങ്ങളാല്ത്തന്നെ സൃഷ്ടിക്കപ്പെട്ട അപരിഹാര്യമായ കമ്പോളപ്രതിസന്ധിയില്‍ ആണ്ടുമുങ്ങിക്കിടക്കുകയാണ് ലോകമൊട്ടാകെ സാമ്രാജ്യത്വ-മുതലാളിത്തം. നിര്‍ദയമായ മുതലാളിത്ത ചൂഷണത്താല്‍ ജനങ്ങളുടെ ക്രയശേഷി കുത്തനെ ഇടിഞ്ഞപ്പോള്‍, കമ്പോളവും ഉയര്‍ന്ന തോതില്‍ ഞെരുക്കത്തിലായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെയും പ്രതിസന്ധി ഒഴിവാക്കുന്നതിനായി സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങളിലെ ഭരണമുതലാളിവര്‍ഗം, ഓഹരിക്കമ്പോത്തിലെ ഊഹക്കച്ചവടത്തില്‍ മുതലിറക്കുക, സമ്പദ്ഘടനയെ കൂടുതലായി സൈനികല്ക്കരിക്കുക തുടങ്ങിയ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. പ്രതിസന്ധി നിറഞ്ഞ കമ്പോളത്തെ കൃത്രിമമായി ഉത്തേജിപ്പിച്ച് മുതലാളിത്ത സമ്പദ്വ്യവസ്ഥയെ എങ്ങനെയെങ്കിലും മുന്നോട്ടു കൊണ്ടുപോകുകയെന്ന അവരുടെ ആത്യന്തികലക്ഷ്യത്തിന്റെ സമ്മര്ദമാണിതിനുപിന്നില്. തങ്ങളുടെ അടിമസര്ക്കാരുകളിലൂടെ, ഇന്ത്യന്‍ മുതലാളിവര്‍ഗവും കൃത്യമായി ഇതേ പാത തന്നെയാണ് പിന്തുടരുന്നത്. ലോക മുതലാളിത്ത സാമ്പത്തികഘടനയുടെ തീവ്രമാന്ദ്യത്തിന്റെയും കമ്പോളപ്രതിസന്ധിയുടെയും ഈ ദിനങ്ങളില്‍ എല്ലാ മുതലാളിത്തരാജ്യങ്ങളും പിന്തുടരുന്ന സമ്പദ്വ്യവസ്ഥയുടെ സൈനികവല്‍ക്കരണം എന്ന കാര്യപരിപാടിയുടെ അവിഭാജ്യഘടകമാണ് പ്രതിരോധരംഗത്തെ നേരിട്ടുള്ള വിദേശനിക്ഷേപം. ആയുധനിര്മാണത്തിലെ ഈ കുതിപ്പിന്റെ അടിസ്ഥാനത്തില്‍, ആയുധങ്ങളുടെ വില്‍പ്പനക്ക് ഒരു അന്താരാഷ്ട്ര കമ്പോളം ഉണ്ടായിരിക്കുന്നു. സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ടകജഞക) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, 2012 മുതല്‍ 17 വരെയുള്ള കാലയളവില്‍ മൊത്തം ആഗോള ആയുധ ഇറക്കുമതിയുടെ 12% ഇന്ത്യയുടേതാണ്. ഇത് ലോകത്തുതന്നെ ഏറ്റവും കൂടുതലാണ്. അപ്പോള്‍, സ്വദേശിയും വിദേശിയുമായ കുത്തകകളെല്ലാം ഇന്ത്യയിലെ ആയുധനിര്‍മാണത്തിലും, മാറിമാറി വരുന്ന ബൂര്‍ഷ്വാ സര്‍ക്കാരുകളുമായി കൗശലപൂര്‍വം ആവിഷ്കരിക്കുന്ന ആയുധ ഇടപാടുകളിലും അതീവതത്പരരായിരിക്കും.
ദേശീയതയുടേയും ദേശസ്നേഹത്തിന്റെയും ഒരേയൊരു നേരവകാശികള്‍ എന്നു വീമ്പിളക്കുന്ന ബിജെപി സര്‍ക്കാര്‍, യുഎസ് സാമ്രാജ്യത്വമടക്കമുള്ള വമ്പന്‍ മുതലാളിത്തശക്തികള്‍ക്കും അവരുടെ യുദ്ധവില്പ്പനക്കാരായ കൂറ്റന്‍ ബഹുരാഷ്ട്രകമ്പനികള്‍ക്കും എങ്ങനെയാണ് എറെ പ്രാധാന്യവും സൂക്ഷ്മതയും വേണ്ട പ്രതിരോധരംഗത്ത് തന്ത്രപധാനമായ സ്ഥാനം കരസ്ഥമാക്കുവാന്‍ അവസരമുണ്ടാക്കിക്കൊടുക്കുന്നത് എന്ന് നമുക്ക് കാണാവുന്നതാണ്. ഇത് രാജ്യത്തിന്റെ സുരക്ഷക്ക് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇങ്ങനെ, മുഴുവന്‍ പ്രതിരോധരംഗവും അവര്‍ക്ക് തുറന്നിട്ടുകൊടുക്കുന്നതിലൂടെ രാജ്യത്തിന്റെ എല്ലാ സൈനികരഹസ്യങ്ങളും ആയുധശേഖരവും മറ്റ് പ്രധാനപ്പെട്ട സൈനികവിവരങ്ങളും അവരുടെ കൈക്കുമ്പിളിലേക്കാവും എത്തുക. വിദേശബന്ധം സ്ഥാപിക്കുന്ന ദേശീയ സ്ഥാപനങ്ങള്‍, വിദേശശക്തികള്‍ക്ക് ആവശ്യം വന്നാല്‍ ഇന്ത്യന്‍ ജനതക്കുമേല്‍ ചാരപ്രവര്‍ത്തനവും നുഴഞ്ഞുകയറ്റവും അട്ടിമറിയും നടത്താന്‍ സഹായിച്ചേക്കാം. ഇങ്ങനെ, വിദേശസഹായത്തോടെ ആധുനിക ആയുധങ്ങള്‍ നിര്‍മിക്കാനോ വാങ്ങാനോ എന്ന പേരില്‍ ദേശസുരക്ഷയുടെ കാര്യത്തില്‍ ഗുരുതരമായ വിട്ടുവീഴ്ച്ച ചെയ്യുമ്പോള്‍, ആയുധവ്യാപാരികളുടേയും വമ്പന്‍ കോര്‍പ്പറേറ്റുകളുടേയും പണസഞ്ചി നിറയ്ക്കുമ്പോള്‍, അത് രാജ്യത്തെ ശത്രുക്കള്‍ക്ക് വില്‍ക്കുന്നതിന് തുല്യമാകുന്നു.
സാമ്പത്തികാവശ്യത്തിനു പുറമേ ഇന്ത്യന്‍ ബൂര്‍ഷ്വാസിക്ക് ഒരു രാഷ്ട്രീയാവശ്യവുമുണ്ട്. ഇന്ത്യന്‍ മുതലാളിവര്‍ഗം സാമ്രാജ്യത്വസ്വഭാവം ആര്‍ജ്ജിച്ച് പ്രാദേശിക വന്‍ശക്തിയായി ഉയര്‍ന്നുവരാന്‍ ആഗ്രഹിക്കുന്നു എന്ന് രാഷ്ട്രീയ സാമ്പത്തികശാസ്ത്രത്തിന്റെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അറിയാം. അപ്പോള്‍ സാമ്പത്തികശക്തിക്കു പുറമേ അതിന് സൈനികശക്തി കൂടി ഉയര്‍ത്തിക്കാട്ടേണ്ടതുണ്ട്. അതേസമയം തന്നെ, അവര്‍ക്ക് യുഎസ് അടക്കമുള്ള സാമ്രാജ്യത്വ വന്‍ശക്തികളുമായി സൗഹൃദം സ്ഥാപിക്കേണ്ടതുമുണ്ട്. ഇതിനായി സൈനികവല്‍ക്കരിക്കപ്പെട്ട സമ്പദ്ഘടനയുടെ മേഖലയില്‍ സഹകരിക്കുകയും അതുവഴി, തങ്ങളുടെ ഫിനാന്‍സ് മൂലധനം വിദേശകമ്പോളങ്ങളില്‍ നിക്ഷേപിക്കാനുള്ള അവസരമുണ്ടാക്കുകയും, മറ്റു രാജ്യങ്ങളില്‍ ആയുധങ്ങളടക്കമുള്ള ചരക്കുകള്‍ വില്‍ക്കുന്നതിനുള്ള ഇളവുകള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഈ ഉദ്ദേശത്തോടെ, ഇന്ത്യന്‍ ബൂര്‍ഷ്വാ സര്‍ക്കാര്‍ സാമ്രാജ്യത്വ വന്‍ശക്തികളോടൊപ്പം സ്ഥിരമായി സംയുക്ത സൈനികാഭ്യാസങ്ങളില്‍ പങ്കെടുക്കാറുമുണ്ട്. യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ സാമ്രാജ്യത്വശക്തികളുമായി സാമ്പത്തികധാരണകള്, ആണവകരാറുകള്‍, സൈനിക ഉടമ്പടികള്‍ എന്നിവയൊക്കെ ഉണ്ടാക്കി അടുപ്പം വളര്‍ത്താന്‍ ഇന്ത്യയിലെ ഭരണകുത്തകകളെ നിര്‍ബന്ധിതരാക്കുന്ന സാമ്പത്തിക-രാഷ്ട്രീയസമ്മര്‍ദം ആണിത്. മഹാനായ ലെനിന് ഒരിക്കല്‍ നിരീക്ഷിച്ചു:”…കുത്തകവല്‍ക്കരണത്തിനു മുമ്പുള്ള മുതലാളിത്തം-1870 കളിലാണ് അത് അതിന്റെ മൂര്ദ്ധന്യദശയിലെത്തിയത്-അതിന്റെ അടിസ്ഥാനപരമായ സാമ്പത്തികധാരകളുടെ-ഇംഗ്ലണ്ടിലും അമേരിക്കയിലുമാണ് അതിന്റെ സവിശേഷമായ ആവിഷ്കരണം കണ്ടത്- സ്വാധീനം മൂലം സമാധാനത്തോടും സ്വാതന്ത്ര്യത്തോടും താരതമ്യേന പരമാവധി താത്പര്യം കാണിച്ചു എന്നത് അതിനെ വ്യത്യസ്തമാക്കുന്നു. മറുവശത്ത് ഇരുപതാം നൂറ്റാണ്ടോടുകൂടി മാത്രം പക്വമായ സാമ്രാജ്യത്വം, അതായത് കുത്തകമുതലാളിത്തം, സമാധാനത്തോടും സ്വാതന്ത്ര്യത്തോടും വളരെ കുറച്ച് താത്പര്യം മാത്രം കാണിക്കുകയും സൈനികവല്‍ക്കരണത്തിന്റെ സര്‍വ്വവ്യാപിയായ വികാസത്തോട് പരമാവധി താത്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു”(തൊഴിലാളിവര്ഗവിപ്ലവവും വര്‍ഗവഞ്ചകനായ കൗട്സ്കിയും) ഇന്ന് ചരിത്രത്തിന്റെ അനിവാര്യമായ പാതയിലൂടെ സഞ്ചരിച്ച് മുതലാളിത്തം അതിന്റെ മരണമുഖത്തെത്തുകയും, അസാന്മാര്ഗികവും അധാര്‍മികവും സ്വേച്ഛാപരവുമായ എല്ലാ മാര്‍ഗ്ഗങ്ങളും അവലംബച്ചും, അഴിമതി ചവിട്ടുപടിയാക്കിയും നിലനില്‍പ്പിനായി ഉഴലുമ്പോള്‍, മാര്‍ക്സിന്റെ വാക്കുകള്‍ പ്രവചനതുല്യം സ്ഥാപിക്കപ്പെടുകയാണ്.
വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഉണര്ന്നെഴുന്നേല്ക്കണം
ഭരണത്തിന്റെയും അധികാരത്തിന്റെയും ഉയര്‍ന്ന തലങ്ങളില്‍ ശമനമില്ലാതെ വര്‍ദ്ധിക്കുന്ന ഈ അഴിമതിയുടെ ഏറ്റവും വലിയ ദുരിതഫലം സാമ്പത്തികമായും സാമൂഹികമായും ധാര്‍മികമായും സാംസ്കാരികമായും, അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായ, അധ്വാനിക്കുന്ന ജനങ്ങളാണെന്നത് എടുത്തുപറയേണ്ട കാര്യമില്ല. തങ്ങളുടെ വര്‍ദ്ധിക്കുന്ന ദുരിതങ്ങളും ദാരിദ്ര്യവും, അതുപോലെതന്നെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതിയുടെ ഭീഷണമായ വര്‍ദ്ധനവ്, മുതലാളിത്ത വര്ഗതാത്പര്യത്തിന്റെ സേവകരായ പാര്‍ട്ടികള്‍ ജനകീയാവശ്യങ്ങളോടു പുലര്‍ത്തുന്ന കൊടിയ വഞ്ചന, ഇതിന്റെയെല്ലാം പിന്നിലെ സത്യം കണ്ടെത്താന്‍ ജനങ്ങള്‍ക്ക് കഴിയേണ്ടത് അടിയന്തരാവശ്യമായിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും, വോട്ട് അധിഷ്ഠിത ബൂര്‍ഷ്വാ പാര്‍ട്ടികള്‍, പ്രത്യേകിച്ചും കപടമാര്ക്സിസ്റ്റുകളായ സിപിഐ, സിപിഐ(എം) പാര്‍ട്ടികള്‍ മുന്‍പ് തെരഞ്ഞെടുപ്പു താത്പര്യാര്‍ത്ഥം നടത്തിയിരുന്ന ചെറിയ തോതിലെങ്കിലുമുള്ള പ്രതിഷേധമുന്നേറ്റങ്ങളില്നിന്നുപോലും പിന്‍വാങ്ങുകയാണ്. പണത്തിന്റെയും അധികാരത്തിന്റെയും പ്രലോഭനം ചെറുക്കാനാവാത്തതു മൂലം, പാര്ലമെന്റിനുപുറത്തുള്ള സമരങ്ങള്‍ പോകട്ടെ, ഈ വമ്പന്‍ അഴിമതികള്‍ക്കും സാമ്പത്തികവെട്ടിപ്പുകള്ക്കുമെതിരെ പാര്‍ലമെന്റിനുള്ളില്‍ ശബ്ദമുയര്‍ത്താന്‍ പോലും അവര്‍ മുന്‍കൈ എടുക്കുന്നില്ല. ബോഫോഴ്സ് അഴിമതിയുടെ കാലത്തുപോലും ഒരുപാട് ഒച്ചപ്പാടും ബഹളവും ഉണ്ടായിരുന്നു. എന്നാല്‍ അതിന്റെ ഒരംശം പോലും റഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട് കാണാനാകുന്നില്ല. എല്ലാ എതിര്‍പ്പും പ്രതിഷേധവും, സൗമ്യമായ പ്രസ്താവനകളിലോ, മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലുള്ള പരസ്പരനിന്ദയിലോ അവസാനിക്കുന്നു. എന്നാല്‍ ഇത്തരം വൃത്തികെട്ട കളികളുടെ നിശ്ശബ്ദപ്രേക്ഷകരായി ജനങ്ങള്‍ തുടര്‍ന്നാല്‍, ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന ഈ അഴിമതി വിധിഹിതമാണെന്നും അതുകൊണ്ടുതന്നെ പരിഹാരമില്ലെന്നും കരുതിയാല്‍, അവസ്ഥ കൂടുതല്‍ വഷളാവുകയേ ഉള്ളൂ. മുതലാളിത്തം കൂടുതല്‍ പ്രതിസന്ധിഗ്രസ്തമാകും. അധ്വാനിക്കുന്ന ജനലക്ഷങ്ങള്‍ കൂടുതല്‍ ഞെരിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യും. അതേസമയംതന്നെ, ഒരു സംഘം തട്ടിപ്പുകാര്‍, ഇത്തിള്‍ക്കണ്ണികള്‍, അഴിമതിക്കാര്‍, ചോരയൂറ്റിക്കുടിക്കുന്നവര്‍, യാതൊരു ശിക്ഷാഭീതിയുമില്ലാതെ വിജയഭേരി മുഴക്കി മുന്നോട്ടുപോകും. തീര്‍ച്ചയായും അത് അനുവദിക്കാന്‍ പാടില്ല. മുതലാളിത്തം നിലനില്‍ക്കുന്ന കാലത്തോളം ബോഫോഴ്സും റഫേലും പോലെയുള്ള കൂടുതല്‍ സംഭവങ്ങള്‍, ചിലപ്പോള്‍ ഇതിലും കൂടിയ വ്യാപ്തിയിലും അളവിലും ഉണ്ടാകുമെന്നതാണ് സത്യം. ആവശ്യമായ എല്ലാ ഉപാധികളും നിറവേറ്റിക്കൊണ്ട്, ഉചിതമായ പ്രക്രിയ യുക്തിപൂര്‍വം പൂര്‍ത്തീകരിച്ച്, മുതലാളിത്തത്തെ വിപ്ലവകരമായി പുറത്താക്കുന്നതിലൂടെ മാത്രമേ സ്ഥായിയായ പരിഹാരമുണ്ടാവുകയുള്ളു എന്നതും സത്യമാണ്. എന്നാല്‍ അനുയോജ്യമായ സമയത്ത് അത് സംഭവിക്കുന്നതുവരെ, ക്ലേശിക്കുന്ന പ്രക്ഷുബ്ധരായ പൗരന്മാര്ക്ക് പ്രതിരോധം തീര്‍ക്കാന്‍ സാധിക്കില്ല എന്നല്ല. ഇവിടെയാണ് ആവശ്യമായ പ്രബുദ്ധത നേടിയെടുക്കേണ്ടതും, ആ പ്രബുദ്ധത തെളിച്ച ശരിയായ പാതയിലൂടെ മുന്നോട്ടു പോകേണ്ടതും പ്രധാനമാവുന്നത്. ഈ പ്രബുദ്ധത ഒരിക്കല്‍ നേടിയെടുത്താല്‍, അഴിമതിയുടേയും അന്യായപ്രവൃത്തികളുടേയും ഈ കുത്തൊഴുക്കിനെതിരേ ശക്തമായ പ്രതിരോധമായി പ്രവര്‍ത്തിക്കാന്‍ എങ്ങനെ സാധ്യമാവും എന്നതു വെളിവാകും. ഉയര്‍ന്ന, തൊഴിലാളിവര്‍ഗ മൂല്യബോധത്തിലും സംസ്കാരത്തിലും ധാര്‍മികതയിലും ശരിയായ നേതൃത്വത്തിനുകീഴിലും അടിയുറച്ച, ഐക്യ-സംഘടിതമുന്നേറ്റത്തിന്റെ രൂപത്തില്‍ ദൃഢീകരിച്ച, ജനകീയശക്തിയുടെ കരുത്താണത്. ഈ ബഹുജനമുന്നേറ്റത്തിന്റെ അന്തരീക്ഷമാണ്, ഈ മുന്നേറ്റത്തിന്റെ ജീവചൈതന്യം പരിപോഷിപ്പിക്കുന്ന ചിന്താമണ്ഡലമാണ്, അഴിമതികള്‍ക്കും തട്ടിപ്പുകള്‍ക്കുമെതിരെ കാര്യക്ഷമമായ പ്രതിരോധം തീര്‍ക്കുക. ഇതാണ് നമ്മുടെ പാര്‍ട്ടി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. എല്ലാ വ്യത്യാസങ്ങളും മാറ്റിവെച്ച് യോജിച്ച് മുന്നോട്ടു വന്നുകൊണ്ട്, അനിവാര്യമായ ഈ മുന്നേറ്റത്തിന്റെ കുന്തമുനയാകാന്‍ ഒട്ടും വൈകരുതെന്ന് ഒരിക്കല്‍കൂടി ഞങ്ങള്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.