മുസ്ലിം വ്യക്തിനിയമസംരക്ഷണത്തിന്റെ പേരില്‍ ചില സംഘടനകള്‍ ചേര്‍ന്ന് ശൈശവ വിവാഹ നിരോധന നിയമത്തിന് ഇളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ കൈക്കൊണ്ട തീരുമാനം അങ്ങേയറ്റം അപലപനീയമാണെന്ന് അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന സംസ്ഥാന സെക്രട്ടറി ഷൈല.കെ.ജോണ്‍ ഒരൂ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യത്ത് നടന്ന സുദീര്‍ഘമായ പോരാട്ടങ്ങളുടെയും മുന്നേറ്റത്തിന്റെയും ഫലമായി സ്ഥാപിച്ചെടുത്ത ഈ നിയമം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കും സമഗ്രമായ വളര്‍ച്ചയ്ക്കും അടിത്തറയായി മാറിയതാണ്. ഈ ആധുനിക കാലഘട്ടത്തില്‍ അത് അട്ടിമറിക്കപ്പെടുന്നതിനെതിരെ സ്ത്രീ സമൂഹം മുന്നോട്ടുവരേണ്ടിയിരിക്കുന്നു.
ദേശീയതലത്തില്‍ വിദ്യാഭ്യാസ സാമ്പത്തിക രംഗത്ത് പിന്നോക്കം നില്ക്കുന്ന ഒരു സമുദായത്തിന്റെ പുരോഗതിക്ക് വീണ്ടും വിലങ്ങുതടിയാകുകയാണ് ഇത്തരം നേതാക്കളെന്ന് സമുദായാംഗങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവസരം നിഷേധിച്ചുകൊണ്ട് ഒരു സമുദായത്തിനും പുരോഗതി കൈവരിക്കാനാവില്ല. അനാഥരായ പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകും മുമ്പ് അറബിക്കല്ല്യാണത്തിലേക്കും മറ്റും തള്ളിവിട്ട് അവരെ ചൂഷണം ചെയ്യുകയല്ല അവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും നല്കി സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കുകയാണ് സമുദായ സ്നേഹികള്‍ ചെയ്യേണ്ടത്. സങ്കുചിതമായ ലക്ഷ്യങ്ങള്‍ വെച്ച് നടത്തുന്ന ഇത്തരം നീക്കങ്ങളെ മനുഷ്യനന്മ കാംക്ഷിക്കുന്ന ഏവരും ചെറുക്കേണ്ടതാണെന്നും അവര്‍ ആവശ്യപ്പെട്ടു.