റബര്‍ വിലയിടിവിനെതിരെ ഇടതുപക്ഷ ഐക്യമുന്നണി

Spread our news by sharing in social media

റബര്‍ വിലയിടിവിനെതിരെ ഇടതുപക്ഷ ഐക്യമുന്നണി റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ കേന്ദ്ര ആസ്ഥാനത്തേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ചെയര്‍മാന്‍ കെ.എസ്.ഹരിഹരന്‍ ഉല്‍ഘാടനം ചെയ്യുന്നു. സഖാവ് കെ.ആര്‍.സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. വി.വേണുഗോപാല്‍, ടി.എസ്. നാരായണന്‍ മാസ്റ്റര്‍, കെ.പി.ഗോവിന്ദന്‍, പി.സി.ജോളി, ജോര്‍ജ്ജ് മാത്യു കൊടുമണ്‍, മിനി.കെ.ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.

റബര്‍ വിലയിടിവിനെത്തുടര്‍ന്നുണ്ടായിട്ടുള്ള വരുമാനത്തകര്‍ച്ച മൂലം കേരളത്തിലെ 11.5 ലക്ഷത്തോളം വരുന്ന ചെറുകിട-ഇടത്തരം വിഭാഗത്തില്‍പ്പെട്ട റബര്‍ കര്‍ഷകരും ഈ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് ടാപ്പിംഗ് തൊഴിലാളികളും മറ്റുള്ളവരും അതീവഗുരുതരമായ ജീവിത പ്രതിസന്ധിയെ നേരിടുകയാണ്. 245 രൂപയോളം വിലയുണ്ടായിരുന്ന മുന്തിയ ഇനം റബറിന്റെ വില നടപ്പ് മാസത്തില്‍ 118 രൂപയായി ഇടിഞ്ഞിരിക്കുന്നു. കഴിഞ്ഞ 5 വര്‍ഷത്തില്‍വച്ച് ഏറ്റവും കുറഞ്ഞ വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ ആരംഭിച്ച വിലയിടിവ് അനസ്യൂതം തുടരുകയാണ്. റബര്‍ വിലയിടിവിനെത്തുടര്‍ന്ന് നിരവധി കര്‍ഷകര്‍ ടാപ്പിംഗ് തന്നെ നിര്‍ത്തിക്കഴിഞ്ഞു. അതോടെ ടാപ്പിംഗ് തൊഴിലാളികള്‍ ഒന്നടങ്കം തൊഴില്‍ രഹിതരായിരിക്കുന്നു. റബര്‍ മേഖലകളില്‍ വ്യാപാര – വാണിജ്യ രംഗങ്ങളാകെ സ്തംഭനാവസ്ഥയിലാണ്. നിര്‍മ്മാണരംഗത്തെപ്പാലും അത് പ്രതികൂലമായി ബാധിച്ചിരിക്കുന്നു.
കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ റബര്‍ കൃഷിയുടെ ചെലവ് വന്‍തോതില്‍ വര്‍ദ്ധിച്ചു വരികയായിരുന്നു. വളം, കീടനാശിനി, ടാപ്പിംഗ് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വില കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 4 മടങ്ങായാണ് വര്‍ദ്ധിച്ചിട്ടുള്ളത്. ടാപ്പിംഗ് നടത്തിയാല്‍ വീണ്ടും കടബാധ്യതകള്‍ വര്‍ദ്ധിക്കുമെന്നതുകൊണ്ടാണ് നിരവധി കര്‍ഷകര്‍ ടാപ്പിംഗ് നിര്‍ത്താന്‍ നിര്‍ബന്ധിതമായത്. റബര്‍ത്തൈ നട്ട്, 7-8 വര്‍ഷത്തോളം അദ്ധ്വാനവും മുതല്‍ മുടക്കും വിനിയോഗിച്ചതിനുശേഷം മാത്രമാണ് ഉല്‍പ്പാദനം ആരംഭിക്കുന്നത്. ഇപ്രകാരം കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ മുതല്‍ മുടക്ക് നടത്തിയ കര്‍ഷകര്‍ക്ക് ടാപ്പിംഗ് തുടങ്ങാന്‍ പോലുമാവുന്നില്ല എന്നത് വിവരിക്കാനാവാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതം ദുരിതക്കയത്തില്‍ ആഴ്ത്തപ്പെട്ടിരിക്കുന്നു.
കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളും ടയര്‍ വ്യവസായികളും ഊഹക്കച്ചവടക്കാരും ചേര്‍ന്ന് കൊള്ളലാഭത്തെ ലക്ഷ്യമിട്ട് നടത്തുന്ന ആസൂത്രിത നടപടികളാണ് റബറിന്റെ വിലയിടിവിന് പിറകിലുള്ളത്. അനിയന്ത്രിതമായ ഇറക്കുമതി അനുവദിച്ചുകൊണ്ടാണ് ഈ ഗൂഢസംഘം റബറിന്റെ വിലയിടിവിന് വഴി തുറന്നത്. ആസിയാന്‍ കരാര്‍ പ്രകാരം വില കുറഞ്ഞ റബര്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യാന്‍ ടയര്‍ വ്യവസായികളെ ആദ്യം അനുവദിച്ചു. അതിനായി ഇറക്കുമതി ചുങ്കം വന്‍തോതില്‍ വെട്ടിക്കുറച്ചു. (ഇറക്കുമതി ചുങ്കം വന്‍തോതില്‍ വെട്ടിക്കുറച്ച 2001 – 2002 കാലഘട്ടത്തിലും ഈ മേഖലയില്‍ സമാനമായ പ്രതിസന്ധി സൃഷ്ടിക്കപ്പെടുകയുണ്ടായി) 2012ല്‍ റബര്‍ ഇറക്കുമതി 80,000 ടണ്ണായിരുന്നത് 2013ല്‍ 3 ലക്ഷം ടണ്ണായി വര്‍ദ്ധിച്ചു. 2014ലെ ആദ്യ നാലുമാസത്തിനുള്ളില്‍ മാത്രം നടന്ന ഇറക്കുമതി 1.2 ടണ്ണാണ്. അതായത് ഈ വര്‍ഷത്തെ ഇറക്കുമതി 4 ലക്ഷം ടണ്ണായി വര്‍ദ്ധിക്കും. അതായത് 5 മടങ്ങായി വര്‍ദ്ധിക്കുമെന്നര്‍ത്ഥം! അഡ്വാന്‍സ് ലൈസന്‍സിന്റെ മറയില്‍ ഒരു രൂപ പോലും നികുതി നല്‍കാതെയും ടയര്‍ വ്യവസായികള്‍ റബര്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ ക്രമക്കേടുകള്‍ക്ക് ഭരണാധികാരികളും ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയാണ്. അതോടൊപ്പം റബര്‍ ഉല്‍പ്പന്നങ്ങള്‍ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഊഹക്കച്ചവടവും റബറിന്റെ വില നിയന്ത്രിക്കുന്ന ഘടകമാണ്. വിലയെ സ്വാധീനിക്കുന്ന യാതൊരു കാരണവുമില്ലാതെ കൃത്രിമമായി വില ഉയര്‍ത്താനും താഴ്ത്താനും വ്യവസായികളുടെ താല്‍പ്പര്യാര്‍ത്ഥം ഊഹക്കച്ചവടശക്തികള്‍ ശ്രമിക്കുന്നു. വിലയിടിവിന് അതും ഒരും പ്രധാന കാരണമാണ്. റബറിന്റെ വില വന്‍തോതില്‍ ഇടിഞ്ഞിട്ടും ടയറിന്റെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും വില ഒരു രൂപ പോലും കുറഞ്ഞിട്ടില്ല എന്നത് ഈ വിലയിടിവ് കൊള്ളലാഭത്തെ ലക്ഷ്യമിട്ട് വന്‍കിട വ്യവസായികള്‍ സൃഷ്ടിച്ചതാണെന്ന് വ്യക്തമാക്കുന്നു.
റോഡുകള്‍ റബ്ബറൈസ് ചെയ്യാനുള്ള ശുപാര്‍ശ അംഗീകരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകാത്തത് ഇന്‍ഡ്യയ്ക്കുള്ളില്‍ റബറിന്റെ ഡിമാന്റ് വര്‍ദ്ധിപ്പിക്കാന്‍ അവരാഗ്രഹിക്കുന്നില്ല എന്നതുകൊണ്ടാണ്. ഫ്‌നിഷ്ഡ് റബര്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം 7.5ശതമാനമായി വെട്ടിക്കുറച്ചതും റബറിന്റെ ആഭ്യന്തരഡിമാന്റ് കുറയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. റബറിന്റെ ആഭ്യന്തരഡിമാന്റ് വര്‍ദ്ധിക്കുന്നത് റബറിന്റെ വില വദ്ധിപ്പിക്കുമെന്നും അത് ടയര്‍ വ്യവസായികളുടെ കൊള്ളലാഭത്തെ കുറയ്ക്കുമെന്നും ഭരണാധികാരികള്‍ക്ക് അറിയാം. കര്‍ഷകരെ ദ്രോഹിച്ചിട്ടായാലും കുത്തകകളെ സഹായിക്കുമെന്ന സര്‍ക്കാര്‍ സമീപനമാണ് ഇക്കാര്യങ്ങളില്‍ പ്രതിഫലിക്കുന്നത്.
റബര്‍ ബാന്റ് മുതല്‍ വിമാനങ്ങളുടെ ടയര്‍ വരെ ഏകദേശം 2000ഓളം ഉല്‍പ്പന്നങ്ങള്‍ സ്വഭാവിക റബറില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നു. ഇത്രയും വ്യവസായികപ്രാധാന്യമുള്ള അസംസ്‌കൃത വസ്തു, ലോകത്തില്‍ വച്ചേറ്റവും ഗുണമേന്മയോടെ ഉല്‍പ്പാദിപ്പിക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ക്കും അനുബന്ധ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഉണ്ടായിട്ടുള്ള പ്രതിസന്ധി ആത്മാര്‍ത്ഥതയും ഗൗരവസമീപനവും ഉണ്ടെങ്കില്‍ പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ ബോധപൂര്‍വ്വമുള്ള അലംഭാവത്തിന്റെ സമീപനമാണ് മോദി സര്‍ക്കാരില്‍ നിന്നും നാം കാണുന്നത്. റബര്‍ കര്‍ഷകരില്‍ നിന്നും സെസ്സ് ഇനത്തില്‍ പിരിച്ചെടുത്ത തുക 200 കോടിയോളം രൂപ റബര്‍ ബോര്‍ഡിന്റെ കൈവശമുണ്ട്. ടാപ്പിംഗ് നിര്‍ത്തിവയ്ക്കാന്‍ പോലും കര്‍ഷകര്‍ നിര്‍ബന്ധിതമായിരിക്കുന്ന ഈ പ്രതിസന്ധിയുടെ വേളയില്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പരിമിതമായ ഒരാശ്വാസം നല്‍കാന്‍ ഈ തുക വിനിയോഗിക്കാവുന്നതാണ്. അതിനും സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ല. എന്തിന് റബര്‍ കര്‍ഷകര്‍ക്ക് നിയമപരമായി അര്‍ഹതപ്പെട്ട സബ്‌സിഡി പോലും 3 വര്‍ഷമായി റബര്‍ ബോര്‍ഡ് നല്‍കിയിട്ടില്ല. വ്യവസായികളുടെയും കുത്തകകളുടെയും താല്‍പ്പര്യം മാത്രം പരിഗണിക്കുന്ന സര്‍ക്കാരുകള്‍ കര്‍ഷകരുടെ കഷ്ടപ്പാടുകള്‍ പരമപുഛത്തോടെ അവഗണിക്കുകയാണ്. 2 രൂപ അധികം നല്‍കി റബര്‍ സംഭരിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം വെറും തട്ടിപ്പ് മാത്രമാണ്. കിലോമീറ്റുകള്‍ അകലെയുള്ള റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ ഡിപ്പോകളില്‍ റബര്‍ എത്തിച്ചാലും അതിന്റെ വില മാസങ്ങള്‍ കഴിഞ്ഞാലും ലഭിക്കില്ലെന്ന് മുന്‍അനുഭവങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് അറിയാവുന്നതാണ്.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കാട്ടേണ്ടത് ചെപ്പടി വിദ്യകളല്ല. കര്‍ഷകരെ പ്രതിസന്ധിയില്‍നിന്നു രക്ഷിക്കാനുള്ള കാര്യക്ഷമമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് ഇറക്കുമതി നിയന്ത്രിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണം. ഊഹക്കച്ചവടത്തിന്റെ പിടിയില്‍ നിന്നും റബറിനെ ഒഴിവാക്കണം. റബറധിഷ്ഠിത വ്യവസായങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ട് റബറിന്റെ ആഭ്യന്തരഡിമാന്റ് വര്‍ദ്ധിപ്പിക്കാനായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നയനടപടികള്‍ സ്വീകരിക്കണം. അതോടൊപ്പം അടിയന്തിര സഹായം എന്ന നിലയില്‍ ചെറുകിട കര്‍ഷകര്‍ക്കും ടാപ്പിംഗ് തൊഴിലാളികള്‍ക്കും ആശ്വാസം എത്തിക്കണം.
യുപിഎ ഭരണത്തിന്റെ നയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പാക്കുന്ന മോദി സര്‍ക്കാരിനെ നേര്‍വഴിക്ക് കൊണ്ടുവരണമെങ്കില്‍ കര്‍ഷകരുടെ സംഘടിത പ്രക്ഷോഭം വളര്‍ത്തിയെടുക്കുക മാത്രമേ മാര്‍ഗ്ഗമുള്ളുവെന്ന് കര്‍ഷകര്‍ തിരിച്ചറിയണം. കുത്തകകളുടെ താല്‍പ്പര്യം മാത്രം പരിഗണിക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ സാധാരണക്കാരായ ആരെയും വെറുതെവിടില്ല എന്നാണ് റബറിന്റെ വിലയിടിവ് തെളിയിക്കുന്നത്. ഇതേ നയങ്ങള്‍ക്കിരയായി ജീവനോപാധികള്‍ തകരുന്ന മറ്റ് വിഭാഗങ്ങളുടെ പ്രക്ഷോഭ പ്രവര്‍ത്തനങ്ങളുമായി ഐക്യപ്പെട്ടുകൊണ്ട് ശക്തമായ സമരം വളര്‍ത്തിയെടുക്കാന്‍ കര്‍ഷകര്‍ മുന്നോട്ട് വരണം.

Share this