ശബരിമല: സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി സംഘപരിവാർ കേരളത്തെ കലാപഭൂമിയാക്കുന്നു.

Spread our news by sharing in social media

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേരള സംസ്ഥാന കമ്മിറ്റി,
2018 ഒക്‌ടോബർ 22 ന് പുറപ്പെടുവിക്കുന്ന പ്രസ്താവന

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സത്രീകൾക്കും പ്രവേശനം നൽകിക്കൊണ്ട് സുപ്രീം കോടതി സെപ്റ്റംബർ 28ന് പുറപ്പെടുവിച്ച വിധി കേരളത്തിൽ വലിയ സാമൂഹ്യ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുന്നു. വോട്ടിനെ മാത്രം ലക്ഷ്യം വയ്ക്കുന്ന രാഷ്ട്രീയ ശക്തികൾ വിശ്വാസത്തെ വളരെ വൈകാരികമായി സമീപിക്കാൻ പ്രേരിപ്പിക്കുകയും മതവിശ്വാസികളായ സാധാരണക്കാരെ വൻതോതിൽ തെറ്റിദ്ധരിപ്പിക്കുകയുമാണ്.

കഴിഞ്ഞ 12 വർഷം ഈ കേസ്സിന്റെ നടത്തിപ്പിന്റെ ഒരു ഘട്ടത്തിൽപ്പോലും സ്വന്തം വാദങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കാതിരുന്ന ആർഎസ്എസ് – ബിജെപി സംഘപരിവാർ ശക്തികൾ പൊടുന്നനെ യുവതിപ്രവേശനത്തെ ജീവൻ നൽകിയും എതിർക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. യുവതികളുടെ പ്രവേശനം ആവശ്യപ്പെട്ടുകൊണ്ട് 2006-ൽ സുപ്രീം കോടതിയിൽ കേസ്സ് നൽകിയത് സംഘപരിവാറുമായി വളരെ അടുപ്പമുള്ള 5 വനിതാ അഭിഭാഷകരാണെന്ന വസ്തുതയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അപ്പോൾ ഒരു വശത്ത് യുവതികളുടെ പ്രവേശനത്തിനുവേണ്ടി വാദിക്കുകയും അതിൻപ്രകാരം ഒരു വിധി സമ്പാദിക്കാൻ പണിപ്പെടുകയും ചെയ്തിട്ട് വിധി വന്നപ്പോൾ അതിനെ നഖശിഖാന്തം എതിർത്ത് അയ്യപ്പവിശ്വാസികളുടെ നേതൃത്വമാകാൻ ശ്രമിക്കുന്ന ഏറ്റവും നിന്ദ്യമായ ഇരട്ടത്താപ്പാണ് നാമിപ്പോൾ സംഘപരിവാറിൽ നിന്നും കാണുന്നത്.
സുപ്രീം കോടതി വിധി വന്ന ദിവസം വിധിയെ സ്വാഗതം ചെയ്ത് ആർഎസ്എസ് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറായ ആർ.സഞ്ജയൻ ജന്മഭൂമി പത്രത്തിൽ വിധി വന്നതിനുശേഷം ഒക്‌ടോബർ 4ന് എഴുതിയ ലേഖനത്തിൽ സ്ത്രീതീർത്ഥാടകർ വൻതോതിൽ എത്തുന്നത് ഈ ക്ഷേത്രത്തിന്റെ മഹത്വവും പ്രശസ്തിയും വർദ്ധിപ്പിക്കാനേ ഇടയാക്കൂ എന്ന് അഭിപ്രായപ്പെടുകയുണ്ടായി. അങ്ങിനെ വിധി വന്നതിന്റെ അടുത്ത ദിവസങ്ങളിൽ വിധിക്കനുകൂലമായി നിലപാട് എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നവർ പെട്ടെന്ന് കരണംമറിഞ്ഞ് തെരുവിൽ വിധിക്കെതിരെയുള്ള നാമജപഘോഷയാത്രയെ നയിക്കുന്നതായി നാം കണ്ടു. ആർഎസ്എസും ബിജെപിയും സ്വീകരിക്കുന്ന ഇത്രമേൽ കാപട്യം നിറഞ്ഞ നിലപാട്, വോട്ട് മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള മ്ലേഛവും നീചവുമായ ഗൂഢനീക്കമാണെന്ന് സാധാരണജനങ്ങൾ മനസ്സിലാക്കണം. ഈ സംസ്ഥാനത്തെ സാധാരണക്കാരായ മതവിശ്വാസികളെ കൗശലപൂർവ്വം കരുക്കളാക്കി രാഷ്ട്രീയനേട്ടം കൊയ്യാൻ ഒരു കൂട്ടർ ഇറങ്ങിത്തിരിച്ചിരിക്കുകയാണെങ്കിൽ അതിനു അരുനിൽക്കാൻ ആത്മാഭിമാനമുള്ളവർ തയ്യാറാകരുത്. യഥാർത്ഥത്തിൽ സംഘപരിവാർ യുവതിപ്രവേശനത്തിന് എതിരായിരുന്നെങ്കിൽ 2006-ലെ ഹർജിയെ എതിർക്കാൻ നടപടികൾ സ്വീകരിക്കേണ്ടിയിരുന്നില്ലേ? ഇപ്പോൾ പറയുന്ന തന്ത്രവിധികളും ആചാരപാരമ്പര്യങ്ങളും അക്കമിട്ട് നിരത്തി വാദിക്കാമായിരുന്നില്ലേ? ഈ ചോദ്യങ്ങൾ പ്രതിഷേധങ്ങളിൽ അണിനിരന്നിട്ടുള്ള സാധാരണക്കാരായ മതവിശ്വാസികൾ ബിജെപി നേതൃത്വത്തോട് ഉയർത്തണം.
ബിജെപി സംസ്ഥാന അദ്ധ്യക്ഷനാകട്ടെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന പ്രസ്താവനയാണ് പുറപ്പെടുവിച്ചിട്ടുള്ളത്. എൻഡിഎ പന്തളത്തുനിന്ന് തിരുവനന്തപുരത്തേക്കു നടത്തിയ ജാഥയിൽ കൊല്ലം തുളസി എന്ന നടൻ പ്രസംഗിച്ചത് ശബരിമലയിലേക്കു വരുന്ന സ്ത്രീകളെ വലിച്ചുകീറുമെന്നും അതിൽ ഒരു കഷണം സെക്രട്ടേറിയറ്റിലേക്കും മറ്റൊന്ന് ദില്ലിയലേക്കും വലിച്ചെറിയുമെന്നുമാണ്. ഈ പ്രസ്താവനകളും വെല്ലുവിളികളും മതങ്ങൾ ഘോഷിക്കുന്ന ധാർമ്മികതയ്ക്കും മൂല്യങ്ങൾക്കും നിരക്കുന്നതാണെന്ന് തെരുവിൽ പ്രതിഷേധിക്കുന്ന സാധാരണ മതവിശ്വാസികൾ പോലും കരുതുകയില്ല.
സംഘപരിവാർ ശക്തികൾ കേരളത്തിൽ ഉയർത്തുന്ന എതിർപ്പ് വോട്ടിനെ ലാക്കാക്കി മാത്രം ഉള്ളതാണെന്ന് തികച്ചും വ്യക്തമാണ്. ലിംഗ- ജാതി ഭേദമെന്യേ എല്ലാവരെയും ഉൾക്കൊള്ളുന്ന ഹിന്ദുസമൂഹമെന്ന അവരുടെ ‘ഹൈന്ദവ മതപരിഷ്‌കരണ’ത്തിന്റെ ദേശീയ അജണ്ടക്കു നിരക്കുന്നതല്ല ഈ എതിർപ്പെന്ന് പ്രാഥമിക പരിശോധനയിൽത്തന്നെ ബോധ്യപ്പെടും. മഹാരാഷ്ട്രയിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശനി ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവിലക്ക് കോടതി എടുത്തുകളഞ്ഞപ്പോൾ അതിനെ പിന്തുണയ്ക്കുകയും പ്രസ്തുത കോടതി വിധി നടപ്പാക്കാൻ അധികാരം ഉപയോഗിക്കുകയും ചെയ്തവരാണിവർ. അപ്പോൾ യുവതിപ്രവേശനം തന്നെയാണ് ആർഎസ്എസിന്റെ താത്വികനിലപാട്.

സുപ്രീം കോടതി വിധി പുരോഗമനപരമാണോ?
ലിംഗനീതി ഉറപ്പാക്കി എന്നതിനാൽ ഇത് പുരോഗമനപരമായ വിധിയണെന്ന വാദം വളരെ ശക്തമാണ്. വിവേചനം അംഗീകരിക്കാനാവില്ല എന്നതിനാൽ കോടതിയ്ക്ക് ഇതല്ലാതെ മറ്റൊരു മാർഗ്ഗമുണ്ടായിരുന്നില്ല എന്ന വാദവും പരിശോധിക്കപ്പെടേണ്ടതാണ്. ഇന്നു നിലനിൽക്കുന്ന സാമൂഹ്യയാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെടുത്തി മാത്രം ഈ വിധിയെയും വിധിയുടെ സ്വാധീനത്തെയും വിലയിരുത്തണം. അധഃസ്ഥിത ജനതയ്ക്ക് സമൂഹത്തിൽ ഒരു പൊതുഇടവും പ്രാപ്യമല്ലാതിരുന്ന ഒരു നാളിൽ ക്ഷേത്രപ്രവേശനത്തിന് നിർണ്ണായകമായ ഒരു പങ്ക് നിർവ്വഹിക്കാനുണ്ടായിരുന്നു. ബ്രാഹ്മണ്യത്തിന്റെ അധികാരകേന്ദ്രമായ ക്ഷേത്രം തുറന്നുകിട്ടിയതോടെ ക്രമേണ മറ്റ് പൊതുഇടങ്ങളിലേക്കും പ്രവേശനം എളുപ്പമായി. അതിനാൽ ഏറിയ പ്രാധാന്യവും പുരോഗമനത്തിന്റെ ഉള്ളടക്കവും ക്ഷേത്രപ്രവേശനത്തിനു ലഭിച്ചു. എന്നാൽ പിന്നീട് ക്ഷേത്രത്തിൽ പ്രവേശനം ലഭിച്ചവർ ക്ഷേത്രത്തിൽ മയങ്ങുന്ന സ്ഥിതി ഉണ്ടായി. പിന്നീട് സി.കേശവനെപ്പോലുള്ള നേതാക്കൾ അത് ചൂണ്ടിക്കാട്ടുകയുമുണ്ടായി. ശാസ്ത്രീയമായ ജീവിത വീക്ഷണം സ്വീകരിക്കാൻ പരിശീലിപ്പിക്കുകയല്ലല്ലോ ക്ഷേത്രപ്രവേശനത്തിലൂടെ സാധിച്ചത്. ശബരിമലയിലേക്കുള്ള യുവതിപ്രവേശനത്തിന്റെ കാര്യം പരിശോധിച്ചാൽ ഇത്രത്തോളം പോലും പുരോഗമനം കാണാനാവില്ല. കേരളത്തിലെവിടെയാണ് ആർത്തവ അശുദ്ധിയുടെ പേരിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ളത്. വിദ്യാലയങ്ങളിൽ, ഓഫീസുകളിൽ, യാത്രാമാർഗ്ഗങ്ങളിൽ, ഭക്ഷണശാലകളിൽ തുടങ്ങി ആധുനികമനുഷ്യൻ ഇടപെടുന്ന ഒരു പൊതുഇടവും പേരിനുപോലും നമ്മുടെ സംസ്ഥാനത്ത് സ്ത്രീകൾക്ക് അപ്രാപ്യമായി ഇല്ല. നമ്മുടെ വീടുകളിൽപ്പോലും മുമ്പ് ഇക്കാര്യത്തിലുണ്ടായിരുന്ന അശുദ്ധിമനോഭാവം ഏതാണ്ട് പൂർണ്ണമായി അപ്രത്യക്ഷമായി. എന്തെങ്കിലും അവശേഷിക്കുന്നത് വിശ്വാസത്തിന്റെ രംഗത്തുമാത്രമാണ്. കോടതി വിധി ഏറിപ്പോയാൽ ഈ അവശേഷിക്കുന്ന പ്രവേശന വിലക്ക് ഇല്ലാതാക്കും. അത്ര പരിമിതമായ പുരോഗമനമേ ഈ വിധിയിലുള്ളൂ.
വർത്തമാനകാലത്ത് കേരളത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങളിൽ എന്തുമാറ്റമാണ് ശബരിമലപ്രവേശനം വഴി നേടുക. അന്ധതയും യുക്തിരാഹിത്യവും അടക്കിഭരിക്കുന്ന ഒരു രംഗത്തേക്ക് പ്രവേശനം ലഭിക്കുന്നത് വമ്പിച്ച വിപ്ലവമാണെന്ന രീതിയിൽ ചിത്രീകരിക്കുന്നത് ശരിയല്ല. ഏറ്റവും കുറഞ്ഞ പക്ഷം യാഥാർത്ഥ്യബോധത്തോടെ ജീവിതത്തിന്റെ പ്രശ്‌നങ്ങളെ കാണാനും പരിശോധിക്കാനും യുക്തിപരമായി അതിന്റെ പരിഹാരങ്ങൾ കണ്ടെത്താനും പഠിപ്പിക്കുകയല്ലേ ഈ കാലഘട്ടത്തിൽ അടിയന്തരമായി ചെയ്യേണ്ടത്. വർദ്ധിച്ച തോതിൽ സ്ത്രീ തീർത്ഥാടകർ എത്തുന്നത് ശബരിമലയുടെ മഹത്വവും കീർത്തിയും വർദ്ധിപ്പിക്കാനിടവരുത്തുമെന്ന് ആർഎസ്എസ് വിലയിരുത്തിയതാണ് അനന്തരഫലമെങ്കിൽ എന്തുസാമൂഹ്യപുരോഗതിയാണ് അത് സൃഷ്ടിക്കുക. ശാസ്ത്രീയ ജീവിത മനോഭാവത്തിനും ചിന്താഗതികൾക്കും ഇന്നോളം ഉണ്ടായിട്ടുള്ളതിൽ വച്ചേറ്റവും വലിയ തിരിച്ചടി നേരിടുന്ന ഈ വേളയിൽ അന്ധതയിലേക്കുള്ള കൂപ്പുകുത്തിന് ആക്കം വർദ്ധിപ്പിക്കില്ലേ ഈ നടപടി. ഈ പറയപ്പെടുന്ന അളവിലുള്ള ഒരുപുരോഗതിയും അത് സൃഷ്ടിക്കില്ല. വിശ്വാസത്തിന്റെ രംഗത്ത് അവശേഷിക്കുന്ന ആർത്തവ അശുദ്ധിയുടെ മനോഭാവത്തെ ഇല്ലാതാക്കുന്നതിൽ ഈ വിധി വിജയിച്ചുവെന്നുതന്നെ കരുതുക. എന്നാൽ വിശ്വാസം സൃഷ്ടിക്കുന്ന അന്ധതയും യാഥാർത്ഥ്യബോധമില്ലായ്മയും കൂടുതൽ ആളുകളിലേക്ക് പകരാനാണ് അത് ഇട വരുത്തുന്നതെങ്കിൽ അശുദ്ധിയുടെ മനോഭാവത്തേക്കാൾ അത് കൂടുതൽ അപകടം ചെയ്യും.
ആചാര – വിശ്വാസ – മത പരിഷ്‌കരണങ്ങൾ കോടതി വിധികളിലൂടെ മാത്രം സാദ്ധ്യമാകുന്ന ഒന്നല്ല. മഹാഭൂരിപക്ഷം ജനങ്ങളെയും പരിഷ്‌കരണത്തിനനുകൂലമായി ചിന്തിപ്പിക്കുവാൻ നവോത്ഥാന നായകന്മാർക്ക് കഴിഞ്ഞപ്പോഴാണ് കേരളത്തിന്റെ മണ്ണിലെ നിരവധി അനാചരങ്ങൾ അവസാനിച്ചതും പരിഷ്‌ക്കരണങ്ങൾ ഉണ്ടായതും. രാജവാഴ്ചക്കെതിരെയും ദേശീയതക്കുവേണ്ടിയുമുള്ള പ്രക്ഷോഭങ്ങൾ സമൂഹത്തിൽ മേൽക്കൈ നേടിയിരുന്നത് ഇത്തരം സമുദായപരിഷ്‌ക്കരണപ്രവർത്തനങ്ങളെ ചലനാത്മകമാക്കിയിരുന്നു. ഇത്തരം നവീകരണ പ്രവർത്തനങ്ങൾ മതങ്ങൾക്കും സമുദായങ്ങൾക്കും ഉള്ളിൽ നിന്നുതന്നെ ഉയർന്നുവന്നതായിട്ടാണ് നമ്മൾ ചരിത്രത്തിൽ നിന്നും പഠിക്കുന്നത്. ശബരിമലയുടെ പ്രശ്‌നത്തിൽ ലിംഗനീതിയുടെ പ്രശ്‌നമാണ് ഉയർത്തപ്പെടുന്നത് എന്നതിനാൽ അതിനായി വാദിക്കുന്നവർ അത്തരമൊരു അഭിപ്രായരൂപീകരണത്തിനായി കൂട്ടായപ്രവർത്തനം നടത്തണം. വിശ്വാസികളായ സത്രീകളെയും പ്രസ്തുത പ്രവർത്തനത്തിൽ കണ്ണിചേർക്കണം. ക്ഷമാപൂർവ്വമുള്ള ആശയപ്രചാരണത്തിലൂടെ ഏകാഭിപ്രായം രൂപപ്പെടുത്താനും അതിനു ശക്തിവർദ്ധിപ്പിക്കാനും ശ്രമിക്കണം. എന്നാൽ ജനാധിപത്യാന്തരീക്ഷം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇത്തരത്തിലുള്ള ഒരു പ്രവർത്തനവും നടത്താൻ തയ്യാറാകാതെ കോടതിയിലൂടെ കാര്യം നേടുക എന്ന എളുപ്പമാർഗ്ഗം ലക്ഷ്യം നേടാൻ സഹായിക്കില്ല എന്നു മാത്രമല്ല, സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യും

ശബരിമല: വിവേകപൂർവ്വം കൈകാര്യം ചെയ്യുന്നതിൽ
കേരള സർക്കാർ പരാജയപ്പെട്ടു.
നിലവിലുള്ള ഈ സാഹചര്യത്തെ പരിഗണിക്കാതെ, ഒരു വിധിയുടെ സാമൂഹ്യമായ പ്രത്യാഘാതങ്ങളെന്ത് എന്ന് പോലും ഉത്തരവാദപൂർവ്വം ചിന്തിക്കാതെ, നിലപാടെടുക്കുന്നതിനുമുമ്പ് പുലർത്തേണ്ട ജാഗ്രതയും അവധാനതയും പുലർത്താതെയാണ് സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതോടൊപ്പം സാധാരണക്കാരായ വിശ്വാസികളെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിന് വളരെ ബുദ്ധിമുട്ടാണെന്നിരിക്കെ, അവർക്കിടയിൽ നടക്കേണ്ടിയിരുന്ന സംവാദങ്ങളും ചർച്ചകളും നടത്തുന്നതിനും അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനും കേരളസർക്കാരും തയ്യാറായില്ല. സുപ്രീംകോടതി വിധി വന്നപ്പോൾത്തന്നെ ശബരിമലയിൽ സ്ത്രീപ്രവേശനത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ പ്രഖ്യാപിച്ചു. റിവ്യു ഹർജി നൽകുന്നതിനെ സംബന്ധിച്ച് ദേവസ്വം ബോർഡും മന്തിയും പരസ്പരവിരുദ്ധമായാണ് ആദ്യം പ്രതികരിച്ചത്. സാഹചര്യത്തെ നേരിടുന്നതിനെ സംബന്ധിച്ചും ആശയക്കുഴപ്പം നിലനിന്നിരുന്നുവെന്ന് തുടർന്നുണ്ടായ സംഭവവികാസങ്ങൾ തെളിയിച്ചു. സാഹചര്യത്തെ വഷളാക്കാൻ കാത്തിരിക്കുന്ന ശക്തികൾക്ക് അതിനവസരം നൽകാതെ, കഴിയുന്നത്ര ആളുകളെ വിശ്വാസത്തിലെടുത്തുകൊണ്ട്, ജാഗ്രതയോടെ വിഷയത്തെ കൈകാര്യം ചെയ്യേണ്ടതിനുപകരം ധാർഷ്ട്യത്തിന്റെയും ഏകാധിപത്യത്തിന്റെയും പതിവുശൈലിയിൽ സർക്കാരിന്റെ പ്രതിനിധികൾ പ്രതികരിച്ചു. ഏറ്റവുമൊടുവിൽ തങ്ങളുടെ പ്രവൃത്തി സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ച് ഒരാലോചനയുമില്ലാത്ത ചില സ്ത്രീകൾ നട ചവിട്ടാൻ ഒരുമ്പെട്ടപ്പോൾ പോലീസ് കാട്ടിക്കൂട്ടിയ ചെയ്തികൾ സംഘപരിവാറിന്റെ ശക്തികൾക്ക് ബലം പകരുക മാത്രമാണ് ചെയ്തത്. ശബരിമലയെ തകർക്കാൻ സർക്കാർ ആസൂത്രിതമായി നീങ്ങുകയാണെന്ന അർഎസ്എസ് വ്യാജപ്രചാരണത്തിന് സാധൂകരണം ഉണ്ടാക്കുന്ന നടപടികളാണ് പോലീസ് ശബരിമലയിൽ ചെയ്തത്. ശബരിമല പ്രശ്‌നത്തിൽ അമ്പലവിശ്വാസികളുടെ വികാരങ്ങൾ ആളിക്കത്തിക്കാൻ സംഘപരിവാറിന് അവസരമൊരുക്കുന്ന സാഹചര്യം സംസ്ഥാന സർക്കാർ സൃഷ്ടിക്കാൻ പാടില്ലായിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മുൻനിർത്തി കോൺഗ്രസ്സും തങ്ങളുടെ ഇരട്ടത്താപ്പ് പ്രകടമാക്കിയിരിക്കുന്നു. മതവിശ്വാസത്തിന്റെ പേരിലുള്ള മുതലെടുപ്പിന്റെ ഈ മൽസരത്തിൽ ബിജെപിയെ പിറകിലാക്കാൻ കോൺഗ്രസ്സ് ഏറ്റവും വഷളായ നിലപാട് കൈക്കൊണ്ടു. ഭക്തജനങ്ങളുടെ മനോവികാരത്തെ വെല്ലുവിളിച്ചെത്തുന്നവർ ഒരു കാരണവശാലും ദേവസ്ഥാനത്ത് എത്തില്ല എന്നണ് കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ ആക്രോശിച്ചത്. ഈ ആക്രോശങ്ങളും കലാപാഹ്വാനങ്ങളും നമ്മുടെ നാടിന്റെ ജനാധിപത്യ – മതേതര ഘടനയ്ക്കു ഏൽപ്പിക്കുന്ന ആഘാതം എത്രയോ വലുതാണ്.
ജീവിതത്തെ തകർക്കുന്ന ഒട്ടനവധി വിഷയങ്ങൾ സമൂഹത്തെ മഥിച്ചു കൊണ്ടിരിക്കുകയാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവും വരുമാനത്തകർച്ചയും അക്ഷരാർത്ഥത്തിൽ ജനങ്ങളുടെ നട്ടെല്ല് തകർത്തിരിക്കുകയാണ്. അഴിമതിയുടെ വാർത്തകൾ ജനങ്ങളെ ഞെട്ടിക്കുകയാണ്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ അന്തമില്ലാതെ തുടരുകയാണ്. സ്ത്രീയായി ജീവിക്കാൻ അനുവദിക്കാത്ത ഒരു സാമൂഹ്യസാഹചര്യത്തിൽ, അമ്പലപ്രവേശനമോ പ്രവേശനവിലക്കോ എങ്ങിനെ ഒരു പരിഹാരമാകുമെന്ന് നമ്മുടെ ലക്ഷക്കണക്കായ അമ്മമാരും സഹോദരിമാരും ചിന്തിക്കണം. ഒരു നൂറ്റാണ്ടിനുമുമ്പ് സ്ത്രീകളുടെ അന്തസ്സായ ജീവിതത്തിനുവേണ്ടി, വിദ്യാഭ്യാസത്തിനായി, മാന്യമായ വസ്ത്രധാരണത്തിന്റെ അവകാശത്തിനായി ഈ കേരളമാകെ നടത്തിയ പോരാട്ടങ്ങളെ സ്മരിക്കുവാൻ സംസ്ഥാനത്തെ സ്ത്രീസമൂഹത്തോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഇന്നു തെരുവിൽ കാണുന്ന കോലാഹലങ്ങൾ ഈ കേരളത്തെ ഒരു നൂറ്റാണ്ട് പിറകോട്ടുകൊണ്ടുപോകാനിടയാക്കുമെന്ന് ഞങ്ങൾ വിനയപൂർവ്വം ഓർമ്മിപ്പിക്കുന്നു.
യാതൊരു അടിയന്തര പ്രാധാന്യവും ഇല്ലാത്ത ഇത്തരം വിധികൾ സാമൂഹിക അസ്വസ്ഥയും സംഘർഷവും വിതയ്ക്കുവാൻ വർഗ്ഗീയ പ്രതിലോമ ശക്തികൾക്ക് അവസരം ഒരുക്കുക മാത്രമാണ് ചെയ്യുന്നത്. ആരാധനാലയങ്ങളിൽ ആരൊക്കെ പോകണം, പോകണ്ട എന്നത് സമൂഹത്തിന്റെ പൊതു പ്രശ്‌നമല്ലല്ലോ. ജനങ്ങളുടെ ജീവിതത്തിന്റെ യഥാർത്ഥ പ്രശ്‌നങ്ങൾ മറയ്ക്കുന്നതിനും കൃത്രിമ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിടുന്നതിനും വേണ്ടി ബന്ധപ്പെട്ട കക്ഷികളെല്ലാം ആസൂത്രിതമായി സുപ്രീംകോടതി വിധിയെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പ്രളയ ദുരന്തത്തെ നേരിടുന്നതിൽ കേരള സമൂഹം പ്രദർശിപ്പിച്ച ഒത്തൊരുമ പല തൽപ്പരകക്ഷികൾക്കും രുചിച്ചിട്ടില്ല. ഈ ഉദാത്തമായ മനുഷ്യസാഹോദര്യം അവസാനിച്ചുകാണാൻ ആഗ്രഹിക്കുന്ന ശക്തികളാണ് അമ്പലപ്രവേശനം ഒരു വിഷയമാക്കി കൊണ്ടുവരുന്നത്. ജീവൽപ്രശ്‌നങ്ങളെ ആധാരമാക്കിയുള്ള സാധാരണക്കാരന്റെ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കാൻ ജനങ്ങളുടെ ഐക്യത്തെ പ്രാണനെപ്പോലെ ഗണിക്കണെമെന്നും മുതലെടുപ്പിന്റെ ശക്തികൾക്ക് ഇരകളാകരുതെന്നും എസ്‌യുസിഐ(സി) ഏവരോടും അഭ്യർത്ഥിക്കുന്നു.

Share this