സാലറി ചലഞ്ച്: സർക്കാർ ജീവനക്കാരോടുള്ള വെല്ലുവിളി

Spread our news by sharing in social media

ഒരു ചലഞ്ചുമില്ലാതെതന്നെ ദുരിതാശ്വാസ സംഭാവനകൾ നൽകിയവരും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കെടുത്തവരും പ്രളയത്തിൽ നഷ്ടം അനുഭവിച്ചവരുമാണ് സർക്കാർ ജീവനക്കാർ. പക്ഷേ 11-9-2018ലെ ഉത്തരവ് ജീവനക്കാരോടുള്ള വെല്ലുവിളിയും ഭീഷണിയുമാണ്.

അദ്ധ്യാപകർ, ജീവനക്കാർ, പെൻഷൻകാർ എന്നിവരുടെ ഒരു മാസത്തെ ശമ്പളമാണ് നവകേരള സൃഷ്ടിക്കുവേണ്ടി സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ അനുകൂല സംഘടനകളുടെയും വാർത്താമാധ്യമങ്ങളുടെയും സഹായത്തോടെ ജീവനക്കാരെ സമ്മർദ്ദത്തിലാക്കാനുള്ള നടപടി ഇതിനകം സർക്കാർ തുടങ്ങിക്കഴിഞ്ഞു. 13-9-2018ൽ ധനകാര്യവകുപ്പിൽ വിസമ്മതമറിയിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിക്കൊണ്ടും പിന്നീട് മാപ്പപേക്ഷയുടെ അടിസ്ഥാനത്തിൽ തിരിച്ചെടുത്തുകൊണ്ടുമുള്ള നാടകീയ സംഭവങ്ങളിലൂടെ വിസമ്മതമറിയിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പ് സർക്കാർ നൽകിക്കഴിഞ്ഞു. സാലറി ചലഞ്ച് അക്ഷരാർത്ഥത്തിൽ ഉദ്യോഗസ്ഥർക്ക് ഒരു വെല്ലുവിളിയും ഭീഷണിയുമായി മാറിക്കഴിഞ്ഞിരിക്കുന്നു.

സർക്കാർ ഉദ്യോഗസ്ഥർ പൊതുവേ അനർഹമായ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന വിഭാഗമാണ് എന്ന പ്രതീതി സർക്കാർ ഒത്താശയോടെ മാധ്യമങ്ങളും സോഷ്യൽമീഡിയ കൂലി എഴുത്തുകാരും സൃഷ്ടിച്ചിട്ടുണ്ട്. പ്രളയദുരന്തത്തിൽപ്പെട്ടവരിൽ സർക്കാർ ജീവനക്കാരുമുണ്ട്. ദുരന്തത്തിന്റെ ഒന്നാം ദിവസംമുതൽ ദുരന്തബാധിതർക്കുള്ള സാധനസാമഗ്രികളായും, ബക്കറ്റും രസീതുമായി സമീപിച്ച രാഷ്ട്രീയ പാർട്ടികൾക്കും സാമൂഹ്യ സംഘടനകൾക്കും സംഭാവനയുമായും ശുചീകരണപ്രവർത്തനങ്ങളിൽ നേരിട്ടും അല്ലാതെയും സഹകരിച്ചും കഴിവിനൊപ്പവും അതിനപ്പുറവും സഹായം ചെയ്തുകഴിഞ്ഞവരാണ് സർക്കാർ ഉദ്യോഗ്സ്ഥർ. സർവ്വീസ് സംഘടനകൾ നടത്തിയ വലിയ പിരിവുകളിലും സഹകരിച്ചിട്ടുണ്ട്. സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ വഴിയും സംഭാവനകൾ നൽകിയിട്ടുണ്ട്.

കനത്ത ശമ്പളത്തിനുപുറമേ തൊട്ടതിനും പിടിച്ചതിനും അലവൻസുകൾ കൈപ്പറ്റുന്ന ഉദ്യോഗസ്ഥൻമാരിലെ വരേണ്യവർഗ്ഗത്തെയും ശരാശരി സർക്കാർ ഉദ്യോഗസ്ഥർ എന്ന വിഭാഗത്തിൽപ്പെടുന്ന, മാസത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന ജീവനക്കാരെയും ഒരേനിലയിൽ കണക്കാക്കിയിരിക്കുന്ന സർക്കാർ കടുത്ത അനീതിയാണ് കാണിക്കുന്നത്. താഴെക്കിടയിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് 1957ലെ ലേബർ കോൺഫറൻസ് മിനിമം വേതനമായി അംഗീകരിച്ചതിൽനിന്നും വളരെക്കുറഞ്ഞ തുക മാത്രമേ ശമ്പളമായി കിട്ടുന്നുള്ളൂ എന്ന വസ്തുത ഈ സാമാന്യവത്ക്കരണത്തിന്റെ അപകടം വെളിവാക്കുന്നു. ഉത്സവബത്ത തിരിച്ചടവ്, പിഎഫ് വായ്പാ തിരിച്ചടവുകൾ, പെൻഷൻ അടവ് എന്നിവയെല്ലാം കഴിഞ്ഞ് വാടകവീട്ടിൽ കഴിയുന്ന ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനിൽനിന്നും മൊത്തം മാസശമ്പളത്തിന്റെ പ ത്തുശതമാനം മാസംതോറും പിടിച്ചാൽ പിന്നെ ബാക്കി എത്രയുണ്ടാകും.
അതിസമ്പന്നരിൽനിന്ന് അവരുടെ വരുമാനത്തിന്റെ ഒരു വിഹിതം നിർബന്ധപൂർവ്വം ആവശ്യപ്പെടാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. കേരളത്തിന്റെ തോട്ടംമേഖല അടക്കിവാഴുന്ന ടാറ്റയെപ്പോലുള്ള കുത്തകകൾ, വൻകിട സ്വർണ്ണവ്യാപാരികൾ, ഇന്ത്യയൊട്ടാകെ പടർന്നിരിക്കുന്ന കേരളത്തിലെ ഫിനാൻസ് മുതലാളിമാർ, സ്വശ്രയകോളജ് ഉടമാ സംഘങ്ങൾ, മദ്യമുതലാളിമാർ, കേരളത്തിൽനിന്ന് കോടികൾ കൊയ്യുന്ന റീട്ടെയ്ൽ ഭീമന്മാർ തുടങ്ങി ഒരു പരിധിവരെ നിലവിലെ പരിസ്ഥിതി ദുരന്തത്തിന് കാരണക്കാരായ റിസോർട്ട്, ക്വാറി മാഫിയ സംഘത്തിനോടുപോലും തങ്ങളുടെ അറ്റാദായത്തിന്റെ ഒരു ഭാഗം സർക്കാർ നിർബന്ധപൂർവ്വം ആവശ്യപ്പെട്ടിട്ടില്ല. രവിപിള്ള, സണ്ണിവർക്കി, ക്രിസ് ഗോപാലകൃഷ്ണൻ, ആസാദ് മൂപ്പൻ, ഷിബുലാൽ, യൂസഫ് അലി, പി.എൻ.സി മേനോൻ, കല്യണരാമൻ, ജോർജ്ജ് മുത്തൂറ്റ്, അരുൺകുമാർ എന്നീ മലയാളികളായ അതിസമ്പന്നന്മാരുടെ മാസവരുമാനത്തിന്റെ പത്തുശതമാനം വാങ്ങി എടുത്താൽത്തന്നെ 10000കോടി രൂപ കിട്ടും. ഇതിനൊന്നും തയ്യാറാകാതെ ശരാശരി സർക്കാർ ജീവനക്കാരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്നതിന് മുതിരുകയാണ് സർക്കാർ.
2002ലാണ് ഇതുപോലെയൊരു ചലഞ്ച് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവന്നത്. വായ്പയ്ക്കുവേണ്ടിയുള്ള ലോകബാങ്കിന്റെ നിർദ്ദേശങ്ങൾക്കനുസരണമായാണ് ആന്റണി സർക്കാർ അത്തരം നടപടികൾക്ക് ഒരുങ്ങിയത്. അന്ന് 32 ദിവസത്തെ ശമ്പളം സർക്കാരിന് നൽകിക്കൊണ്ടാണ് ജീവനക്കാർ ആ ചലഞ്ച് ഏറ്റെടുത്തത്. ഇത്തവണയും ലോകബാങ്ക് ഉദ്യോഗസ്ഥരുടെ ചർച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി സാലറി ചലഞ്ചുമായി വന്നത് എന്നത് യാദൃശ്ചികം എന്ന് തത്ക്കാലം കരുതാം. ധനകാര്യമന്ത്രി തോമസ് ഐസക് 2002നെ ഓർമ്മപ്പെടുത്തുകയും ചെയ്തു.

റവന്യൂ വരുമാനത്തിന്റെ ഭീമമായ ഭാഗവും ശമ്പളത്തിനും പെൻഷനും ചെലവാക്കുന്നു എന്നുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർ വായ്പാതിരിച്ചടവിന് ചെലവാകുന്ന തുക സംബന്ധിച്ച് കൃത്യമായ കണക്ക് അവതരിപ്പിക്കാൻ തുനിയാറില്ല. കേരളത്തിന്റെ ഏറ്റവും വലിയ റവന്യൂ ചെലവ് വായ്പാതിരിച്ചടവാണ്. കേരളം ഇന്നുവരെ എടുത്ത വായ്പകളും അതുമൂലം കേരള സമൂഹത്തിനുണ്ടായ ഭൗതിക നേട്ടവും കൃത്യമായി വെളിവാക്കാൻ തയ്യാറാകണം. കേരളത്തിലെ പൊതുവിദ്യാഭ്യാസം തച്ചുടച്ച ഡിപിഇപി തുടങ്ങിയ പദ്ധതികൾക്ക് കൈപ്പറ്റിയ തുകയും ഈ വായ്പകണക്കിൽ വരും എന്നുള്ളത് കൗതുകകരമായിരിക്കും. ലോകബാങ്കിൽനിന്ന് വായ്പയെടുത്ത് അവരുടെ ജനവിരുദ്ധ വ്യവസ്ഥകൾ നടപ്പിലാക്കി കേരളത്തെ നാശത്തിലേയ്ക്ക് നയിക്കുന്ന ഈ ലോണോമിക്‌സിന്റെ ഇരകളായി സർക്കാർ ജീവനക്കാരെ മാറ്റരുത്.
പ്രകൃതി ദുരന്തം മുതലാക്കിക്കൊണ്ട് ഭരണവർഗ്ഗം എപ്പോഴും തൊഴിലാളിവിരുദ്ധ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു. 2005ൽ കത്രീനകൊടുങ്കാറ്റിന്റെ പേരിൽ അമേരിക്കയിലെ തൊഴിലാളികളുടെ വേതനം വെട്ടിച്ചുരുക്കിയ കാര്യം ഓർക്കുക. നാളുകളായി നടപ്പിലാക്കാൻ കരുതിയിരുന്ന ഈ അനീതി കൊടുങ്കാറ്റു സൃഷ്ടിച്ച ആഘാതത്തിന്റെ മറവിൽ നടപ്പിലാക്കുകയായിരുന്നു. പത്തുശതമാനം ശമ്പളക്കുറവിനോട് പത്തുമാസംകൊണ്ട് പൊരുത്തപ്പെടുന്ന സർക്കാർ ജീവനക്കാരൻ 2019ൽ പ്രാബല്യത്തിൽ വരേണ്ടിയിരിക്കുന്ന ശമ്പളപരിഷ്‌ക്കരണത്തെപ്പറ്റി മിണ്ടില്ല എന്നും കണക്കുകൂട്ടുന്നുണ്ടാകും. ജീവനക്കാരോടുള്ള പല ചലഞ്ചുകളും ഇങ്ങനെ അന്തരീക്ഷത്തിലുണ്ട്.

ഇതിനെ കീഴ് വഴക്കമാക്കിക്കൊണ്ട് വ്യവസായ തൊഴിൽ മേഖലയിലോ വൻകിട കാർഷിക സംരഭങ്ങളിലോ ഉണ്ടാകുന്ന അപകടങ്ങൾ പ്രകൃതി ക്ഷോഭം, മാന്ദ്യം മുതലായവമൂലമുണ്ടാകുന്ന ലേ ഓഫ് തുടങ്ങിയ ദുരിതങ്ങൾക്കിരയാകുന്ന തൊഴിലാളികളെ സഹായിക്കാനെന്ന പേരിൽ മറ്റുതൊഴിലാളികളുടെ ആനുകൂല്യങ്ങൾ പ ിടിച്ചെടുക്കാൻ ന്യായംകിട്ടും. വിയോജിക്കുന്നവരെ മനുഷ്യത്വമില്ലെന്നാരോപിച്ച് നാണം കെടുത്തുകയോ ശിക്ഷിക്കുകപോലുമോ ചെയ്യാം. അതോടൊപ്പം മുതലാളി ചൂഷണം ചെയ്തുണ്ടാക്കിയ കൊള്ളലാഭത്തിന് കോട്ടം തട്ടാതെയും നോക്കാം.

ലോകമെമ്പാടുംനിന്ന് വന്ന സഹായവാഗ്ദാനങ്ങൾ ദുരുദ്ദേശത്തോടെ നിരസിച്ച കേന്ദ്രസർക്കാരിനുമേൽ ജനകീയ സമ്മർദ്ദം ചെലുത്തി തീരുമാനം മാറ്റിക്കുന്നതിനോ പൂർണ്ണകേന്ദ്രസഹായം നേടിയെടുക്കാനോ ഉള്ള ക്രിയാത്മകമായ നടപടിയൊന്നും സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല. നാളിതുവരെ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കെടുക്കുകയോ അത് കേന്ദ്രത്തെ ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. 5000കോടി എന്നു പറഞ്ഞുതുടങ്ങിയ നാശനഷ്ടങ്ങളുടെ കണക്ക് ഇപ്പോൾ 50000 കോടി എത്തി നിൽക്കുന്നു. 3800 കോടി രൂപ ജീവനക്കാരിൽനിന്ന് പിരിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ കേന്ദ്രത്തിന് നൽകിയതാകട്ടെ വെറും 4900 കോടി രൂപയുടെ നഷ്ടക്കണക്കാണ്. ഇനി കേന്ദ്രസർക്കാർ പൂർണ്ണസഹായം നൽകാതെ കടുംപിടുത്തം കാട്ടുകയാണെങ്കിൽതന്നെ സാധാരണക്കാരനെ ബാധിക്കാത്ത മറ്റുമാർഗ്ഗങ്ങൾ തേടാം. ഉദാഹരണത്തിന് ആരാധനാലയങ്ങളിൽ കെട്ടിക്കിടക്കുന്ന നിധികളുടെ ഒരു ഭാഗം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവനയായി സ്വീകരിക്കുന്ന കാര്യം പരിഗണിക്കാം. കേരളത്തിലെ ക്ഷേത്രങ്ങളോട് ഒരു ബിജെപി എംപിതന്നെ ഈ അഭ്യർത്ഥന നടത്തിക്കഴിഞ്ഞു. അതിസമ്പന്നർ ഉപയോഗിക്കുന്ന ആഡംബര വസ്തുക്കൾക്കും അവരുടെ വരുമാനത്തിനും ഉയർന്ന നികുതി ഈടാക്കാം. അതൊന്നും സർക്കാർ പണ്ഡിതന്മാരുടെ ചിന്തയിൽ വരുന്നില്ല.

പ്രകൃതി ദുരന്തത്തെയോ യുദ്ധത്തെയോ തുടർന്നുണ്ടാകുന്ന പുനർനിർമ്മാണ പ്രക്രിയ മൂലധനശക്തികളെ സംബന്ധിച്ചിടത്തോളം എല്ലായ്‌പ്പോഴും വലിയ ലാഭം കൊയ്യാനുള്ള സുവർണ്ണാവസരമാണ്. എഡിബി, കെപിഎംജി തുടങ്ങിയ സ്ഥാപനങ്ങളെ രംഗത്തിറക്കിയിരിക്കുന്നത് കടം എടുത്ത് വികസന സംരഭങ്ങൡലൂടെ മുതലാളിമാർക്ക് ലാഭം കൊയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനായാണ്. ദുരിതബാധിതർക്ക് നാമമാത്രമായ സഹായം നൽകിക്കൊണ്ട് ഈ കടംവാങ്ങിയ പ ണം മുഴുവൻ നാട്ടിൽ ഇല്ലാത്ത നിരക്കിൽ പാലവും റോഡും നിർമ്മിക്കാൻ വിനിയോഗിക്കും. ഇതിന്റെപേരിലുള്ള ബാദ്ധ്യതയും പലിശയും ധനക്കമ്മിയും പലതരം നികുതി സെസ്സുകളുടെ രൂപത്തിൽ ദുരിതബാധിതർ ഉൾപ്പെടെയുള്ള ജനങ്ങളുടെ തലയിൽ വന്നുപതിക്കും. ഈ പ്രളയദുരന്തത്തിനിടയിലാണ് ഇന്ധനവില വർദ്ധനവിലൂടെ കേന്ദ്രസംസ്ഥാന സർക്കാരുകൾ നൂറുകണക്കിന് കോടി രൂപ നാട്ടുകാരുടെ കൈയിൽനിന്ന് തട്ടിയെടുത്തത്. കൂടാതെ ജിഎസ്ടിക്ക് പത്തുശതമാനം സെസ്സു ചുമത്താൻ നീക്കം നടത്തുന്നു.
സർക്കാർ ഉദ്യോഗസ്ഥർകൂടെ ഉൾപ്പെട്ടതാണ് ഈ സമൂഹം. പ്രളയകെടുതിയിൽ പെട്ടവരും അവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയവരിലും സർക്കാർ ഉദ്യോഗസ്ഥരുണ്ട്. സഹജീവികളോടുള്ള സ്‌നേഹവും മനുഷ്യത്വവുമാണ് അതിന് പ്രേരണയായത്. സർക്കാർ ഉദ്യോഗസ്ഥന്റെ മനുഷ്യത്വം അളക്കാൻ സർക്കാർ കൊണ്ടുവന്ന ഈ സ്‌കെയിൽ ഇവിടെ ചെലവാകില്ല. ജോലി ചെയ്തു ലഭിക്കുന്ന കൂലി അഥവാ ശമ്പളം കാരുണ്യ പ്രവർത്തനങ്ങൾക്കുൾപ്പെടെ എങ്ങനെ വിനിയോഗിക്കണം എന്നു തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം ഏതൊരാളെയുംപോലെ സർക്കാർ ഉദ്യോഗസ്ഥർക്കും ഉണ്ട്. ആയതിനാൽ 11-9-2018 ലെ 144/ 2018/ധനനമ്പർ എന്ന കറുത്ത ഉത്തരവ് പിൻവലിച്ച് ഉദ്യോഗസ്ഥർക്ക് ആത്മാഭിമാനത്തോടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടാക്കുകയാണ് വേണ്ടത്.

Share this