മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് ബിനു ബേബി അഭിപ്രായപ്പെട്ടു. ഇതര സംഘടനകളുടെ ജനാതിപത്യാവകാശങ്ങൾ കൈയ്യൂക്കിന്റെ ബലത്തിൽ നിഷേധിക്കുന്നവരെ ഒറ്റപ്പെടുത്തേണ്ടതിന്റെ അനിവാര്യതയാണ് ഈ കൊലപാതകം വെളിവാക്കുന്നത്. വിദ്യാർത്ഥീ രാഷ്ട്രീയത്തെ അക്രമവത്കരിക്കുന്ന നിരവധിയായ നീക്കങ്ങൾ കാലങ്ങളായി നമ്മുടെ കാമ്പസുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ അധികാരികൾ പുലർത്തിയ നിസ്സംഗതയാണ് അഭിമന്യുവിന്റെ കൊലപാതകത്തിലെത്തുവാൻ കാരണമായത്. കാമ്പസുകളുടെ ജനാതിപത്യ അന്തരീക്ഷം പുനസ്ഥാപിക്കുവാൻ ആരോഗ്യകരമായ രാഷ്ട്രീയ പ്രവർത്തനം ആവശ്യമാണെന്നാണ് ഈ കൊലപാതകം വിരൽചൂണ്ടുന്നത്. വർഗ്ഗീയ ശക്തികളെ ചെറുക്കാനും ഇതാവശ്യമാണ്. അഭിമന്യു ഉൾപ്പടെയുള്ള അക്രമരാഷ്ട്രീയത്തിന്റെ ഇരകളോടുള്ള ആദരുസൂചകമായി വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മഹത്വം വീണ്ടെടുക്കുകയെന്ന മുദ്രാവാക്യം കൂടുതൽ ശക്തമായി വിദ്യാർത്ഥി സമൂഹം ഏറ്റെടുക്കണമെന്നും ബിനു ബേബി അഭ്യർത്ഥിച്ചു.