സഖാവ് സി.കെ.ലൂക്കോസിന് ലാൽസലാം

Spread our news by sharing in social media

എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ മെമ്പറും മുൻ കേരള സംസ്ഥാന സെക്രട്ടറിയും എഐയുടിയുസിയുടെ ദേശിയ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ സഖാവ് സി.കെ.ലൂക്കോസ്(71) 2019 ഫെബ്രുവരി 13ന് രാവിലെ 6.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അന്തരിച്ചു.

ദീർഘകാലമായി പാർക്കിൻസൺസ് രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. വിദ്യാർത്ഥി ആയിരിക്കവെ, കേരളത്തിൽ എസ്‌യുസിഐ പ്രസ്ഥാനത്തിന്റെ പ്രവർത്തനം ആരംഭിച്ച നാൾമുതൽ സംഘാടനത്തിന്റെ ചുമതലയെടുത്ത് സഖാവ് മുന്നോട്ടുവന്നു. പ്രാരംഭനാളുകളിലെ എല്ലാത്തരം ക്ലേശങ്ങളും സന്തോഷപൂർവ്വം ഏറ്റെടുത്തുകൊണ്ട് പാർട്ടിയുടെ മുൻനിരയിൽനിന്ന് അദ്ദേഹം സംഘാടനം നടത്തി. ആദ്യകാലത്തെ പ്രമുഖ സംഘാടകനായിരുന്ന സഖാവ് വി. നടരാജന്റെ അകാല നിര്യാണത്തെത്തുടർന്നുണ്ടായ സംഘടനാസാഹചര്യം നേരിടുവാൻ പാർട്ടി നടത്തിയ പോരാട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചു.

പാർട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. പിന്നീട് 1988ൽ സംസ്ഥാന സമ്മേളനത്തിലൂടെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സംസ്ഥാന സെക്രട്ടറിയായി. കേരളമെമ്പാടും പാർട്ടി സംഘടനയ്ക്കുള്ളിൽ അനിതരസാധാരണമായ കൂട്ടായ്മയും കെട്ടുറപ്പും നേടിയെടുക്കുന്നതിന് അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ ചലനാത്മകമായ നേതൃത്വത്തിൻകീഴിൽ കേരളമെമ്പാടും പാർട്ടി സംഘടിപ്പിക്കപ്പെട്ടു. സംസ്ഥാന സെക്രട്ടറി എന്ന സ്ഥാനം ഏറ്റെടുക്കുമ്പോൾ ഏതാനും ജില്ലകളിൽ ഒതുങ്ങിനിന്നിരുന്ന പ്രവർത്തനം കേരളത്തിലെ 14 ജില്ലകളിലേക്കും വ്യാപിച്ചത് സഖാവിന്റെ സവിശേഷമായ നേതൃത്വത്തിൻ കീഴിലായിരുന്നു

. ശരിയായ വിപ്ലവ ട്രേഡ് യുണിയൻ പ്രസ്ഥാനമായ എ.ഐ.യു.റ്റി.യു.സിയെ സംസ്ഥാനത്ത് വളർത്തിയെടുക്കുന്നതിൽ സുപ്രധാനമായ പങ്കാണ് സഖാവ് സി.കെ.ലൂക്കോസ് വഹിച്ചത്. ആഗോളവൽക്കരണനയങ്ങൾ സൃഷ്ടിച്ച പ്രത്യാഘാതങ്ങളും കേരളത്തിന്റെ വഷളായിവരുന്ന സാമൂഹ്യസാഹചര്യവും നിരീക്ഷിച്ചുകൊണ്ട് ഒരു ജനകീയ സമരപ്രസ്ഥാനമെന്ന നിലയിൽ ജനകീയ പ്രതിരോധ സമിതി രൂപീകരിക്കാനുള്ള ആശയം മുന്നോട്ടുവച്ചത് സഖാവ് സി.കെ.ലൂക്കോസാണ്. കേരളത്തിന്റെ സമരചരിത്രത്തിൽ അത് നിർണ്ണായകമായ ചുവടുവയ്പായി. ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരെപ്പോലെ കേരളത്തിലെ തലയെടുപ്പുള്ള വ്യക്തിത്വങ്ങളാകെ ജനകീയ പ്രതിരോധ സമിതിയിൽ അണിനിരന്നു. നിരവധിയായ പ്രക്ഷോഭങ്ങൾ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നടന്നു. ഇത് പാർട്ടിയുടെ വളർച്ചയ്ക്ക് വലിയ സംഭാവന നൽകി.

ബ്രേക്ത്രൂ സയൻസ് സൊസൈറ്റിയുടെ പ്രവർത്തനം സംസ്ഥാനത്ത് ആരംഭിക്കുന്നതും സഖാവ് ലൂക്കോസിന്റെ മാർഗനിർദ്ദേശത്തിലാണ്. കേരളമെമ്പാടും വിശ്രമരഹിതമായി അദ്ദേഹം സഞ്ചരിച്ചു. നൂറുകണക്കിന് സഖാക്കളുടെ വ്യക്തിഗത പ്രശ്‌നങ്ങൾക്ക് മാർക്‌സിസത്തിന്റെയും സഖാവ് ശിബ്ദാസ്‌ഘോഷ് ചിന്തയുടെയും വെളിച്ചത്തിൽ മാർഗ്ഗനിർദ്ദേശം നൽകി. അവരെ വളർത്തിയെടുത്ത്, കഴിവുറ്റ സഖാക്കളാക്കി. കേരളത്തിലെ ഇന്നത്തെ സംസ്ഥാന കമ്മിറ്റിയെ ബലവത്തായി രൂപപ്പെടുത്തിയെടുക്കുന്നതിൽ വളരെ പ്രമുഖമായ പങ്കുവഹിച്ചു.

കേരളത്തിൽ നൂറുകണക്കിന് പാർട്ടി സംഘാടകരെ വളർത്തിയെടുത്തതും സഖാവ് സി.കെ.ലൂക്കോസായിരുന്നു. പാർട്ടി സഖാക്കളുടെ മക്കളെ, അവരുടെ ബന്ധുക്കളെ പാർട്ടിയോടൊപ്പം അണിചേർത്തു നിർത്തുന്നതിൽ, പാർട്ടിയിലെ കൗമാരപ്രായക്കാരായ സഖാക്കളെ പ്രചോദിപ്പിക്കുന്നതിൽ സഖാവ് അതീവശ്രദ്ധ പുലർത്തി. കുട്ടികളുടെ പ്രസ്ഥാനമെന്ന നിലയിൽ സംസ്ഥാനതല കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചുകൊണ്ട് അവരെ ഉയർന്ന മൂല്യബോധത്തിൽ വളർത്തിയെടുക്കാൻ അക്ഷീണം പ്രവർത്തിച്ചത് സഖാവ് സി.കെ.ലൂക്കോസായിരുന്നു. ഇന്ന് കുട്ടികളുടെ പ്രസ്ഥാനം 25 വർഷം പിന്നിടുമ്പോൾ കേരളത്തിൽ നിരവധിയായ കൗമാരപ്രായക്കാരായ സംഘാടകർ, പാർട്ടിയുടെ മുഴുവൻ സമയപ്രവർത്തകരായി രൂപപ്പെട്ടുവന്നത് സഖാവ് സി.കെ.ലൂക്കോസ് തുടങ്ങിവെച്ചതും വളർത്തിയെടുത്തതുമായ കുട്ടികളുടെ പ്രസ്ഥാനത്തിലൂടെയാണ്.

എണ്ണമറ്റ ചർച്ചാക്ലാസ്സുകളിലുടെ മാർക്‌സിസത്തിന്റെ അടിസ്ഥാനധാരണകളെ സംബന്ധിച്ച വിജ്ഞാനം സഖാക്കൾക്ക് പകർന്നു നൽകി, അടിയുറച്ച പ്രത്യയശാസ്ത്ര ധാരണയുള്ളവരായി കേരളത്തിലെ സഖാക്കളെ വളർത്തിയെടുത്തു. വനിതാപ്രസ്ഥാനം സംഘടിപ്പക്കാൻ മുന്നിട്ടിറങ്ങിയവർക്ക് ശരിയായ വിപ്ലവജീവിതാവബോധം പകർന്നു നൽകി വനിതാ സംഘാടകരെ വളർത്തിയെടുത്തു.

സഖാവ് സി.കെ.ലൂക്കോസ് തമിഴ്‌നാട് സംസ്ഥാനത്തിന്റെയും പ്രത്യേക ചുമതല വഹിച്ചിരുന്നു. വളരെ ചുരുങ്ങിയ കാലംകൊണ്ട് തമിഴ്‌നാട്ടിലെ സംഘടനയെ ലെനിനിസ്റ്റ് സംഘടനാതത്വങ്ങളുടെ അടിസ്ഥാനത്തിൽ വളർത്തിയെടുക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിച്ചു.

ദീർഘകാലത്തെ സഖാവിന്റെ രോഗം ദേശീയ-സംസ്ഥാന തലത്തിലെ പാർട്ടിപ്രവർത്തനത്തെ ബാധിച്ചിരുന്നു. സംസ്ഥാന തലത്തിലാകട്ടെ പാർട്ടി പ്രവർത്തനങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കി. രോഗക്കിടക്കയിലായിരിക്കുമ്പോഴും രോഗം സൃഷ്ടിച്ച എല്ലാ ബുദ്ധിമുട്ടുകളെയും വിഷമങ്ങളെയും ഉയർന്ന വിപ്ലവധൈര്യത്തോടെ അദ്ദേഹം നേരിട്ടു. രോഗശയ്യയിലായിരിക്കുമ്പോഴും സുപ്രധാനമായ സംഘനാസാഹചര്യങ്ങളിൽ ശരിയായ മാർഗനിർദ്ദേശം നൽകി അദ്ദേഹം സംഘടനയ്ക്കാകെ ആവേശത്തിന്റെ ഉറവിടമായി നിലകൊണ്ടു.

സഖാവിന്റെ നിര്യാണത്തിലൂടെ കേരളത്തിൽ പാർട്ടിയുടെ അമരത്തുനിന്ന് പ്രവർത്തിച്ച സഖാവിനെ നഷ്ടപ്പെട്ടു എന്നു മാത്രമല്ല വിപ്ലവത്തിനായി കാംക്ഷിക്കുന്ന മുഴുവൻ ജനങ്ങൾക്കും അത് ഒരു വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.

Share this