ഗാസയില്‍ നടത്തുന്ന കടന്നാക്രമണം മാനവികതയ്‌ക്കെതിരായ യുദ്ധം.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന കടന്നാക്രമണം
മാനവികതയ്‌ക്കെതിരായ യുദ്ധം.

മെഡിറ്ററേനിയന്‍ കടലിന്റെ തീരത്തുള്ള ചെറിയൊരു ഭൂപ്രദേശമായ ഗാസ ഇന്ന് കത്തിയെരിയുകയാണ്. ലോകത്തെ ഏറ്റവും വലിയ പീഡനക്യാമ്പെന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടാറുള്ള ഈ ഭൂപ്രദേശത്തെ പതിനെട്ട് ലക്ഷത്തോളം വരുന്ന പാലസ്തീനിയന്‍ ജനത മരണത്തെ മുഖാമുഖം കണ്ട് കഴിയുകയാണ്. കഴിഞ്ഞ നാലര വര്‍ഷമായി സയണിസ്റ്റ് ഇസ്രയേല്‍ അടിച്ചേല്പിച്ചിരിക്കുന്ന ഉപരോധം മൂലം ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളും സേവനങ്ങളും അവര്‍ക്ക് ലഭ്യമല്ലാതായിരിക്കുന്നു. കഴിഞ്ഞ ജൂലായ് 8 മുതല്‍ ഇസ്രയേല്‍ ഗവണ്മെന്റ് ഈ പാലസ്തീനിയന്‍ തുരുത്തിനെതിരെ വലിയൊരു യുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സയണിസ്റ്റ് ഇസ്രയേലി ഭരണകൂടം ടണ്‍കണക്കിന് ബോംബുകള്‍ വര്‍ഷിച്ച് അവിടം തവിട്‌പൊടിയാക്കി. 2000-ത്തിലേറെപ്പേര്‍ ഇതിനകം കൊല്ലപ്പെട്ടു. എത്രയോ ആയിരക്കണക്കിന് പേര്‍ക്ക് പരിക്ക് പറ്റി. അനവധിപേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു. ലോകജനതയുടെ അഭിപ്രായത്തെ തൃണവല്‍ഗണിച്ചുകൊണ്ട് അങ്ങേയറ്റത്തെ മൃഗീയതയോടെ അവര്‍ ആക്രമണം തുടരുന്നു.

അത്യാധുനിക ആയുധങ്ങളുപയോഗിച്ച് അവര്‍ ജനവാസകേന്ദ്രങ്ങള്‍ ഒന്നൊന്നായി തകര്‍ത്തുകൊണ്ടിരിക്കുന്നു. ആക്രമണകാരികളായ ഇസ്രയേലി സൈന്യം നിരപരാധികളുടെ രക്തം ചിന്തി അവരെ കൊന്നൊടുക്കി രസിക്കുകയാണ്. ജനങ്ങളുടെ ആര്‍ത്തനാദം എങ്ങുമുയരുകയാണ്. കൊല്ലപ്പെട്ടവരില്‍ നിരപരാധികളായ സാധാരണക്കാരും സ്ത്രീകളും കുട്ടികളുമുണ്ട്. ആയിരക്കണക്കിന് പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. അവരുടെ ഭാവി തികഞ്ഞ അനിശ്ചിതത്വത്തിലായി. നിഷ്ഠുരതയുടെ കാര്യത്തില്‍ ഈ ആക്രമണം മുന്‍കാലങ്ങളിലുണ്ടായ ആക്രമണങ്ങളെയെല്ലാം കടത്തിവെട്ടുന്നു. പാലസ്തീനികളുടെ മുഖ്യ പ്രതിരോധസംഘടനയായ ഹമാസിനെ അമര്‍ച്ച ചെയ്യാനെന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഈ ആക്രമണം നിരപരാധികളായ ജനങ്ങളെ ഒന്നടങ്കം ഭയചകിതരാക്കാനും അവരെ കൊന്നൊടുക്കാനും ലക്ഷ്യം വച്ചുള്ള ഭരണകൂട ഭീകരതയാണ്.

ഈ ആക്രമണം ഗാസയില്‍ വരുത്തിത്തീര്‍ത്തിരിക്കുന്ന നാശനഷ്ടങ്ങള്‍ അളവറ്റതാണ്. പള്ളികളും ആശുപത്രികളും സ്‌കൂളുകളും ആക്രമണത്തിനിരയായി. ഐക്യരാഷ്ട്രസംഘടനയുടെ ദുരിതാശ്വാസക്യാമ്പുകള്‍ പോലും ഒഴിവാക്കപ്പെട്ടില്ല. മിക്ക വീടുകളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ജലവിതരണവും ശുചീകരണസംവിധാനങ്ങളും തകരാറിലായിരിക്കുന്നു. മരുന്നോ ചികിത്സാസൗകര്യങ്ങളോ ലഭ്യമല്ലാതായിരിക്കുന്നു. ഫലത്തില്‍ ഇത് മനുഷ്യരാശിക്കെതിരായ യുദ്ധമാണ്. വെടിനിര്‍ത്തലിനെപ്പറ്റി ഇടയ്ക്കിടെ കേള്‍ക്കുന്നുണ്ടെങ്കിലും തോക്കുകള്‍ സദാ ഗര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നു.

ഇസ്രയേലി ഭരണാധികാരികള്‍ ഇത്ര ധാര്‍ഷ്ട്യത്തോടെയും സ്വേച്ഛാപരമായും പെരുമാറുന്നതെന്തുകൊണ്ട്? പാലസ്തീനിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ ഹമാസിനെ അധികാരത്തിലേറ്റിയതുമുതല്‍ സയണിസ്റ്റ് ഇസ്രയേലി ഭരണകൂടം ഹമാസിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയും കൊലപ്പെടുത്താന്‍ നിരന്തരം ശ്രമിച്ചുവരുന്നതെന്തുകൊണ്ട്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണമെങ്കില്‍ അല്പം ചരിത്രം മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്.

എന്താണ് സയണിസം?
1896-ല്‍ തിയോഡര്‍ ഹെര്‍സല്‍ ആരംഭിച്ച ഒരു പ്രസ്ഥാനമാണ് സയണിസ്റ്റ് പ്രസ്ഥാനം. യഹൂദജനതയ്ക്ക് ഇസ്രയേല്‍ മണ്ണിലേയ്ക്ക് അഥവാ ജറുസലേമിലേയ്ക്ക് മടങ്ങിച്ചെല്ലണം എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ജറുസലേമിലെ ദേവാലയം സ്ഥിതിചെയ്യുന്ന മലയുടെ പേരായ സയണ്‍-ല്‍ നിന്നാണ് ഈ വാക്കുണ്ടായിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ യഹൂദര്‍ക്കെതിരെ നടന്ന ഭീകരമായ മതപീഡനങ്ങളോടും യഹൂദവിരുദ്ധ പ്രസ്ഥാനങ്ങളോടുമുള്ള പ്രതികരണമെന്ന നിലയിലാണ് പത്തൊമ്പതാം നൂറ്റാണ്ടൊടുവില്‍ ആധുനിക സയണിസം ജന്മം കൊണ്ടത്. ബൈബിളിലെ പഴയ നിയമത്തില്‍ പറയുന്നതനുസരിച്ച് പണ്ട് യഹൂദരുടെ ഭൂമിയായിരുന്നതും പിന്നീട് നഷ്ടപ്പെട്ടുപോയതുമായ സ്ഥലം വീണ്ടെടുക്കുക എന്ന ആശയത്തിന്റെയും, അങ്ങേയറ്റം സങ്കുചിതമായ ദേശീയവാദത്തിന്റെയും ഒത്തുചേരലിലൂടെയാണ് ഇസ്രയേല്‍ എന്ന ഒരു ആധുനിക യഹൂദരാഷ്ട്രം സ്ഥാപിക്കുക എന്ന സയണിസ്റ്റ് കാഴ്ചപ്പാട് ഉണ്ടായത്.
ഈ പ്രസ്ഥാനം മതപരവും വംശീയവുമായ വികാരങ്ങളെ അടിസ്ഥാനപ്പെടുത്തി വളര്‍ന്നുവന്നു. അങ്ങനെ സയണിസം തീവ്രദേശീയവാദപരവും സങ്കുചിതവാദപരവും പ്രതിലോമകരവുമായ ഒരാശയമെന്ന നിലയില്‍ കരുത്താര്‍ജ്ജിച്ചു. സാമ്രാജ്യത്വ വന്‍ശക്തികളുടെ, വിശിഷ്യ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ, പരിലാളനയില്‍ വളര്‍ന്നുവന്ന സയണിസം അറബിജനതയുടെ ഭൂമി കൈയടക്കി ഇസ്രയേലില്‍ വേരുറപ്പിച്ചു.

ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന്റെ തുടക്കം
നൂറ്റാണ്ടുകളായി അറബിജനത പാര്‍പ്പുറപ്പിച്ചിരുന്ന മനോഹരമായ ഭൂപ്രദേശമായിരുന്നു പാലസ്തീന്‍. ദീര്‍ഘകാലം അത് തുര്‍ക്കിയിലെ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് ബ്രിട്ടണ്‍ പാലസ്തീനില്‍ അധിനിവേശം നടത്തി. സാമ്രാജ്യത്വശക്തികള്‍ക്ക് പതിവുള്ളതുപോലെ ബ്രിട്ടണ്‍ 1917-ല്‍ പുറപ്പെടുവിച്ച ബല്‍ഫോര്‍ പ്രഖ്യാപനത്തിലൂടെ സയണിസ്റ്റ് ഫെഡറേഷന് ഒരുറപ്പ് നല്‍കി. പാലസ്തീനില്‍ യഹൂദജനതയ്ക്ക് സ്വന്തമായൊരു രാജ്യം സ്ഥാപിക്കാന്‍ വേണ്ട സഹായം നല്‍കാമെന്നായിരുന്നു അത്. തദ്ദേശീയരായ അറബികള്‍ താമസമുറപ്പിച്ചിരുന്ന ഭൂപ്രദേശമായിരുന്നു അന്ന് പാലസ്തീന്‍. അങ്ങനെ സാമ്രാജ്യത്വശക്തികള്‍ സയണിസ്റ്റ് പദ്ധതിക്ക് അംഗീകാരം നല്‍കി. ഒരു ജൂത ദേശീയരാഷ്ട്രമായി ഇസ്രയേല്‍ സ്ഥാപിക്കുകയെന്ന ബ്രിട്ടന്റെ പദ്ധതിക്ക് ലീഗ് ഓഫ് നേഷന്‍സ് പോലും അംഗീകാരം നല്‍കി. അതോടെ വീര്യം വര്‍ദ്ധിച്ച സയണിസ്റ്റുകള്‍ നിയമപരമായും, അതുപോലെ തന്നെ നിയമവിരുദ്ധമായും, പാലസ്തീനിലേയ്ക്ക് ജൂത കുടിയേറ്റക്കാരെ അയയ്ക്കുകയെന്ന നയം ആക്രമണോത്സുകമായി നടപ്പിലാക്കിത്തുടങ്ങി. അതിനവര്‍ക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഒത്താശയും സഹായവും ലഭിച്ചു. കാലക്രമത്തില്‍ സയണിസം കൂടുതല്‍ കൂടുതല്‍ കൊളോണിയല്‍ പ്രവണതകളോടെയും കൊളോണിയല്‍ അഭിലാഷങ്ങളോടെയും, തദ്ദേശീയ അറബിജനതയോടുള്ള ശത്രുതാ മനോഭാവത്തോടെയും വളര്‍ന്നുവന്നു. അറബികള്‍ കഠിനപ്രയത്‌നത്തിലൂടെ വാസയോഗ്യമാക്കിത്തീര്‍ത്ത ഭൂമി കൈയടക്കുകയെന്ന ലാക്കോടെയാണ് സയണിസ്റ്റുകള്‍ പ്രവര്‍ത്തിച്ചത്. ഓട്ടോമന്‍ നിയമങ്ങളനുസരിച്ച് അറബികളുടെ ഭൂമി വാങ്ങുകയെന്നത് ദുഷ്‌കരമായിരുന്നു. അതിനാല്‍ ജൂത കുടിയേറ്റക്കാര്‍ ബലപ്രയോഗത്തിലൂടെ ഭൂമി കൈയടക്കാന്‍ ശ്രമിച്ചു. അതിന് വേണ്ടി അവര്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യസൈന്യങ്ങള്‍ രൂപീകരിച്ചു. അറബികള്‍ക്കെതിരെ നിയോഗിക്കാവുന്ന രഹസ്യ ഭീകരവാദസംഘടനകളായിരുന്നു അവ. സാമ്രാജ്യത്വശക്തികള്‍ ഈ സംഘങ്ങള്‍ക്ക് രഹസ്യമായി ആയുധമുള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും നല്‍കി. അറബികള്‍ക്ക് ക്രമേണ അവരുടെ ഭൂമിയും, അതുവഴി സ്വാധീനവും നഷ്ടമായി. അവിടെ യഹൂദ ഗ്രാമങ്ങള്‍ സ്ഥാപിക്കപ്പെട്ടു. അത്തരത്തിലുള്ള ഓരോ യഹൂദ കുടിയേറ്റകേന്ദ്രത്തിലും അതിന് മുമ്പ് അറബികള്‍ സൈ്വര്യജീവിതം നയിച്ചിരുന്ന ഗ്രാമങ്ങളുണ്ടായിരുന്നു. എന്നാല്‍, ജൂത കുടിയേറ്റക്കാര്‍ സ്ഥലം കൈയടക്കിയതോടെ അവര്‍ അവിടെയുള്ള സകലതും, അറബികളുടെ കെട്ടിടങ്ങളും ശവകുടീരങ്ങളും വരെ, തീര്‍ത്തും നശിപ്പിച്ചു. ആ ഗ്രാമങ്ങളെ ചരിത്രത്തില്‍ നിന്ന് തന്നെ തുടച്ചുനീക്കുന്ന തരത്തിലുള്ള നശീകരണമാണ് അവരവിടെ നടത്തിയത്. എന്നിട്ടവര്‍ ലോകജനതയെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി, വെറും മരുഭൂമിയായിരുന്ന സ്ഥലത്ത് ജൂതന്മാര്‍ കഠിനാദ്ധ്വാനം ചെയ്ത് സ്വന്തം രാഷ്ട്രം കെട്ടിപ്പടുത്തിരിക്കുകയാണെന്ന പ്രചാരണം അഴിച്ചുവിട്ടു.

1947-ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വശക്തികളുടെ താല്പര്യാനുസരണം ഒരു നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കപ്പെട്ടു. പാലസ്തീനെ യഹൂദ രാഷ്ട്രവും അറബി രാഷ്ട്രവും എന്ന നിലയില്‍ രണ്ടായി വിഭജിക്കുക. മൊത്തം ഭൂഭാഗത്തിന്റെ 55 ശതമാനം യഹൂദര്‍ക്കും 45 ശതമാനം അറബികള്‍ക്കും ലഭിക്കണം. ജെറുസലേമിനെ അന്താരാഷ്ട്ര മേഖലയാക്കുകയും വേണം – ഇതായിരുന്നു ആ നിര്‍ദ്ദേശം. അങ്ങനെ ബ്രിട്ടണ്‍ യൂറോപ്പില്‍ നിന്നുള്ള ജൂത കുടിയേറ്റത്തിന് വാതില്‍ തുറന്നിട്ടു. 1930-കളിലും 40-കളിലും നാസിസവും യഹൂദവംശഹത്യകളും മൂലം യഹൂദരുടെ കുടിയേറ്റം വര്‍ദ്ധിച്ചിരുന്നുവെന്നതും പ്രസ്താവ്യമാണ്. 1948-ല്‍ പാലസ്തീന്റെ ജനസംഖ്യയില്‍ 33 ശതമാനം യഹൂദരായിരുന്നു. എന്നാല്‍, ഭൂമിയുടെ 7 ശതമാനം മാത്രമേ അവര്‍ക്ക് സ്വന്തമായുണ്ടായിരുന്നുള്ളു. എന്തായാലും, അറബികളും യഹൂദരും ഒന്നിച്ചുജീവിക്കുന്ന ഒരൊറ്റ രാഷ്ട്രം വേണമെന്ന് താല്പര്യപ്പെട്ടിരുന്ന പാലസ്തീന്‍കാരായ അറബികള്‍ രാജ്യം വിഭജിക്കുന്നതിനെതിരായിരുന്നു. ഏത് വിധത്തിലാണെങ്കിലും അത് അവര്‍ക്ക് സ്വന്തം മാതൃഭൂമി നഷ്ടപ്പെടാന്‍ ഇടയാക്കും എന്നതായിരുന്നു കാരണം. എന്നാല്‍ അവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇസ്രയേല്‍ പാലസ്തീനികളുടെ മണ്ണില്‍ ഒരു സയണിസ്റ്റ് രാഷ്ട്രം പ്രഖ്യാപിച്ചു. അവിടെ യഹൂദര്‍ ന്യൂനപക്ഷം മാത്രമായിരുന്നു. അങ്ങനെ അവര്‍ സ്വന്തം ജനതയുടെ താല്പര്യങ്ങളെത്തന്നെ വഞ്ചിച്ചു. 1948-ല്‍ യഹൂദരും അറബികളും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇസ്രയേല്‍ രാഷ്ട്രം നിലവില്‍ വന്നതിനുശേഷവും യുദ്ധം തുടര്‍ന്നു. ബ്രിട്ടീഷ് അമേരിക്കന്‍ സാമ്രാജ്യത്വശക്തികള്‍ നല്‍കിയ അത്യാധുനിക ആയുധങ്ങളണിഞ്ഞ ഇസ്രയേലി സയണിസ്റ്റുകള്‍ ആ യുദ്ധത്തില്‍ മേല്‍ക്കൈ നേടി. ഐക്യരാഷ്ട്ര സംഘടനയുടെ വിഭജനപദ്ധതിപ്രകാരം ഇസ്രയേലിന് അനുവദിക്കപ്പെട്ടതിലും എത്രയോ അധികം ഭൂമി സയണിസ്റ്റുകള്‍ പിടിച്ചെടുത്തു. ആയിരക്കണക്കിന് വര്‍ഷങ്ങളായി അവിടെ താമസിച്ചുവരുകയായിരുന്ന ആയിരക്കണക്കിന് പാലസ്തീനികളെ അവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചും കൂട്ടക്കുരുതികള്‍ നടത്തിയും ഉന്മൂലനം ചെയ്യുകയും തുരത്തുകയും ചെയ്തു. ആയിരക്കണക്കിന് അറബികള്‍ മാതൃഭൂമിയില്‍ നിന്ന് പലായനം ചെയ്ത് അയല്‍രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നു. ഇപ്പോഴും ആ രാജ്യത്തുതന്നെ തുടരുന്നവരെ സയണിസ്റ്റ് ഇസ്രയേലികള്‍ കൂടുതല്‍ കൂടുതല്‍ ഇടുങ്ങിയ ഭൂപ്രദേശത്തേയ്ക്ക് തളളി ഒതുക്കിയിരിക്കുന്നു. ചേരികള്‍ പോലുള്ള അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് ഇന്നവര്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. ജൂതന്മാര്‍ പാലസ്തീനിന്റെ 80 ശതമാനം ഭൂപ്രദേശവും കൈയടക്കി അവിടെ ഇസ്രയേല്‍ സ്ഥാപിച്ചിരിക്കുന്നു. അയല്‍രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന പാലസ്തീന്‍കാര്‍ക്ക് സ്വന്തം മാതൃരാജ്യത്തേയ്ക്ക് മടങ്ങാനുള്ള സ്വാതന്ത്ര്യം ഇസ്രയേല്‍ ധിക്കാരപൂര്‍വ്വം നിഷേധിച്ചിരിക്കുകയാണ്. അങ്ങനെ ഇസ്രയേല്‍ 80 ശതമാനം പാലസ്തീന്‍കാരെയും അവര്‍ ജീവിച്ചുവന്ന ഭൂമിയില്‍ നിന്ന് ബലാല്‍ക്കാരം പുറത്താക്കി. 400-ല്‍പ്പരം പാലസ്തീനിയന്‍ ഗ്രാമങ്ങളെ നശിപ്പിച്ചു. ആയിരക്കണക്കിന് പാലസ്തീന്‍കാരെ കൂട്ടക്കുരുതി നടത്തി. പത്തുലക്ഷത്തോളം പാലസ്തീന്‍കാരെ അഭയാര്‍ത്ഥികളാക്കി മാറ്റി. പാലസ്തീന്‍കാരെ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടുകൊണ്ട് ഐക്യരാഷ്ട്രസംഘടന 1948-ല്‍ത്തന്നെ പ്രമേയം പാസ്സാക്കിയിരുന്നു (സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം 93; ജനറല്‍അസംബ്ലി പ്രമേയം 194). എന്നാല്‍ ഇന്നുവരെ ഇസ്രയേല്‍ അത് അനുസരിച്ചിട്ടില്ല. 1948 മേയ് മാസത്തില്‍ ബ്രിട്ടീഷ് സൈന്യം പിന്‍മാറുകയും ഇസ്രയേല്‍ നിലവില്‍വരുകയും ചെയ്യുന്നതിന് ആറ് മാസം മുമ്പ് സയണിസ്റ്റുകള്‍ എട്ട് ലക്ഷം പാലസ്തീന്‍കാരെ ബലാല്‍ക്കാരം കുടിയൊഴിപ്പിക്കുകയും 500-ല്‍പ്പരം അറബി ഗ്രാമങ്ങളും 11 നഗരങ്ങളും ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
പക്ഷെ, അധികം വൈകാതെ തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വശക്തികളും സയണിസ്റ്റുകളും തമ്മിലുള്ള ബന്ധം വഷളായി. അമേരിക്കന്‍ സാമ്രാജ്യത്വശക്തികള്‍ ആ മേഖലയിലേയ്ക്ക് കടന്നുകയറാന്‍ തുടങ്ങിയതോടെയാണത് സംഭവിച്ചത്. ഇര്‍ഗണ്‍ പോലുളള സയണിസ്റ്റ് ഭീകരവാദസംഘടനകള്‍ ബ്രിട്ടീഷ് പട്ടാളക്കാരെ ആക്രമിക്കുകയും കൂട്ടക്കൊല ചെയ്യുകയും അറബികള്‍ക്കെതിരെ ഭീകരാക്രമണങ്ങള്‍ നടത്തുകയും ചെയ്തു. ഒടുവില്‍, ബ്രിട്ടന്റെ എതിര്‍പ്പിനെ വകവയ്ക്കാതെ സയണിസ്‌ററുകള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നേതാക്കന്മാരുമായി പരസ്യമായ കൂടിക്കാഴ്ച നടത്തി.

തുടര്‍ന്ന് 1956, 1967, 1973 എന്നീ വര്‍ഷങ്ങളില്‍ നടന്ന യുദ്ധങ്ങളിലൂടെ ഇസ്രയേലി ഭരണാധികാരികള്‍ കൂടുതല്‍ കൂടുതല്‍ പ്രദേശങ്ങള്‍ നിയമവിരുദ്ധമായും ധിക്കാരപൂര്‍വ്വവും കൈയടക്കി. അധിനിവിഷ്ട പ്രദേശങ്ങള്‍ വിട്ടൊഴിയണമെന്ന ലോകാഭിപ്രായത്തെ അവര്‍ തൃണവല്‍ഗണിച്ചു. ഇക്കാര്യത്തില്‍ അമേരിക്കന്‍സാമ്രാജ്യത്വവും ഇതര സാമ്രാജ്യത്വശക്തികളും അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി. ഇസ്രയേലിന്റെ ഈ കിരാതമായ ആക്രമണ നയം ഫലത്തില്‍ ഒരു ജനതയെ ഒന്നാകെ അവരുടെ മാതൃഭൂമിയില്‍ നിന്ന് പുറത്താക്കുകയും, രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട് ദുരിതമയമായ അഭയാര്‍ത്ഥിക്യാമ്പുകളില്‍ ജീവിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു.

ഇസ്രയേല്‍ വെസ്റ്റ്ബാങ്കിലും ഗാസയിലും സൈനിക അധിനിവേശം ആരംഭിച്ചത് 1967-ലാണ്. അതിന് മുമ്പ് ഗാസ മിക്കവാറും ഈജിപ്തിന്റെയും വെസ്റ്റ്ബാങ്ക് ജോര്‍ദാന്റെയും നിയന്ത്രണത്തിലായിരുന്നു. 1967-ല്‍ ഇസ്രയേലും അയല്‍ അറബി രാജ്യങ്ങളും തമ്മില്‍ ഒരു യുദ്ധമുണ്ടായി. ആ സമയത്താണ് ഈ രണ്ട് പാലസ്തീന്‍ പ്രദേശങ്ങളും ഇസ്രയേല്‍ കൈയടക്കിയത്. 1981-ല്‍ ഇസ്രയേല്‍ സിറിയയുടെ ഗോലാന്‍കുന്നുകള്‍ പിടിച്ചെടുത്തു. അതേ വര്‍ഷം തന്നെ ഈജിപ്തില്‍ നിന്ന് സിനായ് ഉപദ്വീപും പിടിച്ചെടുത്തു. 1982-ല്‍ അതവര്‍ ഈജിപ്തിന് തിരിച്ചുനല്‍കി.

ഇസ്രയേലി രാഷ്ട്രത്തില്‍ പൊള്ളയായ ജനാധിപത്യമാണ് നിലനില്‍ക്കുന്നത്. ഒരു വരേണ്യവിഭാഗമാണ് ഭരണത്തില്‍ പിടിമുറുക്കിയിരിക്കുന്നത്. നിരങ്കുശമായ സൈനികവല്‍ക്കരണം, സൈന്യത്തില്‍ മതഭ്രാന്തന്മാരുടെ ആധിപത്യം, പൗരാവകാശങ്ങളുടെ കാര്യത്തിലുള്ള ശോഷണം, അസത്യപ്രചാരണവും വംശീയതയും അഴിമതിയും ദുര്‍ബ്ബലരോടുള്ള ക്രൂരതയും മുഖമുദ്രയാക്കിയ ഗവണ്മെന്റ് എന്നിവയും ആ രാഷ്ട്രത്തിന്റെ സ്വഭാവവിശേഷങ്ങളത്രേ. ബലാല്‍ക്കാരം കുടിയൊഴിപ്പിക്കപ്പെട്ടവരും ഗാസയില്‍ നിയമവിരുദ്ധമായ ഉപരോധത്തെ നേരിടുന്നവരുമായ അറബികള്‍ക്ക് ‘ആത്മരക്ഷയ്ക്കുള്ള അവകാശം’ അനുവദിക്കപ്പെട്ടിട്ടില്ല. ഇസ്രയേലി സയണിസ്റ്റുകള്‍ അമേരിക്കയുടെ പിന്തുണയോടെ എല്ലാ സാര്‍വ്വദേശീയ നിയമങ്ങളും മര്യാദകളും ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസംഘടനയുടെ പ്രമേയങ്ങളെ അവര്‍ നിര്‍ബ്ബാധം ലംഘിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ അവര്‍, രാജ്യസ്‌നേഹികളായ പാലസ്തീന്‍ ജനതയ്ക്ക് അവരുടെ മാതൃഭൂമിയിലുള്ള അവകാശത്തെത്തന്നെ നിഷേധിക്കുകയും എന്തെങ്കിലുമൊക്കെ തൊടുന്യായം പറഞ്ഞ് അവര്‍ക്കെതിരെ സൈനികാക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നു.

സയണിസ്റ്റ് ഇസ്രയേല്‍ –
സാമ്രാജ്യത്വ പിന്തുണയുള്ള ഭീകരഭരണകൂടം
മുകളില്‍ സൂചിപ്പിച്ചതുപോലെ, രണ്ടാം ലോകയുദ്ധാനന്തരം, സാമ്രാജ്യത്വശക്തികളുടെ കരുനീക്കങ്ങളുടെ ഫലമായാണ് 1947 നവംബര്‍ 29-ന് ഐക്യരാഷ്ട്രസംഘടന ജനറല്‍അസംബ്ലി 181-ാം നമ്പര്‍ പ്രമേയത്തിലൂടെ പാലസ്തീനിനെ യഹൂദരാജ്യവും അറബിരാജ്യവുമെന്ന രണ്ട് രാജ്യങ്ങളായി വിഭജിക്കാന്‍ തീരുമാനമെടുത്തത്. അങ്ങനെ 1948 മേയ് 15-ന് ഇസ്രയേല്‍ രാഷ്ട്രം നിലവില്‍ വന്നു. സയണിസ്റ്റ് ഇസ്രയേലി രാഷ്ട്രം വ്യക്തമായും സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഫലമാണ്. സാമ്രാജ്യത്വശക്തികളുടെ താല്പര്യാര്‍ത്ഥമാണത് രൂപീകരിക്കപ്പെട്ടത്. സാമ്രാജ്യത്വശക്തികള്‍, വിശിഷ്യ അമേരിക്കന്‍ സാമ്രാജ്യത്വം, ഇസ്രയേലിന് സൈനികവും സാമ്പത്തികവും രാഷ്ട്രീയവുമായി നിര്‍ലോഭമായ സഹായം നല്‍കിവരുന്നു. ഈ സഹായങ്ങളും പിന്തുണയുമെല്ലാം ഉപയോഗപ്പെടുത്തി ഇസ്രയേല്‍ അത്യന്താധുനികങ്ങളായ ആയുധങ്ങള്‍ സമാഹരിച്ച് ലോകത്തിലെ ഏറ്റവും വലിയ യുദ്ധവെറിയന്‍ ശക്തികളിലൊന്നായി മാറിയിരിക്കുന്നു. ചാരപ്രവര്‍ത്തനത്തിനും അട്ടിമറിക്കും കടന്നാക്രമണത്തിനുമുള്ള വമ്പിച്ച ശക്തിയോടുകൂടിയ ഇസ്രയേല്‍ പാലസ്തീന്‍കാരുടെ മാത്രമല്ല, പശ്ചിമേഷ്യയിലെ എല്ലാ അറബിരാജ്യങ്ങളുടെയും നിലനില്പിനുതന്നെ ഭീഷണിയായിരിക്കുന്നു. സൈനികശക്തിയില്‍ അധിഷ്ഠിതവും വെട്ടിപ്പിടുത്ത സ്വഭാവത്തോടുകൂടിയതുമായ രാജ്യങ്ങളുടെ എല്ലാ ലക്ഷണങ്ങളുമുള്ള ഈ സയണിസ്റ്റ് രാഷ്ട്രം പുതിയ പുതിയ പ്രദേശങ്ങളിലേയ്ക്ക് അധിനിവേശം നടത്തി സ്വന്തം അധീനമേഖല വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ഓരോ അധിനിവേശത്തിന്റെയും അര്‍ത്ഥം കൂടുതല്‍ കൂടുതല്‍ അറബികള്‍ ബഹിഷ്‌കൃതരും കുടിയൊഴിപ്പിക്കപ്പെട്ടവരും ആയിത്തീരുന്നുവെന്നാണ്. അധിനിവേശത്തിനെതിരായ അറബികളുടെ ഏതൊരു പ്രതിഷേധത്തെയും അമര്‍ച്ച ചെയ്യുന്നതിന് വേണ്ടി സയണിസ്റ്റുകള്‍ അവരുടെ രക്ഷിതാക്കളായ അമേരിക്കന്‍ സാമ്രാജ്യത്വവുമായിച്ചേര്‍ന്ന് അത്തരം പ്രതിരോധങ്ങളെയെല്ലാം ഭീകരപ്രവര്‍ത്തനങ്ങളെന്ന് മുദ്രയടിക്കുന്നു. അധിനിവിഷ്ട മേഖലകളിലെ അറബികള്‍ക്കെതിരെ കൊടിയ ഭരണകൂട ഭീകരത അഴിച്ചുവിടുന്നു. വിട്ടുവീഴ്ചയില്ലാത്ത സമരം നടത്തുന്നവരെ ഒറ്റപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ, അറബിജനതയെ ആകമാനം ശിക്ഷിക്കുന്ന തരത്തിലാണ് ഈ ഭീകരമര്‍ദ്ദനം നടത്തുന്നത്. പാലസ്തീന്‍ വിമോചനപ്പോരാളികള്‍ക്ക് പിന്തുണയും അഭയവും നല്‍കുന്നുവെന്നാരോപിച്ച് അവര്‍ മറ്റ് അറബിരാജ്യങ്ങള്‍ക്കെതിരെ പോലും ആവര്‍ത്തിച്ച് ആക്രമണങ്ങളും ഉപരോധങ്ങളും നടത്തുകയുണ്ടായി. ഉദാഹരണമായി 1967-ലെ 6-ദിവസ യുദ്ധത്തില്‍ ഇസ്രയേല്‍ ഈജിപ്ത്, സിറിയ, ലെബനന്‍ എന്നീ അയല്‍രാജ്യങ്ങളെ ആക്രമിക്കുകയും അവയുടെ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുക്കുകയുമുണ്ടായി.

പാലസ്തീന്‍
വിമോചനപ്രസ്ഥാനം
ജന്മനാട്ടില്‍ നിന്നും ഉപജീവനമാര്‍ഗ്ഗങ്ങളില്‍ നിന്നും പിഴുതെറിയപ്പെട്ട പാലസ്തീന്‍കാരായ അറബികള്‍ ദാരിദ്ര്യവും അനിശ്ചിതത്വവും നിറഞ്ഞ ദയനീയമായ ഒരു ജീവിതത്തിലേയ്ക്കാണ് ചെന്നുപതിച്ചത്. സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള കഠിന യത്‌നത്തില്‍ അവര്‍ ഒടുവില്‍ പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (ജഘഛ) നേതൃത്വത്തില്‍ സംഘടിത സമരം വളര്‍ത്തിയെടുത്തു. യാസര്‍ അറാഫത്തായിരുന്നു അവരുടെ നേതാവ്. ചെറുത്തുനില്പ് യുദ്ധമെന്ന നിലയില്‍ ആരംഭിച്ച ആ സമരം വൈകാതെ തന്നെ സ്വതന്ത്ര മാതൃരാജ്യത്തിനും, അതായത് പാലസ്തീന്‍ രാഷ്ട്രത്തിനും, അറബികള്‍ക്ക് അവരുടെ മാതൃരാജ്യത്തേയ്ക്ക് മടങ്ങാനുള്ള അവകാശത്തിനും വേണ്ടിയുള്ള പോരാട്ടമായി പരിണമിച്ചു. അവര്‍ തങ്ങളുടെ സമരവീര്യത്തിന് ചേര്‍ന്നവണ്ണം ധീരമായി പോരാടി. പക്ഷെ, ദൗര്‍ഭാഗ്യവശാല്‍, പാലസ്തീന്‍കാര്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്ന കാര്യത്തില്‍ അറബിലോകത്തില്‍ അഭിപ്രായൈക്യമുണ്ടായില്ല. അതിന് പുറമെ, അന്നത്തെ സോവിയറ്റ് യൂണിയനില്‍ അധികാരത്തിലിരുന്ന തിരുത്തല്‍വാദി നേതൃത്വത്തിന് പാലസ്തീന്‍ ജനതയുടെ തികച്ചും ന്യായമായ ദേശീയവിമോചനപ്പോരാട്ടത്തിന് അനുകൂലമായ ഉറച്ച നിലപാടെടുക്കാന്‍ കഴിഞ്ഞില്ല; അവര്‍ അതിന് തയ്യാറായില്ല. അങ്ങനെ, പാലസ്തീന്‍ വിമോചനപ്രസ്ഥാനത്തിന് ഗണ്യമായ ഒരു മുന്നേറ്റവും കൈവരിക്കാന്‍ കഴിഞ്ഞില്ല. പല വളവ് തിരിവുകളിലൂടെയും അത് കടന്നുപോയി.
സാമ്രാജ്യത്വശക്തികളുടെ ഒത്താശയോടെ തിരുത്തല്‍വാദികള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായി സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ചേരിക്കുമുണ്ടായ ദുഃഖകരമായ പതനം ലോകസംഭവഗതികളെ വലിയൊരളവില്‍ സ്വാധീനിക്കുകയുണ്ടായി. സാമ്രാജ്യത്വ മുതലാളിത്ത ശക്തികള്‍ക്കും സയണിസ്റ്റ് ഇസ്രയേലിനും കൂടുതല്‍ വീറോടെ ആക്രമണങ്ങള്‍ തുടരാന്‍ അത് ഉത്തേജനം നല്‍കി. ഇസ്രയേലിന്റെ അതിക്രമത്തിനെതിരെ വളര്‍ന്നുവരുന്ന ബഹുജനാഭിപ്രായം ഇടയ്‌ക്കൊക്കെ ഇസ്രയേലിനെയും അവരുടെ രക്ഷിതാവായ അമേരിക്കന്‍ സാമ്രാജ്യത്വശക്തികളെയും താല്ക്കാലിക ഒത്തുതീര്‍പ്പുണ്ടാക്കാന്‍ നിര്‍ബ്ബന്ധിതരാക്കിത്തീര്‍ത്തു. ഉദാഹരണമായി 1967-ലെ യുദ്ധത്തില്‍ ഇസ്രയേല്‍ ഈജിപ്തില്‍ നിന്ന് പിടിച്ചടക്കിയ ഭൂപ്രദേശങ്ങളില്‍ ചിലത് തിരിച്ചുകൊടുക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരായി. വീണ്ടും, ഓസ്ലോ കരാറിന്‍പ്രകാരമുള്ള മദ്ധ്യപൂര്‍വേഷ്യന്‍ സമാധാനപ്രക്രിയ എന്നറിയപ്പെടുന്നതിന്റെ ഭാഗമായി ഇസ്രയേല്‍ പാലസ്തീന് ഒരു ദ്വൈരാജ്യപദവി അംഗീകരിച്ചുനല്‍കാനും, കഴിവതും നേരത്തേ ഒരു അറബി പാലസ്തീനിയന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനും സമ്മതിച്ചു. അറാഫത്തിന്റെ നിര്യാണത്തിന് ശേഷം ഉയര്‍ന്നുവന്ന പാലസ്തീനിയന്‍ അറബി നേതൃത്വവും അതിനോട് യോജിച്ചു. പക്ഷെ, സയണിസ്റ്റ് ഇസ്രയേലിന്റെയും യുദ്ധവെറിയന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ആക്രമണോത്സുക നടപടികള്‍ക്കെതിരായ ശക്തമായ ബഹുജനാഭിപ്രായത്തിന്റെ സമ്മര്‍ദ്ദം മൂലം സ്വീകരിക്കേണ്ടി വന്ന ഇത്തരം ഒത്തുതീര്‍പ്പുകളുടെയും കരാറുകളുടെയുമെല്ലാം കാര്യത്തില്‍, മനുഷ്യരാശിയുടെ ഈ രണ്ട് കൊടിയ ശത്രുക്കളും വഞ്ചനയുടെയും ധാര്‍ഷ്ട്യത്തിന്റെയും നയമാണ് കൈക്കൊണ്ടിട്ടുള്ളത്. ഏതെങ്കിലുമൊരു കരാറുണ്ടാക്കിക്കഴിഞ്ഞാല്‍ അടുത്ത നിമിഷം തന്നെ അത് ലംഘിക്കാനും, ഐക്യരാഷ്ട്രസംഘടനയുടെ പ്രമേയങ്ങളെപ്പോലും ചവിട്ടിമെതിച്ചുകൊണ്ട് തങ്ങളുടെ വെട്ടിപ്പിടുത്ത നയവുമായി മുന്നോട്ടുപോകാനുമുളള എന്തെങ്കിലുമൊരു തൊടുന്യായം അവര്‍ കണ്ടെത്തുന്നു.

ഹമാസിന്റെ ആവിര്‍ഭാവം
ഇസ്രയേലിനെതിരെ പൊരുതുന്ന തീവ്രനിലപാടുളള പല ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രബല ഗ്രൂപ്പായി ഹമാസ് ഉയര്‍ന്നുവന്നതെങ്ങനെ എന്ന് മനസ്സിലാക്കിയിരിക്കേണ്ടതാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ 1967-ല്‍ ഇസ്രയേല്‍ ഈജിപ്തിനെ പരാജയപ്പെടുത്തി ഗാസ പിടിച്ചെടുത്തു. തുടര്‍ന്ന് ഇസ്രയേലി ഭരണാധികാരികളുടെ ആദ്യത്തെ ചെയ്തി, മതേതര പ്രസ്ഥാനമായ പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ(പി.എല്‍.ഒ) അമര്‍ച്ച ചെയ്യുകയും വ്യത്യസ്ത ഇസ്ലാമിക് ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുകയെന്നതായിരുന്നു. അത്തരം ഗ്രൂപ്പുകളില്‍ അന്നു വരെ രഹസ്യമായി പ്രവര്‍ത്തിച്ചുവന്നി രുന്ന പലതും അതോടെ തലപൊക്കാന്‍ തുടങ്ങി. ഷെയ്ഖ് അഹമ്മദ് യാസീന്‍ അന്ന് ഗാസയിലെ മുസ്ലീം ബ്രദര്‍ഹുഡിന്റെ നേതാവായിരുന്നു. ഇസ്രയേലി ഭരണാധികാരികള്‍ അദ്ദേഹത്തിന് ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളെ പുനരുജ്ജീവിപ്പിക്കാനുള്ള ചുമതല നല്‍കി. അവസരം മുതലെടുത്തുകൊണ്ട് അദ്ദേഹം മുസാമ അല്‍ ഇസ്ലാമിയ എന്ന തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന് രൂപം നല്‍കി. ഇസ്രയേല്‍ മുസാമയെ ഒരു ജീവകാരുണ്യ സംഘടനയെന്ന് വിശേഷിപ്പിച്ചുകൊണ്ട് അതിന്റെ സഹായത്തോടെ ഇടതുപക്ഷ മതേതര ശക്തികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ചുരുക്കം വര്‍ഷങ്ങള്‍ക്കുള്ളില്‍ മുസാമ പി.എല്‍.ഒ-യെയും അവരുടെ വലിയ ജനസ്വാധീനമുള്ള സംഘടനയായ ഫത്തയെയും ഫലത്തില്‍ ഒതുക്കി. ഇസ്രയേലി അധികൃതര്‍ മുസാമയ്ക്ക് കൈയയച്ച് ധനസഹായം നല്‍കി. എന്നാല്‍, ഷെയ്ഖ് യാസീന്റെ അനുയായികള്‍ ഗാസയില്‍ ആയുധങ്ങള്‍ സംഭരിച്ചുകൊണ്ടിരിക്കുകയാണെന്ന്, ഒരു ദാശാബ്ദത്തിന് ശേഷം ഇസ്രയേല്‍ മനസ്സിലാക്കി. ഉടന്‍ തന്നെ യാസീന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍, തങ്ങള്‍ സംഭരിച്ചിരിക്കുന്ന ആയുധങ്ങള്‍ മതേതര ശക്തികള്‍ക്കെതിരെ പ്രയോഗിക്കാനുള്ളതാണെന്ന് ഇസ്രയേലി ഭരണാധികാരികളെ ബോദ്ധ്യപ്പെടുത്താന്‍ കൗശലക്കാരനായ യാസീന് കഴിഞ്ഞു. 1987-ല്‍ ഒരു ഇസ്രയേലി ഓടിച്ചിരുന്ന കാര്‍ ഏതാനും പാലസ്തീന്‍ പൗരന്മാരുടെ മേല്‍ പാഞ്ഞുകയറിയതിനെത്തുടര്‍ന്ന് പാലസ്തീനില്‍ സ്‌ഫോടനാത്മകമായ സാഹചര്യം ഉടലെടുത്തു. ഇസ്രയേല്‍ അധിനിവേശത്തിലുള്ള വെസ്റ്റ് ബാങ്കിലും ഗാസയിലും പ്രതിഷേധം കലാപത്തിന്റെ സ്വഭാവം കൈക്കൊണ്ടു. യാസീന്‍ ഈ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുസ്ലീം ബ്രദര്‍ഹുഡിന്റെ പിന്തുണ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. ഈ പൊട്ടിത്തെറിയില്‍ നിന്നാണ് ഹമാസ് ജന്മമെടുത്തത്. ഒരര്‍ത്ഥത്തില്‍ ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഹമാസ് ഒരു ഫ്രാങ്കസ്റ്റീന്‍ ആണെന്ന് പറയാം.

ജന്മമെടുത്ത് രണ്ട് കൊല്ലത്തിന് ശേഷം ഹമാസ് ഇസ്രയേലിനെതിരായ പ്രത്യാക്രമണം ആരംഭിച്ചു. അക്കാലത്ത് ലെബനന്‍ ഇസ്രയേലി അധിനിവേശത്തിന്‍ കീഴിലായിരുന്നു. ലെബനനെ ഇസ്രയേലി നുകത്തിന്‍ കീഴില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചിരുന്ന വീറുറ്റ സാമ്രാജ്യത്വവിരുദ്ധസംഘടനയായ ഹിസ്‌ബൊള്ളയുമായി ബന്ധം സ്ഥാപിക്കാന്‍ ഹമാസ് ശ്രമിച്ചു. 1991-ല്‍ ഹമാസ് ഇസസ് അദ് ദിന്‍ അല്‍ ഖസം എന്ന സായുധ വിഭാഗത്തിന് രൂപം നല്‍കിക്കൊണ്ട് ഇസ്രയേലിനെതിരെ സമ്പൂര്‍ണ്ണമായ പോരാട്ടത്തിനിറങ്ങി. 2005-ല്‍ അധിനിവിഷ്ട പ്രദേശങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പി.എല്‍.ഒ നേതാവ് യാസര്‍ അറാഫത്തിന്റെ സംഘടനയായ ഫത്ത ഹമാസിനെ പരാജയപ്പെടുത്തി. 2006-ല്‍ പാലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഹമാസ് മത്സരിച്ചത് സായുധ കലാപത്തിലൂടെ ഇസ്രയേലിന് കനത്ത പരാജയമേല്പിക്കുക എന്ന ആഹ്വാനമുയര്‍ത്തിക്കൊണ്ടായിരുന്നു. ഈ ആഹ്വാനത്തിന് പാലസ്തീന്‍ ജനതയില്‍ നിന്ന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചത്. ഹമാസ് വന്‍ വിജയം നേടി. നാല്പത് വര്‍ഷമായി നിലനിര്‍ത്തിവന്ന സ്ഥാനം പി.എല്‍.ഒ-യ്ക്ക് നഷ്ടപ്പെട്ടു. 1967-ല്‍ ഇസ്രയേല്‍ കൈയടക്കിയ വെസ്റ്റ്ബാങ്ക്, ഗാസ, കിഴക്കന്‍ ജെറുസലേം എന്നിവിടങ്ങളില്‍ നിന്ന് ഇസ്രയേല്‍ പൂര്‍ണ്ണമായും പിന്മാറുകയാണെങ്കില്‍ 10 കൊല്ലത്തേയ്ക്ക് വെടിനിര്‍ത്തലിന് തയ്യാറാണെന്ന വാഗ്ദാനം അക്കൊല്ലം തന്നെ ഹമാസ് മുന്നോട്ടുവച്ചു. 1967-ലെ അതിര്‍ത്തി നിര്‍ണ്ണയ ഉടമ്പടി അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന ഒരു കത്ത് അവര്‍ അമേരിക്കന്‍ പ്രസിഡന്റിനും അയച്ചു. പക്ഷെ, അമേരിക്ക അതിനോട് പ്രതികരിച്ചില്ല. തല്‍ഫലമായി സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും തുടര്‍ന്നു. അവ വര്‍ദ്ധിച്ചുവരികയും ചെയ്തു. 1994-ന് ശേഷം പി.എല്‍.ഒ സമരം നയിക്കാന്‍ ശേഷി നഷ്ടപ്പെട്ട അവസ്ഥയില്‍ കാണപ്പെട്ടു. നിരാശരായ പി.എല്‍.ഒ പ്രവര്‍ത്തകരെയും ദരിദ്രരായ ആള്‍ക്കാരെയും ആകര്‍ഷിച്ച് ചേര്‍ക്കാനും അവര്‍ക്ക് ഇസ്രയേലികള്‍ക്കെതിരെ പൊരുതാനുള്ള ഉപാധികള്‍ നല്‍കാനും കഴിഞ്ഞതിലൂടെ ഹമാസ് കരുത്താര്‍ജ്ജിച്ചു. ഹമാസിന്റെ മുദ്രാവാക്യങ്ങള്‍ പി.എല്‍.ഒയുടെ സമരോത്സുക കാലഘട്ടത്തെ അനുസ്മരിപ്പിച്ചു. ഹമാസ് ഒറ്റയ്ക്കായിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് പാലസ്തീന്‍ (പിഎഫ്എല്‍പി), പോപ്പുലര്‍ റെസിസ്റ്റന്‍സ് കമ്മിറ്റികള്‍ എന്നിവയും ഒപ്പമുണ്ടായിരുന്നു. അവര്‍ ചെറുത്തുനില്പിന്റെ ജ്വാല കെടാതെ സൂക്ഷിച്ചു. തുടര്‍ന്ന്, ഇപ്പോള്‍ ഗാസ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഹമാസുമായി അബ്ബാസിന്റെ നേതൃത്വത്തിലുള്ള പി.എല്‍.ഒ ഒരു ഒത്തുതീര്‍പ്പ് കരാര്‍ ഒപ്പിട്ടു.

ഇസ്രയേലിന്റെ കിരാതമായ ആക്രമണം
സ്വന്തം ജന്മഭൂമിയില്‍ സ്വന്തം രാഷ്ട്രം എന്ന പാലസ്തീന്‍ ജനതയുടെ തികച്ചും ന്യായമായ ആവശ്യം അംഗീകരിക്കാന്‍, അമേരിക്കന്‍ പിന്തുണയുള്ള ഇസ്രയേല്‍ സന്നദ്ധമായില്ല. സയണിസ്റ്റ് ഇസ്രയേല്‍ ‘സമാധാനപ്രക്രിയയുടേതായ’ ഈ വര്‍ഷങ്ങളിലെല്ലാം അറബി പാലസ്തീന്‍ രാഷ്ട്രത്തിന്റെ ഉയര്‍ന്നുവരവിനെ തടഞ്ഞു. മാത്രവുമല്ല. ജനാധിപത്യപരമായ ഒരു തെരഞ്ഞെടുപ്പിലൂടെ ഹമാസ് പാലസ്തീനില്‍ അധികാരത്തിലേറുകയും, സ്വതന്ത്ര രാഷ്ട്രമെന്ന പാലസ്തീന്‍ ജനതയുടെ ന്യായമായ ആവശ്യം നേടിയെടുക്കുന്നതുവരെ വിട്ടുവീഴ്ചയില്ലാത്ത ചെറുത്തുനില്പ് തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍, ഹമാസ് ഭരണത്തെ അംഗീകരിക്കാന്‍ ഇസ്രയേലിലെ സയണിസ്റ്റ് ഭരണാധികാരികള്‍ വിസമ്മതിച്ചു. പകരം സയണിസ്റ്റുകള്‍, അനുരഞ്ജനപരമായ നിലപാടെടുത്തിരിക്കുന്ന ഫത്താ നേതൃത്വവും ഹമാസും തമ്മിലുള്ള കടുത്ത ശത്രുതയെ മുതലെടുത്തുകൊണ്ട്, വെസ്റ്റ് ബാങ്കില്‍ പാലസ്തീന്‍ അതോറിറ്റി എന്ന് വിളിക്കപ്പെടുന്നവരുടെ ഒരു സമാന്തര ഗവണ്മെന്റ് നിലനിര്‍ത്താന്‍ ഫത്താ നേതൃത്വത്തിന് പ്രോത്സാഹനവും പിന്തുണയും നല്‍കി. അതിനവര്‍ക്ക് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഒത്താശയും ലഭിച്ചു. ഹമാസിനെ ബന്ധനസ്ഥമാക്കാനും അധികാരത്തില്‍ നിന്ന് പുറന്തള്ളാന്‍ പോലും, ലക്ഷ്യം വച്ചുകൊണ്ട് ഇസ്രയേല്‍ ഗാസയ്‌ക്കെതിരെ മനുഷ്യത്വരഹിതവും സമ്പൂര്‍ണ്ണവുമായ ഉപരോധം അടിച്ചേല്പിച്ചു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി അത് തുടര്‍ന്നുവരുകയാണ്. അതിനും പുറമെ, ഇസ്രയേലി ഭരണാധികാരികള്‍ തുടര്‍ച്ചയായ വ്യോമാക്രമണത്തിലൂടെയും വെടിനിര്‍ത്തല്‍ ലംഘനത്തിലൂടെയും ഹമാസ് നേതാക്കളെ കൊലപ്പെടുത്താനും അവരുടെ സൈനികശക്തിയെ തകര്‍ക്കാനും ശ്രമിച്ചുവരുന്നു. അതിനാല്‍ ഗാസയിലെ ഇന്നത്തെ പ്രതിസന്ധി ദീര്‍ഘകാലമായി സയണിസ്റ്റ് ഇസ്രയേല്‍ വച്ചുപുലര്‍ത്തുന്ന ശത്രുതയുടെ തുടര്‍ച്ചയായ, തികച്ചും അന്യായമായ കടന്നാക്രമണമല്ലാതെ മറ്റൊന്നുമല്ല. ഗാസയിലെ ധീരോദാത്തരായ ജനത ഹമാസിന്റെ നേതൃത്വത്തില്‍ ഈ കടന്നാക്രമണത്തെ വിട്ടുവീഴ്ചയില്ലാതെ നേരിട്ടുകൊണ്ടിരിക്കുന്നു.

അമേരിക്കന്‍ സാമ്രാജ്യത്വ
ശക്തികളും കൂട്ടാളികളും
കുഴപ്പങ്ങള്‍ പരിഹരിക്കാതെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു
ഗാസയ്‌ക്കെതിരെ ഇസ്രയേല്‍ അഴിച്ചുവിട്ടിരിക്കുന്ന അക്രമത്തിന്റെ പ്രശ്‌നത്തില്‍ അമേരിക്ക പതിവ് പോലെ ഇസ്രയേലിന്റെ വക്കാലത്ത് ഏറ്റെടുത്തിരിക്കുകയാണ്. ആ പിന്തുണയില്ലായിരുന്നെങ്കില്‍ ഇസ്രയേലിന് അവരുടെ അതിക്രമം അധികനാള്‍ തുടരാന്‍ കഴിയുമായിരുന്നില്ല. അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ ഇസ്രയേലിനെ പിന്തുണച്ചുകൊണ്ടും ഹമാസ് ഇസ്രയേലിനെതിരെ നടത്തുന്ന റോക്കറ്റാക്രമണത്തെ അപലപിച്ചുകൊണ്ടും കടുത്ത ഭാഷയിലുളള പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന കാര്യത്തില്‍ പരസ്പരം മത്സരിക്കുകയാണ്. പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പെടെയുള്ള നിരപരാധികളെ നിഷ്ഠുരം കൊന്നൊടുക്കുന്ന ഇസ്രയേലിന്റെ നടപടിയെ ന്യായീകരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ പറഞ്ഞത് ഇസ്രയേലിന് ആത്മരക്ഷാര്‍ത്ഥമുള്ള പ്രതിരോധത്തിന് അവകാശമുണ്ടെന്നാണ്. അതേ സമയം, തങ്ങളുടെ പരിമിതമായ വെടിക്കോപ്പുകളുപയോഗിച്ച് ഇസ്രയേലിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന പാലസ്തീന്‍ ജനതയെയും ഹമാസിനെയും, അവര്‍ ഇസ്രയേലിനെ പ്രകോപിപ്പിക്കുന്നുവെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്നു. എത്ര പരിഹാസ്യമായ വാദം! ലോകത്തെ ഏറ്റവും വലിയ ജയില്‍ എന്ന് വിളിക്കാവുന്ന തരത്തിലുള്ള സ്ഥലത്ത് വിദേശാധിപത്യത്തിനും ഉപരോധത്തിനുമിരകളായി ജീവിക്കുന്ന ഒരു ജനവിഭാഗത്തെ ആക്രമണകാരികളെന്നും, ഭീകരമായ ശക്തിയോടെ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രയേലിനെ ഇരയെന്നും വിശേഷിപ്പിക്കുന്ന ഈ വിചിത്രമായ യുക്തി അമേരിക്കന്‍ സാമ്രാജ്യത്വവാദികളുടെ തനിനിറം വ്യക്തമാക്കുന്നു. അമേരിക്കയുടെ ഈ സമീപനമാണ് സാമ്രാജ്യത്വശക്തികളുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിലൂടെ നടന്നുവരുന്ന പ്രചാരണത്തിലും പ്രതിഫലിക്കുന്നത്. ഹമാസ് പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവുമില്ലാതെ ഇസ്രയേലിന്റെ തെക്കന്‍മേഖലകളിലേയ്ക്ക് നടത്തുന്ന റോക്കറ്റാക്രമണത്തിനുള്ള തിരിച്ചടി മാത്രമാണ് സയണിസ്റ്റ് ഇസ്രയേല്‍ നടത്തിവരുന്ന ഈ പൈശാചികമായ ആക്രമണങ്ങളെന്ന് ലോകത്തെ വിശ്വസിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. വെസ്റ്റ് ബാങ്കിലും ഗാസയിലുമുള്ള അറബികളെ പുറന്തള്ളുകയെന്ന തങ്ങളുടെ ആത്യന്തിക ലക്ഷ്യത്തെ ന്യായീകരിക്കാന്‍ വേണ്ടിയുള്ള ഈ പാലസ്തീന്‍വിരുദ്ധ പ്രചാരണത്തില്‍, ജനറല്‍ ഇലക്ട്രിക്കിനെപ്പോലുള്ള അമേരിക്കയിലെ ആയുധനിര്‍മ്മാതാക്കളായ വന്‍ ബഹുരാഷ്ട്രകുത്തകകളുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളെയും (ചആഇ) ഇസ്രയേല്‍ ആശ്രയിക്കുന്നുണ്ട്. എങ്കിലും, സാധാരണജനങ്ങളെ കൊന്നൊടുക്കുന്ന ഇസ്രയേലി കാടത്തത്തിനെതിരെ ഉയരുന്ന ജനവികാരം കണക്കിലെടുത്ത് അടുത്തയിടെയായി അവര്‍ പ്രചാരണത്തിന്റെ സ്വഭാവത്തില്‍ ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇന്നത്തെ പ്രതിസന്ധിക്ക് ഇസ്രയേലും ഹമാസും, രണ്ടുകൂട്ടരും ഒരുപോലെ ഉത്തരവാദികളാണ് എന്നതാണ് ഇപ്പോഴത്തെ ഭാഷ്യം. ആക്രമണകാരിയും ഇരയും ഒരേപോലെ ഉത്തരവാദികളാണെന്ന്. അമേരിക്കന്‍ സാമ്രാജ്യത്വശക്തികളും സയണിസ്റ്റ് ഇസ്രയേലും കൂട്ടാളികളും ദീര്‍ഘകാലമായി നിലനിന്നുവരുന്ന ഈ പ്രശ്‌നത്തിന് ന്യായമായ ഒരു പരിഹാരം കണ്ടെത്താന്‍ താല്പര്യപ്പെടുന്നില്ല എന്നതാണ് വ്യക്തമായ കാര്യം. പകരം, പ്രശ്‌നത്തെ നിലനിര്‍ത്തുകയും സംഘര്‍ഷം സജീവമാക്കി നിര്‍ത്തുകയും പാലസ്തീന്‍ ജനതയ്ക്കുമേല്‍ നിരന്തരം മാരകമായ കടന്നാക്രമണങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ട് പശ്ചിമേഷ്യയെ സംഘര്‍ഷാവസ്ഥയിലും നിരന്തരമായ യുദ്ധഭീഷണിയിലും നിലനിര്‍ത്തുക എന്നതാണവരുടെ താല്പര്യം.

ഇവിടെ അമേരിക്കന്‍ സാമ്രാജ്യത്വശക്തികള്‍ക്ക് മറ്റൊരു താല്പര്യവും കൂടിയുണ്ട്. അമേരിക്കയ്ക്ക് പശ്ചിമേഷ്യയിലാകെ അവരുടെ ആധിപത്യം സ്ഥാപിക്കുകയെന്ന പദ്ധതി മുന്നോട്ടുകൊണ്ടുപോകാനും, അവരുടെ ആജ്ഞാനുവര്‍ത്തികളാകാന്‍ തയ്യാറല്ലാത്ത ഇറാനെയും സിറിയയെയും മറ്റും പോലെയുള്ള രാജ്യങ്ങളെ സദാ മുള്‍മുനയില്‍ നിര്‍ത്താനും, ഇസ്രയേലിനെപ്പോലെ കരുത്തുറ്റതും യുദ്ധവെറി പൂണ്ടതുമായ ഒരു ശക്തി ആ മേഖലയിലുണ്ടാകേണ്ടത് ആവശ്യമാണ്. ഈ ഗൂഢപദ്ധതി പുറത്തുവരാതിരിക്കാന്‍ വേണ്ടി അമേരിക്കന്‍ സാമ്രാജ്യത്വശക്തികള്‍ ഹമാസിനും പീഡിതരായ പാലസ്തീന്‍ ജനതയ്ക്കുമെതിരെ പ്രചാരണം അഴിച്ചുവിടുന്നു.

വെടിനിര്‍ത്തലിനുള്ള
ഹമാസിന്റെ നിര്‍ദ്ദേശം
ഈജിപ്തിന്റെ മുന്‍കൈയോടെ വന്ന വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം സ്വീകരിച്ചില്ല എന്ന പേരില്‍ അമേരിക്കന്‍ സാമ്രാജ്യത്വശക്തികളും ഇസ്രയേലി അധികാരികളും ഹമാസിനെ കുറ്റപ്പെടുത്തുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? ഈജിപ്തിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രയേലുമായും മറ്റ് ശക്തികളുമായും ചേര്‍ന്ന് തീരുമാനിച്ചതും, എന്നാല്‍ ഹമാസുമായി ഒരിക്കല്‍പ്പോലും ചര്‍ച്ച ചെയ്തിട്ടില്ലാത്തതുമാണ്. ഇസ്രയേല്‍ അടിച്ചേല്പിച്ചിരിക്കുന്ന ഉപരോധം പിന്‍വലിക്കുന്നത് സംബന്ധിച്ച ഒരു വ്യവസ്ഥയും ആ നിര്‍ദ്ദേശത്തിലില്ല. 2012-ലെ ഒരു വെടിനിര്‍ത്തലിന്റെ ഭാഗമായിട്ടാണ് അത് നിലവില്‍ വന്നതെന്ന് കരുതപ്പെടുന്നു. 2012-ല്‍ ഇസ്രയേല്‍ ഗാസയില്‍ കടന്ന് ഒരു തുരങ്കം നശിപ്പിച്ച് പ്രകോപനമുണ്ടാക്കി, ഒരു റോക്കറ്റാക്രമണത്തിന് ഹേതുവുണ്ടാക്കി; അതിനെത്തുടര്‍ന്ന് ഓപ്പറേഷന്‍ കാസ്റ്റ് ലെഡ് എന്ന് വിളിക്കപ്പെട്ട ഒരു ആക്രമണം അഴിച്ചുവിട്ടു. ഇസ്രയേലിന്റെ ഓരോ പ്രകോപനവും ഹമാസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിക്ക് ഹേതുവാകുകയും, തുടര്‍ന്ന് ആ ന്യായം പറഞ്ഞ് ഇസ്രയേല്‍ ഗാസയെ തവിട് പൊടിയാക്കുകയും ചെയ്യുന്നു. ഗാസയുടെ കാര്യത്തില്‍ സയണിസ്റ്റ് ഇസ്രയേല്‍ അനുവര്‍ത്തിച്ചു വരുന്ന നയമിതാണ്. ഇസ്രയേല്‍ അടിച്ചേല്പിച്ചിരിക്കുന്ന ഉപരോധം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നത് വെടിനിര്‍ത്തലിനുള്ള ഉപാധിയാക്കണം എന്നതാണ് ഹമാസും ഗാസയിലെ മിക്കവാറും എല്ലാ ജനങ്ങളും മറ്റ് പാലസ്തീന്‍കാരും ആവശ്യപ്പെടുന്നത്.

ഗാസയ്‌ക്കെതിരായ ഇസ്രയേലിന്റെ യുദ്ധത്തിനെതിരെ
ലോകമെമ്പാടുമുള്ള
ജനലക്ഷങ്ങളുടെ പ്രതിഷേധം
സാമ്രാജ്യത്വശക്തികള്‍ കിണഞ്ഞ് ശ്രമിച്ചിട്ടും ലോകജനതയെ നിശ്ശബ്ദരാക്കാന്‍ കഴിഞ്ഞിട്ടില്ല. ആക്രമണകാരിയായ ഇസ്രയേലിലുള്ളവരുള്‍പ്പെടെ ലോകത്തെങ്ങുമുള്ള സമാധാനപ്രേമികളായ ജനങ്ങള്‍, മനുഷ്യരാശിക്കെതിരായ ഈ കൊടിയ കുറ്റകൃത്യത്തിന്റെ പേരില്‍ ഇസ്രയേലിനെയും അവരുടെ സംരക്ഷകരായ അമേരിക്കന്‍ സാമ്രാജ്യത്വത്തെയും നിശിതമായി അപലപിക്കുന്നു. ഇസ്രയേലിന്റെ തലസ്ഥാനമായ ടെല്‍ അവീവില്‍ ജൂലൈ 26-ന് അയ്യായിരത്തില്‍പ്പരം ഇസ്രയേലികള്‍ ഗാസ അധിനിവേശവും ഉപരോധവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രകടനം നടത്തി. ഇസ്രയേലി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇസ്രയേലിന്റെ ഗാസ ആക്രമണത്തെ അപലപിച്ചുകൊണ്ടും ഗാസയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. ഇറാനില്‍ നഗരങ്ങളും പട്ടണങ്ങളുമായി 770-ലേറെ ഇടങ്ങളില്‍ ദശലക്ഷക്കണക്കിനാളുകള്‍ പ്രതിഷേധ പ്രകടനങ്ങളില്‍ അണിനിരന്നു. ടെഹ്‌റാനില്‍ പതിനായിരങ്ങള്‍ അണിനിരന്ന ഒരു റാലിയില്‍ ഒരു കൂറ്റന്‍ പാലസ്തീന്‍ പതാക പിടിച്ചിരുന്നു. ഈജിപ്തില്‍, ഗാസയില്‍ നിന്ന് ഈജിപ്തിലേയ്ക്കുള്ള തന്ത്രപ്രധാനമായ പാതകള്‍ അടച്ചതിലൂടെ ഇസ്രയേലിന്റെ ഗാസ ഉപരോധത്തെ സഹായിക്കുന്ന ഈജിപ്ത് പ്രസിഡന്റ് സിസിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ജൂലൈ 25-ന് പ്രകടനങ്ങള്‍ നടന്നു. നിരോധിക്കപ്പെട്ടിരിക്കുന്ന മുസ്ലീംബ്രദര്‍ഹുഡിന്റെ നേതൃത്വത്തിലുള്ള അട്ടിമറിവിരുദ്ധ സഖ്യമാണ് അതിന് നേതൃത്വം നല്‍കിയത്. പാകിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയില്‍ പതിനായിരങ്ങള്‍ ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് പ്രകടനം നടത്തി. അധിനിവിഷ്ട പാലസ്തീനുമായുള്ള ലെബനന്റെ തെക്കന്‍ അതിര്‍ത്തിയിലെ ഒരു ഗ്രാമമായ മര്‍വാഹിനില്‍ സുന്നി ഷിയ മതപണ്ഡിതന്മാര്‍ സംയുക്തമായി പ്രതിഷേധപരിപാടി നടത്തി. ഇസ്രയേല്‍ ഗാസ ആക്രമണം ആരംഭിച്ച ദിവസം മുതല്‍ എല്ലാ ദിവസവും ഇസ്താംബൂളിലും അങ്കാറയിലും തുര്‍ക്കി പ്രതിഷേധക്കാര്‍ ഇസ്രയേലി എംബസികളിലേയ്ക്ക് പ്രതിഷേധമാര്‍ച്ച് നടത്തിവരുന്നു. ജോര്‍ദാന്‍, സിറിയ, സൗദിഅറേബ്യ, ബഹ്‌റൈന്‍, അല്‍ജീരിയ, സുഡാന്‍, ഇറാഖ്, അഫ്ഘാനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ബംഗ്ലാദേശ്, തായ്‌ലന്റ്, ജപ്പാന്‍, ആസ്‌ട്രേലിയ, നൈജീരിയ എന്നിവിടങ്ങളിലും പ്രതിഷേധറാലികള്‍ നടന്നു. ജൂലൈ 25-ന് സ്‌പെയിന്‍, ഇറ്റലി, ബെല്‍ജിയം, സ്വീഡന്‍, മാസിഡോണിയ തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലെ നഗരങ്ങളില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടന്നു. ജര്‍മ്മനിയിലെ ബര്‍ലിനില്‍ യഹൂദ ജനത പാലസ്തീന്‍ അനുകൂല പ്രകടനത്തില്‍ പങ്ക്‌ചേര്‍ന്നു. ഫ്രാന്‍സില്‍, പ്രകടനങ്ങള്‍ക്കുമേലുള്ള നിരോധനം ലംഘിച്ചുകൊണ്ട് ജൂലൈ 23-ന് പാരീസിലും ഇതര നഗരങ്ങളിലുമായി പതിനായിരക്കണക്കിന് പേര്‍ പാലസ്തീന്‍ അനുകൂല പ്രകടനങ്ങളില്‍ അണിനിരന്നു. ജൂലൈ 25-ന് ലണ്ടനിലെ ഇസ്രയേലി എംബസിക്ക് മുന്നില്‍ അമ്പതിനായിരത്തില്‍പ്പരം പേര്‍ പ്രകടനം നടത്തി. ‘ഇസ്രയേലിന്റെ യുദ്ധക്കുറ്റകൃത്യങ്ങളെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കാന്‍’ അവര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനോട് ആവശ്യപ്പെട്ടു. (വര്‍ക്കേഴ്‌സ് വേള്‍ഡ്, 29.07.14)

ഫലത്തില്‍ ഇസ്രയേലിനെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെയും അനുകൂലിക്കുന്ന ഇന്‍ഡ്യാഗവണ്മെന്റിന്റെ
നിലപാട്
ഇന്‍ഡ്യയില്‍ നമ്മുടെ പാര്‍ട്ടി, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)-ന്റെയും നമ്മുടെ ബഹുജനസംഘടനകളുടെയും ആഭിമുഖ്യത്തിലും, അതുപോലെ തന്നെ ആള്‍ ഇന്‍ഡ്യ ആന്റി ഇംപീരിയലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മറ്റ് ചില സംഘടനകളും പ്രതിഷേധിക്കുകയുണ്ടായി. എന്നാല്‍, ഇന്‍ഡ്യന്‍ ബൂര്‍ഷ്വാ ഗവണ്മെന്റ് കൈക്കൊണ്ട നടപടി തികച്ചും അപലപനീയമാണ്. ഇസ്രയേലിന്റെ പൈശാചികാക്രമണത്തെ അസന്ദിഗ്ദ്ധമായി അപലപിക്കാന്‍ തയ്യാറാവുന്നതിന് പകരം, ഇസ്രയേലുമായി ഇന്‍ഡ്യയ്ക്ക് സൗഹൃദബന്ധമുള്ളതിനാല്‍ ഈ പ്രശ്‌നത്തില്‍ പക്ഷം പിടിക്കാന്‍ നമുക്ക് കഴിയില്ല എന്ന നിലപാടാണ് അവര്‍ കൈക്കൊണ്ടത്. ബിജെപി നയിക്കുന്ന ഇന്‍ഡ്യാ ഗവണ്മെന്റ് അങ്ങനെ, നിഷ്പക്ഷതയുടെ മുഖപടമണിഞ്ഞുകൊണ്ട്, വ്യക്തമായും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും കൂട്ടാളികളുടെയും പക്ഷം ചേര്‍ന്നു. സാമ്രാജ്യത്വസ്വഭാവം ആര്‍ജ്ജിച്ചുകഴിഞ്ഞതും, ഏഷ്യയിലെ വന്‍ശക്തിയാകുക എന്ന അഭിലാഷം നിറേവറ്റുന്നതിന് വേണ്ടി അമേരിക്കന്‍ സാമ്രാജ്യത്വത്തെ പ്രീണിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ ഇന്‍ഡ്യന്‍ മുതലാളിവര്‍ഗ്ഗം, അവരുടെ സാമ്പത്തിക രാഷ്ട്രീയ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇസ്രയേലുമായി സുഹൃദ്ബന്ധം പുലര്‍ത്തുകയാണ്. അതിനാല്‍, ഈ മുതലാളിവര്‍ഗ്ഗത്തിന്റെ കാര്യദര്‍ശിയായ ഇന്‍ഡ്യന്‍ ഗവണ്മെന്റ് ഇസ്രയേലിന്റെ പാതകങ്ങള്‍ക്ക് നിര്‍ലജ്ജം അരുനില്‍ക്കുന്നു.
ഹിസ്ബുള്ള നേതൃത്വം ഗാസയെ സഹായിക്കാനും ഐക്യത്തിനും വേണ്ടി
ആഹ്വാനം ചെയ്യുന്നു
ലെബനന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വീറുറ്റ സാമ്രാജ്യത്വവിരുദ്ധ സംഘടനയായ ഹിസ്ബുള്ളയ്ക്ക് ഹമാസുമായി പല കാര്യങ്ങളിലും വിയോജിപ്പാണുള്ളതെങ്കിലും, ഹിസ്ബുള്ള നേതൃത്വം താഴെപ്പറയുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്: ഇക്കുറി ഈ യുദ്ധത്തെ അമേരിക്ക തുടക്കം മുതല്‍ പിന്തുണച്ചുവരികയാണ്. പണം, ആയുധം, മാധ്യമപിന്തുണ, രാഷ്ട്രീയപിന്തുണ ഇവയെല്ലാം അമേരിക്ക നല്‍കുന്നു. മറുവശത്ത് ഗാസയിലെ ജനങ്ങള്‍ പുലര്‍ത്തുന്ന ഹൃദയാവര്‍ജ്ജകമായ നിശ്ചയദാര്‍ഢ്യവും ഐക്യവും, ചെറുത്തുനില്പില്‍ അവര്‍ അര്‍പ്പിക്കുന്ന വിശ്വാസവും നാം കാണുന്നു. അതുപോലെതന്നെ വേദന, യാതന, ജീവഹാനി, പലായനം എന്നിങ്ങനെയുള്ള അന്തമറ്റ ദുരിതങ്ങളോടുള്ള അവരുടെ അപാരമായ സഹനവും നാം കാണുന്നു. വ്യത്യസ്ത പാലസ്തീനിയന്‍ വിഭാഗങ്ങളുടെ ശ്രദ്ധേയമായ പ്രവര്‍ത്തനമികവും നാം കാണുന്നു. അന്തര്‍ദ്ദേശീയവും പ്രാദേശികവുമായ ഈ സമ്മര്‍ദ്ദങ്ങളുടെയെല്ലാം മുന്നില്‍ അവര്‍ പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രീയ നിശ്ചയദാര്‍ഢ്യം കാണുന്നു. മറ്റ് വിഷയങ്ങളില്‍ നമുക്കിടയിലുള്ള എല്ലാ തര്‍ക്കങ്ങളും ഭിന്നതകളും പൊരുത്തക്കേടുകളും തല്‍ക്കാലം മാറ്റിവയ്ക്കാം. രാഷ്ട്രീയ നിലപാടിന്റെയും മറ്റും കാര്യത്തില്‍ നമുക്കിടയില്‍ ഇപ്പോഴും ഭിന്നതകളുണ്ടാകാം. വിശകലനങ്ങളുടെ കാര്യത്തില്‍ നമുക്ക് വിയോജിപ്പുകളുണ്ടാകാം. എങ്കിലും, ഒരു ജനതയുടെ ഒന്നാകെയുള്ള താല്പര്യമെന്ന നിലയില്‍, ഒരു ചെറുത്തുനില്പിന്റെ താല്പര്യമെന്ന നിലയില്‍, ശരിതെറ്റുകളെ സംബന്ധിച്ച് യാതൊരു വിധ അര്‍ത്ഥശങ്കയ്ക്കുമിടയില്ലാത്ത തികച്ചും ന്യായവും ശരിയുമായ ഒരു ലക്ഷ്യത്തിനുവേണ്ടി എന്ന നിലയില്‍, ഗാസയുടെ പ്രശ്‌നത്തില്‍ നാം ഈ ഭിന്നതകളെല്ലാം തല്‍ക്കാലത്തേയ്ക്ക് മാറ്റിവയ്ക്കണം. ഗാസയുടെ രക്തവും യാതനയും നിശ്ചയദാര്‍ഢ്യവും ധീരോദാത്തതയും മറ്റെല്ലാറ്റിനുമുപരി നമ്മുടെ പരിഗണനയില്‍ വരണം. മറ്റെല്ലാ ഭിന്നതകളും മാറ്റിവച്ച് ഏവരും അവരവരുടെ കഴിവനുസരിച്ച് രാഷ്ട്രീയവും ധാര്‍മ്മികവും സാമ്പത്തികവും ഭൗതികവുമായ സഹായവും മാധ്യമങ്ങളിലൂടെയുളള പിന്തുണയും, സാധിക്കുമെങ്കില്‍ ആയുധങ്ങളും, നല്‍കി ഗാസയുടെ പോരാട്ടത്തെ സഹായിക്കണം.

സമാധാനം സ്ഥാപിക്കാന്‍ എങ്ങനെ കഴിയും
ഇപ്പോള്‍ ഗാസയിലുള്ള പാലസ്തീനിയന്‍ ജനതയുടെ ധീരോദാത്തമായ പോരാട്ടത്തിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്ന പാലസ്തീനിയന്‍ ജനതയുടെ ഈ ന്യായമായ പോരാട്ടം, അവരുടെ നീതിയുക്തമായ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമേ അവസാനിക്കൂ എന്നത് നിസ്തര്‍ക്കമാണ്. ഒരു സ്വതന്ത്ര പരമാധികാര പാലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക, ഇസ്രയേലിന്റെ നിയമവിരുദ്ധമായ അധിനിവേശത്തിന്‍ കീഴിലായിരിക്കുന്ന സ്വന്തം മാതൃരാജ്യത്തേയ്ക്ക് മടങ്ങാന്‍ പാലസ്തീന്‍ ജനതയ്ക്കുള്ള അവകാശം അംഗീകരിക്കുക, 1967-ലെ യുദ്ധത്തില്‍ സിറിയയില്‍ നിന്നും പാലസ്തീനില്‍ നിന്നും പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ പിന്മാറുക എന്നിവയാണ് ഈ ആവശ്യങ്ങളില്‍ മുഖ്യം. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാതെ ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള യാതൊരു നീക്കവും സാദ്ധ്യമല്ല. അതിന് ഇസ്രയേല്‍ ഗാസയ്‌ക്കെതിരെ നടത്തുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കുകയും, ഗാസയ്ക്കും ഹമാസിനുമെതിരെ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നിരുപാധികം പിന്‍വലിക്കുകയും വേണം.
ആക്രമണത്തില്‍ നിന്ന് സ്വയംരക്ഷിക്കാനുള്ള അവകാശം വേണ്ടെന്നുവയ്ക്കാന്‍ സ്വാതന്ത്ര്യസ്‌നേഹികളായ ഒരു ജനതയ്ക്കും സാധിക്കുകയില്ല. വിശേഷിച്ചും, സയണിസ്റ്റ് ഇസ്രയേലിനെപ്പോലെ യുദ്ധവെറിയും വെട്ടിപ്പിടുത്തനയവുമുള്ള ഒരു അയല്‍രാജ്യമുള്ളപ്പോള്‍. ഇസ്രയേല്‍ അടിച്ചേല്പിച്ച സമ്പൂര്‍ണ്ണവും നിരന്തരവുമായ ഉപരോധം മൂലമുണ്ടായ ഭയാനകമായ സാഹചര്യത്തില്‍ ജീവിതത്തിന് അവശ്യം വേണ്ട വസ്തുക്കളും സേവനങ്ങളും ഗാസയിലെത്തിക്കുന്നത് തുരങ്കങ്ങളുടെ ശൃംഖലയിലൂടെയാണ്. ഇസ്രായേലിന്റെ പ്രധാന ആക്രമണലക്ഷ്യങ്ങളിലൊന്ന് അതാണ്. അതിനാല്‍, ഉപരോധം പിന്‍വലിക്കുകയെന്നത് വീണ്ടും ഗാസക്കാരുടെ ഏറ്റവും ന്യായവും അടിയന്തിരമായി അംഗീകരിക്കപ്പെടേണ്ടതുമായ ഒരാവശ്യമയിരിക്കുന്നു.
ജനങ്ങള്‍ക്കെതിരെ അക്രമം നടത്തി അവരെ ദുരിതത്തിലാഴ്ത്തുന്നതില്‍ നിന്ന് അമേരിക്കന്‍ സാമ്രാജ്യത്വശക്തികളെയും സയണിസ്റ്റ് ഇസ്രയേലിനെയും അവരുടെ കൂട്ടാളികളെയും തടയുക എന്നതാണ് സര്‍വ്വപ്രധാനമായ കാര്യം. ഒരിക്കല്‍ സാമ്രാജ്യത്വ ആക്രമണകാരികളെ നിലയ്ക്കുനിര്‍ത്തിയിരുന്ന ശക്തമായ സോഷ്യലിസ്റ്റ് ചേരിയുടെ അഭാവത്തില്‍, ലോകവ്യാപകമായി സുസംഘടിതവും വീറുറ്റതുമായ സാമ്രാജ്യത്വവിരുദ്ധപ്രസ്ഥാനം വളര്‍ത്തിയെടുത്ത് അതിന്റെ സമ്മര്‍ദ്ദത്തിലൂടെ ചെറുത്തുനില്പിന്റെ നെടുങ്കോട്ട സൃഷ്ടിക്കുക എന്നതാണാവശ്യം. യോജിച്ചതും സുസംഘടിതവും നീണ്ടുനില്‍ക്കുന്നതും വീറുറ്റതുമായ യുദ്ധവിരുദ്ധ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനം ലോകത്തിന്റെ ഓരോ കോണിലും വളര്‍ന്നുവരണം. ലോകത്തെ, വിശേഷിച്ചും അറബി രാജ്യങ്ങളിലെ, സ്വാതന്ത്ര്യസ്‌നേഹികളും സാമ്രാജ്യത്വവിരുദ്ധരും ജനാധിപത്യവിശ്വാസികളുമായ വ്യക്തികളും പ്രസ്ഥാനങ്ങളും, പൊരുതുന്ന പാലസ്തീന്‍ ജനതയ്ക്ക് ക്രിയാത്മകമായ പിന്തുണ നല്‍കിക്കൊണ്ട് അചഞ്ചലമായ ഐക്യത്തോടെ നിലകൊള്ളേണ്ടതുണ്ട്. ഗാസയിലെ ജനങ്ങളുടെ പോരാട്ടം ലോക സാമ്രാജ്യത്വവിരുദ്ധപ്രസ്ഥാനത്തിന്റെ അവിഭാജ്യഭാഗമാണെന്ന് മനസ്സിലാക്കണം. സയണിസ്റ്റ് ഇസ്രയേലും അതിന്റെ രക്ഷിതാവായ അമേരിക്കന്‍ സാമ്രാജ്യത്വവും ചേരുന്ന ദുഷ്ടത നിറഞ്ഞ അച്ചുതണ്ടിനെ പരാജയപ്പെടുത്തുകയെന്നത് ലോകത്തെവിടെയും മുതലാളിത്ത-സാമ്രാജ്യത്വത്തിനെതിരെ നടക്കുന്ന ബഹുജനപ്രക്ഷോഭങ്ങളുടെയും വിപ്ലവപ്പോരാട്ടങ്ങളുടെയും മുന്നേറ്റത്തിനും അനിവാര്യമാണ്.

 

 

 

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp