പ്രതിഷേധ ധര്‍ണ്ണയും പ്രകടനവും നടത്തി
സാമ്പത്തിക പ്രതിസന്ധിയെന്ന അസത്യത്തിന്റെ മറയില്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം
– ഇടതുപക്ഷ ഐക്യമുന്നണി
24/9/2014
തിരുവനന്തപുരം
സാമ്പത്തിക പ്രതിസന്ധിയെന്ന അസത്യത്തിന്റെ മറയില്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ ഭൂനികുതിയും വെള്ളക്കരവും സേവനനികുതിയും വര്‍ദ്ധിപ്പിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് എസ്.യു.സി.ഐ (സി) സംസ്ഥാന സെക്രട്ടറി സി.കെ.ലൂക്കോസ് ആവശ്യപ്പെട്ടു. ആര്.എം.പിയും എസ്.യു.സി.ഐ(സി)യും എം.സി.പി.ഐ(യു)വും ഉള്‍പ്പെടുന്ന ഇടതുപക്ഷ ഐക്യമുന്നണി സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറെ ബാറുകള്‍ പൂട്ടിയതിനാല്‍ ഖജനാവ് പ്രതിസന്ധിയിലായി എന്ന കുപ്രചരണം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടതുപക്ഷ ഐക്യമുന്നണി സംസ്ഥാന ചെയര്മാന് കെ.എസ്.ഹരിഹരന് അദ്ധ്യക്ഷത വഹിച്ചു. ജനങ്ങള്‍ മദ്യത്തിന് അടിമകളായാല്‍ മാത്രമേ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയൂ എന്ന വാദം അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍.വേണു (ആര്.എം.പി സംസ്ഥാന സെക്രട്ടറി) ടി.നാരായണന് മാസ്റ്റര്‍, കെ.ആര്.സദാനന്ദന് (ഇടതുപക്ഷ ഐക്യമുന്നണി വൈസ് ചെയര്മാന്) ഷൈല.കെ.ജോണ്‍, കൃഷ്ണമ്മാള്‍, ഡോ.വി.വേണുഗോപാല്‍ (ഇടതുപക്ഷ ഐക്യമുന്നണി സംസ്ഥാന കണ്‍വീനര്‍) സി.ശ്രീനിവാസദാസ്, ജയ്സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ പ്രകടനത്തിന് എല്‍.യു.എഫ് സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്കി.