ഹയര്‍ സെക്കണ്ടറി
എഐഡിഎസ്ഒ സെക്രേട്ടറിയറ്റ് മാര്‍ച്ച്
അശാസ്ത്രീയമായ ഹയര്‍സെക്കണ്ടറി സമയമാറ്റം പിന്‍വലിക്കുക, ശനിയാഴ്ച അവധി നിലനിര്‍ത്തുക, പ്രവേശന പ്രതിസന്ധി പരിഹരിക്കുക, പാഠപുസ്തകങ്ങള്‍ വിലകുറച്ച് ഉടന്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആള്‍ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ (എഐഡിഎസ്ഒ)യുടെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് ഇ.എന്‍. ശാന്തിരാജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കൗമാരക്കാരുടെ ആരോഗ്യത്തെപ്പോലും ബാധിക്കുന്ന വിധത്തിലുള്ള സമയക്രമം അടിയന്തിരമായി പിന്‍വലിക്കണമെന്നും, ഹയര്‍സെക്കണ്ടറി മേഖലയിലെ മറ്റു പ്രശ്‌നങ്ങളും പരിഹരിച്ച് ഹയര്‍സെക്കണ്ടറി മേഖലയെ രക്ഷിക്കണമെന്നും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന നേതാക്കളായ കെ.ബിമല്‍ജി, എസ്. ശ്രീകുമാര്‍, കെ.പി. സാല്‍വിന്‍, വി.ഡി. സന്തോഷ്, എ. റെജീന, വിദ്യ ആര്‍. ശേഖര്‍, എ. ഷൈജു, എസ്. അലീന എന്നിവര്‍ സംസാരിച്ചു. വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ച് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ സംസാരിച്ചു. പ്രകടനത്തിനു മുന്നോടിയായി ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍വെന്‍ഷനും നടന്നു.