എസ്.യു.സി.ഐ(സി) കേരളത്തില്‍ സി.പി.ഐ(എം)-മായി സഖ്യത്തിനില്ല

Spread our news by sharing in social media

എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി കേരളത്തില്‍ സി.പി.ഐ(എം)-മായി സഖ്യത്തിനില്ലെന്നും ആര്‍.എം.പി, എം.സി.പി.ഐ(യു) എന്നീ പാര്‍ട്ടികളുമായിച്ചേര്‍ന്നുള്ള ഇടതുപക്ഷ ഐക്യമുന്നണിയില്‍ തുടരുമെന്നും എസ്.യു.സി.ഐ(സി) കേന്ദ്രക്കമ്മിറ്റിയംഗവും സംസ്ഥാനസെക്രട്ടറിയുമായ സി.കെ.ലൂക്കോസ് പറഞ്ഞു. ഒക്‌ടോബര്‍ 16-ന് കൊല്‍ക്കത്തയില്‍ സി.പി.ഐ(എം) ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വച്ച് എസ്.യു.സി.ഐ(സി) ജനറല്‍സെക്രട്ടറി പ്രൊവാഷ്‌ഘോഷ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
കേന്ദ്രത്തിലെ ബിജെപി ഗവണ്മെന്റിന്റെ ആഗോളവല്‍ക്കരണ നയങ്ങള്‍ക്കും വര്‍ഗ്ഗീയ അജണ്ടയ്ക്കുമെതിരെ വര്‍ഗ്ഗ-ബഹുജന സമരങ്ങള്‍ വളര്‍ത്തിയെടുക്കാനായി ദേശീയതലത്തില്‍ സി.പി.ഐ(എം), എസ്.യു.സി.ഐ(സി), സി.പി.ഐ, സി.പി.ഐ(എം.എല്‍-ലിബറേഷന്‍), ആര്‍.എസ്.പി, ഫോര്‍വേഡ്‌ബ്ലോക്ക് എന്നീ 6 ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യവേദി രൂപീകരിക്കാനുളള നീക്കങ്ങളോട് എസ്.യു.സി.ഐ(സി) സഹകരിക്കും. അതിന്റെ ഭാഗമായി നവംബര്‍ 1-ന് ഡല്‍ഹിയില്‍ ചേരാനിരിക്കുന്ന കണ്‍വന്‍ഷനില്‍ പാര്‍ട്ടിയുടെ പ്രതിനിധി പങ്കെടുക്കും. എന്നാല്‍ കേരളത്തിലും പശ്ചിമബംഗാളിലും നിലനില്‍ക്കുന്ന പ്രത്യേകസാഹചര്യം മൂലം, ദേശീയതലത്തിലുണ്ടാകുന്ന ഐക്യം തല്‍ക്കാലം ഈ സംസ്ഥാനങ്ങളില്‍ നടപ്പില്‍ വരികയില്ല.
കേരളത്തില്‍ ഇപ്പോള്‍ ആര്‍.എം.പിയും എസ്.യു.സി.ഐ(സി)-യും എം.സി.പി.ഐ(യു)വും ചേര്‍ന്ന് രൂപീകരിച്ചിരിക്കുന്ന ഇടതുപക്ഷ ഐക്യമുന്നണിയുടെ ആഭിമുഖ്യത്തില്‍ ആഗോളീകരണനയങ്ങള്‍ക്കും വര്‍ഗ്ഗീയതയ്ക്കും കൊലപാതകരാഷ്ട്രീയത്തിനുമെതിരായ സമരം ഫലവത്തായി മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നതിനാല്‍ സംസ്ഥാനത്ത് എസ്.യു.സി.ഐ(സി)യും സി.പി.ഐ (എം) മുന്നണിയുമായുള്ള സഹകരണത്തിന് പ്രസക്തിയില്ല. പശ്ചിമബംഗാളില്‍ കഴിഞ്ഞ 34 വര്‍ഷക്കാലത്തെ ഇടതുമുന്നണി ഭരണകാലത്ത് സിപിഐ(എം) അക്രമത്തില്‍ എസ്.യു.സി.ഐ(സി)-യുടെ നേതാക്കളും പ്രവര്‍ത്തകരുമായി 161 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 49 പേര്‍ ഇടതുമുന്നണി ഗവണ്മെന്റ് കെട്ടിച്ചമച്ച കള്ളക്കേസുകളില്‍പ്പെട്ട് ജീവപര്യന്തം തടവ്ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. തന്നിമിത്തം എസ്‌യുസിഐ(സി)യുടെയും സിപിഐ(എം)-ന്റെയും പ്രവര്‍ത്തകര്‍ക്ക് യോജിച്ചുപ്രവര്‍ത്തിക്കാന്‍ കഴിയുംവിധം സഹകരണാത്മകമായ ബന്ധമല്ല താഴെത്തലങ്ങളില്‍ നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതുവരെ വര്‍ഗ്ഗീയത, സാമ്രാജ്യത്വം തുടങ്ങിയ വിഷയങ്ങളില്‍ പ്രശ്‌നാധിഷ്ഠിതമായി യോജിച്ചു പ്രവര്‍ത്തിക്കുകയെന്നതാണ് പശ്ചിമബംഗാളില്‍ സാദ്ധ്യമായിട്ടുള്ളത്. മേല്‍സൂചിപ്പിച്ച പത്രസമ്മേളനത്തില്‍ വച്ച് പ്രൊവാഷ് ഘോഷ് വ്യക്തമാക്കിയ നിലപാടാണ് ഇത് – സി.കെ.ലൂക്കോസ് പറഞ്ഞു.

Share this