മഹാനായ മനുഷ്യസ്‌നേഹി ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ക്ക് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെ പ്രണാമങ്ങള്‍

Spread our news by sharing in social media

മഹാനായ മനുഷ്യസ്‌നേഹിയും സമൂഹത്തിന്റെ പുരോഗമന മുന്നേറ്റങ്ങളില്‍ എക്കാലവും സാധാരണ ജനങ്ങളോടൊപ്പം നിന്ന പോരാളിയുമായ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഡിസംബര്‍ 4 ന് എറണാകുളത്ത് അന്തരിച്ചു.

ഇന്ത്യയിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിപ്ലവപ്രസ്ഥാനമായ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)ന്റെ മുന്‍കൈയില്‍ ആരംഭിച്ച നിരവധി ജനകീയ പ്രസ്ഥാനങ്ങളില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ വഹിച്ച നിര്‍ണ്ണായകമായ പങ്ക് അവിസ്മരണീയമാണ്.

സാമ്രാജ്യത്വ അതിക്രമങ്ങള്‍ക്കെതിരെ ലോകമെങ്ങുമുള്ള പൊരുതുന്ന ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്ഥാനങ്ങളില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ എക്കാലവും മുന്‍പന്തിയിലുണ്ടായിരുന്നു. വിയറ്റ്‌നാമിലെയും ലിബിയയിലെയും പാലസ്തീനിലെയും ഇറാഖിലെയും ബോസ്‌നിയയിലെയും എവിടെയും ആക്രമണങ്ങള്‍ക്കിരകളാകുന്ന ജനങ്ങളുടെ ലോകശബ്ദമായിരുന്നു കൃഷ്ണയ്യരുടേത്.

അഖിലേന്ത്യാ സാമ്രാജ്യത്വവിരുദ്ധ ഫോറത്തിന്റെ(എഐഎഐഎഫ്) അഖിലേന്ത്യാ പ്രസിഡന്റായി രണ്ട് പതിറ്റാണ്ടുകാലം അദ്ദേഹം പ്രവര്‍ത്തിച്ചു. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ, വിശേഷിച്ചും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കുടിലതകള്‍ക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ ലോക പോരാളിയായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യര്‍.

ഇന്ത്യയിലെ വര്‍ഗ്ഗീയ കലാപങ്ങള്‍ അദ്ദേഹത്തെ എക്കാലവും ദുഃഖിതനാക്കിയിരുന്നു. വര്‍ഗ്ഗീയ വിപത്തിനെതിരായ എല്ലാ പോരാട്ടങ്ങളെയും പിന്തുണയ്ക്കുകയും ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാന്‍ ഇടതുപക്ഷ പുരോഗമനപ്രസ്ഥാനങ്ങളോടൊപ്പം അടിയുറച്ച് നിലകൊള്ളുകയും ചെയ്ത കൃഷ്ണയ്യര്‍, ഹിന്ദുത്വശക്തികള്‍ ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ വര്‍ഗ്ഗീയതയ്‌ക്കെതിരായ ദേശീയ മതേതര പ്രക്ഷോഭങ്ങളില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.

1992-ല്‍ ആലപ്പുഴയില്‍ നാം സംഘടിപ്പിച്ച മതേതര ജനമൈത്രി സംഗമത്തിന്റെ മുന്‍നിരയില്‍ കൃഷ്ണയ്യരുണ്ടായിരുന്നു.
കേരളത്തിന്റെ ജനകീയ സമരചരിത്രത്തില്‍ സുപ്രധാനമായ വഴിത്തിരിവ് സൃഷ്ടിച്ചത് 1992-ല്‍ കൃഷ്ണയ്യരുടെ അദ്ധ്യക്ഷതയില്‍ ഉദയംകൊണ്ട കേരള സംസ്ഥാന ജനകീയപ്രതിരോധ സമിതിയുടെ രൂപവല്‍ക്കരണമായിരുന്നു. അഴിമതിക്കും വര്‍ഗ്ഗീയതയ്ക്കും വിലക്കയറ്റത്തിനും സ്പഷ്ടമായ എല്ലാത്തരം അനീതികള്‍ക്കുമെതിരെ കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കുമതീതമായി ജനങ്ങള്‍ സ്വന്തം സമരസംഘടനകളില്‍ സംഘടിതരായി പൊരുതാനാഹ്വാനം ചെയ്യുന്ന ജനകീയ പ്രതിരോധ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം കേരള ജനതയ്ക്ക് പുതിയ അനുഭവമായിരുന്നു. പുതിയ സമരപാതയായിരുന്നു. സാംസ്‌കാരിക-സാമൂഹ്യ മണ്ഡലങ്ങളില്‍ നിന്നും നൂറുകണക്കിന് പ്രഗത്ഭരാണ് അതിനെത്തുടര്‍ന്ന് ജനകീയ പ്രതിരോധ സമിതിയില്‍ അംഗങ്ങളായി ചേര്‍ന്നത്. ജീവിതാന്ത്യംവരെ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ജനകീയപ്രതിരോധ സമിതിയുടെ പ്രസിഡന്റായി തുടര്‍ന്നു. സ്ത്രീസുരക്ഷാ പ്രസ്ഥാനവും അതിനെ തുടര്‍ന്നാണ് രൂപം കൊള്ളുന്നത്.

1986-ല്‍ രാജീവ് ഗാന്ധി കൊണ്ടുവന്ന വിദ്യാഭ്യാസവിരുദ്ധമായ ‘പുതിയ ദേശീയ വിദ്യാഭ്യാസ നയ’ത്തിനെതിരായി നമ്മുടെ പാര്‍ട്ടി വളര്‍ത്തിയെടുത്ത പ്രക്ഷോഭ പ്രസ്ഥാനമായിരുന്നു ആള്‍ ഇന്ത്യാ സേവ് എജ്യൂക്കേഷന്‍ കമ്മിറ്റി. അന്ന് അതിന് നേതൃത്വം നല്‍കാന്‍, അതിന്റെ ദേശീയ അദ്ധ്യക്ഷ പദവി ഏറ്റെടുക്കുവാന്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ മുന്നോട്ടുവന്നു. കൃഷ്ണയ്യരുടെ സാന്നിദ്ധ്യവും പ്രബോധനങ്ങളും വിദ്യാഭ്യാസ സുരക്ഷാ പ്രസ്ഥാനം രാജ്യവ്യാപകമായി വളര്‍ത്തിയെടുക്കാന്‍ നമ്മുക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കി. ലോകബാങ്കിന്റെ വിദ്യാഭ്യാസ വിധ്വംസകപദ്ധതി ഡിപിഇപി കേരളത്തില്‍ ആവിഷ്‌ക്കരിച്ചത് ഇടതുപക്ഷമെന്നറിയപ്പെടുന്ന സര്‍ക്കാരാണ്. ഡിപിഇപി വക്താക്കളായ അവരുടെ എല്ലാ സമ്മര്‍ദ്ദങ്ങളും അതിജീവിച്ചുകൊണ്ട് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഡിപിഇപി വിരുദ്ധ സമരത്തില്‍ അചഞ്ചലം നിലകൊണ്ടു. 1997-ല്‍ തിരുവനന്തപുരത്ത് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ഡിപിഇപി വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘നമ്മുടെ ക്ലാസ് മുറികള്‍ ലോകബാങ്കിന് പണയംവയ്ക്കരുത്’.

തുടര്‍ന്ന്, അഖിലേന്ത്യാതലത്തില്‍ നടന്ന നിരവധി വിദ്യാഭ്യാസ സംരക്ഷണ പരിപാടികളില്‍ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ സജീവമായി പങ്കെടുക്കുകയും നമുക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുകയും ചെയ്തുകൊണ്ടിരുന്നു. 2001-ല്‍ ഡിപിഇപി പാഠ്യപദ്ധതി പുനഃപരിശോധനയ്ക്കായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയില്‍ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി ഡോ.വി.വേണുഗോപാല്‍ കൂടി അംഗമായതും കൃഷ്ണയ്യരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. തുടര്‍ന്ന്, ആ കമ്മിറ്റി ഗവണ്‍മെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജനകീയ പ്രതിരോധ സമിതി പ്രസിദ്ധീകരിച്ചപ്പോള്‍ അതിന് കൃഷ്ണയ്യര്‍ ആമുഖം കുറിച്ചത് വിദ്യാഭ്യാസത്തിന്റെ മഹത്തായ ലക്ഷ്യങ്ങളും സങ്കല്‍പ്പങ്ങളും അടിവരയിട്ടു പറഞ്ഞുകൊണ്ടാണ്.

ബാംഗ്ലൂരില്‍ നടന്ന സ്ത്രീധന വിരുദ്ധ സമ്മേളനം, അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന തിരുവനന്തപുരത്ത് സംഘടിപ്പിച്ച അഖിലേന്ത്യാ വനിതാ സമ്മേളനം, കേരളത്തിലെ മദ്യവിരുദ്ധ സമ്മേളനങ്ങള്‍, സ്ത്രീ സുരക്ഷാ പ്രസ്ഥാനം എന്നിവയിലൊക്കെ കൃഷ്ണയ്യര്‍ മാര്‍ഗ്ഗദര്‍ശിയായുണ്ടായിരുന്നു.

കുടിയൊഴിപ്പിക്കപ്പെടുന്നവരുടെയും അശരണരുടെയും അവകാശസമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം നല്‍കി എക്കാലവും നിലകൊണ്ട മഹാനായിരുന്നു അദ്ദേഹം. മൂലമ്പിള്ളിയിലെ കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള സമരത്തെ കലവറയില്ലാതെ പിന്തുണച്ച കൃഷ്ണയ്യര്‍ ജനകീയ പ്രതിരോധ സമിതിയ്ക്കുവേണ്ടി നിരവധി തവണ ജനങ്ങളെ അഭിവാദ്യം ചെയ്തിട്ടുണ്ട്. ചെങ്ങറയിലെ സാധു ജനങ്ങളുടെ സമരത്തെയും കരിമണല്‍ ഖനനത്തിനെതിരായി നടന്ന ജനകീയ സമരത്തെയും മറ്റുമൊക്കെ നിരന്തരം പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തുകൊണ്ടിരുന്നു അദ്ദേഹം.
സാമ്രാജ്യത്വവിരുദ്ധ സമാധാനപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ലോകമെമ്പാടും സഞ്ചരിച്ച അദ്ദേഹം വിമോചന പോരാളികള്‍ക്ക് എക്കാലവും ഉറവവറ്റാത്ത പ്രചോദനമായിരുന്നു. കഷ്ടപ്പെടുന്നവരും ചൂഷിതരും നിന്ദിതരുമായ ജനങ്ങള്‍ക്ക് അവരുടെ ദേശമോ മറ്റെന്തെങ്കിലുമോ പരിഗണിക്കാതെ പോരാടാന്‍ സഹായം നല്‍കിക്കൊണ്ടിരുന്ന കൃഷ്ണയ്യര്‍ എല്ലാത്തരം അന്യായങ്ങള്‍ക്കുമെതിരെ പൊരുതിയ ന്യായാധിപന്‍ കൂടിയായിരുന്നു.

ആ വിശ്വപൗരന്റെ ശാരീരികമായ വേര്‍പാട് നികത്താന്‍ നമുക്കാകില്ല. എന്നാല്‍, ചൂഷിതരായ ജനങ്ങളുടെ പോരാട്ടങ്ങളോടൊപ്പം നിലകൊള്ളുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് അന്തിമ പ്രണാമങ്ങളര്‍പ്പിക്കുന്ന ഏതൊരാളും എടുക്കേണ്ടുന്ന പ്രതിജ്ഞ. പ്രതിലോമത്വം ഇന്ത്യയെ കീഴടക്കിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ ജസ്റ്റിസ് കൃഷ്ണയ്യരുടെ അസാന്നിദ്ധ്യം നമ്മെ അഗാധമായ ദുഃഖത്തിലാഴ്ത്തുന്നു.
മഹാനായ ആ മനുഷ്യസ്‌നേഹിക്ക് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ നിര്യാണത്തില്‍ ഡിസംബര്‍ 4 ന് എറണാകുളം ശിക്ഷക്‌സദനില്‍ നടന്നുകൊണ്ടിരുന്ന എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാനക്കമ്മിറ്റിയുടെ വിപുലീകൃതയോഗം അഗാധമായ ദു:ഖം രേഖപ്പെടുത്തി.

ഡിസംബര്‍ 5-ാം തീയതി എറണാകുളത്ത് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവയ്ക്കപ്പെട്ട ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ മൃതദേഹത്തിന്മേല്‍ എസ്‌യുസിഐ(സി) കേന്ദ്രകമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കുംവേണ്ടി പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയുമായ സഖാവ് സി.കെ.ലൂക്കോസ് പുഷ്പചക്രം അര്‍പ്പിച്ചു. ജനകീയ പ്രതിരോധ സമിതിക്കുവേണ്ടി ജനറല്‍ സെക്രട്ടറി ഡോ.വി.വേണുഗോപാല്‍, അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയ്ക്കുവേണ്ടി സംസ്ഥാന സെക്രട്ടറി ഷൈല കെ.ജോണ്‍, സ്ത്രീ സുരക്ഷാ സമിതിക്കുവേണ്ടി മിനി.കെ.ഫിലിപ്പ്, മദ്യവിരുദ്ധ ജനകീയ സമര സമിതിക്കുവേണ്ടി ടി.സി.കമല, ആള്‍ ഇന്ത്യാ സേവ് എജ്യൂക്കേഷന്‍ കമ്മിറ്റിക്കുവേണ്ടി എം.ഷാജര്‍ഖാന്‍, ആള്‍ ഇന്ത്യാ ആന്റി ഇംപീരിയലിസ്റ്റ് ഫോറത്തിനുവേണ്ടി ടി.കെ.സുധീര്‍കുമാര്‍ എന്നിവരും പുഷ്പചക്രം അര്‍പ്പിച്ചു.

 

Share this