എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) മൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ ആഹ്വാനം: വിമോചനത്തിന്റെ പാത മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റേത്

പോലീസും ഗവൺമെന്റും മാദ്ധ്യമങ്ങളുമൊന്നും ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല. ആകർഷകമായ പോസ്റ്ററുകളും ചുമരെഴുത്തുകളും കലാമേന്മയുള്ള ബോർഡുകളുമൊന്നും അവർ ഗൗരവമായെടുത്തില്ല. എന്നാൽ വിപ്ലവപരമായ അച്ചടക്കത്തോടെ അരലക്ഷത്തോളം വരുന്ന പാർട്ടി പ്രവർത്തകരും അനുഭാവികളും പൊതുസമ്മേളനവേദിയായ ജി-ടൗൺ മൈതാനിയിൽ ഒത്തുചേർന്നപ്പോൾ വ്യവസായ നഗരമായ ജംഷഡ്പൂർ നിവാസികൾ അമ്പരന്നുപോയി.

ആതിഥേയ സംസ്ഥാനമായ ജാർഖണ്ഡ് ഉൾപ്പെടെ 23 സംസ്ഥാനങ്ങളിൽ നിന്നാണ് വിപ്ലവത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിച്ചുകൊണ്ട് അവരെത്തിയത്. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്ന് പ്രകടനമായി അവർ ഗ്രൗണ്ടിലെത്തി. ചരിത്രം രചിക്കുന്ന ജനതയോടുള്ള കൂറും വിപ്ലവാവേശവും അവരുടെ മുദ്രാവാക്യങ്ങളിൽ പ്രകടമായിരുന്നു. മാർക്‌സിസ്റ്റ് ആചാര്യന്മാരായ മാർക്‌സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ, മാവോ, ശിബ്ദാസ്‌ഘോഷ് എന്നിവർക്ക് അവർ ആദരവുകളർപ്പിച്ചു. അവരുടെ ഉറച്ച ചുവടുവയ്പുകളിൽ സാമൂഹ്യമാറ്റത്തന്റെ മാറ്റൊലി മുഴങ്ങിയിരുന്നു. നിരാശയുടെ, നിസ്സഹായതയുടെ നാളുകളിൽനിന്ന് മാനവരാശിയുടെ വിജയവീഥിയിലേയ്ക്ക് ചരിത്രം മാറുന്നതിന്റെ സന്ദേശവാഹകരായാണ് അവർ കടന്നുവന്നത്.
അവസരവാദികളുടെയും ആർത്തിപ്പണ്ടാരങ്ങളുടെയും അഭയകേന്ദ്രവും, ജനങ്ങൾക്ക് അർഹതപ്പെട്ടതെല്ലാം അവരെ വഞ്ചിച്ച് കവർന്നെടുക്കുന്നവരുടെ തൊഴിലുമാണ് രാഷ്ട്രീയമെന്നാണ് നമ്മുടെ രാജ്യത്തെ ജനങ്ങളെ വിശ്വസിപ്പിച്ചിരിക്കുന്നത്. ഇലക്ഷനുമുൻപ് ജനങ്ങൾക്കുമുന്നിൽ കൂപ്പുകൈയുമായി വരുന്നവർ അധികാരത്തിലെത്തുന്നതോടെ പല്ലും നഖവും പുറത്തെടുക്കുകയായി. ജനങ്ങളോട് ക്രൂരമായി പെരുമാറുകയും അവരെ വിരട്ടുകയും ആക്രമിക്കുകയും ചെയ്യുന്ന, അധികാരദുരമൂത്ത, കാപട്യവും വഞ്ചനയും സ്വാർത്ഥതയും കൈമുതലായുള്ള, ആത്മാർത്ഥതയും സത്യസന്ധതയും തൊട്ടുതീണ്ടാത്ത, അഴിമതിയിൽ മുങ്ങിയ ഒരുകൂട്ടം ആളുകളാണ് രാഷ്ട്രീയക്കാർ എന്ന് ജനങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. അപ്പോഴിതാ മനക്കരുത്തും നിശ്ചയദാർഢ്യവും വിളിച്ചോതുന്ന മുഖവുമായി അനേകായിരങ്ങൾ ചുവടുവച്ചുവരുന്നു. ആരാണിവർ? ഇവർ രാഷ്ട്രീയക്കാരാണോ? ആണെങ്കിൽ ഇവർ പേറുന്ന രാഷ്ട്രീയമെന്താണ്? ജനങ്ങൾ അത്ഭുതാദരവുകളോടെയാണ് പ്രകടനം വീക്ഷിച്ചത്. തങ്ങൾ മനസ്സിലാക്കിയ വിപ്ലവ പ്രത്യയശാസ്ത്രത്തിന്റെ അന്തസ്സത്ത അവർ ഉൾക്കൊണ്ടിരുന്നു. അവരുടെ വാക്കിലും പ്രവൃത്തിയിലും അത് നിഴലിച്ചിരുന്നു. മഹാനായ മാർക്‌സിസ്റ്റ് ചിന്തകനും ആചാര്യനും വഴികാട്ടിയുമായ സഖാവ് ശിബ്ദാസ്‌ഘോഷ് പകർന്നുനൽകിയ ശ്രേഷ്ഠമായ പ്രത്യയശാസ്ത്രത്തിന്റെ ഉദാത്ത ഭാവങ്ങൾ പ്രസരിപ്പിക്കുന്നതായിരുന്നു അവരുടെ രാഷ്ട്രീയം. അങ്ങേയറ്റം അധഃപതിച്ച ബൂർഷ്വാരാഷ്ട്രീയം സ്വാർത്ഥമതികളെയും ദുരാഗ്രഹികളെയും ആകർഷിക്കുകയും അവർ പണത്തിന്റെയും പേരിന്റെയും പ്രശസ്തിയുടെയും പിന്നാലെ പായുകയും ചെയ്യുമ്പോൾ, യഥാർത്ഥ വിപ്ലവ രാഷ്ട്രീയം അതിന്റെ ഉന്നതമായ പ്രത്യയശാസ്ത്രത്തിലേയ്ക്കും ഉയർന്ന മാനവിക മൂല്യങ്ങളിലേയ്ക്കുമാണ് ജനങ്ങളെ ആകർഷിക്കുന്നത്. മുതലാളിത്തത്തിന്റെ ഈ മരണാസന്ന ഘട്ടത്തിൽ, അധികാര രാഷ്ട്രീയത്തെ ഉപകരണമാക്കിയും എല്ലാ മൂല്യങ്ങളും ചവിട്ടിമെതിച്ചും സ്വന്തം ഉയർച്ച ഉറപ്പാക്കാൻ ആ രാഷ്ട്രീയം ആവശ്യപ്പെടുന്നു. എന്നാൽ തൊഴിലാളിവർഗ വിപ്ലവരാഷ്ട്രീയമാകട്ടെ, സർവ്വാംഗീണവും അക്ഷീണവുമായ ഒരു സമരത്തിലൂടെ തന്നെത്തന്നെ മാറ്റിയെടുത്തുകൊണ്ട് മനുഷ്യനെന്ന പദവിക്ക് അർഹത നേടാനും ഉയർന്ന നൈതിക-സാംസ്‌കാരിക-സദാചാര ധാരണകളിൽ അടിയുറച്ച അന്തസ്സുള്ള ഒരു ജീവിതത്തിന് യഥാർത്ഥത്തിൽ ഉടമയാകാനുമാണ് ആഹ്വാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ബൂർഷ്വാരാഷ്ട്രീയക്കാർക്ക് സമ്മേളനങ്ങളും മറ്റും അധികാരത്തിലേയ്ക്കുള്ള ചവിട്ടുപടിയാണ്, ആഘോഷമാണ്. എന്നാൽ, അടിച്ചമർത്തപ്പെടുന്ന ദശലക്ഷക്കണക്കിന് സാധാരണ ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന, വിപ്ലവാവേശത്താൽ അവരുടെ ഹൃദയങ്ങളെ സ്പർശിക്കുന്നതാണ് വിപ്ലവകാരികളുടെ സമ്മേളനങ്ങൾ. ബൂർഷ്വാ രാഷ്ട്രീയക്കാർ അവർക്ക് ലഭിക്കുന്ന സ്ഥാനമാനങ്ങളിൽ സായൂജ്യമടയുമ്പോൾ വിപ്ലവകാരികൾ ജനങ്ങളുടെ വിമോചനം സാദ്ധ്യമാക്കുന്നതിനുള്ള കഠിന യത്‌നങ്ങളിലൂടെ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠനേടുന്നു.
ജംഷെഡ്പൂരിലെ മൈതാനിയിൽ ഒത്തുകൂടിയവരിൽ വിദ്യാർത്ഥികളും ഫാക്ടറിത്തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും ഉദ്യോഗസ്ഥന്മാരും ബുദ്ധിജീവികളും അമ്മമാരും കുട്ടികളുമടക്കം ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ ഉണ്ടായിരുന്നു. അന്തസ്സോടെ ജീവിക്കാനും മരിക്കാനും സമൂഹത്തിന്റെ വിപ്ലവ പരിവർത്തനത്തിൽ മുഴുകുക മാത്രമേ മാർഗമുള്ളു എന്ന സഖാവ് ശിബ്ദാസ്‌ഘോഷിന്റെ വാക്കുകൾ അവരുടെയെല്ലാം മനസ്സിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. ജനങ്ങളുടെ സമരങ്ങൾ വളർത്തിയെടുത്ത് അതിനെ ഒരു കൊടുങ്കാറ്റാക്കി മാറ്റി മുതലാളിത്ത വാഴ്ചയെ കടപുഴക്കുക എന്നതാണ് വിപ്ലവത്തിന്റെ കാതൽ. പ്രകടനക്കാർ ഉയർത്തിയ മുദ്രാവാക്യങ്ങൾ ജനജീവിതത്തിന്റെ കാതലായ പ്രശ്‌നങ്ങളായിരുന്നു. അത് അവരുടെ ഹൃദയങ്ങളെ സ്പർശിക്കുകയും അവർ ആ ജനസഞ്ചയത്തോട് താദാത്മ്യം പ്രാപിക്കുകയും ചെയ്തു.
എന്നാൽ, മുതലാളിവർഗ്ഗത്തെ ഇത് കിടിലം കൊള്ളിക്കുന്നു. സഖാവ് ശിബ്ദാസ്‌ഘോഷിന്റെ ചിന്തയാൽ സായുധമായ വിപ്ലവ മുന്നേറ്റത്തെ അവർ അങ്ങേയറ്റം ഭയക്കുന്നു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയെ സർവ്വാർത്ഥത്തിലും അമർച്ചചെയ്യാൻ അവർ എല്ലാ മാർഗവും അവലംബിക്കുന്നു. പാർട്ടിയെ അവജ്ഞയോടെ വീക്ഷിച്ചവർ, പരിഹസിച്ചവർ പിന്നീട് പ്രലോഭനത്തിന്റെയും തുടർന്ന് അടിച്ചമർത്തലിന്റെയും പാത സ്വീകരിക്കുന്നു. നിയമനിർമ്മാണ സഭകളിൽ പ്രാതിനിധ്യം ലഭിക്കാതിരിക്കാൻ അവർ കരുക്കൾ നീക്കുന്നു. മാദ്ധ്യമങ്ങൾ ഈ പ്രസ്ഥാനത്തെ പാടെ ഒഴിവാക്കുന്നു. എന്നാൽ എല്ലാ ബൂർഷ്വാ ആക്രമണങ്ങളെയും അതിജീവിച്ചുകൊണ്ട്, വർഗ-ബഹുജന സമരങ്ങൾ വളർത്തിയെടുത്തുകൊണ്ട്, ഉന്നതമായ തൊഴിലാളിവർഗ സംസ്‌കാരവും നീതിബോധവും പ്രസരിപ്പിച്ചുകൊണ്ട് ഈ പ്രസ്ഥാനം ഇന്ത്യയെമ്പാടും വളരുകയാണ്. ഈ പോരാട്ടം കഠിനതരമാണ്. എന്നാൽ ശിബ്ദാസ്‌ഘോഷ് ചിന്തകൾ പാത ദീപ്തമാക്കുന്നു. കൂടുതൽ നിശ്ചയദാർഢ്യത്തോടെ, വിപ്ലവലക്ഷ്യബോധത്തോടെ മുന്നേറാൻ അത് പ്രചോദനമാകുന്നു. മൂന്നാം പാർടി കോൺഗ്രസ് ഈ ലക്ഷ്യം മുറുകെപ്പിടിക്കുന്നു.

പ്രകടനമെത്തിയതോടെ ജനങ്ങളും മൈതാനത്തേയ്ക്ക് കടന്നുവന്നു. മൈതാനത്തിന്റെ മൂന്നുവശങ്ങളിലുമുള്ള റോഡുകളും ജനനിബിഡമായിരുന്നു. പ്രൗഢമായ പൊതുസമ്മേളന വേദിയിൽനിന്ന് വിപ്ലവഗാനങ്ങളും തുടർന്ന് മുദ്രാവാക്യം വിളികളും മുഴങ്ങി. വേദിയിൽ, ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ്‌ഘോഷ്, ബംഗ്ലാദേശ് സമാജ് താന്ത്രിക് ദൾ(മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് മൊബിനുൾ ഹൈദർ ചൗധരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സഖാക്കൾ രഞ്ജിത് ധർ, മണിക് മുഖർജി, അസിത് ഭട്ടാചാര്യ, രാധാകൃഷ്ണ, സത്യവാൻ എന്നിവർ ഉപവിഷ്ടരായി. സ്റ്റേജിന് മുന്നിൽ ഇടതുഭാഗത്തായി സഖാവ് ശിബ്ദാസ്‌ഘോഷിന്റെ വലിയൊരു ചിത്രം സ്ഥാപിച്ചിരുന്നു.
തൊഴിലാളി വർഗത്തിന്റെ മഹാനായ ആചാര്യൻ സഖാവ് ശിബ്ദാസ്‌ഘോഷിനെക്കുറിച്ചുള്ള ഗാനം ആലപിച്ചുകൊണ്ട് പൊതുസമ്മേളനം ആരംഭിച്ചു. വേദിയിലൂള്ള നേതാക്കളും തുടർന്ന് സംസ്ഥാന സെക്രട്ടറിമാരും സഖാവ് ഘോഷിന്റെ ചിത്രത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു. തുടർന്ന് ആനുകാലിക ദേശീയ-അന്തർദേശീയ സ്ഥിതിഗതികൾ സൂചിപ്പിച്ചുകൊണ്ട് സഖാവ് രാധാകൃഷ്ണ പ്രസംഗിച്ചു. തുടർന്ന് യോഗാദ്ധ്യക്ഷൻ കൂടിയായ സഖാവ് സത്യവാൻ പ്രസംഗിച്ചു. വിവിധ ജനവിഭാഗങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ ഒരു ഏകദേശചിത്രം അദ്ദേഹം കാഴ്ചവച്ചു. ഒടുവിൽ മുഖ്യപ്രസംഗകനായ പാർട്ടി ജനറൽ സെക്രട്ടറി പ്രസംഗമാരംഭിച്ചു അപ്പോഴും സഖാക്കൾ പ്രകടനമായി വിവിധ സ്ഥലങ്ങളിൽനിന്ന് എത്തിച്ചേർന്നുകൊണ്ടിരുന്നു. ബിജെപി, കോൺഗ്രസ് പോലുള്ള ദേശീയ ബൂർഷ്വാ പാർട്ടികളും പ്രാദേശിക ബൂർഷ്വാ പാർട്ടികളും സിപിഐ(എം), സിപിഐ പോലുള്ള കപട കമ്മ്യൂണിസ്റ്റ് പാർട്ടികളും പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കണക്കുകൂട്ടലിൽ വ്യാപൃതരായിരിക്കുമ്പോൾ നമ്മുടെ പാർട്ടി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) മാത്രമാണ് ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങൾ മുൻനിർത്തി വർഗ-ബഹുജന സമരങ്ങൾ വളർത്തിയെടുക്കുന്നതെന്ന് സഖാവ് പ്രൊവാഷ് ഘോഷ് തുടക്കത്തിൽത്തന്നെ സൂചിപ്പിച്ചു.

മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവം ലക്ഷ്യം വച്ചുകൊണ്ടാണ് നമ്മൾ ഇത്തരം സമരങ്ങൾ വികസിപ്പിച്ചെടുക്കുന്നത്. ഈ പ്രശ്‌നങ്ങളൊന്നുംതന്നെ തെരഞ്ഞെടുപ്പുകളിലൂടെ പരിഹരിക്കാൻ കഴിയുന്നതല്ല. ഇന്ത്യയിൽ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർദ്ധിച്ചുവരികയാണെന്ന് കണക്കുകൾ നിരത്തി അദ്ദേഹം സമർത്ഥിച്ചു. തുടർന്ന് കടുത്ത ഹിന്ദുവർഗീയ നിലപാടെടുക്കുന്ന ബിജെപിയുടെ ഹിന്ദുത്വ മുദ്രാവാക്യത്തിന്റെ അപകടം അദ്ദേഹം തുറന്നുകാണിച്ചു. മതഭ്രാന്ത് വളർത്തുകയും ചിന്തയെ ചിട്ടപ്പെടുത്തുകയും ജനങ്ങളുടെ ഐക്യം തകർക്കുകയും ചെയ്തുകൊണ്ട് അവർ വർഗ ബഹുജന സമരങ്ങളുടെ വളർച്ച തടയാൻ ശ്രമിക്കുകയാണ്. ആർഎസ്എസ്-ബിജെപി ശക്തികൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ എതിർക്കുകയും ആദരണീയരായ സ്വാതന്ത്ര്യപോരാളികളെ പിന്തിരിപ്പന്മാരെന്ന് മുദ്രകുത്തുകയും ബ്രിട്ടീഷ് ഭരണാധികാരികളുമായി ചങ്ങാത്തംകൂടുകയും ഹിന്ദുരാഷ്ട്രത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്തു. ബാബറി മസ്ജിദ് തുറന്നുകൊടുത്ത കോൺഗ്രസും ഇന്ത്യയിൽ നിരവധി വർഗീയ കലാപങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അവർ നിരവധി കരിനിയമങ്ങളും നടപ്പിലാക്കി. ഹിന്ദുത്വത്തോടുള്ള കൂറ് തെളിയിക്കുന്നതിന് അവർ ബിജെപിയോട് മത്സരിക്കുകയാണ്. ഏതാനും സീറ്റുകൾക്കുവേണ്ടി ഇതേ കോൺഗ്രസിനോട് ചങ്ങാത്തം കൂടുന്ന സിപിഐ(എം)ഉം കൂട്ടാളികളും അവരെ ”ജനാധിപത്യ-മതേതര” ശക്തിയായി വ്യാഖ്യാനിക്കുന്നു. ശക്തവും യോജിച്ചതുമായ ഇടതു-ജനാധിപത്യ മുന്നേറ്റം വളർന്നുവന്നിരുന്നെങ്കിൽ ആർഎസ്എസ്-ബിജെപി ശക്തികൾക്ക് തലപൊക്കാൻ കഴിയുമായിരുന്നില്ല. നമ്മുടെ പാർട്ടിക്ക് എംപിമാരോ എംഎൽഎമോരോ ഇല്ല. മാദ്ധ്യമങ്ങൾ പ്രചാരണവും നൽകുന്നില്ല. എന്നിട്ടും നമ്മൾ വളരുന്നു. ശിബ്ദാസ്‌ഘോഷ് ചിന്തയാൽ സായുധരാണ് നാം എന്നതാണ് കാരണം. എല്ലാ വിഭാഗം ജനങ്ങളോടും ശക്തവും ഏകോപിതവും രാജ്യവ്യാപകവും നീണ്ടുനിൽക്കുന്നതുമായ ജനാധിപത്യ സമരം വികസിപ്പിച്ചെടുക്കാൻ അഭ്യർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. എല്ലാ വിഭാഗീയതകൾക്കും അതീതവും ഉന്നതമായ തൊഴിലാളിവർഗ സംസ്‌കാരത്തിൽ അടിയുറച്ചതും ശരിയായ വിപ്ലവ നേതൃത്വത്തിൻ കീഴിലുമായിരിക്കണം ഈ പ്രക്ഷോഭമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തൊഴിലാളിവർഗത്തിന്റെ സാർവ്വദേശീയ ഗാനം ആലപിച്ചുകൊണ്ട് സമ്മേളനം അവസാനിച്ചു. മൂന്നാം പാർട്ടി കോൺഗ്രസിന്റെ മഹത്തായ സന്ദേശവുംപേറി സഖാക്കൾ അതത് സംസ്ഥാനങ്ങളിലേയ്ക്ക് മടങ്ങി. ചൂഷിത ജനതയുടെ വിപ്ലവപ്പോരാട്ടങ്ങൾ കൂടുതൽ വീറോടെയും സർഗാത്മകമായും നിശ്ചയദാർഢ്യത്തോടെയും മുന്നോട്ടു നയിക്കാനുള്ള പ്രതിജ്ഞപുതുക്കിക്കൊണ്ടാണ് ഏവരും മടങ്ങിയത്.

പ്രതിനിധി സമ്മേളനം

സഖാവ് പ്രൊവാഷ് ഘോഷ് പ്രതിനിധികളെ അഭിസംബോധന ചെയ്യുന്നു

മരങ്ങൾക്കും പൂച്ചെടികൾക്കും നടുവിൽ സായന്തനസൂര്യന്റെ കിരണങ്ങളേറ്റ് ഇന്ത്യൻ വിപ്ലവത്തിന്റെ പ്രതീകമായ സഖാവ് ശിബ്ദാസ്‌ഘോഷിന്റെ പ്രതിമ. മാർക്‌സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ, മാവോ എന്നീ അഞ്ച് മഹാന്മാരായ ആചാര്യന്മാരുടെ അർഹനായ പിന്തുടർച്ചക്കാരനായ സഖാവ് ശിബ്ദാസ്‌ഘോഷിന്റെ ആ പ്രതിമയ്ക്കുചുറ്റും ആകാംക്ഷയോടെ, വിപ്ലവപരമായ അച്ചടക്കത്തോടെ കാത്തുനിന്ന നൂറുകണക്കിന് ശിഷ്യർ. മഹാനായ ആ ആചാര്യൻ ഭരമേല്പിച്ചതുപോലെ ഈ രാജ്യത്തെ ജനങ്ങളുടെ ജീവിതദുരിതങ്ങൾക്കാകെ അന്ത്യംകുറിക്കാൻപോന്ന വിപ്ലവപ്രവർത്തനം ജീവിതദൗത്യമായി ഏറ്റെടുത്ത, അദ്ദേഹം അഭിലഷിച്ചതുപോലെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകളായിത്തീരാനുള്ള സമരം ജീവിതചര്യയാക്കിയവരായിരുന്നു അവർ. മഹാനായ തൊഴിലാളിവർഗ നേതാവ് സഖാവ് ശിബ്ദാസ്‌ഘോഷ് സ്ഥാപിച്ച് വളർത്തിയെടുത്ത എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ മൂന്നാം കോൺഗ്രസ് ജാർഖണ്ഡിലെ ഘാട്‌സിലയിൽ സുവർണരേഖ നദീതീരത്ത് സ്ഥിതിചെയ്യുന്ന മാർക്‌സിസം-ലെനിനിസം-ശിബ്ദാസ്‌ഘോഷ് ചിന്ത സ്റ്റഡി സെന്ററിൽ ആരംഭിക്കുന്ന 2018 നവംബർ 21ന് ഒത്തുചേർന്നതായിരുന്നു അവർ. ഘാട്‌സില റെയിൽവേ സ്‌റ്റേഷൻ അന്ന് ഉറക്കമുണർന്നത് ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പടയിലെ മുൻനിരപോരാളികളുടെ ധാരയായുള്ള പ്രവാഹം കണ്ടുകൊണ്ടായിരുന്നു. മനുഷ്യൻ മനുഷ്യനുമേൽ നടത്തുന്ന ചൂഷണത്തിന് അന്ത്യംകുറിച്ച് മാനവരാശിയുടെ അനുസ്യൂതമായ പുരോഗതി ഉറപ്പാക്കാനുള്ള മഹത്തായ പോരാട്ടത്തിൽ ഏർപ്പെട്ടവരായിരുന്നു അവർ.

അധഃപതിച്ച ബൂർഷ്വാ രാഷ്ട്രീയം പേറുന്നവർ, അധികാരത്തിനും സ്ഥാനമാനങ്ങൾക്കും പിന്നാലെ പായുന്ന വോട്ടുകച്ചവടക്കാർ, മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെ അവർ നടത്തുന്ന പാർലമെന്ററി അഭ്യാസങ്ങൾ – ഈ കോലാഹലങ്ങളിൽനിന്നെല്ലാം അകന്നുമാറി ഒരു വിപ്ലവധാര രാജ്യത്താകെ വളർന്നുവരുന്നത് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. അനിഷേധ്യമായ ചരിത്രനിയമങ്ങളുടെ സന്തതിയായ ഈ വിപ്ലവധാര അതിന്റെ ചരിത്രപരമായ ലക്ഷ്യത്തിലേയ്ക്ക് എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് മുന്നേറുകതന്നെ ചെയ്യും.
സഖാവ് ശിബ്ദാസ് ഘോഷിന്റെ ശിഷ്യർ ഘട്‌സിലയിലെ സ്റ്റഡിസെന്ററിൽ കാത്തുനിന്നത് പാർട്ടികോൺഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിനായിരുന്നു. 5 മണിയായതോടെ പാർട്ടി ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ്‌ഘോഷ് സോഷ്യലിസ്റ്റ് പാർടി ഓഫ് ബംഗ്ലാദേശ് (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് മൊബിനുൾ ഹൈദർ ചൗധരി, മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങൾ കേന്ദ്രകമ്മിറ്റി അംഗങ്ങൾ എന്നിവർ വേദിയിലെത്തി. സഖാവ് ശിബ്ദാസ് ഘോഷിനെക്കുറിച്ചുള്ള ഗാനം ആലപിച്ചതോടെ ചടങ്ങുകൾ ആരംഭിച്ചു. ശിബ്ദാസ് ഘോഷ് പ്രതിമയ്ക്കുമുന്നിൽ ആദ്യം സഖാവ് പ്രൊവാഷ്‌ഘോഷും തുടർന്ന് സഖാവ് മൊബിനുൾ ഹൈദർ ചൗധരിയും മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങളും പൂക്കളർപ്പിച്ചു. വിപ്ലവത്തിന്റെ പ്രതീകമായ ചെമ്പതാക സഖാവ് രഞ്ജിത്ധർ ഉയർത്തി. മാനവരാശിക്കും വിപ്ലവത്തിനുംവേണ്ടി ജീവൻ ബലിയർപ്പിച്ച അറിയപ്പെടുന്നവരും അല്ലാത്തവുരമായ അനേകം വിപ്ലവകാരികൾക്കുവേണ്ടി സമർപ്പിക്കപ്പെട്ട രക്തസാക്ഷി മണ്ഡപത്തിൽ സഖാവ് മണിക് മുഖർജിയും തുടർന്ന് മറ്റ് നേതാക്കളും പൂക്കളർപ്പിച്ചു. തുടർന്ന് 23 സംസ്ഥാനങ്ങളിൽനിന്നും യൂണിയൻ ടെറിറ്ററിയിൽനിന്നുമെത്തിയ പ്രതിനിധികളും നിരീക്ഷകരും സ്റ്റഡിസെന്ററിലെ ആഡിറ്റോറിയത്തിൽ പ്രവേശിക്കുകയും സമ്മളന നടപടികൾ ആരംഭിക്കുകയും ചെയ്തു.
യോഗനടപടികൾ നിയന്ത്രിക്കുന്നതിനായി സഖാക്കൾ പ്രൊവാഷ് ഘോഷ്, രഞ്ജിത് ധർ, മണിക് മുഖർജി, അസിത് ഭട്ടാചാര്യ എന്നിവരടങ്ങുന്ന പ്രസിഡിയം തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2009ലെ പാർട്ടി കോൺഗ്രസിനുശേഷം വിട്ടുപിരിഞ്ഞ നേതാക്കളെ അനുസ്മരിക്കുന്ന പ്രമേയം സഖാവ് പ്രൊവാഷ് ഘോഷ് അവതരിപ്പിച്ചു.

സഖാവ് ശിബ്ദാസ്‌ഘോഷിന്റെ ഉറ്റ സഖാവും പാർട്ടിയുടെ പ്രിയങ്കരനായ ജനറൽ സെക്രട്ടറിയുമായിരുന്ന സഖാവ് നിഹാർ മുഖർജി, കേന്ദ്രകമ്മിറ്റിയംഗങ്ങളായിരുന്ന സഖാക്കൾ അനിൽസെൻ, സുകോമൾ ദാസ് ഗുപ്ത, യാക്കൂബ് പൈലാൻ, കല്യാൺ ചൗധരി, പ്രണതി ഭട്ടാചാര്യ, വെനിസ്വലയുടെ മുൻ പ്രസിഡന്റും വിഖ്യാതനായ സാമ്രാജ്യത്വ വിരുദ്ധ പോരാളിയുമായിരുന്ന ഹ്യൂഗോ ഷാവേസ്, വർണ വിവേചനത്തിനെതിരായ സമരത്തിലെ ഐതിഹാസിക പോരാളിയും ദക്ഷിണാഫ്രിക്കയുടെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യപ്രസിഡന്റുമായിരുന്ന നെൽസൺ മണ്ഡേല, ക്യൂബൻ വിപ്ലവത്തിന്റെ ശിൽപ്പിയും സോഷ്യലിസ്റ്റ് ക്യൂബയുടെ പ്രസിഡന്റും അചഞ്ചലനായ സാമ്രാജ്യത്വവിരുദ്ധ പോരാളിയുമായിരുന്ന ഫിഡൽ കാസ്‌ട്രോ തുടങ്ങിയവരൊക്കെ ഇതിൽ ഉൾപ്പെട്ടിരുന്നു. വേർപിരിഞ്ഞ നേതാക്കളോടുള്ള ആദരസൂചകമായി രണ്ടുമിനിറ്റ് മൗനം ആചരിച്ചു. തുടർന്ന് ടർക്കി, റഷ്യ, ഉത്തരകൊറിയ, കാനഡ, അമേരിക്ക, ശ്രീലങ്ക, നെതർലാൻഡ്‌സ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള സന്ദേശങ്ങൾ കേന്ദ്രമ്മിറ്റിയംഗം സഖാവ് കെ.രാധാകൃഷ്ണ വായിച്ചു. അതിനുശേഷം പ്രസീഡിയത്തിന്റെ അഭ്യർത്ഥനയെത്തുടർന്ന് സഖാവ് മൊബിനുൾ ഹൈദർ ചൗധരി ഹ്രസ്വമെങ്കിലും അങ്ങേയറ്റം പ്രചോദനാത്മകമായ ഒരു പ്രസംഗം നടത്തി. സഖാവ് ശിബ്ദാസ് ഘോഷിന്റെ ചിന്തകളാൽ പ്രചോദിതനായി അദ്ദേഹം വിപ്ലവപ്രസ്ഥാനത്തിലേയ്ക്ക് വന്നതും അന്നുമുതൽ വിപ്ലവത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിക്കാൻ നടത്തിയ അക്ഷീണമായ പോരാട്ടവും അതിൽ ഉള്ളടങ്ങിയിരുന്നു. സഖാവ് ശിബ്ദാസ് ഘോഷിനെ പരിചയപ്പെട്ടതും അദ്ദേഹത്തോടൊപ്പം കഴിഞ്ഞതുമായ നാളുകൾ അദ്ദേഹം അനുസ്മരിച്ചു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർടിയുമായി ആഴമാർന്ന സൗഹൃദവും ഐക്യദാർഢ്യവും പുലർത്തിക്കൊണ്ട് സോഷ്യലിസ്റ്റ് പാർടി ഓഫ് ബംഗ്ലാദേശ് നടത്തുന്ന വിപ്ലവപ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം ഹ്രസ്വമായി പ്രതിപാദിച്ചു. അന്തർദ്ദേശീയമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തിരിച്ചടി നേരിടുന്ന ഈ കാലയളവിൽ മാർക്‌സിസം-ലെനിനിസത്തിന്റെ വികസിതവും സമ്പുഷ്ടവുമായ ധാരണ പ്രദാനം ചെയ്യുന്ന ശിബ്ദാസ്‌ഘോഷ് ചിന്തകൾക്കുമാത്രമേ ലോക തൊഴിലാളിവർഗ പ്രസ്ഥാനത്തെ ശരിയായ ദിശയിലും ദ്രുതഗതിയിലും നയിക്കാനാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യഥാർത്ഥ കമ്മ്യൂണിസ്റ്റുകളെ അകക്കാമ്പാക്കിക്കൊണ്ട് ശക്തമായൊരു സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ലോകമെമ്പാടുമുള്ള വിപ്ലവപ്പാർട്ടികളുടെയും ഗ്രൂപ്പുകളുടെയും ഏകോപനത്തിനായി മുൻകൈ എടുക്കണം എന്ന് അദ്ദേഹം എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) നേതൃത്വത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.

തുടർന്ന് സഖാവ് പ്രൊവാഷ്‌ഘോഷ് കരട് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഇന്നത്തെ ദേശീയ-അന്തർദ്ദേശീയ സാഹചര്യത്തിൽ പാർടി സംഘടനയ്ക്ക് പുത്തനുണർവ് നൽകിയും ശക്തിപ്പെടുത്തിയും ദൃഢീകരിക്കേണ്ടതിന്റെ ആവശ്യകത റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുപോലും ഭീഷണിയായിരിക്കുന്ന, ജീർണമായ മുതലാളിത്തം സൃഷ്ടിക്കുന്ന വഷളൻ വ്യക്തിവാദത്തെ പൊരുതി തോൽപ്പിച്ചുകൊണ്ട് എല്ലാതലങ്ങളിലുമുള്ള സഖാക്കളുടെ നിലവാരമുയർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദമാക്കി.
രണ്ടാം ദിവസം രാവിലെ മുതൽ സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ച നടന്നു. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള സഖാക്കൾ ചർച്ചയിൽ പങ്കെടുത്തു. കരട് റിപ്പോർട്ട് സമഗ്രമാക്കുന്നതിനായി നിരവധി ഭേദഗതികളും കൂട്ടിച്ചേർക്കലുകളും നിർദ്ദേശിക്കപ്പെട്ടു. ചർച്ചകൾക്കൊടുവിൽ കരട് റിപ്പോർട്ടിന് അന്തിമരൂപം നൽകാനായി കേദന്രകമ്മിറ്റി നിയോഗിക്കുന്ന സ്‌ക്രൂട്‌നി കമ്മിറ്റിക്ക് എല്ലാ ഭേദഗതികളും കൈമാറുവാൻ ഏകകണ്ഠമായി തീരുമാനിച്ചു. തുടർന്ന് കഴിഞ്ഞ പാർടി കോൺഗ്രസിനുശേഷം സാർവ്വദേശീയ രംഗത്തുണ്ടായ സുപ്രധാനമായ സംഭവവികാസങ്ങൾ ഉൾക്കൊള്ളുന്ന സാർവ്വദേശീയ സാഹചര്യങ്ങളെ സംബന്ധിച്ചുള്ള കരട് പ്രമേയം കേന്ദ്രക്കമ്മിറ്റിയംഗം സഖാവ് ഗോപാൽ കുണ്ടു അവതരിപ്പിച്ചു. സാമ്രാജ്യത്വം വിശേഷിച്ച് അമേരിക്കൻ സാമ്രാജ്യത്വം മിഡിൽ ഈസ്റ്റിലാകെ പ്രാദേശിക യുദ്ധങ്ങളും യുദ്ധഭീതിയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും ലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കുന്നതും ദശലക്ഷക്കണക്കിനാളുകളെ അഭയാർത്ഥികളാക്കി മാറ്റുന്നതും യെമൻപോലെ യുദ്ധംകൊണ്ട് തകർന്ന രാജ്യങ്ങളിൽ ബഹുഭൂരിപക്ഷം ജനങ്ങളെയും പട്ടിണിയിലേയ്ക്കും ദുരിതങ്ങളിലേയ്ക്കും തള്ളിവിടുന്നതും അമേരിക്കൻ സാമ്രാജ്യത്വത്തിനുമുന്നിൽ നട്ടെല്ല് വളയ്ക്കാത്ത രാഷ്ട്രത്തലവൻമാരെ വകവരുത്തുന്നതും ഭരണമാറ്റം കൊണ്ടുവരുന്നതിനായി സിറിയപോലുള്ള രാജ്യങ്ങളിൽ സായുധരായ റിബലുകളെ സൃഷ്ടിച്ചെടുക്കുന്നതുമൊക്കെ കരട് പ്രമേയത്തിൽ പരാമർശിക്കുന്നുണ്ട്. ആണവകരാറുകൾപോലും അവർ ഏകപക്ഷീയമായി റദ്ദാക്കുന്നു. എല്ലാ അന്തർദ്ദേശീയ നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഒരു രാജ്യത്തിന്റെ തലസ്ഥാനം ഏതായിരിക്കണം എന്നുവരെ അവർ തീരുമാനിക്കുന്നു. തെമ്മാടി രാഷ്ട്രമെന്ന് അവർ മുദ്രകുത്തുന്ന ഇറാൻപോലുള്ള രാജ്യങ്ങൾക്കുമേൽ സാമ്പത്തിക ഉപരോധങ്ങൾ അടിച്ചേൽപ്പിക്കുന്നു. ഈ സാമ്രാജ്യത്വ ഉപജാപങ്ങൾമൂലം ലക്ഷക്കണക്കിന് ആളുകൾക്ക് വീടും തൊഴിലും നഷ്ടപ്പെട്ട് നിലനിൽപ്പിനായി മറ്റു രാജ്യങ്ങളിൽ അഭയം തേടേണ്ടിവരുന്നു. ‘കുടിയേറ്റം’ എന്ന ഒരുമാനുഷിക പ്രശ്‌നം ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.

മുതലാളിത്ത സാമ്പത്തിക നിയമങ്ങൾതന്നെ സൃഷ്ടിക്കുന്ന മുതലാളിത്ത പ്രതിസന്ധിയിലേയ്ക്കും പ്രമേയം വിരൽ ചൂണ്ടുന്നുണ്ട്. ഒരിക്കൽ അമേരിക്കൻ സാമ്രാജ്യത്വവും കൂട്ടാളികളും സാമ്പത്തിക പ്രശ്‌നങ്ങൾക്ക് പരിഹാരമെന്നോണം പ്രകീർത്തിച്ചുകൊണ്ടുവന്ന ഏകധ്രുവലോകവും ആഗോളീകരണവുമൊക്കെ ഇന്നവർതന്നെ തള്ളിപ്പറയുകയാണ്. സ്വന്തം കമ്പോളത്തിലേയ്ക്ക് മറ്റു രാജ്യങ്ങളിൽനിന്നുള്ള ചരക്കുകളുടെ കടന്നുവരവ് തടയുന്നതിനായി അവർ ചുങ്കമതിലുകൾ ഉയർത്തുകയാണ്. ഇതിന് മറുപടിയെന്നോണം ചൈനയും ഇന്ത്യയുംപോലുള്ള മുതലാളിത്ത രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമൊക്കെ അമേരിക്കൻ ഉൽപ്പന്നങ്ങൾക്കുമേൽ ഉയർന്ന ഇറക്കുമതിചുങ്കം ചുമത്തുന്നു. അങ്ങനെ ഒരു ആഗോളവ്യാപാരയുദ്ധം ആസന്നമായിരിക്കുന്നു. ഈ പ്രതിസന്ധിയുടെ ഭാരമെല്ലാം അദ്ധ്വാനിച്ചു ജീവിക്കുന്ന ജനങ്ങളുടെ ചുമലിലേയ്ക്ക് ഇറക്കി വയ്ക്കപ്പെടുകയാണ്. അവരാകട്ടെ വിലക്കയറ്റം, തൊഴിലില്ലായ്മ, പിരിച്ചുവിടൽ, സ്ഥിരം തൊഴിലിനുപകരം കരാർതൊഴിൽ, നാനാമേഖലകളിൽ നേരിടേണ്ടിവരുന്ന ചൂഷണം എന്നിവമൂലം പൊറുതിമുട്ടിയിരിക്കുകയുമാണ്. നമ്മുടെ പാർട്ടിയുടെ രണ്ടാം കോൺഗ്രസ്സിന്റെ നിഗമനങ്ങളെ സാധൂകരിക്കുകയാണ് ഇവയെല്ലാം. മുതലാളിത്ത-സാമ്രാജ്യത്വം ഇന്ന് മണിക്കൂർതോറും ആഴംവയ്ക്കുന്ന പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണെന്നും ഒരു പ്രതിസന്ധിയിൽനിന്ന് കരകയറാൻ ശ്രമിക്കുമ്പോൾ അതിനെക്കാൾ വലിയ പ്രതിന്ധിയിൽ ചെന്നുപതിക്കുകയാണെന്നുമുള്ള സഖാവ് ശിബ്ദാസ്‌ഘോഷിന്റെ വിശകലനം ഒരിക്കൽക്കൂടി ശരിവയ്ക്കുന്നതാണ് ഈ സംഭവികാസങ്ങൾ. മുതലാളിത്ത- സാമ്രാജ്യത്വ ലോകത്തെ വൈരുദ്ധ്യങ്ങൾ മൂർച്ഛിക്കുകയാണെന്നും ഇത് കൂടുതൽ വലിയ തോതിലുള്ള യുദ്ധങ്ങൾക്കുള്ള സാദ്ധ്യത വർദ്ധിപ്പിച്ചിരിക്കുകയാണെന്നും പ്രമേയം നിരീക്ഷിക്കുന്നു. ഉത്തരകൊറിയയെയും ക്യൂബയെയും വിശകനവിധേയമാക്കിയ പ്രമേയം അവടങ്ങളിലെ ചില സുപ്രധാന നടപടികൾ ഗൗരവമായി പരിഗണിക്കുകയും ചെയ്തു.
മൂന്നാംദിനം, വിവിധ കോണുകളിൽനിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സാർവ്വദേശീയ സാഹചര്യങ്ങളെ സംബന്ധിച്ചുള്ള കരട് തീസിസ് പ്രതിനിധികളും നിരീക്ഷകരും വിമർശനാത്മകമായി വിശകലനം ചെയ്തു. എല്ലാ ഭേദഗതികളും നിർദ്ദേശങ്ങളും സ്‌ക്രൂട്‌നി കമ്മിറ്റിക്ക് കൈമാറാൻ ഏകകണ്ഠമായി തീരുമാനിച്ചു.

തുടർന്ന് കേന്ദ്രകമ്മിറ്റിയംഗം സഖാവ് ശങ്കർ സാഹ ദേശീയ സാഹചര്യത്തെ സംബന്ധിച്ചുള്ള കരട് പ്രമേയം അവതരിപ്പിച്ചു. രണ്ടാം പാർട്ടി കോൺഗ്രസ്സിനുശേഷം രാജ്യത്തുണ്ടായ സുപ്രധാനമായ സംഭവവികാസങ്ങൾ കരട് പ്രമേയം ഹ്രസ്വമായി പ്രതിപാദിച്ചിരുന്നു. ദീർഘകാലം രാജ്യംഭരിച്ച കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകളുടെ ദുർഭരണംമൂലം ജനങ്ങളിലുണ്ടായ അസംതൃപ്തിയും വെറുപ്പും മുതലെടുത്ത് ബിജെപി അധികാരത്തിലെത്തിയതും കപടകമ്മ്യൂണിസ്റ്റുകൾ അടിക്കടി ക്ഷയിച്ചുകൊണ്ടിരിക്കുന്നതുമൊക്കെ പ്രമേയം ചർച്ച ചെയ്തിരുന്നു. ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് മാദ്ധ്യമങ്ങൾ മോദിയെ ഉയർത്തിക്കാണിച്ചതും കഴിഞ്ഞ നാലുവർഷത്തെ ശ്വാസം മുട്ടിക്കുന്ന ബിജെപി ഭരണത്തിലൂടെ ജനങ്ങൾ ഈ പ്രചാരണത്തിന്റെ പൊള്ളത്തരവും ദുഷ്ടലാക്കും തിരിച്ചറിഞ്ഞതും പ്രമേയത്തിൽ പരാമർശിക്കുന്നുണ്ട്. ‘അച്ഛേദിൻ’പോലുള്ള വാഗ്ദാനങ്ങളും വളരെവേഗം തുറന്നുകാട്ടപ്പെട്ടു. ഒരുവശത്ത് കടുത്ത സാമ്പത്തിക നടപിടികളും മറുവശത്ത് വിദ്വേഷം പടർത്തുന്നതും മതഭ്രാന്ത് വളർത്തുന്നതുമായ ഹിന്ദുത്വ അജണ്ടയുടെ നടപ്പിലാക്കലിലൂടെ ജനങ്ങളുടെ ഐക്യം തകർക്കാനുള്ള നീക്കങ്ങളും ഒരേസമയം ബിജെപി ആസൂത്രണം ചെയ്തു. മുതലാളിവർഗ താൽപര്യാർത്ഥം കൈക്കൊണ്ട ഹീനപദ്ധതിയാണ് ഇതിലൂടെ വളിവാക്കപ്പെട്ടത്. ദേശീയമൂലധനവും പ്രാദേശികമൂലധനവും തമ്മിലുള്ള വൈരുദ്ധ്യം മൂർച്ഛിക്കുന്നതായും പ്രാദേശിക മൂലധനത്തിന്റെ പിന്തുണയോടെ പ്രാദേശിക പാർട്ടികൾ അതാത് സംസ്ഥാനങ്ങളിൽ ആധിപത്യം ചെലുത്തുന്നതായും പ്രമേയം നിരീക്ഷിക്കുന്നു. ഇതുമൂലം പാർലമെന്ററി രംഗത്ത് ബിജെപിയും കോൺഗ്രസ്സുംപോലുള്ള ദേശീയ ബൂർഷ്വാ പാർട്ടികൾക്ക് ഒരു ബദലായി ഇവ ഉയർത്തിക്കാണിക്കപ്പെടുന്നതും പ്രമയം ചൂണ്ടിക്കാണിക്കുന്നു. സമരപാതവെടിഞ്ഞ് പാർലമെന്ററി രാഷ്ട്രീയ പരിഗണനകളാൽ നയിക്കപ്പെടുന്ന സിപിഐ, സിപിഐ(എം) പോലുള്ള കപട മാർക്‌സിസ്റ്റ് പാർട്ടികൾ കോൺഗ്രസ്സുമായും പ്രാദേശിക സങ്കുചിത ജാതീയശക്തികളുമായും തെരഞ്ഞടുപ്പ് ധാരണകളുണ്ടാക്കാനുള്ള തത്രപ്പാടിലാണ്. ബൂർഷ്വാ വോട്ട് രാഷ്ട്രീയത്തിനുപകരമായി ഒരു സമരബദൽ എന്ന നിലയിൽ ശക്തമായ ഇടതു ജനാധിപത്യ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് അങ്ങേയറ്റം ഹാനികരമായി മാറിയിരിക്കുകയാണ് ഇവരുടെ അവസരവാദ നിലപാടുകൾ.

നാലാംദിനം ദേശീയ സാഹചര്യത്തെക്കുറിച്ചുള്ള കരട് പ്രമേയം സജീവമായി ചർച്ച ചെയ്യപ്പെട്ടു. ഭേദഗതികളെല്ലാം സ്‌ക്രൂട്ടിണി കമ്മിറ്റിക്ക് കൈമാറാൻ ഏകകണ്ഠമായി തീരുമാനിച്ചു.
പാർട്ടി നേതൃത്വത്തിന്റെ മുൻകൈയോടെ പാർട്ടിക്കുള്ളിൽ നടക്കുന്ന സ്വയം വിമർശന-വിമർശന പ്രക്രിയയുടെ ഭാഗമായി കേന്ദ്രകമ്മിറ്റിയംഗങ്ങൾക്കിടയിൽ നടത്തിയ വിമർശനവും സ്വയംവിമർശനവും കേന്ദ്രകമ്മിറ്റിയംഗം സഖാവ് ഗോപാൽ കുണ്ടു അവതരിപ്പിച്ചു. തുടർന്ന് സഖാവ് അസിത് ഭട്ടാചാര്യ പുതിയ കേന്ദ്രകമ്മിറ്റിയുടെയും കൺട്രോൾ കമ്മീഷന്റെയും കേന്ദ്രമുഖപത്രത്തിന്റെ എഡിറ്റോറിയൽ ബോർഡിന്റെയും സ്റ്റാഫ് മെമ്പർമാരുടെയും നിർദ്ദിഷ്ട ലിസ്റ്റ് അവതരിപ്പിച്ചു. പ്രതിനിധികൾ ഒന്നടങ്കം കൈയടിച്ച് പാസ്സാക്കി. തുടർന്ന് സഖാവ് പ്രൊവാഷ് ഘോഷിനെ ജനറൽ സെക്രട്ടറിയായി വമ്പിച്ച കരഘോഷത്തോടെ പ്രതിനിധികൾ തെരഞ്ഞെടുത്തു. അതിനുശേഷം ബംഗ്ലാദേശ് സോഷ്യലിസ്റ്റ് പാർട്ടി കമ്മ്യൂണിസ്റ്റിന്റെ ജനറൽ സെക്രട്ടറി സഖാവ് മൊബിനുൾ ഹൈദർ ചൗധരിക്കും മറ്റ് രണ്ട് പ്രതിനിധികൾക്കും സഖാവ് പ്രൊവാഷ് ഘോഷ് ചെങ്കൊടികൾ സമ്മാനിച്ചു. ഒപ്പം സമ്മാനങ്ങളും നൽകി. അവർ സഖാവ് പ്രൊവാഷ് ഘോഷിനും സഖാവ് മൊബിനുൾ ഹൈദർ ചൗധരിക്കും ആദരസൂചകമായി സമ്മാനങ്ങൾ നൽകി.

അവസാനമായി സഖാവ് പ്രൊവാഷ്‌ഘോഷ് സമാപന പ്രസംഗം നടത്തി. സഖാക്കളുടെ പ്രത്യയശാസ്ത്ര സാംസ്‌കാരിക നിലവാരം ഉയർത്തുന്നതിന് ഊന്നൽകൊടുത്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ, അതിനായി സർവ്വാംഗീണമായ ഒരു ജീവിത സമരം കെട്ടഴിച്ചുവിടണമെന്ന് ആഹ്വാനം ചെയ്തു. മാർക്‌സിസം-ലെനിനിസം-ശിബ്ദാസ് ഘോഷ് ചിന്തയിൽ അടിയുറച്ച അത്തരമൊരു സമരത്തിലൂടെ മാത്രമേ ഇന്ന് വ്യക്തികേന്ദ്രീയതയുടെ ദുഷിച്ചരൂപം ആർജ്ജിച്ചിരിക്കുന്ന വ്യക്തിവാദത്തെ ഉന്മൂലനം ചെയ്യാൻ കഴിയൂ. മുതലാളിവർഗ്ഗത്തിന്റെ ഹീനമായ ആക്രമണങ്ങളിൽനിന്ന് പാർട്ടിയെ സംരക്ഷിച്ചു നിർത്താൻ അത് അനിവാര്യമാണ്. പാർട്ടി സംഘടനയ്ക്കാകെ നവോന്മേഷം പകരാനും സംഘടനയെ ദൃഢീകരിക്കാനും പാർട്ടി ഘടകങ്ങൾ പുനസംഘടിപ്പിക്കാനുമാണ് മന്നാം പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ചത്. അതിനുള്ള തയ്യാറെടുപ്പെന്നോണം, പെരുമാറ്റച്ചട്ടത്തെയും പാർട്ടി പ്രവർത്തകരുടെ പ്രവർത്തനശൈലിയെയും സംബന്ധിച്ചുള്ള സഖാവ് ശിബ്ദാസ് ഘോഷിന്റെ പാഠങ്ങളെ ആസ്പദമാക്കി സെൽതലംമുതൽ കേന്ദ്രക്കമ്മിറ്റിവരെ തുറന്ന സ്വയം വിമർശന-വിമർശന യോഗങ്ങൾ നടത്തുകയുണ്ടായി. ഈ പ്രക്രിയ ഭാവിയിലും തുടരും. മാർക്‌സിസം -ലെനിനിസം-ശിബ്ദാസ്‌ഘോഷ് ചിന്തകളുടെ അന്തസ്സത്ത സ്വാംശീകരിക്കാനും ഇന്ത്യൻ വിപ്ലവം നയിക്കാൻ പ്രാപ്തമാകുംവിധം പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനായി സർവ്വാത്മനാ സമർപ്പിക്കാനും അദ്ദേഹം എല്ലാവരെയും ആഹ്വാനം ചെയ്തു. (പ്രസംഗത്തിന്റെ പൂർണ്ണരൂപം പിന്നീട് പ്രസിദ്ധീകരിക്കും) തൊഴിലാളിവർഗ്ഗത്തിന്റെ സാർവ്വദേശീയ ഗാനാലാപനത്തോടെ അഞ്ചുദിവസം നീണ്ടുനിന്ന പ്രതിനിധി സമ്മേളനം സമാപിച്ചു.

മൂന്നാം പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്ത കേന്ദ്രകമ്മിറ്റി അംഗങ്ങൾ

മൂന്നാം പാർട്ടി കോൺഗ്രസിൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കമ്മിറ്റി

പ്രൊവാഷ് ഘോഷ്, (ജനറൽ സെക്രട്ടറി)
രഞ്ജിത് ധർ
മണിക് മുഖർജി
അസിത് ഭട്ടാചാര്യ
ദേബപ്രസാദ് സർക്കാർ
ഗോപാൽ കുണ്ടു
ശങ്കർ സാഹ
സൗമൻ ബസു
സി.കെ.ലൂക്കോസ്
സത്യവാൻ
കെ.രാധാകൃഷ്ണ
ഛായാ മുഖർജി (ബംഗാൾ)
സ്വപൻ ഘോഷ്(ബംഗാൾ)
തപൻ റോയ് ചൗധരി (ബംഗാൾ)
ചിരരഞ്ജൻ ചക്രവർത്തി (ബംഗാൾ)
സ്വപൻ ഘോഷാൽ (ബംഗാൾ)
ചാണ്ഡിദാസ് ഭട്ടാചാര്യ (ബംഗാൾ)
അമിതാവ ചാറ്റർജി (ബംഗാൾ)
ശങ്കർ ഘോഷ് (ബംഗാൾ)
അശോക് സാമന്ത (ബംഗാൾ)
സുഭാഷ് ദാസ്ഗുപ്ത (ബംഗാൾ)
മാനബ് ബേറ (ബംഗാൾ)
ചന്ദ്രലേഖ ദാസ് (ആസാം)
സുരത് സമൻ മണ്ടൽ (ആസാം)
കാന്തിമോയ് ദേബ് (ആസാം)
ദുർജതി ദാസ് (ഒറീസ)
ശങ്കർ ദാസ്ഗുപ്ത (ഒറീസ)
റബിൻ സമാജ്പതി (ജാർഖണ്ഡ്)
അരുൺകുമാർ സിംഗ് (ബീഹാർ)
സ്വപൻ ചാറ്റർജി (ഉത്തർപ്രദേശ്)
പ്രതാപ് സമൽ (മദ്ധ്യപ്രദേശ്)
ദ്വാരിക നാഥ് റാത് (ഗുജറാത്ത്)
വി.വേണുഗോപാൽ (കേരളം)
കെ.ശ്രീധർ (ആന്ധ)
കെ.ഉമ (കർണാടക)

കൺട്രോൾ കമ്മിഷൻ

ഗോപാൽ കുണ്ടു (ചെയർമാൻ)
എ.രംഗസാമി
സുരത് സമൻ മണ്ഡൽ
പ്രശാന്ത ഘട്ടക്
അനൂപ് സിംഗ്
അരുൺകുമാർ ഭൗമിക്
ജയ്‌സൺ ജോസഫ്
എച്.വി.ദിവാകർ
ബി.എസ്.അമർനാഥ്

കേന്ദ്ര എഡിറ്റോറിയൽ ബോർഡ്

അമിതാവ ചാറ്റർജി
കെ.ശ്രീധർ
ശങ്കർ ദാസ്ഗുപ്ത
സ്വപൻ ചാറ്റർജി
ചിരരഞ്ജൻ ചക്രവർത്തി
സ്വപൻ ഘോഷാൽ
ശങ്കർ ഘോഷ്
ടി.കെ.സുധീർ കുമാർ
എം.എൻ.ശ്രീറാം

പൊളിറ്റ് ബ്യൂറോ

പ്രൊവാഷ് ഘോഷ്
രഞ്ജിത് ധർ
മണിക് മുഖർജി
അസിത് ഭട്ടാചാര്യ
ദേബപ്രസാദ് സർക്കാർ
ഗോപാൽ കുണ്ടു
ശങ്കർ സാഹ
സൗമൻ ബസു
സി.കെ.ലൂക്കോസ്
സത്യവാൻ
കെ.രാധാകൃഷ്ണ

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp