വനിതാ മതിൽ നവോത്ഥാനമല്ല; ആപത്കരമായ തിരിച്ചുപോക്ക്

Spread our news by sharing in social media

പ്രളയജലത്തിൽ മുക്കി കഴുകിയെടുത്ത കേരളത്തെ നവകേരളമാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇപ്പോൾ പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുകയാണല്ലോ. ശബരിമലയിലെ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരായ സംഘപരിവാറിന്റെ അഴിഞ്ഞാട്ടം ഒരു നവനവോത്ഥാനത്തിന്റെ ആവശ്യകത അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അതുകൊണ്ട് ഒരു നവോത്ഥാന നായകന്റെ പരിവേഷം സ്വയം അണിഞ്ഞുകൊണ്ട് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നു.

ഈ ‘നവനവോത്ഥാന’ പ്രസ്ഥാനത്തിന് നേതൃത്വം നൽകാൻ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളെ ”കേരളത്തെ ഭ്രാന്താലയമാക്കരുത്” എന്ന മുദ്രാവാക്യത്തിൻകീഴിൽ വിളിച്ചുചേർത്ത് നവോത്ഥാന മൂല്യസംരക്ഷണ സമിതി എന്ന പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രസിഡന്റും കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ കൺവീനറുമായി ഒരു സംഘടന രൂപീകരിച്ചു. 2019 ജനുവരി 1ന് കാസർകോട് മുതൽ തിരുവനന്തപുരംവരെ വനിതാ മതിൽ നിർമ്മിക്കാൻ പ്രസ്തുത യോഗം തീരുമാനിക്കുകയുമുണ്ടായി. ഈ സംരംഭത്തിനായി സർക്കാർ സംവിധാനം ഒന്നാകെ പ്രവർത്തിക്കും. ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ കമ്മിറ്റികളുണ്ടാകും. പ്രാദേശികമായും കമ്മിറ്റികൾ ഉണ്ടാകും. ചുരുക്കത്തിൽ സർക്കാർ ചിലവിൽ നടക്കുന്ന ഒരു രാഷ്ട്രീയ പരിപാടിയാകും ഈ മതിൽ.

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിയെ തുടർന്നുണ്ടായ കോലാഹലങ്ങൾ യഥാർത്ഥ വിശ്വാസി സമൂഹത്തിൽ നിന്നുണ്ടായതല്ല. ആചാരലംഘനത്തിന്റെ പേരിൽ വിഷമിച്ചിരുന്നവർ തീർച്ചയായും ഉണ്ടായിരുന്നു. ആചാരങ്ങളെയും ആർത്തവത്തെയും സംബന്ധിച്ച് സാധാരണ ജനങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണകളും സുപ്രീംകോടതി വിധിയുടെ ന്യായങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും വിശ്വാസികളിൽ കുറച്ചുപേരെ ആശയക്കുഴപ്പത്തിലാക്കി. യഥാർത്ഥ വിശ്വാസികളുടെ മനോവികാരം പരിഗണിച്ച് അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ഒരു ശ്രമവും സർക്കാർ നടത്തിയില്ല. അവധാനതയില്ലാതെ അസഹിഷ്ണുതയുടെയും കാർക്കശ്യത്തിന്റെയും ഭാഷയിലുള്ള മുഖ്യമന്ത്രിയുടെ പ്രകോപനങ്ങൾ ചൂണ്ടിക്കാട്ടി കോടതിവിധിയുടെ ഉത്തരവാദിത്തം സർക്കാരിനാണെന്ന മട്ടിൽ പ്രചരണം നടത്താൻ ആർഎസ്എസിനു കഴിഞ്ഞു. ഹിന്ദു ക്ഷേത്രത്തെയും ആചാരങ്ങളെയും തകർക്കാൻ അവിശ്വാസികളുടെ സർക്കാർ ഒരുങ്ങുന്നു എന്ന സംഘപരിവാർ പ്രചാരണത്തിന് ഇത് സ്വീകാര്യത നൽകി.

ആർഎസ്എസിന്റെ യഥാർത്ഥ നിലപാട് സ്ത്രീ പ്രവേശനത്തിന് അനുകൂലമാണെന്നിരിക്കെ, അവർ നിലപാട് മാറ്റിയത് മുതലെടുപ്പ് നടത്തുന്നതിനാണ് എന്നറിഞ്ഞ് നിക്ഷിപ്ത താല്പര്യക്കാരെ ഒറ്റപ്പെടുത്താൻ സർക്കാരിനു കഴിഞ്ഞില്ല. സർക്കാരിന്റെ നിലപാടുകൾ ആർഎസ്എസിന് കുളംകലക്കാൻ കൂടുതൽ അവസരം നൽകി. അങ്ങനെയാണ് കാര്യങ്ങൾ വഷളായത്. ഇന്നത്തെ നിലയിൽ കാര്യങ്ങൾ കൊണ്ടെത്തിച്ചതിൽ സർക്കാരിന്റെ പിടിപ്പുകേടിനും ഒരു പങ്കുണ്ട്.
ഇപ്പോൾ ഈ വനിതാ മതിലിന്റെ പ്രസക്തിയെന്താണ്? വനിതാ മതിലും നവോത്ഥാനവും തമ്മിലെന്ത് ബന്ധമാണുള്ളത്? സുപ്രീംകോടതി ശബരിമലയിൽ നടപ്പാക്കാൻ ശ്രമിച്ച പൗരാവകാശത്തിന്റെയും ലിംഗസമത്വത്തിന്റെയും കാഴ്ചപ്പാട് ഈ മതിൽ പണിയുന്നതിലൂടെ സ്ഥാപിക്കപ്പെടുമോ? കേരളീയ നവോത്ഥാനം പൂർത്തീകരിക്കാതെ അവശേഷിപ്പിച്ച ദൗത്യങ്ങൾ നിർവ്വഹിക്കാൻ ഈ സംരംഭത്തിന് കഴിയുമോ? കേരളീയ നവോത്ഥാനത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കുവാൻ ഈ പ്രസ്ഥാനത്തിന്റെ ഉള്ളടക്കം എന്തൊക്കെയായിരിക്കണം? ഈ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ട സന്ദർഭമാണിത്.

നവോത്ഥാനം സർവ്വതല സ്പർശിയായ ഒരു ജീവിതാദർശത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹ്യമായ ഉണർവ്വാണ്. മാനവവാദമാണ് ആ ജീവിതാദർശം. ജനാധിപത്യബോധം ഒരു സംസ്‌കാരമായി അതിൽ ഉൾച്ചേർന്നിരിക്കുന്നു. അന്ധവിശ്വാസങ്ങളിൽ നിന്നുള്ള മോചനം അതിന്റെ അടിസ്ഥാന ഉപാധിയാണ്. ശാസ്ത്രം അതിന്റെ ജീവവായുവും യുക്തിചിന്ത അതിന്റെ നിലനിൽപ്പിന്റെ സമ്പ്രദായവുമാണ്. അതുകൊണ്ടാണ് യൂറോപ്പിൽ നവോത്ഥാനം മുന്നേറിയപ്പോൾ മതങ്ങൾക്ക് കനത്ത തിരിച്ചടിയായത്. അവിടെ ജന്മംകൊണ്ട് നിശ്ചയിക്കപ്പെട്ടിരുന്ന വിശേഷ അവകാശങ്ങളും വിവേചനങ്ങളും ഇല്ലാതാക്കപ്പെട്ടു. ജാതി, മതം, വംശം, ദേശം, ഭാഷ, ലിംഗം ഇവയുടെ അടിസ്ഥാനത്തിലുള്ള എല്ലാ വിവേചനങ്ങളും തുടച്ചുനീക്കി. പുതിയ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടു. ”സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം” എന്ന ആദർശവാക്യം സാമൂഹ്യമണ്ഡലത്തിലെ ഏറ്റവും അർത്ഥമുള്ള പദങ്ങളായി മാറി.
ജന്മിത്ത വ്യവസ്ഥിതിക്കുള്ളിൽ വളർന്നുവന്ന പുതിയ മൂലധനശക്തി ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടങ്ങൾ പ്രയോജനപ്പെടുത്തി കരുത്തോടെ മുന്നേറിയപ്പോൾ, വളരുന്ന മൂലധനത്തിന്റെ താല്പര്യങ്ങൾക്കനുരോധമായും ഉപോൽബലകമായും പുതിയ മൂല്യബോധം മനുഷ്യചിന്തയിൽ മുളപൊട്ടി വളർന്നു. ജന്മിത്ത വ്യവസ്ഥിതിയെ സംരക്ഷിച്ച് നിലനിർത്തിയിരുന്ന മൂല്യസങ്കല്പങ്ങളെയും ധാർമ്മികതയെയും എല്ലാം പൊളിച്ചെഴുതി മുതലാളിത്തം തികച്ചും നൂതനവും വ്യതിരിക്തവുമായ ആദർശങ്ങൾ സമൂഹത്തിൽ അവതരിപ്പിച്ചു. സാമൂഹ്യ സ്ഥാപനങ്ങളെ സംബന്ധിച്ച ആദർശങ്ങളെയും കല, തത്വചിന്ത, സാഹിത്യം എന്നിങ്ങനെ സാമൂഹ്യജീവിതത്തിന്റെ എല്ലാ വശങ്ങളെയും സ്പർശിക്കുന്ന ഒരു പ്രത്യയശാസ്ത്ര സംവർഗ്ഗം, അതാണ് മാനവവാദം. മനുഷ്യനായിരുന്നു അവിടെ സർവ്വതിന്റെയും അടിസ്ഥാനം.

ജന്മിത്ത സമൂഹത്തിന്റെ ആദർശപരമായ അടിത്തറ മതദർശനങ്ങളിലാണ് നിലനിന്നിരുന്നത്. എല്ലാത്തിന്റെയും ശരിതെറ്റുകൾ നിർണ്ണയിച്ചിരുന്നത് അതിന്റെ അടിസ്ഥാനത്തിലായിരുന്നു. മതവും ദൈവവും കേന്ദ്രസ്ഥാനത്ത് ആയിരുന്ന വ്യവസ്ഥിതിയുടെ സ്ഥാനത്ത് മനുഷ്യനെ കേന്ദ്രമാക്കിയുള്ള പുതിയ ആദർശവും വ്യവസ്ഥിതിയും സ്ഥാപിതമായി. മതത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തി, മതേതരത്വം സ്വീകരിക്കപ്പെട്ടു.
നമ്മുടെ രാജ്യത്ത് യൂറോപ്യൻ നവോത്ഥാനത്തിന്റെ തനിയാവർത്തനമായല്ല ഈ മുന്നേറ്റം ഉണ്ടായത്. മാനവവാദത്തെ അടിസ്ഥാനമാക്കിയുള്ള പ്രസ്ഥാനമായാണ് വളർന്നുവന്നതെങ്കിലും അതിന്റെ മുഖ്യപ്രവണതകളിൽ ആദ്ധ്യാത്മികതയുടെയും മതപരിഷ്‌കരണത്തിന്റെയും സ്വഭാവം ഉണ്ടായിരുന്നു. എന്നാൽ മതനിഷേധത്തിന്റെയും യുക്തിചിന്തയുടെയും ധാരകൾ അതിനോടൊപ്പം വളർന്നുവരികയും ചെയ്തിട്ടുണ്ട്. ജീവിതവീക്ഷണം മനുഷ്യകേന്ദ്രിതമായിരുന്നു എന്ന സവിശേഷത ഇവിടെയും പ്രകടമായിരുന്നു.

ശ്രീനാരായണഗുരു, അയ്യൻകാളി തുടങ്ങിയ നവോത്ഥാന നായകരുടെ നേതൃത്വത്തിൽ വളർന്നുവന്ന കേരളീയ നവോത്ഥാനം കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ മനുഷ്യന്റെ സങ്കൽപ്പം അവതരിപ്പിച്ചുകൊണ്ടുതന്നെയാണ് വന്നത്. പക്ഷേ ജാതിയുടെ തടവറയിൽനിന്നും പുറത്തുകടക്കാനാകാതെ വിഷമിച്ചു നിന്ന മനുഷ്യരെ സാമൂദായികമായി സംഘടിപ്പിച്ച് ആധുനിക മനുഷ്യരാക്കി പരിഷ്‌ക്കരിച്ച് ഉയർത്തിയെടുത്ത് ജാതിരഹിതമായ സമൂഹത്തിലേയ്ക്ക് വളർത്തുവാനുള്ള അടിത്തറ ഒരുക്കുകയായിരുന്നു അവർ ചെയ്തത്. ജാതിയെന്ന അർത്ഥത്തിലല്ല സമുദായമെന്ന പദം അവർ ഉപയോഗിച്ചത്. ജാതി എന്ന പദം ഉപേക്ഷിച്ച് ജാതി സൂചനയില്ലാത്ത പുതിയ പദം സ്വീകരിക്കുകയായിരുന്നു. എന്നാൽ അഗ്രഗാമികളായ ആചാര്യന്മാരുടെ പ്രഭാവകാലം പിന്നിട്ടപ്പോൾ ഈ പ്രസ്ഥാനങ്ങളെല്ലാം ജാതിപ്രസ്ഥാനങ്ങളായി പരിണമിച്ചു. യോഗത്തിന് ജാത്യാഭിമാനം കൂടിവരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് 1916ൽ ഗുരു എസ്എൻഡിപി യോഗത്തോട് വിടപറഞ്ഞത് എന്നത് സുവിദിതമാണല്ലോ.

സമഗ്രമായ ജീവിതാദർശങ്ങൾ അവതരിപ്പിച്ചുകൊണ്ട് കേരളീയ നവോത്ഥാനത്തിന് ആശയപരമായ അടിത്തറയിട്ട ശ്രീനാരായണ പ്രസ്ഥാനം പോലും അകാലത്തിൽ പിൻവാങ്ങിയപ്പോൾ ചരിത്രപരമായി ആ ദൗത്യം നിർവ്വഹിക്കേണ്ടിയിരുന്നത് ദേശീയ പ്രസ്ഥാനത്തെ നയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരുന്നു. എന്നാൽ യാഥാസ്ഥിതികരുടെ കൂടാരമായിരുന്ന കോൺഗ്രസിന് അതാകുമായിരുന്നില്ല. ജനാധിപത്യവത്ക്കരണത്തിന്റെ ദൗത്യങ്ങൾ പൂർത്തീകരിക്കാൻ ഇന്ത്യൻ മുതലാളിവർഗ്ഗത്തിന്റെ താൽപര്യങ്ങൾ കോൺഗ്രസിനെ അനുവദിച്ചിരുന്നില്ല.
1930കളോടുകൂടി കേരളത്തിൽ പ്രവർത്തനം തുടങ്ങിയിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നവോത്ഥാന നായകന്മാരെ ശരിയായി വിലയിരുത്തി അവരുടെ മൂല്യങ്ങൾ സ്വാംശീകരിച്ചുകൊണ്ട് കേരളീയ സാമൂഹ്യമണ്ഡലത്തിലെ ഫ്യൂഡൽ മൂല്യങ്ങളെ തുടച്ചുനീക്കാനായില്ല. മനുഷ്യാവകാശങ്ങൾ നേടുന്നതിനുള്ള ചില പോരാട്ടങ്ങൾ സിപിഐയുടെ നേതൃത്വത്തിൽ അക്കാലത്ത് നടന്നിട്ടുണ്ടെങ്കിലും മുഖ്യാംശത്തിൽ തൊഴിലവകാശങ്ങളെ മുൻനിർത്തിയുള്ള ട്രേഡ് യൂണിയൻ പോരാട്ടങ്ങളാണ് അവരുടെ മുൻകൈയിൽ നടന്നത്.
കമ്മ്യൂണിസ്റ്റ് ദർശനത്തിന് നിരക്കുംവിധം ഒരു രാഷ്ട്രീയ മുന്നേറ്റവും അതിന് ആനുപാതികവും ഉപോത്ബലകവുമായി നടക്കേണ്ട ഒരു സാംസ്‌കാരിക പ്രസ്ഥാനവും അവരുടെ അജണ്ടയിലില്ലായിരുന്നു. അതിന്റെ പ്രാധാന്യം അവർ തിരിച്ചറിഞ്ഞില്ല. അതുകൊണ്ട് ധാരാളം സമരങ്ങൾ നടത്തുമ്പോഴും വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും നേതാക്കളും അണികളും പുലർത്തിയിരുന്നത് ഫ്യൂഡൽ ശീലങ്ങളും സംസ്‌കാരവുമായിരുന്നു. വ്യക്തിജീവിതത്തിൽ മറ്റേതൊരു സാധാരണക്കാരെയുംപോലെ പെരുമാറുകയും ആചാരങ്ങൾ പിന്തുടരുകയും ചെയ്തിരുന്ന നേതാക്കൾ രാഷ്ട്രീയത്തിൽ ഫ്യൂഡൽ സ്വഭാവത്തിലുള്ള സ്വേച്ഛാരീതികളും അസഹിഷ്ണുതയും പുലർത്തിപ്പോന്നു. രാഷ്ട്രീയ എതിരാളികളോടും സ്വന്തം പാർട്ടിക്കുള്ളിലെ എതിരഭിപ്രായക്കാരോടുപോലും അസഹിഷ്ണുത പുലർത്തുകയും ചെയ്തു. നവോത്ഥാന ആദർശങ്ങൾ ശരിയായി സ്വാംശീകരിക്കുവാൻ ഈ പ്രസ്ഥാനങ്ങൾക്കൊന്നും കഴിയാതെ വന്നതിന്റെ ഫലമായാണ് ജാതിമത ചിന്തകൾ ഇത്ര രൂഢമൂലമായി ഇവിടെ അവശേഷിക്കാനിടയായത്.

വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന വിഖ്യാതമായ ഗുരുവചനം വ്യക്തമാക്കുന്ന ഒരു സമീപനമുണ്ട്. അത് സത്യാന്വേഷണത്തിന്റെയും സഹിഷ്ണുതയുടെയും സമീപനമാണ് വിളംബരം ചെയ്യുന്നത്. ജനാധിപത്യ സംസ്‌കാരമാണ് അത്. എതിരഭിപ്രായക്കാരെ കൊന്നൊടുക്കുന്നതിൽ പോലും തെറ്റില്ല എന്നുകരുതുന്ന പ്രസ്ഥാനങ്ങൾക്ക് ഗുരു ഉയർത്തിപ്പിടിച്ച ജനാധിപത്യ സംസ്‌കാരത്തെ തിരിച്ചറിയാൻ കഴിയാതെ പോകുന്നത് സ്വാഭാവികമാണ്.
വിരുദ്ധാഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത നിറഞ്ഞ സിപിഐ(എം) നേതൃത്വത്തിന്റെ നിലപാടുതന്നെയാണ് ശബരിമല വിഷയത്തിൽ സംഘപരിവാറിന് ആയുധമായത്. ഏതൊരാൾക്കും അവരുടെ വിശ്വാസം വിലപ്പെട്ടതാണ്. അത് മനസ്സിലാക്കി വിശ്വാസികളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള യാതൊരു ശ്രമവും സർക്കാർ നടത്തിയില്ല. ആർഎസ്എസിന് വിശ്വാസികളെവച്ച് മുതലെടുക്കാനുള്ള എല്ലാ അവസരവും അത് നൽകി. ഇപ്പോൾ ഈ വനിതാ മതിൽ സ്ത്രീകളെ മലചവിട്ടിക്കുന്നതിനാണെങ്കിൽ ശബരിമലയിലേക്ക് ഒരു മതിൽ നിർമ്മിക്കുകയല്ലേ നല്ലത്? അത്തരം ഒരു ഉദ്ദേശം സർക്കാരിനില്ല. ശബരിമലയിൽ എത്തുന്നവർക്ക് സംരക്ഷണം നൽകും എന്ന് പറയുന്നു. എന്നാൽ അതിനായി പുറപ്പെടുന്നവരെ വഴിയിൽ ആരെങ്കിലും തടഞ്ഞാൽ സർക്കാർ ഒന്നും ചെയ്യില്ല. അങ്ങനെ വരുന്നവരുടെ അനുഭവമെന്തെന്ന് നാട്ടുകാരെ പലതവണ ബോധ്യപ്പെടുത്തുകയുംചെയ്തു. ഏതുനേരവും പോലീസുകാരുടെ മധ്യത്തിൽനിന്ന് മൈക്കിലൂടെ ആർഎസ്എസിനെ വെല്ലുവിളിക്കുന്ന മുഖ്യമന്ത്രി പോലീസിനെ വിന്യസിച്ചിട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും നിയമം നടപ്പാക്കിയിട്ടും ഇതുവരെ ഒരു യുവതിപോലും മല ചവിട്ടിയില്ല. ജനങ്ങൾ എന്താണ് നേടിയത്? ഈ പരാജയമെല്ലാം മറയ്ക്കാൻ വനിതാമതിലുകൊണ്ട് കഴിയുമോ? വിജയശ്രീ ലാളിതനായി നടിക്കുന്ന മുഖ്യമന്ത്രിയുടെ സമ്പൂർണ്ണ പരാജയത്തിന്റെ തെളിവാണ് വരാൻ പോകുന്ന മനുഷ്യമതിൽ. ലിംഗസമത്വത്തിനുവേണ്ടി പ്രക്ഷോഭം നടത്താൻ വനിതകൾ തയ്യാറെങ്കിൽ ആർക്കാണ് അവരെ തടയാൻ കഴിയുക?

സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം

ശബരിമലയിൽ ഒഴികെ കേരളത്തിൽ എവിടെയെങ്കിലും സ്ത്രീകൾക്ക് പ്രവേശനവിലക്കുണ്ടോ? ഇല്ല. എന്നാൽ സ്ത്രീപുരുഷ വിവേചനം നിലനിൽക്കുന്നത് ശബരിമലയിൽ മാത്രമാണോ? കേരളത്തിലെങ്ങും സ്ത്രീവിരുദ്ധതയും ലിംഗവിവേചനവും നിലനിൽക്കുന്നു. നവോത്ഥാനത്തിന്റെ അവിഭാജ്യഭാഗമാണ് സ്ത്രീപുരുഷ സമത്വം. എന്നാൽ ഈ നവോത്ഥാനത്തിന്റെ കാഹളമൂതുന്നവർ അവനവനിലേയ്ക്കും സ്വകുടുംബത്തിലേയ്ക്കും തിരിഞ്ഞുനോക്കിയാൽ അനായാസം തിരിച്ചറിയാവുന്ന കാര്യമാണിത്. കുടുംബങ്ങൾക്കുള്ളിൽ സ്ത്രീപൂരുഷ സമത്വം പാലിക്കുന്ന എത്ര നേതാക്കൻമാരുണ്ട് നമ്മുടെ നാട്ടിൽ. മതവിശ്വാസത്തിന്റെ ഭാഗമായി ഇവിടെ സർവ്വസാധാരണമായി നടക്കുന്ന വിവാഹങ്ങളിൽ പുരുഷമേധാവിത്വപരമായ ഫ്യൂഡൽ ആചാരങ്ങളാണ് നടക്കുന്നത് എന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? 1925 മുതൽ ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്ന ലക്ഷക്കണക്കിന് അംഗങ്ങളും അതിനനുസരിച്ച് നേതാക്കളുമുള്ള ഒരു പാർട്ടിക്ക് ജനാധിപത്യപരമായ ഒരു വിവാഹരീതി പാർട്ടിക്കുള്ളിൽ ഒരു സമ്പ്രദായമായി വളർത്തിക്കൊണ്ടുവരാൻ സാധിക്കാതെ പോയത് എന്താണ്? താലികെട്ടാതെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തുന്ന രീതി വിപ്ലവപാർട്ടിക്കുള്ളിൽ നടപ്പാക്കാൻ നേതാക്കളെങ്കിലും നിർബന്ധമായി ശ്രമിക്കാത്തത് എന്താണ്? ബന്ധസങ്കൽപ്പത്തിൽ സ്ത്രീയെ രണ്ടാംതരമായി കാണുന്ന ഫ്യൂഡൽ രീതിയാണ് എവിടെയും. വിപ്ലവകാരികളായ നേതാക്കൻമാർ പൊതുരംഗത്ത് വിലസുമ്പോൾ അവരുടെ ഭാര്യമാർ അടുക്കളകളിൽ കുടിയിരുത്തപ്പെടുകയല്ലേ? എവിടെയാണ് കുടുംബങ്ങളിൽ ജനാധിപത്യവും നവോത്ഥാനവും. നവോത്ഥാനം വീടുകളിൽ പുലരുമ്പോഴാണ് സ്ത്രീകൾ സ്വതന്ത്രരാകുന്നത്; ശാക്തീകരിക്കപ്പെടുന്നത്. ശബരിമലഭക്തർക്ക് ആർത്തവത്തെക്കുറിച്ചുള്ള അന്ധവിശ്വാസം മാറിയാലോ, യുവതികൾ മലചവിട്ടിയാലോ മാറുന്നതാണോ സ്ത്രീസമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ.

ജാതിയെന്ന ദുരാചാരത്തിനെതിരായിരുന്നു കേരളീയ നവോത്ഥാനത്തിന്റെ പോരാട്ടങ്ങളത്രയും. ശ്രീനാരായണഗുരുവിന്റെ പ്രവർത്തനങ്ങളിൽ ആദ്യാവസാനം ഈ ലക്ഷ്യമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവർത്തനങ്ങളിലും അത് വളരെ വ്യക്തമാണ്. ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് എന്ന് ഗുരു പറഞ്ഞത് സംഘടനയുടെ ഉത്തരവാദിത്തങ്ങളില്ലാതിരുന്നതുകൊണ്ടാണെന്നും ”ജാതിയും മതവുമില്ല” എന്ന വിളംബരം ഗുരു നടത്തിയത് അദ്ദേഹം അപ്പോഴേയ്ക്കും ദൈവമായി മാറിയതുകൊണ്ടാണെന്നും മനുഷ്യനായിരുന്നെങ്കിൽ പറയുമായിരുന്നില്ല എന്നുംമറ്റും പറഞ്ഞ് ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളുടെ വിലകെടുത്തുവാൻ ശ്രമിക്കുകയും ”ജാതി പറയണം, ജാതി പറഞ്ഞ് സംഘടിപ്പിക്കണം” എന്നൊക്കെപ്പറഞ്ഞ് അണികളുടെ ജാതിബോധത്തെ ദൃഢീകരിച്ച് വർഗ്ഗീയത വളർത്തി സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കുന്ന വെള്ളാപ്പള്ളി നടേശനെയും ജാതിയെ അടിസ്ഥാനപ്പെടുത്തി പ്രവർത്തനം നടത്തുന്ന പുന്നല ശ്രീകുമാറിനെയുംപോലുള്ള നേതാക്കളെ മുൻനിർത്തി വളർത്താൻ കഴിയുന്നതാണോ നവോത്ഥാനം?
കേരളത്തിന്റെ നാമൂഹ്യാന്തരീക്ഷം വഷളാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുള്ള ഇത്തരം നേതാക്കൾ ചേർന്ന് വനിതാമതിൽ സംഘടിപ്പിച്ചാൽ സൃഷ്ടിക്കപ്പെടുന്നതാണോ നവോത്ഥാനം? ഇവരിൽ എത്രപേർ ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നുണ്ടെന്നെങ്കിലും നോക്കേണ്ടതല്ലേ? ഇനി, ഇവരൊക്കെച്ചേർന്ന് യുവതികളെ മലചവിട്ടിച്ചാൽതന്നെ കേരളത്തിലെ സ്ത്രീസമൂഹത്തിന് അതുവഴി എന്തുനേട്ടമുണ്ടാകും? ഒന്നുമുണ്ടാകില്ല. മറിച്ച്, നഷ്ടപ്പെടാൻ ഏറയുണ്ട്.

ക്ഷേത്രങ്ങളിലും ആചാരങ്ങളിലും മുഴുകിക്കഴിയുന്ന ജനങ്ങളെ എങ്ങനെ പുറത്തുകൊണ്ടുവരാം എന്ന് പുരോഗമനകാരികൾ ചിന്തിക്കേണ്ട കാലമാണിത്. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തിന് സാപേക്ഷമായ പുരോഗമന സ്വഭാവം ഉണ്ടായിരുന്നു. പൊതുഇടങ്ങളിലെങ്ങും പ്രവേശനമില്ലാതിരുന്ന അധഃസ്ഥിതരെ സംബന്ധിച്ച് ഏറ്റവും അപ്രാപ്യമായിരുന്ന ക്ഷേത്രങ്ങളിൽപോലും പ്രവേശനം ലഭിച്ചതോടെ മേലിൽ മറ്റൊരിടത്തും അവരെ തടയാനാവാത്ത സ്ഥിതിയുണ്ടായി. അതിനുമപ്പുറത്ത് ആ ക്ഷേത്രപ്രവേശനത്തിനും പുരോഗമനഫലം അവകാശപ്പെടാനില്ല. 1916ലാണ് ഇനി ക്ഷേത്രങ്ങൾ വേണ്ട; വിദ്യാലയങ്ങൾ മതി എന്ന് ശ്രീനാരായണ ഗുരു പറഞ്ഞത് എന്ന് ഓർക്കണം. ക്ഷേത്രങ്ങൾ അന്ധവിശ്വാസങ്ങൾ വളർത്തുന്നു എന്നതുതന്നെയായിരുന്നു ഗുരു അങ്ങനെ പറയാൻ കാരണം. ക്ഷേത്രങ്ങളിൽനിന്നും ആരും യുക്തിചിന്തയും ശാസ്ത്രബോധവും നേടിയിട്ടില്ല. അന്ന് ക്ഷേത്രങ്ങളിൽ കയറിയവരും ഇന്ന് നാമജപവുമായി വിശ്വാസികളുടെ തലതകർക്കാൻ ഇറങ്ങിയിട്ടുണ്ട്.
ജനങ്ങളുടെ പണം ചെലവഴിച്ച് സമയവും നഷ്ടപ്പെടുത്തി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ അർത്ഥപൂർണ്ണമാകണമെങ്കിൽ നവോത്ഥാന സന്ദേശം ജനങ്ങളിലെത്തിക്കാൻ കഴിയുന്ന ആശയപരമായ ഔന്നത്യവും ഉൾക്കാഴ്ചയും ഇതിന്റെ നേതൃത്വത്തിനുണ്ടാകണം. വിശാലമായ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനമെന്ന നിലയിലുള്ള പ്രാധാന്യമുണ്ടാകണമെങ്കിലും കേവലം ആൾക്കൂട്ടമെന്നതിലുപരി ഉയർന്ന രാഷ്ട്രീയബോധം പേറുന്നവരായി സമൂഹത്തെ വളർത്താൻ കഴിയണം. കൃത്യമായ ആശയമുണ്ടാകണം. ലക്ഷ്യബോധമുണ്ടാകണം; കർമ്മ പരിപാടിയുണ്ടാകണം. ഇച്ഛാശക്തിയുള്ള നേതൃത്വം ഉണ്ടാകണം. അല്ലാത്തപക്ഷം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തട്ടിക്കൂട്ട് പരിപാടിയുടെ പ്രാധാന്യമേ ചരിത്രത്തിൽ എത്രവലിയ ‘മതിലു’കൾക്കും ഉണ്ടാകു.

ജീവിതദുരിതങ്ങൾക്ക് അറുതിവരുത്താനുള്ള പ്രക്ഷോഭരംഗത്ത് ജാതിക്കും മതത്തിനും എല്ലാ സങ്കുചിത വികാരങ്ങൾക്കും അതീതമായി ഒരുമിക്കുമെന്ന പ്രതിജ്ഞയാണ് എല്ലാ ജാതി മത വിഭാഗങ്ങളിലുമുള്ള സാധാരണക്കാർ കൈക്കൊള്ളേണ്ടുന്നത്. പ്രക്ഷോഭരംഗത്ത് ജനങ്ങൾ ആർജ്ജിക്കുന്ന ഉരുക്ക് പോലുറച്ച ഐക്യമാണ് വർഗ്ഗീയ ശക്തികളെ പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗം.

വനിതാ മതിൽ: എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന

  ജാതി സംഘടനകള കൂട്ടുപിടിച്ച് കേരളത്തിൽ നവോത്ഥാനം വീണ്ടെടുക്കാനെന്ന പേരിലും ശബരിമലയിലെ യുവതിപ്രവേശനത്തിനുവേണ്ടിയും കേരള സർക്കാർ ഖജനാവിൽനിന്ന് പണം ചെലവഴിച്ച് നടത്തുന്ന വനിതാ മതിൽ നമ്മുടെ സംസഥാനത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തെ അധിക്ഷേപിക്കുന്ന, കേവലം തെരഞ്ഞെടുപ്പ് നേട്ടം മുൻനിർത്തിയുള്ള പ്രഹസനം മാത്രമാണെന്ന് എസ്‌യുസിഐ(കമ്യൂണിസ്റ്റ്) സംസഥാന സെക്രട്ടറി ഡോ.വി.വേണുഗോപാൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.

കേരള മുഖ്യമന്ത്രിയും സിപിഐ(എം)ഉം പറയുന്ന നവോത്ഥാനവും യഥാർത്ഥ നവോത്ഥാനവും തമ്മിൽ ഒരു ബന്ധവുമില്ല. സമൂഹത്തിൽ നവോത്ഥാനമുന്നേറ്റം മുന്നോട്ടുവച്ച ആശയങ്ങളുടെ ചൈതന്യവും സത്തയും ജനാധിപത്യമൂല്യങ്ങളും സംസ്‌കാരവുമായിരുന്നു. എതിർശബ്ദങ്ങളോട് തീവ്രമായ അസഹിഷ്ണുത പുലർത്തുന്ന സർക്കാരാണ് വനിതാ മതിലിനെ നയിക്കുന്നത്. മാധ്യമവിലക്ക് ഏർപ്പെടുത്തിക്കൊണ്ട് വിമർശങ്ങളെ നിശബ്ദമാക്കാൻ ശ്രമിക്കുന്ന സർക്കാരിന് നവോത്ഥാനത്തെക്കുറിച്ച് വാചാലമാകാൻ എന്താണ് യോഗ്യത? സവർണ അവർണ ജാതിവിവേചനങ്ങൾക്കെതിരെ മാത്രമല്ല, അതത് ജാതികൾക്കുള്ളിലെ ഉപജാതിവിവേചനങ്ങൾക്കും അനാചരങ്ങൾക്കുമെതിരെ നിലകൊള്ളുവാനും പൊരുതുവാനുമായി രൂപം കൊണ്ട ജാതി സംഘടനകൾ പിൽക്കാലത്ത് അതതു ജാതികളിലെ ഒരു വരേണ്യ വിഭാഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള രാഷ്ട്രീയ സമ്മർദ്ദ ഗ്രൂപ്പുകളായും വോട്ടു ബാങ്കുകളായും മാറുകയാണുണ്ടായത്. നവോത്ഥാന നായകർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ തുടർച്ച കൈവെടിഞ്ഞുവെന്ന് മാത്രമല്ല, അതിന് കടകവിരുദ്ധമായ പ്രവർത്തനങ്ങളിലാണ് ഇന്ന് ജാതി സംഘടനകൾ മുഴുകുന്നത്.

ഭരണാധികാരത്തോട് ഒട്ടിനിന്നുകൊണ്ട് ജാതി പ്രമാണിമാർക്ക് നേട്ടങ്ങളുണ്ടാക്കുകയെന്നതിനപ്പുറം യാതൊരു ആദർശവുമില്ലാത്ത, ജനാധിപത്യസ്വഭാവം തരിമ്പുമില്ലാത്ത ഇക്കൂട്ടരെ തട്ടിക്കൂട്ടിക്കൊണ്ട് എന്തു നവോത്ഥാനമാണ് വീണ്ടെടുക്കുന്നത്?
ദൈവത്തിന് നിരക്കുന്നത് ശരി അല്ലാത്തത് തെറ്റ് എന്ന ആദ്ധ്യാത്മിക മൂല്യവിചാരങ്ങളായിരുന്നു ഫ്യൂഡൽ കാലഘട്ടത്തിന്റെ ആശയപരമായ പിൻബലം. അതിൽനിന്ന് വ്യത്യസ്തമായി എന്തിനെയും യുക്തിയുടെ ഉരകല്ലിൽ പരിശോധിച്ച് ശരിയെന്ന് തെളിയിക്കപ്പെടുന്നതിനെ മാത്രം അംഗീകരിക്കുന്ന ശാസ്ത്രീയ ജീവിത വീക്ഷണമാണ് നവോത്ഥാനം മുന്നോട്ടുവച്ചത്. നമുക്ക് ജാതിയും മതവുമില്ല എന്ന നാരായണ ഗുരുവിന്റെ പ്രസിദ്ധമായ വിളംബരത്തിൽനിന്നും ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന കാഴ്ചപ്പാടിലേയ്ക്കുവരെ കേരളത്തിലെ നവോത്ഥാനം വളർന്നിരുന്നു. മനുഷ്യന് വേണ്ട എന്ന് ഒരിക്കൽ നവോത്ഥാനം പറഞ്ഞ ദൈവസങ്കൽപ്പത്തെ വീണ്ടും ശക്തമായി ഉറപ്പിക്കുന്നതാണ് യുവതിപ്രവേശനമെന്ന പുതിയ ‘നവോത്ഥാനം’. ഇപ്രകാരം പരിശോധിച്ചാൽ നവോത്ഥാനമതിൽ മുന്നോട്ടുവയ്ക്കുന്നത് ശാസ്ത്രീയ ജീവിത വീക്ഷണമല്ല മറിച്ച് അന്ധതയാണെന്നു കാണാം.
രാമക്ഷേത്രം, ഗോഹത്യ തുടങ്ങിയ സംഘപരിവാറിന്റെ രാഷ്ട്രീയ ക്ഷുദ്രപ്രവർത്തനങ്ങളെപ്പോലെതന്നെ ശബരിമലയും വോട്ടിനെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. അവരുടെ ദേശീയ അജണ്ടയ്ക്ക് വിപരീതമായി കേരളത്തിൽ സ്ത്രീപ്രവേശനത്തിന് എതിരായി നിലപാടെടുത്തുകൊണ്ടുപോലും തെരഞ്ഞെടുപ്പ് രാഷ്ട്രീയം പയറ്റുകയാണ് ബിജെപി. ഹീനമായ രാഷ്ട്രീയ കണക്കുകൂട്ടലുകളോടെ സംസ്ഥാന സർക്കാർ സ്വീകരിച്ച വിവേകരഹിതമായ നടപടികളിലൂടെ സംഘപരിവാറിന് അവരുടെ വർഗ്ഗീയ തന്ത്രങ്ങൾ നടപ്പാക്കാൻ അവസരം ലഭിച്ചു. ഈ സംസ്ഥാനം അതിന് നൽകേണ്ടിവരുന്ന വില കനത്തതായിരിക്കുമെന്നതിൽ സംശയമില്ല.

നിയമപരമായ പരിഗണനകൾവച്ച് നോക്കുമ്പോൾ കോടതി വിധി ശരിയാകാം. എന്നാൽ കാലഘട്ടത്തിന്റെ ആവശ്യകതകൾ പരിഗണിച്ചുകൊണ്ടായിരിക്കണം ഒരു രാഷ്ട്രീയ പ്രസ്ഥാനം പ്രത്യേകിച്ചും ഒരു വിപ്ലവപ്രസ്ഥാനം നിലപാട് സ്വീകരിക്കേണ്ടുന്നത്. നവോത്ഥാനമുന്നേറ്റത്തിന്റെ പൂർത്തീകരിക്കപ്പെടാത്ത കടമകൾ നിറവേറ്റുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത. പ്രാപഞ്ചിക പ്രതിഭാസങ്ങളെയും ജീവിതത്തെയും ഏറ്റവും ആധുനികമായ ശാസ്ത്രീയ സമീപനത്തോടെ വീക്ഷിക്കുവാൻ ജനങ്ങളെ പരിശീലിപ്പിക്കുക, ഉയർന്ന ജനാധിപത്യ-മതേതര മൂല്യങ്ങൾ സ്വാഭാവിക ജീവിതശൈലിയായി സ്വീകരിക്കാൻ അവരെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് അടിയന്തരപ്രാധാന്യമുള്ള കർത്തവ്യങ്ങൾ. നവോത്ഥാനമെന്ന പേരിൽ സിപഐ(എം)ഉം കൂട്ടരും നടത്തുന്ന പ്രചാരണം ഈ കർത്തവ്യങ്ങൾ നിറവേറ്റാൻ സഹായക്കില്ലെന്നു മാത്രമല്ല, കൂടുതൽ അന്ധത വളർത്താനേ ഉതകൂ. അറുപിന്തിരിപ്പൻ നിലപാടുകളുള്ള ജാതി – സാമുദായിക സംഘടനകൾക്ക് കുടുതൽ വേരുറപ്പിക്കാനേ ഇടനൽകൂ. നവോത്ഥാന മുന്നേറ്റത്തിന്റെ പൂർത്തീകരിക്കപ്പെടാതെ പോയ എന്ത് കടമയാണ് ശബരിമലയിലേക്കുള്ള സ്ത്രീപ്രവേശനം വഴി നേടുക?
വർഗ്ഗീയതയെ പരാജയപ്പെടുത്തി, ജനൈക്യം ഊട്ടിയുറപ്പിക്കാനുള്ള മാർഗ്ഗവും ജീവിതപ്രശ്‌നങ്ങളെ യാഥാർത്ഥ്യബോധത്തോടെ നോക്കിക്കാണാനുള്ള ജനങ്ങളുടെ പരശീലനവേദിയും ജനാധിപത്യപ്രക്ഷോഭങ്ങൾ മാത്രമാണ്. അതിന് കുറുക്കുവഴികളില്ല. മുതലാളിത്ത ചൂഷണത്തിന്റെ തിരികല്ലിൽ അരയ്ക്കപ്പെടുന്ന ജനങ്ങളെ അവരുടെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങളെ ആധാരമാക്കി ഉയർന്ന നീതിബോധത്തിന്റെയും ജനാധിപത്യമൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ ഒരൊറ്റ ശക്തിയാക്കി തെരുവിലിറക്കണം. അതുമാത്രമാണ് നവോത്ഥാനത്തിന്റെ യഥാർത്ഥ തുടർച്ച. വനിതാ മതിൽ അത്തരമൊരു പ്രക്ഷോഭത്തിന്റെ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നില്ല.

Share this