വനിതാ മതിൽ: എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന

Spread our news by sharing in social media

ജാതി സംഘടനകള കൂട്ടുപിടിച്ച് കേരളത്തിൽ നവോത്ഥാനം വീണ്ടെടുക്കാനെന്ന പേരിലും ശബരിമലയിലെ യുവതിപ്രവേശനത്തിനുവേണ്ടിയും കേരള സർക്കാർ ഖജനാവിൽനിന്ന് പണം ചെലവഴിച്ച് നടത്തുന്ന വനിതാ മതിൽ നമ്മുടെ സംസഥാനത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തെ അധിക്ഷേപിക്കുന്ന, കേവലം തെരഞ്ഞെടുപ്പ് നേട്ടം മുൻനിർത്തിയുള്ള പ്രഹസനം മാത്രമാണെന്ന് എസ്‌യുസിഐ(കമ്യൂണിസ്റ്റ്) സംസഥാന സെക്രട്ടറി ഡോ.വി.വേണുഗോപാൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.

കേരള മുഖ്യമന്ത്രിയും സിപിഐ(എം)ഉം പറയുന്ന നവോത്ഥാനവും യഥാർത്ഥ നവോത്ഥാനവും തമ്മിൽ ഒരു ബന്ധവുമില്ല. സമൂഹത്തിൽ നവോത്ഥാനമുന്നേറ്റം മുന്നോട്ടുവച്ച ആശയങ്ങളുടെ ചൈതന്യവും സത്തയും ജനാധിപത്യമൂല്യങ്ങളും സംസ്‌കാരവുമായിരുന്നു. എതിർശബ്ദങ്ങളോട് തീവ്രമായ അസഹിഷ്ണുത പുലർത്തുന്ന സർക്കാരാണ് വനിതാ മതിലിനെ നയിക്കുന്നത്. മാധ്യമവിലക്ക് ഏർപ്പെടുത്തിക്കൊണ്ട് വിമർശങ്ങളെ നിശബ്ദമാക്കാൻ ശ്രമിക്കുന്ന സർക്കാരിന് നവോത്ഥാനത്തെക്കുറിച്ച് വാചാലമാകാൻ എന്താണ് യോഗ്യത? സവർണ അവർണ ജാതിവിവേചനങ്ങൾക്കെതിരെ മാത്രമല്ല, അതത് ജാതികൾക്കുള്ളിലെ ഉപജാതിവിവേചനങ്ങൾക്കും അനാചരങ്ങൾക്കുമെതിരെ നിലകൊള്ളുവാനും പൊരുതുവാനുമായി രൂപം കൊണ്ട ജാതി സംഘടനകൾ പിൽക്കാലത്ത് അതതു ജാതികളിലെ ഒരു വരേണ്യ വിഭാഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള രാഷ്ട്രീയ സമ്മർദ്ദ ഗ്രൂപ്പുകളായും വോട്ടു ബാങ്കുകളായും മാറുകയാണുണ്ടായത്. നവോത്ഥാന നായകർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ തുടർച്ച കൈവെടിഞ്ഞുവെന്ന് മാത്രമല്ല, അതിന് കടകവിരുദ്ധമായ പ്രവർത്തനങ്ങളിലാണ് ഇന്ന് ജാതി സംഘടനകൾ മുഴുകുന്നത്.

ഭരണാധികാരത്തോട് ഒട്ടിനിന്നുകൊണ്ട് ജാതി പ്രമാണിമാർക്ക് നേട്ടങ്ങളുണ്ടാക്കുകയെന്നതിനപ്പുറം യാതൊരു ആദർശവുമില്ലാത്ത, ജനാധിപത്യസ്വഭാവം തരിമ്പുമില്ലാത്ത ഇക്കൂട്ടരെ തട്ടിക്കൂട്ടിക്കൊണ്ട് എന്തു നവോത്ഥാനമാണ് വീണ്ടെടുക്കുന്നത്?
ദൈവത്തിന് നിരക്കുന്നത് ശരി അല്ലാത്തത് തെറ്റ് എന്ന ആദ്ധ്യാത്മിക മൂല്യവിചാരങ്ങളായിരുന്നു ഫ്യൂഡൽ കാലഘട്ടത്തിന്റെ ആശയപരമായ പിൻബലം. അതിൽനിന്ന് വ്യത്യസ്തമായി എന്തിനെയും യുക്തിയുടെ ഉരകല്ലിൽ പരിശോധിച്ച് ശരിയെന്ന് തെളിയിക്കപ്പെടുന്നതിനെ മാത്രം അംഗീകരിക്കുന്ന ശാസ്ത്രീയ ജീവിത വീക്ഷണമാണ് നവോത്ഥാനം മുന്നോട്ടുവച്ചത്. നമുക്ക് ജാതിയും മതവുമില്ല എന്ന നാരായണ ഗുരുവിന്റെ പ്രസിദ്ധമായ വിളംബരത്തിൽനിന്നും ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന കാഴ്ചപ്പാടിലേയ്ക്കുവരെ കേരളത്തിലെ നവോത്ഥാനം വളർന്നിരുന്നു. മനുഷ്യന് വേണ്ട എന്ന് ഒരിക്കൽ നവോത്ഥാനം പറഞ്ഞ ദൈവസങ്കൽപ്പത്തെ വീണ്ടും ശക്തമായി ഉറപ്പിക്കുന്നതാണ് യുവതിപ്രവേശനമെന്ന പുതിയ ‘നവോത്ഥാനം’. ഇപ്രകാരം പരിശോധിച്ചാൽ നവോത്ഥാനമതിൽ മുന്നോട്ടുവയ്ക്കുന്നത് ശാസ്ത്രീയ ജീവിത വീക്ഷണമല്ല മറിച്ച് അന്ധതയാണെന്നു കാണാം.
രാമക്ഷേത്രം, ഗോഹത്യ തുടങ്ങിയ സംഘപരിവാറിന്റെ രാഷ്ട്രീയ ക്ഷുദ്രപ്രവർത്തനങ്ങളെപ്പോലെതന്നെ ശബരിമലയും വോട്ടിനെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. അവരുടെ ദേശീയ അജണ്ടയ്ക്ക് വിപരീതമായി കേരളത്തിൽ സ്ത്രീപ്രവേശനത്തിന് എതിരായി നിലപാടെടുത്തുകൊണ്ടുപോലും തെരഞ്ഞെടുപ്പ് രാഷ്ട്രീയം പയറ്റുകയാണ് ബിജെപി. ഹീനമായ രാഷ്ട്രീയ കണക്കുകൂട്ടലുകളോടെ സംസ്ഥാന സർക്കാർ സ്വീകരിച്ച വിവേകരഹിതമായ നടപടികളിലൂടെ സംഘപരിവാറിന് അവരുടെ വർഗ്ഗീയ തന്ത്രങ്ങൾ നടപ്പാക്കാൻ അവസരം ലഭിച്ചു. ഈ സംസ്ഥാനം അതിന് നൽകേണ്ടിവരുന്ന വില കനത്തതായിരിക്കുമെന്നതിൽ സംശയമില്ല.

നിയമപരമായ പരിഗണനകൾവച്ച് നോക്കുമ്പോൾ കോടതി വിധി ശരിയാകാം. എന്നാൽ കാലഘട്ടത്തിന്റെ ആവശ്യകതകൾ പരിഗണിച്ചുകൊണ്ടായിരിക്കണം ഒരു രാഷ്ട്രീയ പ്രസ്ഥാനം പ്രത്യേകിച്ചും ഒരു വിപ്ലവപ്രസ്ഥാനം നിലപാട് സ്വീകരിക്കേണ്ടുന്നത്. നവോത്ഥാനമുന്നേറ്റത്തിന്റെ പൂർത്തീകരിക്കപ്പെടാത്ത കടമകൾ നിറവേറ്റുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത. പ്രാപഞ്ചിക പ്രതിഭാസങ്ങളെയും ജീവിതത്തെയും ഏറ്റവും ആധുനികമായ ശാസ്ത്രീയ സമീപനത്തോടെ വീക്ഷിക്കുവാൻ ജനങ്ങളെ പരിശീലിപ്പിക്കുക, ഉയർന്ന ജനാധിപത്യ-മതേതര മൂല്യങ്ങൾ സ്വാഭാവിക ജീവിതശൈലിയായി സ്വീകരിക്കാൻ അവരെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് അടിയന്തരപ്രാധാന്യമുള്ള കർത്തവ്യങ്ങൾ. നവോത്ഥാനമെന്ന പേരിൽ സിപഐ(എം)ഉം കൂട്ടരും നടത്തുന്ന പ്രചാരണം ഈ കർത്തവ്യങ്ങൾ നിറവേറ്റാൻ സഹായക്കില്ലെന്നു മാത്രമല്ല, കൂടുതൽ അന്ധത വളർത്താനേ ഉതകൂ. അറുപിന്തിരിപ്പൻ നിലപാടുകളുള്ള ജാതി – സാമുദായിക സംഘടനകൾക്ക് കുടുതൽ വേരുറപ്പിക്കാനേ ഇടനൽകൂ. നവോത്ഥാന മുന്നേറ്റത്തിന്റെ പൂർത്തീകരിക്കപ്പെടാതെ പോയ എന്ത് കടമയാണ് ശബരിമലയിലേക്കുള്ള സ്ത്രീപ്രവേശനം വഴി നേടുക?
വർഗ്ഗീയതയെ പരാജയപ്പെടുത്തി, ജനൈക്യം ഊട്ടിയുറപ്പിക്കാനുള്ള മാർഗ്ഗവും ജീവിതപ്രശ്‌നങ്ങളെ യാഥാർത്ഥ്യബോധത്തോടെ നോക്കിക്കാണാനുള്ള ജനങ്ങളുടെ പരശീലനവേദിയും ജനാധിപത്യപ്രക്ഷോഭങ്ങൾ മാത്രമാണ്. അതിന് കുറുക്കുവഴികളില്ല. മുതലാളിത്ത ചൂഷണത്തിന്റെ തിരികല്ലിൽ അരയ്ക്കപ്പെടുന്ന ജനങ്ങളെ അവരുടെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങളെ ആധാരമാക്കി ഉയർന്ന നീതിബോധത്തിന്റെയും ജനാധിപത്യമൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ ഒരൊറ്റ ശക്തിയാക്കി തെരുവിലിറക്കണം. അതുമാത്രമാണ് നവോത്ഥാനത്തിന്റെ യഥാർത്ഥ തുടർച്ച. വനിതാ മതിൽ അത്തരമൊരു പ്രക്ഷോഭത്തിന്റെ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നില്ല.

Share this