സുഷമാ സ്വരാജും അഴിമതിക്കാരായ ഇതര ബിജെപി മന്ത്രിമാരും രാജിവയ്ക്കണം – എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)

Spread our news by sharing in social media

ഐപിഎല്‍ കുംഭകോണത്തിലെ പിടികിട്ടാപ്പുള്ളി ലളിത് മോഡിക്ക് അന്താരാഷ്ട്ര യാത്രാരേഖകള്‍ തരപ്പെടുത്താന്‍ അവിഹിതമായി ഇടപെട്ട കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, വിദ്യാഭ്യാസ യോഗ്യതയും സ്വത്തുവിവരവും സംബന്ധിച്ച് വ്യാജപ്രസ്താവന നടത്തിയ കേന്ദ്ര വിദ്യാഭ്യാസവകുപ്പുമന്ത്രി സ്മൃതി ഇറാനി എന്നീ ബിജെപി നേതാക്കള്‍ക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മിക യോഗ്യതയില്ലെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാനസെക്രട്ടറിയുമായ സി.കെ.ലൂക്കോസ് ഒരു പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. സാമ്പത്തികവും മറ്റുമായ വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടി ഈ രാജ്യത്തെ നിയമങ്ങള്‍ നഗ്നമായി ലംഘിച്ചിരിക്കുന്ന ഇവരുടെ ചെയ്തികള്‍ ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. ഉന്നതാധികാര സ്ഥാനങ്ങളിലിരുന്ന് നിയമലംഘനം നടത്തുന്ന ഈ അഴിമതിക്കാരെ പുറത്താക്കുകയും അവര്‍ക്കെതിരെ നിയമപരമായ ശിക്ഷാനടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നതിന് പകരം കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടെടുത്തതിലൂടെ കേന്ദ്ര ബിജെപി ഗവണ്മെന്റിന്റെ തനിനിറം പുറത്തുവന്നിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍, ആരോപണവിധേയരായ മന്ത്രിമാര്‍ രാജിവയ്ക്കണമെന്നും, ഈ കുംഭകോണത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരുന്നതിനായി ഉന്നതാധികാര ജുഡിഷ്യല്‍ കമ്മിറ്റിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ശക്തമായ ജനാധിപത്യബഹുജനപ്രക്ഷോഭം വളര്‍ത്തിയെടുക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളും മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Share this