പ്രക്ഷോഭങ്ങൾക്ക് വഴികാട്ടിയായി തൂത്തുക്കുടിയിലെ വീറുറ്റ ജനകീയ സമരം

Spread our news by sharing in social media

തൂത്തുക്കുടിയിൽ വേദാന്ത ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്റ്റെർലൈറ്റ് ചെമ്പ് ഫാക്ടറിയുടെ മലിനീകരണംകൊണ്ട് പൊറുതി മുട്ടിയപ്പോഴാണ് ആയിരക്കണക്കിന് ആളുകൾ മേയ് 22ന് തൂത്തുക്കുടി കളക്‌ട്രേറ്റിലേയ്ക്ക് മാർച്ച് ചെയ്തത്. മാർച്ച് തികച്ചും സമാധാനപരവും സുസംഘടിതവുമായിരുന്നു. മലിനീകരണ നിയന്ത്രണ നിയമങ്ങളൊക്കെ കാറ്റിൽപറത്തി പ്രവർത്തിച്ചിരുന്ന കമ്പനിക്കെതിരെ തികച്ചും ന്യായമായ ഡിമാന്റാണ് ജനങ്ങൾ ഉയർത്തിയത്. എന്നാൽ അത് ചെവിക്കൊള്ളാൻ വേദാന്ത ഗ്രൂപ്പിന് ഒത്താശ ചെയ്യുന്ന അധികാരികൾ തയ്യാറായിരുന്നില്ല.

ജനകീയ സമരത്തെ നേരിടാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് വകവയ്ക്കാതെയാണ് ആയിരങ്ങൾ മാർച്ചിൽ അണിനിരന്നത്. മാർച്ചിനുമേൽ പ്രതികാരബുദ്ധിയോടെ ചാടിവീണ പോലീസ് 13 മനുഷ്യജീവൻ അപഹരിച്ചു. നൂറുകണക്കിന് ആളുകൾക്ക് ആ പൈശാചികതയിൽ ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ നാല് പേർ സമരത്തിന്റെ മുഖ്യ സംഘാടകരായിരുന്നു. പോലീസ് വാഹനങ്ങളുടെ മുകളിലിരുന്ന് ഈ ഔദ്യോഗിക കൊലയാളികൾ ഉന്നംപിടിച്ച് നിറയൊഴിക്കുന്നത് സമൂഹ മാദ്ധ്യമങ്ങളിലൂടെ ലോകം കണ്ടു. ”പോലീസിനോടും ജില്ലാ ഭരണകൂടത്തോടുമൊപ്പം ഈ വെടിവയ്പ്പിന്റെ ഉത്തരവാദിത്വം തമിഴ്‌നാട് ഗവൺമെന്റിനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡിനും മാനേജ്‌മെന്റിന് ഒത്താശ ചെയ്ത നീതിന്യായ സംവിധാനത്തിനുമുണ്ട്” എന്ന് സ്റ്റേറ്റ്‌സ്മാൻ പത്രം മുഖപ്രസംഗമെഴുതി. രക്തസാക്ഷികളുടെ ത്യാഗങ്ങളും നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളും ഒരിക്കലും പാഴായി പോകില്ല. ശക്തമായ ജനകീയ സമരത്തിന്റെയും വ്യാപകമായ ജനാഭിപ്രായത്തിന്റെയും മുൻപിൽ മുട്ടുമടക്കിയ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സർക്കാർ ഫാകട്‌റി എന്നെന്നേക്കുമായി അടച്ചുപൂട്ടുന്നതിന് ഉത്തരവിടാൻ നിർബന്ധിതമായി.

ജീവിതത്തിന്റെ നാനാമേഖലകളിൽ മുതലാളിത്തം നടത്തുന്ന ആക്രമണങ്ങൾക്ക് അറുതിവരുത്താൻ പ്രക്ഷോഭത്തിന്റെ മാർഗ്ഗമല്ലാതെ മറ്റൊന്നും തൊഴിലാളിവർഗ്ഗത്തിന്റെ മുൻപിലില്ല. ആ പാതയിൽനിന്ന് അദ്ധ്വാനിച്ച് ജീവിക്കുന്നവരെ പിൻതിരിപ്പിക്കാൻ മുതലാളിവർഗ്ഗവും അവരുടെ ദാസ്യത്തിലുള്ള ഗവൺമെന്റുകളും പാർട്ടികളും കൊണ്ടുപിടിച്ച് ശ്രമിക്കുന്ന ഇക്കാലത്ത് തൂത്തുക്കുടിയിലെ വീറുറ്റ സമരം അതീവപ്രാധാന്യം അർഹിക്കുന്നതാണ്. ജാതി-മത ചിന്താഗതികളുടെയും വിഭാഗീയ പ്രവണതകളുടെയും പേരിൽ അദ്ധ്വാനിച്ച് ജീവിക്കുന്നവരെ തമ്മിലടിപ്പിക്കാനും അവരുടെ ഐക്യം തകർക്കാനും മുതലാളിവർഗ്ഗം എല്ലാ അടവുകളും പയറ്റുന്നു. അതോടൊപ്പം യുക്തിചിന്തയും സാമൂഹ്യബോധവും കെടുത്താനും മനുഷ്യത്വംതന്നെ ചോർത്തിക്കളയാനും അതുവഴി അനീതിക്കെതിരെ നട്ടെല്ല് നിവർത്തിനിന്ന് പോരാടാനുള്ള ജനങ്ങളുടെ ശേഷിതന്നെ തകർക്കാനും അവരെ വേറും വോട്ട് ബാങ്കുകളാക്കി മാറ്റാനുമുള്ള ഹീനമായ ഗൂഢാലോചനയും അരങ്ങേറുന്നു. സിപിഐ(എം), സിപിഐ പോലെ ഇടത് എന്ന് അവകാശപ്പെടുന്ന പാർട്ടികൾ പോലും ഇന്ന് സമരപാത വെടിഞ്ഞ് അധികാരത്തിന്റെ ഇടനാഴികളിൽ ഭാഗ്യാന്വേഷികളായി അലയാനും മുതലാളിവർഗ്ഗത്തെ അലോസരപ്പെടുത്തുന്ന എല്ലാ നടപടികളിൽനിന്നും തലയൂരാനും ശ്രമിക്കുകയാണ്.
ഈ വൈതരണികളൊക്കെ തരണംചെയ്തുകൊണ്ടാണ് തൂത്തുക്കുടിയിലെ ജനങ്ങൾ ശക്തമായൊരു പോരാട്ടം വളർത്തിയെടുത്തത്. വ്യവസ്ഥിതിയുടെയാകെ പിന്തുണ പിടിച്ചുപറ്റിയ ഒരു വമ്പൻ കുത്തകയുടെ ധിക്കാരത്തിനും ക്രൂരതകൾക്കുമെതിരെയാണ് അവർ സധീരം പൊരുതിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള വേദാന്ത ഗ്രൂപ്പിന്റെ വ്യവസായ സംരംഭങ്ങളൊക്കെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി, ഗുരുതരമായ മലിനകരണം സൃഷ്ടിച്ച്, ജനജീവിതം താറുമാറാക്കിയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഗ്രാമവാസികളെ കുടിയൊഴുപ്പിച്ച് ഇവർ ഭൂമി പിടിച്ചെടുക്കുന്നു. 93ൽ ഇവരെ തമിഴ്‌നാട്ടിലേയ്ക്ക് ആനയിച്ചത് ജയലളിത സർക്കാരാണ്. അവർ ഫാക്ടറിക്ക് തറക്കല്ലിട്ടു. അവരുടെ എതിരാളിയായ കരുണാനിധി ഭരിക്കുമ്പോഴാണ് ഉദ്ഘാടനം നടന്നത്. നിയമം ലംഘിക്കുമ്പോഴൊക്കെ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഉദ്യോഗസ്ഥ പ്രമാണിമാരും കമ്പനിയുടെ രക്ഷയ്‌ക്കെത്തും. മദ്രാസ് ഹൈക്കോടതിയും സുപ്രീം കോടതിയും ഇവർക്ക് ഒത്താശ ചെയ്തിട്ടുണ്ട്. 2013ൽ പ്ലാന്റിൽനിന്ന് വിഷവാതകം ചോർന്ന് ജനങ്ങൾക്ക് ഗുരുതരമായ അസ്വസ്ഥതകളുണ്ടായപ്പോൾ ഉദ്യാഗസ്ഥർ ആവശ്യമായ തെളിവ് ഹാജരാക്കാതെ കമ്പനിയെ രക്ഷിച്ചു. തൂത്തുക്കുടി ഇന്ന് ക്യാൻസറിന്റെ തമിഴ്‌നാട്ടിലെ ആസ്ഥാനമായിത്തീർന്നിരിക്കുന്നു. കമ്പനിയുടെ വിപുലീകരണം തടഞ്ഞുകൊണ്ട് ഉത്തരവിറക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിച്ച അധികാരികൾ ആ നിരോധനം നീക്കിക്കൊടുക്കാനുള്ള തിരക്കിലായിരുന്നുതാനും. തമിഴ്‌നാട് മാറിമാറി ഭരിക്കുന്ന എഐഎഡിഎംകെ, ഡിഎംകെ പാർട്ടികളുമായി മാത്രമല്ല, ബിജെപി, കോൺഗ്രസ് കക്ഷികളുമായും കമ്പനി നല്ല ചങ്ങാത്തത്തിലാണ്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്നയാൾ കമ്പനിയുടെ നിയമോപദേശക സമിതി അംഗമായിരുന്നു. കമ്പനിക്ക് അനുകൂലമായ സാമ്പത്തിക നടപടികൾ ഇദ്ദേഹത്തിൽനിന്ന് ഉണ്ടായിട്ടുണ്ട്. ഇപ്പോൾ നരേന്ദ്രമോദിയുമായി അടുത്ത ബന്ധത്തിലാണ് ഇവർ. ബിജെപിയുടെ പ്രൈവറ്റ്-പബ്ലിക് പാർട്ണർഷിപ്പ് സംരംഭങ്ങളുടെ രാജ്യത്തും പുറത്തുമുള്ള പ്രചാരകരാണ് വേദാന്ത ഗ്രൂപ്പ്.

ഇന്നത്തെ നിരാശാജനകമായ രാഷ്ട്രീയ സാഹചര്യത്തിൽ തൂത്തുക്കുടി ജനത നടത്തിയ ധീരോദാത്തമായ സമരം പ്രതീക്ഷ ഉണർത്തുന്നതും ആവേശദായകവുമാണ്. മരണത്തെപ്പോലും തൃണവൽഗണിച്ചുകൊണ്ട് പൊരുതാൻ രാജ്യമെമ്പാടുമുള്ള അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങൾക്ക് പ്രചോദനമാകുന്നതാണ് ഈ പ്രക്ഷോഭം. വമ്പിച്ച പൊതുജനാഭിപ്രായം സമരത്തിന് അനുകൂലമായി ഉയർന്നതും അതുകൊണ്ടുതന്നെ. ഫാക്ടറി അടച്ചുപൂട്ടി മുഖംരക്ഷിക്കാൻ അധികാരികൾ നിർബന്ധിതരായിത്തീർന്നു. നമ്മുടെ സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ നടത്തിയ കൂട്ടക്കൊലകളെ അനുസ്മരിപ്പിക്കുന്ന ഭരണകൂട ഭീകരതയാണ് തൂത്തുക്കുടിയിൽ അരങ്ങേറിയത്.
ബൂർഷ്വാ പാർട്ടികളൊന്നും ജനങ്ങളുടെ സമരം വളർത്തിയെടുക്കാൻ മുതിരില്ല. എന്നാൽ തമിഴ്‌നാട്ടിൽ ജനപിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന സിപിഐ(എം), സിപിഐ പാർട്ടികൾ ഈ പ്രക്ഷോഭത്തോടൊപ്പം നിലയുറപ്പിക്കാത്തതിൽ ഇടതുപക്ഷ വിശ്വാസികൾ നിരാശരാണ്. അഖിലേന്ത്യാ തലത്തിലോ പാർലമെന്റിലോ ഈ വിഷയത്തെ അധികരിച്ച് ഒരു പ്രതിഷേധത്തിന് അവർ മുതിർന്നില്ല. അവരുടെ പ്രതിഷേധം ഒരു പത്രപ്രസ്താവനയിൽ ഒതുങ്ങി. മുമ്പ് കൂടംകുളം ആണവനിലയത്തിനെതിരെ സമരം ഉയർന്നുവന്നപ്പോഴും ഇതേ നിലപാട്തന്നെയാണ് അവർ സ്വീകരിച്ചത്.

അവർ സമരപാത ഉപേക്ഷിച്ച് കഴിഞ്ഞിരിക്കുന്നു എന്നതാണ് കാരണം. ഭരണം കൈയാളുന്ന സന്ദർഭത്തിൽ അവർ സമരങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്നു. അധികാരത്തിന് പുറത്തായിരിക്കുമ്പോൾ മുതലാളിവർഗ്ഗത്തിന് ഒട്ടും അലോസരമുണ്ടാക്കാതെ തന്ത്രപൂർവ്വമുള്ള നിലപാടുകൾ സ്വീകരിക്കുന്നു. ഇക്കൂട്ടരുടെ ഈ വിട്ടുവീഴ്ചാ മനോഭാവവും മുതലെടുപ്പുംമൂലം തൂത്തുക്കുടി സമരത്തിൽനിന്ന് ആവേശമുൾക്കൊണ്ട് ഇടത് ജനാധിപത്യ പ്രക്ഷോഭത്തിൽ അലകടൽ സൃഷ്ടിക്കാനുള്ള സുവർണ്ണാവസരം നഷ്ടപ്പെടുകയാണ്.
എന്നാൽ യഥാർത്ഥ വിപ്ലവകാരികൾ ഉയർത്തിപ്പിടിക്കേണ്ട പോരാട്ടത്തിന്റെ പാത ഇതാണ്. വിട്ടുവീഴ്ചയുടെയും വഞ്ചനയുടെയും പാത വെടിഞ്ഞ് മുന്നോട്ടുവരാനുള്ള പ്രചോദനമായി തൂത്തുക്കുടി സമരം മാറിയിരിക്കുന്നു. അത് പ്രതീക്ഷയുടെ ഒരു തിരിനാളം തെളിച്ചിരിക്കുന്നു. അടിയുറച്ച് പൊരുതിയാൽ വിജയം സുനിശ്ചിതമാണെന്ന് ഈ സമരം കാണിച്ചുതരുന്നു. എന്നാൽ ഇത്തരം സമരങ്ങളെ ശരിയായ പാതയിൽ മുന്നോട്ട് കൊണ്ടുപോവാനും ഉയർന്ന തലങ്ങളിലേയ്ക്ക് വളർത്തിയെടുക്കാനും ശരിയായ വിപ്ലവ നേതൃത്വം അനിവാര്യമാണ്. അല്ലാത്തപക്ഷം എത്ര പ്രതീക്ഷാനിർഭരമായ സമരവും പാതിവഴിക്ക് അസ്തമിക്കുകയും നിരാശ പടർത്തുകയും ചെയ്യും. ജനങ്ങൾ സാമൂഹ്യബോധം ആർജ്ജിച്ചാൽ, നിശ്ചയദാർഢ്യത്തോടെ ചൂഷണ വ്യവസ്ഥിതിക്കെതിരെ പൊരുതാൻ ഉറച്ചാൽ സ്ഥാപിത താല്പര്യക്കാർ കിടിലം കൊള്ളുമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. സമരാവേശം പടർന്നാൽ അതിനെ അടിച്ചമർത്താനാവില്ല. നാല് നേതാക്കളെ വെടിവച്ചുകൊന്നാൽ അത് എട്ടായി, പതിനാറായി വളർന്നുവരും. അതുകൊണ്ടാണ് മുതലാളിവർഗ്ഗം ജനങ്ങളെ സമരപാതയിൽ നിന്നും പിന്നോട്ട് വലിക്കുന്നതും യഥാർത്ഥ വിപ്ലവകാരികൾ ചൂഷണ വ്യവസ്ഥയെ തകർത്ത് സമൂഹത്തിന്റെ അടിസ്ഥാനപരമായ പരിവർത്തനം സാദ്ധ്യമാക്കാൻവേണ്ടി നിലകൊള്ളുന്നതും. ശരിയായ പ്രത്യയശാസ്ത്രത്തിന്റെയും ഉന്നതമായ സംസ്‌കാരത്തിന്റെയും അടിത്തറയിൽ ജനകീയ സമരങ്ങൾ വികസിപ്പിച്ചെടുക്കേണ്ടത് ഇതിന് അനിവാര്യമാണ്.
താഴേത്തലങ്ങളിൽനിന്നും സമരം വളർന്നുവരാനും അത് വ്യാപകമായ പ്രക്ഷോഭത്തിന്റെ രൂപമെടുക്കാനും ഉയർന്ന സാസ്‌കാരികാവസ്ഥ സൃഷ്ടിച്ചുകൊണ്ട് അധ്വാനിച്ച് ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനും സമരോപകരണങ്ങൾ എന്ന നിലയിൽ താഴേത്തലംമുതൽ ജനകീയ കമ്മറ്റികൾക്കും വോളന്റിയർ സംഘങ്ങൾക്കും രൂപംകൊടുക്കേണ്ടതുണ്ടെന്ന് ഈ യുഗത്തിലെ സമുന്നത മാർക്‌സിസ്റ്റ് ചിന്തകളിലൊരാളായ സഖാവ് ശിബ്ദാസ്‌ഘോഷിന്റെ പാഠങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നമ്മുടെ പാർട്ടി നിരന്തരം ഓർമ്മിപ്പിക്കുന്നു. ശക്തരായ ശത്രുക്കൾക്കെതിരെ അടിയുറച്ച് പൊരുതാൻ ഈ ജനകീയ കമ്മറ്റികൾ ജനങ്ങൾക്ക് അടിത്തറയും കരുത്തും പ്രദാനംചെയ്യും.
തുടക്കത്തിൽ ജനങ്ങൾക്ക് വലിയ രാഷ്ട്രീയ ധരണയൊന്നുമുണ്ടാകില്ല. പോരാട്ടവീര്യം ഉണ്ടാകും. ക്രമേണ അവർ വ്യക്തമായ കാഴ്ചപ്പാടും നിലപാടും ആർജ്ജിക്കും. സമരം മുന്നേറുമ്പോൾ സന്ധിമനോഭാവക്കാരെ ഒഴിവാക്കി ശരിയായ വിപ്ലവനേതൃത്വത്തെ സമരത്തിൽ സ്ഥാപിച്ചെടുക്കാൻ അവർക്ക് കഴിയും. ശരിയായ പാതയിൽ, ശരിയായ വിപ്ലവ നേതൃത്വത്തിൻകീഴിൽ വളർന്നുവരുന്ന ഇത്തരം ബഹുജന സമരങ്ങൾ ക്രമേണ വർഗ്ഗ സമരത്തിനും അതിന്റെ യുക്തിപരമായ പരിണതി എന്ന നിലയിൽ സാമൂഹ്യമാറ്റത്തിനും വഴിയൊരുക്കും.

തൂത്തൂക്കുടി സമരത്തിന്റെ വമ്പിച്ച പ്രാധാന്യം കൂടികൊള്ളുന്നത് ഇവിടെയാണ്. ഒരിക്കൽകൂടി ഞങ്ങൾ പറയുന്നു, തൂത്തുക്കുടി സമരത്തിൽനിന്ന് ആവേശം ഉൾക്കൊണ്ട് ചൂഷിത ജനവിഭാഗങ്ങളെയാകെ അണിനിരത്തുന്ന യോജിച്ച, വിശാലമായ, സുസംഘടിതമായ പ്രക്ഷോഭം മുതലാളിത്ത വ്യവസ്ഥയ്ക്കും അതിന്റെ സേവകർക്കുമെതിരെ വളർത്തിയെടുക്കുക. പാർലമെന്ററി വ്യാമോഹം കൈവെടിഞ്ഞ്, ആലസ്യം കുടഞ്ഞെറിഞ്ഞ്, എല്ലാ വൈതരണികളെയും അതിജീവിച്ച്, പോരാട്ട വീര്യത്തോടെ മുതലാളിത്ത ചൂഷണ വാഴ്ചയ്ക്കും അതിന്റെ പിണിയാളുകൾക്കുമെതിരെ അണിനിരക്കുക എന്ന ആഹ്വാനമാണ് തൂത്തുക്കുടി സമരത്തിന്റെ വിജയം ഉയർത്തുന്നതെന്ന് തിരിച്ചറിയണമെന്ന് ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. പോരാട്ടത്തിലൂടെ മാത്രമേ അവകാശങ്ങൾ പിടിച്ചുപറ്റാൻ കഴിയു എന്ന് എപ്പോഴുമോർക്കുക.

Share this