വ്യാപാര യുദ്ധം സാമ്രാജ്യത്വ മുതലാളിത്തത്തിനുള്ളിലെ തീവ്രപ്രതിസന്ധിയുടെയും വൈരുദ്ധത്തിൻെറെയും പ്രതിഫലനം

ഏതാനും ദശകങ്ങൾക്കുമുമ്പ് മാത്രമാണ്, താരിഫ് മതിലുകളില്ലാതെ ലോകകമ്പോളത്തിൽ ഉടനീളം സ്വതന്ത്രവ്യാപാരത്തിനായി, യുഎസ് നേതൃത്വത്തിലുള്ള സാമ്രാജ്യത്വ-മുതലാളിത്തം ആവേശത്തോടെ പെരുമ്പറ മുഴക്കിയത്. അതിലൂടെ, ആഗോളവൽക്കരണത്തെ ഉപയോഗപ്പെടുത്തി പുതിയ കമ്പോളങ്ങൾ ഉദാരമായി തുറന്നുകൊണ്ട്, പുരോഗതിയിലും മൈത്രിയിലും പുലരുന്ന ഒരു ലോകം സൃഷ്ടിക്കുമെന്നാണ് അവർ പറഞ്ഞിരുന്നത്. ലോകം ചുങ്കരഹിതമായിരുന്നോ, ആഗോളവൽക്കരണം സാധാരണക്കാരന് പുരോഗതി കൊണ്ടുവന്നോ, എന്നീ ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ട്. പക്ഷേ തീർച്ചയായും പെരുമ്പറകൾ നിശ്ശബ്ദമായിരിക്കുന്നു. വികസിത മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങൾക്കുപോലും ആഗോളവൽക്കരണമെന്നത,് തൊഴിലില്ലായ്മ, അസമത്വം തുടങ്ങിയവയുടെ പര്യായമായ, പേടിപ്പിക്കുന്ന ഒരു പദമായി മാറിക്കഴിഞ്ഞു.

മറ്റു പലരെയുംപോലെ, ഫ്രെഞ്ച് തൊഴിലാളികളും അടുത്തിടെ സ്വകാര്യവൽക്കരണത്തെ നരകത്തോട് ഉപമിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിൽ, കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇതേ സാമ്രാജ്യത്വരാജ്യങ്ങൾ നേരേ പുറംതിരിയുകയും, വെകിളി പിടിച്ച് പരസ്പരം ചുങ്കവും എതിർചുങ്കവും അടിച്ചേൽപ്പിക്കുകയുമാണ്. മുഖ്യസാമ്രാജ്യത്വശക്തിയായ അമേരിക്ക തങ്ങളുടെതന്നെ പ്രവൃത്തിയെ വിശേഷിപ്പിച്ചതു പോലെ, അവർ സാമ്പത്തികദേശീയവാദത്തിനായി മുറവിളി കൂട്ടുന്നു. ഒപ്പം, മറ്റുള്ളവരെ ഞെരിച്ച് സമ്മർദ്ദത്തിലാക്കുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

ചുങ്കയുദ്ധങ്ങൾ തുടങ്ങുന്നു

എന്താണ് കൃത്യമായും വാണിജ്യയുദ്ധം, അല്ലെങ്കിൽ ചുങ്കയുദ്ധം? ഏതെങ്കിലും രാജ്യം, വിദേശത്തു നിന്നുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും കുത്തൊഴുക്കിൽ നിന്നും തങ്ങളുടെ ആഭ്യന്തരവ്യവസായത്തെ സംരക്ഷിക്കുവാനായി, ഇറക്കുമതിക്കുമേൽ ചുങ്കം അഥവാ താരിഫുകൾ എന്നു വിളിക്കുന്ന നികുതി ഏർപ്പെടുത്തുന്നു. അപ്പോൾ, സമാനമായ വാണിജ്യസംരക്ഷണവാദമുയർത്തി വിദേശരാജ്യങ്ങളും തിരിച്ചടിക്കുമ്പോൾ വാണിജ്യയുദ്ധം അഥവാ ചുങ്കയുദ്ധം രൂപം കൊള്ളുന്നു. ഇതിന് തീവ്രതയേറുമ്പോൾ അവസാനമത് അന്താരാഷ്ട്ര വ്യാപാരത്തെതന്നെ കുറയ്ക്കുന്നു. ഈ സ്വയംസംഹാര പ്രവൃത്തിയുടെ ഏറ്റവും പുതിയ പതിപ്പായി, യുഎസ് തങ്ങളുടെ സഖ്യശക്തികളായ യൂറോപ്യൻ യൂണിയൻ, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിൽനിന്നും ഇറക്കുമതി ചെയ്യുന്ന ഉരുക്കിന് 25 ശതമാനവും അലൂമിനിയത്തിന് 10 ശതമാനവും നികുതി 2018 മേയ് 31 അർധരാത്രി മുതൽ ഏർപ്പെടുത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ”ആദ്യം അമേരിക്ക” (അാലൃശരമ എശൃേെ) എന്ന മുദ്രാവാക്യത്തിന് അനുബന്ധമാണ് ഈ നടപടികൾ. ഇതിനു മുന്നേ ഈ വർഷമാദ്യം, ചൈനയിലും ദക്ഷിണകൊറിയയിലുംനിന്നുള്ള അലക്കുയന്ത്രങ്ങൾ, സൗരോർജ്ജപാനലുകൾ തുടങ്ങിയവയുടെ ഇറക്കുമതിക്കും ട്രംപ് ചുങ്കം അടിച്ചേൽപ്പിച്ചിരുന്നു. ഇപ്പോൾ, യൂറോപ്യൻ യൂണിയനിലും കാനഡയിലും മെക്‌സിക്കോയിലുംനിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25% നികുതി ഏർപ്പെടുത്തുന്നതിനെപറ്റിയും അമേരിക്ക പറയുന്നു. മറ്റ് രാജ്യങ്ങൾ അമേരിക്കൻ ഉത്പ്പന്നങ്ങൾ സ്വീകരിക്കുന്നതിലും ഏറെയാണ് അവരിൽനിന്നും അമേരിക്ക ഇറക്കുമതി ചെയ്യുന്നതത്രേ. ഇതുമൂലം വളരെ വലുതായ വ്യാപാരകമ്മിയാണ് അമേരിക്ക സഹിക്കേണ്ടി വരുന്നത്. അനന്തരം അത് അമേരിക്കൻ ജനതക്കും വളരെയധികം ബുദ്ധിമുട്ടുകൾ വർഷങ്ങളായി നൽകുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ്, അമേരിക്ക തങ്ങളുടെ നടപടികളെ ന്യായീകരിക്കുന്നത്. പക്ഷേ, ഈ പറയുന്ന കമ്മി ഉണ്ടായിട്ടും, അമേരിക്കൻ കുത്തകകൾക്ക് ഭീമമായ നികുതിയിളവുകൾ നൽകുന്നതിൽ ട്രംപ് വീഴ്ച വരുത്തിയിട്ടില്ല. മറ്റ് ചില വാദങ്ങളും ഉന്നയിക്കപ്പെടുന്നു. ഉത്തര അമേരിക്കൻ സ്വതന്ത്രവ്യാപാര ഉടമ്പടിയിൽ(ചഅഎഠഅ) സൗജന്യങ്ങൾ നൽകാൻ നിർബന്ധിതമാക്കുന്നതിന് മെക്‌സിക്കോയ്ക്കുമേൽ സമ്മർദ്ദം ചെലുത്താനാണ,് മെക്‌സിക്കൻ കാറുകൾക്കുള്ള ചുങ്കം ലക്ഷ്യം വെക്കുന്നതത്രേ. അമേരിക്കൻ പ്രസിഡന്റ് പദത്തിലേറാൻ ട്രംപ് ഉപയോഗിച്ച മറ്റൊരു പ്രിയമുദ്രാവാക്യമായിരുന്നു, ‘അനധികൃത കുടിയേറ്റക്കാർ മൂലമാണ് അമേരിക്കക്കാർക്ക് ജോലികൾ നഷ്ടപ്പെടുന്നത്’, എന്നുള്ളതും ഇവിടെ ഓർമിക്കേണ്ടതാണ്. അതിൽ മെക്‌സിക്കോയെ ഉന്നം വെച്ചിരുന്നു. മാത്രവുമല്ല, ഏറെനാളായി പറഞ്ഞുകൊണ്ടിരുന്നതുപോലെ, 60 ശതകോടി ഡോളറിന്റെ മൂല്യമുള്ള ചൈനീസ് ഉൽപ്പന്നങ്ങൾക്കെതിരേ ശിക്ഷാനടപടികൾ ആരംഭിക്കുന്നതിനും ട്രംപ് നീക്കം നടത്തുകയുണ്ടായി. ജൂലൈ 6ന്, 34 ശതകോടി ഡോളറിന്റെ ചൈനീസ് യന്ത്രസാമഗ്രികളടക്കമുള്ള ഉത്പ്പന്നങ്ങൾക്ക് ട്രംപ് നികുതി ഏർപ്പെടുത്തുകയും, അനവധി ശതകോടി ഡോളർ മൂല്യമുള്ള ചൈനീസ് ഉത്പ്പന്നങ്ങൾക്കുമേൽ കൂടുതൽ കടുത്ത നടപടികൾ കൈക്കൊള്ളുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉടനടി തിരിച്ചടിക്കുമെന്ന് ചൈനയും മുന്നറിയിപ്പു നൽകി. മൂന്നു ദശകം നീണ്ട തങ്ങളുടെ സോഷ്യലിസ്റ്റ് പശ്ചാത്തലം കാരണം ഉത്പാദനച്ചെലവ് കുറവാണെന്നതിനാൽ, സമാന ഗുണനിലവാരവർഗത്തിൽ ചൈനീസ് ഉത്പന്നങ്ങൾക്ക് വില കുറവായിരിക്കും എന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ അമേരിക്കൻ കമ്പോളത്തിൽ ഇറക്കുമതി ചെയ്ത ചൈനീസ് ഉത്പന്നങ്ങൾ വന്ന് നിറയുന്നു. തദ്ഫലമായി, ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാരക്കമ്മി ഏകദേശം 375 ശതകോടി ഡോളറായി ഉയർന്നിരിക്കുകയാണ്. ഇത്, അവരുടെ മൊത്തം വ്യാപാരക്കമ്മിയുടെ 66% വരും. കൂടാതെ, മൽസരത്തിൽ മേധാവിത്വം പിടിച്ചെടുക്കുക എന്ന നീതിയുക്തമല്ലാത്ത ലക്ഷ്യത്തോടെ, സർക്കാർ നിർദേശത്തിൽ ഭീമമായ സബ്‌സിഡികൾ നൽകിക്കൊണ്ടുള്ള വ്യവസായനയത്തിന്റെ സവിശേഷസ്വഭാവം പുലർത്തുന്നു എന്നതാണ് ചൈനയിൽ ആരോപിക്കപ്പെടുന്ന ഒരു കുറ്റം. ഇന്റർനെറ്റ് ചാരവൃത്തി നടത്തി, മറ്റ് രാജ്യങ്ങളിൽനിന്നും, വിശേഷിച്ചും യുഎസ്എയിൽനിന്ന്, ബൗദ്ധികസ്വത്ത് മോഷ്ടിക്കുന്നതടക്കം ചെയ്യുന്നു എന്നതാണ് ചൈനക്കെതിരേ അമേരിക്ക മുന്നോട്ടുവെക്കുന്ന കുറ്റപത്രത്തിലെ മൂന്നാമത്തെ ആരോപണം. മതിയായ സാമ്പത്തിക കരുത്തും ആധിപത്യാഭിലാഷങ്ങളും കൈവന്ന ഒരു സമ്പൂർണ്ണ മുതലാളിത്ത രാജ്യമാണ് ഇപ്പോൾ ചൈനയെന്നത് നമ്മൾ വിട്ടുപോകരുത്. ആഗോളമുതലാളിത്ത കമ്പോളത്തിലെ കടുപ്പമേറിയ എതിരാളിയാണ് ഇന്നവർ. മറ്റേതൊരു സാമ്രാജ്യത്വ-മുതലാളിത്ത രാജ്യത്തെയും പോലെതന്നെ അവരും പല നിയമങ്ങളും ധാരണകളും തെറ്റിച്ച് കാര്യങ്ങൾ നേടാം. സാമ്രാജ്യത്വത്തിന്റെ എല്ലാ ദുഷ്‌ചെയ്തികളും അനുഷ്ഠിക്കാം. അല്ലെങ്കിൽത്തന്നെ ഏതൊരു സാമ്രാജ്യത്വ-മുതലാളിത്ത രാജ്യമാണ് അങ്ങനെയൊക്കെ ചെയ്യാത്തത്? കേംബ്രിഡ്ജ് അനലിറ്റിക്കയും ഫേസ്ബുക്കും പോലെയുള്ള കമ്പനികൾ ലോകമൊട്ടാകെനിന്നും വിവരം ചോർത്തുന്ന വാർത്ത കേട്ട് നമ്മൾ ഞെട്ടിയിട്ട് മൂന്നു മാസങ്ങൾ പിന്നിടുന്നതേയുള്ളൂ. യുഎസ് കോർപ്പറേറ്റ് ഭീമൻ ഫേസ്ബുക്കിന്റെ മേധാവി സുക്കർബർഗ് ഇതിന്റെ പേരിൽ പരസ്യമായി മാപ്പു ചോദിക്കേണ്ടി വന്നു. ഇപ്പോൾ അതേ യുഎസ് ആണ്, മോഷണത്തിന്റെ പേരിൽ മറ്റുള്ളവരെ കുറ്റപ്പെടുത്താനായി ഒച്ചയെടുക്കുന്നത്. കൊള്ളാം!

ഇതിനോട് ചേർന്നുതന്നെയാണ്, ലോകത്തെ ഏറ്റവും വികസിതമായ ഏഴു സാമ്രാജ്യത്വരാജങ്ങളുടെ കൂട്ടായ്മയായ ജി-7, 44-ാം സമ്മേളനത്തിനായി കൂടിയത്. കാനഡയിലെ ക്യൂബക്കിൽ 2018 ജൂൺ 8, 9 തീയതികളിൽ കൂടിയ സമ്മേളനത്തിൽ, യുഎസ്എ, യുകെ, ജർമനി, ഫ്രാൻസ്, കാനഡ, ജപ്പാൻ, ഇറ്റലി എന്നീ അംഗരാജ്യങ്ങൾ പങ്കെടുത്തു. ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യത്വശക്തികൾക്കിടയിലെ പരസ്പരവൈരുദ്ധ്യങ്ങളും, മുതലാളിത്തപ്രതിസന്ധി മറികടക്കാനുള്ള തന്ത്രങ്ങളിൽ മുൻനിരമുതലാളിത്ത രാജ്യങ്ങൾക്കിടയിലുള്ള തീക്ഷ്ണമായ അനൈക്യവും, തുറന്നു കാട്ടാൻ അധികം സമയം വേണ്ടിവന്നില്ല. തങ്ങൾ പ്രഖ്യാപിച്ച ചുങ്കനടപടികളിൽ ഉറച്ചുനിൽക്കുന്നുവെന്നും, മറ്റു രാജ്യങ്ങൾ അമേരിക്കൻ ഉത്പ്പന്നങ്ങൾക്കുമേൽ ചുമത്തിയിട്ടുള്ള നികുതികൾ വെട്ടിക്കുറക്കുകയോ നിർത്തലാക്കുകയോ ചെയ്തില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടിവരും എന്നുമൊക്കെ പോർവിളി മുഴക്കിക്കൊണ്ടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വന്നത്. ”അവർ വെല്ലുവിളിച്ചാൽ അത് ഒരു ബുദ്ധിമോശം കാണിക്കുകയായിരിക്കും” എന്നാണ് അദ്ദേഹം ഭീഷണി ഉയർത്തിയത്. ”എല്ലാവരും കൊള്ളയടിക്കുന്ന പണപ്പെട്ടി പോലെയാണ് ഞങ്ങൾ. അത് അവസാനിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ്എയുടെ തന്നെ സൃഷ്ടിയായ നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷനെ(നാറ്റോ) ഗർവോടെ പുച്ഛിച്ചു തള്ളിക്കൊണ്ട്, അത് ഉത്തര അമേരിക്കൻ സ്വതന്ത്രവ്യാപാര കരാർ പോലെ ചീത്തയാണെന്നാണ് ട്രംപ് പറഞ്ഞത്. നാറ്റോയുടെ ഏകദേശം മുഴുവൻ ചെലവും യുഎസ് വഹിക്കുന്നത്, കച്ചവടത്തിൽ തങ്ങളെ വലിച്ചു കീറുന്ന രാജ്യങ്ങളെ സംരക്ഷിക്കുന്നതിൽ സഹായിക്കാനാണെന്ന് പറഞ്ഞാണ് ട്രംപ് വിഷം ചീറ്റിയത്. സൈനികച്ചെലവിനെ കച്ചവട ഉടമ്പടികളുമായി ബന്ധിപ്പിക്കുവാനും, അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും തൊഴിലാളികളുടെ ജോലികൾ സംരക്ഷിക്കാനും നികുതികൾ അത്യാവശ്യമാണെന്ന് വാദിക്കാനും തീരുമാനിച്ചുറച്ചാണ് ട്രംപ് ജി-7 ഉച്ചകോടിക്ക് എത്തിയതെന്നാണ് വ്യക്തമാകുന്നത്.

ജി-ഏഴിലെ അമേരിക്കയുടെ ഉറച്ച അനുയായികളിൽനിന്നുപോലും അവർ ഒറ്റപ്പെട്ടു എന്നത് പ്രതികരണങ്ങളിൽനിന്നും വ്യക്തമാവുകയാണ്. ആര് ആരെ വലിച്ചുകീറി എന്ന ചോദ്യത്തിനുമുന്നിലേക്കാണ് ജർമനിയുടെ ചാൻസലർ ഏഞ്ചലാ മെർക്കൽ, ട്രംപിനെ വലിച്ചിട്ടത്. തങ്ങളെ വീണ്ടും വീണ്ടും കൊള്ളയടിക്കുന്നത് ഇനി അനുവദിക്കാനാകില്ലെന്നും, അങ്ങനെ വന്നാൽ തങ്ങളും തിരിച്ചടിക്കുമെന്നും അവർ പറഞ്ഞു. കോപപ്രകടനങ്ങളോ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവങ്ങളോ കൊണ്ടല്ല അന്താരാഷ്ട്ര സഹകരണം നിർണ്ണയിക്കേണ്ടതെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ കടുത്ത പ്രതികരണം. ‘വളരെ സത്യസന്ധമായ ചില ചർച്ചകൾ’ നടന്ന ബുദ്ധിമുട്ടേറിയ ഒരു ഉച്ചകോടിക്ക്, വൈദഗ്ദ്ധ്യത്തോടെ ആധ്യക്ഷം വഹിച്ച കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്ക് പ്രത്യേക അഭിനന്ദനം അറിയിച്ച യുകെ പ്രധാനമന്ത്രി തെരേസ മേയ്, സംയുക്തപ്രസ്താവനയിൽ തങ്ങൾ നൽകിയിട്ടുള്ള ഉറപ്പുകൾ പാലിക്കുമെന്ന് വാഗ്ദാനം ചെയ്തു. ട്രംപിന്റെ നടപടിയെത്തുടർന്ന് സംജാതമായ വ്യാപാര സ്ഥിതിവിശേഷം വീണ്ടും സമതുലിതമാക്കാൻ പ്രതിക്രിയാനയങ്ങൾ വേണ്ടിവരുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ജീൻ ക്ലോഡ് ജങ്കർ സൂചിപ്പിച്ചു. ആതിഥേയനായിരുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആകട്ടെ, ഉച്ചകോടിക്കുശേഷം നടത്തിയ പത്രസമ്മേളനത്തിൽ, ഉരുക്കിനും അലൂമിനിയത്തിനുംമേൽ യുഎസ് ചുമത്തിയ ചുങ്കത്തോടുള്ള തന്റെ എതിർപ്പ് വീണ്ടും ആവർത്തിച്ചു. ജൂലൈ 1 മുതൽ തിരിച്ചടിച്ചുകൊണ്ടുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം ഉറപ്പു പറഞ്ഞു. പരസ്യമായ തിരസ്‌കാരം നേരിട്ട ട്രംപ്, യുഎസ് പ്രതിനിധിയോട് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെക്കരുത് എന്ന് നിർദേശിച്ചതായാണ് വിവരം. ജി-7 അങ്ങനെ ജി-6+1 ആയി മാറി.

അത് കേവലം വാക്കുകൾ കൊണ്ടുള്ള യുദ്ധം ആയിരുന്നില്ല. യുഎസ് അതിനോടകം തന്നെ നടപടികളെടുത്തുതുടങ്ങിയിരുന്നു. ജി-6+1 ഉച്ചകോടി മറ്റുള്ളവരുടെ ഭാഗത്തു നിന്നുള്ള നടപടികൾക്കും തിരികൊളുത്തി. 13 ശതകോടി ഡോളറിന്റെ യുഎസ് ഉത്പ്പന്നങ്ങൾക്ക് കാനഡ നികുതി ചുമത്തി. കാർ ഇറക്കുമതി ചുങ്കത്തിന്മേൽ 300 ശതകോടി ഡോളറിന്റെ തിരിച്ചടിയാണ് യുഎസിന് യൂറോപ്യൻ യൂണിയൻ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ വർഷം നടത്തിയ 19 ശതകോടി ഡോളറിന്റെ അമേരിക്കൻ കാർഷികോത്പ്പന്ന ഇറക്കുമതി വെട്ടിച്ചുരുക്കുമെന്ന് മെക്‌സിക്കോ ഭീഷണി മുഴക്കിയത്, അമേരിക്കൻ കർഷകർക്ക് ഉത്കണ്ഠയും നിരാശയുമാണ് സമ്മാനിച്ചത്. 128 ഉത്പ്പന്നങ്ങളുടെ 3 ശതകോടി ഡോളറിന്റെ യുഎസ് ഇറക്കുമതിക്കുമേൽ തിരിച്ചടിച്ചുങ്കം ഏർപ്പെടുത്താനുള്ള പദ്ധതി മാർച്ച് 23 ന് ചൈനയും പ്രഖ്യാപിച്ചു.
യുഎസ് സാമ്രാജ്യത്വത്തിന്റെ ശ്വാസം മുട്ടിക്കലും മറ്റു രാജ്യങ്ങളുടെ തിരിച്ചടിയും കുറയുന്നതിനു പകരം തുടരുകയാണ് ഉണ്ടായത്. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുക അല്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തും എന്ന ഭീഷണി, ഇന്ത്യയും ചൈനയുമടക്കമുള്ള എല്ലാ രാജ്യങ്ങളോടും, ഇറാനോട് ഇപ്പോൾ ശത്രുത പുലർത്തുന്ന യുഎസ് ജൂൺ 25ന് നടത്തി. എണ്ണയുത്പാദക രാജ്യങ്ങളോട് (ഒപെക്) ട്രംപ് പുലർത്തുന്ന സമീപനം, ഒപെക് രാജ്യങ്ങളോടും റഷ്യയുമായും ഒരു എണ്ണയുദ്ധത്തിലേക്കു തന്നെ നയിച്ചേക്കാമെന്ന ഭീതി, ‘ബിസിനസ് ആൻഡ് ഫിനാൻസ്’ മാസിക (2018 ജൂലൈ 4) ഉയർത്തിയിരുന്നു. ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾക്ക് സുഗമമായി ഒരുമിച്ച് പ്രവർത്തിക്കുവാൻവേണ്ടി റഷ്യൻ യുദ്ധോപകരണങ്ങളിലുള്ള ആശ്രിതത്വം കുറയ്ക്കണമെന്നും, റഷ്യയിൽ നിന്നും മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നത് നിർത്തണമെന്നും ഇന്ത്യയോടും യുഎസ് ആവശ്യപ്പെടുകയുണ്ടായി. അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന 29 ഉത്പ്പന്നങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി വർദ്ധിപ്പിച്ചുകൊണ്ട്, ചുങ്കം വർദ്ധിപ്പിച്ച യുഎസിനെതിരേ ഇന്ത്യയും തിരിച്ചടിച്ചു. ദാവോസിൽ നടന്ന ലോകസാമ്പത്തിക ഫോറത്തിന്റെ വാർഷികസമ്മേളനത്തിൽ, അമേരിക്ക നടപ്പാക്കുന്ന സംരക്ഷണവാദത്തെ, ചൈനയോടൊപ്പംചേർന്ന് ഇന്ത്യ വിമർശിക്കുകയും ആഗോളവൽക്കരണത്തിനായി വാദിക്കുകയും ചെയ്തു. യുഎസാകട്ടെ, ചൈനയെപ്പോലെ ഇന്ത്യയും തങ്ങളുടെ കയറ്റുമതിവ്യവസായങ്ങൾക്ക് അന്യായമായ സബ്‌സിഡികൾ നൽകുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

ഇതിനു സമാന്തരമായി, വളർന്നു വരുന്ന സാങ്കേതികവിദ്യാവ്യവസായത്തിന്റെ മേഖലയിൽ, സാങ്കേതികമായി പരസ്പരബന്ധിതമായ ലോകം എന്ന സങ്കൽപ്പം തന്നെ തകർച്ചയിലേക്കു ചായുകയാണ്. പകരം സാങ്കേതികവിദ്യാസംരക്ഷണവാദവും വേരുറപ്പിക്കുന്നു. ഇവിടെ മേൽക്കോയ്മക്കായി വിവിധ സാമ്രാജ്യത്വ-മുതലാളിത്തരാജ്യങ്ങൾ തമ്മിൽ മത്സരിക്കുന്നു. ചിലരീ കമ്പോളത്തെ നിയന്ത്രിക്കുവാൻ തങ്ങളുടേതായ വഴികൾ സൃഷ്ടിക്കുന്നു. ചൈനയാണ് ഈ മേഖലയിൽ ഇരതേടിയിറങ്ങിയിരിക്കുന്ന ഒരു കൂട്ടർ. ഗൂഗിളും ഫേസ്ബുക്കും പോലെയുള്ള വിദേശകമ്പനികളെ ചൈനീസ് സർക്കാർ നിരോധിച്ചിരിക്കുന്നു. ഇതുവഴി, ചൈനീസ് പ്രതിയോഗികളുമായി ലയിക്കാൻ മറ്റ് കമ്പനികൾക്കുമേൽ അവർ സമ്മർദം ചെലുത്തുന്നു. അങ്ങനെ, സ്വന്തം ബ്രാൻഡുകളും നിയമങ്ങളും സംസ്‌ക്കാരവുമായി, കർശനനിരീക്ഷണത്തിനുകീഴിലുള്ള ഒരു ബദൽ ഇന്റർനെറ്റ് സംവിധാനം രൂപപ്പെടുത്തി, അതിലൂടെ ഇന്റർനെറ്റിൽ മാത്രമല്ല, ലോകസാങ്കേതികവിദ്യാവ്യവസായത്തിൽതന്നെ അധീശത്വം നേടാനാണവർ ശ്രമിക്കുന്നത്. ഫേസ്ബുക്ക് പോലെയുള്ള യുഎസ് കോർപറേറ്റ് ഭീമന്മാരെയും ചൈനീസ് ഉദ്യമങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള പുതിയ വിവരസംരക്ഷണനിയമങ്ങൾ യൂറോപ്യൻ യൂണിയനും നടപ്പാക്കിയിരിക്കുന്നു. യൂറോപ്യൻ സ്ഥാപനങ്ങൾക്ക് കാലുറപ്പിക്കാനായി ഒരു പുതിയ ഡിജിറ്റൽ കമ്പോളത്തെക്കുറിച്ചും അവർ ആലോചിക്കുന്നു. ചില അറബ് രാജ്യങ്ങളും വാട്‌സാപ്പ് പോലെയുള്ള വിദേശസേവനങ്ങളെ നിരോധിച്ചിട്ടുണ്ട്. വിദേശസേവനങ്ങളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഉള്ള വഴികളാണ് റഷ്യയും ബ്രസീലും മറ്റ് പല രാജ്യങ്ങളും തേടുന്നതും. സാങ്കേതികവിദ്യയുടെ ‘ആഗോളവല’ അങ്ങനെ അപകടത്തിലായിരിക്കുന്നു.

രാജ്യങ്ങൾക്കതീതമായി, അച്ചടിമാധ്യമങ്ങളിലെ വലിയൊരു വിഭാഗം താരിഫ് യുദ്ധത്തിനെതിരെയുള്ള പോരാട്ടത്തിലാണ്. ദ് ന്യൂയോർക്ക് ടൈംസ് ജൂൺ 17ന് പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞൻ പോൾ ക്രൂഗ്മാന്റെ ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാന വാണിജ്യയുദ്ധം 1930-ൽ സ്മൂട്ട്-ഹോളി ചുങ്കനിയമം തിരികൊളുത്തിയതാണെന്നാണ് ഇതിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇതിലൂടെ അന്താരാഷ്ട്രവ്യാപാരം 60% കുറയുകയും, മഹാസാമ്പത്തികമാന്ദ്യത്തിന്റെ ദുരിതം കൂടുതൽ വഷളാക്കുകയും ദീർഘിപ്പിക്കുകയും ചെയ്തു എന്നത് തർക്കമില്ലാത്ത കാര്യമാണ്. നാസികളുടെ ഉദയത്തിനും അത് സംഭാവന ചെയ്തു. അദ്ദേഹത്തിന്റെ വിലയിരുത്തൽ പ്രകാരം, ഈ പുതിയ യുഎസ് ചുങ്കങ്ങളും അതിനോടുള്ള പ്രതികരണങ്ങളും, അന്താരാഷ്ട്ര വ്യാപാരത്തിന്റെ 70 ശതമാനവും കുറയ്ക്കാം. റിപ്പബ്ലിക്കൻ സെനറ്റർ ബെഞ്ചമിൻ എറിക് സസ്സേ ഒരു വെബ്‌സൈറ്റിൽ(ലേൃൃശയഹലമേൃശളള.െരീാ) അഭിപ്രായപ്പെട്ടത് ഒരു വാണിജ്യയുദ്ധവും വിജയിച്ചിട്ടില്ലെന്നാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ 107 ജനപ്രതിനിധികൾചേർന്ന് ഒപ്പിട്ട കത്തിൽ പ്രതിജ്ഞ ചെയ്യുന്നത്, പ്രസിഡന്റ് ട്രംപിന്റെ വാണിജ്യയുദ്ധവും ഭയാനകമായ നികുതികളും വേണ്ട എന്നും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുമെന്നുമാണ്. യുകെയിൽ നിന്നുള്ള ‘ദ ഗാർഡിയൻ’ 2018 ഏപ്രിലിൽ റിപ്പോർട്ട് ചെയ്തത്, കമ്പോളങ്ങൾ മുൻകരുതലെടുക്കുകയാണ് എന്നാണ്. ചുങ്കങ്ങൾ മൂലം കുറഞ്ഞ നിക്ഷേപം, കുറവ് തൊഴിൽ, കുറഞ്ഞ കൂലി എന്ന് ജനറൽ മോട്ടോർസ് രേഖപ്പെടുത്തിയ ഭീതി ഉദ്ധരിച്ചുകൊണ്ട് (ജൂലൈ 3), ‘ദി എക്കണോമിസ്റ്റ്’ വാരികയും അമേരിക്കൻ കമ്പനികളെ കുറിച്ചുള്ള ഉത്കണ്ഠ രേഖപ്പെടുത്തുന്നു. വിലകുറഞ്ഞ ലോഹങ്ങൾ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന കമ്പനികൾ നഷ്ടത്തിലാകുകയും അടച്ചുപൂട്ടൽ ഭീഷണി നേരിടുകയും ചെയ്യുന്നുവെന്നും, അവർ തൊഴിലാളികളെ പിരിച്ചുവിട്ടു തുടങ്ങിയെന്നും ‘വർക്കേർസ് വേൾഡും’ കൂട്ടിച്ചേർക്കുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള തിരിച്ചടിചുങ്കം ഒഴിവാക്കുന്നതിനായി തങ്ങളുടെ ഉത്പാദനത്തിന്റെ ഏറിയ പങ്കും മെക്‌സിക്കോയിലേക്ക് മാറ്റുകയാണെന്ന് പ്രമുഖ മോട്ടോർസൈക്കിൾ നിർമാതാക്കളായ ഹാർലി ഡേവിഡ്‌സൺ പ്രഖ്യാപിച്ചു. ട്രംപിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി, സാധാരണക്കാരനെ, പ്രധാനമായും പെൻഷൻ പറ്റിയവരെയും സ്ഥിരവരുമാനക്കാരെയും കഠിനമായി ബാധിച്ചുകൊണ്ട് വില വർദ്ധിക്കുകയാണ് എന്നും ‘വർക്കേർസ് വേൾഡ്’ പൊതുവിൽ നിരീക്ഷിക്കുന്നു.

മുതലാളിത്തത്തിന്റെ  തീവ്രകമ്പോള പ്രതിസന്ധിയിലാണ് വേരുകൾ

സ്വാഭാവികമായും ഇവിടെ ഉയരുന്ന ചോദ്യം, സാമ്രാജ്യത്വ-മുതലാളിത്തലോകത്തിന് എന്തു പറ്റിയെന്നതാണ്. മുതലാളിത്തപ്രതിസന്ധിയെ മറികടക്കാനുള്ള മാർഗമായി ലോകമെമ്പാടും നിർദേശിച്ച് മുന്നോട്ട് നീക്കിയ ആഗോളവൽക്കരണ-ഉദാരവൽക്കരണ-സ്വകാര്യവൽക്കരണത്തിന്റെ ആവേശപ്രചാരണം എവിടെ, എന്തുകൊണ്ട് പോയിമറഞ്ഞു? ഇപ്പോഴത്തെ സംഭവപരമ്പര വെളിപ്പെടുത്തുന്നത്, സാമ്രാജ്യത്വ-മുതലാളിത്തത്തിന് ഇതിന് ഉത്തരമില്ലെന്നാണ്. ഒരിക്കൽ ആഗോളവൽക്കരണത്തിന്റെ കടുത്ത വക്താവായിരുന്ന യുഎസ് സാമ്രാജ്യത്വം ഇന്ന് ചുങ്കങ്ങൾ ഏർപ്പെടുത്തുന്നതിനെപ്പറ്റി പറയുമ്പോൾ മറ്റുള്ളവർ അതിനെ എതിർക്കുന്നു. മറുവശത്ത്, അന്യായമായ പ്രതിബന്ധങ്ങൾ ഏർപ്പെടുത്തിയവർ എന്ന പഴി കേൾക്കുമ്പോഴും, ഇന്ത്യയെയും ചൈനയെയും പോലെയുള്ള രാജ്യങ്ങൾ ആഗോളവൽക്കരണത്തിനായി ശബ്ദമുയർത്തുന്നു. ചെറുതും വലുതുമായ സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങളുടെ ഇരട്ടമുഖമുള്ള ഇത്തരം നിഗൂഢതന്ത്രങ്ങൾ മനസ്സിലാക്കുന്നതിനായി നാം അംഗീകരിക്കേണ്ട ചില വസ്തുതകളുണ്ട്. എല്ലാ സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങളും ഒരേ പൊതുവേദിയിലാണ് നിലകൊള്ളുന്നത്. ആഭ്യന്തരമായും ആഗോളതലത്തിലും ഭയങ്കരമായ കമ്പോളപ്രതിസന്ധിയാണ് അവരെ ഉറ്റുനോക്കുന്നത്. അതേ സമയം തന്നെ, മഹാസാമ്പത്തികമാന്ദ്യത്തിലെ തങ്ങളുടെ ഭീകരപ്രതിസന്ധിയിൽ നിന്നും കരകയറുവാനും, കമ്പോളം തട്ടിയെടുത്ത് മറ്റുള്ളവർക്കുമേൽ അധീശത്വം സ്ഥാപിക്കുവാനുമായി രണ്ട് ലോകയുദ്ധങ്ങളാണ് ഈ സാമ്രാജ്യത്വ-മുതലാളിത്തശക്തികൾ നടത്തിയിട്ടുള്ളത്. എന്നാൽ അവരെ തീർത്തും നിരാശരാക്കിക്കൊണ്ട്, രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ ലോകമുതലാളിത്തത്തിന്റെ പിടിയിൽനിന്നും രക്ഷപ്പെട്ട് ലോകത്തിന്റെ മൂന്നിലൊന്ന് സോഷ്യലിസ്റ്റ് ചേരി രൂപീകരിക്കുകയാണ് ഉണ്ടായത്. സാമ്രാജ്യത്വത്തിന്റെ ലോകകമ്പോളം ദയനീയമായി ഞെരുക്കപ്പെട്ടു, പ്രതിസന്ധി ഇരട്ടിയായി.

ഈ പശ്ചാത്തലത്തിൽ, കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാതെ തന്നെ, മുതലാളിത്തത്തിൽ അനിവാര്യമായും എങ്ങനെ കമ്പോളപ്രതിസന്ധി സൃഷ്ടിക്കപ്പെടുന്നു എന്നത് കുറച്ച് വാക്കുകളിൽ പറയുന്നത് ഉചിതമായിരിക്കും. തൊഴിൽശക്തിയെ സമ്പത്തിന്റെയും മൂല്യത്തിന്റെയും സ്രഷ്ടാക്കളായി കാണുന്ന ക്ലാസിക്കൽ സാമ്പത്തികശാസ്ത്രത്തിൽനിന്നും മുന്നോട്ടുപോയി, മുതലാളിത്തത്തിൽ തൊഴിൽശക്തി അനിവാര്യമായും മിച്ചമൂല്യം സൃഷ്ടിക്കുന്നു എന്ന് മാർക്‌സ് കാട്ടിത്തന്നു. സ്വത്തിന്റെ ഒരു രൂപമായ തന്റെ മൂലധനം ഉപയോഗിക്കുമ്പോൾ ഒരു മുതലാളി തൊഴിലാളിയുടെ അധ്വാനശക്തിയുടെ ഒരു നിശ്ചിത അളവ് വാങ്ങുന്നു. പക്ഷേ കുറഞ്ഞ അളവ് സമയത്തിനുള്ള കൂലി മാത്രമാണ് നൽകുക. അതായത്, 8 മണിക്കൂർ അധ്വാനശക്തി വാങ്ങുമ്പോൾ, തൊഴിലാളിക്ക് തട്ടിമുട്ടി ജീവിക്കാൻ ഉതകുന്നത് എന്ന പരിഗണനയിൽ, 4 മണിക്കൂറിനുള്ള കൂലി മാത്രമാണ് നൽകുക. അവശേഷിക്കുന്ന 4 മണിക്കൂർ അധ്വാനമിച്ചത്തെ സൂചിപ്പിക്കുന്നു. ഇതാണ് തൊഴിലാളിക്ക് കൈമാറാത്ത മിച്ചമൂല്യത്തെ ഉത്പാദിപ്പിക്കുന്നത്. ഈ മിച്ചമൂല്യം മുതലാളിയുടെ മൂലധനത്തിലേക്കാണ് ചേർക്കപ്പെടുന്നത്. ഇത് പല കാര്യങ്ങളും ധ്വനിപ്പിക്കുന്നു. ഒന്നാമതായി, മുതലാളിയല്ല, തൊഴിലാളികളാണ് തങ്ങളുടെ തൊഴിൽശക്തിയുപയോഗിച്ച് മൂലധനം സൃഷ്ടിക്കുന്നത്. രണ്ട്, അധ്വാനമിച്ചവും അത് സൃഷ്ടിക്കുന്ന മൂല്യവും അപഹരിച്ച് തങ്ങളുടെ ലാഭത്തിലേയ്ക്കും മൂലധനത്തിലേയ്ക്കും മുതൽകൂട്ടുന്നത് മുതലാളിമാരാണ്. മൂന്നാമതായി, മുതലാളിത്തകമ്പോളത്തിൽ എണ്ണംകൊണ്ട് ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ തൊഴിലാളികൾക്ക് അങ്ങനെ അർഹമായ കൂലി നിഷേധിക്കപ്പെടുകയാണ്. ഇതാണ് മുതലാളിത്തചൂഷണം. നാല്, തൊഴിലാളികൾക്ക് അർഹമായതിലും കുറഞ്ഞ കൂലി മാത്രം നൽകുന്നു എന്നത് കൊണ്ട്, അവർക്ക് ആവശ്യമുള്ളതോ, വാങ്ങാൻ ആഗ്രഹമുള്ളതോ ആയ എല്ലാ സാധനങ്ങളും വാങ്ങാൻ സാധിക്കുന്നില്ല. കഷ്ടിച്ച് കഴിഞ്ഞുകൂടാനുള്ള വഴി മാത്രമേ അവർക്ക് ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ അത് കമ്പോളത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. വാങ്ങാൻ മതിയായ ക്രയശേഷിയുള്ള ഉപഭോക്താക്കളില്ലാതെ ഉൽപ്പന്നങ്ങൾ വിൽക്കാനാകാതെ കുന്നുകൂടുന്നു. ആവശ്യത്തിന് ഉൽപ്പന്നങ്ങളുണ്ടായിട്ടും കമ്പോളം ചുരുങ്ങുന്നു. ആളുകൾക്ക് അവ ആവശ്യമുണ്ട്, പക്ഷേ വാങ്ങാൻ സാധിക്കുന്നില്ല. ഇതാണ്, മുതലാളിത്തത്തിന് ഒഴിവാക്കാൻ സാധിക്കാത്ത കമ്പോളപ്രതിസന്ധി. ഇതാണ്, തൊഴിലാളിവർഗത്തിന്റെ മഹാന്മാരായ നേതാക്കൾ, മാർക്‌സും ഏംഗൽസും, 170 വർഷങ്ങൾക്കു മുമ്പ് – അതായത് രണ്ടു ലോകയുദ്ധങ്ങളും പൊട്ടിപ്പുറപ്പെടുന്നതിന് ഏതാനും ദശകങ്ങൾക്കു മുമ്പുതന്നെ, പ്രസിദ്ധീകരിച്ച തങ്ങളുടെ ഐതിഹാസികകൃതിയായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ, ‘അമിതോൽപ്പാദനത്തിന്റെ മഹാമാരി’ എന്ന് അടയാളപ്പെടുത്തിയത്. പ്രതിസന്ധി വർദ്ധിക്കുന്തോറും പ്രതിസന്ധിഗ്രസ്തമായ കമ്പോളത്തിൽനിന്നും ഊറ്റിയെടുക്കാവുന്ന പരമാവധി ലാഭത്തിനായി മുതലാളിമാർ ആർത്തി കാണിക്കുന്നു. അതിനായി അവർ തൊഴിലാളികളെ കൂടുതൽ ചൂഷണം ചെയ്യുന്നു. ഈ നിർദയചൂഷണം ജനങ്ങളുടെ ക്രയശേഷിയെ കൂടുതൽ കൊള്ളയടിക്കുന്നു; വിൽക്കാനാകാത്ത കൂടുതൽ ഉൽപ്പന്നങ്ങൾ കൊണ്ട് കമ്പോളം നിറയുന്നു; വ്യവസായം സ്തംഭിക്കുന്നു; കൂടുതൽ രൂക്ഷമായ കമ്പോളപ്രതിസന്ധി വേരുപിടിക്കുന്നു. ചെറിയൊരു വിഭാഗം തൊഴിലാളികൾക്ക് താരതമ്യേന ഭീമമായ കൂലി നൽകി തങ്ങളുടെ നുകത്തിൻകീഴിൽ അവരെ നിലനിർത്താൻ മുതലാളി ശ്രമിക്കുമെങ്കിലും, മുതലാളിമാരുടെ ലാഭാർത്തിയെ തൃപ്തിപ്പെടുത്താൻ കുതിച്ചുയരുന്ന വിലകൾക്കുമുന്നിൽ അതും പെട്ടെന്നുതന്നെ അപര്യാപ്തമായി മാറും. അവശേഷിക്കുന്ന തൊഴിലാളികൾക്കാകട്ടെ, അവരുടെ നിലനിൽപ്പിനാവശ്യമായ കൂലി പോലും നൽകാതെ, മുതലാളിമാർ കൽപ്പിക്കുന്ന വ്യവസ്ഥകൾ അനുസരിച്ചുമാത്രം ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു, അല്ലെങ്കിൽ പുറത്താക്കപ്പെടുന്നു. ഞെരുങ്ങുന്ന ക്രയശേഷി തൊഴിലാളികൾക്കുമേൽ കനത്ത ആഘാതമായി പതിക്കുമ്പോൾ കമ്പോളപ്രതിസന്ധിക്ക് ആഴമേറുന്നു, അമിതോൽപ്പാദനം വിപുലമാകുന്നു, ലയനം എന്ന മുഖംമൂടിയണിഞ്ഞ് പല ചെറിയ വ്യവസായങ്ങളെയും വമ്പന്മാർ വിഴുങ്ങുന്നു, മറ്റുള്ളവ തൊഴിലാളികളെ പിരിച്ചുവിടുന്നു അല്ലെങ്കിൽ അടച്ചുപൂട്ടുന്നു. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇവയിലേതെങ്കിലുമോ, എല്ലാം കൂടിയോ അർത്ഥമാക്കുന്നത് ജോലിയുടേയും വരുമാനത്തിന്റേയും ക്രയശേഷിയുടേയും നഷ്ടമാണ്. കമ്പോളപ്രതിസന്ധി വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽതന്നെ രണ്ട് ആചാര്യന്മാരും പ്രസ്താവിക്കുന്നു: ”പിന്നെങ്ങനെയാണ് ഈ പ്രതിസന്ധികളിൽനിന്നും മുതലാളിത്തം കരകയറുക? ഒരു വശത്ത്, ഉൽപ്പാദനശക്തികളുടെ ഗണ്യമായ വിഭാഗത്തിന്റെ നിർബന്ധിതമായ നശീകരണത്തിലൂടെ; മറുവശത്ത്, പുതിയ കമ്പോളങ്ങൾ വെട്ടിപ്പിടിക്കുന്നതിലൂടെയും പഴയവയെ കൂടുതലായും പരിപൂർണമായും ചൂഷണം ചെയ്യുന്നതിലൂടെയും. അതായത്, കൂടുതൽ വിശാലവും വിനാശകരവുമായ പ്രതിസന്ധികൾക്ക് വഴിയൊരുക്കിയും, പ്രതിസന്ധികളെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെ ക്ഷയിപ്പിച്ചും”. എത്രയോ പ്രവചനപരമായിരുന്നു ആ വാക്കുകൾ! തങ്ങളുടെ പ്രതിസന്ധികളിൽനിന്നും കരകയറുവാനായി ഒന്നിനു പിറകേ ഒന്നായി ലോകയുദ്ധങ്ങളിലൂടെ, ഉൽപ്പാദകശക്തികളുടെ ഗണ്യമായ ഭാഗത്തെ നശിപ്പിച്ചും പുതിയ കമ്പോളങ്ങൾ വെട്ടിപ്പിടിച്ചും സാമ്രാജ്യത്വശക്തികൾ നടത്തിയ ശ്രമങ്ങൾ, കൂടുതൽ വിപുലവും വിനാശകരവുമായ പ്രതിസന്ധികൾക്കു മാത്രമാണ് വഴിയൊരുക്കിയത്. ഇന്ന് ട്രംപ് തള്ളിപ്പറയുന്ന നാറ്റോ പോലെയുള്ള സൈനികസഖ്യങ്ങൾ രൂപീകരിച്ച്, അന്ന് പുതുതായി ഉയർന്നുവന്നുകൊണ്ടിരുന്ന സോവിയറ്റ് റഷ്യയെ സകലവഴിയും ഉപയോഗിച്ച് വളഞ്ഞുനിർത്താൻ ശ്രമിച്ചു. പുതുതായി ഉയർന്നുവന്ന, പഴയ കോളനികളായിരുന്ന നവസ്വതന്ത്രരാജ്യങ്ങളിൽ നവകൊളോണിയൽ ചൂഷണം നടത്തി. ഒന്നല്ലെങ്കിൽ മറ്റൊരു സംഘടനയോ കൂട്ടുകെട്ടോ ഉണ്ടാക്കി സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങൾക്കിടയിലെ പരസ്പരവൈരുദ്ധ്യങ്ങളെ കുറയ്ക്കാൻ ശ്രമിച്ചു. എന്നിട്ടും, യുഎസ് സാമ്രാജ്യത്വം നേതൃത്വം നൽകിയ സാമ്രാജ്യത്വ-മുതലാളിത്തലോകത്തിന്, രണ്ട് ലോകയുദ്ധങ്ങൾക്ക് ജന്മം കൊടുത്ത രണ്ട് തീവ്രപൊതുകുഴപ്പങ്ങൾക്കുശേഷം വന്ന തീവ്രപൊതുകുഴപ്പത്തിന്റെ മൂന്നാം ഘട്ടം വഷളാകുന്നത് തടയാൻ സാധിച്ചില്ല. യുദ്ധങ്ങളിൽ വലിയ പരുക്കേൽക്കാതിരുന്ന യുഎസ് സാമ്രാജ്യത്വം, യുകെ, ഫ്രാൻസ്, ജർമനി തുടങ്ങിയ പഴയ സാമ്രാജ്യത്വശക്തികളെ മൂലക്കിരുത്തി, യൂറോപ്പിനുമേൽ തങ്ങളുടെ സ്വാധീനശക്തി വ്യാപിപ്പിച്ചു. കാലക്രമേണ, യുദ്ധം തകർത്ത തങ്ങളുടെ സമ്പദ്‌വ്യവസ്ഥകളുടെ ദൃഢത വീണ്ടെടുത്ത ഈ യൂറോപ്യൻ രാജ്യങ്ങൾ, തങ്ങളുടെ സ്ഥാനം വീണ്ടെടുക്കുന്നതിനായി യൂറോപ്യൻ സാമ്പത്തിക കൂട്ടായ്മയ്ക്കും തുടർന്ന് യൂറോപ്യൻ യൂണിയനും രൂപം നൽകി. ഇത്, മുതലാളിത്തലോകത്തിൽ യുഎസ് സാമ്രാജ്യത്വവും യൂറോപ്യൻ സാമ്രാജ്യത്വവും തമ്മിൽ പുതുവൈരുദ്ധ്യങ്ങൾക്ക് ജന്മം നൽകി. ലോകകമ്പോളത്തിന്റെ ഒരു ഭാഗം തങ്ങളുടെ നിയന്ത്രണത്തിൽ നിലനിർത്തുകയെന്ന താൽപ്പര്യസംരക്ഷണാർത്ഥം വിവിധ സാമ്രാജ്യത്വശക്തികൾ സൃഷ്ടിച്ച വിവിധ സൈനിക-സാമ്പത്തിക കൂട്ടായ്മകളുടെ വിധിയും മറ്റൊന്നായിരുന്നില്ല. പക്ഷേ, രാവിലെ ഒരു കമ്പോള പ്രതിസന്ധി പരിഹരിക്കാൻ അവർ എത്രത്തോളം കിണഞ്ഞു പരിശ്രമിച്ചുവോ വൈകുന്നേരം പുതിയൊരു പ്രതിസന്ധിയിൽ അത്രത്തോളം സ്വയം കുടുങ്ങിക്കിടക്കുന്നതാണ് അവർ കാണുന്നത്.

കമ്പോളപ്രതിസന്ധി  പരിഹരിക്കുമെന്ന് വീമ്പിളക്കിയ  ആഗോളവൽക്കരണം പ്രതിസന്ധി  കൂടുതൽ രൂക്ഷമാക്കുന്നു

ആഴമേറിക്കൊണ്ടിരിക്കുന്ന കമ്പോളപ്രതിസന്ധിയിൽനിന്നും രക്ഷ തേടിയുള്ള തീവ്രശ്രമത്തിൽ, സോഷ്യലിസ്റ്റ് ചേരിയില്ലാത്ത ലോകത്തിലെ ഒരു ആഗോളകമ്പോളത്തെകുറിച്ച് അവർ സ്വപ്‌നം കണ്ടുതുടങ്ങി. അങ്ങനെ ലോകമൊട്ടാകെ സ്വതന്ത്രവ്യാപാരവുമായി ആഗോളവൽക്കരണം വന്നു. താരിഫ് പ്രതിബന്ധങ്ങൾ കുറച്ചു, അല്ലെങ്കിൽ പൂർണമായും ഇല്ലാതാക്കി. സാമ്രാജ്യത്വം പരിപാലിച്ച് നിരീക്ഷിക്കുന്ന അന്താരാഷ്ട്ര നാണയനിധി തങ്ങളുടെ അടിസ്ഥാനവശങ്ങൾ നിർവചിച്ചപ്പോൾ, 1990ൽ ആരംഭിച്ച ആഗോളവൽക്കരണം ഒരു പ്രമാണമായി ഉറച്ചു മുന്നോട്ടുവെച്ചു. ഒരുകൂട്ടം മറ്റു നടപടികളും അതോടൊപ്പം ഉണ്ടായിരുന്നു. 1947 ലെ ജനറൽ എഗ്രിമെന്റ് ഓൺ താരിഫ്‌സ് ആൻഡ് ട്രേഡ്(ഏഅഠഠ) പുനരുജ്ജീവിപ്പിച്ച് ലോക വ്യാപാര സംഘടനക്ക് (ണഠഛ) 1995 ജനുവരി 1ന് തുടക്കം കുറിച്ചു. പ്രത്യക്ഷത്തിൽ, ചരക്കുകളുടെ ആഗോളവ്യാപാരത്തിന് ഒരു നിയമ ഉടമ്പടിക്കായിരുന്നു എങ്കിലും, യഥാർത്ഥത്തിൽ ആഗോളകമ്പോളത്തിലെ സാമ്രാജ്യത്വകൊള്ളയ്ക്ക് നിയമസാധുത ഉരുത്തിരിയുന്നതിനും ഉറപ്പാക്കുന്നതിനുമായിരുന്നു ഇത്. ഇതോടൊപ്പം, സേവനങ്ങളിലുള്ള വാണിജ്യത്തിനായുള്ള പൊതു ഉടമ്പടി(ഏഅഠട) സേവനമേഖലകളിലെ ആഗോളവ്യാപാരം ലോകമുതലാളിത്ത കമ്പോളത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്നു.
അതായത്, തീക്ഷ്ണമായ കമ്പോളപ്രതിസന്ധിയെ മറികടക്കുന്നതിനായി, മനുഷ്യപ്രവർത്തനത്തിന്റേയും ഉൽപ്പാദനത്തിന്റെയും സകലമാനവശങ്ങളും ആഗോളവൽക്കരണത്തിന്റെ ചിറകിനടിയിൽ കൊണ്ടുവന്നു. തടസ്സങ്ങളില്ലാത്ത സാമ്രാജ്യത്വ-മുതലാളിത്ത ചൂഷണം ഉറപ്പാക്കുവാനായി വിവിധ സംഘടനകൾ രൂപം കൊണ്ടു: ഭൂഗോളത്തിനുമേലുള്ള തങ്ങളുടെ പിടി നിലനിർത്താൻ പ്രധാന സാമ്രാജ്യത്വശക്തികളുടെ ജി-7; യൂറോപ്യൻ യൂണിയൻ അടക്കം 20 രാജ്യങ്ങൾക്ക് സാമ്പത്തികസുസ്ഥിരത പ്രോൽസാഹിപ്പിക്കുന്ന നയങ്ങൾ ചർച്ച ചെയ്യാൻ ഉദ്ദേശിച്ചുകൊണ്ടുള്ള, സർക്കാരുകളുടേയും കേന്ദ്രബാങ്ക് ഗവർണർമാരുടേയും അന്താരാഷ്ട്രവേദിയായ ജി-20. ഈ നടപടികളിലൂടെയൊക്കെ സാമ്രാജ്യത്വശക്തികൾ തെളിയിക്കാൻ ശ്രമിച്ചത് അവർ പ്രതിസന്ധിയെ മറികടക്കുന്നു എന്നതാണ്.

മുതലാളിത്തലോകത്തിന്റെ തകർച്ച,

യൂറോപ്യൻ യൂണിയൻ ഒരു പരാജയപ്പെട്ട പരീക്ഷണം എന്ന് തെളിയിക്കപ്പെടുന്നു
പക്ഷേ, യഥാർത്ഥത്തിൽ എന്തു സംഭവിച്ചു? സാമ്രാജ്യത്വത്തിന്റെ ലോകം ചാഞ്ചാടി. ജി-7ലെ ഭിന്നത അതിനെ ജി-6+1 ആക്കി; ജി-20 താറുമാറായിക്കിടക്കുന്നു. ലോകവ്യാപാരസംഘടനയുടെ ചട്ടങ്ങൾ പുതുക്കിയെഴുതാൻ ഇന്ത്യൻ കുത്തകകൾ ആവശ്യപ്പെടുന്നു. യുഎസ് സാമ്രാജ്യത്വത്തിന് പ്രതിരോധം തീർത്ത് യൂറോപ്യൻ സാമ്രാജ്യത്വ-മുതലാളിത്തം രൂപം കൊടുത്ത, യൂറോപ്യൻ യൂണിയൻ, ഉള്ളിൽ നിന്നു തന്നെയുള്ള വൈരുദ്ധ്യങ്ങളാൽ തകർച്ചയുടെ വക്കിലെത്തിയിരിക്കുന്ന ഒരു പരാജയപ്പെട്ട പരീക്ഷണമായിരിക്കുന്നു. നമ്മുടെ പാർട്ടി വളരെ മുമ്പേതന്നെ നിർണ്ണയിച്ചതുപോലെ ഒറ്റ യൂറോപ്യൻ അസ്തിത്വം എന്നത് ഒരിക്കലും നടപ്പിൽ വരാത്ത ഒരു സ്വപ്‌നമാണ്. തുടക്കത്തിലെ ആത്മവിശ്വാസത്തിന്റെ കാലം കഴിഞ്ഞ് ഒരു ദശകമോ മറ്റോ പിന്നിടുമ്പോഴേക്കും യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും കടുത്ത മാന്ദ്യത്തിന്റെ പിടിയിലായി. ഭീമമായ ബജറ്റ് കമ്മി, കമ്മി നികത്താൻ കമ്പോളത്തിൽ നിന്നു കടമെടുത്തു വർദ്ധിച്ച പൊതുകടം, അതിവേഗം പെരുകുന്ന തൊഴിലില്ലായ്മ. ഈ പ്രതിസന്ധിയിൽനിന്ന് ഏതുവിധേനയും പുറത്തുകടക്കാനായി ജനങ്ങൾക്കുമേൽ ചെലവുചുരുക്കൽ നടപടികൾ അടിച്ചേൽപ്പിക്കുകയും, അതേസമയംതന്നെ മുതലാളിമാരെ രക്ഷിക്കുവാനായി ജനത്തിന്റെ പണം ഒഴുക്കുകയും ചെയ്യുന്നു. പൊരുത്തപ്പെട്ടു പോകാൻ കഴിയാത്ത രാഷ്ട്രീയപ്രതിസന്ധിയിലേക്കാണ് ഇത് നയിക്കുന്നത്. കമ്പോളപ്രതിസന്ധി ദുർബലരാക്കിയ അംഗരാജ്യങ്ങൾ ഇന്ന് പുറത്തുപോകുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ഗ്രെക്‌സിറ്റ് (ഗ്രീസിന്റെ പുറത്തുപോകൽ), ബ്രെക്‌സിറ്റ് (ബ്രിട്ടന്റെ പുറത്തുപോകൽ) എന്നിങ്ങനെ ചിലർ തീരുമാനമെടുത്തും കഴിഞ്ഞു. ഗ്രീസ്, പോർച്ചുഗൽ, അയർലന്റ്, സ്‌പെയിൻ, തുടങ്ങി ഭീമന്മാരായ ഇറ്റലിയും യുകെയും വരെ കുലുങ്ങിവിറച്ചിരിക്കുന്നു. യൂണിയനിൽ അടിയുറച്ചു നിൽക്കുന്നവർക്കിടയിലാകട്ടെ, ജർമനി പോലെ കൂടുതൽ ശക്തരായവരും ദുർബലരും തമ്മിലുള്ള വൈരുദ്ധ്യവും, ശക്തരായവർ തമ്മിൽത്തമ്മിൽ യൂണിയന്റെ നിയന്ത്രണം നേടാനുള്ള വൈരുദ്ധ്യവും മൂർച്ഛിക്കുന്നു. ഇതിൽനിന്നും നേട്ടം കൊയ്യുവാനും അനൈക്യത്തിന്റെ വിത്തുവിതയ്ക്കുവാനും യൂറോപ്യൻ യൂണിയൻ തലസ്ഥാനമായ ബ്രസൽസിലേക്ക് സ്ഥാനപതിയായി ഒരു യൂറോപ്യൻ ഐക്യവിരുദ്ധനെയാണ് അമേരിക്ക നിയമിച്ചിരിക്കുന്നതും.

ആഗോളവൽക്കരണവും ജനങ്ങളും

വികസിതവും ശക്തവുമെന്ന് പറയപ്പെടുന്ന രാജ്യങ്ങളിലാകട്ടെ, താരതമ്യേന ദുർബലരായ രാജ്യങ്ങളിലാകട്ടെ, ലോകത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ആഗോളവൽക്കരണമെന്നത് സാമ്രാജ്യത്വ ഭരണകൂടങ്ങൾക്ക് തങ്ങളുടെ മുതലാളിത്തചൂഷണം കിരാതമായി നടപ്പാക്കാനുള്ള ഒരു വഞ്ചനാപൂർണമായ മുദ്രാവാക്യമല്ലാതെ മറ്റൊന്നുമല്ല എന്ന് തിരിച്ചറിയാൻ അധികം സമയം വേണ്ടിവന്നില്ല. ഇതിന്റെ ഫലമായി, രോഷവും വെറുപ്പും ചെറുത്തുനിൽപ്പും ലോകമെമ്പാടും ഉയർന്നുവരുന്നു. അമേരിക്കയിൽത്തന്നെ 1 ശതമാനത്തിനു മേൽ 99 ശതമാനത്തിന്റേതെന്ന് വിശേഷിപ്പിച്ചുകൊണ്ട് നടത്തിയ വാൾസ്ട്രീറ്റ് പിടിച്ചടക്കൽ സമരം, എണ്ണസമ്പന്നമായ മധ്യപൂർവേഷ്യയിലെ അറബ് വസന്തമുന്നേറ്റങ്ങൾ, പണിമുടക്കുകളടക്കം യൂറോപ്പിൽ നടക്കുന്ന വമ്പൻ ജനകീയപ്രതിഷേധങ്ങൾ, ഇവയൊക്കെയും ഇതിന്റെ പ്രതിഫലനമാണ്. ഉദാഹരണത്തിന്, 2018 മാർച്ചിൽ, പൊതുസേവനങ്ങളുടെ സ്വകാര്യവൽക്കരണത്തിനെതിരേ രണ്ട് ലക്ഷം പൊതുമേഖലാ തൊഴിലാളികളാണ് ഫ്രാൻസിൽ സമരത്തിനിറങ്ങിയത്.
ഈ വെളിച്ചത്തിൽ വേണം ഇപ്പോഴത്തെ വാണിജ്യയുദ്ധത്തിന്റെ പോർവിളിയെ നമ്മൾ വിലയിരുത്തേണ്ടത്. ഇതൊരു പിഴച്ച പ്രസിഡന്റിന്റെ മുറവിളിയല്ല. മറിച്ച്, യുഎസ് സാമ്രാജ്യത്വഭരണകൂടത്തിന്റെ മൊത്തത്തിലുള്ള താത്പര്യത്തിന്റെ സമ്മർദം, ട്രംപ് തന്റേതായ രീതിയിൽ പ്രതിഫലിപ്പിക്കുകയാണ്. മറ്റ് സാമ്രാജ്യത്വരാജ്യങ്ങളുടെയും അവരുടെ പരസ്പര സഖ്യങ്ങളുടേയും ഭിന്നിപ്പുകളുടേയും, വികസിത പാശ്ചാത്യരാജ്യങ്ങളുടേയും, ഇന്ത്യയേയും ചൈനയേയും പോലെയുള്ള രാജ്യങ്ങളുടെയും ഒക്കെ പ്രതികരണങ്ങളും ഇതേ വെളിച്ചത്തിൽതന്നെ നാം കാണണം. ഇതിലോരോ രാജ്യവും ഭീഷണമായ കമ്പോളപ്രതിസന്ധിയും സാമ്പത്തികമാന്ദ്യവും തൊഴിലില്ലായ്മയും വ്യാപാരക്കമ്മിയും അടക്കമുള്ള കുഴപ്പങ്ങളിൽ മുങ്ങിയിരിക്കുകയാണ്. നിർദയമായ മുതലാളിത്തചൂഷണത്തിൽനിന്നും ഉരുത്തിരിയുന്ന ഒരു പ്രതിസന്ധിയിൽ നിന്നും കരകയറുമ്പോഴേക്കും മറ്റൊരു പ്രതിസന്ധി തീക്ഷ്ണമാവുകയാണ്. അവരുടെ ആഗോളവൽക്കരണ പരീക്ഷണം വ്യക്തമായും പരാജയപ്പെട്ടിരിക്കുന്നു. അതിന്റെ ഫലമായി അവരുടെ കമ്പോളപ്രതിസന്ധി കൂടുതൽ അഗാധമായിരിക്കുന്നു.

മാറ്റം കൊണ്ടുവരാൻ  ഉദ്ദേശിച്ചുള്ള മുതലാളിത്ത
പരീക്ഷണങ്ങളിൽനിന്നും  ജനങ്ങൾക്കൊന്നും  പ്രതീക്ഷിക്കാനില്ല

സ്വതന്ത്രവ്യാപാരവും ആഗോളവൽക്കരണവും അതുപോലെതന്നെ സംരക്ഷണവാദവും, കമ്പോളപ്രതിസന്ധിയിൽനിന്നും കരകയറാൻ ഭരണമുതലാളിവർഗം കണ്ടെത്തുന്ന തന്ത്രങ്ങളാണെന്നത് നമ്മൾ വിട്ടുപോകരുത്. ഒരിക്കൽ ആഗോളവൽക്കരണത്തിന്റെ ആരാധകരായിരുന്ന യുഎസ് യഥാർത്ഥത്തിൽ ഒരു സ്വതന്ത്രവ്യാപാര രാജ്യമായിരുന്നോ? ഒരിക്കലുമല്ല. സ്വതന്ത്രവ്യാപാരത്തെക്കുറിച്ച് വളരെയേറെ പ്രസംഗിക്കുമ്പോൾത്തന്നെ, തങ്ങളുടെ സാമ്പത്തികമേഖലയിൽ വാണിജ്യപ്രതിബന്ധങ്ങളുടേതായ ഒരു സംരക്ഷണതലം അമേരിക്കൻ സർക്കാർ എപ്പോഴും നിലനിർത്തിയിരുന്നു. സ്വതന്ത്രവ്യാപാരത്തെ അനുകൂലിച്ച റിപ്പബ്ലിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ അമേരിക്കയിലേക്കുള്ള വാഹനകയറ്റുമതി ഏകപക്ഷീയമായി വെട്ടിച്ചുരുക്കാൻ ജപ്പാന്റെ മേൽ സമ്മർദം ചെലുത്തിയിരുന്നു. മറ്റൊരു സ്വതന്ത്രവ്യാപാര അനുകൂലിയായ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ്, വിദേശത്തു നിന്നുള്ള ഉരുക്കിനുമേൽ ചുങ്കം ഏർപ്പെടുത്തി. ഇക്കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രധാന മത്സരാർത്ഥികളായ ഹിലരി ക്ലിന്റണും ഡൊണാൾഡ് ട്രംപും, വ്യാപാരവിഷയത്തിൽ ചില ചില്ലറ അഭിപ്രായവ്യത്യാസങ്ങൾ ഒഴിച്ചുനിർത്തിയാൽ, ബഹുരാഷ്ട്ര വാണിജ്യകരാറുകളോടുള്ള അമേരിക്കൻ പിന്തുണയെ ചോദ്യം ചെയ്യുകയും, ആഗോളവൽക്കരണത്തെ സംബന്ധിച്ച തൊഴിലാളി കേന്ദ്രീകൃത-ജനപക്ഷ വാചാടോപം നടത്തുകയും ചെയ്തു. ആകെത്തുകയിൽ, വർഷങ്ങളായി നിലനിൽക്കുന്ന ആഗോളവൽക്കരണം മുലം, ഒരിക്കൽ അതിശക്തമായിരുന്ന യുഎസ് മുതലാളിത്ത സമ്പദ്‌വ്യവസ്ഥ ഇന്ന് എല്ലാത്തരത്തിലുമുള്ള പ്രതിബന്ധങ്ങളും അധഃപതനവും സ്തംഭനവും മാന്ദ്യവും നേരിടുകയാണ്.

ഇപ്പോഴത്തെ സംരക്ഷണവാദം ഒരു എതിർബലപ്രയോഗമാണ്. യുഎസ് സാമ്രാജ്യത്വത്തിന്റെ മൊത്തമായ താത്പര്യങ്ങൾ സംരക്ഷിക്കുവാനായി ഭരണവർഗത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായാണ് ട്രംപ് പ്രസിഡന്റ് പദമേറുന്നത്. കമ്പോളപ്രതിസന്ധിയെ മറികടന്ന്, അതുവഴി ജനരോഷത്തിൻ നിന്നും മുതലാളിത്തസാമ്പത്തികഘടനയെ സംരക്ഷിക്കുവാൻ അദ്ദേഹം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നു. അധികാരത്തിലേക്കുള്ള ഈ യാത്രയിൽ, അമേരിക്കൻ മുതലാളിത്തത്തിനും അതിന്റെ കോർപറേറ്റ് പ്രഭുക്കൾക്കും എതിരെ ജനങ്ങൾക്കുള്ള രോഷവും വെറുപ്പും തന്നെയാണ് ട്രംപ് ഉപയോഗപ്പെടുത്തിയത്. ഇവരെല്ലാം വഴിയൊരുക്കിയത്, തീക്ഷ്ണവും അയവില്ലാത്തതുമായ സാമ്പത്തികമാന്ദ്യം, ഉയരുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, കിടപ്പാടമില്ലായ്മ, തുടങ്ങിയവയ്ക്കാണ്. ഇതിനുപുറമേയാണ്, സാംസ്‌കാരികവും ധാർമികവുമായ അധഃപതനം. പലപ്പോഴും നിഷ്‌കളങ്കരായ ജനങ്ങളെ മനോരോഗികളായ ചില വ്യക്തികൾ നിസ്സാരമായി കൊന്നുതള്ളുന്നതിലും, കറുത്ത വർഗക്കാർക്കെതിരേ നടക്കുന്ന ക്രൂരമായ പോലീസ് തേർവാഴ്ച്ചയിലുമെല്ലാം ഇത് ദൃശ്യമാകുന്നു. ‘ആദ്യം അമേരിക്ക’, ‘കുടിയേറ്റം അവസാനിപ്പിക്കുക’, തുടങ്ങി ആളുകളുടെ വികാരത്തെ ഇളക്കുന്ന മുദ്രാവാക്യം ഉയർത്തിയാണ് ട്രംപ് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിച്ചത്. ഈ കളി വളരെ വ്യക്തമാണ്. ആദ്യത്തേതിൽ, അമേരിക്കൻ ജനതയെ പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നത് തന്റെ ദൗത്യമാണെന്ന തെറ്റിദ്ധാരണയിൽ ജനങ്ങളെ ഉന്മത്തരാക്കാൻ ട്രംപ് ശ്രമിക്കുന്നു. രണ്ടാമത്തേതിൽ പ്രതിസന്ധിയുടെ കാരണം കുടിയേറ്റത്തിലേക്കും കുടിയേറ്റക്കാരുടെ തള്ളിക്കയറ്റത്തിലേക്കും കെട്ടിവെക്കാൻ അദ്ദേഹം ശ്രമിക്കുന്നു. ഇപ്പോൾ അധികാരത്തിലെത്തിയപ്പോൾ വർധിക്കുന്ന ജനങ്ങളുടെ പ്രതിഷേധത്തെ തണുപ്പിക്കുവാൻ ഇതേ മുദ്രാവാക്യങ്ങൾ തന്നെയാണ് അദ്ദേഹം ഉപയോഗിക്കുന്നതും. മറുവശത്ത്, പ്രതിസന്ധിഗ്രസ്തമായ ലോകമുതലാളിത്തത്തിന്റെ നേതൃശക്തികളിൽ ഒരാളെന്ന നിലയിൽ, യുഎസ് സാമ്രാജ്യത്വം ആഭ്യന്തരമായും ആഗോളതലത്തിലും സർവസംഹാരിയായ കമ്പോളപ്രതിസന്ധിയിൽ അതിവേഗം ആണ്ടുമുങ്ങിപ്പോവുകയാണ്. ഇതിനിടയിൽ, ഭരണമുതലാളിവർഗത്തിന്റെയും കുത്തകകളുടേയും അവരുടെ കോർപ്പറേറ്റ് കുടുംബങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ മാത്രം കൈക്കൊള്ളുമ്പോഴും, ജനരോഷം അൽപ്പം പോലും കുറയുന്നില്ലയെന്നതും ട്രംപ് ഭരണകൂടം കാണുന്നുണ്ട്. അപ്പോൾ അവർ പുതിയ അടവുകൾ കൈക്കൊള്ളുകയാണ്. ജനങ്ങൾക്കുമുന്നിലും, തന്റെ യജമാനനായ ഭരണമുതലാളിവർഗത്തിനുമുന്നിലും, യുഎസ് സമ്പദ്ഘടനക്ക് ഏറ്റവും സഹായിയായ, വാക്കുപാലിക്കുന്ന ശക്തനായ വ്യക്തി എന്നുള്ള പ്രതിച്ഛായ പുനർനിർമിക്കുക എന്ന ദുഷ്‌കരമായ ദൗത്യമാണ് യുഎസ് പ്രസിഡന്റിനുള്ളത്.
തന്റെ ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ, മനംമയക്കുന്നതും എന്നാൽ അയഥാർത്ഥവുമായ അവകാശവാദങ്ങൾ കമ്പോളത്തിൽ സന്ദർഭോചിതമായി പ്രയോഗിക്കുന്ന ഒന്നാന്തരം കച്ചവടക്കാരനെപ്പോലെ, രാജ്യത്തിനകത്തും പുറത്തും ഗുരുതരമായ അനന്തരഫലങ്ങൾ ഉണ്ടാക്കുന്ന നടപടികളെടുക്കാൻ ശ്രമിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ എല്ലാ പ്രധാന കച്ചവടപങ്കാളികളെയും ബാധിക്കുന്ന തരത്തിൽ വളരെയധികം വസ്തുക്കൾക്ക് ചുങ്കം ചുമത്തുകയും, ഫലത്തിൽ ഒരു വാണിജ്യയുദ്ധം തന്നെ പ്രഖ്യാപിക്കുകയും ചെയ്യുന്നത്, ട്രംപ് ഭരണകൂടം ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പ്രവചനാതീത നടപടികളിലൊന്നാണ്. ഈ നികുതികൾ കൂട്ടിയാലോ കുറച്ചാലോ അത് അമേരിക്കയിലെ സാധാരണക്കാരന്റെ ജീവിതത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പോകുന്നില്ല. മറിച്ച്, തങ്ങളുടെ ഓർഡറുകളും, അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യാനുള്ള അവസരവും നഷ്ടമാകുമോയെന്ന ഭയത്തിലാണ് ഇപ്പോൾതന്നെ അമേരിക്കൻ കർഷകർ. പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്ന താരിഫുകളില്ലാത്ത അയൽരാജ്യങ്ങളിലേക്ക് മാറുന്നതിനെക്കുറിച്ച് പല കമ്പനികളും ആലോചിക്കുന്നു.

വിദഗ്ദ്ധർ ഇതിനോടകം അഭിപ്രായപ്പെട്ടതുപോലെ, ദീർഘകാലാടിസ്ഥാനത്തിൽ വാണിജ്യയുദ്ധങ്ങൾ പ്രതിസന്ധികളെ രൂക്ഷമാക്കുകയേയുള്ളൂ. ഏറ്റവും മനുഷ്യത്വരഹിതമായ രീതിയിൽ നിഷ്‌കളങ്കരായ കുട്ടികളെ അവരുടെ മാതാപിതാക്കളുടെയടുത്തുനിന്നും വേർപിരിക്കുന്നതല്ലാതെ, കുടിയേറ്റപ്രശ്‌നം ഇതുകൊണ്ടൊന്നും പരിഹരിക്കപ്പെടില്ല. തങ്ങൾക്ക് തുച്ഛവേതനത്തിന് അധ്വാനശക്തി ലഭിക്കാനായി ഒരിക്കൽ കുടിയേറ്റം പ്രോൽസാഹിപ്പിച്ചത് അമേരിക്കൻ സാമ്രാജ്യത്വമാണ് എന്നത് അമേരിക്കൻ ജനത മറന്നുപോകരുത്. ഇന്ന് അസഹനീയമായ തൊഴിലില്ലായ്മ മൂലം, അമേരിക്കൻ ജനത വ്യവസ്ഥിതിക്കെതിരേ തിരിയാൻ നിർബന്ധിതരാകുമ്പോൾ, അതേ സാമ്രാജ്യത്വം, കുടിയേറ്റമാണ് തൊഴിലില്ലായ്മയ്ക്ക് കാരണം എന്ന വ്യാജപ്രചരണം നടത്തി, മനുഷ്യത്വരഹിതമായ, അയവില്ലാത്ത കുടിയേറ്റവിരുദ്ധനയങ്ങൾക്കായി ശബ്ദമുയർത്തുന്നു.
മുതലാളിത്തം അനിവാര്യമായും കമ്പോളപ്രതിസന്ധിക്ക് ജന്മം നൽകുന്നു. മറുകരയില്ലാത്ത ഈ കമ്പോളപ്രതിസന്ധിയിൽ, ജനങ്ങളുടെ ക്രയശേഷി നിരന്തരം കുറയുന്നു, അമിതോൽപ്പാദനത്തിന്റെ മഹാമാരി വേരുറപ്പിക്കുന്നു. ഇത് വ്യവസായമുരടിപ്പിലേക്കും, സാമ്പത്തികമാന്ദ്യത്തിലേക്കും നയിച്ച്, ആളുകളെ പാപ്പരാക്കി കമ്പോളപ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നു. കമ്പോളപ്രതിസന്ധിയെ മറികടക്കാനായി രണ്ടു ലോകയുദ്ധങ്ങളാണ് മുതലാളിത്തം നടത്തിയത്. എന്നിട്ടും അത് ഇരട്ടിയായി. സമ്പദ്ഘടനക്ക് കൃത്രിമമായ ഉണർവുനൽകാനായി അത് സൈനിക-വ്യവസായ സങ്കരത്തെ വളർത്തി. അവിടെ കുത്തകകളും ആയുധവ്യാപാരികളും ഉൽപ്പാദിപ്പിച്ച ആയുധങ്ങൾ, രാജ്യങ്ങൾ ജനങ്ങളുടെ പണമെടുത്ത് വാങ്ങി ഈ വ്യവസായത്തെയും ആയുധ ഉൽപ്പാദകരുടെ ലാഭത്തേയും മുന്നോട്ടു നയിച്ചു. പിന്നീട് അത് യുദ്ധഭീതി വളർത്തി, ചിലപ്പോൾ പ്രാദേശികയുദ്ധങ്ങളും സംഘടിപ്പിച്ച് ആയുധങ്ങൾ ഉപയോഗപ്പെടുത്തുകയും, സൈനിക-വ്യവസായ സങ്കരത്തെ നിലനിർത്താൻ, ആയുധങ്ങൾ വീണ്ടും നിറയ്ക്കുവാനുള്ള അവസരം ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ, ജനാധിപത്യത്തിന്റെ കാവലാളെന്ന് സ്വയം നടിക്കുന്ന അമേരിക്ക, അസംഖ്യം നിർദോഷികളായ ജനങ്ങളെ കുരുതികൊടുത്തുകൊണ്ടുപോലും തങ്ങളുടെ പ്രതിസന്ധിഗ്രസ്തമായ സമ്പദ്‌വ്യവസ്ഥയ്ക്ക് ജീവൻ നിലനിർത്താൻ എത്രയോ യുദ്ധങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കി. ഇന്ന് കൂടുതൽ ഭയാനകമായ പ്രതിസന്ധിയിൽ അവർ നാറ്റോയുടെ ചെലവിനെക്കുറിച്ച് ആവർത്തിക്കുന്നു, പക്ഷേ മറ്റ് കൂട്ടുകെട്ടുകൾ പരീക്ഷിക്കുന്നു. പ്രതിസന്ധി മറികടക്കാൻ മുതലാളിത്തം നിർദേശിച്ച ആഗോളവൽക്കരണം തിരിച്ചടിച്ചു. ഇപ്പോളത്, അപകടകാരിയായ സംരക്ഷണവാദം പരീക്ഷിക്കുന്നു. ഇത് സാമ്രാജ്യത്വവാദികളും സോഷ്യലിസ്റ്റുകളും തമ്മിലുള്ള ശീതയുദ്ധമല്ല. സോഷ്യലിസ്റ്റ് ചേരിയില്ലാത്ത ലോകത്ത് കമ്പോളത്തിനായുള്ള സാമ്രാജ്യത്വ ആർത്തികൊണ്ടു തന്നെ അത് ആവശ്യത്തിന് ചുട്ടുപഴുത്തിരിക്കുന്നു. റഷ്യയും ചൈനയുമൊക്കെ ഇന്ന് സാമ്രാജ്യത്വത്തിന്റെ എല്ലാ തിന്മകളും പേറുന്നു. മുതലാളിത്തത്തെ തകർത്തെറിയുകയല്ലാതെ, അതിന്റെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് ഈ പ്രതിസന്ധിക്ക് ശമനം കാണാനാകില്ലെന്നത് സംശയലേശമന്യേ തെളിഞ്ഞിരിക്കുന്നു. ഇതാണ് ഇന്ന് മനുഷ്യരാശിക്കുമുന്നിലുള്ള ചരിത്രപരമായ ദൗത്യം. ഒരു വിപ്ലവത്തിലൂടെ ഈ വ്യവസ്ഥിതിയെ വേരോടെ പറിച്ചെറിയാതെ ഈ ദൗത്യം പരിപൂർണമാകില്ല. ഇതേ ചൂഷണസംവിധാനത്തിന്റെ സംരക്ഷണത്തിലുള്ള, ചൂഷണത്തിലും വഞ്ചനയിലും മുങ്ങിക്കുളിക്കുന്ന ഭരണയന്ത്രത്തിനു കീഴിലെ തെരഞ്ഞെടുപ്പുകളിലൂടെ സ്ഥിതിക്കു മാറ്റമുണ്ടാകില്ല. സുദീർഘമായ തയ്യാറെടുപ്പാണ് വിപ്ലവം ആവശ്യപ്പെടുന്നത്. അതിനിടയിൽ ബഹുജനപ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച് ഘട്ടംഘട്ടമായി വളർത്തിയെടുക്കേണ്ടതുണ്ട്. അതിലൂടെ ഒരു യഥാർത്ഥ വിപ്ലവനേതൃത്വം ഉയർന്നുവരികയും, അന്തിമവിപ്ലവപോരാട്ടത്തിന് അവർക്ക് പ്രേരകമാവുകയും ചെയ്യും. സാമ്രാജ്യത്വ ചുങ്കയുദ്ധത്തിനെതിരായ ജനകീയപ്രക്ഷോഭം ഇത്തരം ബഹുജനപ്രക്ഷോഭങ്ങളുടെ ഭാഗമാണ്.
ഇപ്പോഴത്തെ വാണിജ്യ, അഥവാ ചുങ്കയുദ്ധവും, അപരിഹാര്യമായ കമ്പോളപ്രതിസന്ധി കേന്ദ്രമാക്കി സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങൾക്കിടയിലെ വൈരുദ്ധ്യങ്ങളിലും കലഹങ്ങളിലും നിന്ന് ഉയർന്നുവന്നിട്ടുള്ളതാണ്. ഈ രാജ്യങ്ങളിലെ കുത്തകകൾക്ക് പരമാവധിലാഭം കൈക്കലാക്കുന്നതിന് സഹായിക്കാൻ മാത്രം ലക്ഷ്യമിടുന്നതാണ് അത്. ഈ രാജ്യങ്ങളിലെ മുതലാളിമാരാൽതന്നെ ചൂഷണം ചെയ്യപ്പെട്ട് തൊലിയുരിക്കപ്പെടുന്ന അവിടങ്ങളിലെ സാധാരണജനങ്ങളുടെ താൽപ്പര്യങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല. ജനങ്ങൾ അതിൽനിന്നും യാതൊന്നും തന്നെ നേടുന്നുമില്ല. സാമ്പത്തികദേശീയവാദം എന്നൊക്കെയുള്ള മേലങ്കിയണിഞ്ഞുവരുന്ന സങ്കുചിതദേശീയതയുടെ മുദ്രാവാക്യങ്ങൾ കേട്ട് അവർ വഴിതെറ്റിപ്പോകരുത്. പകരം, ഇത്തരം ജനവിരുദ്ധ പദ്ധതികളും, വാണിജ്യയുദ്ധങ്ങളും അവസാനിപ്പിക്കണമെന്ന മുദ്രാവാക്യമാണ് അവർ ഉയർത്തേണ്ടത്. ഇത്തരം ഹീനമായ പരിശ്രമങ്ങൾ നിർത്താനാണ് അവർ തങ്ങളുടെ സർക്കാരുകൾക്കുമേൽ സമ്മർദം ചെലുത്തേണ്ടത്. ലോകവ്യാപാരം ന്യായാനുസൃതമായി, പരസ്പരപ്രേരകമായ തരത്തിൽ നടത്തണമെന്നാണ് അവർ ആവശ്യമുയർത്തേണ്ടത്. ഇപ്പോഴത്തെ താരിഫ് യുദ്ധം അതിന്റെ പാതയിൽ അവശേഷിപ്പിക്കുന്ന പാഠം ഇതാണ്.

 

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp