ത്രിപുര, മേഘാലയ, നാഗാലാന്റ് തെരഞ്ഞെടുപ്പ്: ബിജെപി വിജയം നൽകുന്ന സൂചനയെന്ത് ?

ത്രിപുര, നാഗാലാന്റ്, മേഘാലയ സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്നു തെരഞ്ഞെടുപ്പിൽ ത്രിപുര പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ഇടതെന്നറിയപ്പെടുന്ന സിപിഐ(എം)ന്റെ കാൽനൂറ്റാണ്ടുകാലത്തെ വാഴ്ചയ്ക്ക് അന്ത്യംകുറിച്ചുകൊണ്ട് കടുത്ത വർഗീയ-വലതുപക്ഷ കക്ഷിയായ ബിജെപി ത്രിപുരയിൽ വൻവിജയം നേടി. വിഘടനവാദ കാഴ്ചപ്പാടുള്ള ആദിവാസി സംഘടനയായ ഐപിഎഫ്റ്റി(ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര)യുമായി ചേർന്ന് ബിജെപി 60 സീറ്റിൽ 43 സീറ്റ് നേടിയപ്പോൾ സിപിഐ(എം) 16 സീറ്റിൽ ഒതുങ്ങി.

മേഘാലയയിൽ രണ്ടുതവണ ഭരണം കയ്യാളിയ കോൺഗ്രസ് മുന്നണിയും പരാജയപ്പെട്ടു. പ്രാദേശിക പാർട്ടിയായ എൻപിപിയും ബിജെപിയും ചേർന്ന സഖ്യമാണിവിടെ അധികാരത്തിൽ വന്നത്. എൻപിപി 59ൽ 19 സീറ്റ് നേടി. ബിജെപിക്ക് രണ്ട് സീറ്റുകിട്ടി. മൂന്ന് പ്രാദേശിക പാർട്ടികൾ കൂടി പിന്തുണച്ചതോടെ അവർക്ക് ഭൂരിപക്ഷമായി. നാഗാലാന്റിലും പ്രാദേശിക പാർടിയായ എൻഡിപിപി 60ൽ 18 സീറ്റ് നേടി. ബിജെപിക്ക് 12 സീറ്റ്. മറ്റ് പ്രാദേശികകക്ഷികളും സ്വതന്ത്രരുമടക്കം നാലുപേർ കൂടി പിന്തുണച്ചതോടെ ഭരണം ഉറപ്പായി. ബൂർഷ്വാസിയുടെ വിശ്വസ്ത രാഷ്ട്രീയ സംഘടനയായ കോൺഗ്രസിന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നല്ല സ്വാധീനമുണ്ടായിരുന്നു. ഇക്കുറി ത്രിപുരയിലും നാഗാലാന്റിലും അവർക്ക് ഒറ്റ സീറ്റുപോലും നേടാനായില്ല. മേഘാലയയിൽ പത്തു വർഷമായി ഭരിക്കുന്ന അവർക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ കഴിഞ്ഞെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം മേടാനായില്ല. മിസോറാമിൽ മാത്രമാണ് അവർക്ക് ഭരണമുള്ളത്.
വടക്കുകിഴക്കൻ മേഖലയിൽ വിഘടനവാദികളായ പ്രാദേശിക പ്രസ്ഥാനങ്ങളുമായി ചേർന്ന് ആസ്സാം, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇപ്പോൾത്തന്നെ ബിജെപി അധികാരം കയ്യാളുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപിയുടെ ഗംഭീരവിജയം ഉയർത്തിക്കാണിച്ചുകൊണ്ട് ഒരു വിഭാഗം മാദ്ധ്യമങ്ങൾ ഉത്സാഹപൂർവ്വം രംഗത്തുവന്നു. എന്നാൽ നാഗാലാന്റിലും മേഘാലയയിലും പ്രാദേശിക പാർട്ടികളുടെ തോളിലേറിയാണ് ബിജെപി അധികാരിത്തിലെത്തിയത്. ത്രിപുരയിലെ ജനവിധി മാത്രമാണ് വ്യക്തമായ ചിത്രം സമ്മാനിക്കുന്നത്. അവിടെയാകട്ടെ കടുത്ത വർഗീയ പ്രചാരണം നടത്തിയും കേന്ദ്രം ഭരിക്കുന്ന കക്ഷിയെന്ന നിലയിൽ ആ സാഹചര്യം ഉപയോഗപ്പെടുത്തി വികസനം ഉറപ്പാക്കാമെന്ന വ്യാമോഹം വോട്ടർമാരിൽ പടർത്തിയുമാണ് അവർ വിജയിച്ചത്. സൂത്രശാലികളായ ആർഎസ്എസ് പ്രവർത്തകർ ആവിഷ്‌കരിച്ച തന്ത്രത്തിലൂടെ അവർക്ക് പൂജ്യത്തിൽ നിന്ന് 35 ആയി സീറ്റുകൾ ഉയർത്താൻ കഴിഞ്ഞു. സംസ്ഥാനത്തിന്റെ മുക്കിനുംമൂലയിലും വരെ അധികാരം ചെലുത്താൻകഴിഞ്ഞ സിപിഐ(എം) എന്ന ദുഷ്ടശക്തിയുടെ ദീർഘകാലമായി നിലനിന്ന ഭീകരഭരണത്തിനാണ് ഇതിലൂടെ വിരാമമായത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ സിപിഐ(എം) സ്തബ്ധമായിപ്പോയി. 45 ശതമാനം വോട്ടുനേടാനായത് പറഞ്ഞാണ് അവർ ജനങ്ങളെ, സ്വന്തം അണികളെത്തന്നെയും ആശ്വസിപ്പിച്ചത്. ബിജെപിയുടെ വിജയം അക്രമമഴിച്ചുവിട്ടും പണമൊഴുക്കിയും നേടിയതാണെന്നാണ് അവരുടെ ഔദ്യോഗിക ഭാഷ്യം. അല്ലാതെയുള്ള സംസാരങ്ങളിൽ, ആദിവാസികൾ ആനുകൂല്യങ്ങളിലും പൊള്ളയായ വാഗ്ദാനങ്ങളിലും വീണുപോയെന്ന് അവർ കുറ്റപ്പെടുത്തുന്നു. ആദിവാസികളല്ലാത്തവർ വിഘടന രാഷ്ട്രീയത്തിന് ഇരയായെന്നും പരാതിപ്പെടുന്നു. എന്തായാലും ബിജെപിയുടെ വിജയം അത് ഗംഭീരമാണെങ്കിലും അല്ലെങ്കിലും, ഇടതുപക്ഷ രാഷ്ട്രീയ വിശ്വാസികൾക്ക് കനത്ത ആഘാതമായി എന്നതൊരു വസ്തുതയാണ്. മഹാനായ ലെനിന്റെ പ്രതിമ തകർത്തതടക്കം പിന്നീടുണ്ടായ സംഭവങ്ങൾ അവരുടെ ആശങ്ക അസ്ഥാനത്തായിരുന്നില്ല എന്ന് തെളിയിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ശ്രദ്ധാപൂർവ്വമുള്ള ഒരു പരിശോധന ആവശ്യമായിരിക്കുന്നു.

വടക്കു കിഴക്കൻ
സംസ്ഥാനങ്ങൾ പറയുന്നത്
വികസനരാഹിത്യത്തിന്റെയും
ചൂഷണത്തിന്റെയും അനുഭവങ്ങൾ

തെരഞ്ഞെടുപ്പ് വിശകലനത്തിലേയ്ക്ക് കടക്കുന്നതിനുമുമ്പ് ചില കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നിവ കൂടാതെ ആസ്സാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറം എന്നീ സംസ്ഥാനങ്ങൾക്കും പറയാനുള്ളത് ഒരേ പരാധീനതകളും പ്രശ്‌നങ്ങളുമാണ്. ഈ സംസ്ഥാനങ്ങളെല്ലാം നിർദ്ദയമായ ചൂഷണവും ക്രൂരമായ അടിച്ചമർത്തലും കടുത്ത വഞ്ചനയും നിറഞ്ഞ ഒരു മുതലാളിത്ത വ്യവസ്ഥയ്ക്കു കീഴിലാണ് നിലനിൽക്കുന്നത്. കുതിച്ചുയരുന്ന വിലവർദ്ധന, പെരുകുന്ന തൊഴിലില്ലായ്മ, സുരക്ഷിതവും മാന്യവുമായൊരു ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ മാഞ്ഞുപോകൽ, പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനായി ജനാധിപത്യാവകാശങ്ങളും ട്രേഡ് യൂണിയൻ അവകാശങ്ങൾപോലും കവർന്നെടുക്കപ്പെടുന്നത് തുടങ്ങിയവയൊക്കെയാണ് തീവ്രമായ സാമ്പത്തിക ചൂണഷണത്തിലൂടെ ഈ വ്യവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതിനൊക്കെപ്പുറമെ, അഴിമതി, നിരന്തരമായ കുറ്റകൃത്യങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും മേലുള്ള അതിക്രമങ്ങൾ തുടങ്ങിയ്‌ക്കൊക്കെ ജന്മം നൽകുന്ന സാംസ്‌കാരിക-ധാർമ്മിക തകർച്ച സുരക്ഷിതമായൊരു ജീവിതം രാജ്യത്താകെ അസാദ്ധ്യമാക്കിയിരിക്കുകയാണ്. ഇതിനൊക്കെ പുറമെ ഈ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് അവരുടേതായ പ്രശ്‌നങ്ങൾ വേറെയുമുണ്ട്. സ്വർഗരാജ്യം എന്ന് പ്രകീർത്തിച്ചുകൊണ്ട് രണ്ടാനമ്മയെപ്പോലെ അവഗണിക്കുക എന്നതായിരുന്ന ഭരണക്കാർ ഇത്രയുംകാലം ഈ സംസ്ഥാനങ്ങളോട് വച്ചുപുലർത്തിയിരുന്ന സമീപനം. നാമമാത്രമായ വ്യവസായങ്ങൾ, കാലഹരണപ്പെട്ട കൃഷിരീതികൾ, പരിതാപകരമായ ഗതാഗത-വാർത്താവിനിമയ സംവിധാനങ്ങൾ എന്നിവയൊക്കെയാണ് ഈ മേഖലയുടെ മുഖമുദ്രകൾ. കാടും മലയും നിറഞ്ഞ മേഖലയായതുകൊണ്ടാണ് ഒന്നും ചെയ്യാനാവാത്തതെന്നാണ് അധികാരികളുടെ വിശദീകരണം. അതുകൊണ്ടുതന്നെ അസഹനീയമായ ദാരിദ്ര്യം, കടുത്ത തൊഴിലില്ലായ്മ, ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ, ഗതാഗത മാർഗ്ഗങ്ങളുടെ അഭാവം എന്നിവയൊക്കെ ഇവിട വേണ്ടുവോളമുണ്ട്. ആകെക്കൂടി നോക്കുമ്പോൾ തീർത്തും ദയനീയമായ അവസ്ഥ. കേന്ദ്ര ഗവൺമെന്റിന്റെ ധനസഹായത്തെ ആശ്രയിച്ചാണ് ഇവയുടെ നിലനിൽപ്പ്. അതുകൊണ്ടുതന്നെ അവസരവാദികളും അധികാരമോഹികളുമായ ഇവിടങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങളും പ്രാദേശിക മുതലാളിമാരുമൊക്കെ കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നവരോട് ഒട്ടി നിൽക്കുന്ന പ്രവണതയും ശക്തമാണ്. കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടാകുമ്പോൾ ഇവരും കാറ്റാടിപോലെ അങ്ങോട്ട് ചായുന്നു. കോൺഗ്രസിന്റെ സാദ്ധ്യതമങ്ങിയതോടെ കോൺഗ്രസുകാരെല്ലാം ബിജെപിയിൽ ചേക്കേറുന്നതാണ് ഇവിടെയെല്ലാം കാണാൻ കഴിഞ്ഞത്. അധികാരത്തിലെത്തിയാൽ ജനങ്ങൾക്കുവേണ്ടി ചെലവഴിക്കേണ്ട പണം ഇവർ സ്വന്തം കീശയിലാക്കുകയും ചെയ്യും. ഫണ്ടെല്ലാം സ്വന്തമാക്കാനുള്ള അധികാരം ജനപ്രതിനിധികൾ എന്ന നിലയിൽ തങ്ങൾക്കുണ്ടെന്ന് ഇവർ കരുതുന്നു. തൊഴിലും ജീവിതമാർഗവുമില്ലാതെ യുവാക്കൾ മയക്കുമരുന്നിന് അടിമകളാകുകയും മയക്കുമരുന്ന് കടത്ത് അടക്കമുള്ള അധാർമ്മികമായ ജീവിതരീതികൾ അവലംബിക്കുകയും ചെയ്യുന്നു. വ്യത്യസ്തമായ സംസ്‌കാരവും സ്വഭാവരീതികളുമുള്ള അനേകം വംശീയ വിഭാഗങ്ങൾ ഇവിടെയുണ്ട്. സങ്കുചിതദേശീയവാദവും പ്രാദേശികവാദവും വിഭാഗീയതയും വിഘടനവാദവുമൊക്കെ പ്രയോഗിച്ച് മുതലെടുപ്പ് നടത്താൻ ഇത് ഭരണാധികാരികൾക്കും പ്രാദേശിക മുതലാളിമാർക്കും അവസരമൊരുക്കുന്നു. അനിശ്ചിതമായ ഭാവിയും ജീവിത ദുരിതങ്ങളുംമൂലം നിരാശരാകുന്ന യുവതലമുറ തങ്ങളുടെ ദുരിതങ്ങൾക്കെല്ലാം കാരണമായ ശക്തികൾക്കെതിരെ നിലകൊള്ളുന്നതിന് പകരം ഭ്രാതൃഹത്യയെന്ന ദൂഷിതവലയത്തിൽ അകപ്പെട്ടുപോകുന്നു. ഒരേ ഭരണാധികാരികൾതന്നെ വിഭാഗീയത ഊട്ടിവളർത്തി മുതലെടുക്കുകയും അധികാരത്തിലെത്തുമ്പോൾ വിഭാഗീയതയും ഭീകരതയും അമർച്ചചെയ്യാനെന്ന പേരിൽ അവർക്കുമേൽ ബലപ്രയോഗം നടത്തുകയും ചെയ്യുന്നു. അങ്ങനെ ഈ മേഖലയിലെ ജനങ്ങളാകെ ക്രൂരമായ അടിച്ചമർത്തലിന്റെയും നിർദ്ദാക്ഷിണ്യമായ വിവേചനത്തിന്റെയും ഇരുതലമൂർച്ചയുള്ള വാളിന് നിരന്തരം ഇരയായിക്കൊണ്ടിരിക്കുന്നു.

സിപിഐ(എം) ഒരു ബൂർഷ്വാ
പാർട്ടിയെപ്പോലെഭരിച്ച് ജനങ്ങളുടെ വെറുപ്പ് മാത്രം സമ്പാദിച്ചു

ഈ പശ്ചാത്തലത്തിലാണ് ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കാൽനൂറ്റാണ്ടുകാലത്തോളം സിപിഎം(എം) ഭരണം നിലനിന്നു എന്നത് ത്രിപുരയെ വ്യത്യസ്തമാക്കുന്നുണ്ട്. ഇവിടെ മുതലാളിത്ത ഭരണത്തിന്റെ എല്ലാ തിന്മകളും പൂർണാർത്ഥത്തിൽ നിലനിന്നിരുന്നു. അതുകൂടാതെയാണ് വടക്കുകിഴക്കൻ സംസ്ഥാനമെന്ന നിലയിൽ അനുഭവിക്കേണ്ടിവന്ന സവിശേഷമായ ദുരിതങ്ങളും, കാർഷികമേഖലയുടെ വികാസത്തിനോ ഗതാഗത-വാർത്താവിനിമയ മേഖല കെട്ടിപ്പടുക്കാനോ ആരോഗ്യ-വിദ്യാഭ്യാസമേഖല ശക്തിപ്പെടുത്താനോ ഇഷ്ടികക്കളങ്ങളും തേയില വ്യവസായവുമല്ലാതെ പ്രകൃതി വിഭവങ്ങൾ ഉപയോഗപ്പെടുത്തി വ്യവസായമേഖല പുഷ്ടിപ്പെടുത്താനോ ഉള്ള ഒരു ശ്രമവും ഇക്കാലമത്രയും ഭരിച്ചവർ നടത്തിയില്ല. കടുത്ത ദാരിദ്ര്യം, കുറഞ്ഞ മൂലധന രൂപീകരണം, അസഹ്യമായ തൊഴിലില്ലായ്മ, കരാർ തൊഴിൽ തുടങ്ങിയവയൊക്കെയായിരുന്നു ഇതിന്റെ പരിണതഫലം. രാജ്യത്ത് മുതലാളിത്ത വ്യവസ്ഥ നിലനിൽക്കുവോളം ത്രിപുരയ്ക്ക് അതിന്റെ കെടുതികളിൽനിന്ന് മോചനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാകില്ലല്ലോ. എന്നാൽ മാർക്‌സിസ്റ്റെന്ന്, ചുരുങ്ങിയപക്ഷം ജനപക്ഷമെന്ന് അവകാശപ്പെടുന്ന ഒരു ഗവൺമെന്റ് ഭരിക്കുമ്പോൾ ബൂർഷ്വാ ഭരണത്തിൽ നിന്ന് ഒരൂ വ്യത്യാസം ഉണ്ടാകുമെന്ന് ജനങ്ങൾ കരുതുക സ്വാഭാവികമല്ലേ? ഗവൺമെന്റ് മാറുന്നതുകൊണ്ടുമാത്രം ജീവിതദുരിതങ്ങൾക്ക് അവസാനമുണ്ടാകില്ല എന്ന് ജനങ്ങളെ പഠിപ്പിക്കാൻ ഇടതുപക്ഷ ഗവൺമെന്റ് ബാദ്ധ്യസ്ഥമായിരുന്നില്ലേ? അതുപോലെതന്നെ ഇക്കൂട്ടർ ഭരിക്കുമ്പോൾ അഴിമതിക്ക് പരമാവധി തടയിടാൻ ശ്രമിക്കേണ്ടതായിരുന്നില്ലേ? മുതലാളിത്ത സംവിധാനത്തിലെ ജനവിരുദ്ധമായ ഉദ്യോഗസ്ഥ സംവിധാനത്തിന് തടയിട്ടുകൊണ്ട് ജനാനുകൂലമായ ഒരു ഭരണം കാഴ്ചവയ്ക്കാനും ശ്രമിക്കേണ്ടതായിരുന്നില്ലേ? അതുപോലെതന്നെ കാലങ്ങളായി അടിഞ്ഞുകൂടിയ ദുരിതങ്ങളിൽനിന്ന് ജനങ്ങൾക്ക് കഴിയുന്നത്ര ആശ്വാസം പകരുന്ന നടപടികൾ ഒന്നൊന്നായി ആവിഷ്‌ക്കരിക്കാനും അവർക്ക് കഴിയേണ്ടതല്ലായിരുന്നോ? ഇക്കാര്യത്തിൽ ജനങ്ങളെ അണിനിരത്തി കേന്ദ്രത്തിനുമേൽ സമ്മർദ്ദം ചെലുത്തി അവകാശങ്ങൾ പിടിച്ചുപറ്റാനും ശ്രമിക്കാമായിരുന്നു. അതുപോലെതന്നെ പ്രധാനമായിരുന്നു ജനങ്ങളുടെ സമരങ്ങൾ വളർന്നുവരുന്നുവെന്നും അത് ഗവൺമെന്റ് അടിച്ചമർത്തുന്നില്ല എന്നും ഉറപ്പാക്കേണ്ടതും. എന്നാൽ ജനങ്ങളുടെ ഈ പ്രതീക്ഷകൾ നിറവേറ്റുന്നതിനുപകരം ഒരു ബൂർഷ്വാ ഗവൺമെന്റിനെപ്പോലെ ഭരിക്കാനാണ് ഇടതെന്നവകാശപ്പെടുന്ന സിപിഐ(എം)ന്റെ സർക്കാർ ശ്രമിച്ചത്.

ഒരു ബൂർഷ്വാ ഗവൺമെന്റിനെപ്പോലെ അഴിമതിനിറഞ്ഞതും അടിച്ചമർത്തൽ സ്വഭാവത്തിലുള്ളതുമായ പോലീസ് ഉദ്യോഗസ്ഥ സംവിധാനത്തെ ആശ്രയിച്ച് ഭരണം നടത്താനും മുതലാളിത്ത വ്യവസ്ഥ ജനങ്ങൾക്ക് സമ്മാനിച്ച ദുരിതങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കാനുമാണ് ത്രിപുരയിലെ സിപിഐ(എം)ഗവൺമെന്റ് ശ്രമിച്ചത്.
ഗ്രാന്റായി ലഭിക്കുന്ന പണമെല്ലാം ഭരണം നിലനിർത്താൻ വേണ്ടി ദുരുപയോഗം ചെയ്യുകയായിരുന്നു അവർ. ആനുകൂല്യങ്ങൾ നൽകിയും ഇഷ്ടപ്പെട്ടവർക്ക് സഹായങ്ങൾ ചെയ്തും പിന്തുണ പിടിച്ചുപറ്റി അധികാരത്തിൽ കടിച്ചൂതൂങ്ങുക എന്നതായിരുന്നു അവരുടെ ശൈലി. സ്വാഭാവികമായും വിശേഷാവകാശങ്ങൾ നേടിയെടുക്കുന്ന ഒരു വലിയ വിഭാഗം ഉയർന്നുവന്നു. അധികാരമോഹികളായ ഇവർ ലൈസൻസും പെർമിറ്റുമൊക്കെ നേടിയെടുത്തുകൊണ്ട് റിയൽ എസ്റ്റേറ്റ് ബിസിനസ്സും മറ്റും കൊഴുപ്പിച്ചെടുത്തു. പാർട്ടിയും ഗവൺമെന്റ് സംവിധാനവും അവർക്ക് സുരക്ഷാകവചം തീർത്തു. ജീവിതത്തിന്റെ എല്ലാ തുറകളിലും ഇവർ ശക്തരായിത്തീർന്നു. സംസ്ഥാനത്തെവിടെയും സിപിഐ(എം)ന്റെ സംഘടനാശക്തി ഉപയോഗപ്പെടുത്തി ജനങ്ങൾക്കുമേൽ അധികാരം പ്രയോഗിച്ചു. ജനങ്ങളെ അവർ പിഴിഞ്ഞൂറ്റി, അപമാനിച്ചു, വിരട്ടി, അടിച്ചമർത്തി. ഇതെല്ലാം ജനങ്ങളിൽ കടുത്ത അസംതൃപ്തിയും വെറുപ്പും സൃഷ്ടിച്ചു.

ഏതൊരു വടക്കുകിഴക്കൻ സംസ്ഥാനത്തെയുംപോലെ ത്രിപുരയിലെയും ആദിവാസികൾ ഏറ്റവുമധികം അടിച്ചമർത്തലിന് ഇരയാകുന്നവരായിരുന്നു. ന്യായമായ ആവശ്യങ്ങളെ മുൻനിർത്തി അവരെ സംഘടിപ്പിക്കാനോ നിലനിൽക്കുന്ന ചൂഷണ സംവിധാനത്തെക്കുറിച്ച് അവരിൽ അവബോധം വളർത്താനോ ശ്രമമുണ്ടായില്ല. ആദിവാസി വിഭാഗങ്ങളിൽ പരസ്പര ശത്രുത വളർത്തി തമ്മിലടിപ്പിക്കാനാണ് അവർ ശ്രമിച്ചത്. കോൺഗ്രസ് ഹ്രസ്വകാലം ഭരിച്ചപ്പോൾ അവരുടെ സ്വാധീനത്തിലായ ആദിവാസി സംഘടനയെ തുരത്താനായി സിപിഐ(എം) അക്രമമഴിച്ചുവിട്ടു. ആനുകൂല്യങ്ങൾ നൽകിയും അവരുടെ ദൗർബല്യങ്ങൾ മുതലെടുത്തും വോട്ടുബാങ്ക് സൃഷ്ടിക്കാനാണ് അവർ ശ്രമിച്ചത്.
അഴിമതിയാകട്ടെ വ്യാപകമായിരുന്നു. വ്യക്തികളുടെ സ്വകാര്യജീവിതത്തിൽവരെ പാർട്ടി കടന്നുകയറി ഭീതി നിറച്ചു. നിരന്തരമായ ഭീഷണിയും സമ്മർദ്ദവും ബംഗാളിലെപ്പോലെതന്നെ ത്രിപുരയിലും ജനങ്ങളിൽവല്ലാത്ത മടുപ്പുണ്ടാക്കി. അവർക്ക് സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിഞ്ഞില്ല. ആദിവാസി വിഭാഗങ്ങൾ അങ്ങേയറ്റം ആശങ്കാകുലരായിരുന്നു. ആദിവാസികളും ആദിവാസികളല്ലാത്ത വിഭാഗങ്ങളും തമ്മിലുള്ള അന്തരവും ശത്രുതയും മൂർച്ഛിച്ചുവന്നു. ആനുകൂല്യങ്ങൾക്കും വിശേഷാവകാശങ്ങൾക്കും പിന്നാലെ പായുന്ന ഒരു വിഭാഗം ആദിവാസികളിൽ പ്രബലമായി. കൂടുതൽ ആനുകൂല്യങ്ങൾ കിട്ടുന്നിടത്തേയ്ക്ക് അവർ യാതൊരു ഉളുപ്പുമില്ലാതെ കൂറുമാറി. ഇത്തരമൊരു ഭരണം സ്വാഭാവികമായും വ്യാപകമായ അസംതൃപ്തിക്കും രോഷത്തിനും കാരണമായി. ഈ യാഥാർത്ഥ്യം മനസ്സിലാക്കുവാൻ അധികാരത്തിന്റെ മുഷ്‌കുമൂലം സിപിഐ(എം)ന് സാധിച്ചില്ല.
പണത്തിന്റെ കത്തൊഴുക്കായിരുന്നു തെരഞ്ഞെടുപ്പിലെന്ന് തോൽവിക്കുശേഷം അവർ കുറ്റപ്പെടുത്തി. ബിജെപി നേതാക്കൾ പണം വാരിവിതറുന്നതിന്റെ വീഡിയോ വൈറലായി. കൈയൂക്കും കാര്യമായ പങ്കുവഹിച്ചുവെന്ന് അവർ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നവർ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുക സാധാരണയാണ്. ചിലപ്പോൾ വർഗ്ഗീയ പ്രചാരണത്തെക്കുറിച്ചും ജനങ്ങളിൽ വിഭാഗീയത സൃഷ്ടിച്ചതിനെക്കുറിച്ചുമൊക്കെ പരാമർശമുണ്ടാകും. വിജയിച്ചവരാകട്ടെ ഇതെല്ലാം നിഷേധിക്കും. ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചവർ മറ്റൊരു തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ ഇതുപോലെതന്നെ പരാതിക്കാരായി മാറും. സ്വന്തം പാപങ്ങൾ അവർ വിസ്മരിക്കും. ബംഗാളിൽ തെരഞ്ഞെടുപ്പിനുമുമ്പ് ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് വെള്ളവസ്ത്രം നൽകുന്ന പതിവുണ്ട്. തെരഞ്ഞെടുപ്പിൽ ഇവർക്കെതിരെ നിലപാടെടുത്താൽ വിധവയാക്കപ്പെടുമെന്നും ഈ വെള്ളവസ്ത്രം ധരിക്കേണ്ടിവരുമെന്നുമാണ് വിവക്ഷ. ഇത് ഭീകരതയല്ലേ? ഇതാരെങ്കിലും സമ്മതിക്കാറുണ്ടോ? തെരഞ്ഞെടുപ്പിന് തലേന്ന് രാത്രി പ്രമുഖ പാർട്ടിയുടെ ഗുണ്ടകൾ ഗ്രാമങ്ങളിൽ പണവും മദ്യവുമൊക്കെയായി കയറിയിറങ്ങുന്നത് തടയാൻ പ്രതിപക്ഷം ഉറക്കമിളച്ച് കാത്തിരിക്കാറുണ്ട്. ജനങ്ങളെ പ്രലോഭിപ്പിച്ച് വോട്ടുനേടുകയും അധികാരത്തിലെത്തിയാൽ അവരെ പ്രഹരിക്കുകയുമല്ലേ ഇവർ ചെയ്യുന്നത്? എല്ലാ സംസ്ഥാനങ്ങളിലും ഇതുതന്നെയല്ലേ സ്ഥിതി. കുത്തകകൾക്കുവേണ്ടി, പണവും കൈയൂക്കും മാദ്ധ്യമങ്ങളും ഉദ്യോഗസ്ഥ സംവിധാനവും നിയന്ത്രിക്കുന്ന ഒരു ഏർപ്പാടായി തെരഞ്ഞെടുപ്പുകൾ അധഃപതിച്ചിരിക്കുന്നു. അവർതന്നെ ഫലവും നിശ്ചയിക്കുന്നു. സിപിഐ(എം) ഭരണത്തോടുള്ള വെറുപ്പ് വ്യാപകമായിരുന്ന ത്രിപുരയിൽ ഈ അവിശുദ്ധ കൂട്ടുകെട്ട് പ്രവർത്തനക്ഷമമായിരുന്നു എന്നാണ് റിപ്പോർട്ടുകളിൽനിന്ന് വ്യക്തമാകുന്നത്. ഈ സാഹചര്യം ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി നന്നായി ഉപയോഗപ്പെടുത്തുകയും ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കുകയും ചെയ്തു. സിപിഐ(എം) ഒരു മുങ്ങുന്ന കപ്പലാണ് എന്ന് തിരിച്ചറിഞ്ഞ മുതലാളിവർഗ്ഗം ബിജെപിക്ക് തുറന്ന പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.
എങ്ങനെയാണ് ഇടതെന്നറിയപ്പെടുന്ന ഒരു പാർട്ടിക്ക് ഇവ്വിധം ബൂർഷ്വാസിയുടേതിൽനിന്ന് യാതൊരു വ്യത്യാസവുമില്ലാതെ ഭരണം നടത്താനും കുത്തകാനുകൂല നയങ്ങൾ മാത്രം നടപ്പിലാക്കാനും ജനങ്ങളിൽ ഇത്രയേറെ വെറുപ്പ് സൃഷ്ടിക്കാനും കഴിയുക. ബിജെപിയെപ്പോലെ ഒരു കടുത്ത വലതുക്ഷ പിന്തിരിപ്പൻ പാർട്ടിക്ക് സിപിഐ(എം)നെ അധികാരത്തിൽനിന്ന് പുറന്തള്ളാൻ കഴിഞ്ഞത് ഇക്കാരണത്താലാണ്. മാർക്‌സിസ്റ്റ് പദാവലികൾ ഉരുവിട്ടാലും ഇടതുപക്ഷ കുപ്പായമണിഞ്ഞാലും സിപിഐ(എം) ഒരു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയാണെന്നും മൂലധനത്തിനും കൂലിക്കുമിടയിൽ സന്ധിമനോഭാവത്തോടെ നിലകൊള്ളുന്ന ഇവർ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്നും ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്.
മാർക്‌സിന്റെയും ലെനിന്റെയുമൊക്കെ കാലംമുതൽ ഇത്തരം സോഷ്യൽ ഡെമോക്രാറ്റിക് ശക്തികൾ, യഥാർത്ഥ കമ്മ്യൂണിസ്റ്റുകളിൽനിന്ന് വ്യത്യസ്തമായി, ജനവഞ്ചനയാണ് നടത്തിയിട്ടുള്ളത്. മുതലാളിത്ത വ്യവസ്ഥയുടെജീർണ്ണത പാരമ്യത്തിലെത്തിനിൽക്കുന്ന ഇന്ന് പണത്തിനും സ്ഥാനമാനങ്ങൾക്കുംവേണ്ടി പരക്കം പായുന്ന സോഷ്യൽ ഡെമോക്രാറ്റുകൾക്ക് മുതലാളിവർഗത്തെ സേവിക്കുകയല്ലാതെ വേറെ മാർഗമൊന്നുമില്ല. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരുന്നുവെങ്കിൽ സിപിഐ(എം) ഇങ്ങനെ പ്രവർത്തിക്കുമായിരുന്നില്ല. അവരുടെ ജനവിരുദ്ധവും കുത്തകാനുകൂലവുമായ നയങ്ങൾ ജനങ്ങളിൽ വെറുപ്പുളവാക്കുകയും ഏതൊരു ബൂർഷ്വാ പാർട്ടിയെയുംപോലെ ജനങ്ങൾ അവരെ ചോദ്യം ചെയ്യുകയും അവമതിക്കുകയും തള്ളിക്കളയുകയും ചെയ്തു. ഒരു ഇടതുപക്ഷ പാർട്ടിയെ അല്ലെങ്കിൽ ഒരു വലതുപക്ഷ പാർട്ടിയെ തെരഞ്ഞെടുക്കുക എന്നതായിരുന്നില്ല ജനങ്ങൾ അഭിമുഖീകരിച്ച സാഹചര്യം എന്നർത്ഥം.

അവസരവാദ രാഷ്ട്രീയം
സങ്കുചിതത്വത്തിനും
വിഭാഗീതയതയ്ക്കും കാരണമായി

സ്വാതന്ത്ര്യലബ്ധിമുതൽ മുതലാളിവർഗ്ഗ ചൂഷണത്തോടൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സവിശേഷ പ്രശ്‌നങ്ങൾകൂടി അനുഭവിച്ചുവരികയായിരുന്നു ഈ മേഖലയിലെ ജനങ്ങൾ. ത്രിപുരയിലാകട്ടെ ശരിയായ നേതൃത്വത്തിനുവേണ്ടി കാത്തിരുന്ന ജനങ്ങളെ നിരാശരാക്കിക്കൊണ്ട് സിപിഐ(എം) നടത്തിയ അടിച്ചമർത്തൽ ഭരണം ജനങ്ങളിൽ അസംതൃപ്തിയും അനിശ്ചിതത്വവും അരക്ഷിതാവസ്ഥയുമാണ് സൃഷ്ടിച്ചത്. ബിജെപി ഈ അവസരം ശരിക്ക് മുതലെടുത്തു. അസംതൃപ്തരെയും ഭാഗ്യാന്വേഷികളെയും അവർ ഒരുപോലെ വശത്താക്കി. മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകട്ടെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ ഇല്ലായിരുന്നുതാനും. പ്രാദേശിക-വിഭാഗീയ പ്രവണതകൾ ഊട്ടിവളർത്തിയ സംഘടനകൾ വിഘടനവാദപ്രവണതകൾപോലും ജനങ്ങളിൽ പോഷിപ്പിച്ചെടുത്തു. സൈനിക ശക്തിക്കുമുന്നിൽ ചത്തൊടുങ്ങാനായിരുന്നു യുവാക്കൾ നിയോഗിക്കപ്പെട്ടത്.
അതുകൊണ്ടുതന്നെ ജനങ്ങളുടെ ന്യായമായ ഡിമാന്റുകൾ ഉന്നയിച്ചുകൊണ്ടുള്ള സമരങ്ങൾ വളർന്നുവന്നില്ല. ഈ ശൂന്യതയിലേയ്ക്ക് മുതലാളിത്ത ശക്തികളും പിന്തിരിപ്പൻമാരും കടന്നുവന്നു. മുതലാളിവർഗത്തിന്റെ ഏറ്റവും വിശ്വസ്ത രാഷ്ട്രീയ കക്ഷിയെന്ന നിലയിൽ കോൺഗ്രസ് ദീർഘകാലം ഭരണം നടത്തി. അവരുടെ ജനവിരുദ്ധ-കുത്തകാനുകൂല നയങ്ങൾ മൂലം ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടതോടെ പ്രാദേശിക ശക്തികൾ രംഗം കൈയടക്കി. ഇരുകൂട്ടരുടെയും ഭരണം ജനങ്ങൾക്ക് ഒരുപോലെയാണ് അനുഭവപ്പെട്ടത്. നാഗാലന്റിലും മേഘാലയയിലും ആരോഗ്യപരിപാലനം ദയനീയ സ്ഥിതിയിലാണ്. 2015-2016ലെ തൊഴിൽ മന്ത്രാലയ റിപ്പോർട്ട് തൊഴിൽരംഗത്തും സമാനമായ സ്ഥിതിതന്നെയെന്ന് വ്യക്തമാക്കുന്നു. കുതിച്ചുയരുന്ന തൊഴിലില്ലായ്മയോടൊപ്പം സ്‌കൂളുകളിൽനിന്നും കോളജുകളിൽനിന്നുമുള്ള കൊഴിഞ്ഞുപോക്കും പെരുകുന്നു.
നാഗാലാന്റിൽ യുവാക്കൾ വൻതോതിൽ മയക്കുമരുന്നിന് അടിമകളാകുകയാണ്. മേഘാലയയിലും മയക്കുമരുന്ന് കടത്തുംമറ്റും വ്യാപകമാണ്. തൊഴിലില്ലായ്മയുടെ സമ്മർദ്ദം ഒരു തൊഴിൽ എന്ന നിലയിൽ ഭീകരവാദ സംഘടനകളിലെ പ്രവർത്തനം ഏറ്റെടുക്കുവാൻ യുവാക്കളെ പ്രേരിപ്പിക്കുന്നുണ്ട് എന്നതാണ് വാസ്തവം. പരസ്പരം പോരടിക്കുന്ന ഇത്തരം സംഘങ്ങൾ യുവാക്കളെ മരണത്തിലേയ്ക്ക് തള്ളിവിടുകയാണ്.
മേഘാലയയിൽ ഇതുകൂടാതെയുള്ള പ്രശ്‌നങ്ങളുമുണ്ട്. കൽക്കരി ഖനനം ഇവിടെ വ്യാപകമാകുകയാണ്. ഇത് ആസ്സാമിലും പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ കോൺഗ്രസ് ഭരണകാലത്ത് രണ്ട് മെഡിക്കൽ കോളജുകൾക്ക് കല്ലിട്ടെങ്കിലും പണിതുടങ്ങിയതേയില്ല. ഷില്ലോംഗ് ഒരിക്കൽ അവിഭക്ത ആസ്സാമിന്റെ അതായത് വടക്കുകിഴക്കൻ മേഖലയുടെയാകെ തലസ്ഥാനമായിരുന്നു. എന്നാൽ ഇവിടെ പ്രവർത്തനക്ഷമമായ ഒരു വിമാനത്താവളമോ ഫലപ്രദമായ റെയിൽവേ സൗകര്യമോ പോലുമില്ല എന്നുള്ളതുകൊണ്ടുതന്നെ ഈ സംസ്ഥാനം ഇപ്പോഴും ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. വാർത്താവിനിമയ സംവിധാനവും പരിമിതമായ തോതിലേ ഉള്ളൂ. അപ്പോൾപ്പിന്നെ വ്യവസായ-കാർഷിക മേഖലകളുൂടെ സ്ഥിതി ഊഹിക്കാവുന്നതല്ലേയുള്ളൂ.
ഇതര സംസ്ഥാനങ്ങളിലെയും സാമ്പത്തിക-സാമൂഹിക സ്ഥിതി പരിതാപകരമാണ്. വൻ വിലക്കയറ്റം, ഉയർന്ന ജീവിതച്ചെലവ്, ഭീകരമായ അഴിമതി, കുതിച്ചുയരുന്ന തൊഴിലില്ലായ്മ എന്നിവകൂടിയായതോടെ ജനങ്ങളിൽ രോഷം പുകയുകയായിരുന്നു. കോൺഗ്രസ് ഭരണത്തോട് ജനങ്ങൾക്കുള്ള ഈ അസംതൃപ്തി മുതലാക്കിയ ബിജെപി സഖ്യകക്ഷികളെ തെരഞ്ഞെടുക്കുന്നതിൽ യാതൊരു ആദർശവും പുലർത്തിയില്ല. മേഘാലയ കഴിഞ്ഞ രണ്ടുതവണയായി കോൺഗ്രസ് ഭരണത്തിലായിരുന്നു. ഈ തെരഞ്ഞെടുപ്പിലും അവർ ഏറ്റവുംകൂടതൽ സീറ്റുനേടിയ കക്ഷിയായി. എന്നാൽ എൻപിപി എന്ന പ്രാദേശിക പാർട്ടിയുമായും സമാനമായ ചിലകക്ഷികളുമായും ചങ്ങാത്തം കൂടി രണ്ടു സീറ്റുമാത്രമുള്ള ബിജെപി അധികാരത്തിലെത്തി. ബിജെപിയുടെ ബി ടീം എന്നാണ് എൻപിപി അറിയപ്പെടുന്നത്. ഇതിന്റെ നേതാവ് കോൺറാഡ് സാംഗ്മയാണ് മുഖ്യമന്ത്രിയായത്. 2013ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സമയത്ത് കോൺഗ്രസ്സിൽനിന്ന് പുറത്തുവന്ന് മത്സരിച്ച പിഎ സാംഗ്മ രൂപീകരിച്ചതാണ് ഈ പാർട്ടി. നാഗാലാന്റിലും പ്രാദേശിക പാർട്ടികളാണ് ബിജെപിക്ക് അധികാരത്തിലേയ്ക്കുള്ള വഴിയൊരുക്കിയത്. ഏത് അവസരവാദിയുമായും ഏത് പ്രാദേശികകക്ഷിയുമായും സഖ്യം ചേർന്ന് എവ്വിധവും അധികാരത്തിലെത്തുക എന്നതുമാത്രമായിരുന്നു ബിജെപിയുടെ തന്ത്രം.
വടക്കുകിഴക്കൻ മേഖലയിലെ പ്രധാനപ്പെട്ട ഒരു സംസ്ഥാനമാണ് ആസ്സാം. 1970കൾമുതൽ ഇവിടെ എഎഎസ്‌യു, എജിപി എന്നീ കടുത്ത പ്രാദേശികവാദശക്തികൾ വളർന്നുവരികയും ബംഗാളി സംസാരിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കുമേൽ കടുത്ത ആക്രമണങ്ങൾ നടത്തിവരികയുമാണ്. ആസാമിലേയ്ക്ക് ലക്ഷക്കണക്കിന് ബംഗ്ലാദേശികൾ കടന്നുവരികയും അവർ ആസാം ജനതയുടെ ഭാഷ, മതം, സംസ്‌കാരം, രാഷ്ട്രീയ അവകാശങ്ങൾ എന്നിവയ്ക്ക് ഭീഷണിയായിത്തീരുകയും ചെയ്തിരിക്കുന്നു എന്നുപറഞ്ഞാണ് ഇവർ ആക്രമണങ്ങൾ നടത്തുന്നത്. 2016ൽ ഇത്തരം പ്രാദേശികവാദ ശക്തികളുമായി കൂട്ടുചേർന്ന് ബിജെപി ആസ്സാമിൽ അധികാരത്തിൽവന്നിരുന്നു. അധികാരത്തിൽവന്നതോടെ ഈ വിഷയത്തെ മുസ്ലീംവിരുദ്ധ വികാരം സൃഷ്ടിക്കാനുള്ള ഉപാധിയാക്കി മാറ്റുകയും വടിക്കുകിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം ഇത്തരമൊരു മനോഭാവം വളർത്തിയെടുത്തുകൊണ്ട് സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുകയുമാണവർ.

സുദീർഘമായ യോജിച്ച
ജനാധിപത്യ പ്രക്ഷോഭണം
അടിയന്തരാവശ്യകത

യഥാർത്ഥ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെയും അതിന്റെ കരുത്തിൽ വളർന്നുവരുന്ന ജനകീയ മുന്നേറ്റത്തിന്റെയും അഭാവം, അതിന്റെ ദൗർബല്യം വടക്കുകിഴക്കൻ ഇന്ത്യയിലാകെ നിഴൽ പരത്തിയിരിക്കുന്നു എന്നതാണ് മേൽവിവരിച്ച കാര്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഇടതെന്നവകാശപ്പെടുന്ന സിപിഐ(എം) ഒട്ടും ഇടതുപക്ഷീയമായല്ല ത്രിപുര ഭരിച്ചത്. ഏതൊരു ബൂർഷ്വാപാർട്ടിയെയുംപോലുള്ള ഭരണമായിരുന്നു അവരുടേത്. ഇത് സാധാരണക്കാരിൽ വലിയ അസംതൃപ്തിയുണ്ടാക്കി. ആർഎസ്എസ്-ബിജെപി ഇത് ശരിക്കും മുതലെടുത്തു. ആസാമിൽ സിപിഐ, സിപിഐ(എം) പാർട്ടികൾക്ക് കുറച്ചൊക്കെ സ്വാധീനമുണ്ടായിരുന്നുവെങ്കിലും 1979 മുതൽ അവിടെ വളർന്നുവന്ന സങ്കുചിത ദേശീയവാദത്തിനെതിരെ അവർ നിഷ്‌ക്രിയത്വം പാലിച്ചു. ഇതിനെതിരെ പ്രത്യയശാസ്ത്ര-രാഷ്ട്രീയ തലങ്ങളിൽ പോരാട്ടമഴിച്ചുവിട്ടുകൊണ്ട് ബംഗാളിയും ആസ്സാമീസും സംസാരിക്കുന്ന ജനങ്ങൾക്കിടയിൽ ഐക്യവും സാഹോദര്യവും ഉറപ്പാക്കുന്നതിനുപകരം ഇത്തരം ശക്തികളുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിക്കൊണ്ട് അൽപ്പമാത്രമായ പാർലമെന്ററി നേട്ടങ്ങളുണ്ടാക്കാനാണ് അവർ ശ്രമിച്ചത്. ഇടതുപാർട്ടികളുടെ ഒരു ഐക്യനിര പടുത്തുയർത്തി മുന്നേറണമെന്ന മൂർത്തമായ നിർദ്ദേശം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) മുന്നോട്ടുവച്ചതും അവർ പരിഗണിച്ചില്ല. സോഷ്യൽ ഡെമോക്രാറ്റുകളുടെ ഈ നിലപാട് സങ്കുചിത പ്രാദേശികവാദികൾക്കുമാത്രമല്ല നേട്ടമുണ്ടാക്കിയത്. ജനങ്ങൾക്ക് ഒരു ബദൽ മാർഗ്ഗം ഇല്ലാതെവന്നതോടെ ബിജെപിപോലൊരു കടുത്ത വലതുപക്ഷ കക്ഷി വിഭാഗീയ ശക്തികളുമായി കൈകോർത്തുകൊണ്ട് അധികാരത്തിലെത്തുകയും അവരുടെ വർഗീയ അജണ്ട പുറത്തെടുക്കുകയും ചെയ്തു. ബിജെപിയുടെ ഈ മേഖലയിലെ വിജയം ജനങ്ങൾക്കുമേൽ അവർക്കുണ്ടായ സ്വാധീനത്തിന്റെ വിജയമല്ല, നേരെമറിച്ച് അവസരവാദ രാഷ്ട്രീയത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖമാണ് അതിലൂടെ പ്രകടമായത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയം ഒരു ദുസ്സൂചനയാണ്. രാജ്യത്തെവിടെയും സംഭവിച്ചതുപോലെ ഈ മേഖലയെയും ഇത് രോഗാതുരമാക്കും. ഈ അപകടം നേരിടുന്നതിനായി ഇടതു-ജനാധിപത്യ ശക്തികൾ യോജിച്ചുകൊണ്ട് ശക്തമായ ജനകീയ മുന്നേറ്റം വളർത്തിയെടുക്കണം. അതോടൊപ്പംതന്നെ ബിജെപി സൃഷ്ടിക്കുന്ന അനേകം ആശയക്കുഴപ്പങ്ങൾക്കെതിരെ വ്യാപകമായ പ്രത്യശാസ്ത്ര-രാഷ്ട്രീയ സമരം നടത്തുകയും വേണം. അതോടൊപ്പം യഥാർത്ഥ ഇടതുപക്ഷീയതയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് നിരന്തരമായ സമരം വളർത്തിയെടുക്കുകയും വേണം. ആദിവാസികളും അല്ലാത്തവരുമായ ജനവിഭാഗങ്ങൾക്കിടയിലുള്ള ഐക്യം എന്ന വിഷയം ശരിയായി കൈകാര്യംചെയ്തുകൊണ്ടേ ഇത് സാധ്യമാക്കാൻ കഴിയൂ. വിവിധ വംശീയ വിഭാഗങ്ങൾക്കിടയിൽ ഐക്യം ഊട്ടിയുറപ്പിക്കുകയും എല്ലാ തിന്മകളുടെയും മൂലകാരണം നിലനിൽക്കുന്ന മുതലാളിത്തചൂഷണവ്യവസ്ഥയാണെന്നും അതിനെതിരെ അണിനിരക്കാതെ തങ്ങളുടെ ഒരു പ്രശ്‌നവും പരിഹരിക്കാനാവില്ല എന്നുമുള്ള തിരിച്ചറിവ് അവരിൽ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. അതോടൊപ്പം വടുക്കുകിഴക്കൻ മേഖല അനുഭവിക്കുന്ന പ്രത്യേകമായ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായുള്ള സമരങ്ങളും സംഘടിപ്പിക്കേണ്ടുണ്ട്. ഏത് ഗവൺമെന്റ് ഭരിച്ചാലും ജനങ്ങൾ അനുഭവിക്കേണ്ടിവരുന്ന ചൂഷണം, പതിറ്റാണ്ടുകളായുള്ള അവഗണന, ജനങ്ങളെ പ്രാദേശിക വാദത്തിലും സങ്കുചിതത്വത്തിലും തളച്ചിട്ടുകൊണ്ട് സ്വന്തം നേട്ടങ്ങൾ ഉറപ്പാക്കുന്ന അവസരവാദ രാഷ്ട്രീയത്തിന് നിരന്തരം ഇരയാകുന്ന സ്ഥിതി എന്നിവയ്‌ക്കൊക്കെ പരിഹാരമുണ്ടാകേണ്ടതുണ്ട്. ബിജെപി ഈ മേഖലയിൽ അധികാരത്തിലെത്തുന്നതോടെ ഈ കടമകളൊക്കെ അടിയന്തര പ്രാധാന്യമാർജ്ജിച്ചിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp