തിരുവനന്തപുരത്ത് മദ്യവിരുദ്ധ സമരത്തിനുനേരെ പോലീസിന്റെ തേർവാഴ്ച

Spread our news by sharing in social media

കോവളം-കഴക്കൂട്ടം ദേശീയപാതയിൽ മുട്ടത്തറയിൽ ആരംഭിച്ച ബിവറേജസ് ഔട്‌ലെറ്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് നൂറുദിവസമായി പ്രദേശവാസികൾ സമരത്തിലാണ്. ബഹുജന സമരം നൂറാം ദിവസത്തിലെത്തിയപ്പോൾ പോലീസിനെ ഉപയോഗിച്ച് സമരത്തെ ക്രൂരമായി അടിച്ചമർത്താനുള്ള നീക്കമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

ജൂൺ 27ന് രാത്രി 9 മണിക്കുശേഷമാണ് പതിവുപോലെ സമരനേതാക്കളും പ്രവർത്തകരും പന്തലിൽനിന്നും പിരിഞ്ഞത്. രാത്രി ഏതാണ്ട് പന്ത്രണ്ടരയോടുകൂടി വൻസന്നാഹത്തോടെയെത്തിയ പോലീസ് പന്തൽ പൊളിച്ചുമാറ്റാനുള്ള നീക്കം ആരംഭിച്ചു.
ബിവറേജസ് ഔട്‌ലെറ്റിനെതിരെയുള്ള അതിശക്തമായ സമരമെന്ന നിലയിൽ സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട പെരുങ്കുഴി മുട്ടത്തറ സമരത്തെ രാത്രിയുടെ മറവിൽ തകർത്തെറിയാനുള്ള നീക്കമാണ് സർക്കാർ നടത്തിയത്.
സമരപ്പന്തലും അതിനകത്തുണ്ടായിരുന്ന നൂറോളം കസേരകളും ബോർഡുകളും എല്ലാം നുള്ളിപ്പെറുക്കിയെടുത്ത് പോലീസ് നീക്കം ചെയ്ത കാഴ്ചയാണ് നേരം വെളുത്തപ്പോൾ സമരപ്രവർത്തകരും നാട്ടുകാരും കാണുന്നത്. നൂറുദിവസമായി നൂറുകണക്കിനാളുകൾ നിത്യേന ഒത്തുചേർന്നുകൊണ്ട് വമ്പിച്ച ജനപങ്കാളിത്തത്തോയെുള്ള ഒരു ബഹുജനപ്രക്ഷോഭണം നടന്നുവന്നിരുന്നതിന്റെ യാതൊരു തെളിവും അവശേഷിപ്പിക്കാതിരിക്കുവാൻ പോലീസ് പ്രത്യേകം ശ്രദ്ധിച്ചു.

പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന നൂറുകണക്കിന് പോലീസുകാരും ചീറിപ്പായുന്ന പോലീസ് വാഹനങ്ങളും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വാർത്തപരന്നയുടൻ ജനങ്ങൾ ഓടിയെത്തി. മദ്യശാലയുടെ എതിർവശത്തുള്ള ബാലകൃഷ്ണസ്വാമി ക്ഷേത്രത്തിനുമുന്നിൽ ഒത്തുകൂടിയ സമരനേതാക്കളെയും പ്രവർത്തകരെയും നാട്ടുകാരെയും പോലീസ് ഭീഷണിപ്പെടത്തുകയും വിരട്ടിയോടിക്കുകയും ചെയ്തുകൊണ്ടിരുന്നു. കൂട്ടം കൂടി നിൽക്കാൻപോലും നാട്ടുകാരെ അനുവദിച്ചില്ല.

പോലീസിന്റെ അഴിഞ്ഞാട്ടം കണ്ട് ഭയന്ന് പലരും അമ്പലത്തിനുള്ളിലേക്ക് കടന്നുനിന്നു. അടുത്തുകൂടിയ ജനങ്ങളെ വിരട്ടിയോടിച്ച പോലീസ് സമരനേതാക്കളെ അറസ്റ്റ് ചെയ്തു വാനിലേക്കിട്ടു. അമ്പലത്തിനുള്ളിൽ കടന്നും പോലീസ് അറസ്റ്റ് നടത്തി. ആരാധനക്കെത്തിയവർ വരെ അറസ്റ്റിലായി. സമരസമിതി ചെയർമാൻ വി.സതീശൻ, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി ജില്ലാ കമ്മിറ്റിയംഗവും സമരസമിതിയുടെ ജനറൽ കൺവീനറുമായ ആർ.ബിജു, കൺവീനർമാരായ എൻ.വിശ്വനാഥൻ, സുലൈമാൻ, എ.എൽ.എം കാസിം, എം.എസ്.താജുദ്ദീൻ, എ.സബൂറ, റജീന മാഹീൻ, അമീറുദ്ദീൻ, ആർ.സുരേഷ്, സുധീർ, അശോക്കുമാർ, സജീവൻ, ആർ.അജിത്കുമാർ തുടങ്ങി പതിനാറ് സ്ത്രീകളുൾപ്പെടെ 46 പേർ അറസ്റ്റിലായി. അറസ്റ്റിലായവരെ നന്ദാവനം ക്യാമ്പിലേയ്ക്ക് മാറ്റി. പോലീസിന്റെ ബലപ്രയോഗത്തിൽ പരുക്കേറ്റ എസ്‌യുസിഐ ജില്ലാകമ്മിറ്റിയംഗം എ.സബൂറ, എം.എസ്.താജുദ്ദീൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായവരെ ജാമ്യമില്ലാവകുപ്പുകൾ ചുമത്തി റിമാന്റ് ചെയ്യാനുള്ള നീക്കങ്ങളാണ് പോലീസ് നടത്തിയത്. അറസ്റ്റിന്റെ വാർത്തയറിഞ്ഞ് നന്ദാവനം ക്യാമ്പിൽ എത്തിച്ചേർന്ന ശ്രീ വി.എം.സുധീരൻ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സമരക്കാരോടൊപ്പം ഇരുന്നു. അറസ്റ്റിലായവരെ നിരുപാധികം വിട്ടയച്ചില്ലെങ്കിൽ തന്നെയും റിമാന്റ് ചെയ്യണമെന്ന നിലപാട് അദ്ദേഹം എടുത്തതോടെ പോലീസ് മേധാവികൾ പ്രതിസന്ധിയിലായി. പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര, എം.എൽ.എമാർ, എസ്‌യുസിഐ(സി) സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ.കുമാർ, മറ്റ് രാഷ്ട്രീയ സംഘടനാ നേതാക്കളും എത്തിയതോടെ അറസ്റ്റ് ചെയ്ത സമരക്കാരെ വിട്ടയക്കാൻ പോലീസ് നിർബന്ധിതരായി.

രണ്ടുവട്ടം ഭീകരമായ വർഗ്ഗീയ ലഹളകൾക്ക് സാക്ഷ്യം വഹിച്ച പൂന്തുറ, വലിയതുറ ഉൾപ്പെടുന്ന ഈ പ്രദേശത്തെ ജനങ്ങൾ ഇനിയൊരിക്കലും ആ കറുത്ത ദിനങ്ങൾ മടങ്ങിവരരുതെന്ന് തീരുമാനിച്ചവരാണ്. ജാതി, മതഭേദങ്ങളെല്ലാം മറന്ന,് മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരവേദിയിൽ ഒത്തുകൂടിയ ഈ ജനങ്ങൾ പടുത്തുയർത്തിയത് ഊഷ്മളമായ മനുഷ്യബന്ധങ്ങളാണ്. സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്ന് സമരപന്തലിലെത്തിയവർ കണ്ടതും അവർ ഉറക്കെ പറഞ്ഞതും ഈ മാനവസൗഹാർദ്ദമാണ്. നോമ്പുകാലത്ത് പള്ളിയിൽനിന്ന് കഞ്ഞികൊണ്ടുവന്ന് നോമ്പുതുറന്നതും ഇഫ്താർ വിരുന്നൊരുക്കി ഒത്തുകൂടിയതും അമ്പലങ്ങളിലെ പായസം വിളമ്പിയതും റംസാൻ ദിനത്തിൽ രാവിലെ മുതൽ എല്ലാജനങ്ങളും ചേർന്ന് നടത്തിയ ആഘോഷവും അവിടെ വളർന്നുവന്ന സമരവും മനുഷ്യബന്ധങ്ങളും സാമൂഹ്യവിരുദ്ധരെയും അധികാരികളെയും തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തിയത്. വളർന്നുവരുന്ന ഈ സമരമാതൃക തകർത്തെറിയാതെ ഗവണ്മെന്റിന് മദ്യശാലയുമായി മുന്നോട്ട് പോകാനാവില്ല എന്ന് മനസ്സിലാക്കിയ അധികാരികൾ സമരത്തിനെതിരെ നുണകളും അപവാദങ്ങളും അധിക്ഷേപങ്ങളും നിരന്തരം നടത്തിക്കൊണ്ടേയിരുന്നു. ഇതിനെയെല്ലാം അതിജീവിക്കാൻ സമരത്തിന് കഴിഞ്ഞു. പോലീസിന്റെ നെറികെട്ട അടിച്ചമർത്തലിനും സമരത്തെ തകർക്കാനായില്ല.
അസിസ്റ്റന്റ് കമ്മീഷണറുടെയും സർക്കിൾ ഇൻസ്‌പെക്ടറുടെയും നേതൃത്വത്തിലാണ് പന്തൽ പൊളിച്ചതും സമരക്കാരെ അറസ്റ്റ് ചെയ്തതും. ഇതേ സംഘത്തിന്റെ സംരക്ഷണയിലാണ് ഇപ്പോൾ മദ്യശാല തുറന്നുപ്രവർത്തിക്കുന്നത്. മദ്യപാനികൾക്ക് വേണ്ടി പണിയെടുക്കുന്ന പോലീസിന്റെ വൻപടയുടെ നാണം കെട്ട പ്രവർത്തിയാണ് ഇപ്പോൾ നാട്ടുകാർ കാണുന്നത്. അമ്പലത്തിന് സമീപം പന്തൽ വീണ്ടുമുയർത്തി സമരം വർദ്ധിത വീര്യത്തോടെ തുടരുകയാണ്.
മദ്യവിരുദ്ധ ജനകീയ സമിതിയുടെ ചെയർമാൻ, ബാലകൃഷ്ണ സ്വാമി ക്ഷേത്രട്രസ്റ്റിന്റെ ചെയർമാൻ കൂടിയായ വി.സതീശനാണ്. സമരസമിതിയുടെ ആദ്യയോഗം ഈ ക്ഷേത്രത്തിനുള്ളിൽവെച്ചാണ് കൂടിയത്. മുസ്ലീം പള്ളിയിലെയും അമ്പലങ്ങളിലെയും ക്രിസ്ത്യൻ പള്ളികളിലെയും ഭാരവാഹികളുൾപ്പെടെയുള്ളവർ ആ യോഗത്തിൽ ഒത്തുകൂടിയാണ് സമരസമിതിക്ക് രൂപം കൊടുത്തത്. മുസ്ലീം പള്ളിയും ക്രിസ്ത്യൻ പള്ളിയും സമരസമിതിയുടെ യോഗങ്ങൾക്ക് വേദിയായി. അമ്പലത്തിനുള്ളിൽ മറ്റ് മതക്കാരെ പ്രവേശിപ്പിക്കരുതെന്ന് പോലീസ് ചെയർമാനെ താക്കീതു ചെയ്തത് ജനാധിപത്യ വിശ്വാസികളിൽ ഞെട്ടലുണ്ടാക്കി. മദ്യശാല അടച്ചുപൂട്ടാനുള്ള സമരത്തിൽ പങ്കെടുക്കാനെത്തുന്ന എല്ലാ മതത്തിലും വിശ്വസിക്കുന്നവർക്കായി ഈ അമ്പലം എപ്പോഴും തുറന്നിട്ടിരിക്കുമെന്ന മറുപടിയാണ് സമരസമിതി ചെയർമാൻ പോലീസ് മേധാവികൾക്ക് നൽകിയത്. അമ്പലമുറ്റത്ത് ചേർന്ന പ്രതിഷേധയോഗത്തിൽ ഈ വിഷയം ചർച്ചചെയ്യപ്പെട്ടു. പോലീസുദ്യോഗസ്ഥരുടെ അതിരുവിട്ട നീക്കങ്ങളെ എല്ലാ നേതാക്കളും ശക്തമായി അപലപിച്ചു.

ദിനംപ്രതി 15 ലക്ഷം രൂപയുടെ മദ്യംവിൽക്കാൻ പറ്റിയ ഇടമായി ഈ പ്രദേശത്തെ കണ്ടെത്തിയ നടപടിയിൽ നിന്നും ബിവറേജസ് കോർപ്പറേഷൻ പിന്നോട്ട് പോകില്ലെന്നാണ് എക്‌സൈസ് വകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. നാടിന്റെ സമാധാന ജീവിതമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. മദ്യമൊഴുക്കി ഖജനാവ് നിറയ്ക്കാനാണ് സർക്കാരിന്റെ തീരുമാനം. അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ മദ്യനയത്തിനെതിരെ സംസ്ഥാനമെമ്പാടും നടക്കുന്ന സമരങ്ങൾക്ക് മാതൃകയും പ്രചോദനവുമായി ഈ സമരം മുന്നേറുകയാണ്.
മദ്യപിച്ച് ലക്കുകെട്ട മദ്യപാനികൾക്ക് വനിതാപോലീസടക്കം കാവൽ നിൽക്കുന്ന ദയനീയമായ അവസ്ഥ മുട്ടത്തറ പരുത്തിക്കുഴിയിലെ ജനങ്ങൾ ഇന്ന് കാണുകയാണ്. ജാതിയും മതവും രാഷ്ട്രീയവും മറന്ന് നാടിന്റെ പൊതുആവശ്യമെന്ന നിലയിൽ സർക്കാരിന്റെ മദ്യശാല അടച്ചുപൂട്ടുംവരെയുള്ള പോരാട്ടത്തിനായി തയ്യാറെടുക്കുകയാണ് മദ്യവിരുദ്ധ ജനകീയ സമിതി.

Share this