യുഡിഎഫ് ഗവണ്മെന്റിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികാവകാശമില്ല

Spread our news by sharing in social media

ഭീമമായ ബാര്‍ കോഴ ഇടപാടിലും, തുടര്‍ന്ന് ഇന്നോളം കേട്ടുകേഴ്‌വിയില്ലാത്ത തരത്തില്‍ ബജറ്റില്‍ അവിഹിതമായ ഇളവനുവദിക്കുന്നതിനായി നടത്തിയ കോടാനുകോടി രൂപയുടെ അഴിമതി ആരോപണത്തിലും പെട്ട്, സത്യപ്രതിജ്ഞാ ലംഘനമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയ ധനമന്ത്രി കെ.എം.മാണിയെ പുറത്താക്കുകയും, അദ്ദേഹത്തിനെതിരെ നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നതിനു പകരം, നിര്‍ലജ്ജം കുറ്റവാളിയെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികാവകാശമില്ലെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സി.കെ.ലൂക്കോസ് അഭിപ്രായപ്പെട്ടു. മന്ത്രിമാര്‍ക്ക് കോഴ നല്‍കി അതിന്റെ തെളിവ് വച്ച് ഗവണ്മെന്റിനെ ബ്ലാക്‌മെയില്‍ ചെയ്യുന്ന മാഫിയകള്‍ വരച്ച കളത്തില്‍ കളിക്കേണ്ട ഗതികേടില്‍പ്പെട്ടിരിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. മദ്യനയത്തില്‍ നടത്തിയ മലക്കം മറിച്ചിലിലൂടെ അത് പകല്‍പോലെ വ്യക്തമായിരിക്കുന്നു. ഈ ഗവണ്മെന്റ് അധികാരത്തില്‍ തുടരുന്ന ഓരോ നിമിഷവും ജനതാല്പര്യത്തിന് വിരുദ്ധമായി മാഫിയകളുടെ താല്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്ന് ന്യായമായും ശങ്കിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ എത്രയും വേഗം ഈ ഗവണ്മെന്റിനെ താഴെയിറക്കേണ്ടത് ജനാധിപത്യവിശ്വാസികളുടെ കര്‍ത്തവ്യമാണ്. അതിന് വേണ്ടി ജനാധിപത്യപരമായ ബഹുജനസമരം വളര്‍ത്തിയെടുക്കാന്‍ തയ്യാറാകുന്നതിന് പകരം നിയമസഭയില്‍ കൂറുമാറ്റവും കുതികാല്‍വെട്ടും പ്രോത്സാഹിപ്പിച്ച് രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി ചരടുവലി നടത്തുന്ന പ്രതിപക്ഷനിലപാട് രാഷ്ട്രീയരംഗത്തെ സദാചാരമൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയേയുള്ളു – സി.കെ.ലൂക്കോസ് പറഞ്ഞു.

Share this