തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടുള്ള അധാര്‍മ്മിക നീക്കങ്ങള്‍

Spread our news by sharing in social media

പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ അടുത്തതോടെ ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ പാര്‍ലമെന്ററി പാര്‍ട്ടികളും തെരഞ്ഞെടുപ്പ്‌ ലാക്കാക്കിയുള്ള കരുനീക്കങ്ങളില്‍ മുഴുകിയിരിക്കുകയാണ്‌. വോട്ടിനും സീറ്റിനും വേണ്ടി എന്തും പറയാനും ചെയ്യാനും തയ്യാറായി നില്‍ക്കുകയാണവര്‍. വംശഹത്യയ്‌ക്ക്‌ നേതൃത്വം കൊടുത്ത നരേന്ദ്രമോഡിയെ കരുത്തനായ നേതാവായി അവതരിപ്പിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും പിന്നാലെ രാഹുല്‍ഗാന്ധിയുടെ അപദാനങ്ങള്‍ വാഴ്‌ത്തിക്കൊണ്ടുള്ള പരസ്യങ്ങളും മാദ്ധ്യമങ്ങളില്‍ നിറഞ്ഞുതുടങ്ങി. മാറിമാറി അധികാരത്തില്‍ വരുന്നവര്‍ അടിച്ചേല്‍പ്പിക്കുന്ന നയങ്ങളും അതുമൂലം ജനങ്ങള്‍ക്ക്‌ അനുഭവിക്കേണ്ടിവരുന്ന കെടുതികളും ചര്‍ച്ചാവിഷയമേ ആകുന്നില്ല.

ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കിക്കൊണ്ടാണ്‌ കോണ്‍ഗ്രസ്സ്‌ തെരഞ്ഞെടുപ്പ്‌ തയ്യാറെടുപ്പുകള്‍ക്ക്‌ സംസ്ഥാനത്ത്‌ തുടക്കംകുറിച്ചത്‌. ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാനും സോളാര്‍ഭൂതത്തിന്റെ പിടിയില്‍നിന്ന്‌ പുറത്തുകടക്കാനും ഇതിലൂടെ കോണ്‍ഗ്രസ്സിനായി. ദേശീയതലത്തില്‍പോലും ചര്‍ച്ച ചെയ്യപ്പെട്ട ഒരു വന്‍അഴിമതി അതോടെ വിസ്‌മൃതിയിലാഴ്‌ത്തപ്പെട്ടു. സോളാര്‍ സമരത്തെ വിലപേശല്‍ തന്ത്രമായിക്കണ്ട പ്രതിപക്ഷം നേരത്തെതന്നെ സമരം ഉപേക്ഷിച്ചതുകാരണം കാര്യമായ ഒച്ചപ്പാടൊന്നും ഉണ്ടായതുമില്ല.

യുഡിഎഫിലെ രണ്ടാംകക്ഷിയായ മുസ്ലീംലീഗ്‌ മൂന്നാംസീറ്റിനുവേണ്ടിയുള്ള അവകാശവാദവുമായി നില്‍ക്കുകയാണ്‌. കേരളാ കോണ്‍ഗ്രസ്സാകട്ടെ, രണ്ടാംസീറ്റിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയുമില്ല എന്ന നിലപാടിലാണ്‌. മാണിപുത്രനെ കേന്ദ്രമന്ത്രിയാക്കാന്‍ പതിനെട്ടടവും പയറ്റിയിട്ടും ഫലം കാണാതെ പോയതുകൊണ്ട്‌ ഇടുക്കി സീറ്റിനുവേണ്ടി പള്ളിയെപ്പോലും രംഗത്തിറക്കി. എന്നാല്‍ അത്‌ ജോസഫ്‌ വിഭാഗത്തിന്‌ കിട്ടുന്നതിനോട്‌ മാണിയിലെതന്നെ ഒരു വിഭാഗത്തിന്‌ താല്‍പ്പര്യവുമില്ല. ബിജെപിയെ പ്രലോഭിപ്പിക്കുംവിധം പി.സി.ജോര്‍ജ്ജും മാണിയുമൊക്കെ നരേന്ദ്രമോഡിയെ പ്രകീര്‍ത്തിക്കുന്നതിന്റെയും പൊരുളിതുതന്നെ.

ജെഎസ്‌എസ്‌, സിഎംപി കക്ഷികളാകട്ടെ പിളര്‍പ്പ്‌, മുന്നണിമാറ്റം, ലയനം തുടങ്ങി പലവിധ സാദ്ധ്യതകള്‍ ആരാഞ്ഞുകൊണ്ടിരിക്കുന്നു.

എല്‍ഡിഎഫിലും കാര്യങ്ങള്‍ ഇതേ രീതിയിലാണ്‌ പുരോഗമിക്കുന്നത്‌. യുഡിഎഫില്‍ നിന്ന്‌ ആരെയെങ്കിലും അടര്‍ത്തിയെടുക്കാമെന്ന പ്രതീക്ഷയിലാണവര്‍. സീറ്റിന്റെ പേരിലുള്ള തര്‍ക്കങ്ങള്‍ക്കും കുറവൊന്നുമില്ല. കൊല്ലം സീറ്റിന്റെ കാര്യത്തില്‍ ആര്‍എസ്‌പി പതിവ്‌ വിലാപം തുടങ്ങിക്കഴിഞ്ഞു. സിപിഐയാകട്ടെ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ ഉറപ്പാക്കാന്‍ ഒരു മുഴം മുമ്പേ ഏറ്‌ തുടങ്ങി.

സിപിഎമ്മിന്‌ ഈ തെരഞ്ഞെടുപ്പ്‌ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്‌. ദേശീയപാര്‍ട്ടിയെന്ന അംഗീകാരം നഷ്‌ടപ്പെടാതിരിക്കാന്‍ ഓരോ സംസ്ഥാനത്തും തോന്നുംപോലെ സഖ്യമുണ്ടാക്കുക എന്ന തന്ത്രമാണവര്‍ സ്വീകരിച്ചിരിക്കുന്നത്‌. അതില്‍ ജാതി-വര്‍ഗ്ഗീയ ശക്തികളും ജയലളിതയെപ്പോലുള്ള അഴിമതിക്കാരുമൊക്കെയുണ്ടാകും. എവ്വിധവും സീറ്റുതരപ്പെടുത്തുക എന്ന മഹനീയലക്ഷ്യം ഏതു മാര്‍ഗ്ഗത്തെയും സാധൂകരിക്കുമല്ലോ.ദേശീയതലത്തില്‍ ഒരു മൂന്നാംമുന്നണിക്കുവേണ്ടിയുള്ള ശ്രമങ്ങളും സിപിഐ(എം) നടത്തുന്നുണ്ട്‌. എന്നാല്‍, പ്രധാനമന്ത്രിയാകാന്‍ സര്‍വ്വഥാ യോഗ്യരെന്ന്‌ ഉറച്ചുവിശ്വസിക്കുന്ന ഒരു പറ്റം നേതാക്കള്‍ക്കിടയില്‍ ഒരുതരത്തിലുള്ള സഖ്യത്തിനും ആയുസ്സുണ്ടാകില്ല എന്ന വസ്‌തുത ആര്‍ക്കും നിഷേധിക്കാനാവില്ലല്ലോ.

ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട പിണറായി വിജയന്‌ സ്വീകരണം നല്‍കുന്നതിനുള്ള യോഗങ്ങള്‍ വ്യാപകമായി സംഘടിപ്പിച്ചുകൊണ്ട്‌ അതിന്റെ പിന്നിലെ അന്തര്‍നാടകങ്ങള്‍ക്ക്‌ തിരശ്ശീലയിടാന്‍ സിപിഐ(എം) ശ്രമിച്ചു. പാര്‍ട്ടിക്കുള്ളില്‍ ഒരു നേതൃത്വമേയുള്ളൂ എന്ന്‌ അണികളെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശവും ഇതിനുണ്ടായിരുന്നു. ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി ഗുണ്ടകളോടൊപ്പം പാര്‍ട്ടി നേതാക്കള്‍കൂടി ശിക്ഷിക്കപ്പെട്ടതിന്റെ ജാള്യത മറയ്‌ക്കുകയും വേണം.
സോളാര്‍ വിഷയത്തില്‍ കേരളത്തില്‍ നടന്ന സമരം സോളാര്‍പദ്ധതിയെക്കാള്‍ വലിയ തട്ടിപ്പായിരുന്നുവെന്ന്‌ ജനങ്ങള്‍ മനസ്സിലാക്കി. തെരഞ്ഞെടുപ്പ്‌ അടുത്തതോടെ പൊടുന്നനെ അവര്‍ക്ക്‌ വിലക്കയറ്റത്തില്‍ ഉല്‍കണ്‌ഠയായി. എന്നാല്‍ വിലക്കയറ്റ വിരുദ്ധ സമരവും ദയനീയമായി തന്നെ പര്യവസാനിച്ചു. നയപരമായ വിഷയങ്ങള്‍ ഉന്നയിച്ച്‌ അധികം മുന്നോട്ടുപോകാന്‍ ഭരണവര്‍ഗ്ഗതാല്‍പ്പര്യം മാത്രം പേറുന്ന ഒരു കക്ഷിക്കുമാകില്ലല്ലോ. സമരം ചെയ്‌ത്‌ ജനങ്ങള്‍ക്ക്‌ വേണ്ടി നിലകൊള്ളുന്നു എന്ന പ്രതീതി സൃഷ്‌ടിക്കുകയും നയങ്ങള്‍ക്ക്‌ ഒരു പോറല്‍പോലും ഏല്‍ക്കില്ല എന്നുറപ്പുവരുത്തുകയുമാണിതിലൂടെ ചെയ്യുന്നത്‌.

തുടര്‍ന്ന്‌ സംസ്ഥാന ജാഥയുടെ ഊഴമായി. തെരഞ്ഞെടുപ്പ്‌ പ്രചാരണ-തയ്യാറെടുപ്പുകളുടെ രണ്ടാംഘട്ടത്തിന്‌ ഇതോടെ തുടക്കമായി. മതേതര ഭാരതം, വികസിത കേരളം�എന്ന മുദ്രാവാക്യമാണ്‌ ജാഥ ഉയര്‍ത്തിയത്‌. എല്ലാ ജാതി-മത-വിഭാഗീയ ശക്തികളെയും കൂട്ടുപിടിച്ച്‌ തെരഞ്ഞെടുപ്പ്‌ ഗോദയില്‍ പയറ്റുന്ന സിപിഐ(എം)ന്‌ മതേതരത്വം ഒരു പരിഗണനാവിഷയമേ അല്ല എന്ന്‌ ആര്‍ക്കും മനസ്സിലാകും. നരേന്ദ്രമോഡി വിചാര്‍മഞ്ചുകാരെ രക്തഹാരമണിയിച്ച്‌ സ്വീകരിക്കുന്ന തിരക്കിനിടയില്‍ മതേതരത്വം എന്ന മുദ്രാവാക്യമയുര്‍ത്താന്‍ സമയം കണ്ടെത്തുന്നത്‌ അഭിനന്ദനാര്‍ഹം തന്നെ. ന്യൂനപക്ഷങ്ങള്‍, പട്ടികജാതിക്കാര്‍ തുടങ്ങിയവര്‍ക്കൊക്കെ പ്രത്യേക സമ്മേളനങ്ങളും സംഘടനയുമുണ്ടാക്കി പിന്നാക്ക ചിന്താഗതിക്ക്‌ വെള്ളവും വളവും നല്‍കുന്നതും വോട്ടിന്റെ എണ്ണം കൂട്ടാം എന്ന കണക്കുകൂട്ടലില്‍തന്നെ. പുരോഗമന മുന്നേറ്റങ്ങള്‍ക്ക്‌ ഇതുണ്ടാക്കുന്ന ഹാനി അളവറ്റതാണെന്ന ആവലാതിയൊക്കെ ഇടതുപക്ഷ ചിന്താഗതി മുറുകെപിടിക്കുന്നവര്‍ക്കല്ലേ വേണ്ടൂ.

വികസിത കേരളം  എന്ന മുദ്രാവാക്യമാണ്‌ സിപിഐ(എം)ന്റെ തനിനിറം തുറന്നുകാണിക്കുന്നത്‌.

ഒരു മുതലാളിത്ത സമൂഹത്തില്‍ അദ്ധ്വാനിച്ചു ജീവിക്കുന്നവര്‍ അടക്കമുള്ള ജനവിഭാഗങ്ങള്‍ കടുത്ത ചൂഷണത്തിനും അടിച്ചമര്‍ത്തലിനും ഇരയായിക്കൊണ്ടിരിക്കുമ്പോള്‍ ഒരു പിടിവരുന്ന മുതലാളി വര്‍ഗ്ഗത്തിനുമാത്രമാണ്‌ അഭിവൃദ്ധിയുണ്ടാകുന്നത്‌. ഈ യാഥാര്‍ത്ഥ്യം മറച്ചുവച്ചുകൊണ്ട്‌ മുതലാളിത്ത വ്യവസ്ഥയ്‌ക്കുള്ളില്‍ സാധാരണക്കാരന്റെ വികസനം സാദ്ധ്യമാണ്‌ എന്ന്‌ പ്രചരിപ്പിക്കുന്നവര്‍ മുതലാളിത്ത വ്യവസ്ഥയുടെ സേവകര്‍ തന്നെയാണ്‌. മുതലാളിത്ത വിരുദ്ധ മുന്നേറ്റങ്ങളെ ഇത്‌ പ്രതികൂലമായി ബാധിക്കുന്നു. ജനകീയാസൂത്രണം മുന്നോട്ടുവച്ച അധികാരവികേന്ദ്രീകരണം, ആസൂത്രണത്തിലൂടെ വികസനം തുടങ്ങിയ പിന്തിരിപ്പന്‍ മുദ്രാവാക്യങ്ങളുടെ തുടര്‍ച്ചയാണിത്‌. തൊഴിലാളിവര്‍ഗ്ഗത്തെ ആശയപരമായി നിരായുധമാക്കുകയും അതിന്റെ പ്രഹരശേഷി തകര്‍ക്കുകയും ചെയ്യാനേ ഇത്‌ ഉപകരിക്കൂ.

മുതലാളിവര്‍ഗ്ഗം അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധി മറികടക്കാന്‍ ആഗോളീകരണ നയങ്ങളിലൂടെ ഒത്താശ ചെയ്യുകയാണ്‌ അധികാരത്തിലിരിക്കുന്നവര്‍ ചെയ്യുന്നത്‌. ജനങ്ങളുടെ ജീവിതത്തില്‍ അത്‌ ഏല്‍പ്പിക്കുന്ന ആഘാതം അളവറ്റതാണ്‌. ജീവിതത്തില്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ മാത്രമല്ല, പൊരുതി നേടിയ അവകാശങ്ങള്‍പോലും കവര്‍ന്നെടുക്കപ്പെടുന്നതും സാമൂഹ്യ-സാംസ്‌കാരിക മേഖലകളാകെ മലീമസമാക്കപ്പെടുന്നതുമൊക്കെ ജനങ്ങളെ സമരപാതയിലേയ്‌ക്ക്‌ തള്ളിവിടുകയാണ്‌. ഈ സമരങ്ങളെയാകെ മുതലാളിത്ത വാഴ്‌ചയ്‌ക്ക്‌ അന്ത്യം കുറിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട്‌ നയിക്കുക എന്നതാണ്‌ യഥാര്‍ത്ഥ ഇടതുപക്ഷ ശക്തികളുടെ കര്‍ത്തവ്യം.

ഇടതുപക്ഷ രാഷ്‌ട്രീയത്തോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന കേരളത്തിലിന്ന്‌ ജനങ്ങളുടെ സ്ഥിതി ഏറെ വേദനാകരമാണ്‌. സേവനമേഖലയുടെ വാണിജ്യവല്‍ക്കരണം ജീവിതഭാരം വല്ലാതെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. അഭ്യസ്‌തവിദ്യരുടെ തൊഴിലില്ലായ്‌മയും തൊഴിലെടുക്കുന്നവര്‍ക്ക്‌ ലഭിക്കുന്ന തുച്ഛമായ വേതനവും തൊഴില്‍നിയമങ്ങളുടെ നഗ്നമായ ലംഘനവുമൊക്കെ ചേര്‍ന്ന്‌ ദയനീയമായ സ്ഥിതിയില്‍ നാടിനെ എത്തിച്ചിരിക്കുന്നു. കെഎസ്‌ആര്‍ടിസിയില്‍നിന്ന്‌ വിരമിച്ചവര്‍ക്ക്‌ പെന്‍ഷന്‍ നിഷേധിക്കപ്പെടുന്ന അവസ്ഥ ഭാവി എത്ര ഭീകരമായിരിക്കും എന്നതിന്റെ സൂചനയാണ്‌. ഇടതെന്നവകാശപ്പെട്ട്‌, വമ്പന്‍ ട്രേഡ്‌യൂണിയനുകള്‍ പടച്ചുണ്ടാക്കി ജനങ്ങളില്‍ പ്രതീക്ഷ ഉണര്‍ത്തിയ സിപിഐ (എം), സിപിഐ തുടങ്ങിയ പാര്‍ട്ടികളുടെ അപചയവും മുതലാളിവര്‍ഗ്ഗസേവയും വലിയൊരു വിഭാഗത്തെ നിരാശയിലാഴ്‌ത്തിയിരിക്കുന്നു. വിട്ടുവീഴ്‌ചയില്ലാത്തതും ആത്മാര്‍ത്ഥതയോടെയുള്ളതുമായ സമരങ്ങളുടെ അഭാവം ജനങ്ങളെ സമരവിമുഖരാക്കിത്തീര്‍ക്കുകയാണ്‌. ഈ സാഹചര്യം മുതലെടുത്ത്‌ വര്‍ഗ്ഗീയ-വിഭാഗീയ ശക്തികള്‍ ജനങ്ങളെ വശീകരിക്കാന്‍ ശ്രമിക്കുന്നു.

വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടം ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളിന്മേല്‍ സംഘടിപ്പിക്കപ്പെടുന്ന സമരങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അസഹിഷ്‌ണുതയും അന്ധതയും ആക്രമണോത്സുകതയും മാഫിയ വാഴ്‌ചയും പ്രോത്സാഹിപ്പിച്ച്‌ ജനാധിപത്യ അന്തരീക്ഷം തന്നെ തകര്‍ക്കുന്ന കപട ഇടതുപക്ഷം ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ വളര്‍ച്ചയ്‌ക്കുമുന്നില്‍ വലിയ പ്രതിബന്ധങ്ങളാണ്‌ സൃഷ്‌ടിക്കുന്നത്‌.

തെരഞ്ഞെടുപ്പിനെയും ഇടതുപക്ഷക്കാര്‍ സമരമായാണ്‌ കാണുന്നത്‌. ആഗോളീകരണ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി വളര്‍ത്തിയെടുക്കപ്പെടുന്ന സമരങ്ങളുടെ ഭാഗമായി സമരശക്തികളുടെ ഐക്യമുന്നണി രൂപപ്പെട്ടുവരണം. എങ്കില്‍മാത്രമേ ജനങ്ങളുടെ ഭാവിപ്രതീക്ഷകള്‍ക്ക്‌ അര്‍ത്ഥമുണ്ടാകൂ. കോണ്‍ഗ്രസ്സോ, ബിജെപിയോ നയിക്കുന്ന മുന്നണികള്‍ക്കിടയില്‍ മാറിമാറി അധികാരം പങ്കുവയ്‌ക്കുന്ന സ്ഥിതി ജനങ്ങളെ നിത്യദുരിതത്തില്‍ തളച്ചിടാനേ ഉപകരിക്കൂ. കേവലം ചില സീറ്റുകള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയുണ്ടാക്കുന്ന സഖ്യങ്ങള്‍ ആത്യന്തികമായി മുതലാളിത്ത വാഴ്‌ചയ്‌ക്ക്‌ ഗുണകരമാകുകയേയുള്ളൂ.
ആഗോളീകരണത്തിന്റെ കാലയളവില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കേണ്ട പാതയെന്തെന്ന്‌ അസന്ദിഗ്‌ദ്ധമായി കാണിച്ചുതന്നതാണ്‌ സിംഗൂര്‍-നന്ദിഗ്രാം സമരങ്ങള്‍. കേരളത്തില്‍ മൂലമ്പിള്ളിയിലും ചെങ്ങറയിലും വിളപ്പില്‍ശാലയിലുമൊക്കെ ഈ പാത പിന്തുടരാന്‍ ജനങ്ങള്‍ തയ്യാറായി. ഇടതുനാമധാരികള്‍ പോലും ആഗോളീകരണത്തിന്റെ നടത്തിപ്പുകാരാകുമ്പോള്‍, ജനങ്ങള്‍ക്ക്‌ സ്വയം സംഘടിക്കുകയേ മാര്‍ഗ്ഗമുള്ളൂ. എന്നാല്‍, എല്ലാ സാമൂഹ്യവ്യാധികളുടെയും മൂലകാരണമായ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിലേയ്‌ക്ക്‌ ഈ സമരങ്ങള്‍ വളര്‍ത്തിയെടുക്കപ്പെടുന്നില്ലെങ്കില്‍ ചൂഷണവ്യവസ്ഥ നിലനില്‍ക്കുമെന്ന വസ്‌തുത ജനങ്ങള്‍ മനസ്സിലാക്കണം. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ശരിയായ ദിശയില്‍ നടത്തപ്പെടുന്ന സമരങ്ങളാണ്‌ സാമൂഹ്യമാറ്റത്തിന്‌ കളമൊരുക്കുക. ഈ രാഷ്‌ട്രീയ അവബോധം സമരമുഖത്തുനിന്ന്‌ ആര്‍ജ്ജിച്ചെടുക്കാന്‍ ജനകീയ സമരങ്ങളില്‍ പങ്കാളികളാകുന്നവര്‍ക്ക്‌ കഴിയണം. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) പാര്‍ട്ടി യുടെ സജീവ സാന്നിദ്ധ്യം മൂലം സമരങ്ങള്‍ നേരായി നയിക്കപ്പെടുന്നു എന്നതുമാത്രമല്ല, രാഷ്‌ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ ശരിയായി ഉള്‍ക്കൊള്ളാന്‍ ജനങ്ങളെ പ്രാപ്‌തരാക്കുന്നു എന്നതും തിരിച്ചറിയേണ്ട കാര്യമാണ്‌.

Share this