സംയുക്ത ട്രേഡ്യൂണിയന്‍ സംസ്ഥാന കണ്വന്ഷന്
കേന്ദ്ര ട്രേഡ്യൂണിയനുകളുടെ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ 10 ഡിമാന്റുകള്‍ ഉന്നയിച്ചുകൊണ്ട് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭം വിജയിപ്പിക്കുന്നതിനാവശ്യമായ സമരപരിപാടികള്‍ക്ക് രൂപം നല്കുന്നതിനുവേണ്ടി ഐക്യട്രേഡ്യൂണിയന് സമരസമിതി എറണാകുളം ഗംഗോത്രിഹാളില്‍ സെപ്തംബര്‍ 2 ന് സംസ്ഥാനതല കണ്വന്ഷന് നടത്തി.
കണ്വന്ഷന് ഐഎന്‍ടിയുസി സംസ്ഥാനപ്രസിഡന്റ് ആര് ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്ര ട്രേഡ്യൂണിയനുകളെ പ്രതിനിധീകരിച്ച് എഐയുറ്റിയുസി സംസ്ഥാന സെക്രട്ടറി സഖാവ് വി.കെ.സദാനന്ദന് , കാനം രാജേന്ദ്രന് (എഐടിയുസി), എളമരം കരിം (സിഐടിയു), എം.പി.ഭാര്ഗ്ഗവന് (ബിഎംഎസ്), എം.കെ.കണ്ണന് (എച്ച്എംഎസ് ), ഉഴവൂര്‍ വിജയന് (എന്‍എല്‍സി), സോണി ജോര്‍ജ്ജ് (സേവ), അനില്‍കുമാര്‍ (ടിയുസിസി), സലിം (ഐഎന്‍എല്‍സി), കെ.കെ.ചന്ദ്രന് (എഐസിസിടിയു), അഹമ്മദ്കുട്ടി ഉണ്ണിക്കുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
എഐയുറ്റിയുസിയെ പ്രതിനിധീകരിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.ദിനേശന്, കെ. സുധാകരന് (സിഐടിയു), ജെ.ചിത്രഭാനു (എഐടിയുസി), മനോജ്ഗോപി (എച്ച്എംഎസ്), ഇബ്രാഹിംകുട്ടി (ഐഎന്‍ടിയുസി), മോഹന്‍ദാസ് (ബിഎംഎസ്), കെ.എം.കുഞ്ഞുമോന് (എന്‍എല്‍സി), സാലി (എസ് ടി യു), തുടങ്ങിയവരടങ്ങിയ 16 അംഗപ്രസിഡീയമാണ് കണ്വന്ഷന് നടപടികള്‍ നിയന്ത്രിച്ചത്.
സെപ്തംബര്‍ 25 ന് തിരുവനന്തപുരത്ത് നടക്കുന്ന വന്‍ തൊഴിലാളി റാലി വിജയിപ്പിക്കുന്നതിനും അതിനുമുന്നോടിയായി ജില്ലാതലയോഗങ്ങള്‍ വിളിച്ചുകൂട്ടുന്നതിനും കണ്വന്ഷന് തീരുമാനിച്ചു.
ഡിസംബര്‍ 12 ന് നടക്കുന്ന പാര്‍ലമെന്റ് മാര്ച്ചിനുമുന്നോടിയായി ജില്ലകളില്‍ നടത്തേണ്ട പരിപാടികള്‍ സംസ്ഥാനതലയോഗം ചേര്‍ന്ന് തീരുമാനിക്കും.
കണ്വന്ഷന് കെ.എന്‍.ഗോപിനാഥ് സ്വാഗതവും ഇബ്രാഹിംകുട്ടി നന്ദിയും പറഞ്ഞു