മാതൃഭൂമി ചാനൽ വാർത്താ അവതാരകൻ വേണു ബാലകൃഷ്ണനെതിരെ ക്രിമിനൽ കേസ്: ഗുരുതരമായ ജനാധിപത്യ അവകാശ ലംഘനം.

Spread our news by sharing in social media

മാതൃഭൂമി ന്യൂസ് ചാനൽ വാർത്താ അവതാരകൻ വേണു ബാലകൃഷ്ണനെതിരെ എടുത്തിട്ടുള്ള കേസ് ജനാധിപത്യ അവകാശത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണമാണെന്ന് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. എത്രയും വേഗം സർക്കാർ കേസ് പിൻവലിക്കണം. രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ബോധപൂർവ്വം ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് വേണുവിനെതിരെയുള്ള കേസ് എടുത്തിട്ടുള്ളത്. സർക്കാരിന്റെ പോലീസ് അതിക്രമത്തെ വിമർശനപരമായി അവതരിപ്പിച്ചതിനെയാണ് മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നാക്കി വളച്ചൊടിച്ചത്. ജനകീയ പ്രതിഷേധങ്ങൾക്കെതിരെയും നിരപരാധികളായ വ്യക്തികൾക്കെതിരെയും സമീപകാലത്തായി വർദ്ധിച്ചുവരുന്ന പോലീസ് അതിക്രമങ്ങളെ ജനമധ്യത്തിലെത്തിക്കാൻ സാമൂഹ്യപ്രതിബദ്ധതയുള്ള ചില മാധ്യമപ്രവർത്തകർ ശ്രമിക്കുന്നതിനോടുള്ള സർക്കാരിന്റെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിവാകുന്നത്. തലശ്ശേരി എം.എൽ.എ ഉൾപ്പടെയുള്ള ചില നേതാക്കൾ ചാനൽ ചർച്ചകളിൽ പങ്കെടുത്തുകൊണ്ട് തങ്ങൾക്ക് അപ്രിയകരമായ വസ്തുതകൾ അവതരിപ്പിക്കുന്ന അവതാരകർക്കു നേരെ നടത്തിയിട്ടുള്ള കൊലവിളിയുടെ തുടർച്ചയാണ് ഇപ്പോൾ നാം കാണുന്നത്. നിയമസഭയിൽ പ്രാതിനിധ്യമില്ലാത്ത പാർട്ടികളും സാമൂഹികശക്തികളും നേതൃത്വം നൽകുന്ന ജനകീയ സമരങ്ങളുടെ വാർത്തകൾ തമസ്‌കരിക്കണമെന്ന് അധികാരത്തിലെത്തിയയുടൻ വിളിച്ചുചേർത്ത മാധ്യമ പ്രവർത്തകരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത് ഈ അവസരത്തിൽ ഓർക്കേണ്ടതാണ്.

വർഗ്ഗീയകലാപങ്ങളുയർത്തിവിടാൻ പോന്നവിധം നിയമവാഴ്ചയെയും ഭരണഘടനയെയും വെല്ലുവിളിച്ചുകൊണ്ട് ഇതര മതങ്ങൾക്കെതിരെ വിഷം വമിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ നടത്തിവരുന്ന സംഘടനകളും വ്യക്തികളും സ്വതന്ത്രമായി വിഹരിക്കുന്ന ഈ കാലയളവിൽ അവർക്കെതിരെ ചെറുവിരലനക്കാത്തവർ തന്നെയാണ് സ്വതന്ത്രമാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും വായടപ്പിക്കുകയും ചെയ്യുത്. ഇത് മതേതരത്വം സംരക്ഷിക്കാനുള്ള പുറപ്പാടല്ല, മറിച്ച് തങ്ങൾക്കെതിരെ നിൽക്കുന്നവരെ ഭയപ്പെടുത്താനുള്ള തന്ത്രമാണ്. കേരളത്തിൽ ഇത് വിലപ്പോകില്ലെന്നും പ്രസ്താവന തുടർന്ന് അഭിപ്രായപ്പെട്ടു.

ജനാധിപത്യപരമായ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ എടുത്തിരിക്കുന്ന ഈ നടപടി ഉടനടി പിൻവലിക്കാൻ സർക്കാരിനെ നിർബന്ധിതമാക്കത്തക്കവിധത്തിൽ പ്രതിഷേധമുയർത്തണമെന്ന് എസ്.യു.സി.ഐ സംസ്ഥാന കമ്മിറ്റി എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു.

 

Share this