എന്തൊരു ധിക്കാരം? നരേന്ദ്രമോഡി ഗുജറാത്ത് കൂട്ടക്കൊലയില്‍ അഭിമാനം കൊള്ളുന്നു

Spread our news by sharing in social media

അടുത്തയിടെ ഒരു അഭിമുഖത്തില്‍ നരേന്ദ്രമോഡി പറഞ്ഞ കാര്യങ്ങളും അതിന്റെ മട്ടും ഭാവവുമൊക്കെ വ്യാപകമായ അവജ്ഞ ഉളവാക്കുകയുണ്ടായി. എന്നാല്‍ ഇത് ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ് എന്നാണ് ഞങ്ങളുടെ അഭിപ്രായം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നരേന്ദ്രമോഡിയുടെ സംഭാവന എന്ത് എന്ന വിഷയത്തില്‍നിന്ന് തുടങ്ങാം. എന്തൊക്കെ മറന്നാലും 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലീം കൂട്ടക്കൊല ആസൂത്രണം ചെയ്തതും ഭംഗിയായി നടപ്പിലാക്കിയെടുത്തതും മോഡിയായിരുന്നു എന്ന കാര്യം ആരും മറക്കാനിടയില്ല. അതിന്റെ പൈശാചിക സ്വഭാവംകൊണ്ടുമാത്രമല്ല, ഒരു ഗവണ്‍മെന്റാണ് അത് ചെയ്തു കൂട്ടിയത് എന്നതുകൊണ്ടുതന്നെ ലോകത്തുതന്നെ ഇത് ആദ്യസംഭവമായിരിക്കും. ജീവനോടെ ചുട്ടുകൊല്ലുന്നതടക്കമുള്ള ഭീകരതയും കൊള്ള, കൊള്ളിവയ്പ്, ബലാത്സംഗം തുടങ്ങിയവയും ഏത് വംശഹത്യയിലുമുണ്ടാകും. ഗുജറാത്തിലും ഇതൊക്കെ സംഭവിച്ചു. ഗോധ്രയില്‍ ട്രെയിനിന് തീവച്ചത് എന്തിന് എന്ന കാര്യം ഇന്നും വിവാദവിഷയമാണ്. എന്നാല്‍ ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് തലേന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി വിളിച്ചുചേര്‍ത്ത ഉന്നതാധികാര യോഗത്തില്‍ ഗോധ്ര സംഭവത്തില്‍ പറഞ്ഞ അഭിപ്രായം, മുസ്ലീങ്ങളെ ഒരു പാഠം പഠിപ്പിക്കേണ്ടതാണ് എന്നത്രേ!. എന്നു മാത്രമല്ല, ഹിന്ദുക്കള്‍ പ്രതികാരം ചെയ്താല്‍ പോലീസ് ഉദാസീനമായിരിക്കണം എന്നും ആവശ്യപ്പെട്ടു. പോലീസ് കണ്‍ട്രോള്‍ റൂമില്‍ ആജ്ഞാനുവര്‍ത്തികളെ പ്രതിഷ്ഠിക്കുക, മൊബൈല്‍ ഫോണ്‍ വിളികളുടെ രേഖകളും മീറ്റിംഗിന്റെ രേഖയുമൊക്കെ നശിപ്പിക്കുക, പബ്‌ളിക് പ്രോസിക്യൂട്ടര്‍മാര്‍ തുടങ്ങിയവരുടെ നിയമനത്തിലൊക്കെ കൃത്രിമം കാട്ടുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ മോഡിയുടെ നേതൃത്വത്തില്‍ നടക്കുകയും ചെയ്തു.

എല്ലാം പകല്‍ വെളിച്ചത്തിലാണ് നടന്നത്. എല്ലായിടത്തും മോഡി നിറഞ്ഞു നിന്നു. സര്‍ക്കാര്‍വക വിചാരണകളില്‍ നിരപരാധികളും നിസ്സഹായരുമായ ഇരകള്‍ക്ക് ഒരു നീതിയും കിട്ടിയില്ല. അതിന് യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല. കൊലയാളികളെ നിരപരാധികളാക്കാനുള്ള പ്രഹസനങ്ങളായിരുന്നു ഇവയൊക്കെ. ദുരിതാശ്വാസക്യാമ്പുകളെന്ന പേരിലുള്ള ചേരികളിലേയ്ക്ക് ഇരകള്‍ നീക്കം ചെയ്യപ്പെട്ടു. മാന്യമായ വാസസ്ഥലം, തൊഴില്‍, വിദ്യാഭ്യാസം, നീതി തുടങ്ങിയ പ്രതീക്ഷകളൊക്കെ അതോടെ അസ്തമിച്ചു. വേരുകള്‍ നഷ്ടപ്പെട്ട്, ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍പോലും നിഷേധിക്കപ്പെട്ട് അലയാനായിരുന്നു അവരുടെ വിധി. ഭീതിപ്പെടുത്തി സത്യം പുറത്തുപറയുന്നതില്‍നിന്ന് വിലക്കുകയെന്നതായിരുന്നു പദ്ധതി. ഇത്രയൊക്കെ ആയിട്ടും ക്രൂരതയുടെ ദൃക്‌സാക്ഷികള്‍ പലരും സത്യം വിളിച്ചു പറയാന്‍ തയ്യാറായി. അവരെ ഭീഷണിപ്പെടുത്തി, ആക്രമിച്ചു, പണംകൊടുത്ത് വശീകരിച്ചു. അങ്ങനെ കൊടും കുറ്റവാളികള്‍ പലരും സ്വതന്ത്രരായി. എല്ലാ ക്രൂരതകളോടെയും അവര്‍ വീണ്ടും സമൂഹമദ്ധ്യത്തിലെത്തി. പത്രപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും വിമര്‍ശകരുമൊക്കെ നിശബ്ദരാക്കപ്പെട്ടു. പലരും ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. ഫെബ്രുവരി 27 നു നടന്ന ഉന്നതാധികാരയോഗത്തില്‍ മോഡി അടിച്ചേല്‍പ്പിച്ച പദ്ധതി പിറ്റേന്നു നടപ്പിലാകുന്നതാണ് കണ്ടത്. മോഡി മന്ത്രിസഭയില്‍ അംഗമായിരുന്ന ഹരണ്‍ പാണ്ഡ്യ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് തരംതാഴ്ത്തലിനും സസ്‌പെന്‍ഷനും വിധേയനായി. ഒടുവില്‍ അറസ്റ്റിലുമായി. വായ പൊത്തിനിന്നവര്‍ക്ക് പാരിതോഷികങ്ങള്‍ കിട്ടി. ചില കേസുകള്‍ ഗുജറാത്തിനു പുറത്ത് വിചാരണ ചെയ്യേണ്ട ഗതികേടിലെത്തി. എന്നിട്ടും കാര്യമായ ഗുണമൊന്നും ഉണ്ടായില്ല. മോഡിയുടെ പാര്‍ട്ടി ബി.ജെ.പിക്ക് ആത്മീയ നേതൃത്വം നല്‍കുന്ന ആര്‍.എസ്.എസ്, സംഘപരിവാര്‍ ശക്തികളാണ് എല്ലാറ്റിനും മേല്‍നോട്ടം വഹിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നുമാത്രമല്ല, ഈ വംശഹത്യയുടെ സമയത്ത് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ. അദ്വാനിയെപ്പോലുള്ള അഖിലേന്ത്യ നേതാക്കന്‍മാരില്‍നിന്ന് മോഡിക്ക് പിന്തുണയും ലഭിച്ചിരുന്നു. സല്‍ഗുണ സമ്പന്നനെന്നും മികച്ച പ്രധാനമന്ത്രിയെന്നുമൊക്കെ മാധ്യമങ്ങള്‍ വാഴ്ത്തുന്ന അഡല്‍ ബിഹാരി വാജ്‌പേയ്, പ്രധാനമന്ത്രിയെന്ന നിലയില്‍, നാല്‍പ്പത്തിയഞ്ചു ദിവസം നീണ്ടുനിന്ന ഈ നരനായാട്ടിനും പാതകങ്ങള്‍ക്കും തടയിടാന്‍ ഒന്നും ചെയ്തില്ല. അവിശ്വാസവും വിദ്വേഷവും നടമാടി. ബഹുഭൂരിപക്ഷവും ദരിദ്രരായ ഒരു വിഭാഗത്തിനു നേരെ കൊടും ക്രൂരത അരങ്ങേറി. ഭീതിയും അരക്ഷിതത്വവുംമൂലം സര്‍ക്കാരിലുള്ള വിശ്വാസംതന്നെ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു. എന്തിന് ഈ ക്രൂരത എന്ന് നേരായി ചിന്തിക്കുന്നവരൊക്കെ ആലോചിച്ചു. എന്നാല്‍ ഭരണ മുതലാളി വര്‍ഗ്ഗത്തിന്റെ സേവകര്‍ക്ക് ഒരു കുലുക്കവും ഉണ്ടായില്ല. കുറ്റകൃത്യങ്ങള്‍ അരങ്ങുവാഴുമ്പോഴും അവര്‍ നീതി നടപ്പിലാക്കുന്നതായി ഭാവിച്ചു. ജനങ്ങളിലെ അനൈക്യം മുതലാളിവര്‍ഗ്ഗത്തിന് ഗുണകരമാണല്ലോ. വംശഹത്യ ജനങ്ങളിലുണ്ടാക്കിയ അനൈക്യം അവര്‍ മുതലെടുത്തു.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുവാന്‍ സുപ്രീംകോടതി നിര്‍ബന്ധിതമായി.
ആര്‍എസ്എസ് മോഡിയെ പ്രിയപ്പെട്ടവനായി വാഴ്ത്തി. മുതലാളിവര്‍ഗ്ഗം പിന്തണച്ചു. കോണ്‍ഗ്രസ്‌പോലും പരോക്ഷമായി മോഡിക്ക് അനുകൂലമായി നിന്നു. എന്നിട്ടും വംശഹത്യയുടെ സത്യാവസ്ഥ മൂടിവയ്ക്കാന്‍ കഴിഞ്ഞില്ല. മതേതര ചിന്താഗതിക്കാരും മനുഷ്യസ്‌നേഹികളും രാജ്യത്തും പുറത്തും ഉയര്‍ത്തിയ സമ്മര്‍ദ്ദം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നതോടെ സുപ്രീംകോടതി, ഏഴുവര്‍ഷങ്ങള്‍ക്കുശേഷം 2009-ല്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ നിര്‍ബന്ധിതമായി. തെളിവുകള്‍ നശിപ്പിക്കാനോ ചുരുങ്ങിയപക്ഷം അതില്‍ വെള്ളംചേര്‍ക്കാനോ ഈ സമയം ധാരാളം മതിയായിരുന്നു. 2010 മെയ് 12ന് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ സുപ്രീംകോടതി അത് വെളിയില്‍ വിട്ടില്ല. വളരെ പണിപ്പെട്ടിട്ടാണെങ്കിലും അല്‍പ്പാല്‍പ്പമായി സത്യം പുറത്തുവന്നു. റിപ്പോര്‍ട്ട് നിശിതമായ ഭാഷയില്‍ മോഡിയെ കുറ്റപ്പെടുത്തുന്നതായിരുന്നു. രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ ലക്ഷ്യങ്ങളോടെയാണ് നീതിനിര്‍വ്വഹണം നടത്തിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മുസ്ലീങ്ങള്‍ക്കെതിരെ മോഡി പ്രകോപനപരവും ക്രോധം ജനിപ്പിക്കുന്നതുമായ പ്രസംഗങ്ങള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ചിന്താശൂന്യവും നിരുത്തരവാദപരവുമായിരുന്നു ഒരു മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ഈ നിലപാടുകള്‍. തെളിവുകള്‍ നശിപ്പിക്കുന്നതിനും മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട് തുടങ്ങി നിരവധി കാര്യങ്ങള്‍ റിപ്പോര്‍ട്ട് അക്കമിട്ടു നിരത്തുന്നുണ്ട്. എന്നിട്ടും ഒരു അനക്കവുമുണ്ടായില്ല. അടുത്തകാലത്തു നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്തയാള്‍, അതിന്റെ പേരില്‍ ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കേണ്ടയാള്‍ കേമനായി വിലസുന്നു. 2002ലും 2007ലും 2012ലും നടന്ന ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ അയാള്‍ വിജയശ്രീലാളിതനായി. അങ്ങേയറ്റം വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ചാണ് ഈ വിജയങ്ങള്‍ കൊയ്‌തെടുത്തത്. എന്നാല്‍, ഒരു പതിറ്റാണ്ടിലേറെയായി ദുരിതം അനുഭവിക്കുന്ന ന്യൂനപക്ഷ സമുദായക്കാരുടെ കാര്യം ആരും പരിഗണിച്ചില്ല. മോഡിക്ക് വലിയ പ്രചാരം നല്‍കാന്‍ മാത്രമല്ല അയാളെ ഒരു അതിമാനുഷനായി ചിത്രീകരിക്കാന്‍ തന്നെ ആസൂത്രിതമായ നീക്കം നടക്കുന്നുണ്ട് എന്ന് വ്യക്തമാണ്. കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വംകൊടുത്ത ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് വാഴ്ചയെ അനുസ്മരിപ്പിക്കുന്ന നരേന്ദ്രമോഡി ആവര്‍ത്തിച്ചുള്ള തെരഞ്ഞെടുപ്പ് വിജയങ്ങളുടെ പേരില്‍ ഊറ്റംകൊള്ളുമ്പോള്‍ ആ വിജയങ്ങള്‍ ഉറപ്പാക്കിയതെങ്ങനെയെന്ന് ആരും ചിന്തിക്കുന്നില്ല. മോഡി തൂത്തുവാരിയെന്ന് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ വിളിച്ചുകൂവുന്നത് മാത്രം കേള്‍ക്കാം.

കുറ്റകൃത്യങ്ങള്‍ നടന്നു. പക്ഷേ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടില്ല. ജനങ്ങളുടെ സമ്മര്‍ദ്ദത്താല്‍ കൈക്കൊണ്ട നടപടികളിലും വെള്ളം ചേര്‍ത്തു. അങ്ങോട്ടുമിങ്ങോട്ടും തട്ടി ഒടുവില്‍ വേണ്ടെന്നുവച്ചു. ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയടിച്ചുകൊണ്ട് 2012-ല്‍ പ്രത്യേക അന്വേഷണസംഘം മോഡിയെയും സംഘത്തെയും കുറ്റവിമുക്തനാക്കി. പ്രോസിക്യൂട്ട് ചെയ്യാവുന്ന തെളിവുകളുടെ അഭാവമാണ് അന്വേഷണസംഘം പറഞ്ഞ ന്യായം. ജനങ്ങളുടെ കണ്‍മുന്നില്‍വച്ച് നടന്ന കുറ്റകൃത്യങ്ങള്‍ക്ക് തെളിവില്ലെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുന്ന നീതിന്യായ വ്യവസ്ഥ. ബോഫോഴ്‌സ് കേസുപോലെ, മുമ്പു പലപ്പോഴും സംഭവിച്ചതുപോലെ ഇവിടെയും സത്യം കൂഴിച്ചുമൂടപ്പെട്ടു. എന്നാല്‍ നേരായി ചിന്തിക്കുന്നവരുടെ മനസ്സിനെ ചില വസ്തുതകള്‍ അലട്ടിക്കൊണ്ടിരുന്നു. 2012ല്‍ ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, മോഡിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്, താന്‍ നിരപരാധിയാണെന്ന് തുടക്കംമുതല്‍ പറഞ്ഞുകൊണ്ടിരുന്ന മോഡിക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ഉതകുംവിധമായിരുന്നില്ലേ? ബൂര്‍ഷ്വാസംവിധാനത്തിന്റെ ഭാഗമായ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഇത്തരത്തില്‍ ഘടകവിരുദ്ധമായൊരു നിലപാടെടുത്തത്, ഭരണവര്‍ഗ്ഗത്തിന്റെയും അതിന്റെ രാഷ്ട്രീയ കാര്യസ്ഥന്‍മാരായ കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും പച്ചക്കൊടി കണ്ടതിനുശേഷമല്ലേ? 2ജി കുംഭകോണമുള്‍പ്പെടെ നിരവധി അഴിമതികളില്‍പ്പെട്ട് ആടിയുലയുകയായിരുന്നു അന്ന് കേന്ദ്രസര്‍ക്കാര്‍. അന്ന് കോണ്‍ഗ്രസും ബി.ജെ.പി.യും ആ കൂടിക്കാഴ്ച നടത്തിയത് എന്തു ചര്‍ച്ച ചെയ്യാനായിരുന്നു? ഇരുകൂട്ടരും തമ്മില്‍ ധാരണ ഉണ്ടാക്കിയതായി അന്ന് മാധ്യമങ്ങള്‍ വാചാലമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനുശേഷം അഴിമതിക്കാര്യത്തിലൊന്നും ശക്തമായ അന്വേഷണം വേണമെന്നോ കുറ്റവാളികള്‍ക്ക് കര്‍ശനശിക്ഷ നല്‍കണമെന്നോ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസിനെ കുത്തിനോവിക്കാന്‍ ബി.ജെ.പി. മിനക്കെട്ടില്ല. മോഡിയെ കുറ്റവിമുക്തനാക്കിയതിനെക്കുറിച്ച് കോണ്‍ഗ്രസ് ഒരക്ഷരം ഉരിയാടിയതുമില്ല.

മോഡി വികസനത്തിന്റെ പേരില്‍ ഊറ്റം കൊള്ളുമ്പോള്‍ ഗുജറാത്ത് കൂപ്പുകുത്തുന്നു.

ബിജെപിയുടെയും ആര്‍എസ്എസിന്റെയും പൂര്‍ണ്ണ പിന്തുണയോടെ, മുതലാളി വര്‍ഗ്ഗത്തിന്റെ ആശീര്‍വാദത്തോടെ, കോണ്‍ഗ്രസ്സിന്റെപോലും പരോക്ഷമായ ഒത്താശയോടെ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തത്തില്‍നിന്നൊഴിയാന്‍ കൊണ്ടുപിടിച്ചു ശ്രമിച്ചിട്ടും 2002-ലെ വംശഹത്യയുടെ പേരിലുള്ള കുറ്റാരോപണത്തില്‍നിന്ന് രാജ്യത്തിനകത്തും പുറത്തും തലയൂരാന്‍ മോഡിക്കായില്ല. ചില രാജ്യങ്ങള്‍ മോഡിക്ക് വിസ നല്‍കാന്‍പോലും തയ്യാറായില്ല. ഈ സാഹചര്യത്തില്‍ വര്‍ഗ്ഗീയ അജണ്ട പിന്‍വലിക്കാതെതന്നെ വികസനത്തിന്റെ പെരുമ്പറ മുഴക്കിയിറങ്ങാന്‍ മോഡി തീരുമാനിക്കുകയായിരുന്നു. മോഡിയുടെ ‘ഉശിരന്‍ ആഗോളീകരണ’ ഗുജറാത്ത്, ആധുനിക നഗരങ്ങളാലും ബിസിനസ്സ് കേന്ദ്രങ്ങളാലും അഭിവൃദ്ധിപ്പെടുന്ന സമ്പന്നരാലും തിളങ്ങാന്‍ തുടങ്ങി. എന്നാല്‍ മാനവിക വികസനത്തിന്റെ കാര്യത്തില്‍ പതിനൊന്നാം സ്ഥാനമേ ഗുജറാത്തിനുള്ളൂ(2011). പത്തുവര്‍ഷത്തിനുള്ളില്‍ അവിടെ 37248 പേര്‍ ജീവനൊടുക്കി. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 45%ത്തിനും പോഷകാഹാരക്കുറവുണ്ട്. പെണ്‍കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും മരണനിരക്ക് മറ്റു പല സംസ്ഥാനങ്ങളെക്കാളും ഉയര്‍ന്നതാണ്. ഇത് ദേശീയ ശരാശരിയെക്കാളും ഉയര്‍ന്നതാണ്. പത്തൊമ്പത് ജില്ലകളില്‍ പതിനാലിലും ജലക്ഷാമം രൂക്ഷമാണ്. 2012ല്‍ ഏഴുലക്ഷത്തിലേറെ ജലജന്യരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വന്‍നഗരങ്ങളില്‍ സമ്പന്നരുടെ ചികിത്സയ്ക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രികള്‍ ധാരാളമുള്ളപ്പോള്‍, ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള പാവപ്പെട്ടവരുടെ ആരോഗ്യപരിപാലനത്തിന് യാതൊരു സംവിധാനങ്ങളുമില്ല. പാഠപുസ്തകങ്ങളുടെ വില, വിദ്യാഭ്യാസ ചിലവ് എന്നിവയൊക്കെ വളരെ കൂടുതലാണ്. കുട്ടികളുടെ കൊഴിഞ്ഞുപോക്കും സ്‌കൂളുകളുടെ എണ്ണം കുറയുന്നതും വ്യാപകമാണ്. കുറ്റകൃത്യങ്ങളുടെ തോത് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. പോലീസ് ഉദ്യോഗസ്ഥ സംവിധാനമാകെ വര്‍ഗ്ഗീയവല്‍കൃതമാണ്. ഇവിടെ അഴിമതിയും ജാത്യാഭിമുഖ്യവും നിറഞ്ഞുനില്‍ക്കുന്നു. മനുഷ്യാവകാശലംഘനങ്ങള്‍, കസ്റ്റഡി മരണങ്ങള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ക്കുനേരെയുള്ള അടിച്ചമര്‍ത്തല്‍, പീഡനം, സാധാരണജനങ്ങള്‍ക്കുമേലുള്ള പോലീസ് അതിക്രമങ്ങള്‍, വ്യാജഏറ്റുമുട്ടലുകള്‍ തുടങ്ങിയവയൊക്കെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. തുണിനെയ്ത്തുകേന്ദ്രങ്ങള്‍, വജ്രം, തുറുഖങ്ങള്‍, ഉപ്പളങ്ങള്‍, സമുദ്രോത്പ്പന്ന പാക്കിംഗ് വ്യവസായ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള അസംഘടിത മേഖലയില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളില്‍ പണിയെടുക്കാന്‍ നര്‍ബന്ധിതരായിരിക്കുന്നു. മിനിമംകൂലിയോ, ഐഡന്റിറ്റി കാര്‍ഡോ, ആരോഗ്യകരമായ തൊഴില്‍ സാഹചര്യങ്ങളോ നിലവിലില്ല. ഇങ്ങനെ നിര്‍ദ്ദയമായ മുതലാളിത്ത ചൂഷണത്തിലൂടെ നേടുന്ന കൃത്രിമമായ വികസനം വലിയ അസംതൃപ്തിക്ക് കാരണമാകുന്നു. കടുത്ത വര്‍ഗ്ഗീയ പ്രചാരണത്തിലൂടെ ജനങ്ങളുടെ ഈ അസംതൃപ്തിയെ തെറ്റായ വഴിയിലൂടെ തിരിച്ചുവിട്ട് അവരുടെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണ് മോഡി ചെയ്യുന്നത്.

കുത്തകകള്‍ക്കും സമ്പന്നര്‍ക്കും വേണ്ടിയുള്ള ഈ വികസനം, തികച്ചും തൊഴിലാളി വിരുദ്ധവും സമരവിരുദ്ധവുമായ നിലപാട്, ആഴ്ന്നിറങ്ങുന്ന വര്‍ഗ്ഗീയതമൂലമുണ്ടാകുന്ന സാധാരണ ജനങ്ങളുടെ അനൈക്യം എന്നിവയൊക്കെ ചേര്‍ന്ന് സൃഷ്ടിക്കുന്ന സാഹചര്യം ലാഭാര്‍ത്തിപൂണ്ട സ്വദേശ വിദേശ കുത്തകകളെ സംബന്ധിച്ചിടത്തോളം ഏറെ മോഹിപ്പിക്കുന്നതാണ്. ഇന്ത്യയിലെയും പല വിദേശ രാജ്യങ്ങളിലെയും കുത്തകകളെ ആനയിച്ച് ഗുജറാത്തില്‍ മോഡി സംഘടിപ്പിച്ച വ്യവസായ ഉച്ചകോടിയില്‍വച്ച് അമേരിക്ക, ജപ്പാന്‍, ബ്രിട്ടന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലെയൊക്കെ കുത്തകകളുടെ പ്രതിനിധികള്‍ മോഡിയെ ഏറെ പ്രശംസിച്ചു. ദീര്‍ഘവീക്ഷണമുള്ളതും ഫലപ്രദവും ആവേശകരവുമാണ് മോഡിയുടെ നേതൃത്വം എന്ന് മുകേഷ് അംബാനി വിശേഷിപ്പിച്ചു. ഗാന്ധിക്കുശേഷം ഗുജറാത്തിനു ലഭിച്ച ഏറ്റവും നല്ല നേതാവാണ് മോഡി എന്നും മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇത് മാതൃകയാക്കാമെന്നുമാണ് അനില്‍ അംബാനി പറഞ്ഞത്. രത്തന്‍ ടാറ്റ മാതൃകാപരമെന്ന വിശേഷണം ചാര്‍ത്തിയപ്പോള്‍ പ്രധാനമന്ത്രിയാകാന്‍ പോന്നയാള്‍ എന്ന വിശേഷണമാണ് മിത്തല്‍ നല്‍കിയത്. അങ്ങനെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഒരാളെ അവതരിപ്പിച്ച് പ്രദര്‍ശിപ്പിക്കുകയായിരുന്നു കുത്തകകള്‍ ചെയ്തത്. മോഡിയുടെ മുന്നിലുണ്ടായിരുന്ന പ്രധാന തടസ്സം നീങ്ങിക്കിട്ടി. ആര്‍എസ്എസിന്റെ ആശീര്‍വാദവും മുതലാളി വര്‍ഗ്ഗത്തിന്റെ പിന്തുണയും കോണ്‍ഗ്രസ്സിന്റെ രഹസ്യമായ ഒത്താശയുംകൊണ്ട് ഗുജറാത്ത് കൂട്ടക്കൊല ആസൂത്രണം ചെയ്തതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് മോഡിക്ക് ഒഴിയാനായി. മുസ്ലീം വിരോധത്തിന്റെയും ഹിന്ദുത്വവാദത്തിന്റെയും മുദ്രാവാക്യവുമായി ഭൂരിപക്ഷ സമുദായ വോട്ടുബാങ്ക് ദൃഢീകരിച്ചെടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന പങ്കാണ് മാധ്യമങ്ങള്‍ നിറവേറ്റുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍, എളുപ്പം വിറ്റഴിക്കാവുന്ന ചരക്ക് എന്ന നിലയില്‍, മാധ്യമങ്ങള്‍ മോഡി പ്രധാന മന്ത്രിയാകുന്നതിന്റെ ഗുണദോഷവിചിന്തനം ആരംഭിച്ചുവെന്ന് മാത്രമല്ല, ഒരു കൊടുംകുറ്റവാളിയെ, ഒട്ടും പശ്ചാത്തപിക്കാത്ത ഒരു കടുത്ത വര്‍ഗ്ഗീയവാദിയെ ഒരു വംശഹത്യയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിവാക്കിയെടുക്കുക എന്ന വൃത്തികെട്ട രാഷ്ട്രീയകളിയില്‍ പങ്കാളിയാവുകകൂടി ചെയ്തു. എല്ലാംകൂടി മോഡിക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചത്. മൃദുവും മതേതരവുമായ ഒരു പാതയില്‍ക്കൂടിയാണ് മോഡി സഞ്ചരിക്കുന്നതെന്ന് പറഞ്ഞിരുന്നവരുടെ അവകാശവാദങ്ങളെ പൊളിച്ചുകൊണ്ട്, തന്റെ മൂടുപടമെല്ലാം അഴിച്ചുമാറ്റി, തികഞ്ഞ ഒരു അധികാരദാഹിയായി മോഡി രംഗപ്രവേശം ചെയ്തു.ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും പ്രിയപുത്രനായി, മുതലാളിവര്‍ഗ്ഗത്തിന്റെ പ്രിയങ്കരനായി മാറിയ മോഡി, ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച അഭിമുഖത്തില്‍, പലപ്പോഴായി പറഞ്ഞിട്ടുള്ള തന്റെ കാഴ്ചപ്പാട്, പൂര്‍ണ്ണരൂപത്തില്‍ അവതരിപ്പിക്കുകയുണ്ടായി.

തനിനിറം പുറത്തുവരുന്നു

2013 ജൂലൈ 12ന് റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ 2002ല്‍ ചെയ്തത് ശരിയായിരുന്നുവെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് യാതൊരു അവ്യക്തതയുമില്ലാതെ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. ‘തീര്‍ച്ചയായും’. തികച്ചും ശരിയായ കാര്യമാണ് ചെയ്തതെങ്കില്‍, തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍, പിന്നെ കുറ്റബോധമെന്തിന്? എന്തൊരു ധിക്കാരം! മനുഷ്യ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ക്രൂരതകള്‍ക്കൊന്നിന് നേതൃത്വം കൊടുത്തിട്ട്, രാജ്യത്തും പുറത്തുമുള്ള നേരായി ചിന്തിക്കുന്നവര്‍ ആ പ്രവൃത്തിയെയും അത് ചെയ്ത ആളെയും അപലപിച്ചിട്ട്, അത് തികച്ചും ശരിയാണ് എന്നു പറയുക മാത്രമല്ല, അതിന്റെ പേരില്‍ രാജ്യത്തിന്റെ അധികാര കസേര ഉറപ്പാക്കാന്‍കൂടി ശ്രമിക്കുകയാണ് ഇപ്പോള്‍ മോഡി ചെയ്യുന്നത്. ധാര്‍ഷ്ട്യം നിറഞ്ഞ ഈ വാക്കുകള്‍ മാധ്യമങ്ങളില്‍ പ്രചാരം നേടുമ്പോള്‍ അതിനെ വെല്ലുവിളിക്കാന്‍, എന്തിന് ഒന്നു ചോദ്യം ചെയ്യാന്‍പോലും ആരും തയ്യാറാകുന്നില്ല. മോഡിയാകട്ടെ, തന്റെ നിരപരാധിത്വത്തിന് തെളിവായി തന്നെ ‘തീര്‍ത്തും കുറ്റവിമുക്തനാക്കിയ’ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി അഹങ്കരിക്കുകയും ചെയ്യുന്നു! ഈ റിപ്പോര്‍ട്ടില്‍ ആദ്യം പറഞ്ഞ കാര്യങ്ങള്‍ക്ക് ഘടകവിരുദ്ധമായിട്ടുള്ള കാര്യങ്ങള്‍ അധികാരശക്തികളുടെ സമ്മര്‍ദ്ദംകൊണ്ട് എഴുതിപ്പിടിപ്പിച്ചത് മനസ്സിലാകാതിരിക്കാന്‍ മാത്രം മണ്ടന്‍മാരാണ് രാജ്യത്തെ ജനങ്ങളെല്ലാം എന്നാണോ മോഡി കരുതുന്നത്? നിരപരാധികളെ ചുട്ടുകൊല്ലുന്നതും മറ്റും ടെലിവിഷനില്‍ കണ്ടജനങ്ങള്‍ അതെല്ലാം മറന്നുവെന്നാണോ കരുതുന്നത്? ആ അഭിമുഖത്തില്‍ത്തന്നെ പറഞ്ഞ മറ്റൊരു കാര്യം, ‘നമ്മളൊരു വാഹനത്തില്‍പോകുമ്പോള്‍ ഒരു പട്ടിക്കുഞ്ഞിന്റെ പുറത്ത് വണ്ടി കയറി അത് ചത്താല്‍ നമുക്ക് ദു:ഖം തോന്നില്ലേ, അതുപോലെ ഗുജറാത്ത് കൂട്ടക്കൊലയില്‍ മരിച്ചവരുടെ കാര്യത്തിലും വിഷമമുണ്ട്’ എന്നാണ്. അധികാര കസേരയിലേയ്ക്കുള്ള രഥയാത്രയുടെ ഹരത്തില്‍ എന്തുധിക്കാരവും പറയാമെന്നായിരിക്കുന്നു എന്നതിന്റെ തെളിവാണിത്. ഇവിടെ പട്ടിക്കുഞ്ഞിനെ മുസ്ലീം സമുദായത്തോട് ഉപമിച്ചിരിക്കുകയാണ്. പട്ടിയുടെ കുഞ്ഞ് എന്നത് നമ്മുടെ രാജ്യത്ത് എത്രമോശമായ പദപ്രയോഗമാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ഓരോരുത്തരും അവരുടെ സംസ്‌കാരത്തിന് അനുസരിച്ചുള്ള പദപ്രയോഗങ്ങളാണ് നടത്തുക. മോഡിയുടെ ഈ പദപ്രയോഗം യാദൃശ്ചികമല്ല. ആര്‍എസ്എസിന്റെ മുസ്ലീം വിരുദ്ധ വര്‍ഗ്ഗീയ നിലപാടില്‍നിന്നും ആര്‍ജ്ജിച്ചെടുത്ത സ്വന്തം സാംസ്‌കാരമാണ് അത് പ്രതിഫലിപ്പിക്കുന്നത്.
ഇതുകൊണ്ടും തീരുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ രണ്ട് നെടുംതൂണുകളായിരുന്നു ജനാധിപത്യവും മതേതരത്വവും എന്ന് അറിയാമല്ലോ. എന്തെല്ലാം പരിമിതികളുണ്ടെങ്കിലും, സാംസ്‌കാരിക മേഖലയില്‍ ഈ കടമകള്‍ സന്ധിരഹിതമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ജാതി, മതം, തുടങ്ങിയ വിഭാഗീയതകള്‍ക്കതീതമായി കോടിക്കണക്കിന് ആളുകളെ സ്വാതന്ത്ര്യ സമരത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു എന്നത് വസ്തുതയാണ്. സാംസ്‌കാരിക മേഖലയിലെ ഈ പരിമിതി ഒരു ഏകാത്മക സമൂഹം വാര്‍ത്തെടുക്കുന്നതിന് പ്രതിബന്ധമായെങ്കിലും ഇന്ത്യന്‍ ദേശീയതാബോധത്താല്‍ പ്രചോദിതരായി സ്വതന്ത്രമായ ഒരു ആധുനിക രാഷ്ട്രം സ്വപ്നംകണ്ട് സമരത്തില്‍ മുഴുകാന്‍ ജനങ്ങള്‍ക്കായി. ഈ ആധുനിക രാഷ്ട്രം ജനാധിപത്യ-മതേതര രാഷ്ട്രമായിരുന്നു. നേതാജി, ഭഗത് സിംഗ്, ലാലാജി, ഗാന്ധിജി തുടങ്ങി അതികായരായ നേതാക്കളുടെ ആഹ്വാനം ചെവിക്കൊണ്ട് സ്വന്തം ഭാവി പരിഗണിക്കാതെ ജീവന്‍കൊടുക്കാന്‍പോലും അവര്‍ തയ്യാറായി. ആ സമരവും ത്യാഗങ്ങളുമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്ജ്വലമായ ആ പൈതൃകത്തില്‍ സ്വതന്ത്ര ഇന്ത്യയിലെ ഓരോ പൗരനും അഭിമാനിക്കാന്‍ വകയുണ്ട്.

മോഡിയോ, മോഡിക്ക് ആശീര്‍വാദം ചൊരിയുന്ന സംഘടനകളോ ഈ ഗണത്തില്‍ പെടുന്നതല്ല. സ്വാതന്ത്ര്യത്തിനുമുമ്പുണ്ടായിരുന്ന ഹിന്ദു മഹാസഭയും അതിന്റെ പിന്തുടര്‍ച്ചക്കാരായ ആര്‍എസ്എസ്- ബിജെപി സംഘടനകളും ഇതില്‍പെടും. അതേ അഭിമുഖത്തില്‍, യഥാര്‍ത്ഥ മോഡി ഒരു ഹിന്ദു ദേശീയ വാദി നേതാവാണോ അതോ ബിസിനസ്സ് ഗ്രൂപ്പുകളോട് ആഭിമുഖ്യം പുലര്‍ത്തുന്ന മുഖ്യമന്ത്രിയാണോ എന്ന ചോദ്യത്തിന് പറഞ്ഞ ഉത്തരം, ജന്മനാ ഹിന്ദുവായതുകൊണ്ട് ഞാന്‍ ഹിന്ദു ദേശീയ വാദിയാണ്, എന്നായിരുന്നു. ഹിന്ദുത്വത്തെയും ദേശീയബോധത്തെയും സമര്‍ത്ഥമായി കൂട്ടിയിണക്കുകയായിരുന്നു ഇവിടെ. പിന്നീട് ഒരിക്കല്‍ മതേതരത്വത്തിന്റെ ബുര്‍ഖ എന്ന പ്രയോഗം നടത്തി. മൂടുപടമെന്നോ മറയെന്നോ പറയുന്നതിനു പകരം ബുര്‍ഖ എന്നു പറഞ്ഞത് മനപ്പൂര്‍വമായിരുന്നു. അതായത് മതേതരത്വത്തിന് ഒരു മുസ്ലീം ചായ്‌വ് ഉണ്ട് എന്ന് ആരോപിക്കുകയായിരുന്നു. വിവിധ ജനാധിപത്യ മതേതര സങ്കല്‍പ്പങ്ങളെ ചവിട്ടി തേയ്ക്കുന്ന, സൂത്രശാലിയായ ഒരു നേതാവിന്റെ കൈയ്യില്‍ രാജ്യത്തിന്റെ ഭരണസാരഥ്യം എന്നെങ്കിലും എത്തിപ്പെട്ടാല്‍ എന്തായിരിക്കും നാടിന്റെ ഗതി എന്ന് ആരും ചിന്തിച്ചുപോകും. എന്നാല്‍, മോഡി പറഞ്ഞതിന് ഉദ്ദേശിച്ച ഫലം കിട്ടുകതന്നെ ചെയ്തു. നേതാവിന്റെ ചങ്കൂറ്റത്തില്‍ ആവേശഭരിതരായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തെരുവില്‍ ഉറഞ്ഞുതുള്ളി. എന്നാല്‍ ഈ വര്‍ഗ്ഗീയ ഭ്രാന്തന്‍മാര്‍ നാടിനെ എങ്ങോട്ടാണ് നയിക്കുന്നത് എന്നതിന്റെ വ്യക്തമായ അപായ സൂചന രാജ്യത്തിന് കിട്ടുകയും ചെയ്തു.

ശക്തമായ ഇടതു-ജനാധിപത്യ മുന്നേറ്റത്തിന്റെ അഭാവം വര്‍ഗ്ഗീയതയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി

ഇന്നത്തെ അവസ്ഥയില്‍ എങ്ങനെ എത്തിച്ചേര്‍ന്നു, ആ ചരിത്രഗതി എന്തായിരുന്നു എന്നതാണ് പ്രധാന കാര്യം. ദേശീയ സ്വാതന്ത്ര്യ സമരത്തിന് എന്തെല്ലാം പരിമിതികളുണ്ടായിരുന്നുവെങ്കിലും ഹിന്ദു മഹാസഭയും അതിന്റെ മറുപക്ഷമായ മുസ്ലീംലീഗുംപോലുള്ള വിഭാഗീയ-വര്‍ഗ്ഗീയ ശക്തികള്‍ക്ക് ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന് ഏവര്‍ക്കുമറിയാം. സ്വാതന്ത്ര്യാനന്തരം ജനങ്ങളുടെ നീറുന്ന ജീവിതപ്രശ്‌നങ്ങളുടെ പരിഹാരം ആവശ്യപ്പെട്ടുകൊണ്ട്, സ്വാതന്ത്ര്യസമരത്തിന്റെ സമ്പന്നമായ പാരമ്പര്യം മുറുകെപ്പിടിച്ച്, ശക്തമായ ഇടതു ജനാധിപത്യമുന്നേറ്റം ഉണ്ടാകുമെന്നായിരുന്നു യഥാര്‍ത്ഥ ജനാധിപത്യ-മതേതര വിശ്വാസികള്‍ പ്രതീക്ഷിച്ചിരുന്നത്. സ്വാതന്ത്ര്യംനേടി മുതലാളിത്ത ഭരണകൂടം സ്ഥാപിതമായ അന്നുമുതല്‍ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ തുടങ്ങി. നിര്‍ദ്ദയമായ ഈ മുതലാളിത്ത ചൂഷണത്തിനെതിരെ യോജിച്ച സമരങ്ങള്‍ വളര്‍ന്നുവരുന്നത് മുതലാളി വര്‍ഗ്ഗത്തിനും അവരുടെ ഏജന്റായ കോണ്‍ഗ്രസ്സിനും ഒരുപോലെ വിനാശകരമായിരുന്നു. അതുകൊണ്ടാണ്, മുസ്ലീംവിരോധംകൊണ്ട് ജനങ്ങള്‍ക്കിടയില്‍ അനൈക്യം വിതയ്ക്കുന്ന, പുതുതായി പിറവിയെടുത്ത ആര്‍എസ്എസിന് മുതലാളിവര്‍ഗ്ഗം അകമഴിഞ്ഞ പിന്തുണനല്‍കുകയും കോണ്‍ഗ്രസ് നേതൃതം നല്‍കുന്ന ഗവണ്‍മെന്റ് സംരക്ഷണകവചം തീര്‍ത്തുകൊടുക്കുകയും ചെയ്തത്. ശക്തമായ ഒരു ഇടതു ജനാധിപത്യ മുന്നേറ്റം രാജ്യത്ത് വളര്‍ത്തിയെടുത്തിരുന്നുവെങ്കില്‍, കോണ്‍ഗ്രസ്സിന്റെ ഒത്താശയോടെ വര്‍ഗ്ഗീയ പിരിമുറുക്കവും പലയിടങ്ങളിലും വര്‍ഗ്ഗീയ കലാപങ്ങളും സംഘടിപ്പിച്ചുകൊണ്ടുള്ള ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരായി ജനങ്ങള്‍ക്ക് അത് ആശ്വാസവും പ്രതീക്ഷയും ആശ്രയവും നല്‍കുമായിരുന്നു. എന്നാല്‍ സിപിഐ, സിപിഐ(എം) പോലുള്ള കപട മാര്‍ക്‌സിസ്റ്റുകള്‍ ചൂഷണ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരെ നിലകൊള്ളുകയോ വര്‍ഗ്ഗീയതയ്‌ക്കെതിരെ പൊരുതുകയോ ചെയ്യാതെ, ജനതാല്‍പര്യം പേറുന്നു എന്നവകാശപ്പെട്ടുകൊണ്ട് ജനപിന്തുണയെയും ജനങ്ങളുടെ രോഷത്തെയും പാര്‍ലമെന്ററി പാതയിലൂടെ തിരിച്ചുവിട്ട് അസംബ്ലികളിലും പാര്‍ലമെന്റിലും ഏതാനും സീറ്റുകള്‍ തരപ്പെടുത്താനാണ് ശ്രമിച്ചത്. അന്ധമായ ഈ പാതയിലൂടെയുള്ള പോക്ക് അവരെ ക്രമേണ സമരവിരുദ്ധരാക്കുകയും അധികാരസ്ഥാനങ്ങള്‍ക്കുവേണ്ടി മുതലാളി വര്‍ഗ്ഗത്തിന് വിടുപണി ചെയ്യുന്ന സ്ഥിതിയിലേയ്ക്ക് അധ:പതിപ്പിക്കുകയും ചെയ്തു. മറുവശത്ത് ആര്‍എസ്എസിന് വിശാലമായ പ്രവര്‍ത്തനമേഖല തുറന്നുകിട്ടി. ക്രമേണ വേരുകള്‍ പടര്‍ത്തി അവര്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുകയും 1995ല്‍ ബിജെപിയെ കേന്ദ്രസര്‍ക്കാരില്‍ പ്രതിഷ്ഠിച്ചുകൊണ്ട് അധികാരം കയ്യാളുകയും ചെയ്തു. ഒരിക്കലും അവര്‍ ഹിന്ദുത്വ മുദ്രാവാക്യവും അജണ്ടയും കൈവിട്ടില്ല. കുത്തകാനുകൂല നിലപാടിനൊപ്പം അതും തുടര്‍ന്നുപോന്നു. ഇക്കുറി മോഡി വര്‍ദ്ധിതവീര്യത്തോടെ ഹിന്ദുത്വനിലപാടുമായി രംഗത്തുവന്നതോടൊപ്പം ബിജെപി നേതാവ് രാജ്‌നാഥ് സിംഗ് അമേരിക്കയില്‍പോയി തങ്ങള്‍ കോണ്‍ഗ്രസിന്റെ കുത്തകാനുകൂല നയങ്ങളും അമേരിക്കന്‍ ആഭിമുഖ്യവും തുടരുകതന്നെ ചെയ്യുമെന്ന് ഉറപ്പുനല്‍കി എന്നുമാത്രമല്ല, മോഡിക്ക് അമേരിക്കയിലേയ്ക്ക് വിസ അനുവദിക്കണമെന്ന് കെഞ്ചുകയും ചെയ്തു. അത്രത്തോളമുണ്ട് അവരുടെ ദേശസ്‌നേഹവും ദേശീയ വികാരവും.

അപ്പോള്‍ ചുരുക്കത്തില്‍ എന്താണ് സ്ഥിതി? 2002ലെ വംശഹത്യയുടെ ആസൂത്രകന്‍, കടുത്ത വര്‍ഗ്ഗീയ ശക്തിയായ ആര്‍എസ്എസിന്റെ പിന്തുണയോടെ അധികാരത്തിലേയ്ക്കുള്ള പടവുകള്‍ ചവിട്ടി കയറുന്നു. കുത്തകകള്‍ അയാളുടെമേല്‍ പ്രശംസ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. സാമ്രാജ്യത്വശക്തികള്‍ക്കും അയാള്‍ പ്രിയപ്പെട്ടവനായി മാറിക്കൊണ്ടിരിക്കുന്നു. പത്ര, ടിവി മാദ്ധ്യമങ്ങളിലൊക്കെ മോഡി മാത്രം. പഴയ ചെയ്തികളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ വല്ലപ്പോഴുമൊരിക്കല്‍ പ്രത്യക്ഷപ്പെട്ടാലായി. പക്ഷേ തന്ത്രപൂര്‍വ്വം, ആസൂത്രിതമായി മോഡിക്കുവേണ്ടിയുള്ള പ്രചാരണം കൊഴുപ്പിച്ചെടുക്കുന്നു. ഇതില്‍നിന്നെല്ലാം ആവേശം ഉള്‍ക്കൊണ്ട് ഊറ്റംകൊള്ളുന്ന മോഡി നാടിന്റെ പാരമ്പര്യം വിസ്മരിച്ചുകൊണ്ട് മുസ്ലീങ്ങള്‍ക്കെതിരെ വിഷം ചീറ്റുന്നു. എന്നാല്‍, എത്രയൊക്കെ ധിക്കാരം കാട്ടിയാലും രാജ്യത്തെ ജനാധിപത്യബോധമുള്ള ജനങ്ങള്‍ ഗുജറാത്ത് വംശഹത്യയുടെ നായകന് മാപ്പുകൊടുക്കാന്‍ ഇനിയും തയ്യാറായിട്ടില്ല. ഇന്നും അവര്‍ മോഡിയെ അവജ്ഞയോടെതന്നെ കാണുന്നു.

എന്നാല്‍ പാര്‍ലമെന്റിലെ പ്രതിയോഗികളൊന്നും ഇതിലൊന്നും ഒരു ആശങ്കയും പ്രകടിപ്പിക്കുന്നില്ല എന്നതാണ് ഏറെ ഖേദകരം. കോണ്‍ഗ്രസ്, വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മോഡിക്കെതിരെ വല്ലപ്പോഴുമൊരിക്കല്‍ ചില ശകാരവാക്കുകള്‍ പറയുന്നു, പെട്ടെന്നുതന്നെ പിന്‍വാങ്ങുകയും ചെയ്യുന്നു. 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ചോ മോഡി പാപവിമുക്തനായത് എങ്ങനെയെന്നോ അവര്‍ ഉരിയാടുന്നില്ല. മോഡിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കിട്ടിയതിന് പരോക്ഷമായി അവരും ഉത്തരവാദികളാണല്ലോ. എന്നുമാത്രമല്ല, ഭൂരിപക്ഷ സമുദായ വോട്ടുബാങ്ക് നഷ്ടപ്പെടാതിരിക്കാന്‍വേണ്ടി, മാധ്യമങ്ങള്‍ വിശേഷിപ്പിക്കുംപോലെ കോണ്‍ഗ്രസ്സും ഒരു മൃദുഹിന്ദുത്വ നിലപാട് പിന്തുടര്‍ന്നു വരികയാണല്ലോ. മോഡിയുടെ ഈ ശക്തമായ കടന്നുവരവില്‍ കപട കമ്യൂണിസ്റ്റുകള്‍ക്ക് എന്തെങ്കിലും ആശങ്കയുണ്ടോ? ഇടതുപക്ഷീയതയുടെയും വിപ്ലവത്തിന്റെയുമൊക്കെ പതാക ഒരിക്കല്‍ ഇവര്‍ വഹിച്ചിരുന്നതായി ഭാവിച്ചിരുന്നതല്ലേ? തങ്ങളുടെ ജനപിന്തുണയെക്കുറിച്ച് എപ്പോഴുമിവര്‍ ഊറ്റംകൊള്ളാറില്ലേ ? അതല്ലാതെ മോഡിയുടെ നിലപാടുകള്‍ക്കെതിരെ ഗൗരവസ്വഭാവമുള്ള എന്തെങ്കിലും സമരപരിപാടികള്‍ സ്വീകരിക്കുന്നത് ജനങ്ങള്‍ കാണുന്നുണ്ടോ? മോഡി സൃഷ്ടിക്കുന്ന അപകടം എന്തെന്നതിനെക്കുറിച്ച് അല്പം ആഴമുള്ള വിശകലനം സ്വന്തം മുഖപത്രത്തില്‍ ഇവര്‍ എഴുതുകയെങ്കിലും ചെയ്യുന്നുണ്ടോ? ഇപ്പോള്‍ കോണ്‍ഗ്രസ്സുമായി ചങ്ങാത്തംകൂടിയാല്‍ നാളെ ബിജെപിയുമായി ചേര്‍ന്ന് ഒരു ഭാരത് ബന്ദ് നടത്തും. പാര്‍ലമെന്ററി താല്‍പര്യം മുന്‍നിര്‍ത്തിയുള്ള ഈ രാഷ്ട്രീയക്കസര്‍ത്തുകൊണ്ട് അവര്‍ ജനങ്ങളോടുള്ള ബാദ്ധ്യത തീര്‍ക്കുന്നു. വാക്കിലും പ്രവൃത്തിയിലും മോഡിക്കും അയാളുടെ വര്‍ഗ്ഗീയതയ്ക്കുമെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഇവര്‍ മടിക്കുന്നതെന്ത്? എല്ലാവരും ഒരു ചരടില്‍ കെട്ടപ്പെട്ടിരിക്കുന്നു എന്നതല്ലേ കാരണം? നിലനില്‍പ്പിനായി ഭരണമുതലാളിവര്‍ഗ്ഗം തന്നെയാണ് അവര്‍ക്ക് പറ്റിയ ആളെ മോഡിയിലും ആര്‍എസ്എസിലും കണ്ടെത്തുന്നത്.

ആര്‍എസ്എസ്-കുത്തകസഖ്യം മോഡിക്കുവേണ്ടി കൂഴലൂത്തുനടത്തുന്നു. രാജ്യത്തിനുമേല്‍ വിനാശത്തിന്റെ കരിനിഴല്‍ പരക്കുന്നു

ആര്‍എസ്എസ് പിന്തുണയോടെ മോഡി രാജ്യത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുമ്പോള്‍ ക്രൂരമായ ഒരു വംശഹത്യയുടെ സൂത്രധാരന്‍ അധികാരക്കസേരയിലെത്തുന്നു എന്നുമാത്രമല്ല വിനാശകരമായ ആര്‍എസ്എസ്-കുത്തക അവിശുദ്ധ സഖ്യം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു എന്ന അപകടം കൂടിയുണ്ട്. മുതലാളിവര്‍ഗ്ഗ സേവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു പാര്‍ട്ടിയും ഇതിനെതിരെ രംഗത്തുവരില്ല എന്നുമാത്രമല്ല ഇതിനെതിരെ ഒന്നു ശബ്ദമുയര്‍ത്താന്‍പോലും തയ്യാറാകില്ല. ജനങ്ങള്‍ സ്വയം സജ്ജരാകുകയല്ലാതെ എന്തു മാര്‍ഗ്ഗം? വേറെ ഒരു പോംവഴിയും അവരുടെ മുന്നിലില്ല. മുതലാളത്ത ചൂഷണത്തിന്റെ കാഠിന്യമറിയാന്‍ അവര്‍ സ്വന്തം ദൈനംദിന ചെലവ് ഒന്നു പരിശോധിച്ചുനോക്കിയാല്‍ മാത്രം മതി. രൂക്ഷമായ വിലക്കയറ്റം, തൊഴില്‍രാഹിത്യം, സായുധസേന പ്രത്യേകാധികാര നിയമംപോലുള്ള കരിനിയമങ്ങള്‍, നിസ്സീമമായ ആത്മവഞ്ചന, ഇരട്ടത്താപ്പ്, അധികാരകേന്ദ്രങ്ങളുടെ ധാര്‍ഷ്ട്യം, വ്യാപകമായ അഴിമതി, അഴിമതിക്കാരും കുറ്റവാളികളുമായ പ്രമുഖരെ കുറ്റവിമുക്തരാക്കല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെയുള്ള മനുഷ്യത്വഹീനമായ അതിക്രമങ്ങള്‍, ഗുരുതരമായ സാംസ്‌കാരിക-നൈതിക തകര്‍ച്ച, ഇതിനെല്ലാറ്റിനോടുമുള്ള ഗവണ്‍മെന്റുകളുടെ കുറ്റകരമായ അനാസ്ഥ- ഇതൊക്കെ പോരെ എത്ര ദ്രോഹകരവും ജനവിരുദ്ധവും നിര്‍ദ്ദയവുമാണ്, എല്ലാ സമുദായങ്ങളിലുംപെട്ട ജനങ്ങളെ സംബന്ധിച്ചിടത്തോളം, ഈ മുതലാളിത്ത വാഴ്ച എന്നു തിരിച്ചറിയാന്‍. ഈ ദുരിതങ്ങളൊന്നും പോരാഞ്ഞ് ആര്‍എസ്എസ് പോലൊരു സംഘടനയുടെ ചങ്ങാത്തംകൂടിയാകുമ്പോള്‍ ഭരണാധികാരികള്‍ കൂടുതല്‍ നിര്‍ദ്ദയരും അപകടകാരികളുമാകുന്നു. അതുകൊണ്ടുതന്നെ, മുതലാളിത്ത ചൂഷണവ്യവസ്ഥയ്‌ക്കെതിരെ ഉയര്‍ന്ന പ്രത്യയശാസ്ത്ര-സാംസ്‌കാരിക-നൈതിക നിലവാരത്തിലുള്ളതും ജാതി-മത-ഭാഷാ-വംശ ചിന്താഗതികള്‍ക്കൊക്കെ അതീതമായി ജനങ്ങളെയാകെ ഒരുമിപ്പിക്കുന്നതുമായ ശക്തമായ ബഹുജനമുന്നേറ്റം രാജ്യവ്യാപകമായി സംഘടിപ്പിക്കേണ്ടത് അനിവാര്യതയായിരിക്കുന്നു. രാജ്യമെമ്പാടും വിഷം ചീറ്റാന്‍ തയ്യാറെടുക്കുന്ന ഫാസിസ്റ്റ് വര്‍ഗ്ഗീയതയ്‌ക്കെതിരെ ഒരു നെടുംകോട്ട പോലുള്ള പ്രതിരോധം ഉയര്‍ന്നുവരുന്നത്, ഇത്തരമൊരു സമരത്തിലൂടെയായിരിക്കും, അതിന്റെ ഉന്നതമായ സാംസ്‌കാരിക നൈതിക ഉള്‍ക്കരുത്തില്‍ നിന്നായിരിക്കും. ജനങ്ങളുടെ ഭീകരശത്രുവായ വര്‍ഗ്ഗീയതയ്ക്ക് കെടുത്താന്‍ കഴിയാത്ത, അതിനെ ചുട്ടു ചാമ്പലാക്കാന്‍ പോന്ന അഗ്നിനാളങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ഇത്തരമൊരു ജനകീയ മുന്നേറ്റത്തിന് മാത്രമേ സാധിക്കൂ.

ഈ കടമ നിറവേറ്റാന്‍ കഴിയണമെങ്കില്‍ ജനങ്ങള്‍ ഉണര്‍ന്നു പൊരുതാനുള്ള ഉത്തരവാദിത്തം ചുമലിലേറ്റണം. രാജ്യത്തെ വിപ്ലവപാര്‍ട്ടി എന്ന നിലയില്‍ എസ്‌യുസിഐ (കമ്യൂണിസ്റ്റ്) പാര്‍ട്ടി ഇത്തരമൊരു പ്രസ്ഥാനം പടുത്തുയര്‍ത്താനുള്ള തീവ്രപരിശ്രമത്തിലാണ്. ആസന്നമായ വിപത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള ഈ പരിശ്രമത്തിന് കരുത്തേകാനായി മുന്നോട്ടുവരാന്‍ നമ്മുടെ പാര്‍ട്ടി ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.

Share this