നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ജനങ്ങൾ മാനദണ്ഡമാക്കേണ്ടതെന്ത്?

Spread our news by sharing in social media

സാധാരണ മനുഷ്യന്റെ ജീവിതം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം സൃഷ്ടിക്കാനുതകുന്ന പ്രക്ഷോഭത്തിന്റെ പ്രവർത്തനമായി ഈ തെരഞ്ഞെടുപ്പിനെ മാറ്റുക എന്നതായിരിക്കണം ജനങ്ങളുടെ കടമ. ഈ തെരഞ്ഞെടുപ്പിലും ഏറെ വീറോടെ ആവർത്തിക്കപ്പെടുന്ന മുദ്രാവാക്യം വികസനം തന്നെയാണ്. ഒരു വട്ടം കൂടി തങ്ങളെ അധികാരത്തിലേറ്റിയാൽ നാട് വളരുമെന്നാണ് യുഡിഎഫ് പറയുന്നതെങ്കിൽ എല്ലാം ശരിയാക്കുമെന്നാണ് എൽഡിഎഫ് പ്രചരിപ്പിക്കുന്നത്. മോദിയുടെ വികസനം സംസ്ഥാനത്തേയ്ക്ക് എത്തിക്കാനാണ് ബിജെപി മൽസരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെയും പ്രഖ്യാപനങ്ങളായിരുന്നു. വികസനം ഉറപ്പാക്കപ്പെട്ടത് വൻകിട കുത്തകകൾക്കാണ് എന്നുമാത്രം. മുന്നണികളും നേതാക്കളും ജയിച്ചു, ജനങ്ങൾ തോറ്റു. ആരു ജയിച്ചാലും ഫലം ഒന്നുതന്നെ. ജനങ്ങൾ നേരിടുന്ന ദുരിതങ്ങളും ജീവിതയാതനകളും കൃത്യമായും ആവർത്തിക്കപ്പെടുന്നു. ഭരണ മുന്നണികളുടെ ജനദ്രോഹനടപടികളും പ്രതിപക്ഷത്തിന്റെ കലവറയില്ലാത്ത സഹകരണവും ഒത്തുചേർന്നപ്പോൾ ജനജീവിതം തകർന്നു.

കോർപ്പറേറ്റുകൾക്കുവേണ്ടി ജനങ്ങളെ പാപ്പരാക്കുന്ന, വർഗ്ഗീയഭ്രാന്ത് വളർത്തി
രാജ്യത്തെ തകർക്കുന്ന ബിജെപി മുന്നണിയെ പരാജയപ്പെടുത്തുക

 

 • കോൺഗ്രസ്സ് നടപ്പാക്കിയ, കോർപ്പറേറ്റുകൾക്കു വേണ്ടിയുള്ള നവ ലിബറൽ ആഗോളവൽക്കരണനയങ്ങൾ കൂടുതൽ തീവ്രതയോടെ മോദി സർക്കാർ തുടരുന്നു. പ്രത്യാഘാതങ്ങളെന്ന നിലയിൽ ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമ്പത്തികത്തകർച്ചയും വിലക്കയറ്റവും അതിരൂക്ഷമാകുന്നു.
 • ഓരോ മണിക്കൂറിലും മോദി സർക്കാർ 7 കോടി രൂപ മുതലാളിമാർക്ക് കോർപ്പറേറ്റ് നികുതിയിളവ് നൽകുന്നു. അതേ സമയം പ്രതിദിനം 43 കർഷകർ ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യ ചെയ്യുന്ന കർഷകർ ഭീരുക്കളും കുറ്റവാളികളുമാണെന്ന് ഹരിയാന ബിജെപി കൃഷിമന്ത്രി ഒ.പി.ധങ്കർ അഭിപ്രായപ്പെട്ടു.
 • കുത്തകകളുടെ കിട്ടാക്കടമായി കഴിഞ്ഞ ഒരു വർഷം മാത്രം എഴുതിത്തള്ളിയത് 1.4 ലക്ഷം കോടി രൂപ. വായ്പാക്കുടിശികയുടെ പേരിൽ കർഷകർക്കും സാധാരണക്കാർക്കും ജയിൽ വാസവും ജപ്തിയും
 • പ്രതിരോധം, മാധ്യമം, റെയിൽവേ എന്നീ രംഗങ്ങളിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചു.
 • ക്രൂഡ് ഓയിലിന്റെ ലോകവിപണിയിലെ വിലയിടിവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതിരിക്കാനായി 9 തവണ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് എക്‌സൈസ് നികുതി വർദ്ധിപ്പിച്ചു. കുത്തകകളുടെ കൊള്ളയടി തുടരുന്നു.
 • സേവന നികുതി 2 ശതമാനം വർദ്ധിപ്പിച്ചു.
 • അധികാരത്തിലേറി രണ്ടാം മാസം റെയിൽവേ ചാർജ്ജ് 14.2 ശതമാനവും കടത്തുകൂലി 6.5 ശതമാനവും വർദ്ധിപ്പിച്ചു. സുവിധ ട്രെയിൻ ഏർപ്പെടുത്തിക്കൊണ്ട് ചാർജ്ജ് 6 മടങ്ങ് വരെ വർദ്ധിപ്പിച്ചു. സീസൺ ടിക്കറ്റ് ചാർജ്ജും വർദ്ധിപ്പിച്ചു. ടിക്കറ്റ് ക്യാൻസൽ ചെയ്താൽ മുഴുവൻ തുകയും നഷ്ടപ്പെടത്തക്ക വിധത്തിൽ ക്യാൻസലേഷൻ നിയമങ്ങൾ പൊളിച്ചെഴുതി. ടിക്കറ്റിന്റെ സമയപരിധി 24 മണിക്കൂറിൽ നിന്നും 3 മണിക്കൂറായി കുറച്ചു.
 • സൈനിക ബജറ്റ് 2.5 ലക്ഷം കോടിയായി ഉയർത്തിയപ്പോൾ ആരോഗ്യമേഖലയ്ക്കായുള്ള ബജറ്റ് വിഹിതം 5500 കോടി വെട്ടിക്കുറച്ചു.
 • 108 മരുന്നുകളുടെ വിലനിയന്ത്രണം നീക്കിയതിലൂടെ മരുന്നുകളുടെ വില അതിഭീമമായി വർദ്ധിച്ചു.
 • മുതലാളിമാർക്ക് വേണ്ടി തൊഴിൽ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി. 300 തൊഴിലാളികളിൽത്താഴെ പണിയെടുക്കുന്ന വ്യവസായ ശാലകൾ അടച്ചുപൂട്ടാനോ തൊഴിലാളികളെ പിരിച്ചുവിടാനോ സർക്കാരിന്റെ അനുമതി ആവശ്യമില്ല എന്ന് വ്യവസായത്തർക്ക നിയമം ഭേദഗതി ചെയ്തു. 20 തൊഴിലാളികൾക്കുമേൽ പണിയെടുക്കുന്ന വ്യവസായ യൂണിറ്റുകളിൽ മാത്രമേ ഫാക്ടറീസ് ആക്ട് ബാധകമാക്കൂ എന്ന ഭേദഗതി കൊണ്ടുവന്നു. അങ്ങനെ തൊഴിലാളികളെ മുതലാളിയുടെ ചൂഷണയന്ത്രത്തിന്റെ നിസ്സഹായരായ ഇരകളാക്കി മാറ്റി.
 • സ്‌ഫോടനാത്മകമായ നിലയിൽ രാജ്യമെമ്പാടും മതഭ്രാന്തും സങ്കുചിത ദേശീയ വികാരവും കത്തിയാളിക്കുന്നു. രണ്ടര വർഷത്തിനുള്ളിൽ 80ഓളം വർഗ്ഗീയ കലാപങ്ങൾ. പൂരോഗമനാശയങ്ങൾക്കുവേണ്ടി പൊരുതിയ ധൈഷണിക വ്യക്തിത്വങ്ങളായ നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ, എം.എം.കൽബുർഗി എന്നിവരെ നിറതോക്കിനിരയാക്കി. പശുമാംസത്തിന്റെ പേരിൽ രാജ്യമെമ്പാടും നരഹത്യകൾ. ഹരിയാനയിൽ ദളിത് കുടുംബത്തെ ചുട്ടെരിച്ചു. സർവ്വകലാശാലാവിദ്യാർത്ഥിയായ രോഹിത് വെമുലയെ പീഡിപ്പിച്ച് ജീവഹത്യയിലേക്ക് തള്ളിയിട്ടു. വ്യാജതെളിവുകൾ സൃഷ്ടിച്ച്, രാജ്യദ്രോഹത്തിന്റെ പേരിൽ കനയ്യ കുമാറെന്ന വിദ്യാർത്ഥിയെ തുറുങ്കിലടച്ചു. ബിജെപിയുടെ കേന്ദ്ര മന്ത്രിമാർ, ഹരിയാന മുഖ്യമന്ത്രി, എംപിമാർ, എംഎൽഎമാർ, സംഘടനാ നേതാക്കൾ ഏവരും വർഗ്ഗീയ വിഷം ചീറ്റി രാജ്യത്തെ സഹോദരഹത്യയിലേയ്ക്ക് തള്ളിവിടുന്നു.

ജനദ്രോഹവും അഴിമതിയും മുഖമുദ്രയാക്കിയ യുഡിഎഫിനെ പരാജയപ്പെടുത്തുക

 

 • 5 വർഷത്തെ ജനദ്രോഹ ഭരണത്തിൽ സംസ്ഥാനത്തിന്റ പൊതുകടം 78,000 കോടിരൂപ വർദ്ധിച്ചു. ഇന്ന് അത് ഒന്നര ലക്ഷം കോടി രൂപയാണ്.
 • ഭീമമായ വായ്പ ഉപയോഗപ്പെടുത്തി ഉൽപ്പാദനമേഖലയിൽ ഒരു വളർച്ചയും സൃഷ്ടിച്ചില്ല. ഒരു തൊഴിലവസരം പോലും പുതിയതായി സൃഷ്ടിച്ചില്ല. സർക്കാരാശുപത്രികളിൽ ഒരു ഡോക്ടറെപ്പോലും പുതിയതായി നിയമിച്ചില്ല. ഒരു ഏക്കർ പോലും അധികമായി കൃഷി പുനഃരാരംഭിച്ചില്ല. ഒരു മെഗാവാട്ട് വൈദ്യുതി പോലും അധികമായി ഉൽപ്പാദിപ്പിച്ചിട്ടില്ല. സർക്കാരാശുപത്രിയിൽ അധികമായി മരുന്നു വാങ്ങിയിട്ടില്ല.
 • വ്യവസായ- കാർഷിക- നിർമ്മാണമേഖലകളിൽ രൂക്ഷമായ പ്രതിസന്ധിയും തുടർന്നുള്ള പരിപൂർണ്ണ സ്തംഭനവും. തൊഴിലില്ലായ്മ അതിരൂക്ഷമായി.
 • വ്യവസായ വികസനത്തിന്റെ പേരിൽ സംസ്ഥാനസർക്കാരിന്റെ ഭൂമിയും വിഭവങ്ങളും സൗജന്യമായി മുതലാളിമാർക്ക് ദാനം ചെയ്യുന്നു. കോടികളുടെ ഭൂമി സൗജന്യമായി തരപ്പെടുത്തിയ സ്മാർട് സിറ്റി പദ്ധതിയിൽ നിലവിൽ ഒരാൾക്കും ഐ.ടി.തൊഴിൽ ലഭിച്ചിട്ടില്ല.
  ഗ്മ കാർഷികമേഖലയിലെ വിലത്തകർച്ച കർഷകരെ അടിമുടി തകർത്തു. റബർ, തേങ്ങ, കുരുമുളക്, വാഴ, ഏലം, മരച്ചീനി തുടങ്ങിയവയെല്ലാം വിലത്തകർച്ചയെ നേരിടുന്നു.
 • പൊതുജനാരോഗ്യമേഖല തകരുന്നു. ഡോക്ടർമാരും മറ്റ് സ്റ്റാഫുമില്ലാതെ സർക്കാരാശുപത്രികളിൽ സാധാരണ ജനങ്ങൾ ചികിൽസ ലഭിക്കാതെ വലയുന്നു. മരുന്നു വാങ്ങാനുള്ള തുക വെട്ടിക്കുറച്ചു. പുതിയതായി ആരംഭിച്ചതെന്ന് അവകാശപ്പെടുന്ന മെഡിക്കൽ കോളേജുകളിൽ ഒന്നു പോലും ഏറ്റവും പരിമിത സൗകര്യങ്ങളോടെ പോലും പ്രവർത്തിക്കുന്നില്ല.
 • 37 ആദിവാസി നവജാത ശിശുക്കൾ മരിച്ചു. ആദിവാസി മേഖലകളിൽ പട്ടിണി മരണവും രോഗപീഡകളും ഹൃദയം നടുക്കുന്ന കാഴ്ചകളായിരിക്കുന്നു.
  വിദ്യാഭ്യാസ കച്ചവടം സർവ്വസീമകളും കടന്നു. ഫീസുകൾ 600 ശതമാനംവരെ വർദ്ധിച്ചു. ഓട്ടോണമസ് കോളേജുകൾ തുടങ്ങാൻ അനുമതി നൽകിക്കൊണ്ട് കച്ചവടം കൊഴുപ്പിച്ചു. രണ്ടുവർഷം തുടർച്ചയായി വിദ്യാർത്ഥികൾക്ക് പാഠപുസ്തകം നൽകിയത് അധ്യയന വർഷത്തിന്റെ പകുതി പിന്നിട്ടപ്പോൾ. സർവ്വകലാശാലകൾ അഴിമതിയുടെയും പിടിപ്പുകേടിന്റെയും ഉത്തരവാദിത്തമില്ലായ്മയുടെയും കൂത്തരങ്ങായി മാറി. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാൽ ഗവർണ്ണർക്ക് വിസിമാരെ പുറത്താക്കേണ്ടി വന്നു.
  പഠനം പൂർത്തിയാക്കിയവർക്ക് തൊഴിലും ശമ്പളവും ലഭിക്കാത്തതിനാൽ വിദ്യാഭ്യാസ വായ്പ എടുത്ത 7 ലക്ഷം കുടുംബങ്ങൾ കടക്കെണിയിലായി. 22 രക്ഷിതാക്കൾ ആത്മഹത്യ ചെയ്തു.
 •  സർവ്വമാന നികുതിയും വർദ്ധിപ്പിച്ചു. ചില സർക്കാർ സേവനങ്ങളുടെ നിരക്ക് 1000 ശതമാനം വരെ ഉയർത്തി. ബസ് ചാർജ്ജും വൈദ്യുതി ചാർജ്ജും രണ്ടു തവണ വീതവും വെള്ളക്കരം ഒരു തവണയും വർദ്ധിപ്പിച്ചു.
  സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ 43% വർദ്ധിച്ചു. 2013 വർഷത്തിൽ രാജ്യത്ത് ഏറ്റവുമധികം ലൈംഗിക പീഡനം നടന്ന സംസ്ഥാനമായി കേരളം മാറി (നാഷണൽ ക്രൈം ബ്യൂറോ). കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും പെരുകി.
 •  സ്‌കൂൾ കുട്ടികളിൽപോലും മയക്കുമരുന്നിന്റെ വ്യാപനം അതിവേഗത്തിലായിരിക്കുന്നു. മദ്യപാനം ആരംഭിക്കുന്ന ശരാശരി പ്രായം 14 ആയി താഴ്ന്നു.

ജനാധിപത്യസമരത്തെയും മഹത്തായ ഇടതു രാഷ്ട്രീയത്തെയും
പ്രതിനിധാനം ചെയ്യാത്ത എൽഡിഎഫ് ജനങ്ങളുടെ വോട്ടിന് അർഹരല്ല.

 • ഇടതുപക്ഷ ജനാധിപത്യ മുന്നണി പാർലമെന്ററി അധികാരത്തിനായി എന്തു നെറിവ്‌കേടും കാട്ടുന്ന അവസരവാദ മുന്നണി. പശ്ചിമബംഗാളിൽ സിപിഐ(എം) നയിക്കുന്ന ഇടതുമുന്നണി കോൺഗ്രസ്സുമായാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്.
 •  ബിജെപി -യുഡിഎഫ് നയങ്ങൾക്കെതിരായ ജനവികാരത്തെ ചവിട്ടുപടിയാക്കി അധികാരത്തിൽ വരാനായി കാട്ടിക്കൂട്ടുന്ന അനുഷ്ഠാനം മാത്രമാണ് അവർക്ക് സമരം. ജനദ്രോഹകരമായ നവലിബറൽ നയങ്ങളെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം അവർക്കില്ല. കാരണം അവരും ഈ നയങ്ങളുടെ വക്താക്കളാണ്. നടത്തിപ്പുകാരാണ്. എവ്വിധവും വിദേശ നിക്ഷേപം ആകർഷിക്കാൻ കഴിയണമെന്ന് കേരള പഠന കോൺഗ്രസ്സിൽ പിണറായി വിജയൻ ആഹ്വാനം ചെയ്യുന്നത് അതുകൊണ്ടാണ്.
  അഴിമതിക്കെതിരായ സത്യസന്ധമായ ജനകീയ പ്രക്ഷോഭത്തിന്റെ വിശ്വാസയോഗ്യമായ നേതൃത്വമാകാൻ അവർക്ക് കഴിയില്ല. കാരണം, അവരും, അധികാരത്തിലായിരിക്കുമ്പോഴും അല്ലാത്തപ്പോഴും നടത്തിയിട്ടുള്ള എണ്ണമറ്റ അഴിമതികളുടെ പാപക്കറപുരണ്ടവരാണ്.
 • രാഷ്ട്രീയ എതിരാളികളെ കായികമായി അടിച്ചമർത്തിയും വകവരുത്തിയും എൽഡിഎഫിനെ നയിക്കുന്ന സിപിഐ(എം) കയ്യാളുന്നതും ഫാസിസ്റ്റ് രാഷ്ട്രീയ സമീപനം തന്നെയാണ്. എതിരാളികളുടെ അഭിപ്രായത്തെ സഹിഷ്ണുതയോടെ സമീപിക്കാൻ അവർ തയ്യാറാകുന്നില്ല എന്നത് ബിജെപിയെപ്പോലുള്ള ഫാസിസ്റ്റ് ശക്തികൾക്ക് മുതലെടുപ്പിന് അവസരം നൽകുന്നു. ഫാസിസത്തിനെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നു.
  ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയത്തെ നേരിടാനെന്ന പേരിൽ ഇടതു മുന്നണിയെ നയിക്കുന്ന സിപിഐ(എം) അനുവർത്തിക്കുന്ന നടപടികൾ – ശ്രീകൃഷ്ണജയന്തി ആചരണവും ഗണേശോൽസവവും നോമ്പുതുറയും ഊട്ടുപുര ഉൽഘാടനവും ഹിന്ദു പാർലമെന്റിലെ പ്രഭാഷണവും മറ്റും – സമൂഹത്തിൽ അത്യാപൽക്കരമായി വളർന്നുകൊണ്ടിരിക്കുന്ന മതാന്ധതയെ ബലപ്പെടുത്തുന്നു.

പ്രബുദ്ധമായ സമരരാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന
ഇടതുപക്ഷ ഐക്യമുന്നണി (എൽയുഎഫ്) സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യുക

വ്യവസ്ഥാപിത മുന്നണികൾ ജയിക്കുമ്പോൾ ജനങ്ങൾ പരാജയപ്പെടുന്നു എന്ന് കഴിഞ്ഞ 13 തെരഞ്ഞെടുപ്പുകൾ തെളിയിച്ചുകഴിഞ്ഞു. കാരണം ഈ മുന്നണികളെല്ലാം അന്തിമ വിശകലനത്തിൽ മുതലാളിവർഗ്ഗത്തിന്റെ വിശ്വസ്ത ദാസന്മാരാണ്. അവരുടെ വിജയപരാജയങ്ങളിലൂടെ ജനങ്ങളുടെ ജീവിതം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുകയില്ല. അവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങൾ സമരസമിതികളിൽ സംഘടിച്ച് എവിടെയൊക്കെ ജനകീയപ്രക്ഷോഭത്തിന്റെ മാർഗ്ഗം സ്വീകരിച്ചോ അവിടെയൊക്കെ വിജയം നേടാൻ ജനങ്ങൾക്കു കഴിഞ്ഞു. അതിനാൽ ‘എല്ലാം ശരിയാക്കാനുള്ള ചുമതല ഏതെങ്കിലും നേതാവിനെയോ മുന്നണിയെയോ ഏൽപ്പിച്ചിട്ട് അവരുടെ മഹാമനസ്‌കതയിലും ഔദാര്യത്തിലും പ്രതീക്ഷ അർപ്പിച്ച് കാത്തിരിക്കലല്ല ജനാധിപത്യം നമുക്ക് നൽകുന്ന പാഠം.
അധികാരത്തിലേറുമ്പോൾ ജനങ്ങളെ വിസ്മരിക്കുകയും മുതലാളിമാർക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുമ്പോൾ അവരുടെ നയങ്ങളെ പരാജയപ്പെടുത്താൻ ജനങ്ങളുടെ മുമ്പിൽ പ്രക്ഷോഭത്തിന്റെ മാർഗ്ഗം മാത്രമേയുള്ളൂ. പ്രക്ഷോഭം എന്നത് പാർട്ടി അണികളെ ആട്ടിത്തെളിച്ച് നടത്തുന്ന അനുഷ്ഠാനമല്ല. പാർലമെന്ററി നേട്ടങ്ങൾക്കായി നടത്തുന്ന കബളിപ്പിക്കലല്ല. ശരിയായ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് വിശ്വാസയോഗ്യമായ നേതൃത്വത്തിന്റെ കീഴിൽ പടുത്തുയർത്തപ്പെടുന്ന ജനകീയപ്രക്ഷോഭത്തിൽ ജനങ്ങൾ ആത്മവിശ്വാസത്തോടെ അണിനിരക്കും. അത് പ്രസരിപ്പിക്കുന്ന പ്രബുദ്ധതയും സംസ്‌കാരവും സാഹോദര്യവും ജനങ്ങളെ ഒരു പുതുശക്തിയാക്കിമാറ്റും. മതഭേദങ്ങളും ചേരിതിരിവുകളും അവിടെ അസ്തമിക്കും. അത്തരമൊരു പ്രക്ഷോഭത്തിന്റെ രാഷ്ട്രീയമാണ് സാമൂഹ്യ-രാഷ്ട്രീയ രംഗത്തു കാണുന്ന എല്ലാ മാലിന്യങ്ങളെയും തുടച്ചുനീക്കാനുള്ള ശരിയായ മാർഗ്ഗം. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സുദൃഢമായ മാർഗ്ഗവും അതു മാത്രമാണ്. അതിനാൽ വോട്ട് നൽകി, ഭരണക്കാരുടെ നയങ്ങൾക്കിരയായി നിസ്സഹായരായി കഴിഞ്ഞുകൂടുകയല്ല, അവരെ തിരുത്താൻ പോന്ന കാവൽശക്തിയായി ഉയരാൻ ജനങ്ങൾക്ക് കഴിയണം. പ്രക്ഷോഭത്തിന്റെ ഈ രാഷ്ട്രീയം അചഞ്ചലം നടപ്പാക്കുന്ന, അതിനായി കർമ്മശക്തി മുഴുവൻ സമർപ്പിച്ചിട്ടുള്ള പ്രസ്ഥാനമാണ് എസ്‌യുസിഐ(കമ്യൂണിസ്റ്റ്). എണ്ണമറ്റ ജനദ്രോഹനയങ്ങൾക്കെതിരെ, ചാർജ്ജുവർദ്ധനവുകൾക്കെതിരെ, പൊതുവിദ്യാഭ്യാസം തകർക്കുന്നതിനെതിരെ, കുടിയൊഴിപ്പിക്കലിനെതിരെ ജനകീയസമരരംഗത്ത് എപ്പോഴും ഈ പ്രസ്ഥാനം ജനങ്ങളോടൊപ്പമാണ്. കരിമണൽഖനന വിരുദ്ധ സമരഭൂമിയിൽ, ചെങ്ങറയിൽ, ദേശീയപാതയോരത്ത്, മൂലമ്പിള്ളിയിൽ, വിളപ്പിൽശാലയിൽ, വിഴിഞ്ഞത്ത്, ആലപ്പുഴയുടെ തീരത്ത് മൽസ്യത്തൊഴിലാളികൾക്കിടയിൽ, മദ്യത്തിനെതിരെ സ്ത്രീകളോടൊപ്പം,വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരോടൊപ്പം പ്രക്ഷോഭവിജയങ്ങൾ രചിക്കാൻ ഈ പാർട്ടി അവിരാമം പൊരുതുന്നു. ഈ രാഷ്ട്രീയമാണ് കരുത്ത് നേടേണ്ടത്. ഈ രാഷ്ട്രീയമാണ് വിജയിക്കേണ്ടത്.
ബഹുജന സമര രാഷ്ട്രീയം സ്വീകരിച്ചിട്ടുള്ള ആർഎംപി, എംസിപിഐ(യു) എന്നീ ഇടതുപക്ഷ പാർട്ടികളോടൊപ്പം ‘ഇടതുപക്ഷ ഐക്യമുന്നണി(എൽയുഎഫ്) എന്ന ബാനറിലാണ് എസ്‌യുസിഐ(സ) സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. പ്രബുദ്ധമായ സമരരാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന എൽയുഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

Share this