കുത്തകകളുടെ താല്പര്യം മാത്രം സംരക്ഷിക്കുന്ന ജിഎസ്ടി പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്യുസിഐ(സി) ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. നികുതി താരതമ്യേന കുറവായിരുന്ന മേഖലകളിൽ വർദ്ധിച്ച നികുതി നിരക്കേർപ്പെടുത്തി വിലക്കയറ്റത്തിന് വഴിവെക്കുകയും നേരത്തെതന്നെ വൻനികുതി നിലനിന്നിരുന്ന പെട്രോളിയം ഉല്പന്നങ്ങളെപ്പോലുള്ളവയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്ത നടപടി അതിന്റെ ജനവിരുദ്ധസ്വഭാവം വ്യക്തമാക്കുന്നതാണെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാസെക്രട്ടറി സഖാവ് എ.ശേഖർ പറഞ്ഞു. യോഗത്തിൽ സഖാക്കൾ പി.എം. ശ്രീകുമാർ, ടി.ജെ.ഡിക്സൻ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് സഖാക്കൾ പി.കെ.തോമസ്, എം.രാജൻ എന്നിവർ നേതൃത്വം നൽകി.