മലബാർ കാഷ്യൂ ഫാക്ടറി തൊഴിലാളികളുടെ അനിശ്ചിതകാല സമരം വിജയിച്ചു

tu-kasuvandi-kollam.jpg
Share

കൊല്ലം തൃക്കോവിൽവട്ടം പഞ്ചായത്തിലെ ഡീസന്റ് മുക്കിൽ പ്രവർത്തിക്കുന്ന മലബാർ കാഷ്യൂ ഫാക്ടറി, നികുതി കുടിശിക വരുത്തിയതിന്റെ പേരിൽ 2014 ഡിസംബർ 29 ന് സർക്കാർ ലേലം ചെയ്യുകയും സുരേഷ്ബാബു എന്നയാൾ ലേലം കൊള്ളുകയും ചെയ്തു. ഈ ഫാക്ടറിയിലെ തൊഴിലാളികളുടെ സർവ്വീസ് ആനുകൂല്യങ്ങൾ സുരേഷ്ബാബു ഏറ്റെടുത്ത് കൊണ്ട് കരാറുണ്ടാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്, എഐയുറ്റിയുസി കശുവണ്ടി തൊഴിലാളി സെന്റർ ജില്ലാ ലേബർ ഓഫീസർക്ക് പരാതി നൽകുകയും നിരവധി ചർച്ചകൾ ഡിഎൽഒ ഓഫീസിലും സംസ്ഥാന ലേബർ കമ്മീഷണർ ഓഫീസിലും നടന്നെങ്കിലും പുതിയ മാനേജ്‌മെന്റ് ഇതിന് തയ്യാറാകാത്ത സാഹചര്യത്തിൽ യൂണിയൻ കശുവണ്ടി വ്യവസായത്തിന്റെ ചുമതലയുള്ള മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്ക് നിവേദനം നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ 2016 സെപ്തംബർ 26 ന് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വിളിച്ചുചേർത്ത ചർച്ചയിൽ സംസ്ഥാന ലേബർ കമ്മീഷണർ കശുവണ്ടി വ്യവസായത്തിന്റെ ചുമതലയുള്ള ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്തു. ചർച്ചയിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ച മാനേജുമെന്റ് 10 മാസം കഴിഞ്ഞിട്ടും ഈ തീരുമാനങ്ങൾ നടപ്പിലാക്കാത്ത സാഹചര്യത്തിൽ 2017 ജൂൺ 16-ാം തീയതി മുതൽ ഈ ഫാക്ടറി പടിക്കൽ, കശുവണ്ടി തൊഴിലാളി സെന്ററിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ അനിശ്ചിത കാല സമരം ആരംഭിച്ചു. സമരത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ഫാക്ടറിപടിക്കൽ നടന്ന യോഗത്തിൽ കശുവണ്ടി തൊഴിലാളി സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എഐയുറ്റിയുസിയുടെ സംസ്ഥാന സെക്രട്ടറിയും കശുവണ്ടി തൊഴിലാളി സെന്ററിന്റെ സംസ്ഥാന പ്രസിഡന്റുമായ വി.കെ.സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവും കശുവണ്ടി തൊഴിലാളി സെന്ററിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ഷൈല കെ.ജോൺ, യൂണിയൻ ജില്ലാ സെക്രട്ടറി ബി.വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു. സമരം ശക്തിപ്രാപിച്ചതിനെത്തുടർന്ന് ആഗസ്റ്റ് 2 ന് മന്ത്രി, തന്റെ ചേമ്പറിൽ ചർച്ചയ്ക്ക് വിളിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഡിഎൽഒയുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി ഫാക്ടറി തുറന്ന് പ്രവർത്തിപ്പിക്കാമെന്ന് മാനേജുമെന്റ് സമ്മതിച്ചതിനെത്തുടർന്ന് സമരം വിജയിച്ചു.

 

Share this post

scroll to top