Share

അന്തരിച്ച പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് സഖാവ് കെ.പി.കോസലരാമദാസിന്റെ ചരമ വാർഷിക ദിനമായ ജൂലൈ 3ന് തിരുവനന്തപുരം വൈഎംസിഎ ഹാളിൽ അനുസ്മരണ സമ്മേളനം നടത്തി. സഖാവ് കോസലരാമദാസ് രൂപീകരിച്ച് നയിച്ചിരുന്ന ട്രേഡ് യൂണിയനുകൾ സംയുക്തമായി രൂപീകരിച്ച അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനം എഐറ്റിയുസി സംസ്ഥാന പ്രസിഡന്റ്ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്തു.
തൊഴിലാളി വർഗ്ഗം ദീർഘകാല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും ഇല്ലാതാക്കുന്ന പുതിയ ലേബർ കോഡുകൾ അടക്കമുള്ള തൊഴിലാളിദ്രോഹ നയങ്ങൾ നടപ്പിലാക്കപ്പെടുമ്പോൾ കോസലരാമദാസിനെപ്പോലെയുള്ള ദിശാബോധമുള്ള നേതാക്കളുടെ അഭാവം വലിയ നഷ്ടമാണെന്ന് സഖാവ് ഉദയഭാനു അഭിപ്രായപ്പെട്ടു.
ലോക ബാങ്ക് പദ്ധതിയായ ഡിപിഇപിക്കെതിരെ നടന്ന ജനകീയ പ്രക്ഷോഭണത്തിന്റെ അമരക്കാരിൽ ഒരാളായിരുന്നു കെ.പി.കോസലരാമദാസ് എന്ന് അഡ്വ. ബി.കെ.രാജഗോപാൽ പറഞ്ഞു. അനുസ്മരണ സമിതി കൺവീനർ എസ്.സീതിലാൽ അദ്ധ്യക്ഷത വഹിച്ചു. എഐയുറ്റിയുസി സംസ്ഥാന സെക്രട്ടറി വി.കെ.സദാനന്ദൻ, KSEB-PCC ലൈൻ വർക്കേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് പി.എം.ദിനേശൻ , കെഎസ്‍ഇ വർക്കേഴ്സ് യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി ബോണിഫസ് ബെന്നി, എം.സി.കുട്ടപ്പൻ, ഹരിലാൽ നന്ദൻകോട്, എന്നിവർ പ്രസംഗിച്ചു. അനുസ്മരണ സമിതി ജോയിന്റ് കൺവീനർ ഹരികൃഷ്ണൻ സ്വാഗതവും അഡ്വ. നന്ദലാൽ കൃതജ്ഞതയും പറഞ്ഞു.