കുത്തകകള്‍ക്കുവേണ്ടി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ്

kseb.1.2426164.webp
Share

ജീവിതച്ചെലവ് അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, വൈദ്യുതിച്ചാർജ്ജ് ഭീമമായി ഉയർത്തിക്കൊണ്ട് പിണറായി സർക്കാർ ജനവിരുദ്ധസ്വഭാവം വീണ്ടും തെളിയിക്കുകയാണ്. രണ്ടുവർഷത്തിനിടെ മൂന്നാംതവണയാണ് ചാർജ്ജ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഒരു യൂണിറ്റിന് പതിനാറുപൈസയുടെ വർദ്ധനവാണ് ഇപ്പോൾ കൊണ്ടുവന്നിട്ടുള്ളത്. ഗാർഹിക ഉപഭോക്താക്കൾക്ക് വിവിധ സ്ലാബുകളിലെ വർദ്ധനവ് 15 പൈസ മുതൽ 25 പൈസവരെയാണ്. വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫിക്സഡ് ചാർജ്ജ് എന്ന പേരിൽ പൈസ അടയ്ക്കണം. അത് രണ്ടുവർഷത്തേയ്ക്ക് 5 മുതൽ 40 രൂപവരെ വർദ്ധിപ്പിച്ചിരിക്കുന്നു. കാലാവസ്ഥാ സർചാർജ്ജ് യൂണിറ്റിന് 15 പൈസയാണ്. സർച്ചാർജ്ജും വൈദ്യുതി ഡ്യൂട്ടിയും കണക്കാക്കുമ്പോൾ വർദ്ധനവ് ഇതിലും വലുതായിരിക്കും. വീടുകളിലെ വൈദ്യുതി ബില്ലിൽ രണ്ടുമാസത്തിലൊരിക്കൽ 14 രൂപമുതൽ 300 രൂപവരെ വർദ്ധിക്കും. അടുത്തവർഷത്തെ ചാർജ്ജ് വർദ്ധനവ് 12 പൈസയും ഇപ്പോഴേ തീരുമാനിച്ചിട്ടുണ്ട്. ഈ വർഷത്തെ വർദ്ധനവ് 2025മാർച്ച് 31വരെയും അടുത്ത വർഷത്തെ വർദ്ധനവ് 2027 മാർച്ച് 31വരെയും ബാധകമായിരിക്കും. ജനജീവിതത്തെസംബന്ധിച്ചിടത്തോളം അവശ്യവസ്തുവായ വൈദ്യുതിയുടെ ചാർജ്ജ് വർദ്ധനവ് ജീവിതച്ചെലവ് വീണ്ടും കുതിച്ചുയരാൻ ഇടയാക്കും.
നിരക്കുവർദ്ധനവിനെ സംബന്ധിച്ച് ജനഹിതമറിയാൻ അഞ്ചുജില്ലകളിൽ പൊതുജനപങ്കാളിത്തത്തോടെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു. ഈ യോഗങ്ങളിലെല്ലാം ഉയർന്ന ശക്തമായ പ്രതിഷേധസ്വരങ്ങൾ അശേഷം പരിഗണിക്കപ്പെട്ടില്ല. നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനമെടുത്തിട്ട് പ്രഖ്യാപിക്കാൻ ഉപതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരുന്നു എന്നുമാത്രമല്ല, അടുത്തവർഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പും പിന്നാലെ നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പും കണക്കിലെടുത്ത് അടുത്തവർഷത്തേയ്ക്കുള്ള നിരക്കുവർദ്ധനയും ഇപ്പോഴേ പ്രഖ്യാപിച്ചിരിക്കുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കുത്തകാനുകൂല നയങ്ങൾ ജനങ്ങളുടെ ജീവിതദുരിതങ്ങൾ അനുനിമിഷം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവശ്യനിത്യോപയോഗ സാധനങ്ങൾക്ക് തീവില, നികുതി-ചാർജ്ജുകളുടെ അടിക്കടിയുള്ള വർദ്ധനവ്, സർക്കാർ സേവനങ്ങൾക്കുപോലും ഫീസ്, ചികിത്സാ, വിദ്യാഭ്യാസരംഗത്ത് അടിക്കടിയുണ്ടാകുന്ന ചെലവുവർദ്ധനവ് തുടങ്ങി ജനജീവിതം നിലയില്ലാക്കയത്തിലായിരിക്കുമ്പോഴാണ്, അതൊന്നും തെല്ലും പരിഗണിക്കാതെ വരാനിരിക്കുന്ന വർഷങ്ങൾകൂടെ കണക്കിലെടുത്തുള്ള ഈ വർദ്ധനവ്. വൈദ്യുതി ബോർഡും താരിഫ് റഗുലേറ്ററി കമ്മീഷനും സംസ്ഥാന സർക്കാരും ഒത്തുചേർന്ന് ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്.


എന്താണ് ഈ നിരക്കുവർദ്ധനയുടെ കാരണം


വൈദ്യുതി ബോർഡിന്റെ ഭരണസംവിധാനത്തിലെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും അധികചെലവുകളാണ് ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്നത്. വൈദ്യുതി നിരക്ക് യുക്തിസഹമാകണം എന്നതാണ് സർക്കാരിന്റെ ഭാഷ്യം. ഉൽപ്പാദന-വിതരണച്ചെലവും ലാഭവും ഉപഭോക്താവിൽനിന്ന് ഈടാക്കണം എന്നതാണ് ഇതിന്റെ സാരം. ഇത് ആഗോളവത്ക്കരണത്തിന്റെ ഭാഷയാണ്, സ്വകാര്യവത്ക്കരണത്തിന്റെ ഭാഷയാണ്. ആഗോളവത്ക്കരണത്തെത്തുടർന്ന് വൈദ്യുതി വിപണിവസ്തുവായി മാറിയപ്പോൾ മുതലാണ് ഈ ഭാഷ്യം ഉയർന്നുവന്നിരിക്കുന്നത്.
നിരക്കുവർദ്ധനയിലൂടെ വൈദ്യുതി രംഗത്തെ സ്വകാര്യകുത്തകകളുടെ കൊള്ളലാഭത്തിന് പിണറായി സർക്കാർ കൂട്ടുനിൽ ക്കുകയാണ്. ഇരുപത്തിയഞ്ചുവർഷത്തേയ്ക്കുള്ള, താരതമ്യേന നിരക്ക് കുറഞ്ഞ ദീർഘകാല പവർ പർച്ചെയ്സ് കരാർ, വൈദ്യുതി ബോർഡും സർക്കാരും സർക്കാരിന്റെ താല്പര്യങ്ങൾക്കൊത്തുനീങ്ങുന്ന താരിഫ് റെഗുലേറ്ററി കമ്മീഷനും ചേർന്ന് റദ്ദാക്കിയിട്ട്, അദാനിക്കുവേണ്ടി നിരക്കിൽ വൻവർദ്ധനവ് വരുത്തി പുതിയ പർച്ചേസ് കരാറിൽ ഏർപ്പെട്ടതുവഴിയുണ്ടാക്കിയ അധികച്ചെലവിന്റെ പേരിലാണ് ഇപ്പോഴത്തെ നിരക്കുവർദ്ധന കൊണ്ടുവന്നിരിക്കുന്നത്. താപവൈദ്യുതിക്കുള്ള ചെലവ് കുറഞ്ഞ ഇന്ധനമായ കൽക്കരിയുടെ ഖനികളാകെ സ്വകാര്യവത്ക്കരിച്ച്, അദാനി അടക്കമുള്ള കുത്തകകൾക്ക് ലാഭമടിക്കുവാൻവേണ്ടി മാത്രം പുതിയ വൈദ്യുതി നിയമങ്ങൾ ആവിഷ്ക്കരിച്ച കേന്ദ്രസർക്കാരും ആ നയങ്ങൾ അതീവ ശുഷ്ക്കാന്തിയോടെ നടപ്പിലാക്കുന്ന പിണറായി സർക്കാരും ഈ കുറ്റകൃത്യത്തിൽ പങ്കാളികളാണ്. അദാനിയുമായി ഉണ്ടാക്കിയിരിക്കുന്നത് ചെറിയ കാലത്തേയ്ക്കുള്ള രണ്ടുകരാറുകൾ മാത്രമാണ് എന്ന് വൈദ്യുതി മന്ത്രി പറഞ്ഞിരിക്കുന്നതിൽനിന്നുതന്നെ അദാ നിയുമായുള്ള ധാരണ വ്യക്തമാണ്.
സംസ്ഥാനത്തെ വൈദ്യുതി ഉൽപ്പാദനത്തിൽ 30 ശതമാനം മാത്രമാണ് ആഭ്യന്തര ഉൽപ്പാദനം. ബാക്കി 70ശതമാനവും പുറത്തുനിന്ന് വാങ്ങുന്നതാണ്. 2015 മുതൽ 2040വരെയുള്ള കാലയളവിലേയ്ക്കായി മൂന്നു കമ്പനികളുമായി ദീർഘകാല കരാറും ഇതിനായി ഉണ്ടായിരുന്നു. ജിൻഡാൽ പവർ ലിമിറ്റഡുമായി 200 മെഗാവാട്ട് 3.60 രൂപ നിരക്കിലും ജാബുവ പവർ ലിമിറ്റഡുമായി 115 മെഗാവാട്ട് 4.15 രൂപ നിരക്കിലും ബാൽകോ, ഇന്ത്യ തെർമൽ ലിമറ്റഡ്, ജാബുവ(രണ്ടാം കരാർ) എന്നിവയുമായി 100 മെഗാവാട്ടുവീതം 4.29 രൂപയ്ക്കും ഉണ്ടാക്കിയ കരാറുകളാണ് നിലവിലുണ്ടായിരുന്നത്. 2023ൽ ഇതിൽ 465 െമഗാവാട്ടിന്റെ നാലുകരാറുകൾ റദ്ദുചെയ്യപ്പെട്ടു. ഈ കരാറുകൾ റദ്ദുചെയ്തതിനുശേഷമാണ് അദാനിയുമായി കരാർ ഉണ്ടാക്കിയത്. 10.25 മുതൽ14.3 രൂപവരെയാണ് അദാനിയുമായി ഉണ്ടാക്കിയിരിക്കുന്ന കരാറിൽ യൂണിറ്റിന് നിരക്ക്. ജിൻഡാലുമായി ആദ്യമുണ്ടാക്കിയ കരാർ റദ്ദുചെയ്ത് രണ്ടാമത് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന കരാറിൽ യൂണിറ്റൊന്നിന് 9.59 രൂപയാണ് പുതിയ നിരക്ക്.
ഓരോ നിരക്കു വർദ്ധനവിലും സർക്കാരും വൈദ്യുതിബോർഡും റെഗുലേറ്ററി കമ്മീഷനെ കുറ്റം പറഞ്ഞ് തടിയൂരുകയാണ് ചെയ്യുന്നത്. എന്നാൽ റഗുലേറ്ററി കമ്മീഷനിൽ സർക്കാർ നോമിനികൾ മാത്രമാണുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം. 1998ലാണ് അതുവരെയില്ലാതിരുന്ന ഒരു സമ്പ്രദായം വൈദ്യുതി ബോർഡിന്റെ തലപ്പത്ത് റെഗുലേറ്ററി കമ്മീഷൻ എന്ന പേരിൽ സ്ഥാപിതമായത്. വൈദ്യുതി ഉൽപ്പാദനത്തിന്റെയും വിതരണത്തിന്റെയും ലൈസൻസ് ഉടമകൾ, വൈദ്യുതി വിതരണ സ്ഥാപനങ്ങൾ, ഉപഭോക്താക്കൾ, അതോറിറ്റി എന്നിവ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ പരിഹരിക്കാനെന്നപേരില്‍ രൂപീകരിക്കപ്പെട്ട നിയമനിർമ്മാണ ജുഡീഷ്യൽ അധികാരങ്ങളുള്ള കമ്മീഷനാണ് റെഗുലേറ്ററി കമ്മീഷൻ. വൈദ്യുതി ബോര്‍ഡിനും ഉപഭോക്താക്കള്‍ക്കുമിടയില്‍ മറ്റൊരു ഏജന്‍സി! സ്വകാര്യവത്ക്കരണ നീക്കങ്ങളുടെ തുടക്കമായിരുന്നു റഗുലേറ്ററി കമ്മീഷന്റെ രൂപീകരണം. വാജ്പേയി പ്രധാന മന്ത്രിയായിരുന്നപ്പോൾ കൊണ്ടുവന്ന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ ആക്ട് 1998 അനുസരിച്ച്, ഇ.കെ.നായനാർ മുഖ്യമന്ത്രിയും പിണറായി വിജയൻ വൈദ്യുതി മന്ത്രിയുമായിരുന്ന കാലത്താണ് കേരളത്തിൽ റെഗുലേറ്ററി കമ്മീഷൻ രൂപീകരിച്ചത്. തുടർച്ചയെന്ന നിലയിൽ 2011 ജനുവരിയിൽ വി.എസ്.അച്ചുതാനന്ദൻ മുഖ്യമന്ത്രിയും എ.കെ.ബാലൻ വൈദ്യുതി മന്ത്രിയുമായിരുന്ന സമയത്താണ് വൈദ്യുതി ബോർഡ് കമ്പനിയാക്കുന്നതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതെല്ലാം സ്വകാര്യവത്ക്കരണത്തെ മുൻനിർത്തി നടപ്പിലാക്കുന്ന നടപടികളാണ്.
500 യൂണിറ്റ് വൈദ്യുതിക്ക് കേരളത്തിൽ വില 8772 രൂപ, തമിഴ് നാട്ടിൽ 2360 രൂപ, ദില്ലിയിൽ 450രൂപ, പഞ്ചാബിൽ 500 യൂണിറ്റ് സൗജന്യമാണ്. രാജസ്ഥാനിലും തെലുങ്കാനയിലും 200 യൂണിറ്റ് സൗജന്യമാണ്. ജലവൈദ്യുത പദ്ധതികളുടെ കാര്യശേഷി മെച്ചപ്പെടുത്തി ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിച്ച് കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് വൈദ്യുതി എത്തിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. പൊതുമേഖലാസ്ഥാപനങ്ങളിൽനിന്നും സ്വകാര്യസ്ഥാപനങ്ങളിൽനിന്നും കുടിശ്ശികയായിരിക്കുന്ന തുക പിരിച്ചെടുക്കണം. സർക്കാർ വകുപ്പുകളിൽനിന്ന് 141കോടിയും പൊതുമേഖലാസ്ഥാപനങ്ങളിൽനിന്ന് 1768 കോടിയും പിരിഞ്ഞുകിട്ടാനുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് 110.42 കോടിയും സ്വകാര്യസ്ഥാപനങ്ങളിൽനിന്ന് 1096.15 കോടിയും പിരിഞ്ഞുകിട്ടാനുണ്ടെന്ന് നിയമസഭയിൽ 2023ൽ വകുപ്പുമന്ത്രിയാണ് അറിയിച്ചത്. എന്നാൽ കിട്ടാക്കടം 45000കോടി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കിട്ടാക്കടം പിരിച്ചെടുക്കാൻ ശ്രമിക്കാതെ ജനങ്ങളുടെ മേൽ ചാർജ്ജ് വർദ്ധനവ് അടിച്ചേൽപ്പിക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്.


ബ്രഹ്മപുരം, നല്ലളം, കായംകുളം തുടങ്ങി ഒരു യൂണിറ്റ് വൈദ്യുതിപോലും ഉൽപ്പാദിപ്പിക്കാത്ത, വർഷാവർഷം ബോർഡിന് കോടിക്കണക്കിന് രൂപയുടെ ബാധ്യത വരുത്തിവച്ചുകൊണ്ടിരിക്കുന്ന താപവൈദ്യുതനിലയങ്ങളും കേരളത്തിൽ ഉണ്ട്. 499 കോടിരൂപ ചെലവഴിച്ച് 1997ൽ കമ്മീഷൻ ചെയ്ത കൊച്ചിയിലെ ബ്രഹ്മപുരം ഡീസൽ നിലയം ഏതാണ്ട് ഡികമ്മീഷന്റെ വക്കിലാണ്. നല്ലളത്തിന്റെയും സ്ഥിതി വ്യത്യസ്തമല്ല. 1999ൽ കമ്മീഷൻ ചെയ്ത കായംകുളം താപനിലയം 2021ൽ അനിശ്ചികാലത്തേയ്ക്ക് അടച്ചു. ശീതീകരിച്ച നാഫ്തയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. നാഫ്തയുടെ വിലവർദ്ധനവുമൂലം വൈദ്യുതിയുടെ നിരക്കും ഉയർന്നാണിരുന്നത്. ഏതാണ്ട് പത്തുവർഷത്തോളം വൈദ്യുതി ബോർഡ് എൻടിപിസിയിൽനിന്ന് വൈദ്യുതി വാങ്ങിയില്ല. കരാർ അനുസരിച്ച് വാങ്ങിയാലും വാങ്ങിയില്ലെങ്കിലും ഫിക്സഡ് ചാർജ്ജ് നൽകണം. കോടിക്കണക്കിന് രൂപചെലവഴിച്ച് നിരവധിയാളുകളെ കുടിയിറക്കി സ്ഥാപിക്കപ്പെട്ട ഈ നിലയങ്ങൾ ഉപയോഗശൂന്യമായിരിക്കുന്നു എന്നുമാത്രമല്ല ബാധ്യതയുമായിരിക്കുന്നു.


പത്തനംതിട്ട ജില്ലയിലെ മണിയാർ ചെറുകിട വൈദ്യുതപദ്ധതിയുടെ കരാര്‍ 25 വർഷത്തേയ്ക്കുകൂടെ സ്വകാര്യകമ്പനിക്ക് നീട്ടിനൽകാനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. 1994ൽ കമ്മീഷൻ ചെയ്ത പദ്ധതി, കരാർ പ്രകാരം 30വർഷത്തിനുശേഷം വൈദ്യുതി ബോർഡിന് കൈമാറേണ്ടതാണ്. എന്നാൽ വ്യവസായവും വികസനവും വരണമെങ്കിൽ ഇത്തരം വിട്ടുവീഴ്ചകൾ വേണമെന്ന മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തെത്തുടർന്നാണ് കരാർ നീട്ടിനൽകിയിരിക്കുന്നത് എന്നതാണ് റിപ്പോർട്ടുകൾ. ഈ നടപടികളെല്ലാം കാണിക്കുന്നത് ജനങ്ങളുടെ കാര്യത്തില്‍ അശേഷം കരുതൽ സർക്കാരിനില്ല എന്നാണ്.
ജനങ്ങളോട് ബാദ്ധ്യതപ്പെട്ടിരിക്കുന്ന സ്ഥാപനമാണ് വൈദ്യുതി ബോർഡ്. ജനങ്ങളുടെ നികുതിപ്പണംകൊണ്ടും പൊതുവിഭവങ്ങൾകൊണ്ടും സൃഷ്ടിച്ചെടുത്തതാണ് ബോർഡിന്റെ അടിസ്ഥാന ഘടന മുഴുവനും. ലാഭ നഷ്ടക്കണക്കിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ട സ്ഥാപനവുമല്ല അത്. വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെയും വൈദ്യുതി രംഗത്തിന്റെ സ്വകാര്യവത്ക്കരണം ലക്ഷ്യമിട്ടുള്ള നടപടികൾക്കെതിരെയും ശക്തമായ പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ അണിനിരക്കുകയേ നിവൃത്തിയുള്ളൂ.

Share this post

scroll to top