ഗെയ്ൽ പൈപ്പ് ലൈൻ ഇടുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് മുക്കം പ്രദേശത്ത് ന്യായമായ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സമരം ചെയ്യുന്ന സ്ഥലവാസികൾക്കും സമരസമിതി പ്രവർത്തകർക്കുംമേൽ കൈക്കൊണ്ടുവരുന്ന പോലീസ് നടപടികൾ ഉടനടി അവസാനിപ്പിക്കണമെന്ന് എസ്.യു.സി.ഐ(സി) കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സമരത്തോട് സർക്കാർ സ്വീകരിച്ചിരിക്കുന്ന സമീപനം ഇടതുപക്ഷമെന്നല്ല ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഒരു ഗവൺമെന്റിനും നിരക്കുന്നതല്ല.
ജനാധിപത്യസമരങ്ങളുയർന്നുവരുന്നിടത്തെല്ലാം തീവ്രവാദികളാണവയ്‌ക്കെല്ലാം പിന്നിലെന്ന് നുണപ്രചരണം നടത്തി സമരനേതാക്കൾക്കും ജനങ്ങൾക്കുമെതിരെ കള്ളക്കേസ്സുകളെടുക്കുകയും വിവേചനരഹിതമായി അറസ്‌ററ് നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ട് സമരത്തെ നേരിടുന്ന രീതി സർക്കാർ അവസാനിപ്പിക്കണം. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചേ മതിയാവൂ. ഭരണത്തിലിരിക്കുമ്പോൾ ജനങ്ങളുടെ പ്രതിഷേധങ്ങൾക്ക് ചെവികൊടുക്കാതിരിക്കുകയും പ്രതിപക്ഷത്താകുമ്പോൾ സമരത്തിനെത്തുകയും ചെയ്യുന്ന പാർട്ടികളുടെ തനിനിറം തിരിച്ചറിഞ്ഞുകൊണ്ട് ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ജനങ്ങൾ സമരത്തിലുറച്ച് നിൽക്കണമെന്നും എസ്.യു.സി.ഐ(സി) അഭ്യർത്ഥിച്ചു=