പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും ഇക്കഴിഞ്ഞ നവംബർ മാസത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുകയുണ്ടായി. പാലക്കാടും ചേലക്കരയിലും എംഎൽഎ ആയിരുന്നവർ എംപിമാരായി തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടും വയനാട് എംപിയായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി വയനാടിന് പകരം റായ്ബറേലി നിലനിർത്താൻ തീരുമാനിച്ചതുവഴിയും ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണ് തിരഞ്ഞെടുപ്പ്. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തെ അതിജീവിച്ച വയനാട്ടിലെ ജനങ്ങളുടെമേലാണ് ഈ ഉപതിരഞ്ഞെടുപ്പ് പതിച്ചത്. ജനപ്രതിനിധികളായിരിക്കുന്നവരെ മൽസരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചാൽ ഒഴിവാക്കാനാവുമായിരുന്ന തിരഞ്ഞെടുപ്പ് മൽസരങ്ങളായിരുന്നു പാലക്കാടും ചേലക്കരയും. രൂക്ഷമായ വിലക്കയറ്റം ഉൾപ്പെടെയുള്ള ജീവിതദുരിതങ്ങൾ പെരുകിക്കൊണ്ടേയിരിക്കുമ്പോള്‍ ഒരു തിരഞ്ഞെടുപ്പ് മൽസരത്തിന്റെ ചെലവും അദ്ധ്വാനവും ഒഴിവാക്കുക എന്നത് ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെയും പരിഗണനയിൽ വരുന്നില്ല. എവ്വിധവും പാർലമെന്ററി പദവികൾ നേടുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമുള്ള ഈ പ്രസ്ഥാനങ്ങളുടെ മുമ്പിൽ ജനങ്ങളുടെ ജീവിതയാതനകൾക്ക് എന്തുവില?
ഈ മൂന്നുമണ്ഡലങ്ങളിലും നടന്ന തിരഞ്ഞെടുപ്പ് പ്രചാരണം കേരളത്തിൽ അപകടകരവും ദൂരവ്യാപകവുമായ പ്രത്യാഘാത ങ്ങൾക്കിടവരുത്തുന്ന ചില പ്രവണതകൾക്ക് വഴിതുറന്നിട്ടുണ്ട്. തികച്ചും അവസരവാദപരവും, കേവലം തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ഏത് നെറികെട്ട പ്രവർത്തനങ്ങളും ലജ്ജയില്ലാതെ നടത്തുന്നതിലേയ്ക്ക് അധ:പതിച്ചുപോയിരിക്കുന്നതുമായ സിപിഐ(എം)ന്റെ നടപടികളാണ് ഇതിൽ പ്രധാന പങ്കുവഹിച്ചിരിക്കുന്നത്. ഗൗരവാവഹമായ രാഷ്ട്രീയ പ്രചാരണത്തിന്റെ വേദിയെ കഴമ്പുകെട്ട കോമാളിക്കളികളുടെ കൂത്തരങ്ങാക്കി മാറ്റുകയും ചെയ്തു.
പാർലമെന്ററി അധികാരചൂതുകളിയുടെ നാണംകെട്ട നാടകങ്ങളായിരുന്നു പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിന്റെ കേന്ദ്രബിന്ദു. വലിയ പ്രതിഫലമുള്ള ജോലി ത്യജിച്ച് രാഷ്ട്രീയത്തിൽ വന്നത് പദവികൾക്കുവേണ്ടിത്തന്നെയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച്, കോൺഗ്രസ്സിൽനിന്നും കാലുമാറിവന്ന ഒരാളെ ഇടതുമുന്നണിയെന്ന ‘ആദർശാധിഷ്ഠിത മുന്നണി’ ഒരുളുപ്പുമില്ലാതെ സ്ഥാനാർത്ഥിയാക്കി. യുഡിഎഫിനോട് നയപരമായി വിയോജിച്ചതുകൊണ്ടല്ല, സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതുകൊണ്ടാണ് ഡോ.സരിൻ യുഡിഎഫ് പാളയം വിട്ടത്. ഇന്നലെവരെ പറഞ്ഞതെല്ലാം വിഴുങ്ങി എൽഡിഎഫ് അദ്ദേഹത്തെ വാരിപ്പുണർന്നു. ഉദരപൂരണത്തിനായി ചേരിമാറുന്ന ‘കല’ മഹത്തായ രാഷ്ട്രീയ പ്രവർത്തനമാണെന്ന് സ്ഥാപിക്കാൻ സിപിഐ(എം) വല്ലാതെ വിയർപ്പൊഴുക്കി. കാലുമാറി വന്ന ഒരാളെ സ്ഥാനാർത്ഥിയാക്കുക മാത്രമല്ല, അതിനെ ന്യായീകരിക്കാനായി സിദ്ധാന്തം ചമക്കുകയുംചെയ്ത് സംസ്ഥാനത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ മലീമസമാക്കി.
ആദർശങ്ങൾക്കോ മൂല്യങ്ങൾക്കോ അല്ല സ്വാർത്ഥതാൽപ്പര്യങ്ങൾക്കാണ് പരമപ്രാധാന്യം എന്ന സന്ദേശമല്ലേ ഇവർ ജനങ്ങൾക്കിടയിൽ ആവർത്തിച്ചുറപ്പിക്കുന്നത്? സദാചാരരഹിതവും അവസരവാദപരവുമായ രാഷ്ട്രീയത്തിന്റെ പിറകിൽ അണിനിരക്കുന്നതിൽ ഒരു അധാർമ്മികതയും കാണാത്ത ജനതയെ വാർത്തെടുക്കാൻ ഇത് ഇടവരുത്തുകയല്ലേ? എത്ര വലിയ അപചയത്തിലേക്കാണ് നാട് കൂപ്പുകുത്തുന്നത്! ഉയർന്ന ധാർമ്മികതയും പ്രബുദ്ധതയുമുള്ള ജനങ്ങളെ സൃഷ്ടിച്ചുകൊണ്ട് മുതലാളിത്ത രാഷ്ട്രീയത്തിന് പ്രതിപ്രവാഹം സൃഷ്ടിക്കുക എന്ന പ്രാഥമികമായ ഇടതുരാഷ്ട്രീയ കടമയെ ഇക്കൂട്ടർ കുഴിച്ചുമൂടുകയാണ്. ജനാധിപത്യ സംസ്കാരംപോലും പുലരാത്ത ഒരിടത്ത് എങ്ങിനെയാണ് തൊഴിലാളിവർഗ്ഗ വിപ്ലവത്തിനായി ജനങ്ങളെ ഉണർത്താൻ കഴിയുക?
സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള ബിജെപിയിലെ കലാപത്തിന്റെ തുടർച്ചയായിത്തന്നെ സംസ്ഥാനനേതാവ് സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസ്സിൽ ചേർന്നു. ബിജെപിക്കു വേണ്ടി വർഗ്ഗീയവിഷം ചീറ്റിക്കൊണ്ടിരുന്ന സന്ദീപ് വാര്യർ ഏതുപാർട്ടിയിൽ ചേക്കേറുമെന്ന് ഉറപ്പില്ലാതിരുന്ന ആദ്യഘട്ടത്തിൽ, മാന്യദേഹത്തെ സ്വീകരിക്കാൻ ഇരു കൈകളും നീട്ടി സിപിഐയും സിപിഐ(എം)ഉം നിൽക്കുന്ന ജുഗുപ്സാവഹമായ കാഴ്ചയും കേരളം കണ്ടു. അദ്ദേഹം ബിജെപി വിട്ട് സിപിഐ(എം)ലേക്ക് വന്നാൽ അത് മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.കെ.ബാലൻ പ്രസ്താവിച്ചു. ഒടുവിൽ സന്ദീപ് വാര്യർ കോൺഗ്രസ്സിൽ ചേർന്നുകഴിഞ്ഞപ്പോൾ ഒരൊറ്റ ദിവസത്തിനുള്ളിൽ സിപിഐ(എം)ലെ മറ്റൊരു പ്രമുഖനേതാവിന് അദ്ദേഹം വർഗ്ഗീയ കാളിയനായി മാറി. കോൺഗ്രസ്സിനു മാത്രമേ സന്ദീപ് വാര്യരെപ്പോലൂള്ള വർഗ്ഗീയവാദികളെ ഉൾക്കൊള്ളാനാകൂ എന്നും പ്രതികരിച്ചു. സിപിഐ(എം)ലേക്കു വരികയായിരുന്നെങ്കിൽ അദ്ദേഹം കറകളഞ്ഞ മതേതരവാദിയും കോൺഗ്രസ്സിലേക്കാണ് പോകുന്നതെങ്കിൽ അദ്ദേഹം വർഗ്ഗീയ കാളിയനും! ‘നാല് വോട്ടിനുവേണ്ടി എന്തു നെറിവ്കേടും കാട്ടുന്ന പാർട്ടിയല്ല സിപിഐ(എം)’ എന്ന പിണറായി വിജയന്റെ പ്രസ്താവന എത്ര കൃത്യം.
സിപിഐ(എം)നെതിരെ ഡോ.സരിനും കോൺഗ്രസ്സിനെതിരെ സന്ദീപ് വാര്യരും ഇതിനോടകം പറഞ്ഞതെല്ലാം വിഴുങ്ങി, രണ്ടുംകെട്ടനിലയിൽ അതേ പ്രസ്ഥാനങ്ങളുടെ കാൽക്കീഴിൽ വീഴുന്ന ചിത്രം കേരളം അകപ്പെട്ടിട്ടുള്ള ദുർഗന്ധം നിറഞ്ഞ വലതുരാഷ്ട്രീയത്തിന്റെ പരിണതികൾ മാത്രം. അപചയത്തിലമർന്ന കോൺഗ്രസ്സിന്റെ രാഷ്ട്രീയത്തിൽനിന്നും നേർബുദ്ധിയുള്ള ഒരാളും ഇതിൽനിന്ന് ഭിന്നമായത് പ്രതീക്ഷിക്കുന്നില്ല. എന്നാൽ തൊഴിലാളിവർഗ്ഗ ആദർശവും ഇടതുപക്ഷ രാഷ്ട്രീയവും പ്രസംഗിക്കുന്ന സിപിഐ(എം)ന്റെ അധഃപതനത്തിന്റെ ആഴമാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്; ആശങ്കപ്പെടുത്തുന്നത്.
മതവികാരത്തെ ജ്വലിപ്പിക്കുന്നതിൽ മുൻകാലങ്ങളിലുണ്ടായിരുന്ന നേരിയ മറകൾപോലും എല്ലാ മുന്നണികളും നീക്കം ചെയ്തു. മുനമ്പം വിഷയത്തെ മുൻനിർത്തി, വഖഫ് നിയമവും അതിലൂടെ മുസ്ലീം വിരുദ്ധതയും ഉയർത്തി ജനങ്ങൾക്കിടയിൽ സ്പർദ്ധയും ഭിന്നതയും സൃഷ്ടിക്കുവാൻ നടന്ന ശ്രമവും ഞെട്ടലുളവാക്കുന്നതാണ്. കൈവശഭൂമി എന്തെങ്കിലും തരത്തിൽ തിരിച്ചുപിടിക്കാനോ ഭൂമിയിൽ അവകാശമുന്നയിച്ചു കൊണ്ടോ ഒരു മുസ്ലീം സംഘടനയും രംഗത്തുവന്നില്ലെന്നിരിക്കെ വിഷയത്തിൽ നിജസ്ഥിതി വിശദീകരിക്കാനും സ്ഥിതി വഷളാക്കാതെ കൈയൊതുക്കത്തോടെ കൈകാര്യം ചെയ്യാനും ബാധ്യതപ്പെട്ട സംസ്ഥാന സർക്കാരാകട്ടെ ബിജെപിക്ക് ഇടപെടാനും വർഗ്ഗീയവിദ്വേഷം വമിപ്പിക്കാനും യഥേഷ്ടം അവസരവും സമയവും നൽകി. മുനമ്പം സമരപ്പന്തലിൽ ബിജെപി സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള നേതാക്കളുടെ സന്ദർശനം കൃത്യമായ കണക്കുകൂട്ടലോടെ ആസൂത്രണം ചെയ്തതായിരുന്നു. മുനമ്പം സമരത്തെ സംബന്ധിച്ച ചർച്ച പരമാവധി നീട്ടിക്കൊണ്ടുപോയി കോൺഗ്രസ്സിന്റെ പരമ്പരാഗത വോട്ടർമാരിൽ വിള്ളൽ സൃഷ്ടിക്കാൻ സിപിഐ(എം) ആവതും പരിശ്രമിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തീയതി നീട്ടിവച്ച ഉടനെതന്നെ മുനമ്പം പ്രശ്നപരിഹാരത്തിനായി നിശ്ചയിച്ചിരുന്ന ചർച്ചയും നീട്ടിയത് അതുകൊണ്ടാണ്. സിപിഐ(എം)ന്റെ പ്രചാരണത്തിന്റെ കേന്ദ്രവിഷയം ന്യൂനപക്ഷ വർഗ്ഗീയതയായി ചുരുങ്ങിയതും ഇതേ വർഗ്ഗീയകണക്കുകൂട്ടലോടെ മാത്രമായിരുന്നു. പാലക്കാട് തിരഞ്ഞെടുപ്പിൽ ഒരു പ്രധാനഘടകമേ അല്ലാതിരുന്ന ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ വിഭാഗീയ ശക്തികൾക്കെതിരെമാത്രം വിമർശനത്തിന്റെ മുന കേന്ദ്രീകരിച്ചത് ഈ ലക്ഷ്യത്തോടെയായിരുന്നു. ലീഗ് സംസ്ഥാന പ്രസിഡണ്ടിനെതിരെ, വളരെ അസ്വാഭാവികമായ നടത്തിയ പ്രസ്താവനയും ഇതേ ഗണത്തിൽപ്പെടുന്ന ഒന്നായിരുന്നു.
ബിജെപിയുടെ ആഖ്യാനങ്ങൾക്ക് സ്ഥിരീകരണം നല്‍കിക്കൊണ്ട് ഭൂരിപക്ഷവർഗ്ഗീയ വികാരത്തെ തങ്ങൾക്ക് അനുകൂലമാക്കുക എന്നതായിരുന്നു സിപിഐ(എം)ന്റെ തിരഞ്ഞെടുപ്പ് തന്ത്രം. പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥിയുടേതായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് പത്രങ്ങളിൽ മാത്രമായി വന്ന പരസ്യം, ആപൽക്കരമായ നിലയിൽ വർഗ്ഗീയവികാരം ഉണർത്താൻ സിപിഐ (എം) രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുന്നു എന്നതാണ് തെളിയിക്കുന്നത്. മുഖ്യമന്ത്രി ഹിന്ദുദിനപത്രത്തിന് നൽകിയ അഭിമുഖവും പി.ജയരാജന്റെ പുസ്തകവുമടക്കം ഭൂരിപക്ഷ പ്രീണനത്തിന്റെ തുറന്നമുഖമാണ് സിപിഐ(എം) പ്രദർശിപ്പിക്കു ന്നത്. ഒടുവിൽ തിരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച സിപിഐ(എം) വിശകലനത്തിലും ഈ നിലപാട് ആവർത്തിച്ചു. ഇടതുപക്ഷരാഷ്ട്രീയത്തിന് കനത്ത പ്രഹരവും വർഗ്ഗീയ ശക്തികൾക്ക് വമ്പിച്ച സാധ്യതകളും സമ്മാനിച്ച മാമാങ്കമായി തിരഞ്ഞെടുപ്പ് മാറി. താൽക്കാലിക തിരഞ്ഞെടുപ്പ് നേട്ടങ്ങൾ മാത്രം ലാക്കാക്കി സിപിഐ (എം) നടത്തിക്കൊണ്ടിരിക്കുന്ന ഈ നീക്കങ്ങൾ അപരിഹാര്യമായ പ്രത്യാഘാതങ്ങൾ കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിൽ സൃഷ്ടിക്കും എന്നത് സത്യസന്ധരായ ഇടതുപക്ഷ വിശ്വാസികൾ തിരിച്ചറിയണം.
കൊടകര കുഴൽപ്പണ കേസിനെ സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുണ്ടായത് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലായിരുന്നു. നാലു ചാക്കുകളിൽ നിറച്ച് പണം കർണാടകത്തിൽ നിന്ന് കൊണ്ടുവന്നെന്നും ബിജെപി ഓഫീസിൽ സൂക്ഷിച്ചുവെന്നും വെളിപ്പെടുത്തിയത് ബിജെപിയുടെ മുൻ തൃശൂർ ഓഫീസ് സെക്രട്ടറിയാണ്. തിരഞ്ഞെടുപ്പിനെ മുൻനിർത്തി പണം എത്തിച്ചുവെന്ന് അന്നത്തെ ഡിജിപി അനിൽ കാന്ത് തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിരുന്നുവെന്ന വാർത്തയും പുറത്തുവന്നു. കെ. സുരേന്ദ്രന്റെ മാത്രമല്ല, ശോഭാ സുരേന്ദ്രന്റെയും പങ്ക് പരാമർശ വിധേയമായി. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കൊടകര കുഴൽപ്പണക്കേസ് ചർച്ചക്കെടുക്കാനും ബിജെപി രാഷ്ട്രീയത്തിന്റെ ഭയാനകമായ അപചയം ജനങ്ങളെ ബോധ്യപ്പെടുത്താനും ഒരു മുന്നണിയും മുൻകൈ എടുക്കാതിരുന്നത് ദുരൂഹമായ ഒന്നായി ജനങ്ങൾക്ക് അനുഭവപ്പെട്ടു; പ്രത്യേകിച്ച് എൽഡിഎഫ്.
സകല വിഭാഗം ജനങ്ങളുടെയും ജീവിതം, ദുരിതക്കയത്തിൽ നിലയില്ലാതെ കൈകാലിട്ടടിക്കുന്ന ഘട്ടത്തിലാണ് ഈ ഉപതിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ ഒരു സ്ഥാനാർത്ഥിക്കും ഒരു മുന്നണിക്കും ഒരു രാഷ്ട്രീയപാർട്ടിക്കും സാധാണ മനുഷ്യരുടെ യാതനകൾ പരിഗണനാ വിഷയമായില്ല. പതിവുപോലെ എല്ലാവരും ജനങ്ങൾക്കും അവരുടെ പ്രശ്നങ്ങൾക്കുംനേരെ അവജ്ഞയോടെ മുഖം തിരിച്ചു. ജീവിത പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ അടവുകൾ പതിനെട്ടും പയറ്റി. വിലക്കയറ്റം, നികുതി-ചാർജ് വർദ്ധനവുകൾ, തൊഴിലില്ലായ്മ, ജനങ്ങൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ കടക്കെണി ഇവയൊന്നും എവിടെയും ചർച്ച ചെയ്യപ്പെട്ടില്ല. മാത്രവുമല്ല, ഈവക പ്രശ്നങ്ങൾ സ്വഭാവികമായ നിലയിൽപ്പോലും ചർച്ച ചെയ്യപ്പെടാതിരിക്കാൻ ആരോപണ-പ്രത്യാരോപണങ്ങളും അപകീർത്തികരമായ പ്രസ്താവനകളും വ്യക്തിഹത്യയും ബോധപൂർവ്വം സൃഷ്ടിച്ചെടുക്കുന്ന പ്രശ്നങ്ങളും കൊണ്ട് യഥാർത്ഥ പ്രശ്നങ്ങൾ സമർത്ഥമായി മറയ്ക്കപ്പെട്ടു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കാൻ വിഷയങ്ങൾ ഉന്നയിക്കുന്നതിൽ മുന്നണികൾ തമ്മിലുള്ള മത്സരവും ഗംഭീരമായിരുന്നു. സിപിഐ(എം) നാടകീയമായി ഉയർത്തിക്കൊണ്ടുവന്ന നീലട്രോളിബാഗിലെ പണം കടത്ത്, പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിലവാരത്തെ മാത്രമല്ല, സിപിഐ(എം) എന്ന പാർട്ടിയുടെ ഗതികേടിനെയും അളക്കാൻ സഹായകരമായി.
ബിജെപിയും കോൺഗ്രസും തമ്മിൽ ധാരണയുണ്ടെന്ന് സിപിഐ(എം)ഉം, സിപിഐ(എം)ഉം കോൺഗ്രസും തമ്മിലാണ് ധാരണയെന്ന് ബിജെപിയും ബിജെപിയും സിപിഐ(എം)ഉം തമ്മിലാണ് ധാരണയെന്ന് കോൺഗ്രസും ആരോപിക്കുന്നു. കോർപ്പറേറ്റുകൾക്കുവേണ്ടി ജനങ്ങൾക്കെതിരെ നടപ്പാക്കുന്ന നയങ്ങളുടെ കാര്യത്തിൽ ഇവരെല്ലാം തമ്മിലുള്ള പരസ്പര ധാരണയാണ് ജനങ്ങൾക്ക് ബോധ്യപ്പെടുന്ന വസ്തുത.
പുനഃരധിവാസത്തെക്കുറിച്ചുള്ള ഗീർവാണങ്ങളല്ലാതെ ജീവിതം തിരിച്ചു പിടിക്കാൻ വേണ്ടതൊന്നും ചൂരൽമല ദുരന്തത്തിന്നിരയായ ജനങ്ങൾക്ക് ഇനിയും ലഭ്യമായിട്ടില്ല. ചികിത്സാരംഗം നേരിടുന്ന ഗുരുതരമായ പരിമിതികൾ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ വ്യക്തമാക്കിയതാണ്. എല്ലാ ചികിത്സാ സൗകര്യങ്ങളുമുള്ള സർക്കാർ ആശുപത്രികൾ എല്ലാ താലൂക്കുകളിലും സ്ഥാപിക്കുക എന്നത് വയനാട്ടിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമാണ്. പശ്ചിമഘട്ടത്തിലെ അനധികൃത ക്വാറികളും അനധികൃത നിർമ്മാണങ്ങളും നിർത്തിവയ്ക്കുക, വന്യമൃഗശല്യത്തിൽ നിന്നും പ്രദേശവാസികളെയും കൃഷിയും സംരക്ഷിക്കുക, വിളകൾക്ക് മിനിമം താങ്ങുവില ഏർപ്പെടുത്തി സർക്കാർ ഏറ്റെടുക്കുക തുടങ്ങി പ്രദേശത്തെ ജനങ്ങളുടെ സവിശേഷമായ ജീവത് പ്രശ്നങ്ങൾ നിരവധിയാണ്. ഇതൊന്നും തിരഞ്ഞെടുപ്പ് വേളയിൽ ചർച്ചയായില്ല. ജനങ്ങളുടെ ദുർബലമായ പ്രതിഷേധ ശബ്ദങ്ങൾക്ക് താരപ്പൊലിമയുള്ള പ്രചാരണത്തിന്റെ കോലാഹലങ്ങൾ മറികടക്കാനായില്ല.
ജനങ്ങളുടെ പ്രശ്നങ്ങൾ പേരിനുപോലും ചർച്ച ചെയ്യപ്പെട്ടില്ല എന്നത് തിരഞ്ഞെടുപ്പ് വേളകളിൽ പോലും നിറയുന്ന അരാഷ്ട്രീയതയുടെ പ്രതിഫലനമാണ്. എല്ലാ മുന്നണികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും അവനവന്റെ അണികളെ വിജ്രംഭിച്ചു നിർത്തുക മാത്രമേ വേണ്ടിയിരുന്നുള്ളൂ. മൂന്ന് മുന്നണികളും പ്രബലരാഷ്ടീയ പാർട്ടികളും ഇക്കാര്യത്തിൽ ഒരേ സമീപനമാണ്.
പോളിങ് ശതമാനത്തിൽ വന്ന ഇടിവ് ജനങ്ങളുടെ താൽപര്യ രാഹിത്യത്തിന്റെ സൂചനയാണ്. തിരഞ്ഞെടുപ്പ് ഫലവും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭരണത്തോടും നയങ്ങളോടുമുള്ള എതിർപ്പിന്റെ പ്രതിഫലനമാണ്. ഇനിയെങ്കിലും ബിജെപിയും സിപിഐ (എം) ഇത് തിരിച്ചറിയണം. ജനങ്ങളുടെ ഏറ്റവും പ്രധാന വിഷയം ജീവിത പ്രശ്നങ്ങൾ തന്നെ. ബാക്കിയെല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളപ്പെടും. വോട്ടിങ്ങിൽനിന്ന് വിട്ടു നിൽക്കുന്നതോ ഭരണപക്ഷ പ്രസ്ഥാനങ്ങളുടെ പേക്കൂത്തുകളിൽ നിസ്സംഗരും നിരാശരമാകുന്നതുകൊണ്ടോ പ്രശ്നം പരിഹരിക്കപ്പെടില്ല. പോൾ ചെയ്ത വോട്ടുകളിൽ ഭൂരിപക്ഷം നേടുന്ന വ്യക്തിയോ മുന്നണിയോ അധികാരത്തിൽ എത്തും, ജന വിരുദ്ധ കുത്തകാനുകൂല നയങ്ങൾ തുടരും. പാർലമെന്ററി രാഷ്ട്രീയ കസർത്തുകൾക്കപ്പുറത്ത് ജനങ്ങളുടെ യഥാർത്ഥ ഡിമാന്റുകൾ നേടിയെടുക്കാനുള്ള യോജിച്ച പ്രക്ഷോഭങ്ങൾ വികസിപ്പിച്ചെടുക്കേണ്ടത് അടിയന്തരമായ ആവശ്യകതയാണെന്ന് ഈ സാഹചര്യം ഓർമ്മപ്പെടുത്തുന്നു. ഒപ്പം നമ്മുടെ രാഷ്ട്രീയ സാമൂഹ്യരംഗം മലീമസമാക്കുന്ന ശക്തികൾക്കെതിരായ ബൃഹത്തായ സാംസ്കാരിക മുന്നേറ്റം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും.